ഒരമ്മയുടെ രോദനം – രചന: ശാലിനി മുരളി
വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് കുളിയും കഴിഞ്ഞു ചായ കുടിക്കുമ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. അമ്മയുടെ അനക്കമൊന്നുമില്ല.. സന്ധ്യ കഴിഞ്ഞ നേരത്ത് അമ്മ കിടക്കാറ് പതിവില്ലല്ലോ..
എവിടെ പോയി ? ടീവി യുടെ മുന്നിൽ അമ്മയ്ക്കിഷ്ടപ്പെട്ട സീരിയലും കണ്ട് ഇരിക്കാറുള്ള പതിവ് കാഴ്ചയും കണ്ടുകൊണ്ടാണ് മിക്കപ്പോഴും അയാൾ വീട്ടിലേയ്ക്ക് കയറി വരുന്നത്.
“ശ്രീദേവി അമ്മ എവിടെ പോയി. അനക്കമൊന്നും ഇല്ലല്ലോ.. “
“അമ്മ വടക്കേതിലെ ഗിരിജ ച്ചേച്ചിയുടെ
വീട്ടിൽ പോയേക്കുവാ.. “
“അതെന്താ ഈ നേരത്ത് അങ്ങനെ ഒരു പതിവില്ലല്ലോ.. “
“ഒന്നും പറയണ്ട ഏട്ടാ. ഇപ്പോൾ പിള്ളേർക്കൊക്കെ ഓൺലൈൻ ക്ലാസ്സ് തുടങ്ങിയത് കൊണ്ട് അമ്മയ്ക്ക് സീരിയൽ ഒന്നും കാണാൻ പറ്റുന്നില്ലെന്ന് പറഞ്ഞിവിടെ വിഷമിച്ചിരിക്കുവായിരുന്നു. അപ്പോഴാ ഗിരിജ ചേച്ചി അങ്ങോട്ട് വിളിച്ചത്. അവിടാണെങ്കിൽ പഠിക്കുന്ന പിള്ളേരൊന്നുമില്ലല്ലോ.. “
“ശ്ശെടാ ഈ വയസ്സാംകാലത്ത് സീരിയലെന്നൊക്കെ പറഞ്ഞു അയല്പക്കത്തെ വീട്ടിൽ സന്ധ്യ കഴിഞ്ഞ നേരത്ത് പോയിരിക്കേണ്ട ആവശ്യം വല്ലതുമുണ്ടോ. ഇങ്ങു വരട്ടെ. അവനവന്റെ വീട്ടിലിരുന്നു പത്തു നാമം ജപിക്കാനുള്ളതിന് പോയേക്കുന്നു. “
വിജയേട്ടന്റെ ദേഷ്യം കണ്ട് മക്കൾ ടീവിയിൽ നിന്നും മൊബൈലിൽ നിന്നുമൊക്കെ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു.
“ഏട്ടാ ഒന്ന് പതുക്കെ. മക്കള് പഠിക്കുന്നത് കണ്ടില്ലേ.. “
അയാൾ ഓരോരുത്തരെയും മാറി മാറി നോക്കി. ഹാളിലെ ടീവിയിൽ ഏതോ ഒരു അദ്ധ്യാപകൻ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നു. ഇളയ കുട്ടി ഒരു പുസ്തകവും തുറന്നു വെച്ച് ടിവിയിലേക്കു നോക്കി ഇരിപ്പുണ്ട്.
പ്ലസ് ടു കാരനായ മൂത്തയാൾ ഭാര്യയുടെ ഫോണും നോക്കി എന്തൊക്കെയോ എഴുതിയെടുക്കുന്നു
ഒരു കൊറോണ കാരണം മക്കളുടെ വിദ്യാഭ്യാസം ഇപ്പോൾ വല്ലാത്ത അവസ്ഥയിൽ ആയിരിക്കുന്നു. ഫോണിൽ നെറ്റ് ചാർജ്ജ് ചെയ്യാൻ തന്നെ വേണം കുറേ പൈസ. പോരെങ്കിൽ റേഞ്ചും കുറവാണെന്നു പറഞ്ഞു കൊണ്ട് മൂത്തയാൾ മുറ്റത്തും പറമ്പിലുമൊക്കെ ഫോണും കൊണ്ട് നടക്കുന്നത് കാണാം. ഇതൊക്കെ പഠിത്തമാണോ അതോ ആരെടെങ്കിലും ചാറ്റിങ്ങിൽ ആണോയെന്ന് എങ്ങനെ അറിയാനാണ്.
ഇനിയെന്നാണാവോ സ്കൂളിലൊക്കെ പോയി പിള്ളേർക്ക് പഠിക്കാൻ പറ്റുന്നത്. ടിവിയിൽ ന്യൂസ് വല്ലതും കാണാമെന്നു വെച്ചാൽ പഠിത്തം കഴിയാൻ നോക്കിയിരിക്കണം.
എട്ടര ആയപ്പോൾ ഇരുട്ടത്തൂടെ പമ്മി കയറി വരുന്ന അമ്മയെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു ചെന്നു.
“അമ്മ ഈ രാത്രിയിൽ എവിടെ പോയതാ..”
“ഞാൻ ശ്രീദേവിയോട് പറഞ്ഞിട്ടാണല്ലോ പോയത്.. “
“അമ്മയ്ക്ക് ഈ വയസ്സാം കാലത്ത് സീരിയലു കാണാതെ ഉറക്കം വരില്ലേ. വീട്ടിൽ ഇരുന്ന് നാമം ചൊല്ലാനുള്ളതിനു പോയിരിക്കുന്നു വല്ലവരുടെയും തിണ്ണയിലിരുന്ന് കുടുംബം കലക്കുന്ന സീരിയല് കാണാൻ .. “
“അതെന്താ ഞാൻ പോയാൽ ?? “
അയാൾ ഒന്ന് ഞെട്ടി. ങേഹേ ! ഈ ഡയലോഗ് താൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ !! തിരിഞ്ഞു നോക്കിയപ്പോൾ ഗംഗയുടെ ഭാവം പകർന്നു നിൽക്കുന്ന അമ്മ !
പണി പാളിയോ..
“നിനക്കിത്ര വിഷമം ഉണ്ടെങ്കിൽ എനിക്കൊരു ഫോൺ വാങ്ങിച്ചു താടാ. എങ്ങും പോകാതെ ഞാൻ എന്റെ മുറിയിലിരുന്ന് കണ്ടോളാം. ഹല്ല പിന്നെ. “
ശ്രീദേവി ചിരിയടക്കിപിടിച്ചു കൊണ്ട് അടുക്കളയിൽ നിന്നെത്തി നോക്കുന്നു.
അയാൾ എന്ത് പറയണമെന്നറിയാതെ ചുറ്റിനും നോക്കിയപ്പോൾ മക്കൾ ചിരിയടക്കാൻ പാടുപെടുന്നു.
“എന്തോന്നാടാ ഇത്ര ചിരിക്കാൻ. മര്യാദയ്ക്കിരുന്നു പഠിച്ചോണം എല്ലാം.. “
അമ്മ മുറിയിലേയ്ക്ക് പോകുമ്പോൾ ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ടായിരുന്നു..
“വയസ്സായി പോലും. വയസ്സായവരു പിന്നെ എന്ത് വേണം.എവറസ്റ്റിൽ കേറണോ..”