അയാൾ – രചന: അഞ്ജലി മോഹൻ
“പൊക്കിൾചുഴിക്ക് താഴെ എന്താണ്… അത് മാത്രമാണോ ഒരു പെണ്ണിനെ പെണ്ണാക്കുന്നത്…” കണ്ണ് നിറഞ്ഞൊഴുകുമ്പോൾ എന്നും ആ പെണ്ണ് ആശ്വാസത്തിനായി ആവർത്തിച്ചത് അവളോട് തന്നെ ചോദിച്ചുകൊണ്ടിരിക്കും….ഇരുട്ട് വീണ് കഴിയുമ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും തന്റെ പ്രിയപ്പെട്ടവന്റെ കൊഞ്ചലിനൊപ്പം മണി പാദസരത്തിന്റെയും കിലുക്കം കേൾക്കുന്നതുപോലെ…. കാതുരണ്ടും പൊത്തിപിടിക്കും….. അയാളരുകിൽ വരുമ്പോൾ മറ്റൊരുവളുടെ ഗന്ധം നാസികയ്ക്കുള്ളിലൂടെ തലയിലേക്ക് അരിച്ചുകയറുന്നതുപോലെ…..അയാള് അവളുടേത് മാത്രമാണെന്ന് അവൾക്കുള്ളിൽ നിന്നും പെണ്ണൊരുത്തി കുശുമ്പോടെ ഒച്ചയുയർത്തി പറയും…. അത് കേൾക്കാതെ അയാൾ തിരികെ ഇറങ്ങിപോകുമ്പോൾ കണ്ണുകളിൽ മഴപെയ്യും…. അപ്പോൾ മാത്രം അവൾക്ക് അവളുടെ ചലിക്കാനാവാത്ത അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗത്തോട് പരിഭവം തോന്നും…. വെറുതെ കൈകൾ കൊണ്ട് അവിടങ്ങളിലെല്ലാം തലങ്ങും വിലങ്ങും തല്ലും…. വെറുതെ…
മൂത്രത്തിന്റെ ഗന്ധം അസഹ്യമായപ്പോഴാണവൾ മേശയിലേക്ക് കയ്യെത്തി സ്റ്റീൽ ഗ്ലാസ്സൊരെണ്ണം അയാളെ വിളിക്കാനായി താഴെ ഇട്ടത്…..മുൻപൊക്കെ അവൾക്ക് വിളിക്കാനായി മാത്രം അയാൾക്കൊരു പേരുണ്ടായിരുന്നു. ഇപ്പൊ അതും ആ പെണ്ണ് മറന്നിരിക്കുന്നു….മുഖത്തേക്ക് നോക്കിയില്ലെങ്കിലും മൂത്രത്തിന്റെ രൂക്ഷ ഗന്ധത്തോട് അയാളൊരിക്കലും അറപ്പ് കാട്ടിയിരുന്നില്ല… മരുന്നിന്റെയും കഷായത്തിന്റെയും ഗന്ധങ്ങളോടും അയാൾക്കൊരു മടുപ്പും ഇല്ലായിരുന്നു…. വിയർപ്പ് വമിക്കുന്ന അവളുടെ ശരീരത്തെ ദിവസവും കുളിപ്പിക്കാനും വിയർപ്പൊഴുകിയ അവളുടെ വസ്ത്രത്തെ കഴുകി മിനുക്കാനുമൊന്നും അയാളൊരു മടിയും കാട്ടിയിരുന്നില്ല….അതുകൊണ്ടവൾക്ക് ഇപ്പോഴും അയാളോട് പ്രണയമാണ്…. ആളിക്കത്തുന്ന പ്രണയം….
തുറന്നിട്ട ജനലഴികളിലൂടെ കാലത്തെ പടിപ്പുര കടന്ന് അയാൾ ഇറങ്ങിപോകുന്നതും വൈകീട്ട് തിരികെ കയറി വരുന്നതുമാണ് ഒരുദിവസത്തിൽ അവള് കാണുന്ന ഏറ്റവും സുന്ദരമായ കാഴ്ച….വീടുനോക്കാൻ മറ്റൊരു പെണ്ണൊരുത്തികൂടിയുണ്ട് പകൽസമയങ്ങളിൽ അവിടെ…. ആ പെണ്ണിന്റെ അടക്കിപ്പിടിച്ച നിശ്വാസങ്ങളാണ് രാത്രിയിൽ അവൾ അയാൾക്കൊപ്പം കേൾക്കുന്നത്….നിലം തൂത്ത് തുടയ്ക്കുമ്പോൾ അനാവൃതമാകുന്ന ആ പെണ്ണിന്റെ ആഴമുള്ള പൊക്കിൾ ചുഴിയോട് അവൾക്ക് അസൂയതോന്നി…. തന്റെ പ്രിയപ്പെട്ടവന്റെ കരലാളനങ്ങളേറ്റ് കിടക്കുന്ന ആ പെണ്ണിനോട് അവൾക്ക് ആദ്യം ദേഷ്യമായിരുന്നു പിന്നീടത് വെറുപ്പായി അറുപ്പായി പിന്നെ എപ്പോഴോ അത് അസൂയമാത്രമായി….ഇപ്പോഴവൾക്ക് ആ പെണ്ണിന്റെ വിരൽത്തുമ്പിനോട് പോലും അസൂയയാണ്….
“”ഇന്ന് എനിക്കൊപ്പം ഇവിടെ കിടക്കാമോ…”” ഏറെ നാളുകൾക്ക് ശേഷം അവള് അയാളോടായി ചോദിച്ച കാര്യം….മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവൾക്കറിയാമായിരുന്നു ഇന്നയാൾ വരുമെന്ന്….വീട്ടിൽ പണിക്ക് നിന്നവളുടെ സഹായത്തോടെ അന്നവൾ സാരിയുടുത്തു…. ഒരുപാട് നാളുകൾക്കു ശേഷം കണ്ണിൽ കരിമഷി പടർത്തി…. സീമന്ത രേഖയിൽ സിന്തൂരപൊടി വിതറി… കെട്ടിവച്ച ഉണ്ടമുല്ലപ്പൂ നീളന്മുടിയിൽ ചൂടി….ഇരുട്ടുവോളം ഒരു പുതുപെണ്ണിനെപ്പോലെ അയാൾക്കായി കാത്തിരുന്നു…. കയ്യിലൊരു പുസ്തകവുമായി അയാൾ കയറിവന്നു…..അയാളവളെ ജനലോരത്തേക്ക് എടുത്ത് നീക്കി ചാരി കിടത്തി…. മറുവശത്തിരുന്നയാൾ പുസ്തകത്തിലെ അക്ഷരങ്ങളെ കാർന്നു തിന്നുകൊണ്ടിരുന്നു. ഏറെനേരം അവള് അയാളെ നോക്കിയിരുന്നു…..മുറിയിൽ പടരുന്ന മുല്ലപ്പൂവിന്റെ സുഗന്ധത്തോട് അവളിലെ പെണ്ണിനുപോലും വല്ലാത്തൊരു ഉന്മാദം തോന്നി. ഇടയ്ക്കിടെ ഒരു വേശ്യയെ പോലവൾ മുടിയിലും മുല്ലപ്പൂവിലും തഴുകിത്തലോടികൊണ്ടിരുന്നു….
അയാളിലെ ശ്രദ്ധയെ പിടിച്ചുകെട്ടാൻ കാണിച്ചു കൂട്ടുന്ന കോപ്രായത്തരങ്ങളോട് അവൾക്ക് തന്നെ പുച്ഛം തോന്നി….ചൂടിയ മുല്ലപ്പൂ പറിച്ചുവലിച്ചവൾ ജനൽവഴി പുറത്തേക്കെറിഞ്ഞു….തിരിഞ്ഞയാളെ ഒന്ന് നോക്കി…. അയാളവളെ ശ്രദ്ധയോടെ കിടക്കയിലേക്ക് നിവർത്തി കിടത്തി…മുറിയിൽ ഇരുട്ട് പടർന്നു…. തണുത്തൊരു ചുംബനം അവളുടെ നെറ്റിയിൽ അമർന്നു…
“”നീയെന്റെ പേര് പോലും മറന്നിരിക്കുന്നു പെണ്ണേ… ഈ ഉടലിന് താഴോട്ട് എന്നിലെ പുരുഷൻ ഒന്നും ആഗ്രഹിച്ചിട്ടില്ല…. നീ കേൾക്കുന്ന കൊഞ്ചലും, അടക്കിയ നിശ്വാസങ്ങളും, പാദസര കിലുക്കവുമെല്ലാം നിന്റെമാത്രം തോന്നലുകളായിരുന്നു…. ഞാനതെല്ലാം കേട്ടകാലം മറന്നിരിക്കുന്നു…. ഇന്നെനിക്കത് കേൾക്കണം… ഇനിയെന്നും എനിക്കത് കേൾക്കണം….”” ഏറെനാളുകൾക്കുശേഷമുള്ള അയാളിലെ പ്രണയം….പകുതിച്ചത്ത പെണ്ണിന്റെ മനസിന്റെ തോന്നലുകളെ ഇത്രയും ആഴത്തിൽ വായിച്ചെടുത്ത അയാളോട് അവൾക്ക് പ്രണയം ഇരട്ടിച്ചു…..
നേർത്ത നേർത്ത നനവുള്ള ചുംബനങ്ങൾ അവരിലെ അകൽച്ചയെ പാടെമാറ്റി….നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളെ അയാൾ പ്രണയത്തോടെ തുടച്ചുനീക്കി….
“”ന്താ ന്നോട് ഇത്രേം നാള് മിണ്ടാഞ്ഞത്…??”” ആ പെണ്ണിന്റെ ചോദ്യത്തിൽ നിറയെ പരിഭവമായിരുന്നു….
“”നീയെന്തേ എന്നോട് മിണ്ടാഞ്ഞത് അതോണ്ടല്ലേ….”” അയാളിൽ കുസൃതി നിറഞ്ഞു…. അയാളവളെ ചേർത്തുപിടിച്ചു….
നമ്മളെ വീർപ്പുമുട്ടിച്ചത് മൗനം കൊണ്ടുള്ള പ്രണയമായിരുന്നു ഇനി നമുക്കത് വേണ്ട. അതുകരുതി നിന്നിലേക്ക് പടർന്നുകയറുകയും ഊർന്നിറങ്ങുകയും ഒന്നും വേണ്ടെനിക്ക്. പകരം നിന്നിലിങ്ങനെ…ഇങ്ങനെ…അത്രമാത്രം….