സ്വപ്നങ്ങൾക്ക് മേലേ – രചന: Unni K Parthan
മോനേ നിനക്ക് സുഖല്ലേഡാ….വീഡിയോ കോളിൽ ഭാരതിയുടെ പതിവ് ചോദ്യം കേട്ട് സച്ചു ചിരിച്ചു. ന്താ അമ്മേ…അമ്മക്ക് എന്നും ഈ ഒരു ചോദ്യം മാത്രേ ഒള്ളോ ചോദിക്കാൻ…
പിന്നേ അമ്മക്ക് ന്താടാ ചോദിക്കാൻ…ഓരോ ദിവസത്തെയും വാർത്തകൾ കാണുമ്പോൾ അമ്മയുടെ നെഞ്ചിൽ തീ ആണ് സച്ചൂട്ടാ…കണ്ണുകൾ നിറഞ്ഞിരിന്നു ഭാരതിയുടെ…അമ്മേ…ദേ എന്നും ഞാൻ അമ്മ കരയുന്നത് കണ്ടിട്ടാണ് ട്ടോ ഇപ്പൊ ഡ്യൂട്ടിക്ക് പോകുന്നത്…
മോന് ഇങ്ങോട്ട് കേറി വന്നൂടെ ഡാ…? ഇനി അതൊന്നും ഈ അടുത്ത കാലത്ത് നടക്കും ന്ന് തോന്നുന്നില്ലമ്മേ…ഉള്ളിൽ വന്ന വിഷമം പുറത്തേക്ക് കൊണ്ട് വരാതെ സച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇവിടെ നാട്ടിലും വല്യ കൊഴപ്പമാണ് മോനേ…മ്മടെ തെക്കേ അങ്ങാടില് ഒരു പയ്യന് കോവിഡ് ആണെന്ന് ഇന്നലെ ദേവി മോള് പറഞ്ഞ ഞാൻ അറിയണത്. ഞാനും അറിഞ്ഞു അമ്മേ…ഇന്നലെ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടിരുന്നു ഞാൻ. മോൻ അവിടെ ശ്രദ്ധിക്കണം ട്ടോ….
ഇവിടെ കുഴപ്പമില്ല ന്നേ…ഉള്ളിലുള്ള കനൽ പുറത്ത് കാണിക്കാതെ സച്ചു ചിരിച്ചു. ദേവി മോള് എവടെ…സച്ചുവിന്റെ ചോദ്യം കേട്ടതും..ഞാൻ ഇവിടെ ഉണ്ട് ഏട്ടാ…കുറച്ചു നോട്സ് എഴുതാൻ ഉണ്ടായിരുന്നുന്നേ…ഓൺലൈൻ ക്ലാസ്സ് തുടങ്ങില്ലേ…അതിന്റെ പിറകെ ആണ് ന്നേ ഇപ്പൊ…മൊബൈൽ ഭാരതിയുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് ദേവി പറഞ്ഞു. ഏട്ടാ…ദുബായിൽ കോവിഡ് വല്ലാതെ കൂടുന്നു ന്ന് ന്യൂസ് കണ്ടു രാവിലെ.
ഹേയ്…ഇവിടെ അങ്ങനെ ഒന്നുമില്ല മോളേ. ഏട്ടന് കുഴപ്പമില്ല ട്ടോ….
ഏട്ടാ…വീടിന്റെ പാലുകാച്ചൽ അടുത്ത ആഴ്ചയാണ് വെച്ചിരിക്കുന്നത്. അറിയാം മോളെ…അമ്മ ഇന്നലെ രാത്രി വിളിച്ചപ്പോൾ പറഞ്ഞു. മോള് ഇന്നലെ നേരത്തെ കിടന്നു ല്ലേ…ഏട്ടനും വരാൻ ഇച്ചിരി ലേറ്റ് ആയി ന്നേ…കുറച്ചു ദിവസമായി ഓവർ ടൈം കിട്ടാറില്ല…ഇന്നലെ കിട്ടി അതോണ്ട് വന്നപ്പോൾ ഇച്ചിരി വൈകി. അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു ട്ടോ…
സോറി ഏട്ടാ…ഇന്നലെ പെട്ടന്ന് ഉറങ്ങി പോയി. അമ്മ എവടെ….ഞാൻ ഇവിടെ ഉണ്ടെടാ മോനേ…എത്ര നാള് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ് മോനേ…മോൻ കൂടി വന്നിട്ട് കേറി താമസിച്ചാൽ മതിയായിരുന്നു. ഭാരതി പറയുമ്പോൾ സച്ചുവിന്റെ ഉള്ളിൽ ഒരു വിങ്ങൽ വന്നു.
അതൊന്നും നോക്കണ്ടന്നേ…ഞാൻ വരാൻ ഇനിയും ഒരുപാട് മാസങ്ങൾ എടുക്കും. ഇനി അമ്മയും ദേവിയും വാടക വീട്ടിൽ താമസിക്കേണ്ട…ഇനി ഞാൻ വരുന്നതും നോക്കി ഇരിക്കേണ്ട…ഞാൻ ഇല്ലേലും ഇനി നിങ്ങൾക്ക് സുഖമായി ജീവിക്കാൻ ഉള്ളതെല്ലാം ഞാൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട് ലോ…അറിയാതെ പെട്ടന്ന് സച്ചുവിന്റെ നാവൊന്നു പിഴച്ചു…
ന്താ മോനേ നീ അങ്ങനെ പറഞ്ഞത്…ഒന്നുമില്ല ന്നേ..അറിയാതെ നാവൊന്നു പിഴച്ചതാ…എനിക്ക് ഇവിടെ കുഴപ്പമില്ല ന്നേ…പിന്നേ അമ്മേ…ഡ്യൂട്ടിക്ക് പോകാൻ ടൈം ആയി…ദേവൂ…ഏട്ടൻ വൈകുന്നേരം വിളിക്കാം ട്ടോ…അമ്മേ വൈകുന്നേരം കാണാം…ഉമ്മാ….അപ്പുറത്തെ മറുപടിക്ക് കാത്ത് നിക്കാതെ സച്ചു വീഡിയോ കാൾ കട്ട് ചെയ്തു.
നെഞ്ചിൽ വല്ലാത്തൊരു ഭാരം പോലെ തോന്നി, പതിവില്ലാതെ അന്ന് ഫോൺ കട്ട് ചെയ്‌തപ്പോൾ…വീണ്ടും ഒന്നൂടേ തിരിച്ചു വിളിക്കാൻ മൊബൈൽ എടുത്തതും…കമ്പനി ബസ് എത്തി എന്ന് അറിയിക്കുന്ന ബെല്ലടിച്ചു. സച്ചു വേഗം ഭക്ഷണം എടുത്തു വെച്ച ബാഗും മൊബൈലും എടുത്തു റൂമിൽ നിന്നും പുറത്തേക്ക് കടന്നു. ഡോർ ലോക്ക് ചെയ്തു താഴേക്കു നടന്നു. മനസ് വല്ലാതെ അസ്വസ്‌ഥമായിരുന്നു അവന്റെ…
കമ്പനി ബസിൽ കയറി. പതിവ് സീറ്റിൽ വന്നിരുന്നു. രമേഷിന്റെ റിസൾട്ട് വന്നു പോസറ്റീവ് ആണ്. ഹരിയേട്ടൻ പറയുന്നത് കേട്ട് ബസിൽ ഉണ്ടായിരുന്നവരുടെ എല്ലാം നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു. ഇതിപ്പോ ഡെയിലി ഉണ്ട്. ഓരോരുത്തർക്കും…അടുത്തിരുന്ന നാസറിക്ക പറയുന്നത് കേട്ട് സച്ചു മുഖം തിരിച്ചു നോക്കി. എല്ലാം പടച്ചോൻ നോക്കിക്കോളും. മ്മക്ക് പോവേണ്ട സമയമായ പോവുക തന്നെ വേണം. ആരോടെന്നില്ലാതെ നാസറിക്ക പറയുന്നത് കേട്ട് എല്ലാരുടെയും ഉള്ളൊന്നു പിടഞ്ഞു.
മുന്നായിരുന്നെങ്കിൽ നമ്മുടെ ഡെഡ് ബോഡിയെങ്കിലും വീട്ടിൽ എത്തുമായിരുന്നു…ഇതിപ്പോ…നമ്മൾ മരിച്ചാൽ നമ്മുടെ ശരീരം പോലും കാണാൻ കഴിയാതെ…അവസാനമായി നമ്മേ ഒരുനോക്ക് കാണാൻ കഴിയാതെ…പാതിയിൽ നിർത്തി ഹരിയേട്ടൻ.
വല്ലാത്തൊരു ജീവിതം ആണ് ഹരിയേ മ്മടെ…അത് ജീവിച്ചു തീർക്കുക തന്നെ വേണം. നാസറിക്ക പറയുന്നത് കേട്ട് എല്ലാരും മുഖം താഴ്ത്തി ഇരുന്നു. മൗനത്തിന്റെ താളം ചേർത്ത് പിടിച്ചുകൊണ്ട് ബസ് മുന്നോട്ട് പാഞ്ഞു. ഓർമകളുടെ ചൂളം വിളി മനസിലേക്ക് ഓടി വരുന്നതറിഞ്ഞ സച്ചു വേഗം മൊബൈൽ എടുത്തു ഫ്‌എം ഓൺ ചെയ്തു.
ഹെഡ് ഫോൺ എടുത്തു ചെവിയിൽ തിരുകി. ഗുഡ് മോർണിംഗ് ഫ്രണ്ട്സ്…മോർണിംഗ് ഡ്രൈവിൽ സമീറയാണ് കൂടെ…എല്ലാർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. എല്ലാം മറക്കാൻ ചിലപ്പോൾ ഇങ്ങനെയുള്ള ശബ്ദങ്ങൾക്ക് കഴിയും…ഒരിക്കലും കണ്ടിട്ടില്ലയെങ്കിലും ശബ്ദം കൊണ്ട് വേറൊരു ലോകത്തേക്ക് നമ്മേ കൊണ്ടെത്തിക്കാൻ കഴിയുന്ന ചില ആളുകൾ…
കണ്ണടച്ചു കൊണ്ട് സമീറയുടെ വാക്കുകൾക്കൊപ്പം യാത്രയാകുമ്പോൾ…ഒരുപാട് പ്രതീക്ഷകൾ നെഞ്ചിലേറി ഇവിടെ ഈ മണലാരണ്യത്തിൽലൂടെയുള്ള യാത്രയിൽ…സച്ചുവിനെ പോലെ…ഒരായിരം സച്ചുമാർ…നാട്ടിലേക്കുള്ള തിരിച്ചു വരവും കാത്തു കാത്തിരിക്കുന്നു…
ഈ കൊറോണയെ തോൽപിച്ചു സച്ചു വരിക തന്നെ ചെയ്യുമെന്ന് ആഗ്രഹിക്കാം ല്ലേ….