സന്ധ്യാ ദീപത്തിന്റെ പ്രഭയിൽ നിറഞ്ഞു നിൽക്കുന്ന പൂമുഖത്ത് മുത്തശ്ശിയുടെ തോളിൽ തല ചായ്ച്ചു പടിക്കൽ ഇരിക്കുകയാണ് ആരാധ്യ. ബ്ലാക്ക് കരയോടു കൂടിയ സെറ്റ് മുണ്ടാണ് വേഷം. അവളുടെ കണ്ണുകൾ അർണവിനെ പ്രതീക്ഷിച്ചെന്നോണം പടിപ്പുരയിലേക്ക് തന്നെ നീണ്ടു.
ഏഴാം മാസിലെ ചടങ്ങുകൾ നടത്തി ആരാധ്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നിട്ടു രണ്ടാഴ്ച്ചയായി.
ലീവ് എടുത്തു അവളോട് ഒപ്പം നിൽക്കാൻ പോയ സീനയെ തടഞ്ഞു കൊണ്ടു മുത്തശ്ശിയും മീനയും അവളെ തറവാട്ടിലേക്ക് കൂട്ടി. ലീവ് ആരാധ്യയുടെ പ്രസവശേഷം എടുക്കാം എന്ന തീരുമാനത്തിൽ എത്തി സീന. എല്ലാവരോടൊപ്പം സന്തോഷത്തിൽ നിൽക്കുമ്പോഴും അർണവിനെ പിരിഞ്ഞിരിക്കുന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു. അർണവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ആഴ്ച്ചയിൽ രണ്ടു മൂന്നു വട്ടമെങ്കിലും വന്നു പോകാൻ അവൻ ശ്രമിച്ചിരുന്നു.
കളി കഴിഞ്ഞു വിയർത്തു കയറി വരുന്ന ആരവിനേയും ആരുഷിനേയും കണ്ട് മീന ദേഷ്യപ്പെട്ടുകൊണ്ട് ഉമറത്തേക്ക് വന്നു.
“എത്ര തവണ പറഞ്ഞിട്ടുണ്ട് രണ്ടിനോടും സന്ധ്യയ്ക്ക് വിളക്ക് കൊളുത്തും മുൻപ് കളി നിർത്തണമെന്ന്.. “
അമ്മയുടെ വാക്കുകൾക്ക് ചെവി നൽകാതെ ആയുഷ് പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു ആരാധ്യയ്ക്ക് നൽകി.
” ഗ്രൗണ്ടിന്റെ അടുത്തുള്ള തട്ട് കടയിൽ കണ്ടപ്പോ വാങ്ങിയതാ… ചേച്ചിയ്ക്ക് ഇതു നല്ല ഇഷ്ടം അല്ലേ… “
പൊതി കയ്യിൽ വാങ്ങി അവൾ അഴിച്ചു നോക്കി. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള നാരങ്ങ മിഠായി കണ്ടു ആരാധ്യയുടെ വായിൽ വെള്ളമൂറി.
അവൾ പൊതി മൂക്കിനോട് അടുപ്പിച്ചു അവയുടെ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റി എന്നിട്ട് ഓറഞ്ചു നിറമുള്ള ഒരെണ്ണം വായിലേക്കിട്ടു.
” ആധ്യ ചേച്ചിടെ ഒരു കാര്യം.”
അവളുടെ പ്രവൃത്തി കണ്ടു ചിരിച്ചു കൊണ്ട് ആയുഷ് അകത്തേക്ക് കയറി പോയി.
“എന്റെ മോളെ ഈ ഇരിപ്പ് തുടങ്ങിയിട്ട് എത്ര നേരം ആയി. അവൻ ഇങ്ങോട്ട് തന്നെയല്ലേ വരുക. വാ എഴുന്നേറ്റ് ആ മുറ്റത്ത് രണ്ട് അടി നടന്നേ.. “
മുത്തശ്ശി എഴുന്നേറ്റ് അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. സൂര്യൻ മറഞ്ഞു തുടങ്ങുന്നുണ്ടായിരുന്നുള്ളൂ. അന്തരീക്ഷം മൊത്ത മഞ്ഞപ്രകാശം നിറഞ്ഞിരുന്നു.
വായിൽ ഇട്ട നാരങ്ങാ മിഠായി ആസ്വദിച്ചു നുണഞ്ഞു കൊണ്ട് ആരാധ്യ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ചെറിയ തണുത്ത കാറ്റ് അവളെ തഴുകി കൊണ്ടിരുന്നു. ഒരു കൈ അടിവയറ്റിലേക്ക് താങ്ങി പിടിച്ചു കൊണ്ടു അവൾ നടക്കുമ്പോഴും കണ്ണുകൾ പടിപ്പുരയിലേക്ക് തന്നെ തിരിഞ്ഞു കൊണ്ടിരുന്നു. ഒരോ തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ അവളുടെ കൈകൾ തുളസി തറയെ തഴുകി കൊണ്ടിരുന്നു.
അവളെ നോക്കി കൊണ്ടാണ് അർണവ് മുറ്റത്തേക്ക് കടന്നത്. കാർ പാർക്ക് ചെയ്തു അർണവ് അവളുടെ അടുത്തേക്ക് നടന്നു. സെറ്റുമുണ്ടിൽ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന അവളെ കണ്ടു അവന്റെ മനസ്സ് നിറഞ്ഞു.
“ഇപ്പൊ ക്ഷീണം ഒക്കെ മാറി ഉഷാറായല്ലോ.” അർണവ് അവളുടെ തോളിലൂടെ കൈയിട്ടു പിടിച്ചു കൊണ്ട് പറഞ്ഞു.
“ഇപ്പൊ രണ്ടു ദിവസം ആയിട്ട് ഛർദ്ദി ഇല്ല.”
“ഞാൻ അന്നേ നിന്നോട് പറഞ്ഞതല്ലേ. അറ്റ്‌മോസ് ഫിയർ ചെയ്ഞ്ച് ആയാൽ മൊത്തത്തിൽ ഒരു മാറ്റം വരുമെന്ന്.”
അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.
“മതി രണ്ടാളും അകത്തേക്ക് കയറി വായോ ഇരുട്ട് വീണു തുടങ്ങി. ” മുത്തശ്ശി അകത്തേക്ക് കയറി കൊണ്ടു പറഞ്ഞു.
മീന അപ്പോഴേയ്ക്കും ചായയുമായി വന്നു.
” വരട്ടെ ചെറിയമ്മേ ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം. ഓഫീസിനു വരുന്ന വഴിയാണ്.”
അവൻ ആരാധ്യയെ ഒന്നു നോക്കി മുറിയിലേക്ക് നടന്നു. അവൾ ഒരു തോർത്തുമായി പിന്നാലെ ചെന്നു.
“ഏട്ടൻ ആകെ ക്ഷീണിച്ചു. ഈ ഓട്ട പാച്ചിൽ കാരണം.”
ആരാധ്യയുടെ വാക്കുകൾക്ക് മറുപടി നൽകാതെ അർണവ് അവൾക്ക് മുന്നിൽ മുട്ടുകുത്തി അവളുടെ വയറിലേക്ക് മുഖം ചേർത്തു. അച്ഛന്റെ സാമിപ്യം തിരിച്ചറിഞ്ഞോണം കുഞ്ഞു ഒന്നു അനക്കി. അവളുടെ വയറിനു ചുറ്റും കൈകൾ ചേർത്തു വച്ചു അർണവ് ആ സ്പന്ദനം തിരിച്ചറിഞ്ഞു. അവൻ സ്നേഹത്തോടെ ആരാധ്യയുടെ വയറിൽ മുത്തം നൽകി.
അർണവ് കുളികഴിഞ്ഞു വരുമ്പോഴേയ്ക്കും പ്രകാശും എത്തിയിരുന്നു. ആരാധ്യയ്ക്ക് ഇഷ്ടപ്പെട്ട എള്ളുണ്ടയുമായാണ് വന്നത്. ഒട്ടും ക്ഷമയില്ലാതെ പല്ലുകൾ കൊണ്ട് കവർ കടിച്ചു പൊട്ടിക്കുന്ന അവളെ കണ്ട് എല്ലാവരും ചിരിച്ചു.
രാത്രി ഭക്ഷണം കഴിക്കാൻ മടിച്ചു ഇരുന്ന ആരാധ്യയെ അർണവ് സ്നേഹത്തോടെ ഊട്ടി. എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി കൊണ്ടു തന്റെ പൊന്നോമനയെ സ്വീകരിക്കാനുള്ള മനസ്സുമായി ആരാധ്യ ഓരോ ദിവസവും തള്ളി നീക്കി.
ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ തന്നെ കാണാൻ എത്തിയ തനിഷ്കയെ കണ്ടു ആരാധ്യ സന്തോഷം കൊണ്ടു മതി മറന്നു. കുറച്ചു നാൾക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച ആയതിനാൽ അവർക്കിരുവർക്കും സംസാരിക്കാൻ ഏറെയായിരുന്നു. പടിപ്പുറയ്ക്ക് ഇരുവശമായി ഉയർത്തി കെട്ടിയ ഇളം തിണയിൽ അവർ ഇരുന്നു. വാതോരാതെ സംസാരിയ്ക്കുമ്പോഴും അവളുടെ കണ്ണുകളിൽ അലയടിക്കുന്ന വിഷാദം ആരാധ്യ തിരിച്ചറിഞ്ഞു.
“തനു ഓഫീസിലെ വിശേഷങ്ങൾ ഒക്കെയും നീ പറഞ്ഞു പക്ഷേ ഒരാളുടെ കാര്യം മാത്രം നീ വിട്ടു. അതെന്താ?”
തനിഷ്കയുടെ മുഖം പെട്ടെന്ന് മങ്ങി. അവൾ ഒന്നു ആലോചിച്ച ശേഷം പറഞ്ഞു.
” നിളയുടെ ഏട്ടന്റെ കാര്യം അല്ലേ നീ ഉദ്ദേശിച്ചേ ആധ്യ. ആ മനസ്സിന്റെ ഉൾക്കോണിൽ ഇന്നും എനിക്ക് ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം അടുക്കാൻ ആകാതെ നീറി പുകയുന്ന ഒന്നുണ്ട് ആ ഹൃദയത്തിൽ.. അതിനു ശമനം വരുന്നവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് ആധ്യാ. പക്ഷേ എന്നെങ്കിലും ആ കാത്തിരിപ്പിനു ഒരു അവസാനം ഉണ്ടാകും എന്നൊരു ഉറപ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ…. “
അവളുടെ വാക്കുകളിലെ നൊമ്പരം ആരാധ്യയെ വല്ലാതെ വിഷമിപ്പിച്ചു. അവൾ തനിഷ്കയുടെ കൈകളിൽ പിടിച്ചു അവളുടെ ഒടുത്തേക്ക് ഒന്നൂടെ ചേർത്ത് ഇരുത്തി.
” ഞാൻ… ഞാൻ ഒന്നു സംസാരിച്ചു നോക്കിക്കോട്ടെ നിളയുടെ ചേട്ടനോട്.. “
തനിഷ്ക പ്രതീക്ഷയോടെ അവളെ നോക്കി.
” ആധ്യ നീ.. അതു വേണോ?”
“മ്മ്., അതെന്താ ഞാൻ സംസാരിച്ചാൽ? ഞാനും അർണവേട്ടനും കൂടി ആളെ കാണാം. ഞങ്ങൾ ഒന്നു സംസാരിച്ചു നോക്കട്ടെ. നിന്നെ തഴയാൻ മാത്രം എന്തു കാര്യമാണ് അയാൾക്ക് ഉള്ളതെന്ന് അറിയണമല്ലോ?”
ആരാധ്യയുടെ വാക്കുകളിൽ തനിഷ്കയ്ക്കു ചെറിയ ഭയം തോന്നി.
” അതു വേണ്ട ആധ്യ നിന്റെ ഈ അവസ്ഥയിൽ നീ ഇതിൽ ഇടപ്പെടണ്ട. നീ സ്ട്രയിൻ ചെയ്ണ്ട ഇപ്പൊ. നമുക്ക് നോക്കാം ഇത് എവിടെ വരെ പോകുന്നു. ഒരു പക്ഷേ നീ ഒന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടാകുള്ളൂ എന്നാലും വേണ്ട.”
“ഒരു എന്നാലും ഇല്ല.. നീ എന്റെ ചങ്ക് അല്ലേ… നിനക്ക് വേണ്ടി ഞാൻ ഇതെങ്കിലും ചെയ്യണ്ടേ., നാളെ അർണവേട്ടനും വരുന്നുണ്ട്. ഒപ്പൊ ഇനി കൂടുതൽ ഒന്നും പറയണ്ട നീ ആളെ കൂട്ടി ഒന്നു വന്നാൽ മാത്രം മതി.”
തനിഷ്കയുടെ ഉള്ളിൽ ഭയം നിറഞ്ഞു കിരൺ ആണ് ആളെന്ന് അറിഞ്ഞാൽ ആരാധ്യയുടേയും അർണവിന്റേയും പ്രതികരണം എന്താകും എന്നോർത്ത്. എന്തായാലും ആരാധ്യയോട് ഒന്നു തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ കിരണിനു ഉള്ളൂ എന്നു തനിഷ്കയ്ക്കും തോന്നി.
പിറ്റേന്ന് വൈകുന്നേരം എറണാക്കുളം ടൗണിൽ നിന്നുള്ളിലേക്ക് മാറി ഒരു ശാന്തമായ പാർക്കിൽ തനിഷ്കയേയും കാത്തിരിക്കുകയായിരുന്നു ആരാധ്യയും അർണവും. പുൽത്തകിടികൾ കൊണ്ടും ചെടികൾ കൊണ്ടും മനോഹരമായിരുന്നു അവിടം. കുറച്ചു മാറി കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. അങ്ങ് ഇങ്ങായി സംസാരിച്ചിരിക്കുന്ന അവരുടെ മാതാപിതാക്കളും.
കാറിലെ നിശബ്ദയെ കീറി മുറിച്ചു കൊണ്ട് കിരൺ ചോദിച്ചു.
” ഇനിയെങ്കിലും പറയൂ എവിടെക്കാണ് നമ്മൾ പോകുന്നത്. “
” ഞാൻ പറഞ്ഞല്ലോ കിരൺ ഈ ഒരൊറ്റ തവണ എന്നോടൊപ്പം വരൂ. പിന്നീട് ഒരിക്കലും തന്നെ ശല്യം ചെയ്തു ഞാൻ വരില്ല എന്നു…” ശബ്ദത്തിലെ ഇടർച്ച മറച്ചുകൊണ്ട് തനിഷ്ക പറഞ്ഞു. പിന്നീട് നിശബ്ദമായി അവൾ
പുറത്തേക്ക് നോക്കി ഇരുന്നു. ഇടയ്ക്ക് നിറഞ്ഞു വരുന്ന കണ്ണുകൾ അവൻ കാണാതെ അവൾ തുടച്ചു കൊണ്ടിരുന്നു.
അവളുടെ സങ്കടം കാണുന്നുണ്ടെങ്കിലും അവൻ അത് കാണാതിരിക്കാനേ കഴിഞ്ഞുള്ളൂ. തന്റെ ഈ നീറി നീറി ഉള്ള ജീവിതത്തിൽ അവളെ കൂടെ കൂട്ടാൻ അവനു മനസ്സു വരുന്നുണ്ടായിരുന്നില്ല. എന്നെങ്കിലും മനസ്സ് ശാന്തമാകും വരെ കാത്തിരിക്കാൻ പറയാനും കഴിഞ്ഞില്ല. എന്നാലും എപ്പോഴൊക്കയോ അവളുടെ സാമിപ്യം അവനൊരു ആശ്വാസമായിരുന്നു. പെട്ടെന്ന് ഒരു ദിവസം വന്നു ഇനി എന്റെ ശല്യം ഉണ്ടാകില്ല അവസാനമായി എന്റെ കൂടെ ഒരു സ്ഥലം വരെ വന്നാൽ മതി എന്നു പറഞ്ഞപ്പോൾ പറ്റില്ല എന്നു പറയാൻ കിരണിനു ആയില്ല. നിളയുടെ വാക്കുകളിലൂടെ കിരൺ അവളെ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു.
പാർക്കിന്റെ ഗ്രെറ്റ് കടന്നപ്പോൾ തനിഷ്കയ്ക്ക് ആകെ അസ്വസ്ഥത തോന്നി. കിരണിന്റേയും അർണവിന്റേയും കൂടിക്കാഴ്ച്ച അപകടം ആകുമോ എന്ന ഭയം അവർക്കുണ്ടായി. ഒപ്പം ആരാധ്യയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും.
അവളുടെ മുഖഭാവം മനസ്സിലാക്കി കിരൺ അവളെ നോക്കി ആദ്രമായി വിളിച്ചു.
“തനൂ.. “
ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന ശേഷം അവൾ പുറത്തേക്ക് ഇറങ്ങി. കിരണും അവൾക്ക് ഒപ്പം നടന്നു.
അകലേന്നു നടന്നു വരുന്ന തനിഷ്കയെ കണ്ടു ആരാധ്യ പതിയെ എഴുന്നേറ്റു. എന്നാൽ അവൾക്കൊപ്പം കിരണിനെ കണ്ട് ആരാധ്യ തറഞ്ഞു നിന്നു. അവൾ വേഗം അർണവിന്റെ മുഖത്തേക്ക് നോക്കി. തീ പാറുന്ന കണ്ണുകളുമായി അവൻ ചാടി എണീറ്റു ആരാധ്യയ്ക്കു മുന്നിലേക്ക് കടന്നു നിന്നു. മുന്നിൽ ആരാധ്യയെ കണ്ട കിരൺ തളർന്നു നിന്നു. ഒരു കുറ്റവാളിയുടെ മുഖത്തോടെ തനിഷ്ക ആരാധ്യയെ നോക്കി.
തുടരും…
വലിച്ചു നീട്ടുന്നില്ല അടുത്ത ഭാഗത്തോടെ വിരാമം ഇടാം…