രചന: ഷൈനി വർഗീസ്
ദൈവമേ ഇന്നും ക്ലാസ്സ് തുടങ്ങി ഇന്നും അടി കിട്ടും.
കണ്ടോ നിങ്ങൾ ? ഇന്നും ക്ലാസ്സ് തുടങ്ങി. വേഗം നടക്കാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കില്ല.
വേഗം വാ ക്ലാസ്സിൽ കൊണ്ടു വിടാം
ആദ്യം അനുജനെ ഒന്നാം ക്ലാസ്സിലും അനുജത്തിയെ മൂന്നാം ക്ലാസ്സിലും കൊണ്ടുപോയി ഇരുത്തിയിട്ട് ഞാൻ എൻ്റെ ക്ലാസ്സിലേക്ക് ഓടി
ആ സമയംചേച്ചി ചേച്ചി എന്നും വിളിച്ച് അനുജൻ വരുന്നുണ്ട്.
എന്താ മോനെ എന്താ കാര്യം
എനിക്ക് അവിടെ ഇരിക്കണ്ട എനിക്ക് ചേച്ചീടെ കൂടെ വരണം.
അയ്യോ അതൊന്നും പറ്റില്ല മോൻ ക്ലാസ്സിൽ കയറി ഇരുന്നാൽ തിരിച്ച് പോകുമ്പോ ചേച്ചി പുളി പറിച്ച് തരാട്ടോ
വേണ്ട എനിക്ക് പുളി വേണ്ട
ഓരോന്നും പറഞ്ഞ് അവനെ ഉന്തി തള്ളി വീണ്ടും ക്ലാസ്സിലാക്കി വേഗം എൻ്റെ ക്ലാസ്സിലെത്തി.
ടീച്ചർ ഞാൻ ക്ലാസ്സിൽ കയറിക്കോട്ടെ
എന്താ ഇപ്പോ ഇങ്ങോട്ട് വന്നത്
അത് ടീച്ചർ
എന്നും ഷീനക്ക് പറയാൻ ഓരോ കാരണങ്ങൾ കാണുമല്ലോ ങാ കയറി ഇരിക്ക്.
വേഗം പോയി സ്വസ്ഥാനത്ത് ഇരുന്നു.
അപ്പോൾ എന്തായിരുന്നു പറഞ്ഞ് വന്നത്.
ടീച്ചർ സിനിമക്ക് പോകുന്ന കാര്യം
സിനിമക്ക് പോകുന്ന കാര്യമോ ഞാൻ മനസ്സിൽ ഓർത്തു.
ങാ നാളെ എല്ലാവരും വീട്ടിൽ ചോദിച്ചിട്ട് വന്ന് വിവരം പറയണം. എത്ര പൈസ ആണന്നാ ടീച്ചർ പറഞ്ഞത്.
തറ ആണങ്കിൽ 50 പൈസ കസേരക്കാണേൽ 1 രൂപ എല്ലാ കുട്ടികളും ഉച്ചത്തിൽ പറഞ്ഞു.
അപ്പോ നാളെ എല്ലാവരും വീട്ടിൽ ചോദിച്ചിട് വരിക. എല്ലാവരും പുസ്തകമെടുത്തേ
ടീച്ചർ ഇന്ന് ചോദ്യം ചോദിക്കാന്ന് പറഞ്ഞിരുന്നു
എന്നാൽ എല്ലാവരും ബുക്കും പുസ്തകവും മടക്കി വെയ്ക്ക്.
ടീച്ചർ എൻ്റെ അടുത്തേക്ക് വന്നു. ഇന്നലെ വീട്ടിൽ ചെന്നിട്ട് ഒന്നും പഠിച്ചിട്ടില്ല വീട്ടിൽ ചെന്നാൽ പിടിപ്പത് പണിയുണ്ട് ഇളഞ്ഞുങ്ങൾടെ കാര്യം നോക്കണം. അവരെ ഹോം വർക്ക് ചെയ്യാൻ സഹായിക്കണം രാത്രി പഠിക്കാന്ന് വെച്ചാൽ മണ്ണെണ്ണയും ഇല്ലായിരുന്നു
ഷീന ഇന്നലെ പഠിപ്പിച്ച പദ്യത്തിൻ്റെ ആദ്യത്തെ 6 വരി ചൊല്ല്.
രക്ഷപ്പെട്ടു. ഇന്നലെ ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ തന്നെ മന:പാഠമാക്കി. രാത്രിയെല്ലാം ചുമ്മ മനസ്സിൽ ഉരുവിട്ട് നോക്കിയിരുന്നു.
ഞാൻ എണിറ്റ് നിന്ന് ഒരു തെറ്റും കൂടാതെ നല്ല സ്ഫുടമായി തന്നെ പദ്യം ചൊല്ലി.
മിടുക്കി. നന്നായി ചൊല്ലി. അടുത്ത ആൾ ബാക്കി 4 വരി ചൊല്ല്.
അറിയില്ല ടീച്ചർ പഠിച്ചില്ല
അവിടെ നിന്ന് പഠിച്ച് ചൊല്ലി കേൾപ്പിച്ചിട്ട് ഇരുന്നാ മതി.
ടീച്ചർ ചോദ്യങ്ങൾ ചോദിച്ച് തീർന്ന് അടുത്ത ഭാഗം പഠിപ്പിക്കാനായി പുസ്തകം കൈയിലെടുത്തപ്പോളേക്കും ബെല്ലടിച്ചു.
ഇൻ്റർബെൽ സമയത്ത് എല്ലാവരും സിനിമ കാണാൻ പോകുന്ന കാര്യം ചർച്ച ചെയ്തു – മറ്റെന്നാൾ ആണ് 5 ലെ കുട്ടികളെ കൊണ്ടു പോകുന്നത്. അതിനടുത്ത ദിവസങ്ങളിൽ ഓരോ ക്ലാസ്സ് കാരെ കൊണ്ട് പോകും.
നീ പോകുന്നുണ്ടോ ഷിനേ
വീട്ടിൽ ചോദിച്ച് നോക്കട്ടെ ഹസ്സീന പോകുന്നുണ്ടോ
ഞാൻ പോകുന്നുണ്ട്. രശ്മി പോകുന്നുണ്ടോ
ഞാൻ പോകുന്നുണ്ട്. ഷീനേ നീയും കൂടി വാടി
അപ്പച്ചൻ പൈസ തരുമോ എന്നറിയില്ല ചോദിച്ചിട്ട് നാളെ പറയാം.
ക്ലാസ്സ് കഴിഞ്ഞ് ഇളയത്തുക്കളെയും കൂട്ടി വീട്ടിലെത്തി. അവരുടെ ബുക്കും പുസ്തകവും കൂടി ഞാനാ പിടിക്കുന്നത്.
ഓ അമ്മേ ഞാൻ മടുത്തു. എന്തൊരു കനമാണ് ° ഈ പുസ്തക കെട്ടിന്
സാരമില്ല മോളെ അതുങ്ങള് ചെറുതല്ലേ മോളല്ലേ അവരെ സഹായിക്കേണ്ടത്.
ആ അമ്മേ ഒരു കാര്യം പറയാൻ മറന്നു. മറ്റന്നാൾ സ്കൂളിൽ നിന്ന് സിനിമ കോട്ടയിൽ കൊണ്ട് പോകും സിനിമ കാണിക്കാൻ എന്നേയും വിടാമോ അമ്മേ
എത്ര പൈസയാ
തറ ആണേൽ 50 പൈസ കസേരക്ക് ഒരു രൂപ
മോളെ നിങ്ങൾ മൂന്ന് പേരെയും വിടുമ്പോ ഒരു രൂപ അൻപത് പൈസ വേണം അമ്മ ഇപ്പോ എവിടുന്ന് ഉണ്ടാക്കാനാ അത്രയും പൈസ.
അമ്മേ ഹസ്സീനയും രശ്മിയും പോകുന്നുണ്ടമ്മേ എനിക്ക് പോകണമെന്നുണ്ട്.
ചേച്ചി ഈ സിനിമ എന്ന് പറഞ്ഞാൽ എന്താ ചേച്ചി -എനിക്കും വരണം ചേച്ചീടെ കൂടെ
അതിന് ഒന്നാം ക്ലാസ്സിലെ കുട്ടികളെ കൊണ്ടു പോകുന്നില്ലാലോ മൂന്നാം ക്ലാസ്സ് മുതൽ മുകളിലേക്കുള്ള കുട്ടികളെയാ കൊണ്ട് പോകുന്നത്. അമ്മേ ഞാൻ പൊയ്ക്കോട്ടെ അമ്മേ എനിക്കും ഇവൾക്കും കൂടി ഒരു രൂപ മതിയല്ലോ
മോളെ ഒരു രൂപയുണ്ടേൽ എന്തെല്ലാം കാര്യം നടക്കും എന്നറിയോ അമ്മേടെ കൈയിലാണേൽ ഒരു പൈസ പോലും ഇല്ല എന്തായാലും അപ്പൻ വരട്ടെ.
അപ്പൻ വന്ന് അമ്മ പേടിച്ച് പേടിച്ച് കാര്യം പറഞ്ഞതും ഒറ്റപൊട്ടിത്തെറി ആയിരുന്നു എന്നത്തെപോലെ അവസാനം വഴക്ക് ഉണ്ടാക്കണ്ട എന്നു വെച്ച് ഞാൻ അമ്മയോട് പറഞ്ഞു വേണ്ടമ്മേ എനിക്ക് സിനിമ കാണണ്ട എന്ന്
പിറ്റേന്ന് ക്ലാസ്സിലെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് സന്തോഷം നാളെ സിനിമക്ക് പോകുന്നതിനെ കുറിച്ചോർത്ത്.
ഞാൻ ക്ലാസ്സിലേക്ക് ചെന്നതും ഹസ്സീനയും രശ്മിയും ഓടി വന്നു.
ഷീനേ നീ വരുന്നുണ്ടോ നാളെ സിനിമക്ക് .
ഇല്ല നിങ്ങൾ പോയി സിനിമ കണ്ടിട്ട് വരുമ്പോൾ എന്നോട് കഥ പറഞ്ഞാ മതി.
അതെന്താടി നീ വരാത്തത് നീയും കൂടി വരണം എന്നാലേ ഒരു രസമുള്ളു.
അമ്മേടെ കൈയിൽ പൈസ ഇല്ല അപ്പനോട് അമ്മ കാര്യം പറഞ്ഞപ്പോഴേക്കും അപ്പൻ വഴക്കിന് വന്നു.
ദേ ടീച്ചർ വന്നു. നമുക്ക് പിന്നെ പറയാം.
എല്ലാവരും ക്ലാസ്സിൽ കയറി ഇരുന്നു. ടീച്ചർ ഹാജർ വിളിച്ചു.
ഇന്നലെ ടീച്ചർ പറഞ്ഞ കാര്യം എല്ലാവരും വീട്ടിൽ ചെന്ന് പറഞ്ഞോ ആരൊക്കെ പോകുന്നുണ്ട് സിനിമയ്ക്ക്
ഞാൻ ഞാൻ ടീച്ചർ ഞാൻ വരുന്നുണ്ട്.
ഇങ്ങനെ ഒച്ച വെയ്ക്കണ്ട പോകുന്നില്ലാത്തവർ എഴുന്നേറ്റ് നിൽക്ക്.
ഞാൻ എഴുന്നേറ്റ് നിന്നിട്ട് ചുറ്റിലും നോക്കി വേറെ ആരും ഇല്ല പോകുന്നില്ലാത്തത്.
എന്താ ഷീന എന്താ പോകുന്നില്ലാത്തത്.
അത് ടീച്ചർ ഞാനും എൻ്റെ അനിയത്തിയും കൂടെ പോകണമെങ്കിൽ 1 രൂപ വേണം അമ്മേടെ കൈയിൽ അത്രയും പൈസ ഇല്ല ടീച്ചർ
ശരി’ ശരി
ഇനി 50 പൈസ കൊണ്ടുവന്നവർ എഴുന്നേറ്റ് നിൽക്ക്
രണ്ടോ മൂന്നോ പേർ ഒഴിച്ച് ബാക്കി എല്ലാവരും എഴുന്നേറ്റ് നിന്നു
ടീച്ചർ എല്ലാവരുടേയും ലിസ്റ്റ് തയ്യാറാക്കി. പുതിയ പാഠഭാഗം പഠിപ്പിച്ചു. ഞാൻ ക്ലാസ്സിൽ മാത്രം ശ്രദ്ധിച്ചിരുന്നു.
ബെല്ലടിച്ചപ്പോ ടീച്ചർ ക്ലാസ്സ് അവസാനിപ്പിച്ച് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകും മുൻപ് ടീച്ചർ എന്നെ വിളിച്ചിട്ട് പറഞ്ഞു
ഷിനേ ഒന്നു വരു
ഞാൻ ടീച്ചറിൻ്റെ പിറകെ ചെന്നു.
ഷീനയും നാളെ സിനിമ കാണാൻ വരണം.
ടീച്ചർ വീട്ടിൽ സമ്മതിക്കില്ല അമ്മ പൈസ തരില്ല
ഷീനയുടെ പൈസ ഞാൻ കൊടുത്തോളാം
അമ്മയോട് ചോദിച്ചിട്ട് നാളെ പറയാം ടീച്ചർ
അമ്മയോട് ടീച്ചർ പറഞ്ഞിട്ടാന്ന് പറഞ്ഞാ മതി അമ്മ സമ്മതിക്കും
ശരി ടിച്ചർ.
ഞാൻ തിരിച്ച് ക്ലാസ്സിൽ വന്നതും ഹസ്സീനയും രശമിയും ചോദിച്ചു.
എന്തിനാടി ടീച്ചർ വിളിച്ചത്
എന്നോടും സിനിമക്ക് വരണം എന്ന് പറയാൻ എൻ്റെ പൈസ ടീച്ചർ കൊടുത്തോളാം എന്ന്
എന്നിടെന്താ നിൻ്റെ മുഖത്ത് ഒരു സന്തോഷമില്ലാത്തത്
എടി ഞാൻ സിനിമക്ക് പോകുമ്പോൾ എൻ്റെ അനിയത്തിടെ കാര്യം ഓർത്തപ്പോൾ സങ്കടമായി. അവര് പോകാതെ ഞാൻ മാത്രം.
എടി അനിയൻ കുഞ്ഞല്ലേ അവനെ കൊണ് പോകുന്നില്ലാലോ പിന്നെ അനിയത്തി അല്ലേ അതിന് ഞാനൊരു വഴി പറയാം
എന്ത് വഴി നീ പറ
എനിക്ക് കസേരക്ക് ഇരിക്കാൻ ഒരു രൂപയാ വീട്ടിൽ നിന്ന് തന്നത് ഞാനും നിങ്ങളോടൊപ്പം തറയിൽ ഇരിക്കാം എന്നിട്ട് ബാക്കി 50 പൈസ നിൻ്റെ അനിയത്തിക്ക് കൊടുക്കാം
വീട്ടിലറിഞ്ഞാൽ വഴക്ക് പറയില്ലേ നിന്നെ
ഇല്ല പറയില്ല അഭിനന്ദിക്കുകയേ ഉള്ളു.
എന്നാൽ അങ്ങനെ ചെയ്യാം നമുക്ക് മൂന്നു പേർക്കും തറയിൽ ഇരുന്ന് സിനിമ കാണാം
ഞാൻ ഇന്ന് അമ്മയോട് പറഞ്ഞ് അനുവാദം മേടിക്കാം
ശരിയടി പിന്നെ ടീച്ചർ നിനക്ക് പൈസ തന്നില്ലങ്കിൽ ഇങ്ങനെ തന്നെ ചെയ്യാനാ ഞാനിരുന്നത്. എൻ്റെ പൈസയിൽ നിന്ന് 50 പൈസ തന്ന് നിന്നേയും സിനിമക്ക് കൊണ്ടുപോകാൻ ‘
അങ്ങനെ വീട്ടീന്ന് അനുവാദം കിട്ടി പിറ്റേന്ന് ഞങ്ങൾ സിനിമ കോട്ടയിലേക്ക് സിനിമ കാണാൻ പോയി.
വരി വരിയായി ബഹളമുണ്ടാക്കാതെ സിനിമാക്കോട്ടയിലേക്ക് അവിടെ ചെന്ന് തറയിലെ മണലിൽ ചെമ്രം പടിഞ്ഞിരുന്ന് സിനിമ കാണാൻ തുടങ്ങി.
സിനിമയും കണ്ടിറങ്ങി തിരിച്ച് സ്കൂളിൽ വന്ന് കഴിഞ്ഞും ഉച്ച കഞ്ഞി കഴിക്കുമ്പോളും കൈ കഴുകാൻ പോകുമ്പോളും എല്ലാം കണ്ട സിനിമയുടെ കഥയെ കുറിച്ചായിരുന്നു. സംസാരം എത്ര പറഞ്ഞിട്ടും മതി വരുന്നില്ല
അന്ന് ആ തറയിൽ അവരോടൊപ്പം ഇരുന്ന് സിനിമ കണ്ടപ്പോ കിട്ടിയ സന്തോഷം ഇന്ന് ഹൈടെക് തീയറ്ററിൽ ഇരുന്ന് കണ്ടിട്ടും കിട്ടിയിട്ടില്ല
ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു. ജാതിയിടെയോ മതത്തിൻ്റേയോ രാഷ്ട്രീയത്തിൻ്റേയും അതിർ വരമ്പുകൾ ഇല്ലാതെ