മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയ പെണ്ണിനെ കാശിനു വേണ്ടിയാ അഭിയേട്ടൻ കെട്ടിയെന്നു എന്റെ വീട്ടുകാർ പറഞ്ഞിരുന്നു

ഒളിച്ചോടിയ പെണ്ണ് – രചന: മഞ്ജു ജയകൃഷ്ണൻ

“ഒരുത്തന്റെ കൂടെ ചാടിപ്പോയിട് വീട്ടുകാർ പിടിച്ചോണ്ട് പോന്ന പെണ്ണാണ് ,എന്നാലെന്താ ഇഷ്ടം പോലെ കാശും കിട്ടും..”

ബ്രോക്കർ നാരായണേട്ടൻ തലചൊറിഞ്ഞു കൊണ്ട് ഇറയത്തു ചാരുകസേരയിൽ ഇരിക്കുന്ന അച്ഛനോട് പറയുന്നത് കേട്ടാണ് വായനശാലയിലേക് പോകാനിറങ്ങിയ അനിരുദ്ധൻ അവിടേക്കു ചെന്നത്.

“അനിക്കുട്ടാ ,നീയിതു കേട്ടോ ? നമ്മുടെ അഭിക്കൊരു കല്യാണം ആലോചിക്കാൻ പറഞ്ഞതിന് ഇയാൾ കൊണ്ടുവന്ന ബന്ധം?”

ദേഷ്യത്തോടെ അച്ഛൻ അത് പറഞ്ഞപ്പോൾ ചെറുചിരിയോടെ അനിരുദ്ധൻ നാരായണനോട് ആ ഫോട്ടോ ചോദിച്ചു.

ഇരുനിറമുള്ള ഐശ്വര്യമേറിയ പെൺകുട്ടി.

ഫോട്ടോ തിരിച്ചുകൊടുത്തുകൊണ്ട്,

“എന്തേ നാരായണേട്ട ഇങ്ങനെ ഉള്ള ആലോചനകൾ ഒക്കെ അവനു കൊണ്ടുവരുന്നേ? കാശിനെ ഇവിടെ കുറവുള്ളൂ. അന്തസ്സിനൊട്ടും തട്ടുകേടില്ല കേട്ടോ..ഇതുപോലെ ഇനി ഇവിടെ വന്നാൽ ഞാൻ മേലും കീഴും നോക്കാതെ പറയും “

അനിരുദ്ധന്റെ വാക്കുകൾ കേട്ട് നാരായണൻ തെല്ലൊന്നു പകച്ചെങ്കിലും

“ഇതിവിടെത്തെ അഭിടെ നിർബന്ധം കൊണ്ടന്ന്യ ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നേ അനിക്കുട്ടിയെ ” ന്നു പറഞ്ഞപ്പോളേക്കും

“ആഹാ നാരായണേട്ടൻ വന്നോ” എന്നും ചോദിച്ചു അഭിഷേക് ഇറയത്തേക് ഇറങ്ങി വന്നു..

“എവിടെ നമ്മുടെ കക്ഷിയുടെ ഫോട്ടോ?” അച്ഛനെ നോക്കി കണ്ണിറുക്കിയിട് അനിയുടെ തോളിൽ ഒരു തട്ടും കൊടുത്തു അഭി ആ ഫോട്ടോ അയാളുടെ കൈയിൽ നിന്നും വാങ്ങി…

“കൊള്ളാല്ലോ…എനിക്കൊക്കെ ഇത് ധാരാളം ല്ലേ അനിക്കുട്ടിയെ ?നല്ല ചുള്ളത്തി അല്ലെ മോനെ അച്ഛാ ? “

“നിനക്കിതു എന്തിന്റെ കേടാ അഭി? ” അനിയുടെ സ്വരം ഉയർന്നപ്പോൾ തന്നെ നാരായണൻ കുട കക്ഷത്തിൽ വച്ച് പോകാനൊരുങ്ങി..

“അഹ്..നാരായണേട്ട ..നിങ്ങള് പോയ കാല് തല്ലി ഒടിക്കും കേട്ടോ ഞാൻ “

അഭിയുടെ വാക്ക് കേട്ട് നാരായണൻ ത്രിശങ്കു സ്വർഗ്ഗത്തിലെപോലെയായി..

“ഡാ അഭി നിനക്കു വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണോ ഈ ഒളിച്ചോടി പോയവളെയൊക്കെ ആലോചിക്കുന്നേ?”

അച്ഛന്റെ ചോദ്യത്തിന് മറുപടിയെന്നോണം അഭി അയാളുടെ കൈയിൽ പിടിച്ചു നിലത്തിരുന്നു …

“മോനെ അച്ഛാ ..നിങ്ങൾക്കെല്ലാർക്കുമറിയാല്ലോ വലിയ പിജി യും ഒക്കെ എടുത്തു ഒരു ജോലി പോലുമില്ലാതെ ഞാനിവിടെ കുത്തിയിരിക്കാൻ തുടങ്ങിയിട്ട് നാളെ കറക്റ്റ് ഒരു വര്ഷം ആകുവാന്…എന്തുമാത്രം ഇന്റർവ്യൂ ..എത്ര പരീക്ഷകൾ …ഒക്കെ വെറുതെ ആയില്ലേ? എത്ര നാളെന്നു വച്ച നിങ്ങൾക്കൊക്കെ ഒരു ഭാരം ആയി ഇവിടെ ഇങ്ങനെ…”

“കൂലിപ്പണിക്ക് വിടാൻ നിങ്ങളുടെ അന്തസ്സ് സമ്മതിക്കില്ല..പിന്നെ

എന്ത് ചെയ്യണം ഞാൻ ?”

“നാരായണേട്ട ഇപ്പോ പൊക്കൊളു ..ഞാൻ വൈകിട്ട് നിങ്ങളെ വിളിക്കാംട്ടോ…”

അഭി പറഞ്ഞപ്പോൾ ആ ഫോട്ടോയുമെടുത്തു തന്റെ ബാഗും കുടയുമായി അയാൾ മുറ്റത്തെക്കിറങ്ങി..

“ഡാ നിനക്കു ജോലി ഇല്ലാത്തതുകൊണ്ടാണോ ഇതുപോലുള്ള ആലോചനകൾ ? കെട്ടാൻ ഇനീം സമയമുണ്ട്…ജോലി ആയിട്ടു നല്ലതു ആലോചിച്ച പോരെ ?27 വയസ്സല്ലേ ഉള്ളു…? നീ ഭാരമാണെന്നു ഇവിടെ ആരാ പറഞ്ഞെ ?”

അനിരുദ്ധ് ദേഷ്യത്തോടെ ചോദിച്ചപ്പോൾ അച്ഛൻ നെഞ്ചും തിരുമ്മി എണ്ണീറ്റുപോയി…

അഭി : “ആരും പറയാതെ അത് മനസിലാക്കി പ്രവർത്തിക്കുന്നതല്ലേ നല്ലതു..?”

അനി :”അതിനു ജോലി അല്ലെ നോക്കണ്ടേ ?കല്യാണം അല്ലാലോ?”

“എന്റെ ഏട്ടാ…നീയൊന്നു വായനശാലയിൽ പോയി വാ..എനിക്കിച്ചിരി പണിയുണ്ട്…ഞാൻ പതിയെ പറയാം എല്ലാം..”

അനിയെ ഉന്തിത്തള്ളി മുറ്റത്തേക്കിറക്കീട്ടു അഭി അടുക്കളയിലേക്ക് പോയി…

ശങ്കരത്തിൽ തറവാട് ..പലചരക്കു വ്യാപാരം നടത്തുന്ന വിജയനും ഭാര്യ ശാരദ അവരുടെ നാലു മക്കൾ…മൂത്ത രണ്ടു പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു അവര് ഭർത്താവും മക്കളുമൊത്തു ജീവിക്കുന്നു..അനിരുദ്ധ് അടുത്തൊരു ഗവ :സ്കൂളിൽ അദ്ധ്യാപകനാണ്..അവിടെത്തന്നെയുള്ള ടീച്ചർ മായ ആണ് അയാളുടെ ഭാര്യ ..അവർക്കു മൂന്നു വയസ്സുള്ള ഒരു പെൺകുട്ടി “ശ്രദ്ധ “.

പിന്നെയുള്ളതാണ് അഭിഷേക്..ബിടെക് , എംബിഎ പാസ്സായി ജോലി അന്വേഷിച്ചു നടന്നു മടുത്തു…

“പെൺകുട്ടികളെ കെട്ടിച്ചു വിട്ട കടങ്ങളും ആൺമക്കളെ പഠിപ്പിച്ച ലോൺ ഒക്കെ ഒന്നൊതുങ്ങി വരുന്നതേയുള്ളു..

“അഭിക്കും കൂടെ ജോലിയായാൽ ഒക്കേത്തിനും ഒരു സമാധാനം ആയേനെ “എന്നുള്ള പറച്ചിൽ കേട്ട് മടുത്താണ് അഭി ഇങ്ങനെ ഒരു തീരുമാനം എടുത്തത്…

അഭി :”ജോലിയില്ലാത്ത ചെക്കനെ കെട്ടിക്കാൻ ഉണ്ടെന്നു ആരോടേലും പറയു..സ്ത്രീധനം വേണം ..ദത്തു നില്കാനാണേലും ഞാൻ റെഡി “

അപ്പോളാണ് നാരായണൻ വെറുതെ നേരം പോക്കിന് ഈ കുട്ടീടെ കാര്യം പറഞ്ഞത്..ഇത്തിരി ദൂരെയാണ് സ്ഥലം..നല്ല പൈസയുള്ള ടീം ആണ്..പെണ്ണിന് ഒരു ചുറ്റിക്കളി..അതിവരുടെ അന്തസ്സിനു പോരാത്ത ബന്ധം..ഒളിച്ചോടിപ്പോയ അവളെ പിറ്റേന്ന് തന്നെ പിടിച്ചോണ്ട് വന്നു വീട്ടു തടവിലാക്കി..ഇപ്പോ ധൃതിയിൽ ആലോചനയാണ്..എത്ര ക്യാഷ് വേണമെങ്കിലും കിട്ടുമത്രേ..

എങ്ങനെയെങ്കിലും കുറച്ചു ക്യാഷ് ഉണ്ടാക്കണം..ആരേം ബുദ്ധിമുട്ടിക്കാതെ ജീവിക്കണം..അതിനൊരു പോംവഴിയിതേയുള്ളുന്നു അഭി അങ്ങ് തീരുമാനിച്ചു…ജോലി കിട്ടുന്നേൽ ആവട്ടെ..

അഞ്ചു വര്ഷം പ്രേമിച്ചു ഒടുവിൽ തേച്ചിട്ടു പോയ കാമുകിയോടുള്ള വെറുപ്പ് മൊത്തം പെൺവർഗ്ഗത്തോടുണ്ടായിരുന്നെങ്കിലും ജീവിക്കാൻ ഒരു കാരണം പെണ്ണായിട്ട് തന്നെ വരുമെന്ന് അവനും തീരെ ഓർത്തിരുന്നില്ല എന്നതാണ് സത്യം..

ഒരുപാട് നിർബന്ധിച്ചിട്ടും അഭിയുടെ തീരുമാനം മാറ്റാൻ ആരെക്കൊണ്ടും സാധിച്ചില്ല…പെങ്ങള്മാരും അളിയന്മാരും അമ്മയുമൊക്കെ എങ്ങനെ പറഞ്ഞിട്ടും അവൻ അമ്പിലും വില്ലിലും അടുക്കാഞ്ഞപ്പോൾ മായ അവനു പക്ഷം ചേർന്ന് സംസാരിക്കുകയും പിന്നീടത് എല്ലാവര്ക്കും സമ്മതം ആവുകയും ചെയ്തു…മായക്കു അവന്റെ പ്രേമബന്ധത്തെക്കുറിച്ചു അറിയാവുന്നതു കൊണ്ടും പെൺവിരോധിയായ അവനെ എങ്ങനേലും ഒന്നു മാറ്റിയെടുക്കണമെന്നും അവളും ആഗ്രഹിച്ചിരുന്നു..

“ഏതായാലും പെണ്ണിനെ കാണട്ടെ അവൻ..നാട്ടുകാരോട് എന്തിനു നമ്മൾ ചരിത്രം മൊത്തം പറയണം? ഇത്രേം ദൂരത്തുന്നു വരുന്ന ആ പെണ്ണ് ഒളിച്ചോടിയ കാര്യം ആരും അറിയണ്ട…അറിഞ്ഞാൽ അല്ലെ കുത്തിത്തിരുപ്പുകൾ ഉണ്ടാകു..” മായ യുടെ ആ വാക്ക് എല്ലാവര്ക്കും ശരിയാണെന്നും തോന്നി…

അങ്ങനെ അവരെല്ലാം കൂടെ പെണ്ണ് കാണാൻ പോകുകയും എല്ലാവര്ക്കും കീർത്തിയെ ഇഷ്ടപ്പെടുകയും എത്രേം പെട്ടെന്ന് കല്യാണം നടത്താനുള്ള തീരുമാനം ആകുകയും ചെയ്തു…..

വീട്ടുകാരുടെ തീരുമാനങ്ങൾ ഭംഗിയായി നടന്നുവെങ്കിലും ആരും ആ കുട്ടിക്ക് ഈ കല്യാണത്തിന് സമ്മതം ആണോയെന്നുപോലും ചോദിച്ചില്ല…അറക്കപെടാൻ വിധിച്ച ഒരു മൃഗം പോലെ ആയിരുന്നു കീർത്തിയുടെ അവസ്ഥ…

ജോലിയും കൂലിയുമില്ലാത്ത അഭിക്ക് ലോട്ടറി അടിച്ചുന്നായി നാട്ടാരുടെ വർത്തമാനം….ഉള്ളിൽ എവിടെയോ ഒരു വേദന ഉണ്ടേലും അഭിയുടെ വീട്ടുകാർ എല്ലാം ഓടിനടന്നു ഭംഗിയാക്കാൻ ശ്രമിച്ചു…

നൂറ്റൊന്നു പവനും കാറും പത്തു ലക്ഷം രൂപയുമായിരുന്നു സ്ത്രീധനം ..പിന്നെ അവരുടെ നാട്ടിൽ അമ്പതു സെൻറ് സ്ഥലവും അഭിയുടെ പേരിൽ എഴുതിക്കൊടുത്തു അവളുടെ വീട്ടുകാർ…

കല്യാണം ആഡംബരത്തോടെ കഴിഞ്ഞു…അഭിയുടെ വീട്ടിലേക്ക് പോരുമ്പോളോ കല്യാണസമയത്തോ ഒന്നും കീർത്തിയിൽ നിന്നും ഒരു പുഞ്ചിരി പോലും ഉണ്ടായില്ല…വീട്ടുകാരെ പിരിയുമ്പോൾ ഒരു തുള്ളി കണ്ണുനീർ വന്നില്ല..ആരോടോ ഉള്ള പക വീട്ടൽ ആരുന്നു അവൾക്കും ഈ കല്യാണം…

നാട്ടുകാർ മുഴുവൻ അത്ഭുതത്തോടെയാണ് കീർത്തിയെ വരവേറ്റത്..സാധരണക്കാരനായ വിജയന് ഇങ്ങനെ ഒരു ബന്ധം കിട്ടിയതിൽ ഏവരും അസൂയാലുക്കളുമായിരുന്നു. കീർത്തിയെ പറ്റിയുള്ള ഒരു വാർത്തയും പുറത്തു പോകാതിരിക്കാൻ അഭിയുടെ വീട്ടുകാർ നന്നേ പരിശ്രമിച്ചിരുന്നു..

പെണ്ണുകാണലിനു ശേഷം കല്യാണത്തിനാണ് എല്ലാവരും അവളെ കാണുന്നത്. ക്ഷീണിച്ചുവെങ്കിലും അവളുടെ കണ്ണിൽ ഒരു തിളക്കം എപ്പോളുമുണ്ടായിരുന്നു..ബന്ധുക്കളും നാട്ടുകാരും ചുറ്റും കൂടി അവളെ പരിചയപ്പെടുന്നതും സ്വർണത്തിന്റെ കണക്കു കണ്ണുകൊണ്ടെടുക്കുന്നതും കണ്ടപ്പോൾ അഭി മായയെ വിട്ടു അവളെ അവിടന്നും രക്ഷപെടുത്തി…

എല്ലാതിരക്കുകളും കഴിഞ്ഞു വീട്ടുകാരും കുറെ പേര് പോയിക്കഴിഞ്ഞപ്പോൾ കീർത്തിക്കും ഒരു ആശ്വാസം പോലെ തോന്നി..ഇതുവരെ അഭിയോട് നേരെ മിണ്ടിയിട്ടില്ല ..മായയോട് നല്ല അടുപ്പമുണ്ട്..അമ്മയ്ക്കും പെങ്ങള്മാര്ക്കും ഇഷ്ടക്കുറവില്ലായെങ്കിലും അടുപ്പം ആയിട്ടില്ല…കുട്ടികൾ എല്ലാരും നല്ല കൂട്ടായി …

രാത്രി ഭക്ഷണത്തിനു ശേഷം കുളിയും കഴിഞ്ഞു അഭിയുടെ റൂമിലേക്കു മായ കയറ്റി വിടുമ്പോൾ കീർത്തിയുടെ കാതിൽ പറഞ്ഞത്

“പുതിയ ജീവിതം …അത് നന്നാക്കാനും നശിപ്പിക്കാനും നമുക്ക് പറ്റും..തീരുമാനം നിങ്ങളുടേതാണ്”

റൂമിലേക്ക് വന്ന കീർത്തിയോട് അഭിക്ക് ഒന്നും പറയാൻ തോന്നിയില്ല..

“ക്ഷീണം ഉണ്ടേൽ കിടന്നോളു” എന്നും പറഞ്ഞു അവൻ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും അവൾ പെട്ടെന്നാണ് കരഞ്ഞുകൊണ്ട് അഭിയുടെ കാൽക്കലേക്ക് വീണത്..

സ്തബ്ധനായി പോയ അഭി പെട്ടെന്നു അവളെ പിടിചെഴുനെല്പിച്ചു..”എന്താണ് കാര്യം?നീയെന്തിനാണ് ഇങ്ങനെ കരയുന്നതെന്നു” ചോദിച്ചപ്പോൾ അവൾ കൈകൂപ്പി അവന്റെ മുന്നിലേക്കു നീങ്ങി നിന്നു…

“മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയ പെണ്ണിനെ കാശിനു വേണ്ടിയാ അഭിയേട്ടൻ കെട്ടിയെന്നു എന്റെ വീട്ടുകാർ പറഞ്ഞിരുന്നു..എന്തിനാ അഭിയേട്ടാ ഇതൊക്കെ ?എന്നെ ഒഴിവാക്കിക്കൂടെ? നിങ്ങൾക് നല്ല പെണ്ണിനെ കിട്ടുമായിരുന്നു…”

കരഞ്ഞു തളർന്ന അവൾ കട്ടിലിലേക്ക് ഇരുന്നു…..

അവളുടെ അടുത്തായി അവനും…

“എന്റെ എല്ലാ കാര്യവും നിങ്ങൾ അറിയണം ..”

“പറഞ്ഞോളൂ കീർത്തി…മനസ് തുറന്നു നീ പറഞ്ഞോളൂ…”

“സമ്പത്തുകൊണ്ടു മാത്രം എല്ലാമാവുമെന്നാണ് എന്റെ വീട്ടുകാരുടെ ധാരണ …എന്നേം ആ രീതിയിൽ തന്നെ വളർത്തിയെങ്കിലും ഞാൻ അവരിൽ നിന്നൊക്കെ ഒരുപാട് മാറിചിന്തിച്ചു..എനിക്ക് എല്ലാവരേം ഒരുപോലെ കാണാൻ ഇഷ്ടമായിരുന്നു..മനുഷ്യരായിട്ട്…”

“ജസ്റ്റിൻ എന്റെ വീട്ടിലെ ജോലിക്കാരന്റെ മകനായിരുന്നു..സേവ്യർ ചേട്ടൻ എനിക്ക് മോളുടെ സ്ഥാനം തന്നെങ്കിലും ജസ്റ്റിനും ഞാനും വളരെ പെട്ടെന്ന് പ്രണയത്തിലായി..വീട്ടുകാരുടെ വഴക്കും ഗുണ്ടായിസവുമൊക്കെ ഞങ്ങളെ വേർപിരിച്ചില്ല…അപ്പനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടെങ്കിലും ജസ്റ്റിന്റെ വീട്ടുകാർക് ജീവിക്കാനുള്ള വകയുണ്ടായിരുന്നു…കോളേജ് പഠനം കഴിഞ്ഞു അവനു ജോലി കിട്ടിയതോടെ ഞങ്ങള്ക് പുതിയ പ്രതീക്ഷകൾ ആയി…”

“വീട്ടുതടങ്കലിൽ പെട്ട ഞാൻ ഒരുനാൾ എല്ലാരുടേം കണ്ണുവെട്ടിച്ചു അവന്റെ വീട്ടിലെത്തി..അതറിഞ്ഞു എന്റെ വീട്ടുകാർ അവിടെ വന്നു തല്ലും ബഹളവുമൊക്കെയായി എന്നെ കൂട്ടിക്കൊണ്ടു പോന്നു..പിന്നീട ഞാൻ കേൾക്കുന്നത് അവരുടെ കുടുംബത്തിന്റെ കാർ അപകടവും സേവ്യർ ചേട്ടന്റെ മരണവാർത്തയുമാണ്…”

“അപ്പനെ കൊന്ന എന്റെ വീട്ടുകാരെ ജസ്റ്റിൻ വെറുതെ വിടുമോ? വഴക്കിനു വന്ന അവനെ പോലീസ് അറസ്റ്റ് ചെയ്തു..”

” ഉന്നതങ്ങളിൽ നല്ല പിടിപാടുള്ളവരായതിനാൽ അവർ ജസ്റ്റിനെ കള്ളക്കേസിൽ കുടുക്കിൽ ജയിലിലുമാക്കി…”

കരച്ചിൽ നിർത്തി കീർത്തി അഭിയെ നോക്കി…

“അവനിപ്പോ എന്നോട് ദേഷ്യമാണ് ..പകയാണ്…സ്നേഹമില്ല അഭിയേട്ട….”

“അതൊക്കെ സഹിക്കാം…അവനും എന്നെ ചതിക്കുവായിരുന്നു എന്ന് ഈയടുത്താണ് ഞാൻ അറിഞ്ഞത്…എന്റെ മേലുള്ള സ്വത്താണ് അവനും ആഗ്രഹം…അതിനു വേണ്ടി അവനും അപ്പനും കൂടെ മെനഞ്ഞെടുത്ത പ്രണയനാടകം ആരുന്നു ഞങ്ങളുടേത്..”

“ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഞാൻ തളർന്നു കിടക്കുന്ന എന്റെ അമ്മയെ ഓർത്തു അതും ഉപേക്ഷിച്ചു…അമ്മയുടെ നിർബന്ധമായിരുന്നു ഈ കല്യാണം…”

അവളെഴുന്നേറ്റു അഭിയുടെ അടുത്ത് വന്നു അവന്റെ കൈയിൽ പിടിച്ചു..

“ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ആത്മാർത്ഥമായി അവനെ മാത്രേ സ്നേഹിച്ചിട്ടുള്ളു…മനസ്സ് കൊണ്ട്… ഒരുപാട് ആഗ്രഹിച്ചതുമാണാ ജീവിതം…പക്ഷെ ഞാൻ തോറ്റു പോയി…”

“അഭിയേട്ടനോട് എനിക്ക് ഒന്നേ പറയാനുള്ളു…എന്നെ ഉപേക്ഷിച്ചോളു.. ..ഞാൻ മൂലം നിങ്ങൾക് ഒരിക്കലും ഒരു നാണക്കേടും ഉണ്ടാകരുത്. ഒളിച്ചോടിയ പെണ്ണിനെ കെട്ടി എന്നുള്ള വാർത്ത ഇവിടേം എല്ലാരും അറിഞ്ഞാൽ നിങ്ങൾക്കൊക്കെ തല ഉയർത്തി നടക്കാനൊക്കുമോ?”

തളർന്നു കട്ടിലിലേക്കു ഇരുന്ന അവളെ സഹതാപത്തോടെ നോക്കി അഭി കുറച്ചു വെള്ളം എടുത്തു കുടിച്ചു…

ഒരു ഗ്ലാസിൽ വെള്ളമെടുത്തു അവൾക് നേരെ നീട്ടി..ഒന്നും പറയാതെ അത് മുഴുവനും ഒറ്റവലിക്ക് കുടിച്ചു ഗ്ലാസ് തിരികെ നൽകി…

“എനിക്ക് സ്ത്രീധനം കിട്ടിയ ഒന്നും തിരികെ വേണ്ട..ഞാൻ പൊക്കോളാം എവിടെയേലും..’അമ്മ ക്കു മാത്രമേയുള്ളു എന്നോട് സ്നേഹം ആ വീട്ടിൽ…പണത്തിനു പുറകെ ഓടുന്ന അച്ഛനും ആങ്ങളമാർക്കും കീർത്തി എപ്പോളും ഭാരമാണ്..ആരും എന്നെ അന്വേഷിച്ചിവിടെ വരില്ല അഭിയേട്ട..അതുകൊണ്ടെനിക്കെന്തു സംഭവിച്ചാലും നിങ്ങൾക്കൊരു പ്രശ്നവും വരില്ല..നല്ല ആള്ക്കാര് ആണ് നിങ്ങളൊക്കെ ..”

“ഇതുപോലുള്ള വീട്ടിൽ ജീവിക്കാനുള്ള യോഗ്യതയൊന്നുമെനിക്കില്ല..എനിക്ക് ഇത്രേയുള്ളൂ പറയാൻ..ഇനി അഭിയേട്ടന് തീരുമാനിക്കാം..”

അഭി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു..

പേടിച്ചരണ്ട അവൾ മാറാൻ തുടങ്ങിയതും അവളെ തന്നോട് കൂടുതൽ ചേർത്ത് ഇരുത്തിയ അവൻ അവളുടെ കൈകൾ ചേർത്ത് അവന്റെ നെഞ്ചിൽ ചേർത്ത് വച്ചു..

“കീർത്തി ,സത്യം പറഞ്ഞാൽ നീ സംസാരിക്കുന്നതിനു മുന്നേ വരെ ഞാനും ഏതാണ്ടീയൊരു മാനസികാവസ്ഥയിൽ ആയിരുന്നു..പൈസക്ക് വേണ്ടി നടത്തിയ കല്യാണം ..അതായിരുന്നു എനിക്കുമിത്..”

“അവളുടെ മൈലാഞ്ചി കൈകളിൽ വിരലോടിച്ചു അവൻ തുടർന്നു..

“എനിക്കുമുണ്ടായിരുന്നു അസ്ഥിക്ക് പിടിച്ച പ്രണയം..അഞ്ചുവർഷം… കാണാത്ത സ്വപ്നങ്ങളില്ല ..ദിയ അതാരുന്നു അവളുടെ പേര്..എന്റെ വിളക്ക്..എന്റെ ജൂനിയർ ആയിരുന്നു..ജാതി യും മതവുമൊക്കെ ഞങ്ങളുടെ പ്രണയത്തിനൊരു തടസ്സമായില്ല..പക്ഷെ ,ഒരു ദിവസം അവള് പോയി…വീട്ടുകാരെ വേദനിപ്പിച്ചൊരു ജീവിതം വേണ്ടെന്നും പറഞ്ഞു..

“ജോലിയും കൂലിയുമില്ലാത്ത എന്നെ അവളുടെ വീട്ടുകാർ ആട്ടിപ്പായിച്ചു..കുറെ കരഞ്ഞും പറഞ്ഞും നോക്കിയെങ്കിലും അവസാനം അവൾ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി..ഇപ്പോ 2 കുട്ടികളുമായി..അമേരിക്കയിലാണെന്നു കേട്ടു..”

“പ്രേമിക്കുമ്പോൾ നമുക്ക് തോന്നും നമ്മളെ ഉള്ളു ഈ ലോകത്തിലെന്നു..പക്ഷെ കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കളുടെ മുന്നിൽ ,അവരുടെ എതിർപ്പുകൾക്കിടയിൽ നമ്മൊളൊക്കെ ഒന്നുമല്ലാതാകുമെടോ..”

“നന്മക്കേ അവരെല്ലാം ചെയ്യുന്നു ആശ്വസിച്ചു ജീവിക്കാനേ മിക്കവർക്കും കഴിയു…”

“അതോണ്ട് നമ്മൾ ഏതാണ്ട് തുല്യ യോഗ്യന്മാരാണ് ല്ലേ …അപ്പൊ നമുക്കങ്ങു അടിച്ചു പൊളിച്ചു ജീവിച്ചാലോ…എന്തേ??”

കീർത്തിയുടെ താടിയിൽ പിടിച്ചുയർത്തി അഭിയത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടു നിറഞ്ഞൊഴുകി…

“എനിക്ക് ഇച്ചിരി സമയം തരുമോ അഭിയേട്ട? ഒക്കെ ഒന്ന് മറന്നു ഉള്ളിലുള്ള ഓർമ്മകൾ പാടെ തുടച്ചു കളയാൻ ഒരിത്തിരി സമയം…?മനസുകൊണ്ട് മാത്രേ ഞാൻ സ്നേഹിച്ചിട്ടുള്ളു …ഒരു തരത്തിലും ചീത്തയായിട്ടില്ലട്ടോ…”

അതും പറഞ്ഞു അവൾ പൊട്ടിക്കരയുമ്പോൾ അഭിയുടെ കണ്ണുകളും നിറഞ്ഞു തൂവി..

“അതിനു ഞാൻ ചോദിച്ചോ നിന്റെ ചരിത്ര്യത്തെ പറ്റി? മനസിനാണ് ശുദ്ധത വേണ്ടത്…അത് ഇപ്പോ നിനക്ക് വേണ്ടുവോളമുണ്..എനിക്കും…നമ്മളുടെ ഇടയിലൊരു സംശയം പോലുമിനി ഉണ്ടാവേണ്ട കാര്യമില്ല…ദാമ്പത്യം എന്ന് പറഞ്ഞാൽ adjustment മാത്രമല്ല understanding കൂടെയാണ്…”

“ആവശ്യം പോലെ സമയം എടുത്തോളൂ..പക്ഷെ ഇനി കരയാൻ പാടില്ല കീർത്തി. ഇവിടെയുള്ളോരൊക്കെ നിന്റെം കൂടെ ആൾക്കാരാണ്..നിന്റെ വീട്ടിൽ നിന്നും കിട്ടാത്ത സ്നേഹമൊക്കെ ഇവ്ടെന്നു വാരിക്കോരി തരാൻ റെഡി ആയി നിൽക്കുന്ന അവരെ തള്ളിപ്പറഞ്ഞു പോകുമോ നീ ഇനി?”

“ഇല്ല ,അഭിയേട്ട..പോവില്ല ഞാൻ..ഒരുപാട് ഭാഗ്യമുണ്ടെനിക്കു എന്ന് ഇപ്പോൾ തോന്നുവാണ്…എന്നെ മനസിലാക്കിയല്ലോ…അത് മതി…മരിക്കുവോളം ഈ സ്നേഹം മാത്രം മതിയെനിക്..”

“അപ്പോൾ എങ്ങനെയാ ജീവിതം ഇന്നങ്ങു തുടങ്ങണോ? അതോ നാളെ മതിയോ? “

കണ്ണിറുക്കി അഭിയത് ചോദിക്കുമ്പോൾ “നാളെയാവട്ടെ” എന്നും പറഞ്ഞു നാണിച്ചു കീർത്തി മുഖം പൊത്തി ഓടിക്കളഞ്ഞു…

അഞ്ചു വര്ഷങ്ങള്ക്കു ശേഷം ഇന്നവരുടെ വിവാഹ വാർഷികം ആഘോഷിക്കുവാണ് ശങ്കരത്തിൽ തറവാട്ടിൽ..എല്ലാവരും വന്നിട്ടുണ്ട്..കീർത്തിയുടെ വീട്ടുകാരും..അവരൊക്കെ ഇപ്പോൾ നല്ല സ്നേഹത്തിലാണ്..കീർത്തിക്കും അഭിക്കും രണ്ടു കുട്ടികൾ ..നാലു വയസുകാരി അഭിരാമിയും രണ്ടു വയസുകാരൻ കാർത്തിക് ഉം ..അഭിക്ക് അടുത്തൊരു പ്രൈവറ്റ് ബാങ്കിൽ മാനേജർ ആയി ജോലി കിട്ടി..കീർത്തി സമ്പൂർണ്ണ വീട്ടമ്മ..എല്ലാവരും നല്ല സന്തോഷമായി ജീവിക്കുന്നു..

ജസ്റ്റിന്റെ കേസ് ഒക്കെ കീർത്തിയുടെ വീട്ടുകാർ പിൻവലിച്ചു..അവൻ നേഴ്സ് ജീനയെ കെട്ടി ക്യാനഡയിലാണ്….