ആരാധ്യ – ഭാഗം -18, രചന: അഭിനവി

മൂന്നു വർഷങ്ങൾക്ക് അപ്പുറം…..

ഡോർ തുറന്ന വഴി നിള ഒന്നു തുമ്മി. കുറേനാൾ ആയി അടച്ചിട്ട മുറി ആയതിനാൽ പൊടി നിറഞ്ഞിരുന്നു. കൈയിൽ ഇരുന്ന ചൂല് കൊണ്ടു പതിയെ മാറാല വകഞ്ഞു മാറ്റി അവൾ അകത്തേക്കു കടന്നു. ചുവരിൽ തൂക്കിയിട്ട ഫോട്ടോയിലൂടെ നിള വിരലോടിച്ചു. ഫോട്ടൊ കയ്യിൽ എടുത്ത് അതിലെ പൊടി തൂത്തു കളഞ്ഞു. കിരണിന്റെ തോളിലൂടെ കൈയിട്ടു ചുറ്റി പിടിച്ചു നിൽക്കുന്ന നിളയുടെ ഫോട്ടോ ആയിരുന്നു അത്.

“എത്ര വർഷമായി ഏട്ടാ ഒന്നു കണ്ടിട്ട്… എല്ലാവരേയും മറന്ന കൂട്ടത്തിൽ ഈ അനിയത്തിയേയും മറന്നോ…. “

കണ്ണുകളിൽ പടർന്ന നനവ് വകവക്കാതെ അവൾ ആ ഫോട്ടോ നെഞ്ചോട് ചേർത്തു. കഴിഞ്ഞു പോയ കുറച്ചു വർഷങ്ങളിലേക്ക് അവൾ തിരിഞ്ഞു നോക്കി.

ഓർമ്മ വച്ച കാലം തൊട്ട് തന്റെ ജീവനായി എന്നും കൂടെ ഉണ്ടായിരുന്നു ഏട്ടൻ. തന്റെ കുസൃതികൾക്ക് കൂട്ടായി ഒരു നിഴൽപ്പോലെ. ഒരു പ്രായം വരെ തന്നെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും ഭക്ഷണം നൽകുന്നതും ഏട്ടൻ തന്നെയായിരുന്നു. ഞങ്ങളുടെ സ്നേഹം എന്നും സന്തോഷത്തോടെ നോക്കി നിന്നിരുന്നു അമ്മ. അച്ഛൻ മാത്രം പലപ്പോഴും ഏട്ടനിൽ നിന്നും അകലം പാലിച്ചിരുന്നു. ഏട്ടനും ദേഷ്യത്തോടെ തന്നെയാണ് എപ്പോഴും അച്ഛനെ നോക്കി കണ്ടിരുന്നത്. ആദ്യമൊന്നും അതിനു കാരണം തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്ലും വലുതായപ്പോൾ മനസ്സിലായി തന്റെയും ഏട്ടന്റെയും അച്ഛൻ രണ്ടാണെന്ന്. അമ്മയുടെ ആദ്യ വിവാഹത്തിൽ ഉണ്ടായതാണ് ഏട്ടൻ. ഏട്ടന്റെ അച്ഛൻ മരിച്ചതിനു ശേഷമാണ് അമ്മ അച്ഛനെ വിവാഹം ചെയ്തത്.
അധികം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സന്തോഷകരമായി തന്നെയാണ് ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നത്. ഇടയ്ക്ക് എപ്പോഴോ ഏട്ടന്റെ തെറ്റായ കൂട്ടുകെട്ടിനെ അച്ഛൻ എതിർക്കാൻ തുടങ്ങി. അവിടെനു തുടങ്ങി വഴക്കും പരിഭവങ്ങളും.

ഒരു ദിവസം മദ്യപിച്ചു എത്തിയ ഏട്ടനെ അച്ഛൻ ഒരുപാടു വഴക്കു പറഞ്ഞു. അച്ഛനെ എതിർത്തു സംസാരിക്കാൻ തുടങ്ങിയ ഏട്ടനെ അമ്മ തല്ലി. അന്ന് ഇറങ്ങിയതാണ് ചേട്ടൻ ഈ വീടിന്റെ പടി. പിന്നീട് ഏട്ടൻ താമസിച്ചത് ഏട്ടന്റെ അച്ഛന്റെ വീട്ടിൽ ആയിരുന്നു. അച്ഛച്ചന്റെയും അമ്മമ്മയുടേയും കൂടെ. കൊച്ചുമകൻ കൂടെ എത്തിയപ്പോൾ അവർ ഒരു പാട് സന്തോഷിച്ചു. ഒരിക്കലും അവരെ ഉപേക്ഷിച്ചു പോകാതിരിക്കാൻ വേണ്ടി ഏട്ടന്റെ ദുശ്ശീലങ്ങളും കൂട്ടുകെട്ടും അവർ കണ്ടില്ലെന്നു നടിച്ചു. പതിയെ പതിയെ ഏട്ടൻ തന്നിൽ നിന്നും അകലുന്നത് അവളും തിരിച്ചറിഞ്ഞു.

പിന്നീട് കുറേ വർഷങ്ങൾ ഏട്ടനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷ മാത്രമായിരുന്നു. വിചാരിച്ചപ്പോലെ തന്നെ ഏട്ടൻ ഒരിക്കൽ തന്നെ കാണാൻ എത്തി. പറഞ്ഞറിയിക്കാൻ പറ്റാത്തോരു മാറ്റം ആയിരുന്നു അന്ന് ഏട്ടന്. ഏട്ടന്റെ സന്തോഷത്തിനും മാറ്റത്തിനും ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ ആരാധ്യ. പിന്നീട് അങ്ങോട്ട് ഏട്ടനിലൂടെ അറിയുകയായിരുന്നു ആരാധ്യ എന്ന എന്റെ പനിനീർപ്പൂവിനെ. അന്നൊക്കെ ഒരു പാട് സന്തോഷിച്ചു. കാണാൻ കൊതിച്ചിരുന്നു ആ സുന്ദരിയെ. പക്ഷേ ഒരു ദിവസം എല്ലാം വീണ്ടും തകിടം മറഞ്ഞു. ഏട്ടൻ ജയിലിൽ ആയെന്ന വാർത്ത അച്ഛനേയും അമ്മയേയും ഒരു പോലെ തളർത്തി. അകൽച്ച കാണിച്ചിരുന്നെങ്കിലും അച്ഛൻ ഏട്ടനെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ഏട്ടനു വേണ്ടി കേസ് നടത്താനും മറ്റുമായി അച്ഛൻ ഇറങ്ങി തിരിച്ചു.

കോളേജിൽ വച്ച് ആരവിന്റെ ചേച്ചിയെ ആരാധ്യയെ പരിചയപ്പെട്ടപ്പോൾ വീണ്ടും പ്രതീക്ഷ പൊട്ടി മുളച്ചു. ഏട്ടനെ വീണ്ടും പഴയപോലെ തിരിച്ചു കൊണ്ടു വരാം എന്ന പ്രതീക്ഷ. പക്ഷേ കഴിഞ്ഞ മൂന്നു വർഷമായി കൺമുന്നിൽ കാണുകയാണ് ആരാധ്യയുടേയും അർണവിന്റേയും പ്രണയം. അതിനു മുന്നിൽ മരണംപോലും മാറി നിൽക്കും അത്ര തീവ്രമാണ് അവരുടെ പ്രണയം. ഇപ്പോൾ താൻ പോലും ആത്മാർഥമായി പ്രാർത്ഥിക്കുന്നത് അവരുടെ പ്രണയത്തിൽ ഏട്ടന്റെ ഒരു കരിനിഴൽ പോലും പതിക്കരുതേ എന്നാണ്.

ആരവിന്റെ കോൾ ആണ് നിളയെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.

“ഹായ് ആരവ്.. “

“ഹായ് നിള.. ഒരു ഹാപ്പി ന്യൂസ് ഉണ്ട്.. “

“എന്താണ് നല്ല സന്തോഷത്തിൽ ആണല്ലോ ?”

“യെസ്സ് ഡിയർ, അങ്ങനെ നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം ചേച്ചിയും അർണവേട്ടനും ഒന്നാകാൻ പോകുന്നു.”

“ഹാ നല്ല വാർത്ത ആണല്ലോടോ…”

“മ്മ്… മുത്തശ്ശി ഇപ്പൊ വിളിച്ചു പറഞ്ഞതാണ്. അടുത്ത സൺഡേ ഒരു ഫങ്ങ്ഷൻ അറേഞ്ച് ചെയ്യുന്നുണ്ട്. താൻ എന്തായാലും വരണട്ടോ..”

“തീർച്ചയായും…. ചേച്ചിയോട് ഞാൻ തിരക്കിനു പറയണം.. “

” പറയാടോ, അപ്പൊ ശരി പിന്നെ വിളിക്കാം. കുറേ കാര്യങ്ങൾ ബാക്കിയാണ് ചെയ്തു തീർക്കാൻ…”

” ശരിടാ ബൈ..”

****************

സമയം ഏഴ് കഴിഞ്ഞു. ഓഫീസിലെ തിരക്കുകൾ കഴിഞ്ഞു അർണവ് ലാപ് ഓഫ്‌ ആക്കി ബാഗിലേക്കു വച്ചു. പെന്റിങ് ഇരുന്ന ഒന്നുരണ്ടു ഫയൽ കൈയിൽ എടുത്തു ക്യാബിൻ പൂട്ടി പുറത്തേക്കിറങ്ങി. സ്റ്റാഫ് എല്ലാവരും പോയിരുന്നു. ലിഫ്റ്റ് ഇറങ്ങി ഓഫീസിന്റെ കീ സെക്യൂരിറ്റിയുടെ കൈയിൽ കൊടുത്തു അവൻ പാർക്കിങ്ങിലേക്ക് നടന്നു.

സ്കൈലാർക് എന്ന അർണവിന്റെ പുതിയ കമ്പനി മൂന്നു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ മാർക്കറ്റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. പ്രദീപിന്റെ മുപ്പതു വർഷത്തെ ബിസിനസ്സ് പരിചയവും പ്രകാശിന്റെ സ്വാധീനവും അർണവ് എന്ന തുടക്കകാരന് വലിയ മുതൽകൂട്ടും പിൻതുണയും ആയി.

എറണാക്കുളത്ത് തന്നെ ഒരു വില്ല വാങ്ങി പ്രദീപും സന്ധ്യയും അർണവും അങ്ങോട്ട് താമസം മാറി. എന്നാലും ആഘോഷങ്ങളും വിശേഷ ദിവസങ്ങളും എന്നത്തേയും പോലെ തറവാട്ടിൽ തന്നെ കൂടി എല്ലാവരും. ആരുഷും ആയുഷും തൻവീറും കോളേജ് ജീവിതത്തിലേക്ക് കാലെടുത്തു വച്ചു.

അർണവ് കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവന്റെ ഫോൺ റിംങ് ചെയ്തു.

🎶ഈ കാറ്റു വന്നു കാതിൽ പറഞ്ഞു
നീ എന്നുമെന്നും എന്റേതു മാത്രം
ഉരുകുമെൻ നിശ്വാസമായ്ഉയിരിനെ പുൽകീടുമോ…എൻ മൗനങ്ങൾ തേടും സംഗീതമേ..🎶

ചുണ്ടിൽ വിരിഞ്ഞ ചെറിയ പുഞ്ചിരിയോടെ അവൻ കാർ സൈഡിലേക്ക് ഒതുക്കി. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കാതോരം ചേർത്തുവച്ചു.

“ഹലോ എന്താ പതിവില്ലാതെ ഈ നേരത്ത് ”

മറുതലയ്ക്കൽ നിന്നും മറുപടി എന്നും വരാതായപ്പോൾ അവൻ ഒന്നൂടെ ചോദിച്ചു.

“ഹലോ മാഡം… “

മറുതലയ്ക്കൽ വീണ്ടും നിശബ്ദത…

” ആധ്യാ…. “

കണ്ണുകൾ രണ്ടും അടച്ച് ഫോൺ ചെവിയോട് ചേർത്ത് വച്ച് അർണവിന്റെ ശബ്ദം തന്റെ ഹൃദയത്തിലേക്ക് ഒഴുക്കുകയാണ് ആരാധ്യ. നീണ്ടു വളർന്ന ഇടത്തൂർന്ന മുടിയിഴകളെ ഒന്നാകെ വകഞ്ഞു മുന്നോട്ട് ഇട്ടിരിക്കുന്നു. ഒരു ഇളം നീല ചുരിദാർ ആണ് അവളുടെ വേഷം. നെറ്റിയിൽ ഒരു ഭസ്മ കുറി മാത്രം.

” ആധ്യാ…. “

അർണവിന്റെ സ്വരം വീണ്ടും അവളുടെ കാതുകളെ തഴുകി.

” ഒരു നീണ്ട കാത്തിരിപ്പിനു വിരാമം ആയെന്നു അറിഞ്ഞു. ആ സന്തോഷം ഒന്നു പങ്കു വെക്കാൻ വിളിച്ചതാണേ…. ഇപ്പോഴും സാർ തിരക്കിൽ ആണോ”

അവളുടെ പ്രണയവും പരിഭവവും നിറഞ്ഞ സംസാരം കേട്ട് അർണവ് ഒന്നു ചിരിച്ചു.

” കാത്തിരിപ്പിന്റെ ദൈർഘ്യം കൂടി എന്നു തോന്നുന്നുണ്ടോ? അതോ എന്റെ ഓട്ട പാച്ചിലിൽ നിന്നെ മറക്കുന്നുണ്ട് എന്നു തോന്നുന്നുണ്ടോ?” അർണവിന്റെ ശബ്ദം നേർത്തതായിരുന്നു. അവൻ ആരാധ്യയുടെ മറുപടിയ്ക്ക് ആയി കാത്തിരുന്നു.

“എത്ര ദൂരേക്ക് നീ സഞ്ചരിച്ചാലും
നിന്റെ ഹൃദയമിടിപ്പിന്റെ താളം
എന്റെ കാതിൽ തങ്ങിനിൽക്കും….

നിനക്കായി കാത്തിരിക്കുന്ന ഓരോ
നിമിഷവും സുഖമുള്ള ഒരു അനുഭൂതിയായി
എന്നിൽ നിറയും…. “

അവളുടെ മറുപടിയുടെ ആല്യസത്തിൽ അവൻ കുറച്ചു നേരം മൗനമായിരുന്നു.

” ആധ്യാ ഞാനൊരു കാര്യം പറയട്ടെ..”

“വേണ്ട എനിക്ക് അറിയാം പറയാൻ വരുന്നത്, നീ പെട്ടെന്ന് റെഡിയായിരിക്കൂ, അര മണിക്കൂർ ഞാൻ എത്താം, നമുക്ക് ഒരു ഡ്രൈവ് പോകാം., ഇതല്ലേ പറയാൻ വരുന്നത്. “

ആരാധ്യ ചിരിയോടെ പറഞ്ഞു.

ഫോണിൽ കൂടി അർണവിന്റെ ചിരി ഉയർന്നു.

“നിനക്ക് ഇപ്പൊ എന്നെ കാണാപാഠം ആയല്ലേ.,, “

“പിന്നെ കുറച്ചു വർഷമായില്ലേ ഈ സല്ലാപം തുടങ്ങിയിട്ട്. “

” എന്നാൽ ഞാൻ പറയാൻ വന്നത് അതല്ല. ഇനി നിന്നെ ഞാൻ കാണുന്നത് അടുത്ത സൺഡേ ആയിരിക്കും.. ഇനി നിന്നിൽ നിന്നു ഒരു മടങ്ങിപ്പോക്കില്ല. വീട്ടിൽ ഇറക്കിവിട്ട് തനിച്ച് ഒരു യാത്രയില്ല. അപ്പൊ ഈ ഡ്രൈവ് അടുത്ത സൺഡേയിലേക്ക് മാറ്റി വച്ചിരിക്കുന്നു.”

” ആയിക്കോട്ടേ… അല്ല അർണവേട്ടൻ ഇപ്പൊ എവിടെയാണ് ,വീട്ടിൽ എത്തിയോ?”

” എത്തിയിട്ടില്ല പോയി കൊണ്ടിരിക്കുന്നു.”

” എന്നു തീരും ഈ ഓട്ട പാച്ചിൽ ”

” നിന്റെ MBA റിസൽറ്റ് വന്നിട്ടു വേണം നിന്നെ കൂടെ ഈ തിരക്കിലേക്ക് കൂട്ടാൻ “

“അയ്യടാ എന്നെ ഒന്നും കിട്ടില്ല. തിരക്കൊക്കെ കഴിഞ്ഞു വീട്ടിലേക്ക് ഓടി എത്തുന്ന അർണവേട്ടനെ കാത്തിരിക്കാനാണു എനിക്ക് ഇഷ്ടം.”

“ഏത് നമ്മുടെ പൂമുഖ വാതിക്കൽ സ്നേഹം വിടർത്തും ഭാര്യ സ്റ്റെയിലിൽ ആണോ? അതൊക്കെ പഴഞ്ചൻ ആണ് മോളെ. “

” ആ ഞാൻ കുറച്ച് പഴഞ്ചൻ ആണ്.. “

“പിന്നെ നിന്നെ പൂമുഖവാതിക്കൽ വെക്കാനാണോ ഞാൻ നിന്നെ MBA യ്ക്കു വിട്ടത്.”

“അർണവേട്ടാ…”

“മ്മ്, അതേ വിശദമായി നമുക്ക് പിന്നെ സംസാരിക്കാം ഞാൻ വീട്ടിൽ എത്തിട്ടു വിളിക്കാം. പറ്റുവാണേൽ എന്റെ മോൾ ഉറങ്ങാതെ കാത്തിരിക്കൂ…”

മ്യൂസിക് പ്ലേയറിൽ നിന്നു വരുന്ന സോങ്ങിൽ താളം പിടിച്ചു കൊണ്ട് അർണവ് കാർ മുന്നോട്ട് എടുത്തു.

🎶ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ, ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്തോരാതെ പെയ്തു നീയേ…🎶

*********************

നാലകത്ത് തറവാട് ഒരുങ്ങി അർണവിന്റേയും ആരാധ്യയുടേയും റിസപ്ഷനു വേണ്ടി. എല്ലാവരും കാത്തിരുന്ന ദിവസമായിരുന്നു അത്. എല്ലാവരും ഓടി നടന്നു അതിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.

മുത്തശ്ശി ആയിരുന്നു ഏറ്റവും സന്തോഷിച്ചിരുന്നത്. തങ്ങളുടെ രാജകുമാരിയെ അവളുടെ രാജകുമാരന്റെ കൈകളിൽ ഏൽപ്പിക്കാൻ.

റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലെ ചൂരൽ ഊഞ്ഞാലിൽ ഇരിക്കുകയാണ് അർണവ്. ആകാശത്ത് ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനിൽ ആയിരുന്നു അവന്റെ മിഴികൾ..

ഇനി ഉള്ള ഓരോ രാവും വഴിമാറുന്നത് തങ്ങളുടെ പ്രണയ ദിനങ്ങൾക്ക് വേണ്ടിയാണ്..
തന്റെ ആധ്യയോടൊപ്പമുള്ള വരാനിരിക്കുന്ന ഓരോ പുതുപുലരികളും സ്വപ്നം കണ്ട് അവൻ കണ്ണുകൾ അടച്ചു…നല്ലതുമാത്രം പ്രതീക്ഷിച്ച്..

തുടരും…