അല്ലേലും എന്നെയൊക്കെ ആരു കണ്ട് മോഹിക്കാനാണ്? നിറവൂല്യ,സൗന്ദര്യൂല്യ.ആകെയുള്ളത് ആർക്കും വേണ്ടാത്തൊരു…

രചന: Siya Yousaf

അലക്കി വെളുപ്പിച്ചെടുത്ത തുണികൾ അഴയിൽ വിരിച്ചിടുമ്പോഴാണ് ബ്രോക്കറ് കുഞ്ഞുണ്ണി പടികടന്നു വരുന്നതു കണ്ടത്. അയാളുടെ വരവ് എന്നും ഒരു പ്രതീക്ഷയാണ്….നാളുകളേറെയായി ഈ തനിയാവർത്തനമെങ്കിലും…അസ്തമിക്കാത്തൊരു ഇത്തിരി വെട്ടം തനിക്കായെവിടെയോ കാത്തിരിക്കുന്നുണ്ടെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കും പോലൊരു തോന്നലാണ് കുഞ്ഞുണ്ണിയുടെ ഈ കടന്നു വരവിന്…

“നിങ്ങടെ കുട്ടിക്ക് നല്ലൊരു ആലോചന വന്ന്ണ്ട്….വല്യേ തറവാട്ടുകാരാ…” കുഞ്ഞുണ്ണിയുടെ ശബ്ദം കേൾക്കേ ഗൗരിയുടെ കണ്ണുകൾ വിടർന്നു. “കുട്ടിയെ പുറത്തൂന്ന് എവടെയോ വച്ച് കണ്ട്ണ്ടത്രേ ചെക്കൻ…..ഇപ്പോ അതെന്നെ മതീന്ന വാശീലാത്രേ….”

അയാളുടെ ഉറക്കെയുള്ള ചിരി അവൾ കേട്ടില്ല. അവൾ അകത്തേക്കോടി. ഓട്ടത്തിനിടയിൽ ഭിത്തിയിൽ തൂക്കിയ ദർപ്പണത്തിലൂടെ തന്റെ കറുത്തു മെല്ലിച്ച പ്രതിബിംബത്തെ ഒരുനോക്കു കണ്ടു. വൈകിയാണെങ്കിലും….ഈ ഇരുണ്ട രൂപത്തിലെ സൗന്ദര്യത്തെ തിരിച്ചറിയാനും ഒരാള് വന്നല്ലോ ന്റെ കൃഷ്ണാ….അവളോർത്തു…

കൂടുതലറിയാനുള്ള ആകാംക്ഷയിൽ വരാന്തയുടെ ചുമരിലേക്ക് ചെവികൾ ചേർത്തപ്പോഴേക്കും കേട്ടു….അമ്മയുടെ നെടുവീർപ്പ്….”അപ്പോ ആലോചന ഗംഗയ്ക്കാണല്ലേ…..ഞാൻ കരുതി ഗൗരിയ്ക്കായിരിക്കുംന്ന്….” ഒരുവേള മനസ്സൊന്നു പിടഞ്ഞു….കണ്ണൊന്നു തുളുമ്പി….സത്യമറിയാതെ വെറുതെ ഓരോന്ന് മോഹിക്കും…പൊട്ടിപ്പെണ്ണ്…അവൾ സ്വയം ശാസിച്ചു. അല്ലേലും എന്നെയൊക്കെ ആരു കണ്ട് മോഹിക്കാനാണ്….? നിറവൂല്യ…സൗന്ദര്യൂല്യ….ആകെയുള്ളത് ആർക്കും വേണ്ടാത്തൊരു കൂടപ്പിറപ്പ്…ചൊവ്വാദോഷം…

പിടിതരാതെ കുതിച്ചോടുന്ന മിഴിനീരിനെ ആവുന്നത്ര പിടിച്ചു നിർത്താൻ ശ്രമിച്ചു. കഴിയുന്നില്ല….അതങ്ങനെ പാദംവരെ ഊർന്നിറങ്ങുകയാണ്… “എന്നാപ്പിന്നെ അടുത്ത ദിവസം തന്നെ അവരോട് വരാൻ പറയാല്ലേ….മൂത്തത് നിൽപ്പാണെന്നു വച്ച് എളേതുങ്ങളുടെ ജീവിതം കൂടി കളയാൻ പറ്റ്വോ…?” ഇറങ്ങാൻ നേരം കുഞ്ഞുണ്ണി പറഞ്ഞ വാചകം…അതു തറച്ചത് അവളുടെ ഇടനെഞ്ചിലാണ്…താൻ കാരണം തന്റെ അനിയത്തിമാര്…….? അവരുടെ ഭാവി നശിക്കാൻ പാടില്ല. താനതിനൊരിക്കലും തടസ്സവുമല്ല…

അച്ഛന്റേയും അമ്മയുടേയും വിശദീകരണങ്ങളെ അവൾ, ഉള്ളു നീറുന്ന പുഞ്ചിയോടെ നേരിട്ടു…..”ചേച്ചിക്ക് വെഷമണ്ടോ….ചേച്ചി നിക്കുമ്പോ ഞാനിങ്ങനെ…” ഗംഗ തലതാഴ്ത്തി കൊണ്ട് മുന്നിൽ വന്നു നിന്നപ്പോഴും അവൾ പുഞ്ചിരിച്ചു. എന്തിന്…? നിങ്ങക്കൊരു ജീവിതണ്ടാവണത് ചേച്ചിക്ക് സന്തോഷല്ലേ മോളേ….ചേച്ചി ഒരിക്കലും നിങ്ങടെ ജീവിതത്തിന് ഒരു തടസ്സാവരുതെന്നേ ഉണ്ടായിരുന്നുള്ളൂ…ഇപ്പോ സമാധാനായി…മോള് ചെല്ല്…

അവളെ പറഞ്ഞയച്ച് കതകിന്റെ മറപിടിച്ച് തലയിണയിലേക്ക് മുഖം പൂഴ്ത്തുമ്പോൾ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു, കരയരുത്…ഇതാണു ദൈവ ഹിതം…വിധിച്ചതിനേക്കാൾ വലുത് കൊതിക്കരുത്. ഒരിക്കലും…

***********************

വിവാഹം കഴിഞ്ഞ് ഗംഗ ഭർത്താവിന്റെ കയ്യുംപിടിച്ച് ഭർതൃഗൃഹത്തിലേക്കു യാത്രയായി. കൗമാരത്തിൽ ഏതൊരു പെണ്ണും കണ്ടു തുടങ്ങുന്നൊരു സ്വപ്നം…അവളുടെ വിവാഹം…തന്നെ മനസ്സിലാക്കുന്നൊരു പുരുഷൻ…അവനിലൂടെ തന്റെ ഉദരത്തിൽ പിറവിയെടുക്കുന്ന കുഞ്ഞുങ്ങൾ…അവരോടൊത്തുള്ള നിറംപിടിപ്പിച്ച ജീവിതത്തിന്റെ കുറേ നല്ല നിമിഷങ്ങൾ…എല്ലാം…എല്ലാം…തനിക്കു മാത്രം എവിടെയോ നഷ്ടപ്പെട്ടു…

ഓരോ നിമിഷവും മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ ശ്രമിക്കുമെങ്കിലും വിരുന്നിനെത്തുന്ന അനിയത്തിയേയും പതിയേയും കാണുമ്പോൾ….അവരുടെ പ്രണയ സല്ലാപങ്ങൾ ചെവിയോർക്കാതെ തന്നെ കേൾക്കേണ്ടി വരുമ്പോൾ….അതുവരെ നൽകിയതിലും കൂടുതൽ സ്നേഹം അളവിലും തൂക്കത്തിലും കൂട്ടി അച്ഛനുമ്മമയും അവൾക്കു വിളമ്പി നൽകുമ്പോൾ….തന്നോട് അകൽച്ച കാട്ടി ഓടി മറയുന്ന ആ മധുരിക്കുന്ന മധുവിധു നാളുകളെ അവൾ പരിഭവത്തോടെ സ്മരിക്കാറുണ്ട്…..

അനിയത്തിമാരും അനിയനും സൗന്ദര്യ ധാമങ്ങളായിരുന്നു….അമ്മയുടെ വെളുത്ത നിറം മൂന്നു പേർക്കും ദൈവം അപ്പാടെ ചാലിച്ചു നൽകിയിട്ടുണ്ട്….പഠിത്തത്തിന്റെ കാര്യത്തിലും മൂവരും ഒന്നാമരാണ്. എന്നാൽ ഗൗരി…..കറുത്തിരുണ്ട്, എല്ലുന്തിയ മെയ്യും…പാതിയടഞ്ഞ മിഴികളും…അകലം പാലിച്ചു നിൽക്കുന്ന ദന്തങ്ങളും….ആർക്കും പെട്ടന്നൊന്നും ആകർഷണം തോന്നാത്ത രൂപം…പത്താം തരം രണ്ടു പ്രാവശ്യം പയറ്റിയിട്ടും കര കേറാതെ വന്നപ്പോൾ…അവൾ തന്നെ പറഞ്ഞു…”ഞാനിനി തയ്യലിന് പൊയ്ക്കോളാം അച്ഛാ….” എന്ന്…ഡിഗ്രി ചോദിക്കുന്നവർക്കു മുന്നിൽ തയ്യൽ താഴ്ന്നു നിന്നപ്പോൾ…അച്ഛൻ പലപ്പോഴും രൂക്ഷമായി അവളെ നോക്കാറുണ്ട്…

“കാണാനോ ചേലില്ല….എന്നാപ്പിന്നെ പഠിക്കാൻ വിട്ടപ്പോഴെങ്കിലും രണ്ടക്ഷരം കൂടുതൽ പഠിച്ചിരുന്നേൽ ഇപ്പോ വല്ലോന്റേം കഞ്ഞിവെള്ളം കുടിച്ച് കെടക്കാർന്നില്ലേ….” എന്ന് അമ്മ ആരും കേൾക്കാതെ ശകാരം പറയുമ്പോ…” എനിക്കാര്ടേം കഞ്ഞിവെള്ളം വേണ്ട…ഞാനിവടത്തെ പച്ചവെള്ളം കുടിച്ച് ജീവിച്ചോളാം….” എന്ന് തൊണ്ടയിടറി വേദനയോടെ അവളും മറുപടി പറയാറുണ്ട്.

ഗംഗയുടെ വിവാഹം കഴിഞ്ഞ് കൃത്യം ആറു മാസങ്ങൾക്കു ശേഷമാണ് കുഞ്ഞുണ്ണി വീണ്ടും പടിപ്പുര വാതിലിൽ പ്രത്യക്ഷപ്പെട്ടത്…” എന്താ കുഞ്ഞുണ്ണ്യേ….ഇപ്പോ ഈ വഴിയൊന്നും കാണാറേയില്ലല്ലോ…””ഒന്നും കയ്യില് തടയാതെ വെറ്തെ വന്നിട്ടെന്താ നായരേ….ഈ വരവെന്തായാലും നിങ്ങടെ ഭാഗ്യാന്ന് കൂട്ടിക്കോളൂ….””അച്ഛന്റേയും കുഞ്ഞുണ്ണിയുടേയും സംഭാഷണം കേൾക്കണ്ട എന്നു വച്ച് ചെവി കൊടുക്കാതിരുന്നെങ്കിലും…മനസ്സ് അവിടെ തന്നെ ഉറച്ചു നിന്നു….”നിങ്ങടെ എളേ മോള്ക്കൊരു ആലോചന….മറ്റേ കുട്ട്യേ കൊണ്ടോയ തറവാട്ടീന്നെന്നേണ്…അവരടെ വകേല് ഏതോ ബന്ധുവാ….കുട്ടീനെ ചെക്കനും വീട്ടേരും ഒക്കെ കണ്ടിട്ട്ണ്ട് ഇവടത്തെ കല്യാണത്തിന്…ഇതിപ്പോ ഭാഗ്യാന്ന് കൂട്ട്യാ മതി….ചെക്കൻ എഞ്ചിനീറാ….അല്ല…നിങ്ങടെ മോളും ഒരു കൊല്ലം കൂടി കഴിഞ്ഞാ ടീച്ചറായില്യേ….” കുഞ്ഞുണ്ണിയോട് നാളെ വിവരം തരാന്ന് പറഞ്ഞാണ് അച്ഛൻ മടക്കി അയച്ചത്.

ഗാഥയോട് വിവരം പറഞ്ഞപ്പോൾ….അവളുടെ മുഖം വിടരുന്നതു കണ്ടു. ആ ചെറുക്കൻ ഇടയ്ക്കിടെ കോളേജിൽ വരാറുണ്ടെന്നും വിവാഹം കഴിക്കാൻ താൽപര്യം പറഞ്ഞെന്നും പിന്നീടാണവൾ പറഞ്ഞത്. ഗൗരിയോടാരും അഭിപ്രായമൊന്നും ചോദിച്ചില്ല. അവളൊന്നും പറഞ്ഞതുമില്ല…അങ്ങനെ അതും നിശ്ചയിക്കപ്പെട്ടു….ഈ വിവാഹത്തിന്റെ കൂട്ടത്തിൽ ശബരിയ്ക്കു കൂടി കെട്ടിയാലെന്താ എന്നായി അച്ഛന്റെ ആലോചന. ഗൗരിയുടെ നേരെ ഇളയവനാണ് ശബരി. ഒരു പ്രൈവറ്റ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരുടെ പോസ്റ്റിലിരിക്കുന്ന ശബരി, കൂടെ ജോലി ചെയ്യുന്ന രേവതിയെ തന്നെ വധുവാക്കാൻ തീരുമാനിച്ചു. രണ്ടു വിവാഹങ്ങളും മംഗളമായിത്തന്നെ നടന്നു. ഒരാളെ കണ്ണു നിറഞ്ഞു യാത്രയാക്കിയപ്പോൾ…മറ്റൊരാളെ നിറഞ്ഞ മനസ്സോടെ കൈപിടിച്ചു കയറ്റി.

രേവതി വല്ലപ്പോഴും കൂടിയാണ് ഒന്ന് അടുക്കളയിൽ വരുന്നത്. അപ്പോ അമ്മ പറയും….”മോള് പോയി കിടന്നോ…നാളെ രാവിലെ ജോലിക്കു പോകാനുള്ളതല്ലേ…ഇവടെ ഗൗരിണ്ടല്ലോ…” ഗാഥയും ഭർത്താവും ലീവിനനുസരിച്ചൊന്ന് വീട്ടിൽ വന്നാലും ഗൗരിക്ക് തിരക്കാണ്. ഒന്നു ചായയെടുക്കാൻ പോലും അമ്മ ഗാഥയെ വിടില്ല…”നീ അവന്റെ അടുത്തേക്ക് ചെല്ല് മോളേ…കുടിക്കാനൊക്കെ അവള് എടുത്തോളും…” ഗംഗയ്ക്കും വീട്ടില് വന്നാ റെസ്റ്റാണ്…” അവ്ടെന്നെ പിടിപ്പത് പണിണ്ടാവും…ഇവടെ വന്നാലേലും ഒന്ന് വെറ്തെ ഇരുന്നോ നീയ്…” അമ്മ ഉപദേശിക്കും.

എല്ലാവരുടേയും ക്ഷീണമകറ്റാൻ രാപ്പകലില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു യന്ത്രമായി ഗൗരിയും മാറിക്കഴിഞ്ഞു. വല്ലപ്പോഴും വീണു കിട്ടുന്ന ഇടവേളകളിൽ അവൾ മനസ്സൊന്നു തുറക്കാനായി അയലത്തെ ഇന്ദിരേച്ചിയെ തേടും…”നീ വല്ലാതെ ക്ഷീണിച്ചു ട്ടോ ഗൗര്യേ….” അവര് പറയുമ്പോ അവളൊരു ചെറു ചിരിയോടെ മറുചോദ്യമെറിയും…”സ്വന്തം വീട്ടില് ഒരു പെണ്ണിന് വില വേണെങ്കി, അവളവിടെ വിരുന്നുകാരി ആവണല്ലേ ഇന്ദിരേച്യേ…കെട്ടിപ്പോവാതെ നിന്നാല്…പെറ്റ അമ്മ പോലും അവളെ അടുക്കളക്കാരി ആയിട്ടേ കാണൂല്ലേ….എന്നും കണ്ണില് കാണുംമ്പോ ജന്മം തന്ന അച്ഛനു പോലും സ്നേഹം കുറയൂല്ലേ….”

അവളുടെ മിഴികൾ നിറയുന്നതു നോക്കി ഇന്ദിര പറയും…”കുടിക്കണത് കഞ്ഞിവെള്ളായാലും വല്ലോന്റെ വീട്ടീണേല് അതിനൊരു വെലണ്ടാവും പെണ്ണേ….അല്ലാച്ചാല് നമ്മള് വെറും പുറമ്പോക്കാ….”

*****************

“രേവതിക്കിത് മാസം ഏഴായില്ലേ ശബരീ…അവളെ അവളടെ വീട്ടിലാക്കണ്ടേ….”അമ്മ ചോദിച്ചു. “പ്രസവം ഇവിടെത്തന്നെ മതീന്നാ അവളുടെ ആഗ്രഹം…” ശബരിയുടെ മറുപടി അമ്മയിൽ വലിയ സന്തോഷമുണ്ടാക്കിയെങ്കിലും…ആ തീരുമാനത്തിന്റെ പൊരുളറിഞ്ഞത് ഗൗരി മാത്രമാണ്. തലേ ദിവസം അവിചാരിതമായെങ്കിലും കേൾക്കേണ്ടി വന്ന അവരുടെ സംസാരം ഗൗരിയെ മുൻനിർത്തിയായിരുന്നു.

“ശബരീ….പ്രസവത്തിന് ഞാൻ വീട്ടിൽ പോണില്ലാട്ടോ…ഞാനിവിടെ നിന്നാൽ ശബരീടെ ഇരുപത്തയ്യായിരം പോക്കറ്റിൽ തന്നെ ഇരിക്കും….” രേവതി പറഞ്ഞത് മനസ്സിലാവാതെ മിഴിച്ചു നിന്ന ശബരിയ്ക്ക് അവളത് വിശദീകരിച്ചു കൊടുത്തു. “പ്രസവം എന്റെ വീട്ടിലാക്കിയാൽ ഒരു ഹോം നേഴ്സിനു വേണ്ടി ഇരുപത്തയ്യായിരം ചിലവാക്കേണ്ടി വരില്ലേ…ഇവിടാകുമ്പോ എല്ലാത്തിനും ചേച്ചിയുണ്ടല്ലോ….ചേച്ചിക്കാവുമ്പോ ഒരു പുതിയ സാരിയുടെ ചിലവല്ലേ ഉള്ളൂ….” അവളുടെ വാക്കുകളെ ശരിവെക്കും വിധം ശബരിയുടെ ചിരി കേട്ടപ്പോ ഗൗരിയുടെ കണ്ണുകൾ ഒന്നിനുമല്ലാതെ നിറഞ്ഞിരുന്നു.

രേവതിയുടെ മാത്രമല്ല ഗംഗയ്ക്കും ഗാഥയ്ക്കും വേണ്ടി താമസിയാതെ തന്നെ അവളൊരു ഹോം നേഴ്സിന്റെ മേലങ്കി അണിയേണ്ടി വന്നു. അവളൊന്നിനും പരിഭവം പറഞ്ഞില്ല. പരാതിയും പറഞ്ഞില്ല….

നാളുകൾ പിന്നേയും കടന്നു പോയി. “വീട്ടില് ഭാഗം വെപ്പ് നടക്ക്ണ്ടെന്ന് പറയണ കേട്ടൂലോ ഗൗര്യേ….”ഇന്ദിര ചോദിച്ചു. ” ഉവ്വ്….നാളേണ്….എല്ലാരും ഇന്നെന്നെ എത്തീണ്ട്. അച്ഛനു പ്രായായി വരല്ലേ…കുട്ട്യോൾക്ക് കൊടുക്കാള്ളതൊക്കെ നേരത്തെ തന്നെ കൊടുത്താല് തമ്മില് തർക്കം വേണ്ടാന്നാ അച്ഛൻ പറേണത്…” “ആര്ക്കാപ്പോ തർക്കം……?” “ഇക്കൊന്നും വേണ്ടാന്ന് ഞാൻ പറയും. എട്ത്ത് വച്ച് കൊടുക്കാനൊക്കെ തലമുറ ഇല്യാത്ത ഇക്കെന്തിനാ സമ്പത്ത്….?? എല്ലാം അവരെന്നെ വീതിച്ച് എടുത്തോട്ടെ…”

ഗൗരി പറഞ്ഞതു കേട്ട് ഇന്ദിര പൊട്ടിച്ചിരിച്ചു. “നീയിങ്ങനെ ഒരു പൊട്ട്യാവര്ത്ട്ടോ ന്റെ ഗൗര്യേ….നെനക്കൊന്നും വേണ്ടാന്ന് പറഞ്ഞിട്ട് നീയെവടക്ക് പൂവാനാ നിന്റെ ഉദ്ദേശം……?? അച്ഛന്റേം അമ്മടേം കാലം കഴിഞ്ഞാ നിന്നെ ആരു നോക്കാനാ…ശബര്യോ….?? നല്ല കഥേയിണ്ട്…” ഗൗരി ചോദ്യ ഭാവത്തിൽ അവരെത്തന്നെ നോക്കിയിരുന്നു.

“നെനക്കറിയോ പെണ്ണേ….ന്റെ കല്യാണം കഴിഞ്ഞ് കെട്ട്യോൻ ന്നെ ഇട്ടേച്ച് പോയപ്പോ, എന്റെ കുഞ്ഞാങ്ങള ന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നല്ല. ന്റെ നാത്തൂൻ ന്നോട് പോരെടുക്കാത്തത് എന്നോടുള്ള സഹതാപം കൊണ്ടും അല്ല. പിന്നെയോ…ഈ വീടും പറമ്പും ന്റെ പേരിലായോണ്ടാ…അവന് കിട്ടീതൊക്കെ അവൻ ധൂർത്തടിച്ചു. ഇപ്പോ അന്തിയുറങ്ങാൻ ഇതല്ലാതെ വേറെ കൂരയില്ലാത്തോണ്ടാ…നാളെ ന്റെ കാലം കഴിഞ്ഞാലും അവര്ക്ക് കിട്ടൂലോ എന്ന വിശ്വാസത്തിലാ…അതാ പറഞ്ഞത്…ആവതുള്ള കാലത്ത് നമ്മളെ എല്ലാര്ക്കും ആവശ്യം കാണും. അത് കഴിഞ്ഞാലും ആട്ടും തുപ്പും കൊള്ളാതെ കെടക്കണെങ്കി എന്തേലൊക്കെ നമ്മടെ പേരിലും വേണം. ആര്ക്കും വേണ്ടീട്ടല്ല…നമ്മക്ക് വേണ്ടീട്ടാ പെണ്ണേ…തോറ്റോര് പിന്നേം പിന്നേം തോറ്റ് പോവാതിരിക്കാനാ പറയണത്. നീയ് നന്നായി ആലോചിക്ക്…”

ആലോചിച്ചു…ആ രാത്രി മുഴുവനും ആലോചിച്ചു…എന്നിട്ടും…”ചേച്ചിയുടെ ഓഹരി എനിക്കു തന്നോളൂ…ചേച്ചിയെ ഞാൻ നോക്കിക്കോളാം മരിക്കണതു വരെ…” എന്നു ശബരി പറഞ്ഞപ്പോ….അച്ഛനുമമ്മയും അതിനെ പിന്തുണച്ചപ്പോ….സമ്മതം ഒപ്പിട്ടുകൊടുത്തു. അന്യരുടെ വാക്കിനേക്കാൾ വില സ്വന്തം ചോരയുടെ പുറമെ തേൻ പുരട്ടിയ വാക്കുകൾക്ക് കല്പിച്ചതാണ് ഈ ജന്മം താൻ ചെയ്തതെന്ന് മനസ്സിലാക്കാൻ ഏറെ വൈകിപ്പോയി.

അല്ലായിരുന്നെങ്കിൽ മാതാപിതാക്കളുടെ മരണ ശേഷം അഗതികൾക്കൊപ്പം ഈ വരാന്തയുടെ ഓരം പറ്റിയിരുന്ന് ഇതെല്ലാം ഓർക്കേണ്ടി വരുമായിരുന്നില്ലല്ലോ തനിക്ക്…