ആരാധ്യ – അവസാനഭാഗം, രചന: അഭിനവി

അകലേന്നു നടന്നു വരുന്ന തനിഷ്കയെ കണ്ടു ആരാധ്യ പതിയെ എഴുന്നേറ്റു. എന്നാൽ അവൾക്കൊപ്പം കിരണിനെ കണ്ട് ആരാധ്യ തറഞ്ഞു നിന്നു. അവൾ വേഗം അർണവിന്റെ മുഖത്തേക്ക് നോക്കി. തീ പാറുന്ന കണ്ണുകളുമായി അവൻ ചാടി എണീറ്റു ആരാധ്യയ്ക്കു മുന്നിലേക്ക് കടന്നു നിന്നു. മുന്നിൽ ആരാധ്യയെ കണ്ട കിരൺ തളർന്നു നിന്നു. ഒരു കുറ്റവാളിയുടെ മുഖത്തോടെ തനിഷ്ക ആരാധ്യയെ നോക്കി.

ആരാധ്യയുടെ മനസ്സിലേക്ക് ഒരു പാട് ചോദ്യങ്ങൾ കടന്നു വന്നു. തനു ഇഷ്ടപ്പെട്ട നിളയുടെ ചേട്ടൻ കിരൺ ആണോ? മുഖം കുനിച്ചു നിൽക്കുന്ന തനിഷ്കയുടെ മുഖഭാവത്തിൽ നിന്നും അവൾക്ക് അതിനുള്ള മറുപടിയും ലഭിച്ചു. അർണവ് എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക ആരാധ്യയിലും തനിഷ്കയിലും ഒരുപോലെ നിറഞ്ഞു.

കിരൺ തളർന്ന ശരീരവും വിങ്ങുന്ന മനസ്സുമായി അവർക്ക് അടുത്തേക്ക് നടന്നു. അർണവ് ഇടം കൈ കൊണ്ട് ആരാധ്യയെ ചേർത്തു പിടിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി. യാതൊരു തരത്തിലും അവളെ വേദനിപ്പിക്കാൻ അവനാകുമായിരുന്നില്ല അപ്പോൾ. പെട്ടെന്ന് ആരാധ്യ രണ്ടു കൈ കൊണ്ടും അർണവിന്റെ കൈയിൽ മുറുകെ പിടിച്ചു. അവൻ തിരിഞ്ഞു നോക്കുമ്പോൾ കിരൺ ആരാധ്യയ്ക്കു മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു. അവൻ ഒന്ന് അന്ധാളിച്ചു തനിഷ്കയെ നോക്കി. അവൾ ദയനീയ ഭാവത്തോടെ നിൽക്കുകയായിരുന്നു.

തന്റെ നിറവയറിനു കുറച്ചു മുന്നിലായി തല കുനിച്ചു നിൽക്കുന്ന കിരണിനെ കണ്ട് രണ്ട് അടി പിന്നിലേക്ക് വച്ച് ഒന്നു വേച്ചു കൊണ്ട് സിമന്റ് ബെഞ്ചിലേക്ക് ഇരുന്നു. അവന്റെ പ്രവൃത്തി അമ്പരപ്പോടെ നോക്കുകയായിരുന്നു അവൾ.

“ആരാധ്യ “

വിറയാർന്ന ശബ്ദത്തോടെ കിരൺ വിളിച്ചു. ആരാധ്യയുടെ മുന്നിലേക്ക് കഴിഞ്ഞു പോയ നാളുകളിലെ വേദനിപ്പിക്കുന്ന ഓർമ്മകൾ കടന്നു വന്നു. അവൾ ഒരാശ്രയത്തിനെന്നോണം അർണവിനെ നോക്കി. അവൻ അവൾക്ക് അടുത്തുവന്നു അവളുടെ തോളിൽ കൈവച്ചു.
കിരൺ മുഖമുയർത്തി അവരെ ഇരുവരേയും നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. തനിഷ്ക എല്ലാം നോക്കി നിന്നു.

” ക്ഷമിക്കണം എന്നൊരു വാക്കിൽ തീരില്ല ഒന്നും. ആദ്യമായി നിന്നെ കണ്ടപ്പോൾ അനുവാദം പോലും ചോദിക്കാതെ മനസ്സിലേക്ക് നീ ചേക്കേറി. അന്നു മുതൽ ചുറ്റുമുള്ള ഒന്നും ഞാൻ കണ്ടിരുന്നില്ല. എനിക്കു മുന്നിൽ നീ മാത്രമായിരുന്നു. സ്വപ്നങ്ങൾ മനസ്സിൽ നെയ്തുകൂട്ടിയപ്പോൾ ഒരിക്കലും നിന്റെ മനസ്സിൽ എന്തെന്ന് അറിയാൻ ഞാൻ ശ്രമിച്ചില്ല. ആദ്യമായി നിന്റെ കണ്ണുകളിൽ കണ്ട പ്രണയത്തിനു അവകാശി ഞാനല്ല എന്ന തിരിച്ചറിവ് എന്നിൽ വാശി കയറ്റി. എങ്ങനേയും നിന്നെ നേടുക എന്ന ലക്ഷ്യം മാത്രമായിരുന്നു പിന്നെ. നീ എന്റെ മാത്രം എന്ന ചിന്തയിൽ ആണ് അന്ന് അർണവിനോട് ഏറ്റുമുട്ടിയത്. പക്ഷേ അന്നു കോളേജ് ഡേയ്ക്കു നിങ്ങളുടെ രണ്ടാളുടേയും പ്രണയതീവ്രത കണ്ടു ഞാൻ തകർന്നു. മനസ്സിൽ ഞാൻ നിനക്കായ് പണിത താജ്മഹൽ തകരുന്നത് വേദനയോടെ ഞാൻ അറിഞ്ഞു. അത് പകയായി എരിഞ്ഞ നിമിഷത്തിൽ അർണവിനെ കൊല്ലാൻ ആണ് എനിക്ക് തോന്നിയത്. ഒറ്റനിമിഷത്തിന്റെ ചിന്തയിലാണ് അന്ന് അങ്ങനെ ചെയ്തത്. അന്ന് ചോരയിൽ കുളിച്ചു കിടക്കുന്ന നിന്നെ കണ്ട നിമിഷം ഞാൻ തകരുകയായിരുന്നു. വീണ്ടും പഴയ കിരണി ലേക്കുള്ള മടങ്ങിപോക്കായിരുന്നു അത്. പക്ഷേ അവിടേയും ഞാൻ തോറ്റു. പിന്നീട് ഉള്ള ഓരോ നിമിഷവും ഞാൻ നീറി നീറി പുകയുകയായിരുന്നു. നീ എന്നിൽ എത്രമാത്രം ആഴ്ന്നിറങ്ങിയിരുന്നു എന്ന തിരിച്ചറിവായിരുന്നു പിന്നീട്. അതിനു ശേഷമുള്ള ജയിൽവാസം എന്റെ കുടുംബത്തിന് ഞാൻ എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങളായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു ചുവടുവച്ചപ്പോൾ താങ്ങായി നിള മോളു കൂടെ തന്നെ നിന്നു. പക്ഷെ അപ്പോഴും എന്നെ അലട്ടിയിരുന്നത് ചോര ഒലിക്കുന്ന നിന്റെ മുഖമായിരുന്നു.”

മനസ്സിലെ വേദനകൾ ആരാധ്യയ്ക്കു മുന്നിൽ ഇറക്കി വെക്കുകയായിരുന്നു കിരൺ. ഇടയ്ക്ക് ഉള്ളിൽ നിന്നു വന്ന തേങ്ങലിൽ അവനു ശ്വാസം പോലും എടുക്കാൻ പാടുപ്പെട്ടു. അവനൊരു സാന്ത്വനം എന്നോണം അർണവ് അവന്റെ പുറത്തു തട്ടി. കുറ്റബോധത്തോടെ കിരൺ അർണവിനു മുന്നിൽ തലകുനിച്ചു. ആരാധ്യ എല്ലാം കേട്ട് നിറഞ്ഞ കണ്ണുകളുമായി ഇരുന്നു. തനിഷ്ക മിണ്ടാതെ മാറി നിന്നു. അവൾക്ക് ഹൃദയം വിങ്ങുന്ന പോലെ തോന്നി.

അർണവിനു ഇതുവരെ അവനോട് തോന്നിയ ദേഷ്യത്തിൽ ഒരു അയവു വന്നു. അവൻ കിരണിനെ എഴുന്നേൽപ്പിച്ചു ആരാധ്യ ഇരിക്കുന്ന ബെഞ്ചിൽ ഇരുത്തി. അവന്റെ കണ്ണുകൾ ആകെ കലങ്ങി. അർണവിന്റെ വലിയ മനസ്സിനു മുന്നിൽ താൻ വളരെ ചെറുതായപ്പോലെ തോന്നി കിരണിനു.

അർണവ് അവനു അടുത്തായി ഇരുന്നു. അവന്റെ തോളിൽ കൈവച്ചു.

” കിരൺ… കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം പോലെ ഞങ്ങൾ മറന്നു. ഓർമ്മകളിൽ പോലും ആ വേദനയെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തന്റെ ഈ മാറ്റത്തിൽ ഞങ്ങൾ ഒരു പാട് സന്തോഷിക്കുന്നുണ്ട്. “

അത്രയും നേരം മൗനമായി എല്ലാം കേട്ടിരുന്ന ആരാധ്യ പതിയെ കിരണിനു മുന്നിലേക്ക് തിരിഞ്ഞിരുന്നു. അവളുടെ നോട്ടം നേരിടാനാവാതെ കിരൺ തല താഴ്ത്തി.

“തനുവും നിളയും പറഞ്ഞറിഞ്ഞ കിരണിൽ ഒരുപാട് നന്മകൾ ഉണ്ട്. കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം. ഞാൻ കാരണം ആരും വേദനിക്കുന്നത് എനിക്ക് കാണാൻ വയ്യ. കിരണിനു എന്നും താങ്ങാവാൻ എന്റെ തനുവിനു കഴിയും എന്ന് എനിക്ക് ഇപ്പൊ ഉറപ്പാണ്. അത്രത്തോളം കിരൺ അവളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അവളുടെ വാക്കുകളിൽ നിന്നു ഞാൻ തിരിച്ചറിഞ്ഞതാണ്. ” ആരാധ്യയുടെ വാക്കുകൾ അദ്ഭുതത്തോടെയാണ് കിരൺ കേട്ടത്. എല്ലാം പൊറുക്കാനും മറക്കാനുമുള്ള അവരുടെ വലിയ മനസ്സിനു മുന്നിൽ കിരൺ സ്വയം താഴ്ന്നു.

ആരാധ്യ പതിയെ എഴുന്നേറ്റ് തനിഷ്കയെ വിളിച്ചു കിരണിനു അടുത്തായി ഇരുത്തി. അർണവ് എഴുന്നേറ്റു ആരാധ്യയെ ചേർത്തു പിടിച്ചു നിന്നു.

” ഇനി നിങ്ങൾ ഒന്നു സംസാരിക്കൂ…. കിരണിന്റെ ജീവിതത്തിൽ ഇനി തുറക്കാൻ ഉള്ളത് നല്ല ഏടുകൾ മാത്രം ആകട്ടെ. അതിൽ പുതുമണം നിറക്കാൻ തനു എന്നും നിന്നോടൊപ്പം ഉണ്ടാകും. നല്ല ഒരു തീരുമാനത്തോടെ ആകട്ടെ ഇവിടെന്നുള്ള മടക്കം.. ഇനി എന്തിനും ഏതിനും നല്ലൊരു ഫ്രണ്ടായി ഞങ്ങൾ ഉണ്ടാകും.” അത്രയും പറഞ്ഞു അർണവ് ആരാധ്യയേയും കൂട്ടി നടന്നു.

ഇതുവരെ മൂടിക്കെട്ടിയിരുന്ന കാർമേഘം ഒരു നനുത്ത മഴയായി പെയ്തിറങ്ങുകയായിരുന്നു കിരണിന്റെ മനസ്സിൽ. അതിനു നന്ദിസൂചകമായി കിരൺ തനിഷ്കയുടെ കയ്യിൽ മുറുകെ പിടിച്ചു.
തന്റെ കാത്തിരുപ്പിനു ഒരു പ്രതീക്ഷ ഉണ്ട് എന്ന തിരിച്ചറിവായിരുന്നു അവൾക്ക് അത്. അവൾ പതിയെ തന്റെ തല അവന്റെ തോളിൽ ചായ്ച്ചു.

വിടരാനായി രാവു കാത്തിരിക്കുന്ന മുല്ലമൊട്ടുകൾ പോലെ അവൾ കാത്തിരിക്കാൻ തുടങ്ങി തന്റെ സ്വപ്നങ്ങൾ പൂവണിയുന്ന ദിവസത്തിനായി.

🌸💮🌸💮🌸

മുത്തശ്ശിയുടെ കൈയിൽ മുറുകെ പിടിച്ചു കണ്ണടച്ചു ഇരിക്കുകയാണ് അർണവ്. കുറച്ചുമാറി പ്രദീപും അഭിരാമും ഉണ്ട്. മീന അക്ഷമയോടെ വാതിലിനു മുന്നിൽ നിന്നു അടുത്തായി സന്ധ്യയും. വെളുപ്പിന് വേദന തുടങ്ങിയപ്പോൾ ആരാധ്യയെ ലേബർ റൂമിൽ കയറ്റിയിരുന്നു. അപ്പോൾ മുതൽ ടെൻഷനോടെ കാത്തിരിക്കുകയാണ് എല്ലാവരും. കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് ലേബർ റൂമിലിൽ നിന്നും പുറത്തേക്ക് വന്നു. അർണവ് ഓടിച്ചെന്നു അവരുടെ കൈകളിൽ പിടിച്ചു.

” സിസ്റ്റർ ആരാധ്യ….”

അവർ പുഞ്ചിരിച്ചു കൊണ്ട് അർണവിന്റ കൈകളിൽ തട്ടി.

“താൻ ടെൻഷൻ അടിക്കണ്ട… ആദ്യത്തെ അല്ലേ കുറച്ചു സമയം എടുക്കും. കോംപ്ലിക്കേഷൻ ഒന്നും ഇല്ല പേടിക്കണ്ട.”

അവർ നടന്ന് അകന്നതും അവൻ ലേബർ റൂമിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. കൈകൾ രണ്ടും ഇടയ്ക്കിടെ കൂട്ടി തിരുമ്മി സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. അഞ്ചരയ്ക്ക് തുടങ്ങിയ അവന്റെ നടപ്പ് ഏഴു മണി വരെ നീണ്ടു.

ലേബർ റൂമിന്റെ വാതിൽ തുറന്നതും അർണവ് വേഗം വാതിക്കലേക്ക് ചെന്നു. അവർ സന്തോഷത്തോടെ എല്ലാവരേയും നോക്കി പറഞ്ഞു…

“ആരാധ്യ പ്രസവിച്ചു പെൺകുട്ടി ആണ്. അമ്മയും മോളും സുഖമായിരിക്കും കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും. മോളെ ഇപ്പൊ കാണിച്ചു തരാം” എന്നു പറഞ്ഞു അവർ അകത്തേക്ക് പോയി. എല്ലാ മുഖങ്ങളിലും ആശ്വാസവും സമാധനവും സന്തോഷവും നിറഞ്ഞു. മുത്തശ്ശി സന്തോഷം കൊണ്ട് അർണവിനെ കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ടു മൂടി. സന്ധ്യയുടേയും സീനയുടേയും കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. പ്രദീപ് വേഗം ഫോൺ എടുത്ത് സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചു.

കുറച്ചു സമയത്തെ കാത്തിരിപ്പിനു ശേഷം അവരുടെ കുഞ്ഞു മാലാഖയുമായി നേഴ്സ് പുറത്തേക്കു വന്നു. ആനന്ദാശ്രുക്കളോടെ മുത്തശ്ശി അവരുടെ കുഞ്ഞോമനയെ കൈകളിൽ ഏറ്റുവാങ്ങി. അർണവിന്റെ കണ്ണുകളിൽ സന്തോഷവും അദ്ഭുതവും എല്ലാം തിരയടിച്ചു. അവൻ ആദ്യമായാണ് ഇത്ര ചെറിയ കുഞ്ഞിനെ കാണുന്നത്. അവൻ ആ കുഞ്ഞു കാലുകളിൽ പതിയെ തലോടി. കുഞ്ഞു കൈകളിലും കവിളിലും അവന്റെ വിരലുകൾ ചലിച്ചു. മുത്തശ്ശി അവന്റെ മടിയിലേക്ക് വാവയെ വച്ചു കൊടുത്തു. വിറക്കുന്ന കൈകളാലേ അവൻ കുഞ്ഞിനെ ചേർത്തു പിടിച്ചു. ഒരു ഞരക്കത്തോടെ വാവ കുഞ്ഞു കണ്ണുകൾ ചിമ്മി തുറന്നു. ആരാധ്യയുടെ നീണ്ട പീലിയോടു കൂടിയുള്ള വിടർന്ന കണ്ണുകൾ തനിക്കു മുന്നിൽ അനാവൃതമായ പോലെ തോന്നി അർണവിന്. ചെറിയ മൂളിച്ചയോടുള്ള കുഞ്ഞിന്റെ ആദ്യ കരച്ചിൽ സന്തോഷത്തോടെ എല്ലാവരും ശ്രവിച്ചു. സീന കുഞ്ഞിനെ കൈകളിൽ വാങ്ങി പതിയെ ആട്ടി കരച്ചിൽ മാറ്റാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും നേഴ്സ് വന്ന് കുഞ്ഞി പാലു നൽകാൻ അകത്തേക്ക് കൊണ്ടുപോയി.

ആരാധ്യയെ റൂമിലേക്ക് മാറ്റിയപ്പോഴേയ്ക്കും പ്രകാശും മീനയും അടക്കം എല്ലാവരും എത്തിയിരുന്നു.

അർണവ് റൂമിലേക്ക് ചെല്ലുമ്പോൾ ആരാധ്യ മയക്കത്തിലായിരുന്നു. അവളുടെ മുഖത്ത് കണ്ണീർ ഒലിച്ചിറങ്ങിയ പാടുകൾ ഉണ്ടായിരുന്നു. അവൻ അവളുടെ നെറുകിൽ സ്നേഹത്തോടെ തലോടി ഉമ്മ നൽകി. കൈയിൽ ഡ്രിപ്പ് ഇട്ടിരുന്നു. വാടി തളർന്നു കിടക്കുന്ന അവളെ അവൻ അരുമയോടെ നോക്കി. അപ്പോഴേയ്ക്കും നേഴ്സ് കുഞ്ഞുമായി വന്നു. ആരാധ്യയുടെ ഇടതു സൈഡിലായി ചുമരിനോട് ചേർത്തു കിടത്തി. കുഞ്ഞു ഒന്നു ഞെരങ്ങികൊണ്ട് അമ്മയുടെ ചൂടിലേക്ക് ഒന്നൂടെ ചേർന്നു. ശാന്തമായി കണ്ണുകൾ പൂട്ടി ഉറങ്ങുന്ന തന്റെ അല്ലി മോളെ അവൻ കൺകുളിർക്കെ കണ്ടു. അപ്പോഴേയ്ക്കും മുത്തശ്ശിയും അമ്മമാരും അകത്തേക്ക് വന്നു. പ്രകാശും പ്രദീപും കാന്റീനിൽ പോയി എല്ലാവർക്കും ചായയുമായി എത്തി. മാമ്മന്മാർ ആയ സന്തോഷത്തിൽ ആരവും ആരുഷും ആയുഷും കുറെ സ്വീറ്റ്സുമായി എത്തി.
ആരാധ്യ കണ്ണു തുറക്കുമ്പോൾ എല്ലാവരും സന്തോഷത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു. അർണവ് അപ്പോഴും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ആരാധ്യ കുഞ്ഞിനെ തന്റെ ഇടംകയ്യാലെ ചുറ്റിപ്പിടിച്ചു കൊണ്ടു അർണവിനെ നോക്കി. രണ്ടു പേരുടേയും കണ്ണുകളിലും സന്തോഷത്തിന്റെ നീർത്തിളക്കം ആയിരുന്നു.

🌸💮🌸💮🌸

അർണവ് ഓഫീസിൽ നിന്നു വരുമ്പോൾ കാണുന്നത് അല്ലി മോളെ കൈളിൽ ആട്ടികൊണ്ടിരിക്കുന്ന മുത്തശ്ശിയെയാണ്. കൂടെ സന്ധ്യയും ഉണ്ട്.

“മുത്തശ്ശി ഇത് എപ്പൊ എത്തി.?” അല്ലി മോളുടെ കുഞ്ഞികയ്യിൽ തലോടികൊണ്ട് അർണവ് ചോദിച്ചു.

” ആധ്യ മോളും വാവയും പോന്നേ പിന്നെ തറവാട് ഉറങ്ങി. മോളെ കാണാതെ ഇരിക്കാൻ വയ്യ. അപ്പൊ പ്രകാശ് എറണാക്കുളം പോകുന്നുണ്ടെന്നു പറഞ്ഞപ്പോൾ അവന്റെ കൂടെ ഇങ്ങു പോന്നു.

“അതെന്തായാലും നന്നായി. ഇനി കുറച്ചു ദിവസം കഴിഞ്ഞു പോകാം മുത്തശ്ശി. “

” ആഹാ നോക്കട്ടെ. ഈ കാന്താരിയെ വിട്ടു പോകാൻ തോന്നുന്നില്ല. “

മുത്തശ്ശിയുടെ വർത്തമാനം കണ്ട് കൈ തല്ലി ചിരിക്കുകയാണ് അല്ലിമോൾ.

“ആധ്യ എന്തേ അമ്മേ…” അവനു ചായയുമായി വന്ന സന്ധ്യയെ നോക്കി അർണവ് ചോദിച്ചു.

“മോളിപ്പോൾ മേലു കഴുകാൻ റൂമിലേക്ക് പോയുള്ളൂ., “

അർണവ് റൂമിൽ ചെല്ലുമ്പോൾ ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടിരുന്നു. അവൻ വേഗം ഡ്രസ്സ് മാറി താഴേക്ക് ചെന്നു. മുത്തശ്ശിയുടെ മടിയിൽ ഇരുന്നു അല്ലിമോൾ കരയുകയായിരുന്നു. അവർ കുഞ്ഞിനെ അർണവിന്റെ കൈയിൽ നൽകി.

” കുഞ്ഞിനു ഉറക്കം വരുന്നുണ്ട് അതാ വാശി കാണിക്കുന്നത്. മോൾടെ കൈയിൽ കൊണ്ടു കൊടുക്കൂ.”

അർണവ് റൂമിൽ എത്തുമ്പോഴും ആരാധ്യ കുളി കഴിഞ്ഞിരുന്നില്ല. അവൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു നേർത്ത ശബ്ദത്തിൽ പാടി..

“താരം പതിപ്പിച്ച കൂടാരം..രാവിൽ നിലാവിന്റെ പൂരം…ചോലകളും കുയിലാളും പാടും താഴ്വാരം
എല്ലാം നമുക്കിന്നു സ്വന്തം..മേഘം കണ്ട് കാറ്റും കൊണ്ട് നേരറിഞ്ഞ് നീ വളര്…നിൻ വഴിയേ രാപ്പകല് കാവലുണ്ടേ എന്റെ കണ്ണ്
യേ.. താനേ തനന്താനേ.. തന്താനേനേ ..രാരോ….ആരാരിരാരോ…യേ.. താനേ തനന്താനേ.. തന്താനേനേ ..രാരോ….ആരാരിരാരോ…താരം പതിപ്പിച്ച കൂടാരം..രാവിൽ നിലാവിന്റെ പൂരം…

ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ്
മഞ്ഞിൽ നെയ്യും തളിരാട താ..കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ കഥ ചൊല്ലി സ്വപ്നത്തിൻ തിരിക്കൂട്ടാം ഞാൻ മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ..യേ.. താനേ തനന്താനേ.. തന്താനേനേ ..രാരോ….ആരാരിരാരോ…യേ.. താനേ തനന്താനേ.. തന്താനേനേ ..രാരോ….ആരാരിരാരോ…

വാനം പോലെ ഒരു നൂറു കൈ നീട്ടി മാറിൽ ചേർക്കാം നിറതിങ്കളായ്..ഏതോ വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ അകലെ നീ പോയാലും നിഴലാവാം ഞാൻ വരുവോളം വഴിയോളം തിരിയാവാം ഞാൻ..യേ.. താനേ തനന്താനേ.. തന്താനേനേ ..രാരോ….ആരാരിരാരോ…യേ..താനേ തനന്താനേ.. തന്താനേനേ ..രാരോ….ആരാരിരാരോ…”

ആരാധ്യ റൂമിലേക്ക് വരുമ്പോൾ അർണവിന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുകയാണ് അല്ലിമോൾ. അവൾ കുനിഞ്ഞു മോളുടെ കുഞ്ഞു കവിളിൽ ഉമ്മ നൽകി.

അർണവ് ഒരു കൈയിൽ കുഞ്ഞിനെ ചേർത്തു പിടിച്ചു മറുകയ്യിൽ ആരാധ്യയെയും അവന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു നിധികൾ.

ഇനിയുള്ള തങ്ങളുടെ ഓരോ പുലരിയും പുലരി മോളുടെ പുഞ്ചിരിയാൽ സമൃദ്ധമാകട്ടെ എന്ന പ്രാർത്ഥനയിൽ ആയിരുന്നു ഇരുവരും.

ശുഭം….

അവസാനം നന്നായോ എന്ന് എനിക്ക് അറിയില്ല. എന്തായാലും എല്ലാ സപ്പോർട്ടും തന്നു കൂടെ നിന്ന എല്ലാവർക്കും ഒരു പാട് നന്ദി. അർണവിനേയും ആരാധ്യയേയും ഇഷ്ടപ്പെട്ടു എന്നു വിചാരിക്കുന്നു. പലപ്പോഴും എല്ലാവരുടെ കമന്റിനു മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല അതിനു ക്ഷമ ചോദിക്കുന്നു.. ഒരു പാട് ഇഷ്ടത്തോടെ അഭിനവി