അവളുടെ ട്യൂഷൻ സാർ ആയിരുന്നു ഞാൻ. അതും മാത്‍സ്. പെണ്ണിന് കണക്കു കൂട്ടാൻ കാലും കയ്യും കൂടാതെ എന്റെ…

രചന: മഞ്ജു ജയകൃഷ്ണൻ

“ഏട്ടായി നമുക്കിവനെ പഠിപ്പിച്ചു കളക്ടർ ആക്കണം “.വീടിനു മുന്നിൽ ബോർഡും വയ്ക്കണം….”മനു ദേവൻ IAS.” ഞാൻ അവളെ ഒന്നു നോക്കി. ഓം ശാന്തി ഓശാനയിൽ നസ്രിയ നോക്കി ഇരിക്കുന്ന അതേ നോട്ടം.

കയ്യിൽ ഇരിക്കുന്ന ഞങ്ങളുടെ കൊച്ചു മനുക്കുട്ടൻ “ഈ തള്ള എന്നാ നോക്കി ഇരിക്കുവാ…” എന്ന മുഖഭാവത്തോടെ ഇരുന്നു.

എടീ അതിനു ആറു മാസം തികഞ്ഞിട്ടു ഇല്ലല്ലോ. അതൊന്നു വളർന്നു വരട്ടെ എന്നിട്ട് അവൻ തീരുമാനിക്കട്ടെ. ഓരോരുത്തർക്കും ഓരോ കഴിവു കാണും. ഓരോ താല്പര്യങ്ങളും. അതിനെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.

“പോ മനുഷ്യാ……. “

എന്ന പതിവ് പുച്ഛത്തോടെ അടുക്കളയിലേക്ക് പോയി

‘അല്ല എന്റെ ഭാഗത്തും തെറ്റ് ഉണ്ട്’.

അവളെ നന്നായി മനസ്സിലാക്കിയിട്ടും അവൾക്കു മനസ്സിലാകാത്ത കാര്യങ്ങൾ ഇങ്ങനെ തത്വചിന്ത രൂപത്തിൽ വിളമ്പിയാൽ ജന്മത്ത്‌ അവൾക്ക് പിടി കിട്ടാൻ പോണില്ല

അവളുടെ ട്യൂഷൻ സാർ ആയിരുന്നു ഞാൻ. അതും മാത്‍സ്. പെണ്ണിന് കണക്കു കൂട്ടാൻ കാലും കയ്യും കൂടാതെ എന്റെ കാലും കയ്യും വേണമായിരുന്നു.

അവൾ നല്ല ‘തറ’ മായി ഓരോ ക്ലാസ്സിലും പഠിച്ചു പൊന്നു. എട്ടാം ക്ലാസ്സിൽ രണ്ടു വർഷം. ഒൻപതിൽ ഒറ്റ കൊല്ലം കൊണ്ട് പാസ്സ് ആയി. അതും ഞാൻ ഒറ്റക്കാലിൽ നിന്നത് കൊണ്ട്. പത്തിൽ രണ്ടു മൂന്നു കൊല്ലം പിടിച്ചു ക്ലച്ച് പിടിക്കാൻ

അത്യാവശ്യം നല്ല കുശുമ്പും കുറച്ചു പൊങ്ങച്ചവും പിന്നെ കുറച്ചു വിവരമില്ലായ്മയും ഉണ്ടെങ്കിലും അടിസ്ഥാനപരമായി ‘ശുദ്ധ’ ആയത് കൊണ്ട് അവളുടെ ഇഷ്ടം കണ്ടില്ല എന്ന് വച്ചില്ല.

ഞാൻ പഠിച്ചു ക്ലാർക്ക് ആയെങ്കിലും അവളുടെ അഭിപ്രായത്തിൽ ‘ഒന്ന് ശ്രമിച്ചാൽ ആർക്കും കിട്ടാവുന്ന സിമ്പിൾ ആണ് ഈ സർക്കാർ ജോലി ‘.എങ്കിലും അവളുടെ കള്ള ലക്ഷണത്തിൽ നിന്നും ‘കിട്ടാത്ത മുന്തിരിയുടെ ‘ പുളിപ്പ് എനിക്ക് പിടി കിട്ടി

പിന്നെ എങ്ങാനും ചക്ക വീണു മുയലു ചത്താൽ എനിക്കിവിടെ ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലായതു കൊണ്ടും അവളെ ജോലിക്കാരിയാക്കാൻ ഞാൻ മിനക്കെട്ടില്ല

ഞാൻ ഒരുവിധം രക്ഷപെട്ടു എങ്കിലും എന്റെ കൊച്ച് ‘പെട്ടു’ എന്ന് എനിക്കു മനസ്സിലായി

സാധാരണ അമ്മമാർ “അമ്മേടെ മുത്തേ” “പൊന്നേ ” എന്ന് വിളിക്കുമ്പോൾ ഇവൾ

“അമ്മേടെ കൊച്ചു കളക്ടറെ”

എന്നു വിളിക്കും. എന്നിട്ട് എന്നെ ഒരു നോട്ടം ആണ്. അതു കാണുമ്പോൾ ദേഷ്യം എന്റെ കാലിൽ കൂടി അരിച്ചു കയറും

ലോകത്തു എത്രയോ പെൺപിള്ളേർ ഉണ്ടായിരുന്നു. ഈ ‘മരപ്പട്ടിയെ ‘ എനിക്ക് കിട്ടിയുള്ളോ എന്ന് ആത്മഗതം പറയുമ്പോൾ , ‘ ഈനാം പേച്ചിക്ക്’ മരപ്പട്ടിയെ കിട്ടുള്ളു എന്ന് അവൾ പറയും. അല്ലെങ്കിലും ഈ ‘താലി ‘ കഴുത്തിൽ വീണാൽ പെണ്ണുങ്ങൾ യഥാർത്ഥ സ്വഭാവം പുറത്തെടുക്കും

ഓരോ ക്ലാസ്സിലും ഞങ്ങളുടെ ചെക്കൻ അസ്സലായി മൊട്ട പൂജ്യം വാങ്ങി വന്നു.

“ഞാൻ നിന്റെ ഈ പ്രായത്തിൽ എല്ലാത്തിനും ഫുൾ മാർക്ക് മേടിക്കുമായിരുന്നു”

എന്ന് കൊച്ചിന്റെ മുഖത്തു നോക്കി ആ കശ്മല നട്ടാൽ കിളിർക്കാത്ത നുണ പറയുകയും പോരാതെ എന്നെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്തു

തൊട്ടു അപ്പുറത്തുള്ള വീട്ടിലെ ഇവന്റെ ഒപ്പം പഠിക്കുന്ന പയ്യൻ നന്നായി പഠിക്കുമായിരുന്നു. ‘വടക്കു നോക്കി യന്ത്രം ‘ പോലെ അവൻ ഉണരുന്നതും ഉറങ്ങുന്നതും ഇവിടുത്തെ ജനലിലൂടെ നോക്കുക, അതനുസരിച്ചു സ്വന്തം മകനെയും അതെ പോലെ ആകാൻ പ്രേരിപ്പിക്കുക ഇതൊക്കെ അവൾ നിർബാധം തുടർന്നു പോന്നു.

സ്വന്തം കൂട്ടുകാരിയുടെ മകൻ ആയിട്ടു പോലും ആ അടുപ്പമോ സ്നേഹമോ ആ കുട്ടിയോടോ അതിന്റെ അമ്മയോടോ അവൾ കാണിച്ചിരുന്നില്ല

“കുട്ടികളെ ഒരിക്കലും താരതമ്യം ചെയ്യരുത് “

എന്നു പറഞ്ഞതിന് ചായയിൽ ‘വിം ‘ കലക്കി തരും എന്നു പറഞ്ഞു അവൾ ഭീഷണിപ്പെടുത്തി. ‘ചായ’ എന്റെ വീക്നെസ് ആയി പോയതു കൊണ്ടും കക്കൂസിൽ പായ വിരിച്ചു കിടക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടും അവളെ അവളുടെ പാട്ടിനു വിടാൻ ഞാൻ തീരുമാനിച്ചു

അങ്ങനെ ഇരിക്കുമ്പോൾ ആണ് അവന്റെ ബാഡ്മിന്റൺ കളി ഞാൻ കാണുന്നത്. കളിക്കുന്നതു വലിയ ആൺകുട്ടികളുടെ കൂടെ. പ്രായത്തിൽ കവിഞ്ഞ മികവ്. അവനെ മികച്ച പരിശീലനത്തിന് അയക്കണം എന്ന് ഞാൻ തീരുമാനിച്ചു

“നിങ്ങൾക്ക് വട്ടാ മനുഷ്യാ.. പന്ത് തട്ടി കളിച്ചാൽ ചെക്കൻ എങ്ങനെ ജീവിക്കും ” നാലക്ഷരം പഠിപ്പിച്ചു കൊടുക്കാൻ നോക്ക് എന്ന് പറഞ്ഞു..

“എടി മരമാക്രി സച്ചിന്റെ അച്ഛൻ അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഇന്ത്യയുടെ നഷ്ടം നീ ഒന്ന് ഓർത്തു നോക്ക്. അല്ലെങ്കിൽ നമ്മുടെ സ്വന്തം ‘ശ്രീശാന്ത് ‘ “

ഇഷ്ട്ടപ്പെട്ട ജോലി, ജീവിതം ഒക്കെ ഓരോരുത്തരുടെയും സ്വപ്‌നവും ഭാഗ്യവുമാണ്.

‘സ്വപ്‌നങ്ങളെ വെട്ടി നിരത്തുന്നവർ അല്ല കൂടെ നിൽക്കേണ്ടവർ ‘ ആണ് നല്ല അച്ഛനും അമ്മയും. സാധാരണ പോലെ അവൾ ‘വാ പൊളിച്ചു ‘ ഇരുന്നു

സ്നേഹത്തോടെ ഞാൻ പറഞ്ഞു. അതായത് കുരുവി ” ചെക്കൻ പഠിക്കണം കൂടെ അവനിഷ്ടമുള്ളതു കൂടി ചെയ്യട്ടെ “. മനസ്സില്ലാ മനസ്സോടെ അവൾ സമ്മതം മൂളി

ചെക്കൻ ‘പഠിച്ചു’ രക്ഷപെട്ടില്ല എങ്കിലും ‘കളിച്ചു’ രക്ഷപെട്ടു .നാലു പേര് അറിഞ്ഞു തുടങ്ങിയപ്പോൾ എന്റെ ഭവതി മറുകണ്ടം ചാടി. അവന്റെ കഴിവുകൾ കണ്ടറിഞ്ഞത് അവൾ ആണത്രേ… നമ്മൾ വെറും ശശി. ചാനൽ ചർച്ചകളിൽ അവൾ നല്ല ‘തള്ള്’ തള്ളി

അല്ലെങ്കിലും ‘അപ്രിയ സത്യങ്ങൾ ‘ മൂടി വയ്ക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ് എന്നറിയാവുന്നതു കൊണ്ട് ഞാനും അവൾക്ക് കൂട്ടു നിന്നു

ഒരിക്കൽ ഞാൻ അവളോട്‌ ചോദിച്ചു?

നിനക്കെന്താ ഈ ‘കളക്ടറോഡ് ‘ ഇത്രക്ക് പിടിത്തം. അപ്പോൾ അവൾ ആ കഥ പറയാൻ തുടങ്ങി……

അവളുടെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയോട് എല്ലാവരും പറയുമായിരുന്നു പഠിച്ചു IAS ആവണം എന്ന്. ഈ കുശുമ്പിക്കാളി യോട് ചോദിച്ചപ്പോൾ അവളും കാച്ചി IAS ആവണം .

ടീച്ചറുൾപ്പെടെ കളിയാക്കിയത്രെ ഇന്ത്യൻ അടുക്കള സർവീസ് ഉറപ്പായും അവൾക്ക് കിട്ടും എന്ന്

അപ്പോൾ അവൾ കാവിലെ കളരിപരമ്പര ദൈവങ്ങളെ തൊട്ട് സത്യം ചെയ്തുവത്രേ . ഇതിന് അവൾ പ്രതികാരം ചെയ്യുവെന്ന്

ആഞ്ഞു ശ്രമിച്ചിട്ടും അവൾക്ക് പറ്റാത്തത് കൊച്ചിലൂടെ നേടിയെടുക്കാൻ ശ്രമിച്ചതാണ്‌ പാവം

എന്നിട്ട് നിന്റെ കൂട്ടുകാരി കളക്ടർ ആയോ?…………… ഞാൻ ചോദിച്ചു.

അവളാണ് മനുഷ്യാ ‘അപ്പുറത്തെ പഠിപ്പിസ്റ്റിന്റെ അമ്മ.. ‘

അയല്പക്കക്കാരോടുള്ള അടുപ്പക്കുറവിന്റെ കാര്യം അപ്പൊഴാണ് എനിക്കു മനസ്സിലായത്.

അവളും ‘എന്റെ ഡിപ്പാർട്മെന്റ് തന്നെയല്ലേ ‘ എന്ന് പറയുമ്പോൾ അവളുടെ സന്തോഷം എനിക്ക് മനസ്സിലാക്കാൻ പറ്റുമായിരുന്നു

ഇനിയിപ്പോ അവളുടെ ‘പ്രതികാരം ‘ അവൾ ഉപേക്ഷിക്കുകയാണെന്ന് പറയുമ്പോൾ ‘പെണ്ണിന്റെ പക ‘ യെക്കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു.