രചന: മഹാ ദേവൻ
“എടാ മോനെ നിർത്താറായില്ലേ ഈ വായ്‌നോട്ടം. ഒന്നൂല്ലെങ്കിൽ ആ പെങ്കൊച്ചുങ്ങൾക്കൊക്കെ നിന്റെ കുട്ടിയാവാൻ ഉളള പ്രായമല്ലേ ഉളളൂ…മുപ്പത്തിയഞ്ചായിട്ടും നിനക്ക് ആരും പെണ്ണ് തരാത്തത് കൊണ്ട് അങ്ങനെ ഒരു പിതൃത്വം സംഭവിച്ചില്ലെങ്കിലും പ്രായമൊക്കെ നോക്കി വേണ്ടേ ഒലിപ്പീരൊക്കെ…”
ഓട്ടോ സ്റ്റാൻഡിൽ നിൽക്കുമ്പോൾ അപ്പുറത്തെ ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടികളെ വായ്നോക്കുന്ന രതീഷിനെ ഒന്ന് തോണ്ടിക്കൊണ്ട് തമാശയെന്നോണം ഹരി അങ്ങനെ പറയുമ്പോൾ വായ്‌നോട്ടത്തിൽ ഒട്ടും കുറവ് വരുത്താതെ തന്നെ മീശയിൽ ഒന്ന് തടവി ബസ്‌സ്റ്റോപ്പിലെ പെൺകുട്ടികളെ നോക്കി ചിരിച്ചുകൊണ്ട് രതീഷ് ഹരിയോടായി പറയുന്നുണ്ടായിരുന്നു, “മോനെ ഹരി…നീ അങ്ങോട്ട് നോക്ക്. ആ പെൺകുട്ടി എന്നെ നോക്കി ചിരിക്കുന്നത് കണ്ടോ…അതാണ് രതീഷ്…അല്ലാതെ ഭാര്യയുടെ അടിപ്പാവാട കഴുകാൻ വേണ്ടി മാത്രം ജനിച്ച നിന്നോട് ഇതിന്റെ ഫീൽ പറഞ്ഞിട്ട് കാര്യമില്ല. നീ നിന്റെ കെട്ടിയാൾ ഉണ്ടാക്കുന്ന മുരിങ്ങാക്കോലും കടിച്ചുവലിച്ച് അവളുണ്ടാക്കുന്ന തൈരുസാദത്തെയും പുകഴ്ത്തി നിന്റെ ഓട്ടോ പോലെ തന്നെ ഏങ്ങിവലിച്ചു മുന്നോട്ട് പോകുന്ന ജീവിതം തന്നെ സ്വർഗം എന്ന് കരുതി ഇരിക്ക്…അവസാനം നെട്ടും ബോൾട്ടും ഇളകി മൂലക്ക് ഒതുങ്ങുമ്പോൾ ഇങ്ങനെ ഒക്കെ നടക്കാൻ കൊതിച്ചിട്ട് കാര്യമില്ല. ഇതൊക്കെ ഈ പ്രായത്തിലെ പറ്റൂ മോനെ…ഇതൊന്നും നിനക്ക് പറഞ്ഞിട്ടില്ല. നിനക്ക് പറഞ്ഞിട്ടുള്ളതാണ് ഞാൻ നേരത്തെ പറഞ്ഞത്…കെട്ടിയോളുടെ അടിപ്പാവാട കഴുകൽ…”
അതും പറഞ്ഞവൻ ഹരിയെ നോക്കി കളിയാക്കിച്ചിരിക്കുമ്പോൾ ആ ചിരിയിൽ കൂടെ ചേർന്നുകൊണ്ട് ഹരി തിരികെ അവനെയും കളിയാക്കുന്ന പോലെ പറഞ്ഞു, “അടിപ്പാവാട കഴുകാനും വേണം മോനെ ഒരു യോഗം. അതിന് സ്വന്തമായി ഒരു ഭാര്യയും വേണം. നിനക്കൊക്കെ വെടിപ്പുരയിൽ പോയി അലക്കികൊടുക്കാനെ യോഗം ഉളളൂ എന്നാ തോന്നുന്നത്. അല്ലാതെ സ്വന്തമായി ഒരു അടിപ്പാവാട കഴുകാനുള്ള യോഗം ഉണ്ടെന്ന് തോന്നുന്നില്ല…” എന്ന്.
അവർ അങ്ങനെ ആയിരുന്നു. എന്നും നല്ല സൗഹൃദങ്ങൾ ആയി കൂടെ നിൽക്കുന്ന രണ്ട് പേർ. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇതുപോലെ കളിയാക്കലും പാരവെപ്പും ആണെങ്കിലും എന്തിനും കൂടെ നിൽക്കുന്ന ചങ്കായ കൂട്ടുകാർ ആയിരുന്നു അവർ. അങ്ങനെ ഓട്ടോ സ്റ്റാൻഡിലെ വായ്‌നോട്ടവും തള്ളി തള്ളിയുള്ള ജീവിതമായി മുന്നോട്ട് പോകുമ്പോൾ ആയിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത പോലെ രതീഷിനും ഒരു പെണ്ണ് ശരിയായത്. പെണ്ണും ചെക്കനും കണ്ട് ഇഷ്ട്ടപ്പെട്ടപ്പോൾ തന്നെ കൂടുതൽ വൈകിക്കാതെ ഒരു നിശ്ചയം നടത്താമെന്ന് തീരുമാനിക്കുമ്പോൾ ആയിരുന്നു പ്രതീക്ഷിക്കാതെ എത്തിയ ലോക്‌ഡോൺ ജീവിതത്തിൽ വിലങ്ങുതടി ആയത്.
വീട്ടിലേക്ക് മാത്രമായി ഒതുങ്ങേണ്ടി വന്നതിനാൽ സാമ്പത്തികപപ്രശ്നം മുന്നിൽ വലിയ ഒരു ചോദ്യചിന്ഹമായി നിന്നപ്പോൾ പിന്നെ നിശ്ചയം കുറച്ചു ദിവസത്തേക്ക് മാറ്റിവെക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളൂ. കൊറോണ കാലമാണെങ്കിലും ഓട്ടോ ഓടിക്കാനുള്ള അനുമതി കിട്ടിയത് മുതൽ വീണ്ടും സ്റ്റാൻഡിൽ എത്തുമ്പോൾ എല്ലാം കൊണ്ടും ശോകമായിരുന്നു രതീഷിന്റെ അവസ്ഥ…
“എന്താടാ…നിനക്കിപ്പോൾ പഴയ ഉഷാർ ഒന്നുമില്ലല്ലോ…?” എന്ന് തോളിൽ കൈചേർത്തുപിടിച്ചുകൊണ്ട് ചോദിക്കുന്ന ഹരിയെ നിരാശയോടെ നോക്കി രതീഷ്, “എന്റെ ഹരി…കൊറോണ വന്നത് മുതൽ മൊത്തത്തിൽ ശോകമല്ലേ…ഓട്ടമാണെങ്കിൽ ഇല്ല. എന്നാൽ പിന്നെ വരുന്ന പെൺകുട്ടികളെ വായ്‌നോക്കാമെന്ന് വെച്ചാൽ മഷിയിട്ട് നോക്കിയാൽ പോലും ഒന്നിനെയും കാണാൻ കിട്ടുന്നില്ല. ഇനി അഥവാ ഏതെങ്കിലും പെണ്ണുങ്ങൾ ഇതുവഴി പോയാലോ മുഖത്തു മാസ്ക്കും ഉണ്ടാകും. അവറ്റകളുടെ മുഖം ശരിക്കൊന്ന് കാണാൻ പോലും പറ്റില്ല. പിന്നെ ഉളള കാഴ്ചയിൽ അങ്ങ് അഡ്ജസ്റ്റ് ചെയ്യുന്നു എന്ന് മാത്രം…”
അവൻ വളരെ വിഷമത്തോടെ പറയുന്നത് കേട്ട് എന്തോ വലിയ കോമഡി കേട്ട പ്രതീതിയായിരുന്നു ഹരിക്ക്. അതുകൊണ്ട് തന്നെ രതീഷിന്റെ ആ വിഷമസ്ഥിതി കണ്ട് പൊട്ടിച്ചിരിക്കുമ്പോൾ അവനെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു രതീഷ്. “നീ അങ്ങനെ എന്നെ കളിയാക്കി ഇളിക്കുകയൊന്നും വേണ്ട. കിട്ടാത്ത മുന്തിരിയെ പുളിയാണെന്നു പറഞ്ഞു പുച്ഛിക്കുന്ന കുറുക്കൻ ആണ് നീ…”
“എടാ…നീ ഇനി ഈ വായ്‌നോട്ടം ഒക്കെ ഒന്ന് നിർത്ത്. ഒന്നുല്ലെങ്കിൽ ഈ കൊറോണ തീർന്നാൽ നിന്റെ വിവാഹനിശ്ചയം അല്ലെ…ഇനി എങ്കിലും ജീവിതത്തിൽ കുറച്ച് ഉത്തരവാദിത്വങ്ങളൊക്കെ വേണ്ടേ…സ്വഭാവവും കുറച്ചൊക്കെ ഒന്ന് മാറ്റാം…” അതുവരെ ഉണ്ടായിരുന്നു ചിരി ഒന്ന് അടക്കി കുറച്ചു ഗൗരവത്തോടെ ഹരി പറയുമ്പോൾ രതീഷ് ആലോചനയിൽ ആയിരുന്നു.
“അമ്പലം ഒരു കിലോമീറ്റർ അപ്പുറത്താണെന്ന് കരുതി ഇവിടെ നിന്നെ തൊഴുത് കുമ്പിട്ടുകൊണ്ട് പോണോ…? അതുപോലെ നിശ്ചയം ആകുന്നതല്ലെ ഉളളൂ. അതിന് മുന്നേ തന്നെ ജീവിതത്തെ ഒരു മൂലയ്ക്ക് ഒതുക്കണോ…അതിനൊന്നും എന്നെ കിട്ടില്ല. അതിന്റ സമയം ആകുമ്പോൾ മാറാം. അതാണ് ശരി..കേട്ടോ കിളവാ…”
അവന്റെ വാക്ക് കേട്ട് ആയിക്കോട്ടെ എന്ന മട്ടിൽ ഹരി ചിരിച്ചുകൊണ്ട് തലയാട്ടുമ്പോൾ രതീഷിന്റെ കണ്ണുകൾക്ക് കുളിരേകികൊണ്ട് രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായപോലെ ബസ്റ്റോപ്പിലേക്ക് വരുന്ന മൂന്ന് പെണ്കുട്ടികൾ. അത് കണ്ടപ്പോൾ തന്നെ അവൻ ഒന്ന് ഉഷാർ ആയി. അതുപോലെ തന്നെ മനസ്സിൽ ഒരു വിഷമം ഉണ്ടായിരുന്നത് മുഖത്തു മാസ്ക്ക് ഉള്ളത് കൊണ്ട് മുഖം കാണാൻ കഴിയില്ലല്ലോ എന്നോർത്തായിരുന്നു. എന്നാലും കിട്ടിയ കനികളെ വായ്നോക്കുമ്പോൾ ശരീരത്തിൽ വല്ലാത്ത ഒരു ഉന്മേഷം വന്നപ്പോലെ. കുറച്ച് നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ബസ്റ്റോപ്പിൽ രണ്ടുമൂന്ന് തരുണീമണികളെ ഒരുമിച്ചു കാണുന്നത് എന്നോർത്തപ്പോൾ അവന്റെ വായ്‌നോട്ടത്തിന്റെ ആവേശം കൂടിയിരുന്നു.
അവന്റെ നോട്ടം കണ്ടപോലെ പെൺകുട്ടികളുടെ കണ്ണുകളും ഓട്ടോസ്റ്റാന്റിലേക്ക് ആണെന്ന് തോന്നിയപ്പോൾ അവൻ മാസ്ക് അഴിക്കാതെ തന്നെ അവരെ നോക്കി പുഞ്ചിരിച്ചു. പക്ഷേ, മാസ്ക്കിട്ട പുഞ്ചിരി ആര് കാണാൻ….അതിനിടക്ക് അവൻ ഹരിയെ ഒന്ന് തോണ്ടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു, “നോക്കെടാ ഹരി…ആ പെൺകുട്ടികൾ എന്നെ നോക്കി ചിരിക്കുന്നത് കണ്ടോ….” എന്ന്. അത് കേട്ടപ്പോൾ ഇവനിത് എന്ത് കോപ്പാണ് പറയുന്നത് എന്ന ചോദ്യം ഹരിയുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. “നിനക്കിത് എന്താടാ..പ്രാന്തായോ…മാസ്ക്ക് ഇട്ടു നിൽക്കുന്ന പെണ്കുട്ടികൾ ചിരിക്കുന്നത് കാണാൻ മാത്രം നീ ആര് ആസാമിമാരുടെ കൊച്ചുമോനോ…? ശരിക്കും കൊറോണ നിന്റെ ഒരു പിരി ഇളക്കിയോ…?”
കളിയാക്കുന്ന പോലെ ഉളള ഹരിയുടെ ചോദ്യം കേട്ടപ്പോ രതീഷിന്റെ മുഖത്തു പുച്ഛം ആയിരുന്നു. ഈ കെഴങ്ങനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാമെങ്കിലും അവനറിയാത്ത ചില കാര്യങ്ങളെ കുറിച്ച് പഠിപ്പിക്കാൻ തന്നെ ആയിരുന്നു രതീഷ് മറുപടി പറഞ്ഞതും, “മോനെ ഹരി…ഈ വിഷയത്തിൽ നിന്റെ മൂത്താപ്പയാണ് ഞാൻ. ഈ പെണുങ്ങളുടെ സൈക്കോളജിയെ പറ്റി നിനക്ക് എന്തറിയാം..? ഒരു പെണ്ണ് ചിരിച്ചെന്ന് മനസ്സിലാക്കാൻ ചുണ്ടിലേക്ക് നോക്കേണ്ട ആവശ്യം ഇല്ല. അവളുടെ കണ്ണുകളിലേക്ക് നോക്കിയാൽ മതി. ആ കണ്ണുകൾ വിടരും, അതോടൊപ്പം കണ്ണുകള്ക്ക് ഒരു പ്രത്യേകഭംഗി ഫീൽ ചെയ്യും. ഇതൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. എന്നാലും…” എന്നും പറഞ്ഞ് അവൻ പിന്നെയും ആ പെൺകുട്ടികളെ നോക്കുമ്പോൾ അവർ ചിരികുന്നപോലെ….
അത്രത്തോളം എത്തിയ സ്ഥിതിക്ക് അങ്ങോട്ട് ചെന്ന് പരിചയപെടാമെന്ന വിചാരത്തോടെ റോഡ് മുറിച്ചുകടന്ന് ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മാസ്ക്കിനുളിൽ ഒരു ചിരി അവനും ഒട്ടിച്ചുവെച്ചിരുന്നു. പതിയെ നടന്ന് അവർക്കരികിലെത്തുമ്പോൾ മുഖവുരയൊന്നും ഇല്ലാതെ അങ്ങോട്ട് കേറി ചോദിച്ചു അവൻ “ബസ്സ് ഒന്നും വരുന്ന ലക്ഷണമ്മ ഇല്ലാട്ടോ..വേണേൽ ഞാൻ കൊണ്ടുവിടാം..എവിടേക്കാച്ചാ പറഞ്ഞാൽ മതി…” എന്ന്. അതുകേട്ട പരസ്പ്പരം നോക്കുന്ന അവർക്ക് മുന്നിൽ സന്തോഷത്തോടെ നിൽക്കുന്ന അവന്റെ മനസ്സിൽ ലഡ്ഡു വെറുതെ പൊട്ടികൊണ്ടിരിക്കുകയായിരുന്നു.
“ചേട്ടൻ വെറുതെ നിൽക്കുകയാണെങ്കിൽ ഞങ്ങളെ ഒന്ന് കൊണ്ടുവിട്ടേക്ക്. ഇവൾക്കല്ലേ ഇപ്പോൾ നിങ്ങളോട് ഇഷ്ട്ടവും ആരാധനയും. അവൾക്ക് ആണേൽ സംസാരിക്കാനും ഉണ്ട്. അപ്പൊ പിന്നെ നിങ്ങളുടെ പ്രണയവും നടക്കും, ഞങ്ങളുടെ യാത്രയും സുഖകരമാകും…” അത് കേട്ടപ്പോൾ രതീഷിനെ അത്ഭുതമായിരുന്നു. ഇത്ര കാലം വൈനോക്കിയിട്ട് ഒരു പെണ്ണിനും പ്രണയം തോന്നിയിട്ടില്ല. ഇതിപ്പോ വിവാഹനിശ്ചയത്തോട് അടുക്കുമ്പോൾ ആണോ ഈ പെണ്ണിന് പ്രണയം. മനസ്സിൽ അങ്ങനെ ചിന്തിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ കണ്ണുകൾ പറയുന്നുണ്ടായിരുന്നു പെണ്ണ് സുന്ദരി ആണെന്ന്.
എന്തായാലും വിവാഹം നിശ്ചയിച്ചു. അതുവരെ കൊണ്ടുനടക്കാൻ ഒരാൾ ആയല്ലോ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കി, “കുട്ടിയുടെ പേരെന്താ…?” എന്ന് ചോദിക്കുമ്പോൾ ആ കണ്ണുകൾ അവളിലെ ആശ്ചര്യത്തെ ആയിരുന്നു കാണിച്ചത്. പതിയെ അവൾ മാസ്ക്ക് താഴ്ത്തുമ്പോൾ അടുത്തു നിൽക്കുന്ന പെണ്ണ് ചോദിക്കുന്നുണ്ടായിരുന്നു, “കെട്ടാൻ പോകുന്ന പെണ്ണിന്റ പേര് പോലും മറന്നോ ചേട്ടാ…” എന്ന്.
ആ ചോദ്യവും മുഖത്തെ മാസ്ക്ക് മാറ്റിയ ആളുടെ മുഖവും കണ്ട് ഒരു നിമിഷം വിളറി നിൽകുമ്പോൾ അവനോട് തന്നെ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, “പണി പാലുംവെള്ളത്തിൽ ആണല്ലോ കിട്ടിയത് മോനെ…” എന്ന്. അതോടൊപ്പം വിളറിയ മുഖത്തൊരു ചിരി വരുത്താൻ പെടാപാട് പെടുകയായിരുന്നു രതീഷ്. പതിയെ മുഖത്തൊരു വളിച്ച ചിരി ഒട്ടിച്ചുകൊണ്ട് മനസ്സിൽ മാസ്ക്കിനെ പ്രാകികൊണ്ട് അവളെ നോക്കി അവൻ.
“എന്റെ രമ്യേ…നിന്നെ എനിക്ക് അറിയാതെ ഇരിക്കൊ…ഞാൻ ചോദിച്ചത് ഈ കുട്ടിയുടെ പേരാണ്. അല്ലാതെ നിന്റെ അല്ല. പിന്നെ ചോദിക്കുമ്പോൾ മാസ്ക്കിനുളിൽ ആണ് നിന്റെ മുഖത്തിന്റ പാതി എങ്കിലും നിന്റെ ഈ കണ്ണുകളിൽ നിന്ന് എനിക്ക് എന്റെ കണ്ണെടുക്കാൻ തോന്നിയില്ല. ആ കണ്ണുകൾ അത്രയും പതിഞ്ഞത് എന്റെ ഹൃദയത്തിൽ അല്ലെ…അങ്ങനെ നിന്നോടുള്ള എന്റെ പ്രണയാതുരമായ നോട്ടം നിന്റെ കണ്ണുകളെ കൊത്തിവലിക്കുമ്പോൾ നിനക്ക് തോന്നിയതാണ് നിന്നോടാണ് ഞാൻ പേര് ചോദിച്ചതെന്ന്…സത്യത്തിൽ ചോദിച്ചത് ഈ കുട്ടിയോടാ…” എന്നും പറഞ്ഞ് അടുത്തുള്ള കുട്ടിക്ക് നേരെ തിരിഞ്ഞ് “പെങ്ങളുടെ പേരെന്താ…” എന്ന് ചോദിക്കുമ്പോൾ അവൾ രമ്യയെ ഒന്ന് ഒളികണ്ണിട്ട് നോക്കി.
പ്രിയപ്പെട്ട ഒരാൾ കൂടെ ഉള്ളവളെ പെങ്ങൾ എന്ന് വിളിക്കുമ്പോൾ അത് പെണ്ണുങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഇത്ര നേരം വായ്‌നോക്കിയവളെ വേഗം പെങ്ങളാക്കിയത്. അങ്ങനെ വിളിക്കുമ്പോൾ രമ്യയുടെ മുഖത്താ സന്തോഷം നിറഞ്ഞത് കണ്ടപ്പോൾ അവന് മനസ്സിലായി കഷ്ട്ടിച്ചു രക്ഷപ്പെട്ടന്ന്….
സ്ഥിരം ശൈലിയിൽ പെണ്ണുങ്ങളെ കാണുമ്പോൾ ഉളള പഞ്ചാരവാക്കുകൾ ഒന്നും പറയാത്തതിൽ അവന് സ്വയം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത്. “ഞാൻ ഇപ്പോൾ വണ്ടി എടുത്തു വരാം, നിങ്ങൾ ഇവിടെ നിൽക്ക്…” എന്ന് പറഞ്ഞ് അവരുടെ അടുത്തു നിന്ന് ഊരുമ്പോൾ ഹരി അടുത്തേക്ക് വന്ന് ചോദിക്കുന്നുണ്ടായിരുന്നു, “എന്താട വളച്ചോ നീ….” എന്ന്.
അത് കേട്ട് പാതി സങ്കടത്തോടെയും ദേഷ്യത്തോടെയും രതീഷ് ഹരിയെ നോക്കികൊണ്ട് പറഞ്ഞു, “വളയുന്നതിനു മുന്നേ ഓടിഞ്ഞേനെ എല്ലാം…തുള്ളിക്ക് രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ…അല്ലെങ്കിൽ ഇപ്പോൾ നിശ്ച്ചയത്തിനു മുന്നേ അനിശ്ചിതത്വത്തിൽ ആയേനെ കല്യാണം.
ഈ മാസ്ക് ചതിച്ച ഒരു ചതിയെ…” എന്നും പറഞ്ഞ് ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ ഹരി അവൻ പറഞ്ഞതൊന്നും മനസ്സിലാകാത്ത പോലെ അവനെ നോക്കി നിൽക്കുകയായിരുന്നു. “ഇവനിത് ശരിക്കും പ്രാന്തായോ….” എന്ന് ചിന്തിച്ചുകൊണ്ട്.