മിഴി നിറയാതെ ഭാഗം -31, രചന: റിൻസി

എല്ലാവരും കഴിക്കുന്നതിനിടയിൽ വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയതായിരുന്നു സ്വാതി, അടുക്കളയിൽ നിന്നും ആരോ അവളുടെ വായിൽ അമർത്തിപ്പിടിച്ച് അവളെ വലിച്ചു ,അവൾ പുറകിലേക്ക് മലച്ചു അവൾ പിൻ തിരിഞ്ഞു നോക്കിയപ്പോൾ മുൻപിൽ ആദി, അവൾ ആകെ ഞെട്ടി വിറച്ചു പോയി,”

പേടിച്ചു പോയോ? അവൾ വിശ്വാസം വരാതെ അവനെ തന്നെ നോക്കി, “പേടിക്കേണ്ട ഞാൻ തന്നെയാണ്, നിൻറെ ആദിയേട്ടൻ, പറഞ്ഞത് വിശ്വാസം വരാതെ സ്വാതി നിന്നു, ആദി അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി കൊണ്ട് പറഞ്ഞു,” എന്താ ഇപ്പോഴും വിശ്വാസം വന്നില്ലേ? ഞാൻ തന്നെയാണ് നിൻറെ ആദിയേട്ടൻ…അത്ര മാത്രം പറഞ്ഞ് ആദി ഹാളിലേക്ക് നടന്നു ,

സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാതെ സ്വാതി നിന്നു, അപ്പോഴേക്കും ഡൈനിങ് റൂമിൽ നിന്നും പാർവതി അമ്മ വെള്ളത്തിനായി വിളിച്ചിരുന്നു, അവൾ വെള്ളവുമായി യാന്ത്രികമായി അവിടേക്ക് നടന്നു , ആദിയെ കണ്ട് വേണുവും വേണിയും പ്രതീക്ഷയോടെ നോക്കി, “മോനേ ഇത് സ്വാതിയുടെ കൂട്ടുകാരിയാണ്, പാർവതി അമ്മ പരിചയപ്പെടുത്തി, ” പിന്നെ വേണു
നമ്മുടെ കമ്പനിയിൽ പണ്ട് ഡ്രൈവറായി വർക്ക് ചെയ്യ്തതാണ്, വേണിയുടെ അച്ഛനാണ്,ആദി നിറഞ്ഞ ചിരിയോടെ അവർ ക്ക് സ്വാഗതം നൽകി ,”പിന്നെ മോനേ ആക്സിഡൻറ് ഉണ്ടാകുന്നതിനു മുൻപ് നീ കുറച്ച് നാൾ ഇവരുടെ നാട്ടിൽ ജോലി ചെയ്തിരുന്നു. ഇവരുടെ നാട്ടിൽ തന്നെയാണ് സ്വാതിയുടെ അമ്മയുടെ വീട്, മോനേം കൂടി കാണാനാണ് അവർ വന്നത്,പാർവതി അമ്മ പറഞ്ഞു,”

നിനക്ക് ഇപ്പോൾ ഒന്നും ഓർമ്മ കാണില്ല, ഒന്നും ഓർത്തെടുക്കാൻ വേണ്ടി അമ്മ പറഞ്ഞതല്ല,അവർ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു, ഓർമ്മകൾ ഓർക്കാൻ ആദി ശ്രമിച്ചാൽ അത് വലിയ അപകടങ്ങളിലേക്ക് പോകുമെന്ന് പാർവതി അമ്മയ്ക്ക് അറിയാമായിരുന്നു, വെള്ളവുമായി അവിടേക്ക് വന്ന സ്വാതി ഈ സംസാരം കേട്ടു “എനിക്ക് ഓർമ്മ കിട്ടുന്നില്ല. ആദി പറഞ്ഞു .”ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ട . വിജയ് മുന്നറിയിപ്പ് കൊടുത്തു, “നിങ്ങൾ ഭക്ഷണം കഴിക്ക്, ഞാൻ എഴുന്നേറ്റതേ ഉള്ളൂ ഫ്രഷ് ആയിട്ട് വരാം, ആദി പറഞ്ഞു, പോകുംവഴി സ്വാതിയെ ഒളികണ്ണിട്ട് ആദി ഒന്ന് നോക്കി,

ഇവരെ ഓർമ്മയില്ല എന്നാണ് ആദ്യം പറഞ്ഞത് പക്ഷേ കുറച്ചു മുൻപ് സംഭവിച്ചതൊക്കെ എന്താണ് സ്വാതി ഓർത്തെടുത്തു, എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സ്വാതി നിന്നു, ഭക്ഷണം കഴിച്ചതിനുശേഷം ഹാളിൽ ഇരുന്ന് പാർവതി അമ്മയോട് സംസാരിക്കുകയായിരുന്നു വേണു ,മുറിയിലിരുന്ന് കുശലാന്വേഷണങ്ങൾ പറയുകയായിരുന്നു വേണിയും സ്വാതിയും, വേണി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും സ്വാതിയുടെ മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല, കുറച്ചു മുൻപ് സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ ഉഴലുകയായിരുന്നു അവളുടെ മനസ്സ് ,

“നീയെന്താ ഒന്നും പറയാതെ ഇരിക്കുന്നത് ഞാൻ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു ,വേണി ചോദിച്ചു, “ഞാൻ….നീ എന്താ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല,” ഈ ലോകത്ത് ഒന്നുമല്ലേ സ്വാതി, എനിക്കറിയാം നിൻറെ വിഷമം എന്താണെന്നുള്ളത്, അത് മാറും സമാധാനമായിട്ട് ഇരിക്ക്,

പാർവതി തമ്പുരാട്ടിയുടെ ഒരു കാര്യം പറയാനും കൂടെയാണ് വന്നത് ,വേണു മുഖവര ഇട്ടു തുടങ്ങി,”എന്താണ് വേണു, അവർ ചോദിച്ചു. “മോൾക്ക് ഒരാഗ്രഹം അവളും സ്വാതിയും ഒരുമിച്ച് കളിച്ചു വളർന്നവരല്ലേ,ദത്തനെ ഭയന്ന് ആയിരുന്നു ഇത്രകാലവും സ്വാതി വീട്ടിൽ നിൽകാതിരുന്നത്, ഞങ്ങൾ നിർബന്ധിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല, അവൻ ഞങ്ങളുടെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കും എന്ന ഭയമായിരുന്നു സ്വാതിക്ക്, പക്ഷേ ഇനി പേടിക്കേണ്ട കാര്യമില്ലല്ലോ , വിവാഹം കഴിക്കുന്നതിനു മുൻപ് സ്വാതി ഇവിടെ നിൽക്കുന്നത് അത്ര നല്ല തീരുമാനം ആണെന്ന് എനിക്ക് തോന്നുന്നില്ല, നിങ്ങളുടെ കുടുംബകാര്യത്തിൽ എനിക്ക് അഭിപ്രായം പറയാമോ എന്നറിയില്ല, പക്ഷേ സ്വാതിയെ ഞാൻ എൻറെ സ്വന്തം മോളെ പോലെ ആണ് കരുതുന്നത്, അതുകൊണ്ടാണ് പറയുന്നത്
സ്വാതിയെ ഞങ്ങളുടെ കൂടെ വിടൂ, അവൾ വീട്ടിൽ നിൽക്കട്ടെ ആദി സാറിൻറെ ഓർമ്മ തിരിച്ചു കിട്ടി കഴിയുമ്പോൾ ഇവരുടെ വിവാഹത്തിൻറെ കാര്യത്തിൽ നമുക്ക് ഒരു തീരുമാനം എടുക്കാം, അപ്പോഴേക്കും സ്വാതിയെ ഇവിടെ കൊണ്ടു വന്നാൽ മതിയല്ലോ,അതിനു മുൻപ് ഇവിടെ നിൽക്കുന്നത് ശരിയാണോ ? സത്യത്തിൽ നിങ്ങളോട് ചോദിച്ച് സ്വാതിയെ കൂട്ടിക്കൊണ്ടുപോകാൻ കൂടിയാണ് ഞങ്ങൾ വന്നത്, അവളുടെ സർട്ടിഫിക്കറ്റുകൾ ഒക്കെ വാങ്ങണ്ടേ ? പഠിത്തം ഒരിക്കലും ഒഴിവാക്കാൻ പാടില്ല ?

“അതൊന്നും ഒഴിവാക്കില്ല വേണു, അവൾക്ക് ഇഷ്ടമുള്ള കോഴ്സ് അവൾ പറയുന്നു ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾ പഠിപ്പിക്കും, പക്ഷേ ഞാൻ ഇവിടെ നിന്നും അവളെ എങ്ങോട്ടും വിടില്ല,പിന്നെ സ്വാതിയുടെയും ആദി യുടെയും വിവാഹം അത് എത്രയും പെട്ടെന്ന് നടത്തിയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത് , പാർവതി അമ്മ പറഞ്ഞു “ഇപ്പോഴേ വിവാഹമോ? സ്വാതി ചെറിയ കുട്ടിയല്ലേ ?വേണു ചോദിച്ചു . “വേണു പറഞ്ഞതുപോലെ വിവാഹം നടക്കാതെ അധികകാലം സ്വാതിയെ ഇവിടെ നിർത്തുന്നത് ശരിയല്ലല്ലോ, അതുകൊണ്ട് വിവാഹത്തിനെ പറ്റി ഞാൻ ആലോചിച്ചിട്ടുണ്ട് , പക്ഷേ എന്തുവന്നാലും സ്വാതിയെ ഞാൻ ഇവിടെ നിന്ന് എങ്ങോട്ടും വിടില്ലാ,

പാർവതി അമ്മ അത് പറഞ്ഞതും വേണുവിനെ മുഖം ഇരുളുന്നത് വിജയ് ശ്രദ്ധിച്ചു, “കുറെ നാളുകൾ കാത്തിരുന്ന് എനിക്ക് ലഭിച്ചതാണ് അവളെ,ഇനി ഞാൻ ഇവളെ നഷ്ടപ്പെടുത്തി കളയില്ല ,ഈ സംസാരം കേട്ടു കൊണ്ടാണ് വേണിയും സ്വാതിയും അവിടേക്ക് വന്നത്, “അത് തന്നെയാണ് അച്ചാ നല്ലത് സ്വാതിയുടെ സാമീപ്യം ഉണ്ടാകുമ്പോൾ ആദിചേട്ടന് ഇംപ്രൂവ്മെൻറ് ഉണ്ടാകും, വേണി പറഞ്ഞു. കുറെ നേരം കൂടി അവിടെ ഇരുന്ന് എല്ലാവരും സംസാരിച്ച ശേഷം ഉച്ചയോടെയാണ് വേണുവും വേണിയും, അവിടെ നിന്നും യാത്ര തിരിച്ചത്, പോകുമ്പോൾ വേണിയുടെ അമ്മയ്ക്ക് കുറെ സാധനങ്ങൾ സ്വാദി പാക്ക് ചെയ്ത് വേണിയുടെ കെെയ്യിൽ കൊടുത്തു വിട്ടിരുന്നു, ഒപ്പം വല്യമ്മയ്ക്ക് കുറെ സാധനങ്ങൾ അവൾ കൊടുത്തിരുന്നു

വേണുവിന്റെ മുഖത്ത് മാത്രം സന്തോഷം ഉണ്ടായിരുന്നില്ല, അയാൾക്ക് സ്വാതിയുടെ ഭാവിയിൽ ആശങ്ക ഉണ്ടായെന്ന് പാർവതി അമ്മയ്ക്ക് തോന്നിയിരുന്നു, ഇറങ്ങാൻ നേരം വിജയുടെ കാറിൽ കയറുന്നതിനു മുൻപ് വേണുവിനോടും വേണിയോടും പാർവതിയും സ്വാതിയും ഒരിക്കൽ കൂടി യാത്ര പറഞ്ഞിരുന്നു,അവരെ യാത്രയാക്കാൻ ആദിയും ഇറങ്ങി വന്നിരുന്നു, അങ്ങോട്ടുള്ള യാത്രയിൽ കൂടുതലും വേണുവും വേണിയും നിശ്ശബ്ദരായിരുന്നു, “എന്താ നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക് വന്നത്, വേണിയുടെ അമ്മയെ കൂട്ടാമായിരുന്നില്ലേ, വിജയ് ഒരു കുശലാന്വേഷണം പോലെ വേണുവിനോട് തിരക്കി,

അവൾക്ക് അങ്ങനെ പുറത്തുപോകുന്നത് ഇഷ്ടമല്ല, അതുകൊണ്ട് കൂട്ടാതിരുന്നത്, പ്രത്യേകിച്ച് ദൂരയാത്ര , വേണു ചിരിയോടെ മറുപടി പറഞ്ഞു ,വേണുവിനോട് ഒാരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും അറിയാതെ ഒക്കെ വിജയുടെ നോട്ടം പുറകിൽ ഇരുന്നിരുന്ന വേണിയുടെ മുഖത്തേക്ക് പോകുന്നുണ്ടായിരുന്നു, വേണിയും അത് കണ്ടിരുന്നു , ഇരുവരെയും തമ്പാനൂർ ബസ്റ്റാൻഡിൽ കൊണ്ട് നിർത്തിയതിനുശേഷം വിജയ് പറഞ്ഞു , “ഇവിടെ നിന്നാൽ ബസ് കിട്ടും, ശരി സാറേ ഇനി ഞങ്ങൾ പൊയ്ക്കോളാം, വേണു പറഞ്ഞു. പോകുന്നതിനു മുൻപ് വേണു വിജയ്നോട് പറഞ്ഞു.” സാറേ ഞാൻ പറഞ്ഞ കാര്യം പാർവതി അമ്മയോട് ഒന്ന് പറഞ്ഞു മനസ്സിലാക്കണം, സ്വാതി പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയാണ് ഇപ്പോഴേ വിവാഹം കഴിച്ചാൽ….. ,പിന്നെ എന്താണെങ്കിലും വിവാഹത്തിനുമുൻപ് സ്വാതി അവിടെ നിൽക്കുന്നത് അത്ര നല്ലതല്ല. “അത് ഞാൻ വേണ്ടതുപോലെ ചെയ്യാം വേണുച്ചേട്ടാ, അതിനുശേഷം ചേട്ടനെ അറിയിക്കാം ,വിജയ് പറഞ്ഞു

അവർ പോകുന്നതിനു മുൻപ് ആരോ വിജയെ വിളിച്ചു, വിജയ് തിരിഞ്ഞുനോക്കിയപ്പോൾ ഡോക്ടർ ചന്ദ്രശേഖർ,” ഹായ് സാർ, വിജയ് അയാളെ വിഷ് ചെയ്തു,”ഇനി നിന്നാൽ ഞങ്ങൾ വൈകും,വേണു യാത്ര പറഞ്ഞു,”ഒക്കെ ആയിക്കോട്ടെ ചേട്ടാ ,പോകുന്നതിനു മുൻപ് വേണിയും വിജയും അറിയാതെ ഒരു നോട്ടം പരസ്പരം നോക്കി,അവർ ബസ് സ്റ്റാൻഡിന് അകത്തേക്ക് കയറി പോയി .”വിജയ് ഇവിടെ? ചന്ദ്രശേഖർ ചോദിച്ചു. ” ഞാൻ ഫാമിലി ഫ്രണ്ട്സിനെ കൊണ്ടുവിടാൻ വേണ്ടി വന്നതാണ് സാർ.” എന്താ ഇവിടെ? “വൈഫിന്റെ ബ്രദറിന്റെ മകൻ വരും, അവനെ പിക്ക് ചെയ്യാൻ വേണ്ടി വന്നതാണ്, പോയ ആളെ ഞാൻ എവിടെയോ കണ്ടു മറന്നത് പോലെ ,

“ഡോക്ടർ അറിയാൻ വഴിയില്ല, ഇവിടുത്തുകാരൊന്നുമല്ല, പത്തനംതിട്ട താമസിക്കുന്നവരാണ്, വിജയ് പറഞ്ഞു “എന്താണെങ്കിലും നമ്മളൊക്കെ ഡോക്ടർസ് അല്ലേ വിജയ്, എവിടെ ഏതു നാട്ടിലും ഒരു പരിചയക്കാർ കാണില്ല, “അതുകൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്, അറിയാൻ ചാൻസ് ഇല്ലന്ന്, കാരണം എന്താണെങ്കിലും ഒരു സൈക്കോളജിസ്റ്റിനെ കാണാൻ വരണ്ട ആൾക്കാർ ഒന്നുമല്ല, വിജയ് ചിരിയോടെ പറഞ്ഞു, “താനെന്ന് ആക്കിയതാണല്ലേ…ചന്ദ്രശേഖർ ആ ചിരിയിൽ പങ്കുകൊണ്ട് പറഞ്ഞു,” വാടോ ഒരു കോഫി കുടിച്ചിട്ട് പോകാം ,വിജയ് സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു

****************

പ്രിയ കുറേ ദിവസങ്ങളായി കിരണിനോട് കൂടുതൽ അടുത്ത സംസാരിക്കാനും ഇടപെടാനും തുടങ്ങിയിരുന്നു, അവൻറെ സ്വഭാവവും രീതികളും അവൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. “കിരൺ ഞാനൊരു കാര്യം ചോദിക്കട്ടെ,”ചോദികടോ…”കിരൺ എന്നെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം ആലോചിച്ചതാണെന്നാണ് മമ്മി എന്നോട് പറഞ്ഞത്, അതിന് എന്തായിരുന്നു റീസൺ? എന്നെപ്പറ്റി കിരണിന് ശരിക്ക് അറിയുകപോലുമില്ല ,എന്നെ ഇഷ്ടപ്പെടാനുള്ള റീസൺ എന്തായിരുന്നു ,

“അതിൻറെ റീസൺ അറിയണമെങ്കിൽ കുറേ വർഷങ്ങൾ പുറകിലോട്ട് പോണം, അതിന് കുഞ്ഞിയേയും കിച്ചുവിനെയും അറിയണം, കിരൺ അവളുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ പ്രിയ അവന്റെ മുഖത്തേക്ക് നോക്കി, “കിച്ചു “കിച്ചു ആയിരുന്നോ കിരൺ, അവൾ ബാല്യകാല ഓർമ്മകളിലേക്ക് പോയി, അതിൽ തെളിഞ്ഞ മുഖം അത് കിച്ചു ആയിരുന്നു,”ഞാൻ പറയാതെ തന്നെ താൻ മനസ്സിലാക്കുമെന്ന് കരുതിയത്, പക്ഷെ തനിക്ക് ഓർമ്മയില്ലന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ട് ഞാൻ പറയാം എന്ന് വിചാരിച്ചത് ,

എനിക്ക് സത്യമായിട്ടും കിരണിനെ മനസ്സിലായില്ല, എന്നെ കണ്ടപ്പോൾ മനസ്സിലായോ കിരണിന്, “പിന്നെ മനസ്സിലാകാതെ ഇരിക്കുവാണോ, എൻറേ ഹൃദയത്തിൽ അല്ലെ നീ തറഞ്ഞു പോയത് ,കിരൺ അവളുടെ കണ്ണിൽ നോക്കിയാണ് അത് പറഞ്ഞത്, “കിരൺ ഇനി ഞാൻ കുറച്ചു കാര്യങ്ങൾ പറയാം, “ആദിയെ കുറിച്ചല്ലേ? അവൻ ചോദിച്ചു, “എങ്ങനെ അറിയാം,” അതെനിക്കറിയാം, കാര്യങ്ങൾ ഏല്ലാം എനിക്കറിയാം, ഞാനിവിടെ തനിക്കായി കാത്തിരിക്കുന്നത് ദൈവത്തിന് അറിയാമായിരുന്നു, അതുകൊണ്ടാ ആദി തൻറെ ഇഷ്ടം അറിയാതെ പോയത് , അങ്ങനെ കരുതിയാൽ മതി, നമ്മള് പിരിഞ്ഞ് കാലം മുതൽ ഓരോ ആൾക്കൂട്ടത്തിലും ഞാൻ തന്നെ തീരയും, തന്നെ കാണാനായി എൻറെ മനസ്സ് തുടിക്കുവാരുന്നു, ഒരു എട്ടാംക്ലാസുകാരിക്ക് പ്രണയത്തിന് അത്ര വലിയ വില കൊടുക്കാനുള്ള അറിവൊന്നും അന്നുണ്ടായിരുന്നില്ല, പക്ഷേ ഈ പ്ലസ്ടുകാരൻ ആത്മാർത്ഥമായിരുന്നു അന്നും ഇന്നും എന്നും, ഇനിയിപ്പോ എല്ലാ അറിഞ്ഞ സ്ഥിതിക്ക് തനിക്ക് വിവാഹത്തിന് സമ്മതം ആണെങ്കിലും അല്ലെങ്കിലും താൻ ഓക്കേ ആണെന്ന് ഞാൻ വീട്ടിൽ എല്ലാവരോടും പറയാൻ പോവാ, തന്റെ പപ്പയോട് പറഞ്ഞോട്ടെ ,

“ഒരുപാട് നാളുകൾക്ക് ശേഷം നിറഞ്ഞമനസ്സോടെ പ്രിയ അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു, അവളുടെ പ്രണയവും ഇഷ്ടവും വിവാഹത്തിനുള്ള സമ്മതവും എല്ലാം പ്രകടമായിരുന്നു ആ ചിരിയിൽ,

*****************

പാർവതി അമ്മ കുളിക്കാൻ കയറിയപ്പോഴാണ് ആദിയെ ഒന്ന് കണ്ടാലോ എന്ന് സ്വാതി വിചാരിച്ചത്. വിജയ് അവരെ കൊണ്ട് വിടാൻ പോയിട്ട് തിരികെ വന്നിട്ടില്ലായിരുന്നു, കോണിപ്പടികൾ കയറി സ്വാതി ആദിയുടെ മുറിയുടെ മുൻപിൽ ചെന്ന് നിന്നു, മുട്ടി വിളിക്കണോ വേണ്ടയോ എന്ന് അറിയാതെ അവൾ പരുങ്ങി,ഒടുവിൽ രണ്ടുംകൽപ്പിച്ച് കതകിൽ തട്ടി, മുന്നിൽ നിൽക്കുന്ന സ്വാതിയെ കണ്ട് ആദിയുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു, പക്ഷേ അത് മറച്ചു വെച്ച് അവൻ ചോദിച്ചു ,

എന്താ ?സ്വാതിയുടെ മനസ്സിൽ പല വടം വലികളും നിറഞ്ഞുനിന്നു, എന്താണ് ചോദിക്കുക, അതിന് എന്താണ് മറുപടി പറയുക, അവൾ ചിന്തിച്ചു ,”ആദി ഏട്ടന് എന്നെ ഓർമ്മ വന്നോ ?രണ്ടും കൽപ്പിച്ച് അവൾ അവനോട് ചോദിച്ചു,” ഓർമ്മ വരാനോ അതിന് നമ്മൾ തമ്മിൽ ഇന്നലെ ആദ്യമായല്ലേ കാണുന്നത്?അവന്റെ മറുപടി അവളിൽ വല്ലാത്ത നിരാശ ഉണർത്തി,” കുറച്ചു മുൻപ് ആദീയേട്ടൻ അടുക്കളയിൽ വന്നപ്പോൾ എന്നോട് പറഞ്ഞതോ? സ്വാതി പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

“ഓ അതാണോ ?നിന്നെ ഇങ്ങോട്ട് കൊണ്ടുവരുന്നതിൽ എനിക്ക് താല്പര്യം ഇല്ലായിരുന്നു, അമ്മാവൻറെ മോള് എന്നൊക്കെ വിജയ് പറഞ്ഞപ്പോൾ ഞാൻ കരുതി ആരെങ്കിലും പറ്റിക്കാൻ വേണ്ടി പറയുന്നതായിരിക്കും, അങ്ങനെയൊരാൾ ഉണ്ടോന്നൊക്കെ ,പക്ഷേ നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അമ്മാവൻറെ മകളാണെന്ന്, മുഖച്ഛായ അമ്മയുടെ പകർപ്പ് തന്നെ, അതുകൊണ്ട് ഞാൻ ഇനി മുതൽ നിനക്ക് ചേട്ടനാണെന്ന് പറയുകയായിരുന്നു, അതിൻറെ ഒരു സ്നേഹ സമ്മാനം നൽകിയതാണ്, നിന്നോട് എനിക്ക് വിരോധമൊന്നുമില്ല എന്ന് പറയാൻ വന്നതാ, അല്ലാതെ എനിക്ക് നിന്നെ എങ്ങനെ ഓർമ്മ വരാനാ? നമ്മൾ ആദ്യമായി കാണുന്നത് തന്നെ ഇന്നലെ അല്ലേ,

അവൻറെ ചോദ്യം അവളുടെ ഹൃദയത്തിൻറെ ഉള്ളറകളിൽ ആണ് കൊണ്ടത്,അടർന്നു വീണ കണ്ണുനീർ കാണാതിരിക്കാൻ അവൾ ശ്രദ്ധിച്ചു,”എന്തുപറ്റി മുഖം വല്ലാതെ ആയത്,” ഒന്നുമില്ല, അമ്മ തിരക്കും ഞാൻ താഴേക്ക് പോവാ ,”പിന്നെ ഒരു കാര്യം പറയാൻ മറന്നു, നീ എന്തിനാ അമ്മേനെ അമ്മ എന്ന് വിളിക്കുന്നത് ,അമ്മ അല്ല നിനക്ക് അമ്മായിയാണ്, ” അത് ….ഞാൻ….അവൾ എന്ത് പറയണമെന്നറിയാതെ പരുങ്ങി,

“അല്ലെങ്കിൽ അമ്മേ എന്ന് വിളിച്ചാൽ മതി, അതാ നല്ലത്, പിന്നെ അമ്മ മാത്രമല്ല ഇന്നുമുതൽ നിനക്ക് ഒരു ഏട്ടനും കൂടി ഉണ്ടെന്നു കരുതിക്കോ, യാന്ത്രികമായി തലയാട്ടി അവൾ താഴേക്കുള്ള കോണി പടികൾ ഇറങ്ങി, അവളെ വിഷമിപ്പിച്ചതിൽ സങ്കടം തോന്നിയെങ്കിലും കുറച്ചുനാൾ അവളറിയാതെ അവളെ ഒന്ന് സ്നേഹിക്കാം എന്ന് ആദി കരുതി,” ഒരുപാട് സോറി മോളെ… അവൻ മനസ്സിൽ പറഞ്ഞു, അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവൻറെ ഹൃദയം വിങ്ങി,

*************

വേണുവിനെയും വേണിയേയും ബസ്റ്റോപ്പിൽ വിട്ട ശേഷം വിജയ്, നേരെ വയനാട്ടിലേക്ക് യാത്ര തിരിച്ചു, അച്ഛനെ കാണാൻ വേണ്ടി ,തനിക്ക് പുതിയ അറിവുകൾ നൽകുന്ന ഒരു യാത്ര ആയിരിക്കും അത് എന്ന് വിജയ് അറിഞ്ഞിരുന്നില്ല…

തുടരും…