പിന്നെ ശല്യമായി. കുളിക്കുന്നിടത്തും ഡ്രസ്സ്‌ മാറുന്നിടത്തും ഒളിഞ്ഞു നോക്കുക, ഇരുട്ടത് ദേഹത്ത് പിടിക്കുക, എന്റെ വസ്ത്രങ്ങൾ ആരുമറിയാതെ എടുത്തോണ്ട് പോവുക…

നിള – രചന: ഭദ്ര ബിനുമാധവ്

എടോ താൻ എന്തെങ്കിലുമൊന്ന് പറ….എനിക്ക് ആകെ രണ്ടാഴ്ചത്തെ ലീവെയുള്ളു…അതിനുള്ളിൽ കല്യാണം നോക്കണമെന്ന വീട്ടിൽ നിന്നുള്ള ഉത്തരവ്….

കായ്ച്ചു നിൽക്കുന്ന വാഴകൾക്ക് ഇടയിലെ കള പറിയ്ക്കുന്ന നിളയെ നോക്കി സന്ദീപ് മുഖം വീർപ്പിച്ചു

ഞാൻ അന്നേ പറഞ്ഞില്ലേ എനിക്ക് താല്പര്യമില്ലന്ന്…നൂറായിരം പ്രാരാബ്ദങ്ങൾ എന്റെ തലയിലുണ്ട്…. അതിന്റെ ഇടയിലാ ഈ പ്രേമവും കല്യാണവുമൊക്കെ… എന്നെ കൊണ്ടൊന്നും വയ്യ… സന്ദീപേട്ടൻ ഒന്ന് പോയെ

നിള കള പറിക്കൽ നിർത്തി എണീറ്റു

എടോ തന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ തന്റെ അച്ഛന് മോളായിട്ട് താൻ ഒരാളെ ഉള്ളുവെന്ന്…തന്നെക്കാൾ മൂത്ത ഒരു ചേച്ചി ഇല്ലേ തനിക്ക്… പോരാത്തതിന് അവരുടെ ഭർത്താവും… അവരൊക്കെ ഉള്ളപ്പോൾ തനിക്ക് മാത്രം ഇതെവിടുന്നാ ഇത്രയും വലിയ പ്രാരാബ്ദങ്ങൾ

നിള മറുപടിയായി ഒന്ന് ചിരിച്ചു….എന്നിട്ട് തൂമ്പയെടുത്തു വാഴയുടെ ചുവട്ടിലേക്ക് മണ്ണ് വെട്ടിയിട്ടു

ഒന്ന് സമ്മതം പറയടോ പ്ലീസ്… സന്ദീപ് അവളോട് കെഞ്ചി

സന്ദീപേട്ടന് വേറെ എത്ര പെണ്ണുങ്ങളെ കിട്ടും…ഈ ചാണകത്തിലും ചെളിയിലും ജീവിക്കുന്ന എന്നെ തന്നെ വേണോ

എടോ ഞാൻ വിചാരിച്ചാൽ വെളുത്തു തുടുത്തു നല്ല പഠിപ്പും ഭംഗിയുമുള്ള പെണ്ണുങ്ങളെ എനിക്ക് ഭാര്യയായി കിട്ടും…. പക്ഷെ മുഖത്ത് കൊറേ പുട്ടിയിട്ടും പത്രാസും കാണിച്ചു നടക്കുന്ന ഒരു ഭാര്യയെ എനിക്ക് ആവശ്യമില്ല….നമ്മുടെ നാടിന്റെ നന്മയും ശാലീനതയും നിറഞ്ഞൊരു ഭാര്യയെ മതിയെനിക്ക്…

അതിനിപ്പോ ഞാൻ തന്നെ വേണമെന്ന് എന്താ ഇത്രയും നിർബന്ധം…. ഈ നാട്ടില് നല്ല പെൺകുട്ടികളും വേറെയും ഉണ്ടല്ലോ…. അവരെ ആരെയെങ്കിലും നോക്കിയാൽ പോരെ

അതൊക്കെ ശരിയാ…. പക്ഷെ രണ്ട് വർഷം മുൻപ് അമ്പലത്തിലെ ഉത്സവത്തിന് ഞാനൊരു സുന്ദരിയെ കണ്ടിരുന്നു…..നല്ലെണ്ണയുടെ നിറവും ചുരുണ്ട മുടിയും കവിളത്തു കാക്കപുള്ളിയുള്ള കുഞ്ഞിമുഖവുമൊക്കെയായി ഒരു പാവം പെണ്ണ്…നെറ്റിയിൽ വലിയ പൊട്ടും ഉണ്ടക്കണ്ണിലെ കണ്മഷിയുമൊക്കെയായി എന്തൊരു ചേലായിരുന്നു അവൾക്ക്…അവളുടെ ആ കണ്ണിൽ അലിവും നന്മയും ഒക്കെ എനിക്ക് കാണാമായിരുന്നു…അവളോളം ഭംഗിയും ശാലീനതയുമുള്ളൊരു പെണ്ണിനെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല…. നിളയെന്ന ആ പെണ്ണിനോട് തോന്നിയ സ്നേഹം ഇനി വേറെ ആരോടും തോന്നുകയുമില്ല

അറിയാതെ നിളയ്ക്ക് ചിരി വന്നു

നിളയുടെ ചിരി കണ്ടപ്പോൾ സന്ദീപിന്റെ മനസിലൊരു തണുപ്പ് വീണു… അവൻ അവളെ ആദ്യമായി കാണുംപോലെ ഒന്ന് നോക്കി

ചുരുണ്ടു എണ്ണമിനുക്കമുള്ള മുടി ഉച്ചിയിലേക്ക് അലസമായി ഉയർത്തി കെട്ടിവെച്ചിരിക്കുന്നു…കാതിലൊരു കുഞ്ഞിമൊട്ട്കമ്മൽ… കഴുത്തിൽ കോർത്തിട്ടിരിക്കുന്ന കറുത്ത ചരടിന്റെ തുമ്പത്തൊരു കൊച്ച് സ്വർണഏലസ്… നെറ്റിയിൽ വലിയൊരു സിന്ദൂരപൊട്ട്….നെറ്റിയിൽ നിന്ന് ഒഴുകി വീണ വിയർപ്പ്തുള്ളികളാൽ ആ പൊട്ട് ചെറുതായി പടർന്നിരിക്കുന്നു….കണ്മഷി പുരണ്ട കറുത്ത കണ്ണുകൾ.. ലേശം ഇരുണ്ട ചുണ്ടുകൾ…. നിറം മങ്ങിയൊരു ബ്ലൗസും പാവാടയും… നീളമുള്ള പാവാട എടുത്ത് എളിയിൽ തിരുകിയിരിക്കുന്നു….മുകളിലെ പാവാടയ്ക്ക് അടിയിലായുള്ള ഞൊറിവെച്ച അടിപാവാടയും എടുത്തു കുത്തിയിരിക്കുന്നതിനാൽ കാണാം….അതിന്റെ തുമ്പത്തായി മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നു….നീണ്ടു മെലിഞ്ഞ പാദങ്ങളിലെ നഖങ്ങൾ ഭംഗിയായി മുറിച്ചിരിക്കുന്നു…വലുത് കാലിലൊരു ഒറ്റ ചരട്… അതിലൊരു കുഞ്ഞ്മണിയും…

ഇതെന്തിനാ ഒറ്റകാലിലൊരു ചരട്??? സന്ദീപ് ആകാംക്ഷയോടെ അവളോട് ചോദിച്ചു

അത് കണ്ണ് തട്ടാതെയിരിക്കാൻ… നിള മറുപടി പറയുന്നതിനൊപ്പം തന്നെ എളിയിൽ കുത്തിയിരുന്ന പാവാട താഴേക്ക് വലിച്ചു കാൽപാദം മറച്ചു

ഓരോ അന്ധവിശ്വാസങ്ങൾ…അല്ലാണ്ടെന്താ സന്ദീപ് വാ പൊത്തി ചിരിച്ചു

ഓ ആയിക്കോട്ടെ..സന്ദീപേട്ടൻ ഒന്ന് പോവുന്നുണ്ടോ… നേരം ഉച്ചയായി എനിക്ക് എന്തെങ്കിലും കഴിക്കണം….നിള സന്ദീപിനെ നോക്കി

താൻ എന്നെ ഇഷ്ടം ആണെന്നും എന്നെ കല്യാണം കഴിക്കാൻ സമ്മതം ആണെന്നും പറയാതെ ഞാൻ പോവില്ല…. ഉറപ്പ്….സന്ദീപ് തന്റെ നീണ്ട മീശതുമ്പൊന്നു പിരിച്ചുകൊണ്ട് അവളെ നോക്കി

ങ്ങാ നടന്നത് തന്നെ…ഞാൻ സമ്മതം പറഞ്ഞിട്ട് ഇപ്പൊ സന്ദീപേട്ടൻ പോയത് തന്നെ…. നിള അവനെ കളിയാക്കികൊണ്ട് ഭക്ഷണവും വെള്ളവും വെച്ചിരിക്കുന്ന തണലിനെ ലക്ഷ്യമാക്കി നടന്നു

ആഹ്ഹ്….. പകുതി എത്തിയപ്പോൾ അവളൊന്നു നിന്നു

എന്തേ…. എന്ത് പറ്റി സന്ദീപ് അവളുടെ അരികിലേക്ക് ഓടിയെത്തി

നിള ഒറ്റക്കാലിൽ നിന്ന് കൊണ്ട് മറുകാൽവെള്ള പരിശോധിച്ചു..കാൽവെള്ളയിൽ ചെറുതായി ചോര പൊടിയുന്നുണ്ടായിരുന്നു

മുള്ള് തറച്ചെന്ന് തോന്നുന്നു….സന്ദീപ് നിളയുടെ കാൽവെള്ളയിൽ ഒന്ന് തൊട്ടു

ഇങ്ങനെ പണിക്ക് വരുമ്പോൾ തനിക്കൊരു ചെരുപ്പ് ഇട്ടുകൂടെ… സന്ദീപ് അവളോട് ചൂടായി

ചെരുപ്പ് ഇട്ടോണ്ടാ വന്നേ… ഊരി വെച്ചേക്കുവാ…നിളയുടെ മുഖം വേദന കൊണ്ട് ചെറുതായി

ഊരി വെയ്ക്കാൻ ആണെങ്കിൽ പിന്നെന്തിനാടി മണ്ടി ചെരുപ്പ്…. സന്ദീപ് കപടദേഷ്യത്തോടെ നിളയുടെ തലയ്ക്കിട്ടു ഒരു കിഴുക്ക് കൊടുത്തു

നിള ഏന്തിയേന്തി തണലത്ത് ചെന്നിരുന്നു….സന്ദീപ് അവളുടെ അരികിലായിരുന്നു….പിന്നെ പതിയെ അവളുടെ കാലെടുത്തു തന്റെ മടിയിലേക്ക് കേറ്റിവെച്ചു… നിള അവനെ തടയാൻ ശ്രമിച്ചെങ്കിലും അവനത് കാര്യമാക്കാതെ അവളുടെ ഉള്ളംകാലിൽ തറച്ചിരുന്ന മുള്ളെടുത്തു മാറ്റി….ശേഷം മുറിവിൽ നല്ല ഉണങ്ങിയ മണ്ണെടുത്തു തേച്ചു

ങ്ങാ ഇനി ശരിയായിക്കോളും… സന്ദീപ് അവളെ നോക്കി കണ്ണിറുക്കി

ങും…. അവളൊന്നു മൂളി… പിന്നെ അടുത്തിരുന്ന ചോറുംപാത്രമെടുത്തു തുറന്നു… നല്ല ചെറുളളിയിട്ട് മൊരിച്ചെടുത്ത മുട്ട വറുത്തതിന്റെ നറുമണം അതിൽ നിന്നും പുറത്തേക്ക് ഒഴുകി. കറിപാത്രത്തിൽ നിന്നും ചക്കക്കുരു ഒഴിച്ച്കറി ചോറിലേക്ക് പകർന്നു മുട്ട പൊരിച്ചതും കൂട്ടി നിള ചോറ് കഴിക്കാൻ തുടങ്ങി

എടോ താൻ എന്ത് ദുഷ്ട്ടയാടോ… സന്ദീപ് നിളയെ പരിഭവത്തിൽ നോക്കി

ന്തേ?? നിള കഴിപ്പ് നിർത്തി അവനെ നോക്കി

തന്റെ മുൻപിൽ മല പോലൊരു മനുഷ്യനിങ്ങനെ ഇരിക്കുമ്പോൾ ഒന്ന് വേണോന്നു പോലും ചോദിക്കാതെ ഇങ്ങനെ ഫുഡ്‌ അടിക്കാൻ തനിക്ക് എങ്ങനെ മനസ്‌ വരുന്നു

അത്…പിന്നെ… ഞാൻ… നിങ്ങളൊക്കെ വലിയ ആൾക്കാര് അല്ലേ….നമ്മുടെ ഈ ചോറും ചക്കകുരുകറിയും തിന്നുമോ എന്നറിയാത്തത് കൊണ്ടാ… നിള വിക്കി

എടോ വിശപ്പിനു അങ്ങനെ ഒന്നുമില്ല…..ഈ പറഞ്ഞ സാധനമൊക്കെ ഞങ്ങളും കഴിക്കും…

സോറി… നിള തല കുനിച്ചു

സന്ദീപ് പോയി ഒരു ചെറിയ വാഴയില വെട്ടി വെള്ളചാലിൽ കഴുകി കൊണ്ട് വന്നു അവൾക്ക് മുൻപിൽ ഇരുന്നു

ഇനി എനിക്കും കൂടി കുറച്ചു താടോ

നിള മടിയോടെ ചോറിൽ നിന്നും കുറച്ചെടുത്തു ഇലയിൽ വിളമ്പി…. മുട്ട പൊരിച്ചതിന്റെ പകുതിയും ചക്കകുരുകറിയും കൊടുത്തു…സന്ദീപ് നന്നായി കുഴച്ചു ചോറുണ്ടു….അവനൊപ്പം ചോറ് കഴിക്കുന്നതിനൊപ്പം നിള ഇടംകണ്ണാൽ ഇടയ്ക്ക് അവൻ കഴിക്കുന്നതും നോക്കികൊണ്ടിരുന്നു.

മുട്ട പൊരിച്ചത് ഒരു കഷ്ണം നുള്ളിയെടുത്തു സന്ദീപ് വായിലേക്ക് വെച്ചു….

കൊള്ളാലോ… ഇത് നാടൻമുട്ട ആണല്ലേ???

അതെ… വീട്ടിൽ ഏഴെട്ടു കോഴിയുണ്ട്…. നിള മറുപടി പറഞ്ഞു

ഈ ചക്കക്കുരുകറിയൊക്കെ അമ്മ പണ്ട് ഉണ്ടാക്കുമായിരുന്നു….ഇപ്പൊ ചക്കയും കിട്ടാനില്ല… ചക്കകുരുവും കിട്ടാനില്ല… സന്ദീപ് ചിരിച്ചു കൊണ്ട് പറഞ്ഞു

നിളയുടെ ചുണ്ടിലും ചെറിയൊരു ചിരി മിന്നി

താൻ എത്ര വരെ പഠിച്ചു?? സന്ദീപ് ചോദിച്ചു

ഡിഗ്രി ഒരു വർഷം പോയി പിന്നെ പോയില്ല…നിളയുടെ മുഖം വാടി

അതെന്താ???

ഞാൻ ഏഴിൽ പഠിക്കുമ്പോഴാ അച്ഛൻ പോണത്…. പിന്നെ അമ്മയാണ് എന്നേം ചേച്ചിനേം വളർത്തിയതുമൊക്കെ….ചെറുപ്പം മുതലേ കഷ്ട്ടപെട്ടത് കൊണ്ടാണോ എന്നറിയില്ല… ഞങ്ങള് വലുതായി വന്നപ്പോഴേക്കും അമ്മയ്ക്ക് വയ്യാണ്ടായി….പണ്ടേ ഞാൻ പഠിക്കുന്ന കാര്യത്തിൽ ഇച്ചിരി മണ്ടിയാ….അപ്പൊ പിന്നെ ചേച്ചി പഠിച്ചോട്ടെ എന്നങ്ങു വിചാരിച്ചു…ഞാൻ ആദ്യം കൊറേ കടയില് സെയിൽസ് ഗേൾ ആയിട്ടൊക്കെ നിന്ന് നോക്കി…പറ്റുന്നില്ല നിന്ന് നിന്ന് കാലൊടിയും… പിന്നെ ചേച്ചിയെ കെട്ടിക്കാൻ നേരത്ത് ആകെയുണ്ടായിരുന്ന 20സെന്റ് ഭാഗം വെച്ചു എനിക്ക് കിട്ടിയ സ്ഥലം ആണിത്….അച്ഛൻ ഉണ്ടായിരുന്ന സമയത്തു കൃഷി നടത്തിയിരുന്നത് ആണിവിടെ…..അമ്മയാ പറഞ്ഞെ എന്തെങ്കിലും നട്ടു നോക്കാൻ…. ആദ്യമൊന്നും എനിക്ക് ഒരു ചുക്കും അറിയില്ലായിരുന്നു…. പിന്നെ ആയകാലത്ത് അച്ഛന്റെ ശിങ്കിടിയായിരുന്ന ശേഖരൻ ചേട്ടനാണ് ഓരോന്നും പറഞ്ഞും കാണിച്ചു തന്നും പഠിപ്പിച്ചത്….ഇപ്പൊ എനിക്കെല്ലാം ഒറ്റയ്ക്ക് ചെയ്യാൻ അറിയാം….. ഇടയ്ക്ക് കപ്പ ചിലപ്പോൾ വാഴ പിന്നെ പയർ അങ്ങനെ സൗകര്യം പോലെ എല്ലാം നടും…. വിളവെടുത്തു കുടുംബശ്രീ വഴിയും അല്ലാണ്ടുമൊക്കെ ആൾക്കാരിൽ എത്തിക്കും….വിഷമില്ലാത്ത പച്ചക്കറി ആയോണ്ട് ആൾക്കാർ നല്ല വിലയ്ക്ക് വാങ്ങും…. ഇച്ചിരി കഷ്ട്ടപാടുണ്ടെങ്കിലും ലാഭം ഉണ്ട്….

നിള കഴിച്ചു തീർത്തു കൈ കഴുകാൻ എണീറ്റു

കൈ കഴുകി വന്ന ശേഷം അവൾ വീണ്ടും സന്ദീപിന്റെ അടുത്തായി ഇരുന്നു

തനിക്ക് എന്നെ കുറിച്ച് എന്തെങ്കിലും അറിയോ?? സന്ദീപ് ചിരിയോടെ അവളെ നോക്കി

അറിയാലോ….തങ്കമണി ടീച്ചറുടെയും സദാനന്ദൻ മാഷിന്റെയും രണ്ട്മക്കളിൽ മൂത്ത ആള്… വീട്ടിൽ അമ്മ അച്ഛൻ അനിയത്തി…. പിന്നെ ഗൾഫില് വലിയ എഞ്ചിനീയറ്…. ഇത്രയൊക്കെ അറിയാം

പിന്നെ ഒന്നുമറിയില്ലേ??? സന്ദീപിന്റെ കൺകോണിലൊരു കുസൃതി മിന്നി

ഉവ്വ് അറിയാം…. വർഷം രണ്ടായി എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നതും അറിയാം…. നിള പൊട്ടിച്ചിരിച്ചു

സന്ദീപും അവളുടെ ചിരിയിൽ പങ്കു ചേർന്നു… അവൻ കഴിച്ചു കൈ കഴുകി വന്നു

ഇന്നിനി വയ്യ…. കാലിനു വല്ലാത്ത വിങ്ങല്….നിള പാത്രങ്ങൾ ഒരു സഞ്ചിയിലേക്ക് ഒതുക്കി അതുമെടുത്തു പാടവരമ്പത്തൂടെ പതിയെ നടന്നു…. സന്ദീപ് അവളുടെ പിന്നാലെയും

എടോ തനിക്ക് എന്നെ ഇഷ്ട്ടല്ലേ??? സന്ദീപ് അവളുടെ മുന്നിൽ വഴി മുടക്കി നിന്നു

ഇഷ്ടകുറവ് ഒന്നും തോന്നിയിട്ടല്ല….എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട് സന്ദീപേട്ടാ….അതൊന്നും ഒരിക്കലും തീരില്ലെന്ന് എനിക്കറിയാം…. അതിന്റെ ഇടയില് ഒരു പ്രേമം… പെട്ടന്നൊരു കല്യാണം അതൊന്നും നടക്കില്ല

എന്താ തന്റെ പ്രശ്നം???താൻ തനിച്ചല്ലല്ലോ വീട്ടിൽ ചേച്ചിയും ചേച്ചിയുടെ ഭർത്താവുമൊക്കെയില്ലേ? പിന്നെന്തിനാ താൻ മാത്രമിങ്ങനെ കിടന്നു കഷ്ടപ്പെടുന്നു

ചേച്ചിയും ഭർത്താവും…..നിളയുടെ ചുണ്ടിലൊരു പുച്ഛം തെളിഞ്ഞു…അവര് തന്നെയാണ് എന്റെ പ്രശ്നം

അവരെ കൊണ്ട് എന്ത് പ്രശ്നം

പലയിടത്തും നിന്നും കടം വാങ്ങിയും ചിട്ടി പിടിച്ചുമാണ് 15പവൻ സ്വർണമിട്ടു ചേച്ചിയെ ചേച്ചി പ്രേമിച്ച ആൾക്കൊപ്പം തന്നെ കെട്ടിച്ചു വിട്ടത്…. അയാള് അത് മൊത്തം കള്ള് കുടിച്ചു തീർത്തു…പോസ്റ്റ് ഓഫീസിൽ ജോലി ആണെന്നൊക്കെ പറഞ്ഞാണ് കല്യാണം നടത്തിയത്…. പക്ഷെ അയാൾക്കൊരു ജോലിയുമില്ലെന്നുള്ള കാര്യം പിന്നെയാണ് അറിയുന്നത്….ചേച്ചിയും ആള് മോശം ഒന്നുമല്ല അയാളുടെ അമ്മയുമായി എപ്പോഴും അടിയും ബഹളവുമാണ്…. അതുകൊണ്ടാ ഇപ്പൊ വീട്ടിൽ വന്നു നിൽക്കുന്നത്…വീട്ടിൽ പോലും തിന്ന പാത്രം കൂടി കഴുകി വയ്ക്കില്ല…..

നിളയൊന്നു നിർത്തി സന്ദീപിനെ നോക്കി

എന്തേ നിർത്തിയെ… ബാക്കി പറ

അയാള് ആണെങ്കിൽ ഒരു പണിക്കും പോവൂല…എന്നാലോ നൂറായിരം ആവശ്യങ്ങള് കാണും… എല്ലാത്തിനും ഞാൻ കിടന്നു ഓടണം… ചേച്ചിയും അയാളുടെ ഭാഗത്താണ്…ചേച്ചിക്ക് സിസേറിയൻ നടത്തിയതും മാളുമോളുടെ 28നടത്തിയതുമൊക്കെ എന്റെ കയ്യിലേം കഴുത്തിലേം ഊരി വിറ്റാണ്…. ഒന്നിനും നന്ദിയോ കടപ്പാടോ ഇല്ല…. കറക്റ്റ് സമയത്ത് ഉണ്ണാൻ വന്നിരിക്കും എന്നല്ലാതെ വേറെ ഒന്നും അറിയണ്ട….. എന്നെ ഊറ്റി പിഴിഞ്ഞാണ് അയാളും ചേച്ചിയും ജീവിക്കുന്നത്…. പോരാത്തതിന് അയാളുടെ ഒരു വല്ലാത്ത നോട്ടവും മറ്റും

അയാള് നിന്നെ ഉപദ്രവിക്കാറുണ്ടോ???

ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു…. പിന്നെ ശല്യമായി… കുളിക്കുന്നിടത്തും ഡ്രസ്സ്‌ മാറുന്നിടത്തും ഒളിഞ്ഞു നോക്കുക…. ഇരുട്ടത് ദേഹത്ത് പിടിക്കുക…എന്റെ വസ്ത്രങ്ങൾ ആരുമറിയാതെ എടുത്തോണ്ട് പോവുക… ഇതൊക്കെയാണ് പുള്ളിടെ പണി…. നിള സന്ദീപിനെ നോക്കി വെറുതെ ചിരിച്ചു

എനിക്ക് വയസ് 25തികഞ്ഞു…. ഒരുപാട് കല്യാണലോചന വന്നിട്ടും അവര് സമ്മതിക്കുന്നില്ല….പ്രായം ആയിട്ടില്ല പോലും….

തന്റെ അമ്മയ്ക്ക് ഇതൊന്നും അറിയില്ലേ??

അമ്മ എന്ത് ചെയ്യാനാ…അമ്മ ഒരുപാട് പ്രതികരിച്ചു നോക്കിയതാ… പക്ഷെ എന്റെ പേരിലുള്ളത് വരെ അവർ സ്വന്തമാക്കി ഞങ്ങളെ ഇറക്കി വിടുമെന്ന അമ്മയെ പറഞ്ഞു പേടിപ്പിച്ചു വച്ചേക്കുന്നേ…. നിള പറഞ്ഞു നിർത്തി

സന്ദീപ് കുറച്ചു നേരമൊന്നും മിണ്ടാതെ നിന്നു

എടോ ഞാൻ നാളെ എന്റെ വീട്ടുകാരെയും കൂട്ടി തന്റെ വീട്ടിൽ വന്നു നിന്നെ എനിക്ക് തരുവോന്നു ചോദിക്കട്ടെ

അയ്യോ അതൊന്നും വേണ്ട… അവര് സമ്മതിക്കില്ല…

അതെനിക്ക് വിട്ടേരെ…. എന്തായാലും ഞാൻ നാളെ വരും ട്ടോ….. ഒരുങ്ങി നിന്നോ…… സന്ദീപ് അതും പറഞ്ഞു വന്ന വഴി തിരിച്ചു നടന്നു

*************************

നോക്ക് മിസ്റ്റർ സന്ദീപ്…ഈ കല്യാണം നടക്കില്ല….

അതെന്താ നടക്കാത്തത്…. ചോദിച്ചത് സന്ദീപിന്റെ അച്ഛനായിരുന്നു

നിങ്ങൾ പ്രതീക്ഷിക്കുന്ന സ്ത്രീധനം തരാനൊന്നും ഞങ്ങൾക്ക് കഴിയില്ല….. നിളയുടെ ചേച്ചിയുടെ ഭർത്താവ് രാഘവൻ കസേരയിലേക്ക് ഞെളിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു

അതിന് ഞങ്ങൾക്ക് സ്ത്രീധനം വേണമെന്ന് പറഞ്ഞില്ലല്ലോ..ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി… സന്ദീപിന്റെ അമ്മ സ്നേഹത്തോടെ നിളയെ നോക്കി

ഏയ്‌ അതൊന്നും നടക്കില്ല…. അവൾക്ക് കല്യാണത്തിനുള്ള പ്രായം ആയിട്ടില്ല…. രാഘവൻ വീണ്ടും എതിർപ്പ് പറഞ്ഞു

കുട്ടിക്ക് വല്ല എതിർപ്പും ഉണ്ടോ??? സന്ദീപിന്റെ അച്ഛൻ നിളയെ നോക്കി

നിള ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ സന്ദീപിനെയൊന്നു നോക്കി വേദനയോടെ ചിരിച്ചു… പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി

സന്ദീപിന് വല്ലാത്ത സങ്കടം തോന്നി

ചേട്ടനിങ്ങു വന്നേ…. സന്ദീപ് രാഘവനെ പുറത്തേക്ക് വിളിച്ചു

രാഘവൻ തെല്ല് അഹങ്കാരത്തോടെ സന്ദീപിനൊപ്പം പുറത്തേക്ക് മാറിനിന്നു

എടാ ചെക്കനെ…. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ കല്യാണം ആലോചിക്കാൻ…. കാര്യം എന്റെ ഭാര്യയുടെ അനിയത്തിയാ… പക്ഷെ ആള് അത്ര വെടിപ്പല്ല കേട്ടോ….. ഇടയ്ക്ക് എന്നെ ചെറുതായിട്ട് കയ്യും കണ്ണുമൊക്കെ കാണിക്കും… ഞാൻ പിന്നെ ഡീസന്റ് ആയത് കൊണ്ട് അതൊന്നും മൈൻഡ് ചെയ്യാറില്ല… രാഘവൻ സന്ദീപിന്റെ തോളിൽ കയ്യിട്ടു

സന്ദീപിന്റെ രക്തം തിളച്ചു… അവൻ രാഘവന്റെ കൈ തട്ടി മാറ്റി അയാളുടെ കോളറിന് കുത്തി പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തി അടിവയറ്റിലേക്ക് തന്റെ കാല് കേറ്റി…

പന്ന നായിന്റെ മോനെ…. നാണമില്ലേടാ ചെറ്റേ ഇത്രയും തടിമിടുക്ക് ഉണ്ടായിട്ടും ഭാര്യയുടെ അനിയത്തിയെ കൊണ്ട് പണി എടുപ്പിച്ചു തിന്നാൻ…

സ്വന്തം അനിയത്തിയെ പോലെ കാണണ്ടേ പെണ്ണിനെ കേറി പിടിക്കാൻ മാത്രം നിനക്ക് അത്രയ്ക്ക് സൂക്കേട് ആണോ…. സന്ദീപ് ദേഷ്യം കൊണ്ട് വിറച്ചു

നിളയെ ഞാൻ കെട്ടും…. ഈ കല്യാണം തന്നെ നടക്കും… കേട്ടോ… സന്ദീപ് തന്റെ മുഷ്ടി ചുരുട്ടി രാഘവന്റെ മുഖത്തിന്റെ നേർക്ക് പിടിച്ചു

ഓ ആയിക്കോട്ടെ…..രാഘവൻ വേദന കൊണ്ട് പുളഞ്ഞു

ങ്ങാ പിന്നെ ഇത്രയും നാള് ആ പാവം പെണ്ണിനെ ഊറ്റി ജീവിച്ചില്ലേ നീയും നിന്റെ പെണ്ണുമ്പിള്ളയും…നാളെ തന്നെ അവരേം വിളിച്ചോണ്ട് നിന്റെ വീട്ടിലേക്ക് പൊയ്ക്കോണം…. കേട്ടോ???

കേട്ടു…. രാഘവൻ സന്ദീപിന്റെ തീ പാറുന്ന കണ്ണുകളിലേക്ക് നോക്കി നിന്നു വിറച്ചു

എന്നാ ചെല്ല്… ചെന്ന് കല്യാണത്തിന് സമ്മതം ആണെന്ന് ചെന്ന് പറ….

ആം പറയാം….രാഘവൻ ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് പറഞ്ഞു…

സന്ദീപ് വേഗം കാലെടുത്തു മാറ്റി…. രാഘവൻ ഉലഞ്ഞു പോയ ഷർട്ട് നേരെയിട്ട് വെളുക്കെ ചിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് കേറി

ചെക്കൻ മിടുക്കനാ കേട്ടോ…. ഈ കല്യാണം നമുക് അങ്ങ് ഉറപ്പിക്കാം ലെ…… രാഘവൻ ഇളിഞ്ഞൊരു ചിരിയോടെ എല്ലാരേം നോക്കി

മറ്റുള്ളവർ ഒന്നും മനസിലാവാതെ അയാളെ നോക്കി വാ പൊളിച്ചു… ഇതെന്ത് മറിമായം..

****************************

അങ്ങനെ എല്ലാവരുടെയും സമ്മതത്താൽ തന്നെ എല്ലാം പറഞ്ഞു ധാരണയാക്കിയ ശേഷം സന്ദീപും കുടുംബവും ഇറങ്ങാൻ തുടങ്ങി…. സന്ദീപ് അകത്തേക്ക് കേറി നിളയെ കണ്ടു….. അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി മിന്നുന്നത് അവന് കാണാമായിരുന്നു

എടോ താൻ പറയുന്നത് കേട്ടപ്പോൾ ഞാൻ കരുതി നിന്റെ ചേച്ചിടെ ഭർത്താവ് ഭയങ്കര ഭീകരൻ ആണെന്ന്…. ഇത് വെറും പേടിതൊണ്ടൻ ആണല്ലോ….

നിള വാ പൊത്തി ചിരിച്ചു

സന്ദീപ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു….

സന്തോഷായില്ലേ നിനക്ക്??

മ്മ്… നിള അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു

അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു….

നിള നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ആ സ്നേഹത്തിലെങ്ങനെ അലിഞ്ഞു ചേർന്ന്നിന്നു……..

ശുഭം 💙