ആരാധ്യ – ഭാഗം -19, രചന: അഭിനവി

ഒരു ചെറിയ കാറ്റോട് കൂടി മഴ തുടങ്ങി. കാറ്റിന്റെ ശക്തി കൂടുന്നത് അനുസരിച്ചു മഴയുടെ ഇരമ്പലും കൂടിക്കൊണ്ടിരുന്നു. മഴയുടെ ഭാവ മാറ്റം നോക്കി കാണുകയാണ് ആരാധ്യ.

ഇനി ഒരു രാവു കൂടി മാത്രം.. ഇനി ഈ ബാൽക്കണിയിൽ നിന്നു ഒരു മഴ കൂടി കാണാൻ സമയവും കാലവും അനുകൂലം ആവണം. എന്തായാലും താൻ ഭാഗ്യവതി ആണു മറ്റു പെൺകുട്ടികളെ അപേഷിച്ച്, സ്വന്തം കുടുംബത്തിലേക്ക് തന്നെ ആണു അർണവേട്ടന്റെ കൈ പിടിച്ചു കയറാൻ പോകുന്നത്. എന്നാലും പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വിങ്ങൽ മനസ്സിൽ വന്നു തട്ടുന്നത് അവൾ അറിഞ്ഞു.

ബാൽക്കണിയുടെ ഡോർ ചാരി റൂമിലേക്ക് വരുമ്പോൾ തന്നെ ആരാധ്യ കണ്ടു തന്റെ ടേബിളിൽ ചാരി നിൽക്കുന്ന ആരാവിനെ.
അവളെ മൈൻഡ് ചെയ്യാതെ റൂമിൽ ചുറ്റും ഒന്നു കണ്ണോടിച്ചിട്ടു അവൻ വന്നു ബെഡിൽ കിടന്നു.

അവന്റെ പ്രവൃത്തികൾ നോക്കി കണ്ട് ആരാധ്യ ബെഡിൽ വന്നിരുന്നു.

“അല്ല മോനെ എന്താ ഉദ്ദേശം, എന്റെ റൂമിൽ നീ കയറാറില്ലല്ലോ ഇപ്പൊ എന്താ ഇവിടെ.. “

അവന്റെ കിടപ്പ് ആകെ ഒന്നു വീക്ഷിച്ചു കൊണ്ട് ആരാധ്യ ചോദിച്ചു.

“ഒരു തിരുത്ത് ഉണ്ട്, കയറാറില്ലല്ലോ എന്നല്ല കയറ്റാറില്ലല്ലോ എന്നാണ്. “

” അതു നിന്റെ കൈയ്യിൽ ഇരിപ്പു ശരിയല്ലാത്തത് കൊണ്ടല്ലേ.. “

“എന്തായാലും കുറേ നാളായുള്ള ആഗ്രഹം സഫലമാകാൻ പോവുകയല്ലേ…” അവൻ കുറച്ച് ഗമയോടെ ബെഡിൽ എഴുന്നേറ്റു ഇരുന്നു.

” എന്താണാവോ ഈ കുറെ നാൾ ആയുള്ള ആഗ്രഹം.” ആരാധ്യ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു.

“ബാൽക്കണിയോടുകൂടിയുള്ള ബെഡ് റൂമ് വേണം എന്ന എന്റെ ആഗ്രഹത്തിനു വിലങ്ങുതടിയായി നിന്ന ചേച്ചി നാളെത്തോടെ ബൈ ബൈ പറയുകയല്ലേ.. പിന്നെ ഈ റൂമ് എന്റെ സ്വന്തം “

വാക്കുകളിൽ തമാശ നിറച്ചാണ് ആരവ് അത് പറഞ്ഞതെങ്കിലും രണ്ടു പേരിലും അത് ചെറിയൊരു നോവ് പടർത്തി. എങ്കിലും അത് മുഖത്ത് പ്രകടമാകാതിരിക്കാൻ ആരവ് ശ്രമിച്ചു.

” അപ്പൊ അതാണ് കാര്യം ഞാനൊന്ന് പോവാൻ കാത്തിരിക്കുകയാണ് നീ അല്ലേ.. അങ്ങനെ ഇപ്പൊ ഈ റൂമ് നിനക്ക് കിട്ടുമെന്ന് കരുതണ്ട. ഇത് പൂട്ടി താക്കോലും കൊണ്ടേ ഞാൻ പോകൂ.”

“അയ്യടാ അതൊന്നു കാണണമല്ലോ.”

ഒന്നും രണ്ടും പറഞ്ഞ് രണ്ടാളും വഴക്കു കൂടുന്നത് കണ്ടാണ് അഭിരാമും സീനയും റൂമിലേക്ക് വന്നത്.

” തുടങ്ങിയോ രണ്ടും കൂടെ.. ” സീന ആരവിന്റെ കയ്യിൽ നിന്നും പില്ലോ വാങ്ങി കൊണ്ട് ചോദിച്ചു.

അഭിരാമും സീനയും ആരാധ്യയെ പിടിച്ചു ചേർത്തുകൊണ്ട് ബെഡിലേക്കിരുന്നു. സാധാരണ അച്ഛനമ്മമാരിൽ കാണുന്ന പേടിയോ അമ്പരപ്പോ അവരിൽ ഉണ്ടായിരുന്നില്ല. അവർക്ക് അറിയാം തങ്ങളുടെ മകളെ ഏറ്റവും സുരക്ഷിതമായ കൈകളിലേക്കാണ് ചേർത്ത് വയ്ക്കാൻ പോകുന്നത് എന്ന്. അവളെ പിരിയുന്ന സങ്കടം മാത്രമായിരുന്നു അവരിൽ.

“നാളെ ഇവനിംങ്ങ് ആണ് ഫങ്ങ്ഷൻ രാവിലെ തന്നെ തറവാട്ടിൽ എത്തണം. തല്ലും വഴക്കും ഒക്കെ മാറ്റി രണ്ടാളും കിടക്കാൻ നോക്ക് നാളെ നേരത്തെ എഴുന്നേൽക്കണ്ടതാണ്.” അഭിറാം രണ്ടാളേയും നോക്കി പറഞ്ഞു.

സീന ആരാധ്യയെ ചേർത്തു പിടിച്ചു തലോടി. മകളെ പിരിയുന്ന വിഷമം ചെറിയൊരു നീർത്തുള്ളിയായി ഒഴുകി. ആരാധ്യയുടെ കണ്ണുകളും നിറഞ്ഞിരുന്നു. എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ആരവ് ബെഡിലേക്ക് മുഖം പൂഴ്ത്തി അവന്റെ വിഷമങ്ങൾ ചെറിയൊരു തേങ്ങലായി പുറത്തേക്കു വന്നു. ആരാധ്യ അവനെ ചേർത്തു പിടിച്ചു. ചേച്ചിയോട് പറ്റി ചേർന്ന് അവളുടെ കുഞ്ഞനിയനായി അവൻ നിന്നു. അഭിറാമും സീനയും സങ്കടം മറക്യാൻ പാടുപ്പെട്ടു. രണ്ടു മക്കളേയും ചേർത്തു പിടിച്ചു അവർ അവരോടൊപ്പം ബെഡിൽ കിടന്നു.

പുറത്ത് മഴയുടെ ഇരമ്പലിനു ശമനം വന്നു. അത് നേർത്ത് ഒരു ചാറ്റൽ മഴയായി മാറി. കാർമേഘത്തിന്റെ ഉള്ളിൽ തങ്ങി അങ്ങിങ്ങായി ചെറിയ നിലാവ് മാത്രം പരത്തി പൂർണചന്ദ്രൻ ഒളിച്ചിരുന്നു.

********************

അടുത്ത പ്രഭാതം ഉണർന്നത് അർണവിനും ആരാധ്യയ്ക്കുമായാണ്.

നറുപുഞ്ചിരിയോടെയാണ് അർണവ് കണ്ണു തുറന്നത്. ആദ്യം കണ്ണുകൾ പരതിയത് ബെഡിനോട് ചേർന്നുള്ള സ്റ്റാൻറ്റിൽ ഇരിക്കുന്ന വിവാഹ ഫോട്ടോയിലേക്കാണ്. അർണവ് കൈ എത്തിച്ചു ഫോട്ടോ കയ്യിൽ എടുത്തു. കണ്ണുകൾ അടച്ചു തൊഴുതു നിൽക്കുന്ന ആരാധ്യയ്ക്ക് സിന്ദൂരം ചാർത്തുന്ന ഫോട്ടോ.

പെട്ടെന്ന് എന്തോ ഓർത്തപ്പോലെ അവൻ ചാടി എഴുന്നേറ്റു. സമയം അഞ്ചേമുക്കാൽ കഴിഞ്ഞിരുന്നു. അർണവ് പെട്ടെന്ന് പോയി ഫ്രഷ് ആയി വന്ന് ബുള്ളറ്റിന്റെ കീ കൈയിൽ എടുത്ത് കറക്കി കൊണ്ട് ഒരു മൂളി പാട്ടോടെ സ്റ്റെപ്പ് ഇറങ്ങി.

“ഹാ നീ റെഡിയായോ… എട്ടു മണി ആകുമ്പോൾ ഇറങ്ങാം എന്നാണ് പപ്പ പറഞ്ഞത്.”

“രണ്ടാളും കൂടി പതിയെ അങ്ങോട്ട് പോരെ ഞാൻ അവിടെ കാണും.”

അവന്റെ സന്തോഷവും വാക്കുകളിലെ പ്രസരിപ്പും കണ്ടു സന്ധ്യ പുഞ്ചിരിച്ചു. അവനും തിരിച്ചൊരു പുഞ്ചിരി കൈമാറി കൊണ്ട് പുറത്തേക്ക് നടന്നു.

എറണാക്കുളം ടൗൺ വിട്ട് അണവിന്റെ ബുള്ളറ്റ് നീങ്ങി. മഴ മാറി നിന്ന നേരമായിരുന്നു. അന്തരീക്ഷത്തിൽ തണുപ്പ് വ്യാപിച്ചിരുന്നു. റോഡിന്റെ വശങ്ങളിൽ നിന്നിരുന്ന തണൽമരങ്ങളിൽ ഇന്നലെയുടെ ബാക്കിപത്രമായി മഴത്തുള്ളികൾ തങ്ങി നിന്നു. ചെറിയ കാറ്റിൽ അവ ഇടയ്ക്കിടെ നിലത്തേക്ക് പതിച്ചു കൊണ്ടിരുന്നു.

അർണവിന്റെ മനസ്സിൽ അപ്പോൾ അവന്റെ ആധ്യയും അവർ സ്വപ്നം കണ്ട അവരുടെ ജീവിതവും മാത്രമായിരുന്നു.

ഓർമ്മ വച്ച കാലം മുതൽ മനസ്സിന്റെ ഉൾക്കോണിൽ എവിടെയോ ചാർത്തപ്പെട്ട മുഖം തന്റെ ആധ്യാ.. തിരിച്ച് ഒരു നോട്ടത്തിനോ വാക്കിനോ കാത്തിരുന്ന നാളുകൾ, പെട്ടെന്ന് ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ തന്നെ മുത്തശ്ശി അവളെ കൈയിൽ ചേർത്തുവച്ചു തന്നപ്പോൾ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു. പിന്നീട് ഒരു കാത്തിരിപ്പ് ആയിരുന്നു അവളുടെ കണ്ണുകളിൽ വിരിയുന്ന തന്നോടുള്ള പ്രണയം കാണാൻ. പിന്നീട് ഒരിക്കൽ ചോരയിൽ കുളിച്ച് അവൾ കൈകളിലേക്ക് വന്നു വീണപ്പോൾ തന്റെ ജീവിതവും ജീവനും അവിടെ പൊലിഞ്ഞെന്നാണ് കരുതിയത്. അവൾ തിരിച്ചു വരും വരെ മരവിച്ച മനസ്സുമായി കാത്തിരുന്നു. കിരണിനെതിരെ അന്ന് തനിച്ച് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പ്രകാശ് ഇളയച്ചന്റെ സ്വാധീനം മാത്രമാണ് അവനെ കുടുക്കിയത്. അന്ന് തീരുമാനിച്ചതാണ് ആധ്യയെ നെഞ്ചോട് ചേർത്ത് കൂടെ കൂട്ടുമ്പോൾ അവളെ പൂർണ്ണമായും സംരക്ഷിക്കാൻ താൻ പ്രാപ്തനാകണം എന്ന്. ആ വാശി മാത്രമായിരുന്നു സ്കൈലാർക്കിന്റെ വളർച്ച. ഇനിയും അവളിൽ നിന്ന് അകന്നൊരു നിമിഷം വയ്യ. അവളെ കണ്ടു ഉണരണം ഒരോ പുലരിയും അവളെ നെഞ്ചോട് ചേർത്ത് പുൽകി ഉറങ്ങണം ഒരോ രാവും. പ്രണയം ഒരു നേർത്ത മഴയായി അവനെ പുൽകാൻ തുടങ്ങി.

ബുള്ളറ്റിന്റെ ശബ്ദം കേട്ട് ആരാധ്യ വേഗം ഓടി ഉമ്മറത്തേക്ക് വന്നു. കൈ രണ്ടും മാറിൽ കെട്ടി അവളുടെ വരവും പ്രതീക്ഷിച്ചെന്നപ്പോലെ നിൽക്കുകയാണ് അർണവ്.

പ്രതീക്ഷിക്കാതെ അവനെ കണ്ടപ്പോൾ പറഞ്ഞറിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു അവളിൽ. അവനെ അദ്ഭുതത്തോടെ നോക്കി നിൽക്കാൻ മാത്രമേ അപ്പോൾ അവൾക്ക് കഴിഞ്ഞുള്ളൂ. പിസ്താ കളറിൽ ഗോൾഡൻ വർക്ക് ചെയ്ത ചുരിദാറായിരുന്നു അവളുടെ വേഷം. മുടി ഒതുക്കി കെട്ടിയിരുന്നു. അർണവും ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരുന്നു.

തറവാട്ടിലേക്ക് ഇറങ്ങാൻ തയ്യാറായി തന്നെയാണ് സീനയും അഭിരാമും ഇറങ്ങിയത്. അർണവിനെ അവിടെ കണ്ട് അവർക്കും അതിശയമായി.

“നിങ്ങൾ ഇന്നലെ എത്തിയോ തറവാട്ടിൽ?” സീന മുറ്റത്തേക്ക് ഇറങ്ങി ചെന്നു കൊണ്ടു ചോദിച്ചു.

” ഇല്ല ആന്റി ഞാൻ വരുന്ന വഴിയാണ്. അമ്പലത്തിൽ പോകാം എന്നു കരുതി. ആധ്യയെ കൂടെ കൂട്ടാൻ ആണ് ഇതിലെ വന്നത്. ” അർണവ് അതും പറഞ്ഞ് ആരാധ്യയെ നോക്കി.

” എന്നാൽ ചെല്ലു മോളെ വൈകാൻ നിക്കണ്ട. ” അഭിരാം പറഞ്ഞു.

അവരോട് യാത്ര പറഞ്ഞ് ആരാധ്യ അർണവിന്റെ ബുള്ളറ്റിൽ കയറി. നാലകത്ത് തറവാട് ക്ഷേത്രം ലക്ഷ്യമാക്കി അവന്റെ ബുള്ളറ്റ് നീങ്ങി.

ലെഗേജ് എല്ലാം കാറിൽ എടുത്ത് വച്ച് ആരവും അഭിറാമും സീനയും ഇറങ്ങി.

രണ്ടു വശങ്ങളും തെങ്ങിൽ തോപ്പാൽ നിറഞ്ഞതിരക്കൊഴിഞ്ഞ പാതയിലൂടെ അർണവും ആരാധ്യയും നീങ്ങി. ഇടയ്ക്ക് ആരാധ്യയുമൊപ്പമുള്ള രാത്രി റൈഡിലൂടെ അർണവിനു ഓരോ വഴികളും നല്ല നിശ്ചയമായി കഴിഞ്ഞിരുന്നു. ബുള്ളറ്റിന്റെ സ്പീഡ് കൂടുന്നത് അനുസരിച്ച് ആരാധ്യ അവനെ ചുറ്റിപ്പിടിച്ചു ചേർന്നിരുന്നു.

നേർത്ത മഴത്തുള്ളികൾ പ്രണയഭാവത്തോടെ അവരിലേക്ക് പതിച്ചു കൊണ്ടിരുന്നു. ആരാധ്യ മുഖമുയർത്തിപ്പിടിച്ചു അവയെ സ്വീകരിച്ചു. വലതു കൈ അർണവിനെ ചുറ്റിപ്പിടിച്ചു ഇടതു കൈ നീട്ടി മഴത്തുള്ളികളെ കൈകുമ്പിളിൽ പിടിച്ചു. അവളുടെ പ്രവൃത്തികൾ മിററിൽ കൂടി കണ്ടു അർണവ് ബുള്ളറ്റിന്റെ സ്പീഡ് കുറച്ചു. അവനും ആ മഴയേഴും അവളേയും ആസ്വദിക്കുകയായിരുന്നു.

ക്ഷേത്രങ്കണത്തിലേക്ക് എത്തും മുമ്പേ ഭക്തി ഗാനം ഉയർന്നു കേട്ടിരുന്നു. ആൽത്തറയോട് ചേർന്ന് ബുള്ളറ്റ് പാർക്ക് ചെയ്ത് അർണവ് ആരാധ്യയുടെ കൈ പിടിച്ചു ശ്രീകോവിലിലേക്ക് നടന്നു. ജീവിതത്തിലെ ഒന്നിച്ചുള്ള പുതിയ തുടക്കത്തിനായി ഇരുവരും മനസ്സറിഞ്ഞു പ്രാർത്ഥിച്ചു. ദേവിയുടെ നടയിൽ നിന്നും ഒരു നുള്ള് സിന്ദൂരം വിരലിൽ എടുത്ത് ആരാധ്യയുടെ നെറുകിൽ ചേർത്ത് മുകളിലേക്ക് വരച്ചു. വഴിപ്പാട് കഴിച്ചു പ്രസാദവും വാങ്ങിയാണ് അവർ മടങ്ങിയത്.

ഇരുവരും തറവാട്ടിൽ എത്തുമ്പോഴേക്കും പ്രദീപും സന്ധ്യയും സീനയും അഭിരാമും എത്തിയിരുന്നു. ടൗണിൽ തന്നെ ഒരു ഹാൾ ആയിരുന്നു ഫങ്ങ്ഷനു ബുക്ക് ചെയ്തിരുന്നത്. സന്ധ്യയുടേയും മീനയുടേയും ബന്ധുക്കൾ എല്ലാവരും വൈകുന്നേരം ഹാളിലേക്ക് എത്താമെന്നു പറഞ്ഞു. തറവാട്ടിൽ തിരുവനന്തപുരത്ത് നിന്ന് സന്ദീപിന്റെ വീട്ടുകാർ മാത്രം രാവിലെ എത്തി. എല്ലാം നേരത്തേ അറേഞ്ച് ചെയ്തതു കൊണ്ടു പറയത്ത തിരക്കും ബഹളങ്ങളും ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ എല്ലാവരും തയ്യാറായി ഹാളിലേക്ക് പുറപ്പെട്ടു. റെഡിൽ ബ്ലാക്ക് സ്റ്റോൺ വർക്ക് ചെയ്ത ഗൗൺ ആണ് സന്ധ്യ ആരാധ്യയ്ക്കു വേണ്ടി പറഞ്ഞു തയ്യാറാക്കിയത്. കഴുത്തിൽ താലിയോടൊപ്പം അഭിരാം നൽകിയ ഡയമണ്ടിന്റെ നെക്സും അതിന്റെ തന്നെ കമ്മൽ സെറ്റും ആയിരുന്നു ആരാധ്യ ഇട്ടത്. രണ്ടു കൈകളിലും സ്റ്റോൺ പതിപ്പിച്ച വളകളും മുടി ഒതുക്കി വിടർത്തി ഇട്ടു. അധികം മേക്കപ്പ് ഇല്ലെങ്കിലും നാലകത്ത് തറവാട്ടിലെ രാജകുമാരിയെ കാണുന്നവർ ഒന്നു നോക്കി നിന്നു പോകും. അർണവ് റെഡ് ഷർട്ടും ബാക്ക് കോട്ടും പാന്റും ആയിരുന്നു വേഷം. മുത്തശ്ശി മനസ്സു നിറഞ്ഞു രണ്ടു പേരേയും അനുഗ്രഹിച്ചു. അർണവും ആരാധ്യയും ഒന്നിച്ച് ഒരു കാറിൽ പുറപ്പെട്ടു. ബാക്കി ഉള്ളവർ മറ്റു കാറുകളിലുമായി ഹാളിൽ എത്തി.

ബിസിനസ്സ് രംഗത്തേക്കു കാലെടുത്തു വച്ച അർണവിന്റെ പ്രൗഢിക്ക് ഉതകും വിധമാണ് പ്രദീപ് റിസപ്ഷൻ അറേഞ്ച് ചെയ്തത്. ബിസിനസ്സ് രംഗത്തെ ഒരു പാടുപേർ ഫങ്ങ്ഷനിൽ പങ്കെടുത്തു.

പരസ്പരം റിംഗ് എക്സ്ചേഞ്ച് ചെയ്തു കൊണ്ടാണ് ഫങ്ങ്ഷൻ ആരംഭിച്ചത്. ആശംസകളും ആശീർവാദങ്ങളുമായി കടന്നു വന്നവരെ നിറഞ്ഞ പുഞ്ചിരിയോടെ തന്നെ അർണവും ആരാധ്യയും സ്വീകരിച്ചു. തനിഷ്ക വന്നു സ്നേഹത്തോടെ ആരാധ്യയെ ചേർത്തു പിടിച്ചു. അവൾക്ക് ഒപ്പം തന്നെ നിളയും ആരവും സ്റ്റേജിൽ കയറി. അർണവിനേയും ആരാധ്യയേയും കണ്ടപ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയാതെ നിളയുടെ കണ്ണു നിറഞ്ഞു. ആരവ് എല്ലാവരും ചേർന്നു നിൽക്കുന്ന സെൽഫി എടുത്തു. അത് അപ്പൊ തന്നെ നിളയ്ക്കും തനിഷ്കയ്ക്കും സെന്റ് ചെയ്തു. ഇരുവരും അത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു.

എല്ലാവരേയും പരിചയപ്പെട്ടും സംസാരിച്ചും ഫങ്ങ്ഷൻ നീണ്ടു പോയി. ഫങ്ങ്ഷൻ ഉടനീളെ അർണവ് ആരാധ്യയുടെ കൈകോർത്തു പിടിച്ചു.
അമ്മമാർ രണ്ടു പേരും എപ്പോഴും അവർക്ക് ഇരുവശവും ഉണ്ടായിരുന്നു. വരുന്നവരെ സ്വീകരിക്കാനും സൽക്കരിക്കാനും സ്റ്റേജിനു മുന്നിലായി തന്നെ പ്രദീപും പ്രകാശും നിന്നു. ഒപ്പം അഭിറാമും സന്ദീപും ഉണ്ടായിന്നു മുത്തശ്ശി മാറി ഇരുന്നു കാണുകയായിരുന്നു തന്റെ മക്കളുടെ സന്തോഷം.

രാത്രി പത്തരയോടെ എല്ലാം കഴിഞ്ഞു എല്ലാവരും തറവാട്ടിൽ എത്തി. രണ്ടു ദിവസത്തെ ഓട്ട പാച്ചിലിൽ വയ്യാതായി കുട്ടി പട്ടാളം നേരെ ബെഡിലേക്ക് വീണു.

ആരാധ്യ കുളിച്ചു ഫ്രഷ് ആയി വരുമ്പോൾ മുറിയിൽ സീനയും മീനയും ഉണ്ടായിരുന്നു. ഇളം മഞ്ഞ ചുരിദാർ ആയിരുന്നു ആരാധ്യയുടെ വേഷം. അവരുടെ കയ്യിലെ സെറ്റ് മുണ്ടും മുല്ല പൂവും കണ്ടപ്പോൾ ആരാധ്യ ഒരു ചമ്മിയ ചിരി ചിരിച്ചു.

” ഇതൊന്നും വേണ്ട അമ്മ.” അവൾ ചെറിയ ചമ്മലോടെ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

” ഇതൊന്നും വേണ്ടങ്കിൽ നിർബന്ധിക്കണ്ട മോളെ… ഇപ്പോഴത്തെക്കുട്ടികൾ അല്ലേ അവരുടെ ഇഷ്ടത്തിനു എന്താനു വച്ചാൽ ആയിക്കോട്ടെ. ” റൂമിലേക്ക് കടന്നു വന്ന മുത്തശ്ശി പറഞ്ഞത് കേട്ട് ആരാധ്യ സന്തോഷത്തോടെ പുഞ്ചിരിച്ചു.

റൂമിന്റെ വാതിലിന്റെ സൈഡിൽ നിന്ന അർണവ് മുത്തശ്ശിയെ നോക്കി തള്ളവിരൽ ഉയർത്തി കാട്ടി. അവർ അവനെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു.

” മോള് ചെല്ലൂ അവൻ കാത്തിരിക്കായിരിക്കും.” ആരാധ്യയുടെ നെറുകിൽ ഉമ്മ നൽകി കൊണ്ടു മുത്തശ്ശി പറഞ്ഞു. മീനയും സീനയും അവളെ വാത്സല്യത്തോടെ തഴുകി.

ആരാധ്യ മുറിയിലേക്ക് ചെല്ലുമ്പോൾ അർണവ് എവിടെയോ പോകാൻ തയ്യാറി നിൽക്കുന്നതാണ് കണ്ടത്.

” അർണവേട്ടൻ ഇത് എവിടേക്ക് ആണ്. “

” ഞാൻ ഒറ്റക്കല്ല നീയും വരുന്നുണ്ട്. “

“എവിടേക്ക്”

” മറന്നു പോയോ ഞാൻ പറഞ്ഞിരുന്നില്ലേ റൈഡ് പോകേണ്ട കാര്യം…”

“ഇന്നു വേണോ?”

അവൾ ഒരു സംശയത്തോടെ അവനെ നോക്കി.
അർണവ് അവളുടെ തോളിലൂടെ കൈയിട്ടു ചുറ്റിപ്പിടിച്ചു.

“ഇന്നുതന്നെ വേണം. ഇതു വരെ നമ്മൾ ഒന്നിച്ചു പോയ യാത്രകളെല്ലാം അപൂർണമായിരുന്നു. ഒരോ തവണയും മനസ്സിലാ മനസ്സോടെ ആണ് നിന്നെ വീട്ടിൽ ആക്കി മടങ്ങാറ്. ഇന്ന് അങ്ങനെ അല്ല. എന്തോ ഇപ്പൊ ഒരു ഡ്രൈവ് ഞാൻ ആഗ്രഹിക്കുന്നു. എന്താ നീ ടയേഡ് ആണോ?”

ആരാധ്യ ഒരു സംശയത്തോടെ അർണവിനെ നോക്കി.

“പോണോ “

“മ്മ്…. നിന്റെ ഇഷ്ടം.”

” എല്ലാവരും എന്തു വിചാരിക്കും.”

“ആരും ഒന്നും വിചാരിക്കില്ല മുത്തശ്ശിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. “

അവന്റെ കണ്ണുകളിലെ പ്രതീക്ഷയും തിളക്കവും കണ്ടു ആരാധ്യയ്ക്കു സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ മൃദുവായി ഉമ്മ വച്ചു. കൈകളിൽ കോർത്തു പിടിച്ചു ബുള്ളറ്റിന്റെ ചാവി എടുത്തു പുറത്തേക്ക് നടന്നു. എല്ലാവരും റൂമിലേക്ക് പോയിരുന്നു.

അർണവിന്റെ ബുള്ളറ്റ് ആരാധ്യയുമായി പുറത്തേക്ക് നീങ്ങി….

*************************

നിള വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കണ്ടു സിറ്റ് ഔട്ടിൽ ഇരിക്കുന്ന കിരണിനെ. ആദ്യം അവളൊന്നു അമ്പരന്നു നിന്നു കുറേ വർഷങ്ങൾക്ക് ശേഷമാണ് ഏട്ടൻ വീട്ടിൽ വരുന്നത്.

പക എരിയുന്ന കണ്ണുകളുമായി കിരൺ ഫോണിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

നിള ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു.

“മാറി നിൽക്കെ ടീ… ” ദേഷ്യത്തോടെ ഉള്ള ഒരലർച്ച ആയിരുന്നു അവൾക്കുള്ള മറുപടി.

“ഏട്ടാ…..” ഇടറിയ ശബ്ദത്തോടെ അവൾ അവനെ വിളിച്ചു. ആദ്യമായാണ് അവൻ അങ്ങനെ അവളോട് പെരുമാറുന്നത്.

“എന്താ എന്താടി ഇത്. “

നിളയുടെ വാട്സ് അപ്പ് സ്റ്റാറ്റസ് ഫോട്ടോ കാണിച്ചു കൊണ്ട് അവൻ അലറി.

ഒരു നിമിഷം നിള സ്തംഭിച്ചു നിന്നു.

“ഏട്ടാ ഞാൻ…”

അവൾ എന്തെങ്കിലും പറയും മുൻപേ മുന്നിൽ കിടന്ന ചെയർ കാലുകൊണ്ട് തട്ടി തെറുപ്പിച്ച് അവൻ ജീപ്പെടുത്ത് പാഞ്ഞു പോയി.

നിള ഭയത്തോടെ വിറച്ചു നിന്നു….