ആരാധ്യ – ഭാഗം -22, രചന: അഭിനവി

ക്ലോക്കിൽ സമയം പതിനൊന്നു അടിച്ചു. ആരാധ്യ ക്ഷമയോടെ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി എന്നും രാത്രി ആരാധ്യ ഈ കാത്തിരിപ്പാണ് അർണവിനായി. അവൻ വൈകും എന്നു വിളിച്ചു പറഞ്ഞാലും അവന്റെ സ്നേഹത്തോടെ ഉള്ള ശാസനകൾ അവഗണിച്ച് ‘ അവൾ എന്നും കാത്തിരിക്കും. എത്ര വൈകിയാലും കാത്തിരിക്കുന്ന തന്നെ കാണുമ്പോൾ അവന്റെ കണ്ണുകളിൽ വിടരുന്ന തിളക്കം മാത്രം മതിയായിരുന്നു അവൾക്ക് ഒരോ കാത്തിരിപ്പും സുഖമുള്ളതാക്കാൻ.

മുറ്റത്ത് തൂണിനോട് ചേർന്ന് നിരയായി നിൽക്കുന്ന നന്ത്യാർവട്ടം വിടർന്നു തുടങ്ങിയിരുന്നു. രാത്രിയുടെ നിലാവിൽ ആ വെളുത്തപ്പൂക്കൾ കൂടുതൽ ശോഭയോടെ നിന്നു. മുകളിലെ ബാൽക്കണിയിൽ നിന്ന് താഴേക്കു പടർന്നു നിൽക്കുന്ന കുടമുല്ല പൂക്കൾ അന്തരീക്ഷത്തിലെല്ലാം സൗരഭ്യം നിറച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം നിലാവിന്റെ മനോഹാരിതയ്ക്ക് മങ്ങൽ ഏൽപ്പിച്ചു കൊണ്ടിരുന്നു.

കണ്ണുകളിൽ ഉടലെടുത്ത ഉറക്കം പതിയെ പതിയെ ശരീരത്തിലേയ്ക്കും വ്യാപിച്ചുകൊണ്ടിരുന്നു. ആരാധ്യ കണ്ണുകൾ അടച്ചു സോഫിയലേക്ക് ചാഞ്ഞു.

സ്നേഹത്തോടെ ഉള്ള തലോടൽ ആണ് അവളെ കണ്ണു തുറപ്പിച്ചത്. മുന്നിൽ നനുത്ത പുഞ്ചിരിയുമായി സന്ധ്യ. അവർ അവളെ വാത്സല്യത്തോടെ തലോടി.

“മോളെ അവൻ വരാം വൈകും. അച്ഛൻ വന്നപ്പോൾ പറഞ്ഞിരുന്നു. ചെല്ല് പോയി കിടന്നോ. ഉറക്കം കളഞ്ഞു അസുഖം വരുത്തണ്ട. അവൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്. “

“സാരമില്ല അമ്മേ.. ” ആരാധ്യ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

“സാരമൊക്കെ ഉണ്ട് അല്ലേൽ തന്നെ മോളാകെ ക്ഷീണിച്ചപ്പോലെ തോന്നുന്നുണ്ട് അതിന്റെ കൂടെ ഉറക്കവും ഒഴിച്ചാൽ ശരിയാവില്ല. അവൻ ഇങ്ങോട്ട് വരട്ടെ. എന്നും ഈ പാതിര ആവാൻ നിൽക്കുന്നത്. രാവും പകലും ഇല്ലാത്ത ഈ അലച്ചിലിനു ഒരു അവസാനം വേണ്ടേ.. അവൻ വരുമ്പോൾ വരട്ടെ മോള് കിടക്ക്. അമ്മ ഡോർ തുറന്നു കൊടുത്തോളാം.”

സന്ധ്യയുടെ ശാസനയ്ക്കു വഴങ്ങി ആരാധ്യ മുറിയിലേക്ക് നടന്നു. കാലുകൾ വല്ലാതെ വേച്ചു പോകുന്നപ്പോലെ തോന്നി അവൾക്ക്. സ്റ്റെപ്പുകൾ കയറി മുകളിൽ എത്തിയപ്പോളേയ്ക്കും കേട്ടു താഴെ കാറു വന്നു നിന്ന ശബ്ദം. തിരിച്ചു ഇറങ്ങാൻ നോക്കിയപ്പോൾ ആകെ ഒരു വല്ലായ്മ തോന്നി അവൾക്ക്. പതിയെ റൂമിലേക്ക് തന്നെ നടന്നു.

വാതിക്കൽ നിൽക്കുന്ന സന്ധ്യയെ കണ്ട് അർണവ് ഒന്നു പുഞ്ചിരിച്ചു കൊണ്ട് ചുറ്റും കണ്ണോടിച്ചു.

“നോക്കണ്ട പാവം ഇത്രയും നേരം കാത്തിരിക്കായിരുന്നു. ഞാനിപ്പൊ വഴക്കു പറഞ്ഞു മുറിയിലേക്ക് വിട്ടുള്ളൂ.” അർണവിന്റെ കൈയിൽ നിന്നു ബാഗ് വാങ്ങി വച്ചു കൊണ്ട് സന്ധ്യ പറഞ്ഞു.

“സോറി അമ്മ അർജന്റ് ആയി തീർക്കേണ്ട കുറച്ചു വർക്ക് ഉണ്ടായിരുന്നു. അതാണ് ഞാൻ പറഞ്ഞതാ അവളോട് കാത്തിരിക്കണ്ട എന്നു.”

” എന്താന്ന് അറിയില്ല ആധ്യ മോൾക്ക് നല്ല ക്ഷീണം തോന്നുന്നുണ്ട്. ഭക്ഷണവും കുറവാ കഴിക്കുന്നത്. അതിന്റെ ആ ചൊടിയൊക്കെ കുറഞ്ഞപ്പോലെ. ഒരാഴ്ച്ചയായി നിനക്ക് രാവെന്നോ പകലെന്നോ ഇല്ലാതെ ഉള്ള ഓട്ട പാച്ചിൽ അല്ലേ മോളെ ശ്രദ്ധിക്കാൻ നിനക്ക് എവിടെയാ സമയം.”

” ഓടതെ പറ്റില്ല അമ്മേ തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഒന്നു ശ്രദ്ധ മറിയാൽ മാക്കറ്റിൽ നിന്നു തന്നെ ഔട്ട് ആകുന്ന കാലമാണ്. നോക്കട്ടെ ഞാനും ശ്രദ്ധിച്ചിരുന്നു അവളെ. എന്തായാലും ഈ ഞായറാഴ്ച്ച ഒന്നു ഫ്രീ ആകണം. അവളെ കൊണ്ടു ഒന്നു പുറത്തു പോകണം, മുത്തശ്ശിയെ കാണണം. അവിടെയും പരിഭവം ആയിരിക്കും ദിവസം കുറച്ചായില്ലേ അങ്ങോട്ട് പോയിട്ട്.”

“മ്മ്… നീ ഭക്ഷണം കഴിച്ചിരുന്നോ?”

” ഉച്ചയ്ക്ക് കഴിക്കാൻ പറ്റാത്തതു കൊണ്ട് ഇവനിംങ്ങ് ലൈറ്റ് ആയിട്ടു കഴിച്ചു. ഇനി ഇപ്പൊ വേണ്ട അമ്മാ… അമ്മ കിടന്നോ.. “

അർണവ് ചെല്ലുമ്പോൾ റൂമിന്റെ ഡോർ ചാരി ഇട്ടിരുന്നു. അവൻ പതിയെ അതു തുറന്നു. കുടമുല്ലപ്പൂവിന്റെ നേർത്ത സുഗന്ധം മുറിയിലാകെ നിറഞ്ഞിരുന്നു. ബാൽക്കണിയോട് ചേർന്നുള്ള വിൻഡോ ഓപ്പൺ ആയിരുന്നു. അതിലൂടെ വരുന്ന ഇളം കാറ്റിൽ കർട്ടൻ ആടികളിച്ചു കൊണ്ടിരുന്നു.

ലൈറ്റ് ഓൺ ചെയ്തപ്പോൾ ആരാധ്യ ബെഡിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. ഷർട്ടിന്റെ കൈയുടെ ബട്ടൻസ് അഴിച്ചു കൊണ്ട് അവൻ ബെഡിലേക്കിരുന്നു. കാറ്റിൽ ആടി കളിക്കുന്ന ആരാധ്യയുടെ മുടിയിഴകളെ ഒതിക്കി വച്ചു.

” പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന ഭാര്യേ’… ” അവൻ അവളുടെ കാതോരം ചെന്നു പതിയെ വിളിച്ചു.

ഭാരമേറിയ കണ്ണുകളെ അവൾ വലിച്ചു തുറന്നു. ചെറിയ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.

“സോറി മോളെ ഇന്നും വൈകി.”

അവന്റെ കൈ തണ്ടയിൽ അവൾ മുറുക്കി പിച്ചി.

” ശ്.. “

” എന്താടി മനപൂർവ്വം വൈകിയതല്ലല്ലോ.. “

അവൾ ചെറിയ ഒരു പരിഭവത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു. വേച്ചുപോയ അവളെ അർണവ് ചേർത്തു പിടിച്ചു.

” എന്തു പറ്റി വയ്യേ നിനക്ക്.. “

അവന്റെ വാക്കുകളിലെ പരിഭവവും ആധിയും കണ്ട് ആരാധ്യ പതിയെ എഴുന്നേറ്റു അവന്റെ തോളിൽ ചാഞ്ഞു.

” പറ എന്തു പറ്റി. അമ്മയും പറഞ്ഞല്ലോ നിനക്ക് എന്തോ ക്ഷീണം പോലെ ഉണ്ടെന്ന്. എഴുന്നേറ്റേ വന്നേ നമുക്ക് ഒന്നു ഡോക്ടറെ കാണാം.”

“ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല. എന്തോ ഒരു വല്ലായ്മ ഒന്നു ഉറക്കിയാൽ മാറും.”

അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു.

” ആധ്യാ തമാശ കളിക്കല്ലേ.. ഒന്നൂല്ല്യ എന്നു നിനക്ക് മാത്രം തോന്നിയാൽ മതിയോ.”

” ഞാൻ പറഞ്ഞില്ലേ ഒന്നും ഇല്ലാ… “

” എന്താടി എന്റെ ഈ ഓട്ട പാച്ചിലും തിരക്കും ബുദ്ധിമുട്ടായി തുടങ്ങിയോ നിനക്ക്, ഞാൻ ശ്രദ്ധിക്കുന്നില്ലാ എന്നു തോന്നുന്നുണ്ടോ നിന്നെ.”

ആരാധ്യ ഒന്നും പറയാതെ അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി.

“ഔച്ച്… ടീ പെണ്ണേ.. “

അവൻ വേദനയോടെ ചാടി എഴുന്നേറ്റു.

“വലിയ കണ്ടുപിടുത്തങ്ങൾ ഒന്നും നടത്താതെ വേഗം പോയി ഫ്രഷ് ആയി വാ. ഈ നെഞ്ചിലെ ചൂടില്ലാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല എന്നറിഞ്ഞൂടെ… “

അവൻ അവളെ പിടിച്ചു ബെഡിൽ കിടത്തി നെറുകയിൽ തലോടി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.

” ഒരു അഞ്ച് മിനിറ്റ് ഞാൻ വരാം.” അവളുടെ കവിളിൽ തലോടി അവൻ ടവൽ എടുത്ത് ബാത്ത് റൂമിലേക്ക് കയറി.

അർണവ് ഫ്രഷ് ആയി വരുമ്പോൾ ആരാധ്യ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു. അവൻ കബോർഡിൽ നിന്ന് ഒരു ബനിയൻ എടുത്ത് ഇട്ടു.
മുറിയിൽ അപ്പോഴും മുല്ലപ്പൂ ഗന്ധം നിറഞ്ഞു നിന്നു . ബാൽക്കണിയുടെ വിൻഡോ കർട്ടൻ വലിച്ചിട്ടു വിൻഡോ പതിയെ ചാരിയിട്ടു. സുഗന്ധം പരത്തി വിടർന്നു കൊണ്ടിരുന്ന കുടമുല്ല പൂക്കളെ കണ്ടപ്പോൾ അവനു വിൻഡോ അടയ്ക്കാൻ തോന്നിയില്ല.

മയങ്ങാൻ തുടങ്ങുന്ന ആരാധ്യയ്ക്ക് അടുത്തായി അർണവ് കിടന്നു. അവൾ കൈ നീട്ടി വലിച്ചു അവനെ അവളോട് ചേർത്തു നെഞ്ചിലേക്ക് തല ചായ്ച്ചു. അവൻ രണ്ടു കൈ കൊണ്ടു അവളെ പൊതിഞ്ഞു പിടിച്ചു. ഉറക്കത്തിലേക്ക് ആഴ്ന്നു കൊണ്ടിരുന്ന അവളുടെ തലയിൽ തലോടികൊണ്ടു അവനും കണ്ണുകൾ അടച്ചു.

ആരാധ്യ രാവിലെ കണ്ണു തുറക്കുമ്പോൾ അർണവ് ബെഡിൽ എഴുന്നേറ്റു ഇരിക്കുകയായിരുന്നു. അവൾ പതിയെ എഴുന്നേറ്റു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം എട്ടര. അയ്യോ എന്നു പറഞ്ഞു ചാടി എഴുന്നേൽക്കാൻ പോയ അവളെ അർണവ് പിടിച്ചു ബെഡിൽ തന്നെ ഇരുത്തി.

” എവിടെക്കാ നീ ഓടുന്നത്. “

“സമയം നോക്ക്, എന്താ എഴുന്നേറ്റപ്പോൾ എന്നെ വിളിക്കാഞ്ഞത്. ഇന്ന് ഓഫീസിൽ പോകുന്നില്ലേ..?”

” നീ ആദ്യം പിടക്കാതെ അവിടെ അടങ്ങി ഇരിക്ക്. ഞാൻ കുറച്ചു വൈകി പോകുന്നുള്ളൂ. “

എന്തോ അദ്ഭുതം കേട്ട പോലെ ആരാധ്യ അവനെ നോക്കി.

” ഇനി പറ എന്താ നിനക്ക് പറ്റിയത്. നിന്റെ മുഖമൊക്കെ ആകെ വല്ലാതെ ഇരിക്കുന്നു. നീ പെട്ടെന് റെഡിയായി വാ, നമുക്ക് ഒന്നു ഡോക്ടറെ കാണാം.”

” ഡോക്ടറെ കാണാൻ മാത്രം എനിക്ക് ഒരു കുഴപ്പവും ഇല്ല. ഇന്നലെ ഒരു തളർച്ച തോന്നി എന്നു മാത്രം. അത് ഭക്ഷണം ശരിക്കും കഴിക്കാതെയാണ്. ഇന്നു ഞാൻ ഓക്കെ ആണ് ദേനോക്കിയേ…”

ആരാധ്യ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു.

” ആധ്യാ.. ” അവൻ ആദ്രമായി വിളിച്ചു.

“ഒന്നൂല്ല്യാ ഏട്ടാ…” അവൾ അവന്റെ കവിളിൽ തലോടി കൊണ്ടു പറഞ്ഞു.

“പിന്നെ ഇന്നലെ മുത്തശ്ശി വിളിച്ചിരുന്നു. “

“മുത്തശ്ശിയ്ക്ക് പരിഭവം ആകുമല്ലേ അങ്ങോട്ട് ചെല്ലാത്തതിന്റെ “

“മ്മ്”

” ഞായറാഴ്ച്ച പോകാം നമുക്ക് അങ്ങോട്ട്.. “

” എന്നാൽ അമ്മയെയും അച്ഛനെയും വിളിച്ചു പറയാം തറവാട്ടിലേക്ക് വരാൻ..”

അവളുടെ മുഖത്ത് വിടർന്ന സന്തോഷം അവന്റെ ചുണ്ടിൽ ഒരു ചിരിയായി വിരിഞ്ഞു.

അവൾ ഫോൺ എടുത്ത് പുറത്തേക്ക് പോകുന്നത് നോക്കി അർണവ് ഇരുന്നു.

************************

കമ്പനിയുടെ ഒരു വർഷത്തെ പർച്ചേയ്സ് ആൻഡ് സെയിൽസിന്റെ റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു കിരൺ. എത്ര നോക്കിയിട്ടും അതിൽ ഒരു ക്ലാരിറ്റി കിട്ടാതായപ്പോൾ കിരൺ റിപ്പോർട്ടും കൊണ്ടു എംഡി ടെ ക്യാബിനിൽ ചെന്നു.

” അച്ഛാ ഇതൊന്നു നോക്കിയേ ഞാൻ എത്ര നോക്കിയിട്ടും ഇതിൽ എന്തോ മിസ്സിങ് പോലെ..”

അദ്ദേഹം റിപ്പോർട്ട്‌ ഒന്നു ഓടിച്ചു നോക്കിട്ടു അതു തിരിച്ചു അവന്റെ കൈയിൽ കൊടുത്തു.

‘”നീ ഒരു കാര്യം ചെയ്യു ഈ റിപ്പോർട്ട്‌ തനിഷ്‌കയെ ഒന്നു കാണിക്കൂ..ആ കുട്ടി കറക്റ്റ് ചെയ്തു തരും. ഞാൻ ഇപ്പോ ഒരു മീറ്റിംങ്ങിന് ഇറങ്ങാൻ നിക്കാണ്.”

കിരൺ ഫയൽ വാങ്ങി ക്യാബിനു പുറത്തേക്കിറങ്ങി. മാർക്കറ്റിംഗ് സെക്ഷനിലേക്കു നടക്കുമ്പോൾ കിരണിനു വല്ലാത്ത അരിശം തോന്നി.

ഡെസ്കിൽ ഇരുന്ന ലാൻഡ് ഫോൺ റിങ്‌ ചെയ്‌തപ്പോൾ തനിഷ്ക സിസ്റ്റത്തിൽ നിന്നു തലഉയർത്താതെ റിസീവർ എടുത്തു ചെവിലേക്കു വച്ചു.

” മോളെ തനു അവനെ അങ്ങോട്ടു വിട്ടിട്ടുണ്ട്.. ഇനി ഒക്കെയും മോളുടെ കൈയിൽ..ഒരു മയത്തിൽ ഒക്കെയും വേണം അവന്റെ സ്വഭാവം അറിയാല്ലോ..”

“അതൊക്കെ ഞാൻ മാനേജ് ചെയ്തോള്ളാം അങ്കിൾ..”

ഫോൺ വച്ചു തനിഷ്‌ക ഗ്ലാസ്സ് ഡോറിലൂടെ നോക്കി. ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും ഇട്ടു ഫയൽ കുടഞ്ഞു കൊണ്ടു അലക്ഷ്യമായി നടന്നു വരുന്ന കിരണിനെ.. കണ്ണിൽ ഒരു കുസൃതി ചിരിയോടെ അവൾ അതു നോക്കി ഇരുന്നു.

കിരൺ ഡോർ തുറന്നതും അവൾ നോട്ടം മുന്നിൽ ഇരുന്ന സിസ്റ്റത്തിൽ ആക്കി. കൈയിൽ ഇരുന്ന ഫയൽ കിരൺ ടേബിളിലേക്ക് ഇട്ടു.

“ഹലോ… എന്താ ഇത്, മേലുദ്യോഗസ്ഥയുടെ ക്യാബിലേക്ക് ഇങ്ങനെയാണോ കയറി വരുന്നത്. ഒന്നു പെർമിഷൻ ഒക്കെ വാങ്ങണ്ടേ മാഷേ… ” ആദ്യം ഗൗരവത്തിലും പിന്നീട് ഒരു തമാശയിലൂടെയും തനിഷ്ക പറഞ്ഞു.

അവളുടെ ചിരി കണ്ടു കിരൺ കൈകൾ കൂട്ടി തിരുമ്മി. അവനു ദേഷ്യം വരുന്നുണ്ടെന്ന് മനസ്സിലാക്കി തനിഷ്ക വിഷയത്തിലേക്ക് വന്നു.

അവൾ ഫയൽ എടുത്ത് ഡീറ്റെയിൽഡ് ആയി ചെക്ക് ചെയ്തു. അതിൽ കുറച്ചു കറപ്ഷൻസ് ചെയ്തു.

” ഞാൻ ഇതിന്റെ റഫ് കോപ്പി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അത് ഞാൻ മെയിൽ ചെയ്യാം. അതു വച്ച് ഇതൊന്നു കമ്പയർ ചെയ്തു നോക്കൂ.”

കിരൺ ഫയൽ വാങ്ങി അവൾ മാർക്ക് ചെയ്തത് സൂക്ഷ്മതയോടെ വീക്ഷിക്കുന്നത് തനിഷ്ക നോക്കി നിന്നു. അവൻ ഫയൽ നോക്കുന്നതിനൊപ്പം ചൂണ്ടവിരൽ കൊണ്ട് ഫയലിൽ തട്ടികൊണ്ടിരുന്നു. കഴിഞ്ഞ ആറുമാസം കൊണ്ട് അവൻ ഒരു പാട് മാറിയ പോലെ അവൾക്ക് തോന്നി.

അവൾ തന്നെ തന്നെ നോക്കുന്നത് കണ്ട് കിരൺ ഫയലിൽ നിന്നു മുഖം ഉയർത്തി അവളെ നോക്കി. എന്താ എന്ന മട്ടിൽ അവൻ പുരികം ഉയർത്തി.

അവൾ ഒരു കള്ളച്ചിരിയോടെ മൂക്കിൽ തടവി.

“നല്ല പനിനീർപ്പൂവിന്റെ ഗന്ധം തന്റെ പെർഫ്യൂമ് ആണോ?”

കിരണിനു ദേഷ്യം അടിമുടി അരിച്ചു കയറി. അവൻ കൈ ഉയർത്തി ഡസ്കിൽ ആഞ്ഞടിച്ചു അലറി.

“തനൂ…. “

അവൾ ഒരു കൂസലും ഇല്ലാതെ അവനെ നോക്കി.

” അതേ ഈ തനു എന്നുള്ളത് എന്നെ ഇഷ്ടമുള്ളവർ ഇഷ്ടത്തോടെ വിളിക്കുന്നതാണ്. “

അവളുടെ ഒരു കൂസലും ഇല്ലാത്ത ഭാവം അവനെ ഒന്നൂടെ ചൊടിപ്പിച്ചു. അതേ സമയം ഡെസ്കിൽ അവന്റെ കയ്യുടെ അടുത്തിരുന്ന തനിഷ്കയുടെ ഫോൺ റിംങ് ചെയ്തു.

ഡിസ്പ്ലെയിൽ ആധ്യാ എന്നെഴുതി കാട്ടികൊണ്ട് അർണവിന്റേയും ആരാധ്യയുടേയും ഫോട്ടോ തെളിഞ്ഞു വന്നു.

മുന്നിൽ ഇരുന്ന ലാന്റ് ഫോൺ താഴേക്ക് തട്ടിയെറിഞ്ഞു കിരൺ പുറത്തേക്ക് പാഞ്ഞു.