ആരാധ്യ – ഭാഗം -21, രചന: അഭിനവി

രാത്രി കുറെ വൈകിയാണ് കിരൺ വീട്ടിൽ എത്തിയത്. ജീപ്പ് പോർച്ചിലേക്ക് കയറ്റി ഇട്ടു കുറച്ചു നേരം അതിൽ തന്നെ ഇരുന്നു. ജീപ്പിന്റെ ശബ്ദം കേട്ടു വാതിൽ തുറന്ന അമ്മയെ കണ്ടു അവൻ പുറത്തേക്കിറങ്ങി.

അവരുടെ കണ്ണിൽ വല്ലാത്തൊരു ആശങ്ക നിറഞ്ഞിരുന്നു. അമ്മയെ മൈൻഡ് ചെയ്യാതെ അവൻ അകത്തെ സോഫയിൽ ചടഞ്ഞിരുന്നു. രണ്ടു കൈകളും തലക്കു പുറകിൽ കെട്ടിവച്ചു കണ്ണടച്ചു സോഫയിലേക്ക് ചാരി ഇരുന്നു.
അവന്റെ മനസ്സിലേക്ക് ഓടി എത്തിയത് ചോരയിൽ കുളിച്ചു കിടക്കുന്ന ആരാധ്യയെ കൈയിൽ കോരി എടുത്തു അലറുന്ന അർണവിന്റെ മുഖം ആയിരുന്നു.

കിരണിന്റെ അമ്മ അവനു അടുത്തായി വന്നിരുന്നു. പതിയെ കയ്യെടുത്തു അവന്റെ തോളിൽ വച്ചു.

“മോനെ ” വേദനയോടെ അവർ വിളിച്ചു.

കിരൺ കണ്ണു തുറന്നു മുന്നിലേക്ക് ആഞ്ഞു. രണ്ടു കൈയും കാൽമുട്ടിൽ കുത്തി തല കുനിഞ്ഞിരുന്നു.

” മോള് പറഞ്ഞു നീ ഒന്നും പറയാതെ ഇറങ്ങി പോയെന്ന് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ തന്നെ കാത്തിരിക്കുകയായിരുന്നു അമ്മ.”

അമ്മയോട് തിരിച്ചൊന്നും പറയാതെ അവൻ കണ്ണടച്ചു ഇരുന്നു.

“വർഷം കുറേ ആയില്ലേ മോനെ നീ ഈ വീട്ടിൽ നിന്ന് പോയിട്ട്. അച്ഛൻ ഒരിക്കലും നിന്നെയും നിള മോളെയും രണ്ടായി കണ്ടിട്ടില്ല. ഇനി എങ്കിലും എന്റെ മോൻ അതൊന്നു മനസ്സിലാക്കൂ. നീ പോയെപ്പിന്നെ എത്ര വിഷമിച്ചെന്നോ അദ്ദേഹം. നിന്റെ അച്ഛൻ പോയപ്പോൾ എല്ലാവരും നിർബന്ധിച്ചപ്പോൾ അമ്മയ്ക്ക് വേറെ വഴിയില്ലായിരുന്നു. അദ്ദേഹം എന്നും നിന്നെ സ്വന്തം മോനായി തന്നെ കണ്ടല്ലേ വളർത്തിയത്. നീയല്ലേ എന്നും അകന്നു നിന്നത്. നിന്റെ നന്മ മാത്രം ആഗ്രഹിച്ചാണ് പലപ്പോഴും നിന്നെ തിരുത്താൻ ശ്രമിച്ചത്. എല്ലാവരേയും എതിർത്ത് ഇറങ്ങി പോയിട്ട് നിനക്ക് എന്താ കിട്ടിയത്. അവസാനം നിന്നെ രക്ഷിക്കാൻ അദ്ദേഹം തന്നെ ഓടി നടന്നില്ലേ. ഇനിയെങ്കിലും ആ മനസ്സു നീ ഒന്നു കാണുമോനേ. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ അദ്ദേഹത്തിന് ഒരു താങ്ങായി നീ വേണം. നിനക്ക് ഒരു നല്ല ജീവിതം ഉണ്ടാകുന്നത് കാണാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് മോനേ… ഇനിയെങ്കിലും നീ ഒന്നു നന്നായി കാണണം.”

നിറ കണ്ണോടെ തന്നെ നോക്കുന്ന അമ്മയെ ഒരു നിമിഷം കിരൺ നോക്കിയിരുന്നു. അവന്റെ വലം കൈ കൊണ്ട് അമ്മയുടെ കൈ തണ്ടയിൽ പതിയെ അമർത്തി പിടിച്ചു. നിറഞ്ഞു വന്ന അവന്റെ കണ്ണ് അമ്മ കാണാതെ മറച്ചു പിടിച്ച് അവൻ എഴുന്നേറ്റു മുറിയിലേക്ക് നടന്നു.

റൂമിലേക്ക് കടക്കും മുൻപ് അവൻ കണ്ടു തൊട്ടടുത്ത വാതിൽ പാതി ചാരിയ മുറിയിൽ ചുരുണ്ടുകൂടി കിടക്കുന്ന നിളയെ. വേദന കലർന്ന ഒരു ചിരിയുമായി അവൻ നിളയുടെ അടുത്തേക്ക് നടന്നു. ബെഡിനു ചുറ്റുമുള്ള നെറ്റ് പതിയെ ഉയർത്തി കിരൺ ബെഡിലേക്ക് ഇരുന്നു. കാലുകൾ മടക്കി വച്ചു കൈകളിൽ തലചേർത്ത് ചുരുണ്ടു കൂടി കിടക്കുന്ന അവളെ വാത്സല്യത്തോടെ കിരൺ തലോടി. ബെഡിന്റെ സൈഡിലായി ഇരുന്ന അവർ ഒന്നിച്ചുളള ഫോട്ടോ കിരൺ എടുത്തു ഒന്നു നോക്കിയ ശേഷം അത് ടേബിളിലേക്ക് എടുത്തു വച്ചു. അവളുടെ നെറുകിൽ സ്നേഹത്തോടെ മുത്തം നൽകി അവൻ തന്റെ റൂമിലേക്ക് പോയി.

പിറ്റേന്ന് നേരം പുലർന്നപ്പോൾ നിള കാണുന്നത് തന്റെ മുറിയിൽ തന്നെ നോക്കി ചെയറിൽ ഇരിക്കുന്ന കിരണിനെയാണ്. അവന്റെ കൈയിൽ ഒരു കപ്പ് ചായയും ഉണ്ട്. കണ്ണുകളെ വിശ്വാസിക്കാനാകാതെ നിള ഒന്നൂടെ അടച്ചു തുറന്നു. അവളുടെ പ്രവൃത്തി വീക്ഷിച്ചു കൊണ്ട് കിരൺ എഴുന്നേറ്റ് ചായ കപ്പ് അവൾക്ക് നേരെ നീട്ടി. പിന്നേയും മന്ദതയോടെ ഇരുന്ന അവളെ കൈ പിടിച്ചു വലിച്ചു അവൻ എഴുന്നേൽപ്പിച്ചിരുത്തി. ചായ കപ്പ് ടേബിളിൽ വച്ച് കിരൺ അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. രണ്ടു കൈകൾ കൊണ്ട് അവളുടെ കൈകളിൽ പിടിച്ചു.

“ഏട്ടനോട് ക്ഷമിക്കൂ മോളെ. ഏട്ടൻ സ്വയം സ്വാർത്ഥനായി പോയി. എന്റെ മോളെ മറന്നു ഏട്ടൻ പലപ്പോഴും. നല്ലൊരു ഏട്ടൻ ആകാനോ മകനാകാനോ ഒന്നും എനിക്ക് കഴിഞ്ഞില്ല. എന്റെ മുന്നിൽ ആരാധ്യ മാത്രമായിരുന്നു.” അവന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചു.

നിള ഒന്നും വിശ്വാസം വരാത്തപ്പോലെ അവനെ നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. സമാധാന വാക്കുകൾക്ക് പ്രശസ്തി കുറയും എന്നവൾക്ക് തോന്നി. കാരണം അവൻ അത്രമേൽ ആരാധ്യായെ ഇഷ്ടപ്പെട്ടിരുന്നു എന്ന് അവൾക്ക് അറിയാം.

നിളയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ അവൻ തുടച്ചു. അവളെ ചേർത്തു പിടിച്ചു തലോടികൊണ്ടിരുന്നു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ അവനോട് ചേർന്നു ഇരുന്നു.

“ഏട്ടാ ആരവ് എന്റെ ക്ലാസ്സ്മേറ്റ് ആണ് അവനിലൂടെ ആണ് അവന്റെ ചേച്ചിയായ ആരാധ്യയെ ഞാൻ പരിചയപ്പെടുന്നത്. ആദ്യം വലിയ പ്രതീക്ഷയായിരുന്നു എനിക്ക് എങ്ങനേയും സംസാരിച്ചു സമ്മതിപ്പിച്ചു ഏട്ടന്റെ ജീവിതത്തിലേക്ക് ചേച്ചിയെ കൂട്ടാം എന്ന പ്രതീക്ഷയായിരുന്നു. പക്ഷേ പിന്നീട് അങ്ങോട്ട് കഴിഞ്ഞ മൂന്നു വർഷമായി കണ്ടറിഞ്ഞു ചേച്ചിയുടേയും അർണവേട്ടന്റേയും പ്രണയം. മരണം പോലും അതിനു മുന്നിൽ മാറി നിൽക്കും. കാണുന്നവരിൽ അസൂയ ജനിപ്പിക്കും വിധം മനസ്സു കവരുന്ന പ്രണയം. അവരുടെ പ്രണയത്തിനു മുന്നിൽ പകരം വക്കാൻ മറ്റൊന്നും ഇല്ല. മൗനമാണ് അവരുടെ പ്രണയത്തിന്റെ ഭാഷ. അവരെ അടുത്തറിഞ്ഞപ്പോൾ മുതൽ പിന്നീട് ഒരു പ്രാർത്ഥന മാത്രമായിരുന്നു ഒരിക്കലും അവർക്കിടയിൽ ഒരു വില്ലനായി എന്റെ ഏട്ടൻ വരല്ലേ എന്നു മാത്രം.”

നിളയുടെ വാക്കുകൾ നിർവികാരത്തോടെ കേട്ടിരിക്കുകയായിരുന്നു കിരൺ. കുറച്ചു നേരം അവരുടെ ഇടയിൽ നിശബ്ദത നിറഞ്ഞുനിന്നു.

കിരൺ എഴുന്നേറ്റു പതിയെ അവളുടെ കവിളിൽ തട്ടി.

“ചെല്ലു പോയി ഫ്രഷ് ആയി വാ നമുക്ക് ഒന്നിച്ചു കഴിക്കാം.”

പുഞ്ചിരിയോടെ അവൻ അത് പറയുമ്പോൾ നിള കാണുകയായിരുന്നു വർഷങ്ങൾക്ക് ശേഷം അവനിൽ വിരിയുന്ന മനോഹരമായ പുഞ്ചിരിയെ.

ഡൈനിങ്ങ് ടേബിളിനു മുന്നിൽ നാലുപേരും ഒന്നിച്ചിരുന്നു. ചുറ്റും നിശബ്ദത നിറഞ്ഞെണെങ്കിലും എല്ലാവരുടെ മുഖത്തും സന്തോഷം മാത്രമായിരുന്നു. കുറേ വർഷത്തിനു ശേഷമാണ് എല്ലാവരും ഒന്നിച്ചിരുന്നത്.

കഴിച്ചു കഴിഞ്ഞു ചെയറിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ അച്ഛനെ നോക്കി കിരൺ പതിയെ വിളിച്ചു.

“അച്ഛാ…”

ഉള്ളിൽ ഉടലെടുത്ത വികാരം എന്തെന്ന് അറിയാൻ കഴിയാതെ അയാൾ എഴുന്നേറ്റ ചെയറിൽ തന്നെ വീണ്ടും ഇരുന്നു.

” ഞാൻ നാളെ മുതൽ അച്ഛന്റെ കൂടെ ഓഫീസിൽ വന്നോട്ടെ.” മുഖത്ത് കുറച്ച് പരിഭ്രമം ഉണ്ടെങ്കിലും അവന്റെ വാക്കുകളിൽ ആത്മവിശ്വാസം നിഴലിച്ചു.

”അപ്പൊ നീ ഡിഗ്രി കംപ്പീറ്റ് ചെയ്യുന്നില്ലേ., എക്സാം എഴുതുന്നില്ലേ? ഓഫീസ് കാര്യങ്ങൾ അത് കുട്ടികളിയല്ല.”

ഒന്ന് ആലോചിച്ച ശേഷം കുറച്ചു ഗൗരവത്തോടെ തന്നെ അദ്ദേഹം പറഞ്ഞു.

“പരീക്ഷ ഞാൻ എഴുതി എടുത്തോളാം അതുവരെ ഒരു സാധാ എംബ്ലോയി ആയി കാര്യങ്ങൾ ഒന്നു പഠിക്കാൻ വേണ്ടി മാത്രം..”

“മ്മ്”

അയാൾ ഒന്നു ഇരുത്തി മൂളികൊണ്ട് എഴുന്നേറ്റു കൈ കഴുകി.

നിളയും അമ്മയും സന്തോഷത്തോടെ അവന്റെ മാറ്റം നോക്കി കാണുകയായിരുന്നു.

*******************

സൂര്യന്റെ കിരണങ്ങൾ കൺത്തടങ്ങളെ തഴുകിയപ്പോൾ ആരാധ്യ കണ്ണു തുറന്നു. കഴിഞ്ഞ രാത്രിയുടെ ഓർമ്മ അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയായി പരിണമിച്ചു. കാതിൽ അലയടിക്കുന്ന ഹൃദയതാളത്തിൽ അവൾ ഒന്നൂടെ കണ്ണുകൾ അടച്ചു. വരും ജന്മങ്ങളിലും ഈ താളം കേട്ടുകൊണ്ടുതന്നെ പുലരിയെ വരവേൽക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ അവൾ അർണവിന്റെ കൈകൾ വിടത്തി മാറ്റി അവന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു. ശാന്തമായി ഉറങ്ങുന്ന അവന്റെ കവിളിൽ ഒന്നു തലോടി കൊണ്ട് ചുണ്ടുകൾ ചേർത്തു എഴുന്നേൽക്കാൻ തുടങ്ങിയ ആരാധ്യയെ അർണവ് വലിച്ചു ഒന്നൂടെ നേഞ്ചോട് ചേർത്തു. ആരാധ്യ തലയുയർത്തി നോക്കുമ്പോൾ കണ്ണു തുറക്കാതെ തന്നെ അവൻ പുഞ്ചിരിക്കുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കും തോറും അവൻ അവളെ കൂടുതൽ ചേർത്തു പിടിച്ചു.

“അർണവേട്ടാ വിടൂ നേരം ഒരു പാട് ആയി… “

മറുപടി പറയാതെ അവൻ അവളുടെ മുഖം കൈകളിൽ എടുത്തു തന്റെ മുഖത്തോട് ചേർത്തു പിടിച്ചു പതിയെ കണ്ണു തുറന്നു. അവളുടെ വിടർന്ന കണ്ണുകളിൽ തങ്ങി നിൽക്കുന്ന തന്റെ പ്രതിബിംബം നോക്കി അവൻ നിന്നു. ആരാധ്യ കുനിഞ്ഞു അവന്റെ കണ്ണുകളിൽ മുത്തമിട്ടു.

” ഇനിയുള്ള ഓരോ പുലരിയും നിന്റെ
മുഖം കണ്ട് ഉണരണം എനിക്ക്
നിന്റെ ചുംബനങ്ങൾ എന്റെ പ്രഭാതങ്ങൾക്ക്
പ്രണയവർണ്ണങ്ങളേകട്ടെ… “

അവന്റെ വാക്കുകൾ അവൾക്ക് കുളിരേകി. അവനിൻ നിന്നു കുതറി മാറി അവൾ ബാത്ത് റൂമിലേക്ക് കയറുന്നത് നോക്കി അവൻ എഴുന്നേറ്റിരുന്നു.

ആരാധ്യ കുളി കഴിഞ്ഞു വരുമ്പോൾ അർണവ് ബെഡിൽ ലാപ്ടോപ്പ് എടുത്തു വച്ചു നോക്കുകയായിരുന്നു. അവൾ പെട്ടെന്നു തന്നെ മുടി കോന്തിയിട്ട് നെറ്റിയിൽ കുഞ്ഞു പൊട്ടും സിന്ദൂരവും അണിഞ്ഞ് പുറത്തേക്ക് ഇറങ്ങി.

അടക്കളയിലേക്ക് കയറി ചെല്ലാൻ അവൾക്കൊരു ചമ്മൽ തോന്നി. പുജാമുറിയിൽ നിന്നു ഇറങ്ങി വരുന്ന മുത്തശ്ശിയെ കണ്ട് ആരാധ്യ മനോഹരമായി പുഞ്ചിരിച്ചു. അവർ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ നൽകി. പൂജാമുറിയിൽ കയറി തൊഴുതിട്ടു അവൾ മുത്തശ്ശിയോടൊപ്പം അടുക്കളയിലേക്ക് ചെന്നു. സന്ധ്യ അവളെ കണ്ടപ്പോൾ തന്നെ സാരി തലപ്പിൽ കൈ തുടച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. നിറഞ്ഞ മനസ്സോടെ അവർ അവളെ ചേർത്തു പിടിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ നാണം എല്ലാവരിലും സന്തോഷം നിറച്ചു.

” അവൻ എണീറ്റോ മോളെ ” മുത്തശ്ശി ചോദിച്ചു.
മറുപടിയായി അവൾ ഒന്നു തലയാട്ടി.

മീന അവൾക്ക് കൈയിൽ ഒരു ചെറിയ ഫ്ലാസ്കിൽ ചായ നൽകി കൂടെ ഒരു കപ്പും.

“ചെല്ല് മോളു മുറിയിലേക്ക് പോയിക്കോ കഴിക്കാറാകുമ്പോൾ ഞങ്ങൾ വിളിക്കാം അപ്പൊ വന്നാൽ മതി.” സീത അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു.

ആരാധ്യ ചായയുമായി വരുന്നത് കണ്ട് അർണവ് ലാപ് അടച്ച് മാറ്റിവച്ചു.

” ഈ ഒരു വരവ് ഞാൻ പ്രതീക്ഷിച്ചു മോളെ.. “
അവളൊരു കുറുമ്പോടെ അവനെ നോക്കി കണ്ണുരുട്ടി.

“എന്താ അമ്മമാര് ഓടിച്ചുവിട്ടോ?”

മുഖത്തേക്ക് ഓടിയെത്തിയ നാണത്തെ മറച്ചു പിടിച്ചു കൊണ്ട് അവൾ ചായ കപ്പിലേക്ക് ഒഴിച്ചു.

“ചെല്ല് പോയി പല്ലുതേച്ചു വാ…. “

അവളുടെ മുഖത്തേക്ക് നോട്ടം ഇട്ടു കൊണ്ടു തന്നെ അവൻ ബാത്ത് റൂമിലേക്ക് കയറി. അർണവ് ഫ്രഷ് ആയി വരുമ്പോൾ ആരാധ്യ ബെഡിൽ ഇരിക്കുകയായിരുന്നു. പകർന്നു വച്ച ചായ കപ്പ് എടുത്തു അവൻ അവൾക്ക് അടുത്തായി വന്നിരുന്നു. പരസ്പരം പങ്കിട്ട് ചായ കുടിച്ചു. അവളുടെ ഓരോ നോട്ടവും അവനിലെ പ്രണയത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചു. അത് വീണ്ടും വീണ്ടും അവളിലേക്ക് ഒഴികികൊണ്ടിരുന്നു.

*****************

രാവിലെ തന്നെ നിളയുടെ കോളാണ് തനിഷ്കയെ ഉണർത്തിയത്. അവളിൽ നിന്നറിഞ്ഞ കാര്യങ്ങൾ തനിഷ്കയെ അദ്ഭുതപ്പെടുത്തി. കിരണിൽ ഇത്ര പെട്ടെന്നൊരു മാറ്റം അവൾക്ക് വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അവന്റെ ഈ മാറ്റത്തിനു പിന്നിൽ ഇനി വല്ല ദുരുദ്ദേശം ഉണ്ടോ എന്ന് അവൾ സംശയിച്ചു.

” എന്തായാലും നീ മാറാൻ തീരുമാനിച്ചു. അപ്പൊ പിന്നെ നിന്നെ മൊത്തത്തിൽ ഒന്നു അഴിച്ചു പണിയാൻ തന്നെ ഞാനും തീരുമാനിക്കാണു. ഇനി ഈ തനു ആരാണെന്ന് നീ അറിയാൻ പോകുന്നുള്ളൂ മോനെ കിരണേ… പനിനീർപ്പൂവ് തേടി പോയ നിന്നെ ഞാൻ ഈ ചെമ്പകചോട്ടിൽ കൊണ്ടുവരും. “

കൈയിലുള്ള ഫോൺ കറക്കി കൊണ്ട് തനിഷ്ക സ്വയം പറഞ്ഞു.

പെട്ടെന്ന് തന്നെ അവൾ ലാപ് തുറന്ന് നിളഡെവലെപ്പേഴ്സ് കമ്പനിയുടെ സൈറ്റിൽ കേറി അവളുടെ റെസ്യുമ് കമ്പനിയ്ക്ക് മെയിൽ ചെയ്തു.

എപ്പോഴോ ഒടിച്ചു കളഞ്ഞ പ്രണയത്തിന്റെ നാമ്പുകൾ വീണ്ടും തളിർക്കാൻ തുടങ്ങുന്നത് അവൾ അറിഞ്ഞു.

തുടരും