നീയാണ് എന്റെ ലോകമെന്നു കരുതി നെഞ്ചോടു ചേർക്കുന്നവൻ ഉണ്ടാവുമെന്ന്. ഒന്നും പറഞ്ഞില്ല

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ.

“നമുക്കു പിരിയാം “

അളന്നു നോക്കിയപ്പോൾ സ്നേഹമൊഴിച്ചു ബാക്കിയെല്ലാത്തിനും കുറവുള്ളത് കൊണ്ടാവും അവളങ്ങിനെ പറഞ്ഞത്.

തിരിഞ്ഞു നടക്കുമ്പോൾ ഓർമകളുടെ ചങ്ങലകണ്ണികൾ ഉരഞ്ഞു മനസിന്‌ ഉണങ്ങാനാവാത്ത വിധം മുറിവേറ്റിരുന്നു.

അടർന്നുവീഴാൻ നിന്ന തുള്ളികളെ പുറം കൈ കൊണ്ടു തുടച്ചു നടന്നു നീങ്ങുമ്പോൾ. കണ്ട സ്വപ്‌നങ്ങളെല്ലാം മനസ്സിൽ കിടന്നു കത്തിയമരുന്നത് ഞാനറിയുന്നുണ്ടായിരുന്നു

പ്രണയം പൊളിഞ്ഞ നിമിഷം രണ്ടു പെഗ്ഗടിച്ചു. ഓർമകളെ ഓർത്തു നെടുവീർപ്പിട്ടിരിക്കാൻ ഞങ്ങളെ പോലെ നാട്ടിന്പുറത്തുള്ള ആൺകുട്ടികൾക്ക് പറ്റില്ല.

ഒരു പ്രാവശ്യത്തെ ചിട്ടി മുടങ്ങിയാൽ വിളി വരുന്ന സഹകരണ ബാങ്കിലേ വിളികൾക്കു അത്രക്കും മൂർച്ചയാണ്.

ശനിയാഴ്ച കൂലി കിട്ടുമ്പോൾ പറ്റു തീർത്തില്ലെങ്കിൽ. പലചരക്കു കടയിലെ ലാസറേട്ടന്റെ മുഖവും വീർക്കും.

രണ്ടു കവറിലും വീട്ടുസാധനങ്ങളായി ഉമ്മറത്തേക്ക് കേറി ചെല്ലുമ്പോൾ തെളിയുന്ന അമ്മയുടെ മുഖം കാണുന്നതിനേക്കാൾ വേറെ സന്തോഷം ഞങ്ങൾക്കൊന്നും ഉണ്ടാവൂല.

എന്തൊക്കെയോ ബില്ലുകളും പണയ ചീട്ടും കൊണ്ടു വീർത്തിരിക്കുന്ന പേഴ്സിൽ നോട്ടുകൾക്ക് മാത്രമേ ക്ഷാമം കാണൂ.

ഞായറാഴ്ച അമ്മ കുടുംബശ്രീക്കു പോകുമ്പോൾ. ഉണ്ടായിരുന്നതും കൂടി എടുത്തു കൊടുത്താൽ പിറ്റേന്ന് പണിക്കു പോകുമ്പോൾ സെക്കൻഡ്ഹാൻഡ് വാങ്ങിയ ബൈക്കില് പെട്രോൾ അടിക്കാനുള്ളതേ അതിൽ ബാക്കി കാണൂ.

എന്നാലും പരിഭവങ്ങൾ പറഞ്ഞിട്ടില്ല. ഒരുപനി വന്നാൽ പോലും അടച്ചുപൂട്ടി വീട്ടിലിരിക്കാൻ തോന്നാറില്ല. ഇന്നു ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയോടെ തന്നെയേ മുൻപോട്ടു പോയിട്ടുള്ളൂ.

അവളുടെ വിവാഹത്തിന്റെ അന്ന് ഒന്നുകാണാൻ പോയിരുന്നു. ഒറ്റപെട്ടുഎന്നു തോന്നിയപ്പോഴും. പറ്റിക്കപെട്ടു എന്നറിഞ്ഞിട്ടും. നന്നായിരിക്കട്ടെ എന്നു തന്നെയേ പ്രാര്ഥിച്ചിട്ടുള്ളു. അകമേ കരഞ്ഞു പുറമെ ചിരിച്ചുകൊണ്ടേ തിരിഞ്ഞു നടന്നിട്ടുള്ളു.

ഒന്നുമില്ലാത്തവൻ എന്നപേരിൽ മനസിനേറ്റ മുറിവ് തന്നെയാണ്. വീടും കൂട്ടുകാരെയും ഉത്സവങ്ങളും എല്ലാം വിട്ടുപിരിഞ്ഞു പ്രവാസിയാക്കാൻ പ്രേരിപ്പിച്ചത്.

വാശിയായിരുന്നു. അതു തന്നെയാണ് ഒറ്റമുറിയിൽ അടുക്കിയ കട്ടിലുകൾക്കുള്ളിൽ ഒരു നല്ല നാളെ സ്വപനം കണ്ടു ജീവിച്ചതും. അവിടെ ഒഴുക്കിയ വിയർപ്പു തുള്ളികൾ തന്നെയാണ്. നാട്ടിൽ വലിയ വീടായതും. കാർ ആയതും.

ഒരിക്കൽ നാട്ടിലു വന്നപ്പോൾ. കണ്ടിരുന്നു അവളെ. തേവരുടെ അമ്പലത്തിൽ പോയപ്പോൾ. കാണരുത് എന്നാഗ്രഹിച്ചിട്ടും. ചിലതൊക്കെ മുന്നിൽ തന്നെ വന്നു നില്ക്കും.

നെറ്റിയിലെ കല്ല് വെച്ച പൊട്ടില്ലാ. കടുപ്പിച്ചെഴുതിയ കണ്തടങ്ങൾ ഇല്ല. കൈകൂപ്പി തൊഴുതു തിരിഞ്ഞ കണ്ണുകളിൽ വിഷാദത്തിന്റെ നനവ്.

എവിടെയോ മറന്നുപോയ ചിരിപോലെ അവൾ ചിരിച്ചു എന്നു വരുത്തി. സുഖമല്ലേ എന്ന ചോദ്യത്തിന് ഒരു മൂളലിൽ മറുപടി തന്നു.

മാലകെട്ടുന്ന ജാനകിഏടത്തിയാണ് പറഞ്ഞത്. ആ കുട്ടീടെ ബന്ധം പിരിഞ്ഞു എന്നു. എന്തു കേമായിട്ടു നടത്തിയ കല്യാണമാണ് ശിവശങ്കരൻ. കാണാൻ നല്ല ചേലുള്ള ചെക്കനും. ഇല്ലാത്ത സ്വഭാവോന്നും ഇല്ലാന്നാ കേട്ടതു. സഹികെട്ടു പോന്നതാ. ഇപ്പോ മിക്കപ്പോഴും തേവരുടെ അടുത്തു വരും. ചിരിയും മിണ്ടാട്ടവും ഒന്നൂല്യ.

മനസ്സിൽ ഓർമകളുടെ ചങ്ങലകണ്ണികൾ ഉരഞ്ഞുഉണ്ടായ മുറിവ് വേദനിക്കും പോലെ.

തിരിച്ചു വിളിക്കണം എന്നു തോന്നി. പ്രാരാബ്ധങ്ങൾക്കിടയിൽ നല്ലൊരു ജീവിതം ഉണ്ടാവില്ല എന്നു കരുതി പോയവളോട് പറയണം എന്നുണ്ടായിരുന്നു.

ഇട്ടിട്ടു വന്ന പൊന്നിന്റെ കണക്കു നോക്കുന്ന ഒരമ്മ ഇവിടെ ഉണ്ടാവിലായിരുന്നു എന്നു…ചെറിയ വീടാണെങ്കിലും. ആ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടാവുമെന്ന്…ഇഷ്ടങ്ങൾക്കൊക്കെ കൂടെ നിക്കുന്നവരുണ്ടാകുമെന്നു, മുഖമൊന്നു വാടിയാൽ ചേർത്തു പിടിക്കുന്ന കൈകൾ ഉണ്ടാവുമായിരുന്നുഎന്നു

നീയാണ് എന്റെ ലോകമെന്നു കരുതി നെഞ്ചോടു ചേർക്കുന്നവൻ ഉണ്ടാവുമെന്ന്. ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും. “പറയാതെ അറിയുന്നവരെയല്ലേ നമ്മുടെ സ്വന്തം എന്നു പറയുക “