‘ക്ലിപ്പ് ‘ എന്ന് കേട്ട ഉടനെ കെട്ടിയോന്റെ വായിൽ നിന്നും കഴിച്ചോണ്ടിരുന്ന കപ്പക്കഷ്ണം തെറിച്ചു താഴെ പോയി

രചന: മഞ്ജു ജയകൃഷ്ണൻ

“ഓഹ് ക്ലിപ്പ് വന്നിട്ടില്ല അമ്മേ “………

മീറ്റിങ്ങിനിടെ ഞാൻ വിളിച്ചു പറഞ്ഞു

വർക്ക്‌ ഫ്രം ഹോം ആയതു കൊണ്ട് വീട്ടിൽ ഇരുന്നാണ് മീറ്റിംഗ് അറ്റൻഡ് ചെയ്യലും വർക്കും എല്ലാം

ഹെഡ് സെറ്റ് ചെവിയിൽ നന്നായി തിരുകി വെച്ച കൊണ്ട് നമ്മൾ പുറപ്പെടുവിക്കുന്ന ശബ്ദത്തെ ക്കുറിച്ച് വലിയ ധാരണ കാണില്ല, അപ്പുറത്തെ അങ്കിൾ വരെ എത്തി നോക്കിയപ്പോൾ പണി പാളി എന്ന് എനിക്ക് മനസ്സിലായി

“ദൈവം സൃഷ്ടിച്ചു വിട്ടപ്പോൾ ‘സൈലെനൻസർ ‘ ഫിറ്റ്‌ ചെയ്യാൻ മറന്നു പോയോടേ “

എന്ന് ഒരുവിധം എല്ലാരും ചോദിച്ചിട്ടുള്ള കൊണ്ട്, ഉച്ചത്തിൽ സംസാരിക്കാൻ നമുക്ക് ലൈസൻസ് പണ്ടേ കിട്ടി

കുടുംബത്തിൽ മൊത്തം ഉച്ചത്തിൽ സംസാരിക്കുന്നവർ ആണ്. പുറമെ നിന്നും ഉള്ളവർക്ക് ‘വലിയ വഴക്ക് ‘ നടക്കുകയാണെന്നെ തോന്നു.

‘ക്ലിപ്പ് ‘ എന്ന് കേട്ട ഉടനെ കെട്ടിയോന്റെ വായിൽ നിന്നും കഴിച്ചോണ്ടിരുന്ന കപ്പക്കഷ്ണം തെറിച്ചു താഴെ പോയി

ഇഞ്ചി തിന്ന കുരങ്ങിനെ പോലെ മുഖം മാറിയപ്പോൾ ഞാൻ പറഞ്ഞത് ഒന്ന് റീവൈൻഡ് ചെയ്തു. ഹൈ സ്പീഡിൽ സംഭവം കത്തി

സംഭവം എനിക്ക് കത്തി എങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ ഇരുന്നു

“എന്തു പറ്റി രമണാ “……..എന്ന് ചോദിച്ചപ്പോൾ ആൾക്ക് നാണം

“അല്ല നീ എന്താ അമ്മെട് പറഞ്ഞത് “

“അതു കൊച്ചിന്റെ ഓൺലൈൻ ക്ലാസിനു ഹിന്ദി പാട്ടിന്റെ ഒരു വോയിസ്‌ ക്ലിപ്പ് അയക്കാം എന്നു മിസ് പറഞ്ഞിരുന്നു”

അതു വന്നിട്ടില്ല എന്നാ ഞാൻ പറഞ്ഞത്

അതിനു നിങ്ങൾ എന്തിനാ ഈ കെടന്നു വെപ്രാളം കാണിക്കുന്നെ?

“അതെനിക്കു മനസ്സിലായി.ചുമ്മാ ചോദിച്ചതാ “

ഞാൻ വിടുമോ? ആരെ എങ്കിലും ചൊറിയാൻ കിട്ടിയ ഏതേലും അവസരം പാഴാക്കാത്ത

“എന്നോടാ ബാലാ “

“നിങ്ങൾ ഏത് ക്ലിപ്പ് ആണ് ഉദേശിച്ചത് എന്നൊക്കെ എനിക്ക് കത്തിട്ടാ… “.

“സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും… ദുഃഖം മറന്നാൽ ശാന്തി ലഭിക്കും “

കെട്ടിയോൻ മാനത്തു കണ്ട പടം തന്നെയാണ് ഞാൻ മനസ്സിൽ കണ്ടത് എന്ന് മനസ്സിലായതോടെ

“ക്ലിപ്പും വേണ്ട ഒന്നും വേണ്ട മാനം മതിയേ “

എന്ന് പറഞ്ഞു കണ്ടം വഴി ഓടി