കുന്നോളമുണ്ടേമനസ്സിൽ.. – രചന: Unni K Parthan
മുറ്റമടിക്കുന്ന ചൂല് ഞാനെടുക്കണോ…? അതോ നിങ്ങൾ പോകുന്നുണ്ടോ…? സുമിത്ര ചോദിക്കുന്നത് കേട്ട് മുറ്റത്തു നിന്നവർ ഒന്ന് പികച്ചു..
കൊറേ സാദാചാരക്കാർ വന്നിരിക്കുന്നു. എന്റെ മക്കൾ അവരുടെ ഇഷ്ടമുള്ളവരുടെ കൂടേ പോകും. വേണേൽ ചിലപ്പോൾ അവരുടെ കൂടെ കിടന്നു കൊടുത്തുന്നും വരും. അതൊക്കെ ഇവിടെ വന്നു വിളമ്പുന്ന നീയൊക്കെ ആദ്യം നിന്റെ വീട്ടിൽ പോയി അന്വേഷിക്ക്. എന്നിട്ട് മറ്റുള്ളവന്റെ കാര്യം അന്വേഷിക്കാൻ വാ…സുമിത്ര പറയുന്നത് കേട്ട് എല്ലാരും ഒന്ന് പകച്ചു…കാരണം ഒരാളുടെ മുഖത്ത് നോക്കി എതിർത്തു ഒരു വാക്ക് പറയാത്ത ആളാണ്..ഇങ്ങനെ ഉറഞ്ഞു തുള്ളുന്നതു…
അതല്ല സുമിത്രേച്ചി..ഞങ്ങൾ കണ്ട കാര്യം വന്നു പറയാൻ വന്നതാ..കൂട്ടത്തിൽ ഒരാൾ മുന്നോട്ട് കേറി വന്നു പറഞ്ഞു..
സുമേഷേ നിങ്ങൾ ന്ത് കണ്ടുന്നാ..ന്റെ മോള് ഒരു പയ്യന്റെ കൂടേ ബൈക്കിൽ കുറച്ചു ദിവസമായി യാത്ര ചെയ്യുന്നത് ആണോ..
മ്മ്..അതന്നെ..മാന്യ മര്യാദക്ക് താമസിക്കുന്ന ആളുകൾ ഉള്ള ഒരു സ്ഥലമാണിത്..ഇവിടെ ഇമ്മാതിരി തെണ്ടിത്തരം ഞങ്ങൾ അനുവദിക്കില്ല..
ഡാ…ചെക്കാ..ഞാൻ ഇവിടെ വന്നിട്ട് വർഷം കുറച്ചായി..ഇവിടെ ഉള്ളവരുടെ ഏകദേശ സ്വഭാവം എനിക്ക് അറിയാം അത് കൊണ്ട്..ചുമ്മാ സ്വന്തം പല്ലിനിടയിൽ കുത്തി നാറ്റിക്കരുത്..അറിയാലോ..ഞാൻ ഉദേശിച്ചത് ന്താ ന്നു…സുമേഷിന്റെ മുഖം വിളറി…
കെട്ടിയോൻ മരിച്ചിട്ട് വർഷം കൊറേ ആയി…പിന്നേ…ഈ രണ്ടു പെൺകുട്ടികളെയും വളർത്തി വലുതാക്കി ദേ..ഈ പ്രായം വരേ എത്തിച്ചു..ഒരു ചീത്ത വാക്ക് പോലും ഒരാളിൽ നിന്നും കേൾക്കാൻ ഞങ്ങൾ അവസരം കൊടുത്തിട്ടില്ല. അങ്ങനെ ആണ് ഞാൻ ന്റെ മക്കളേ വളർത്തിയത്..
ഒരുപാട് രാത്രിയിൽ ഉറങ്ങാതെ ഞാൻ നേരം വെളുപിച്ചിട്ടുണ്ട് ഇവിടെ..കാരണം ഞാൻ പറയാതെ തന്നെ നിനക്കൊക്കെ അറിയാലോ…എത്ര വട്ടം ഈ വാതിലിൽ മുട്ടിയിട്ടുണ്ടെടാ ഇതിൽ പലരും…എത്ര വട്ടം മോശം വാക്കുകൾ കൊണ്ട് എന്നേ വിളിച്ചിട്ടുണ്ട് നിങ്ങളിൽ പലരും…അതൊന്നും ആരും കേൾക്കില്ല. കാരണം…നീയൊക്കെ ഈ നാട്ടിലേ അറിയപെടുന്ന ആളുകൾ അല്ലേ..ഇത്രയും നാളുകൾ ഞാൻ മിണ്ടാതിരുന്നത് ഭയം കൊണ്ട് തന്നെ ആയിരുന്നു..പക്ഷേ…ഇനി അങ്ങനെ ഉണ്ടാവുമെന്ന് കരുതണ്ട ഒരാളും..
ന്റെ മക്കൾ ചിലപ്പോൾ രാത്രിയാവും വീട്ടിൽ വരിക..അത് ചിലപ്പോൾ അവരുടെ ഫ്രണ്ട്സിന്റെ വണ്ടിയിൽ ആവും വരിക..അത് ചിലപ്പോൾ ബൈക്കാവാം..ചിലപ്പോൾ കാറാവാം..കാരണം ന്റെ മക്കൾക്ക് നല്ല അന്തസുള്ള ജോലിയുണ്ട്..അവരുടെ ജോലി കഴിഞ്ഞു നേരം വൈകിയാൽ വീടെത്താൻ അവർ ആശ്രയിക്കുന്നത് അവർക്ക് ഏറ്റവും വിശ്വാസം ഉള്ളവരെയാണ്…ആ വിശ്വാസം.. അത് ചുമ്മാ അങ്ങ് വന്നു ചേരുകയും ഇല്ല..
ന്തേ..നിങ്ങളിൽ ഒരാളോടും ന്റെ മക്കൾ സഹായം ചോദിക്കുന്നില്ല..സഹായം ചോദിച്ചാൽ നിന്റെ ഒക്കേ നോട്ടം..പതിയുന്നത് തന്നെ മോശം കണ്ണുമായല്ലേ..
മാറണം നമ്മൾ മാറി ചിന്തിക്കുക തന്നെ വേണം..രാത്രിയിൽ ഇറങ്ങി നടക്കുന്ന…അല്ലേ വേറെ ഒരാളുടെ കൂടെ അസമയത്തു വന്നിറങ്ങുന്നത് കണ്ടാൽ..അതെല്ലാം കാണുന്ന കണ്ണുകളുടെ കാഴ്‌ച..അത്..നല്ല വശം മാത്രമായ് കാണുന്ന കാലം വരിക തന്നെ വേണം..കാരണം…ഇവിടെ ജീവിക്കാൻ…കണ്ണുകളിൽ മൂടുപടം വേണ്ടാ…മനസൊന്നു അലക്കി വെളുപിച്ചാൽ മാത്രം മതി..
ഇനി എങ്ങനെ…നിങ്ങൾ പോണോ..അതോ…ഈ ചൂലിന് പണി ഉണ്ടാക്കണോ..ചൂലെടുത്തു ഉള്ളം കയ്യിൽ തട്ടി കൊണ്ട് സുമിത്ര പറഞ്ഞതും..ഒരു കയ്യടി കേട്ടു..ആ കയ്യടി ഒരുപാട് കൈയ്യടിയായി..സുമിത്ര തിരിഞ്ഞു നോക്കി..ആ ചുറ്റുവട്ടം താമസിക്കുന്ന എല്ലാ സ്ത്രീകളും നിറഞ്ഞ കയ്യടിയോടെ സുമിത്രയുടെ അടുത്തേക്ക് നടന്നടുത്തു..
വർഷങ്ങളായി ഉള്ളിലുണ്ടായിരുന്ന വിഷമങ്ങളെല്ലാം ഒരൊറ്റ നിമിഷത്തിൽ അലിഞ്ഞു ഇല്ലാതാവുന്നത് സുമിത്ര അറിഞ്ഞു.
ശുഭം..