അമ്മ പൂവ് – രചന: ഭദ്ര ബിനുമാധവ്
അടുക്കളവാതിലിന്റെ പടിയിലിരുന്നു തണുത്തു ഉറുമ്പരിച്ചു തുടങ്ങിയ കട്ടൻ ചായയിൽ നിന്നും ശ്രദ്ധയോടെ ഉറുമ്പുകളെ പെറുക്കി മാറ്റുകയാണ് ഭാർഗ്ഗവി….പാത്രങ്ങൾ കഴുകി വന്നപ്പോഴേക്കും കുടിക്കാൻ എടുത്തു വെച്ചിരുന്ന ചായ തണുത്തു പോയിരുന്നു….അവർ ചായകപ്പെടുത്തു ചുണ്ടോട് ചേർത്തതും ദേഹത്തേക്ക് എന്തോ വന്നു വീണു… അവർ ഞെട്ടലോടെ തിരിഞ്ഞു നോക്കി….. മുഷിഞ്ഞു നാറിയ കൊറേ തുണികൾ
അപ്പു ഇന്നലെ രാത്രി കിടക്കയിൽ മുള്ളി… ഇതൊന്നു അലക്കി ഇട്ടേരെ……ഇളയ മകന്റെ ഭാര്യ സജിനിയാണ്…..
ഭാർഗ്ഗവി തളർന്ന കണ്ണുകളോടെ തുണികെട്ടിലേക്ക് നോക്കി….കിടക്കവിരി മാത്രമല്ല സജിനിയുടെ അടിവസ്ത്രങ്ങളും മേൽവസ്ത്രങ്ങളുമെല്ലാം ഉൾപ്പെടെ ഒരു കുന്നോളം തുണി തന്നെയുണ്ട്
അവർ ചായകുടി മതിയാക്കി തുണികൾ ഓരോന്നും പെറുക്കിയെടുത്തു അലക്കുകല്ലിന്റെ അരികിലേക്ക് നടന്നു
ങ്ങാ പിന്നെ ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട് അതൊന്ന് വറത്തരച്ചു കറി വെച്ചേക്ക്…എന്റെ അമ്മയും അച്ഛനും വൈകുന്നേരം വരുന്നുണ്ട്
ഭാർഗ്ഗവി ഒന്നും മിണ്ടിയില്ല…. അല്ലെങ്കിൽ എന്ത് മിണ്ടാൻ… ഇതൊക്കെ താനായി തന്നെ വരുത്തി വെച്ചതാണ്…അവർ നെടുവീർപ്പോടെ സാവധാനം ഓരോ തുണികളായി അലക്കി പിഴിഞ്ഞ് വിരിച്ചിട്ടു
തിരിച്ചു അടുക്കളയിലേക്ക് കേറാൻ തുടങ്ങുമ്പോൾ സജിനി അപ്പുവിനെയും കയ്യിലെടുത്തു അങ്ങോട്ട് വന്നു
ദേ അമ്മുമോള് ഇതുവരെ എണീറ്റില്ല…. അവളെ എണീപ്പിച്ചു റെഡി ആക്കി സ്കൂളിൽ വിടണേ…. എനിക്കിന്ന് നേരത്തെ പോണം…സജിനി അപ്പുവിനെ അവരുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് വേഗം ഇറങ്ങിപോയി
ഭാർഗവിയ്ക്ക് രണ്ടാൺമക്കൾ ആണ്…. നന്ദനും ഗോപനും… അതിൽ ഗോപന്റെ ഭാര്യയാണ് സജിനി….ഗോപൻ ഗൾഫിലാണ്…സജിനി ടീച്ചറും..സജിനിയ്ക്കും ഗോപനും രണ്ട് മക്കൾ അമ്മുവും അപ്പുവും….അമ്മു നാലാം ക്ലാസ്സിലും അപ്പുവിന് രണ്ടര വയസുമാണ്
ഭാർഗവിയമ്മ അപ്പുവിനെ ഹാളിൽ ഇരുത്തി അമ്മുവിനെ എണീപ്പിച്ചു കുളിപ്പിച്ച് ഭക്ഷണം കൊടുത്തു സ്കൂൾ ബസ് വന്നപ്പോൾ അതിൽ കേറ്റി വിട്ടു
ശേഷം അടുപ്പത്തിരുന്ന ചോറ് വാർത്തിട്ടു….ഫ്രിഡ്ജിലിരുന്ന ചിക്കൻ കഴുകി വന്നപ്പോഴേക്കും അപ്പു കരച്ചിൽ തുടങ്ങി… ഭാർഗവിയമ്മ രാവിലെ തയ്യാറാക്കി വെച്ചിരുന്ന കുറുക്കുമായി ഹാളിലേക്ക് നടന്നു…കുഞ്ഞിന് കുറുക്ക് കൊടുത്തു തീർത്തു കുളിപ്പിച്ച് അവനെ ഉറക്കി വന്നപ്പോഴേക്കും സമയം പത്ത് കഴിഞ്ഞു…..അവർ വേഗം കറിയൊരുക്കി… വീടെല്ലാം അടിച്ചു തുടച്ചു… പണിയെല്ലാം ഒതുക്കി വെച്ച് കുളിച്ചു വന്നു ഉറങ്ങി കിടക്കുന്ന അപ്പുവിന്റെ അടുത്തായി കിടന്നു…..അവർക്ക് കലശലായ നടുവേദന അനുഭവപെട്ടു…. പ്രായം അറുപത്തിനാലായി… ഷുഗറും പ്രഷറുമുണ്ട്..ആയ കാലത്തു രണ്ടാളുടെ പണിയെടുക്കാനുള്ള ആരോഗ്യമുണ്ടായിരുന്നു…പക്ഷെ ഇപ്പോൾ വയ്യ.. കയ്യും കാലുമൊക്കെ വേദനയാണ്.. തണുപ്പ് പറ്റില്ല കാല് മരവിക്കും…നടുവേദന വേറെയും
പക്ഷെ എന്തൊക്കെ പറഞ്ഞിട്ട് എന്താ കാര്യം…മരുമോളുടെ കീഴിൽ ഒരു വേലക്കാരിയെ പോലെ ജീവിക്കാൻ ആണ് വിധി….. അവരുടെ കണ്ണ് നിറഞ്ഞു…അവരുടെ മനസിൽ പെട്ടന്ന് ആനിയുടെ മുഖം തെളിഞ്ഞു
തന്റെ രണ്ട് ആണ്മക്കളും പ്രണയിച്ചാണ് വിവാഹം കഴിച്ചത്…. ഏട്ടൻ നിൽക്കുമ്പോൾ അനിയൻ ഗോപനാണ് ആദ്യം കല്യാണം കഴിച്ചത്….പഠിപ്പും ഭംഗിയും ആവോളമുള്ള സുന്ദരിയായൊരു നായർപെൺകുട്ടി…സജിനി…
നിലവിളക്ക് കൊടുത്തു ഈ വീട്ടിലേക്ക് കൈ പിടിച്ചു കയറ്റിയത് താനാണ്….പെണ്മക്കൾ ഇല്ലാത്തത് കൊണ്ട് പൊന്നു പോലെയാണ് താൻ നോക്കിയത്…ഒരു പണിയും ചെയ്യിപ്പിച്ചിട്ടില്ല..ഉള്ളം കയ്യിലാണ് കൊണ്ട് നടന്നത്…. സജിനി അമ്മുമോളെ ഗർഭിണിയായിരിക്കുമ്പോഴാണ് നന്ദന്റെ കയ്യും പിടിച്ചു ആനി ഈ വീടിന്റെ പടി കടന്നു വരുന്നത്….ഒറ്റ നോട്ടമേ നോക്കിയുള്ളൂ..വെളുത്ത നന്ദന് ഒരിക്കലും ചേരാത്ത കറുത്ത നിറമുള്ളൊരു പെണ്ണ്…ദേഹത്ത് അങ്ങിങ്ങായി വെള്ളപാണ്ടുകളുമുണ്ട്…പോരാത്തതിന് അന്യമതവും.. സമ്മതിച്ചില്ല താൻ….വാശി പിടിച്ചങ്ങനെ നിന്നു.. ഒടുവിൽ നന്ദനെ ഓർത്താണ് ഇഷ്ടക്കുറവ് ഉള്ളിൽ വെച്ച് തന്നെ സമ്മതിച്ചത്…
നാലു ആങ്ങളമാരുടെ ഒറ്റ പെങ്ങളായിരുന്നു ആനി.. അമ്മയില്ല… അപ്പനേയുള്ളു… അത്കൊണ്ട് തന്നെ തന്നെ ജീവനായിരുന്നു…. അമ്മച്ചി അമ്മച്ചി എന്നും വിളിച്ചു എപ്പോഴും പിന്നാലെ കാണും… എന്നാലും തനിക്ക് അവളോട് ഒരുതരം വെറുപ്പായിരുന്നു…. നന്ദനെ കണ്ണും കയ്യും കാണിച്ചു വശീകരിച്ച നസ്രാണി എന്ന് പറഞ്ഞു എപ്പോഴും കുത്തി നോവിക്കുമായിരുന്നു.
താൻ എണീക്കും മുൻപേ എണീച്ചു എല്ലാം പണിയും ചെയ്യുമായിരുന്നു….ഒഴിവ് സമയത്ത് പറമ്പിൽ എന്തെങ്കിലും നട്ടും തുണി തുന്നിയുമൊക്കെ ഒരു സമയത്തും വെറുതെ ഇരിക്കുന്നത് കണ്ടിട്ടേയില്ല….പെൻഷൻ കിട്ടുമ്പോഴൊക്കെ സജിനിക്ക് താൻ എന്തെല്ലാം കഴിക്കാനും ഉടുക്കാനുമായി വാങ്ങി കൊടുത്തിരിക്കുന്നു….അന്നേരമൊക്കെ ആനി അവിടെയുണ്ടെന്നുള്ളത് താൻ മനഃപൂർവം മറന്നിട്ടുണ്ട്….ഒരിക്കലും തന്റെ നേർക്ക് മുഖം കറുപ്പിച്ചു ഒന്ന് നോക്കിയിട്ട് പോലുമില്ല…പുറത്ത് പോവുമ്പോൾ ഒരിക്കലും താൻ ആനിയെ കൂടെ കൂട്ടിയിട്ടില്ല…. തനിക്ക് എല്ലാം തന്റെ ഇളയ മരുമകളായിരുന്നു…..
സജിനിയും എത്രമാത്രം ആനിയെ ഉപദ്രവിച്ചു…അവളിത്തിരി തൊലി വെളുത്തതിന്റെ പേരിൽ ആനിയെ എത്ര പരിഹസിച്ചിരുന്നു….ഒരിക്കൽ കളിയാക്കൽ സഹിക്കാതെ വന്നപ്പോ ചായ്പ്പിൽ പോയി മുഖം പൊത്തി കരയുന്ന ആനിയെ താൻ കണ്ടതാണ്… എന്നിട്ട് പോലും തനിക്ക് അവളോട് ഒരു സ്നേഹമോ കാരുണ്യമോ തോന്നിയിട്ടില്ല…..
സജിനി പ്രസവിച്ചപ്പോൾ കുഞ്ഞിനെ കാണാൻ കൊതിയോടെ ഓടിവന്ന ആനിയെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും തങ്ങൾ സമ്മതിച്ചില്ല… അവളുടെ വെള്ളപാണ്ടുകൾ കുഞ്ഞിന് പകരുമെന്ന് പറഞ്ഞു കളിയാക്കി വിട്ടു….അന്ന് അവളുടെ കണ്ണുകളിൽ തെളിഞ്ഞ സങ്കടകടൽ താൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു
കല്യാണം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞിട്ടും വിശേഷം ആവാതെയിരുന്ന ആനിയെ ആദ്യം മച്ചിപെണ്ണെന്നു വിളിച്ചത് താനാണ്….കണ്ണ് തട്ടുമെന്നു പേടിച്ചു അമ്മുമോളെ ഒന്ന് എടുക്കാൻ പോലും സമ്മതിച്ചിരുന്നില്ല…. ഒരിക്കൽ ഉറങ്ങി കിടക്കുകയായിരുന്ന അമ്മുമോളെ ആരും കാണാതെ ഉമ്മ വെച്ചത് കണ്ടു പിടിച്ച സജിനി ആനിയെ പറഞ്ഞതിന് കണക്കില്ല…ഒപ്പം കൂടി താനും….
മച്ചി…. മച്ചി….പെറാൻ കഴിയാത്ത പാഴ്ജന്മം… നിനക്ക് പോയി ചത്തൂടെ…. അത്രയും നാള് തന്റെ മനസ്സിൽ അടക്കി വെച്ചിരുന്ന വെറുപ്പെല്ലാം അവിടെ പൊട്ടി ചിതറുകയായിരുന്നു…. അത് കേട്ടുകൊണ്ട് പ്രതീക്ഷിക്കാതെ ജോലി കഴിഞ്ഞു നന്ദൻ വന്നത് അപ്പോഴാണ് ….അതുവരെ അവനറിയില്ലായിരുന്നു ആനി അവിടെ അനുഭവിച്ചതൊന്നും…. ആനി ഒന്നും പറഞ്ഞിരുന്നുമില്ല…അന്ന് പടിയിറങ്ങി പോയതാണ് നന്ദനും ആനിയും….നന്ദന്റെ പിന്നാലെ വിങ്ങി കരഞ്ഞു കൊണ്ട് പോവുമ്പോഴും അവൾ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…തിരിച്ചു വിളിക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കാം…. പക്ഷെ വിളിച്ചില്ല… അത്രയ്ക്ക് വെറുപ്പുണ്ടായിരുന്നു ഉള്ളിൽ
അവള് പോയതിന്റെ സന്തോഷത്തിൽ താനും സജിനിയും ഇവിടെ ജീവിച്ചു…..പിന്നെ അപ്പുവും ജനിച്ചു….ഒരിക്കൽ കാല് തെന്നി വീണു താനൊന്നു തളർന്നപ്പോൾ അതറിഞ്ഞു ഓടി വന്നിരുന്നു ആനി…. പക്ഷെ അടുപ്പിച്ചില്ല താൻ… ആട്ടിയോടിച്ചു…എനിക്ക് സജിനി മോളുണ്ടെന്ന് അഹങ്കാരത്തോടെ പറഞ്ഞു….. പക്ഷെ വിചാരിച്ച പോലെയല്ല പിന്നീട് നടന്നത്…തനിക്കിനി പഴയ പോലെ ജോലിയെടുക്കാൻ പറ്റില്ലെന്നറിഞ്ഞതോടെ സജിനിക്ക് താൻ കണ്ണിൽ കരടായി….അന്ന് മുതൽ അനുഭവിക്കുന്നതാണ് താൻ ഇവിടെ….പണ്ട് സ്നേഹിച്ചതിന്റെ ഒരു നന്ദിയോ കടപ്പാടോ സജിനി കാണിക്കുന്നില്ലെന്ന് മാത്രമല്ല… തന്നോടിപ്പോ വെറുപ്പുമാണ്…തനിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ടും ഒരു കൈ സഹായിക്കുക പോലുമില്ല…. ആട്ടും തുപ്പും മാത്രം… പോരാത്തതിന് ഗോപൻ വിളിക്കുമ്പോൾ കുറ്റവും പറഞ്ഞു കൊടുത്തു അവന്റെ മനസ്സിൽ തന്നെയൊരു ക്രൂരയായ അമ്മായിയമ്മയായി ചിത്രികരിച്ചിരിക്കുന്നു… എല്ലാം ആനിയുടെ കണ്ണ്നീരിന്റെ ശാപമാണ്…. ഭാർഗവിയമ്മയുടെ നെഞ്ച് പിടഞ്ഞു……
============
അപ്പുവിന്റെ ചിണുങ്ങൽ കേട്ട് കൊണ്ടാണ് ഓരോന്ന് ഓർത്തു മയങ്ങി പോയ ഭാർഗവി ഉണരുന്നത്…അവർ കോക്കിലേക്ക് നോക്കി… സമയം മൂന്ന് കഴിഞ്ഞിരിക്കുന്നു…അമ്മു മോളിപ്പോ വരും….അവർ ബദ്ധപെട്ടു കട്ടിലിൽ നിന്നും എണീറ്റു…. അപ്പുവിന് ചോറിൽ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് കുഴച്ചു ചോറ് കൊടുത്തു…തേങ്ങയും ശർക്കരയും ഏലക്കായും ചേർത്ത് അടയുണ്ടാക്കി അടുപ്പിൽ വെച്ചു…. ചായക്ക് വെള്ളം വെച്ചു…ഉണങ്ങിയ തുണികൾ മടക്കി വെച്ചു…നാളെത്തേക്ക് ദോശയ്ക്കുള്ള അരിയും ഉഴുന്നും വെള്ളത്തിലിട്ടു…… അപ്പുവിനെ കുളിപ്പിച്ച് തുവർത്തി ഉമ്മറത് എത്തിയപ്പോഴേക്കും സമയം നാലര കഴിഞ്ഞു…അമ്മു വന്നപ്പോൾ അപ്പുവിനെ ഹാളിൽ ഇരുത്തി അവർ അമ്മുവിനായി ചായ എടുത്തു മേശപുറത്തു വെച്ചു
അച്ചമ്മേ…. ഈ ഉടുപ്പ് ഒന്ന് ഊരി താ… അമ്മു വിളിച്ചു പറഞ്ഞു
ഭാർഗ്ഗവി അമ്മുവിന്റെ ഉടുപ്പുകൾ ഊരി തലയിൽ എണ്ണ തേച്ചു കൊടുക്കവേ പുറത്തു അപ്പുവിന്റെ കരച്ചിൽ മുഴങ്ങി
അവർ വെപ്രാളത്തോടെ ഓടി വരുമ്പോൾ കാണുന്നത് മുറ്റത് വീണു കിടക്കുന്ന അപ്പുവിനെയാണ്…ഹാളിൽ ഇരുത്തിയ അപ്പു മുട്ടിൽ ഇഴഞ്ഞു മുറ്റത്തേക്ക് ഇറങ്ങിയതാണ്….അവർ ഒരു ആന്തലോടെ അപ്പുവിനെ വാരിയെടുത്ത അതേ നിമിഷം ഗേറ്റ് തുറന്ന് സജിനിയും അവളുടെ അമ്മയും അച്ഛനും കേറി വന്നു
അയ്യോ എന്റെ കുഞ്ഞിന് എന്താ പറ്റിയെ…. സജിനി ഓടി വന്നു കരയുന്ന കുഞ്ഞിനെ ഭാർഗവിയിൽ നിന്നും പിടിച്ചു വാങ്ങി…. അപ്പുവിന്റെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു
നിങ്ങൾ എന്തെടുക്കുവായിരുന്നു തള്ളേ…. എന്റെ കുഞ്ഞ് വീണത് കണ്ടില്ലേ…. സജിനി ഭാർഗവിയെ നോക്കി നിന്ന് വിറച്ചു
നിങ്ങൾ കുഞ്ഞിന് ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലേ… കുഞ്ഞ് ആകെ ക്ഷീണിച്ചു തളർന്നല്ലോ…. സജിനിയുടെ അമ്മ അപ്പുവിനെ സജിനിയുടെ കയ്യിൽ നിന്നും വാങ്ങി….
അതിനൊന്നും ഈ തള്ളയ്ക്ക് നേരമില്ല അമ്മേ…. സീരിയലും കണ്ടിരുന്നു കാണും…. സജിനിയുടെ ചുണ്ട് പുച്ഛം കൊണ്ട് കോടി
ദേ സജിനി അനാവശ്യം പറയരുത്….ഭാർഗവി സജിനിക്ക് നേരെ വിരൽ ചൂണ്ടി…നിനക്കൊക്കെ നേരാ നേരം വെച്ചുണ്ടാക്കി തരുന്നതും പോരാ…ഭാർഗ്ഗവിയുടെ തൊണ്ടയിടറി
ഒന്ന് പോ തള്ളേ…പേടിപ്പിക്കാൻ വന്നേക്കുന്നു… അതൊക്കെ ആനിയുടെ അടുത്ത് നടക്കും…. ഈ എന്റെ അടുത്ത് നടക്കില്ല…ഭാർഗവിയെ പുച്ഛത്തോടെ നോക്കികൊണ്ട് സജിനിയും മറ്റവരും അകത്തേക്ക് കേറിപോയി
ഭാർഗവിക്ക് അടക്കാൻ കഴിയാത്ത സങ്കടം അനുഭവപെട്ടു….. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവർ തന്റെ മുറിയിലേക്കു നടന്നു….മുറിയിൽ ചെന്നു ഇരുട്ടിൽ ഇരുന്നു അവർ ആവോളം കരഞ്ഞു….ആയ കാലത്ത് താൻ ചെയ്ത നെറികേടുകൾക്കുള്ള ശിക്ഷയാണിത്…..ആനിയുണ്ടായിരുന്നുവെങ്കിൽ ഈ അവസ്ഥ തനിക്ക് വരില്ലായിരുന്നു…അവരുടെ ഉള്ളം വിങ്ങി
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവർ തന്റെ അലമാര തുറന്ന് എന്തോ തപ്പി…. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പണ്ടെങ്ങോ കുറിച്ച് വെച്ചിരുന്ന നന്ദന്റെ നമ്പർ അവർ തപ്പിയെടുത്തു……. നന്ദന്റെ രണ്ട് നമ്പർ ഉണ്ടായിരുന്നു…എങ്ങനെ ഒന്ന് വിളിക്കും….സജിനിയോട് ചോദിച്ചാൽ ഫോൺ തരില്ലെന്ന് ഉറപ്പാണ്… തനിക്കും ഫോണില്ല…അപ്പുറത്തെ രാജിയോട് ചോദിച്ചു നോക്കാം… അവർ കണ്ണുകൾ തുടച്ചു കൊണ്ട് രാജിയുടെ വീട്ടിലേക്ക് നടന്നു
ആദ്യത്തെ നമ്പറിൽ വിളിച്ചെങ്കിലും അത് നിലവിൽ ഇല്ലെന്നായിരുന്നു മറുപടി….അവർ രണ്ടാമത്തെ നമ്പറിൽ വിളിച്ചു….. പ്രതീക്ഷയുടെ മണിനാദം പോലെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…..
ഹലോ…… ആരാ… നന്ദന്റെ ശബ്ദം അവരുടെ കാതിലേക്ക് ഒഴുകിയെത്തി….
ഒരൊറ്റ പൊട്ടിക്കരച്ചിലായിരുന്നു അവരുടെ മറുപടി…..അണകെട്ടി നിർത്തിയിരുന്ന സങ്കടത്തിന്റെ അണകെട്ട് അവിടെ തകർന്നു വീണു
നന്ദൻ ഒരു വേള ഒന്നും മിണ്ടിയില്ല…..
പിന്നെ അറിയാതെ അയാളുടെ മനസിലേക്ക് അച്ഛനില്ലാത്ത രണ്ട് ചെറിയ ആൺകുട്ടികളുടെയും അവരെ കഷ്ട്ടപെട്ടു വളർത്തിയ ഭാർഗവി എന്ന അവരുടെ അമ്മയുടെയും മുഖം തെളിഞ്ഞു
എന്തായാലും ആ വീട്ടിലേക്ക് ഞാൻ വരില്ല….അമ്മ റെഡിയായി ബസ് സ്റ്റോപ്പിൽ വന്നു നിൽക്ക്… ഞാൻ വന്നു കൂട്ടാം…
മ്മ് ശരി മോനെ ഭാർഗവി കണ്ണീരോടെ മൂളി….
ആം ശരി നന്ദൻ ഫോൺ വെച്ചു….
ഭാർഗവി രാജിയോട് നന്ദിയും പറഞ്ഞു ആശ്വാസത്തോടെ വീട്ടിലേക്ക് നടന്നു….
രാവിലെ……..
എല്ലാവർക്കുമുള്ള ഭക്ഷണം റെഡിയാക്കി വെച്ചു ഭാർഗവി കുളിച്ചു ഒരുങ്ങി……അമ്മുവിനെയും അപ്പുവിനെയും കെട്ടിപിടിച്ചു കൊതി തീരും വരെ ഉമ്മ വെച്ചു
നിങ്ങൾ ഇതെങ്ങോട്ടാ??? സജിനി ഭാർഗവിയോട് ചോദിച്ചു
ഞാൻ എന്റെ മോന്റെ അടുത്തേക്ക് പോവാ…. വയ്യ… മടുത്തു ഇവിടെ…. നിന്റെ അടിമയെ പോലെ എനിക്ക് ഇവിടെ ജീവിക്കാൻ വയ്യ…. നിന്റെ അമ്മയേക്കാൾ പ്രായമില്ലേ സജിനി എനിക്ക്…. എന്നിട്ടും നീ ആ പരിഗണന എപ്പോഴെങ്കിലും തന്നിട്ടുണ്ടോ….ഒരു മോളെ പോലെ ഞാൻ നിന്നെ നോക്കിയതല്ലേ….എന്നിട്ടും…. ഭാർഗ്ഗവിയുടെ കണ്ണ് നിറഞ്ഞു…..വേറെയും പറയാൻ ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും സങ്കടം കൊണ്ട് അവരുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി….. അവർ തൻറെ വസ്ത്രങ്ങൾ നിറഞ്ഞ ബാഗുമെടുത്തു പുറത്തേക്ക് നടന്നു…… സജിനി ഒന്നും മനസിലാവാതെ പകച്ചു നിന്നു
============
നന്ദന്റെ ഒപ്പം നിൽക്കുന്നത് ഭാർഗവിയമ്മയാണെന്ന് ആനിക്ക് വിശ്വസിക്കാൻ പറ്റിയില്ല…. തടിച്ചു വെളുത്തു പ്രൗഢി നിറഞ്ഞ മുഖവുമുള്ള ഭാർഗവിയായിരുന്നില്ല അത്…. മെലിഞ്ഞു കരുവാളിച്ചു ക്ഷീണം പിടിച്ചൊരു കോലം
അമ്മച്ചി…… ആനി നിറഞ്ഞ കണ്ണുകളോടെ ഭാർഗ്ഗവിയുടെ മെലിഞ്ഞ കയ്യിൽ പിടിച്ചു
മോളെ…. ഭാർഗവി ഹൃദയം തകർന്നു ആനിയെ നോക്കി…..
എന്നോട് പൊറുക്ക് മോളെ…..ഭാർഗവി ആനിക്ക് മുൻപിൽ കൈ കൂപ്പി
ഏയ് ഇതെന്താ അമ്മച്ചി ഇങ്ങനെയൊക്കെ….ആനി അവരുടെ സങ്കടത്തോടെ കെട്ടിപിടിച്ചു
ആ വീട്ടിൽ വന്നു കേറിയ നിമിഷം മുതൽ ദാ ഈ നിമിഷം വരെ എന്റെ അമ്മച്ചിയെ പോലാണ് ഞാൻ കണ്ടിട്ടുള്ളത്…..അത്കൊണ്ട് തന്നെ എനിക്ക് അമ്മച്ചിയോടു ഒരു ദേഷ്യവുമില്ല….ഇനി ഇവിടെ കഴിഞ്ഞാൽ മതി…. ആ വീടിന്റെ അത്ര വലുപ്പം ഒന്നുമില്ലേലും ഇവിടെ സന്തോഷമായി അമ്മച്ചിക്ക് കഴിയാം…..
ഭാർഗ്ഗവിയുടെ ഉള്ളം കുറ്റബോധം കൊണ്ട് നീറിപിടഞ്ഞു…. അവർ നിറഞ്ഞ കണ്ണുകളോടെ ആനിയെ നോക്കി….. താൻ ജീവിതത്തിൽ കണ്ടതിൽ വെച്ചേറ്റവും സുന്ദരിയായ,നല്ല മനസുള്ള സ്ത്രീയാണ് തനിക്ക് മുൻപിൽ നിൽക്കുന്നതെന്ന് അവർക്ക് തോന്നി…..
വാ അമ്മച്ചി… ആനി അവരുടെ ബാഗുമെടുത്തു അകത്തേക്ക് നടക്കാൻ ഒരുങ്ങി
ആനി !!!!!!!!!!!
നന്ദൻ ആനിയെ ദേഷ്യത്തിൽ വിളിച്ചു
ഭാർഗവി പകപ്പോടെ മകനെ നോക്കി…. താൻ വന്നത് അവനു ഇഷ്ട്ടമായില്ലേ?????
ആനിക്ക് വിശേഷം ഉണ്ട് അമ്മേ…. ഇപ്പോൾ ഭാരമുള്ളത് ഒന്നും എടുക്കരുതെന്നാ ഡോക്ടർ പറഞ്ഞേക്കുന്നത്…..അതാണ്… നന്ദന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…..
ഭാർഗ്ഗവിയുടെ മുഖം സന്തോഷത്താൽ വിടർന്നു…. അവർ ആനിയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു…..ചെയ്യ്തു പോയ തെറ്റുകൾക്ക് ഒരായിരം വട്ടം അവർ ഉള്ളിൽ മാപ്പ് പറഞ്ഞു കൊണ്ട് ആനിയുമായി പതിയെ അകത്തേക്ക് നടന്നു……ചിരിയോടെ നിറഞ്ഞ മനസോടെ നന്ദനും…………..
ശുഭം 💙
കറുപ്പിലും വെളുപ്പിലും ജാതിയിലും മതത്തിലും ഒന്നുമല്ല കാര്യം…നല്ലൊരു മനസാണ് വേണ്ടത്… സ്നേഹത്തിന്റെ മുൻപിൽ എന്ത് ജാതി എന്ത് മതം എന്ത് വർണം……