രചന: മഞ്ജു ജയകൃഷ്ണൻ
“എടാ പെണ്ണും കൊള്ളാം ജാതകവും ചേരും…പക്ഷെ….നമുക്കിതു വേണ്ട ” ‘അപ്പൊ അതും ഒരു തീരുമാനം ആയി.’ ഞാൻ മനസ്സിൽ പറഞ്ഞു
ശുദ്ധജാതകം ആയിരുന്നു എന്റെ ജീവിതത്തിലെ പ്രധാന വില്ലൻ. കഴിഞ്ഞ ജന്മത്തിൽ പാപം ഒന്നും ചെയ്യാത്ത കൊണ്ടാണ് എനിക്ക് ഈ ജന്മത്തിൽ ഈ ‘ലോട്ടറി ‘ കിട്ടിയത് എന്നാണ് അമ്മയുടെ ഭാഷ്യം
അതിനു ചേർന്ന ജാതകം ഉള്ള പെണ്ണിനെ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ അത് ഒരു ‘ഒന്നൊന്നര ‘ ലോട്ടറി ആണെന്ന് എനിക്ക് മനസ്സിലായത്…
ജാതകം കൊണ്ട് ഈ പെണ്ണ് ഒത്തിരുന്നു. കൂടാതെ ഫോട്ടോയിലും പെണ്ണ് കൊള്ളാം. അങ്ങനെ അവളെ കാണാൻ വരുന്ന ദിവസം പോകാൻ ഇരുന്നതിനിടയിൽ ആണ് അത് വേണ്ട എന്നു പറയുന്നത്
കുറച്ചു കഴിഞ്ഞു അമ്മയോട് ഞാൻ തിരക്കി
“എന്നാ അമ്മേ പെണ്ണിനും വല്ല പ്രേമവും ഉണ്ടോ “
എടാ അതല്ല… ആ പെണ്ണെ ‘മരം കേറിയാ ‘
ഏഹ് എന്നു വെച്ചാൽ എന്താ അമ്മേ
ആ പെണ്ണിന് തെങ്ങുകയറ്റം ആണ് പണി
“തെങ്ങു കേറുന്ന പെണ്ണോ ” ഞാൻ അമ്പരന്നു.
കൂട്ടുകാരോട് ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ആണ് അവളവിടുത്തെ പേരുകേട്ട തെങ്ങുകയറ്റക്കാരിയാണെന്ന് എനിക്ക് മനസ്സിലായത്
പെണ്ണ് തെങ്ങു കേറുന്നതറിഞ്ഞു ചില വിരുതൻമാർ താഴെ വന്നു നിൽക്കും. അവൾ തെങ്ങിന്റെ മുകളിൽ നിന്നും വിളിച്ചു പറയുമത്രെ
“ചേട്ടാ അടിയിൽ പാന്റ് ഉണ്ട് എന്ന് “
അവളും അച്ഛനും മാത്രമേ ഉള്ളൂ.അമ്മ പണ്ടേ മരിച്ചതാണ്. ഒരിക്കൽ തെങ്ങിൽ നിന്നും വീണ് പുള്ളിടെ നടു തളർന്നു
കാണാൻ കൊള്ളാവുന്ന പെണ്ണ് ആയതു കൊണ്ട് ഒരുപാട് ‘സഹായമനസ്ഥിതി’ യുള്ളവർ വന്നു. അവരുടെ ഉദ്ദേശം മനസ്സിലായതു കൊണ്ട് അവൾ അവരെ ഒക്കെ ആട്ടിപ്പായിച്ചു
പട്ടിണി കിടക്കാൻ തുടങ്ങിയപ്പോൾ അവർക്കു വേറെ നിവൃത്തി ഇല്ലാതായി. തെങ്ങു കയറുന്ന ഉപകരണത്തിന്റെ സഹായത്തോടെ അവൾ തെങ്ങു കയറാൻ തുടങ്ങി
പെണ്ണിനോട് കുറച്ചൊക്കെ ആരാധന തോന്നിത്തുടങ്ങി
അവളെ മതിയെന്ന് അമ്മയോട് പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും രണ്ടു ദിവസത്തെ നിരാഹാരസമരത്തിനൊടുവിൽ അമ്മ സമ്മതിച്ചു
അവളെ കാണാൻ അമ്മയുമൊന്നിച്ചു വീട്ടിൽ ചെല്ലുമ്പോൾ അവൾ പാതി കയറിയ തെങ്ങിൽ ആയിരുന്നു. ഞങ്ങൾക്കുള്ള ഇളനീർ പൊട്ടിക്കാൻ കേറിയതായിരുന്നു പാവം
തഴമ്പു നിറഞ്ഞ കൈകൾ ഞാൻ കാണാതെ മാറ്റി പിടിക്കുമ്പോൾ അവളെ ഞാൻ നെഞ്ചോടു ചേർക്കുവായിരുന്നു
മുല്ല വാസനയുള്ള പെണ്ണിനെ ആണ് ആഗ്രഹിച്ചത് എങ്കിലും അധ്വാനത്തിന്റെ വിയർപ്പുള്ള പെണ്ണിനെ ഞാൻ സ്വന്തമാക്കി
ആദ്യരാത്രിയിൽ കൈ കൊണ്ട് ഒറ്റ അടി കിട്ടിയപ്പോഴാണ് സ്വപ്നത്തിലും ഇവൾ തെങ്ങിൽ നിന്നും തേങ്ങ വെട്ടിയിടാറുണ്ട് എന്ന് എനിക്കു മനസ്സിലായത്
കല്യാണം കഴിഞ്ഞു വന്നപ്പോൾ ഞാൻ അവളോടായ് പറഞ്ഞു . ഇനി തെങ്ങിൽ ഒന്നും വലിഞ്ഞു കേറേണ്ട എന്ന്. വയ്യാത്ത അച്ഛനെ ഇവിടെ കൊണ്ടുവരാം എന്നു കൂടി പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞു
പലപ്പോഴും അമ്മായിയമ്മക്കു വേണ്ടി അവൾ ഞാൻ അറിയാതെ തെങ്ങു കയറിയിരുന്നു
ഗർഭിണിയായി കരിക്കിൻ വെള്ളം കുടിക്കാൻ കൊതി മൂത്താണ് അവൾ പിന്നെ തെങ്ങു കയറാൻ നോക്കിയത്. നല്ല പിച്ചും കൊടുത്ത് തോട്ടി കൊണ്ട് ഞാൻ കരിക്കിട്ടു കൊടുത്തു
കയ്യും കാലും തരിച്ചു പെണ്ണ് എങ്ങാനും കടുംകൈ കാട്ടിയാലോ ഓർത്തു അവളെ ഞാൻ തയ്യൽ പഠിപ്പിച്ചു.
‘റിസ്ക് കൂടിയ ജോലി ആയ കൊണ്ടാട്ടോ ‘
പൊന്നേ എന്നു പറഞ്ഞു അവളെ ഞാൻ സമാധാനിപ്പിച്ചു
രണ്ടു വയസുള്ള ഞങ്ങളുടെ കുഞ്ഞൻ തെങ്ങു കേറാൻ തുടങ്ങിയപ്പോൾ ആണ്
‘അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട ‘ എന്ന നഗ്നസത്യം എനിക്ക് മനസ്സിലായത്….