ആരാധ്യ – ഭാഗം -20, രചന: അഭിനവി

ദൂരെ എവിടേയോ പെയ്യുന്ന മഴയെ തഴുകി വന്ന തണുത്ത കാറ്റ് ആരാധ്യയെയും അർണവിനെയും പൊതിഞ്ഞു. ശരീരത്തിലേക്ക് തണുപ്പ് ആഴ്ന്നു കയറിയപ്പോൾ ആരാധ്യ അർണവിനോട് ഒന്നൂടെ ചേർന്നിരുന്നു.

രാത്രിയുടെ നിശബ്ദതയും സ്ട്രീറ്റ് ലൈറ്റുകളുടെ പ്രകാശവും പ്രണയം തുടിക്കുന്ന ഹൃദയവും ആ യാത്രയെ മനോഹരമാക്കി. കുറച്ചു നേരത്തെ യാത്രയ്ക്ക് ഒടുവിൽ ആളും ആരവവും ഒഴിഞ്ഞ ഒരു കടപ്പുറത്ത് അർണവ് ബുള്ളറ്റ് ഒതുക്കി. തണുത്ത് വിറച്ച് കൈകൾ കൂട്ടി തിരുമ്മി നിൽക്കുന്ന ആരാധ്യയെ വലിച്ചു നെഞ്ചോരം ചേർത്ത് പിടിച്ച് അർണവ് മണൽ പരപ്പിപ്പിലൂടെ നടന്നു.

കാൽപാദങ്ങളിൽ വെള്ളം നനയും വിധം തിരയിലേക്ക് കാലു നീട്ടി വച്ച് ഇരുവരും ഇരുന്നു. ആരാധ്യയെ തോളിലൂടെ കൈ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്ത് പിടിച്ചിരുന്നു അർണവ്.

” ആധ്യാ ഇങ്ങനെ ഒരു രാവ് സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ആദ്യമായി സീതാന്റിയുടേയും സന്ദീപ് അങ്കിളിന്റെയും കൂടെ കടപ്പുറത്ത് വരുമ്പോൾ നീ അന്ന് ഓടി നടന്നു തുടങ്ങുന്നതേ ഉള്ളൂ. മണൽ തരികളിലൂടെ വേച്ച് നടക്കാൻ ശ്രമിക്കുന്ന നിനക്ക് കോർത്തു പിടിക്കാൻ കൈ നീട്ടി തരുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ആധ്യാ എന്റെ ഹൃദയത്തിൽ ഒരു തീരാ പ്രണയമായി നീ പരിണമിക്കുമെന്ന്. വളരുംതോറും എന്റെ സ്വപ്നങ്ങളിൽ നീ ഇടം പിടിക്കുമ്പോൾ അന്ന് എന്റെ ഉള്ളിലുള്ള വികാരം എന്തെന്ന് തിരിച്ചറിയാൻ പിന്നെയും വർഷങ്ങൾ എടുത്തു. ഓരോ വേനലവധിക്കാലവും ഞാൻ കാത്തിരുന്നത് നിന്റെ അടുത്തേക്ക് ഓടി എത്താനായിരുന്നു. ആദ്യമൊക്കെ നിന്നോട് അസൂയ തോന്നിയിട്ടുണ്ട് എല്ലാവരും നിന്നെ ശ്വാസം മുട്ടിച്ചു സ്നേഹിക്കുന്നത് കാണുമ്പോൾ. നീളം കൂടിയ പീലികളോട് കൂടിയുള്ള നിന്റെ വിടർന്ന കണ്ണുകൾ കാണുമ്പോൾ അതിൽ പ്രതിബലിക്കുന്ന എന്റെ രൂപത്തെ നോക്കി നിൽക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. മുതിർന്നു വരുംതോറും നിന്റെ അർണവേട്ട എന്ന വിളി കുറഞ്ഞു വന്നു. നിന്റെ ഒരു നോട്ടത്തിനും വിളിക്കും വേണ്ടി കൊതിയോടെ കാത്തിരുന്നിട്ടുണ്ട്. മുത്തശ്ശിയോടൊപ്പം നീ പോകുന്നിടത്തെല്ലാം ഒരു നിഴലായ് ഞാൻ കൂടെ നടന്നിട്ടും നീ ഒന്നു നോക്കുക പോലും ചെയ്യാതിരുന്നപ്പോൾ ദേഷ്യവും വിഷമവും തോന്നിയിട്ടുണ്ട്. എന്നെക്കാൾ നന്നായി എന്നെ മനസ്സിലാക്കിയത് മുത്തശ്ശിയായിരുന്നു. എന്നിൽ ഉടലെടുത്ത നീ എന്ന വികാരത്തിനു പ്രണയം എന്ന പേര് നൽകിയത് മുത്തശ്ശിയാണ്. ഒപ്പം നാലകത്തു തറവാടിന്റെ രാജകുമാരി നിനക്ക് മാത്രം സ്വന്തം എന്നൊരു വാക്കും.”

” ഒരിക്കൽ എങ്കിലും എന്നോട് തുറന്നു പറയാമായിരുന്നില്ലേ അർണവേട്ടന്. എല്ലാവരും വാരിക്കോരി തന്ന സ്നേഹവാത്സല്യങ്ങളിൽ മതി മറന്നു നിന്നപ്പോൾ ഒരിക്കലും എന്നിൽ പ്രണയം എന്ന വികാരം മുളപ്പൊട്ടിയിരുന്നില്ല. അതു കൊണ്ടു തന്നെ ഈ കണ്ണുകൾ എനിക്കായ് തുടിച്ചത് ഒരിക്കലും തിരിച്ചറിയാനായില്ല. പക്ഷേ ഈ താലി കഴുത്തിൽ വീണപ്പോൾ മുതൽ ആണ് എന്നിലെ ഹൃദയതാളത്തിനു മാറ്റം വന്നത്. അന്ന് തിരിച്ചു പോകാൻ നേരം ഈ കണ്ണുകളിൽ കണ്ടതിളക്കം ഞാൻ നെഞ്ചിലേറ്റിയിരുന്നു. ഒരിക്കൽ പോലും ഈ താലി ഒന്നു നെഞ്ചിൽ നിന്ന് മാറ്റി വക്കാൻ പറ്റാത്ത വിധം ഹൃദയത്തോട് പറ്റിച്ചേർന്നിരുന്നു. ഓർമ്മകളിൽ എപ്പോഴും ഈ മുഖം മാത്രം നിറഞ്ഞു നിന്നു.”

പരസ്പരം മനസ്സു തുറക്കുമ്പോൾ രണ്ടു പേരുടേയും മിഴികളും മുന്നിൽ അലയടിക്കുന്ന തിരകളിൽ തന്നെയായിരുന്നു. പ്രണയം ഒരു അടങ്ങാത്ത വികാരമായി രണ്ടു പേരിലും മുന്നിൽ കാണുന്ന കടലിലെ തിരപ്പോലെ അലയിക്കാൻ തുടങ്ങിയിരുന്നു. തോളിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന അർണവിന്റെ കൈകൾക്ക് ഭാരം കൂടുന്നത് അവൾ അറിഞ്ഞു. അത് താഴേക്ക് ചലിച്ചിറങ്ങി.

തീരത്തെ പുൽക്കുന്ന തിരപ്പോലെ തന്നെ പുൽക്കാൻ കൊതിക്കുന്ന ആ മനസ്സ് ആരാധ്യ തിരിച്ചിറിഞ്ഞു. അവളെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ അർണവ് എഴുന്നേറ്റു. തിരിച്ചുള്ള യാത്രയിൽ ബുള്ളറ്റിന്റെ സ്പീഡ് കൂടി കൊണ്ടിരുന്നു. അതിനനുസരിച്ച് ആരാധ്യ അവനിലെ പിടിയും മുറുക്കി.

അവർ തിരിച്ചു തറവാട്ടിൽ എത്തുമ്പോഴേയ്ക്കും അതുവരെ തെളിഞ്ഞു നിന്ന മാനത്ത് മഴ മേഘങ്ങൾ ഇടം പിടിച്ചു. ഒന്നു പെയ്യാൻ വെമ്പി ഒരു ഇളം കാറ്റിന്റെ തലോടലിനായി അവ കാത്തു നിന്നു.

ആരാധ്യയെേ ചേർത്തു പിടിച്ചു കൊണ്ടു തന്നെ അർണവ് മുറിയിലേക്ക് കയറി. ലൈറ്റ് ഇടും മുമ്പുതന്നെ പനിനീർപ്പൂക്കളുടെ ഗന്ധം അവരെ പുൽകി. ലൈറ്റ് ഓണക്കിയപ്പോൾ പല നിറത്തിലുള്ള ഡിം ലൈറ്റുകളാണ് ഓണായത്. മുറി മൊത്തം പനിനീർപ്പൂക്കളാൽ അലംങ്കരിച്ചിരുന്നു. രണ്ടു പേരും പരസ്പരം നോക്കി പ്രണയം അതു നിറഞ്ഞു തുളുമ്പാൻ തുടങ്ങിയിരുന്നു. ടേബിളിൽ ഇരുന്ന പാൽഗ്ലാസ്സ് അവൾക്കു നേരെ നീട്ടി അർണവ് അതു വാങ്ങുമ്പോൾ അവളുടെ ഹൃദയതാളം മാറി തുടങ്ങിയിരുന്നു.

🎶എന്റെ മാത്രം പെണ്കിളി എന്നും നീയെൻ സ്വന്തമേ പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ

മഞ്ഞുനീരിൻ തുള്ളിയായ്പെയ്യുമെങ്കിൽ മെല്ലെ നീ കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ

മിഴികളിൽ കനവായ്ഒരു നിലാതിരിയായ്
പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ എന്നും മിന്നി നിൽക്കില്ലേ

ഉരുകുമീ വെയിലിൽ ഉതിരുമാമഴയിൽ ഇവനു നീ കുടയായ് എന്നും ചേരുകില്ലേ ഓമൽ പെണ്മണിപൂവേ

എന്റെ മാത്രം പെണ്കിളി എന്നും നീയെൻ സ്വന്തമേ പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ

ബാല്യകാല പൊയ്കയിൽ നീ ഏതോ നാളിൽ അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ കാണാൻ കൊതിച്ചേ നിന്നേ ഞാനാ മുഖപൂ ചന്തം കാലം കടന്നേ മെല്ലെ മോഹം വളർന്നേ പെണ്ണേ അന്നുമെന്നും നെഞ്ചിനുള്ളിൽ നീയെ മാത്രം

എന്റെ മാത്രം പെണ്കിളി എന്നും നീയെൻ സ്വന്തമേ പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ

മഞ്ഞുനീരിൻ……..🎶🎶🎶

ചെറിയ ശബ്ദത്തിൽ അർണവിന്റെ മൊബൈൽ പാടി കൊണ്ടിരുന്നു.

പനിനീർപ്പൂവിന്റെ മണം പരത്തുന്ന തന്റെ പെൺക്കിളിയെ നെഞ്ചോട് ചേർത്ത് അവനാരാവ് പകലാക്കി. കണ്ണുകളിലെ പ്രണയം കൈളിലേക്ക് കൈമാറിയപ്പോൾ അവ വല്ലാത്തൊരു ആവേശത്തോടെ ചലിച്ചു തുടങ്ങി. ഒരു പുഴയായി ഒഴുകുന്ന അവനിലെ പ്രണയത്തെ അവൾ തന്നിലേക്ക് ലയിപ്പിച്ചു.

പ്രണയം എന്നും ഒരു മഴയാണ് നനയും തോറും വീണ്ടും വീണ്ടും നനയാൻ കൊതിപ്പിക്കുന്ന മഴ. ഒരിക്കലും നിലയ്ക്കാത്ത പ്രണയമഴ. ആ രാവു മുഴുവൻ ഒരിക്കലും അടങ്ങാത്ത ഒരു പ്രണയ മഴയ്ക്ക് സാക്ഷിയായി.

***********************

കിരൺ തിരിച്ചെത്തി എന്ന നിളയുടെ മെസ്സേജ് കണ്ട് തനിഷ്ക ഒന്നു അമ്പരന്നു. കിരൺ തിരിച്ചെത്തി എന്നതിനേക്കാളും അവളെ അദ്ഭുതപ്പെടുത്തിയത് കിരണാണ് അവളുടെ ചേട്ടൻ എന്ന അറിവാണ്‌.

തന്റെ ഫോണിൽ ഹൈഡ് ചെയ്ത ഫോൾഡറിൽ നിന്നും കിരണിന്റെ അവൻ കാണാതെ എപ്പോഴോ എടുത്ത ഫോട്ടോ ഓപ്പൺ ചെയ്തു അവൾ ബെഡിലേക്ക് കടന്നു.

കോളേജ് തുടങ്ങിയ നാളുകളിൽ തങ്ങളുടെ ഇടയിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരുന്ന രണ്ടു കണ്ണുകളെ അവൾ ആദ്യമേ ശ്രദ്ധിച്ചിരുന്നു. അറിയാതെ എപ്പോഴൊക്കയോ ആ നോട്ടം അവൾ ഹൃദയത്തിലേറ്റിയിരുന്നു. പതിയെ പതിയെ ആ കണ്ണുകൾ തേടുന്നത് തന്നെയല്ല എന്നവൾ തിരിച്ചറിഞ്ഞു. മനസ്സിൽ എപ്പോഴോ മുളപ്പൊട്ടാൻ തുടങ്ങിയ പ്രണയത്തെ അവൾ തുടക്കത്തിലേനുള്ളി കളഞ്ഞു. പിന്നീട് ആ മുഖം പതിയെ പതിയെ മായിച്ചു കൊണ്ടിരുന്നു.

ആരാധ്യയ്ക്ക് ഉണ്ടായ അപകടവും അതിനെ തുടർന്നുണ്ടായ അറസ്റ്റും ഒക്കെ അവനെ മനസ്സിൽ നിന്നു കളയുന്നതിന് അവളെ സഹായിച്ചു.

പിന്നീട് നിളയിലൂടെ അറിഞ്ഞ അവളുടെ ചേട്ടൻ തനിഷ്കയ്ക്ക് ഒരു അദ്ഭുതമായിരുന്നു. നിളയുടെ വാക്കുകളിലൂടെ തന്നെ അവനെ അവൾ അടുത്തറിഞ്ഞിരുന്നു. പക്ഷേ അതൊരിക്കലും കിരൺ ആകുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല. വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നു വരുന്ന കിരണിന്റെ മുഖമോർത്ത് അവൾ കിടന്നു.

*********************

നിറുത്തിഇട്ട ജീപ്പിന്റെ മുകളിൽ കയറി കിടക്കുകയാണ് കിരൺ. മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. കണ്ണടച്ചാലും തുറന്നാലും ഒരു മുഖം മാത്രം ആരാധ്യ. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും
അവളുടെ പനിനീർപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് പിന്നേയും പിന്നേയും അരിച്ചു വരുന്നു. വിട്ടുകൊടുക്കാൻ കഴിയുന്നില്ല ഒരുത്തനും അവളെ. ചോരയിൽ കുളിച്ചു കിടന്ന അവളുടെ മുഖം ഓർക്കുതോറും അവനിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. കൈയിൽ എടുത്ത മദ്യക്കുപ്പി വായിലേക്ക് കമിഴ്ത്തുമ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് ഏട്ടാ എന്നു വിളിച്ചു ഓടി വന്ന അവന്റെ കുഞ്ഞി അനിയത്തി നിളയെയാണ്.

വല്ലാത്ത ഒരു പരവേശത്തോടെ കിരൺ ആ കുപ്പി റോഡിലേക്ക് എറിഞ്ഞു ഉടച്ചു. മുടികൾ ആഞ്ഞു വലിച്ചു അവൻ ഉച്ചത്തിൽ അലറി.

തുടരും