തീരങ്ങൾ – ഭാഗം 7, രചന: രഞ്ചു ആൻ്റണി

പിന്നീട് അമലാമ്മയുടെ അടുത്ത് പോകാതെ മുറിയിൽ തന്നെയിരുന്നു… ട്യൂഷൻ എടുക്കാൻ അന്വേഷിച്ച് വന്ന കുട്ടികളോട് സുഖമില്ലാന്ന് പറഞ്ഞ് അയച്ചു…

വെള്ളം കോരി തലയിൽ ഒഴിക്കുമ്പോൾ അയാൾ ചുംബിച്ച നെറ്റി ഞാൻ അമർത്തി തുടച്ചു…എന്നിട്ടും ആ ചുംബനത്തിന്റെ ചൂട് എന്നെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു…

രാത്രിയിൽ ഭഷണം കഴിക്കാനും പോകാതെ കട്ടിലിൽ ചുരുണ്ട് കൂടുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ബാക്കിയായിരുന്നു… എന്നും ഛായം തേച്ച് മിനുക്കിയിരുന്ന അമ്മ മുഖം തീർത്തും മാഞ്ഞ് പോയിരുന്നു…

നെറ്റിയിൽ തണുത്ത സ്പർശം അറിഞ്ഞപ്പോളാണ് അമലാമ്മ വന്ന് അടുത്ത് ഇരിക്കുന്നത് കണ്ടത്…

“മോള് ഇഷ്ടമില്ലാതെ ആണോ കല്യാണത്തിന് സമ്മതിച്ചത്…”

ഞാൻ ഒന്നും മിണ്ടിയില്ല… അമലാമ്മക്കും എന്റെ വേരുകൾ അറിയാമെന്ന് തോന്നിയപ്പോൾ മുതൽ ഒരു കനൽ മനസ്സിൽ കിടന്ന് നീറുന്നുണ്ടായിരുന്നു…

” അമലാമ്മയോട് ദേഷ്യമാണോ”

അതു കേട്ടപ്പോൾ ഞാൻ എഴുന്നേറ്റ് ഇരുന്നു… ഇല്ല അമലാമ്മ എനിക്ക് ദേഷ്യമൊന്നും ഇല്ല.. കല്യാണത്തിനും എനിക്ക് സമ്മതമാ… പിന്നെ ഇഷ്ടം അതൊക്കെ തന്നെ ഉണ്ടായി കൊള്ളും…

“ഒന്നും ഓർത്ത് വിഷമിക്കണ്ടാ… അനിലക്ക് ഇതിലും നല്ല ഒരു ജീവിതം എനിക്ക് കണ്ടുപിടിച്ച് തരാനാവില്ല… ഇത് തന്നെയാണ് ശരി”

അമലാമ്മക്ക് അറിയാം അല്ലേ എന്റെ അമ്മ ആരാന്ന്… ചോദിക്കരുത് എന്നോർത്തിട്ടും അറിയാതെ ചോദിച്ച് പോയി…

“ആരുടെയും കുറ്റമല്ല മോളിവിടെ വന്നത്, എനിക്ക് നിന്നെ കിട്ടിയത് ഈ മുറ്റത്ത് നിന്ന് തന്നെയാ… പക്ഷെ ചില കാര്യങ്ങൾ എനിക്ക് പറയാൻ കഴിയില്ല കുട്ടി… അത് നിന്നിലേക്ക് തനിയെ വരും” അമലാമ്മ വിഷമത്തോടെ പറഞ്ഞു…

പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല…

“മോൾക്ക് നല്ലത് മാത്രമേ വരൂ” അമലാമ്മ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു…

ഉറക്കം വരാതെ കിടക്കുമ്പോൾ കിരൺ സാറിന്റെ വീട്ടിൽ കണ്ട ഫോട്ടോ ഒന്നുകൂടി മനസ്സിൽ ഓർത്തെടുത്തു….

💦💦💦💦💦💦💦💦💦💦💦💦💦💦💦💦

പിറ്റേന്ന് രാവിലെ ഓഫീസിൽ ചെന്നത് മുതൽ സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ ഇരുന്നു… ഒരു തരം മരവിപ്പ് വന്ന് മൂടി കൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു…ലഞ്ച് ടൈമിൽ ആണ് ഗീതുവിനെ കണ്ടത്…

“എന്താടീ, മുഖമൊക്കെ വല്ലാതെ, കിരൺ സാറിന്റ അഡ്രസ്സ് എന്തിനാ നീ എന്നോട് ചോദിച്ചത്, പുള്ളിടെ വീട്ടിൽ പോയോ”

ഉം… പോയി…

ഗീതു ഞെട്ടി എന്നെ നോക്കി…” എന്തിന്”

ആ വീടും ഞാനുമായി എന്തോ ഒരു ബന്ധമുണ്ടെന്ന് തോന്നി… ഒന്ന് അന്വേഷിക്കാൻ പോയതാ….

“എന്നിട്ട്…” അവളുടെ കണ്ണ് മിഴിഞ്ഞ് തന്നെയിരുന്നു…

എന്നിട്ട് എന്താ…. അങ്ങേര് എന്നെ കൈയ്യോടെ പിടിച്ചു…

“ആര്… കിരൺ സാറോ”

ഉം….

“അപ്പോ നമ്മുടെ പണി ഉടനെ പോകും അല്ലേ… അഡ്രസ്സ് ഞാൻ അല്ലാതെ വെറെ ആരും നിനക്ക് തരില്ലാന്ന് അറിയാം… ഇന്ന് രാവിലെ സാർ വന്നപ്പോൾ മുതൽ നിന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു, നീ വർക്ക് ഒന്നും ചെയ്യുന്നില്ലാന്ന് തോന്നിയിട്ടാണോ, എനിക്കും കിട്ടി ഒന്ന് രണ്ട് തവണ ചീത്തവിളി” ഗീതു വിഷമത്തോടെ പറഞ്ഞു….

പണി ഒന്നും പോകില്ല… പകരം എനിക്ക് ഒരു പ്രമോഷൻ കിട്ടിയിട്ടുണ്ട്…

ഗീതു പിന്നെയും ഞെട്ടി…

“അപ്പോ ജിഷ മാഡത്തെ ടീം ലീഡർ സ്ഥാനത്ത് നിന്ന് ടെർമിനേറ്റ് ചെയ്യ്തോ…”

ഇത് ടീം ലീഡർ ഒന്നും അല്ലാടി… അതിലും ഉയർന്ന പോസ്റ്റ് ആണ്… അങ്ങേരുടെ ഭാര്യാ പദവി…ഗീതു വാ പൊളിച്ച് ഇരിക്കുന്നത് കണ്ടു…

എന്റെ ഗീതു നീ ആ വായടക്ക്… എന്നിട്ട് വേഗം ഫുഡ് കഴിക്ക്… സമയം കഴിയാറായി….

“എടീ…. സത്യമാണോ…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല”

ഇനി വിശ്വസിച്ചേ പറ്റു… നിന്റെ സാറിന് കാര്യമായ എന്തോ കുഴപ്പമുണ്ട്…അല്ലെങ്കിൽ എന്നെ കെട്ടില്ലല്ലോ… ഞാൻ ചിരി വരുത്തി എഴുന്നേറ്റു…

അന്ന് പുതിയ യുണീഫോം കിട്ടി… അടുത്ത ദിവസം മുതൽ എല്ലാവരും യൂണിഫോമിൽ വരണമെന്ന മെയിലും…

വൈകുന്നേരം വരെ കിരൺ സാർ എന്നെ അന്വേഷിക്കാത്തത് വലിയ ആശ്വാസമായി തോന്നി….

ഓർഫനേജിൽ ചെന്നപ്പോൾ അമലാമ്മ പറഞ്ഞു… “ലക്ഷ്മി വിളിച്ചിരുന്നു, കല്യാണത്തിന് ഡേയ്റ്റ് നോക്കാമെന്ന് പറഞ്ഞു”

കല്യാണം രജിസ്ട്രർ ചെയ്യ്താൽ മതി… താലി കെട്ട് ഒന്നും വേണ്ടാ…

“എന്താ അനില അവർക്ക് അത് സമ്മതമാകില്ല”

എന്റെ അച്ഛനും അമ്മയും ഏത് വിശ്വാസം ആണെന്ന് അറിയില്ല…പക്ഷെ അമലാമ്മ പകർന്ന് തന്ന വിശ്വാസം പെട്ടെന്ന് ഒരു ദിവസം മാറ്റി ദൈവത്തിന്റെ പേര് വേറെ വിളിക്കാൻ പറഞ്ഞാൽ എനിക്ക് പറ്റില്ല… അതുകൊണ്ട് അവരോട് പറയണം രജിസ്ട്രർ ചെയ്യ്താൽ മതിയെന്ന്….

അമലാമ്മ ഒന്നും പറയാതെ എന്നെ നോക്കി…

അമലാമ്മക്ക് പറയാൻ മടി ആണെങ്കിൽ വേണ്ട ഞാൻ പറയാം… റൂമിലോട്ട് നടന്ന് കൊണ്ട് പറഞ്ഞു…

ട്യൂഷൻ എടുത്തു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടി മാളു വന്ന് അടുത്ത് നിന്നു…

“അനിലേച്ചിടെ കല്യാണമാണല്ലേ…” അവൾ കൊഞ്ചി ചോദിച്ചു…

ആരാ പറഞ്ഞെ…

“കിരൺ അങ്കിൾ പറഞ്ഞല്ലോ”

എപ്പോ…

“അന്ന്… കിരൺ അങ്കിളും ആന്റിയും വന്നില്ലേ… നമ്മുക്ക് ബിരിയാണി തരാൻ… അന്നേരം പറഞ്ഞു”

അന്ന് ഞാൻ കല്യാണത്തിന് സമ്മതിച്ചിട്ട് പോലും ഇല്ലല്ലോ… ഞാൻ സമ്മതിക്കുമെന്ന് അയാൾക്ക് ഉറപ്പായിരുന്നോ…

എന്ത് പറഞ്ഞു… അവളോട് ചോദിക്കുമ്പോൾ മനസ്സിൽ പിന്നെയും കാർമേഘം നിറഞ്ഞു….

“അനിലേച്ചിയെ രാജകുമാരി ആക്കാൻ കൊണ്ടുപോകുവാണെന്ന്” അവൾ കണ്ണുകൾ വിടർത്തി പറഞ്ഞു….

രാജകുമാരി അക്കാൻ കിരൺ സാർ എന്താ രാജകുമാരൻ ആണോ…. ഞാൻ ചോദിച്ചു…

“അതെ, കിരൺ അങ്കിൾ രാജകുമാരൻ ആണല്ലോ, അതുകൊണ്ടല്ലേ എല്ലാവർക്കും ഉടുപ്പ് വാങ്ങി തന്നത്” അവൾ നിഷ്കളങ്കമായി പറഞ്ഞപ്പോൾ അറിയാതെ ചിരി വന്നു…

എല്ലാവരും പിന്നെ കല്യാണം എങ്ങനെയാ… സിനിമയിൽ കാണുന്നത്‌ പോലെ ആണോ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു… ആദ്യമായി ഒരു കല്യാണം കാണാൻ പോകുന്നതിന്റെ ആകാംക്ഷ എല്ലാ മുഖങ്ങളിലും ഉണ്ട്… ഞാനൊഴിച്ച് എല്ലാരും നല്ല സന്തോഷത്തിലാണ്….

അന്ന് ആദ്യമായി ഞാനും കല്യാണത്തെ കുറിച്ച് ചിന്തിച്ചു… ഈ കല്യാണം എന്റെ ലക്ഷ്യത്തിൽ എത്താനുളള വഴി മാത്രമാണ്… അമ്മ ആരാണെന്ന് അറിയണം… ഇപ്പോൾ അത് മാത്രമേ മനസ്സിൽ ഉള്ളൂ… കിരൺ സാർ എന്റെ ഹൃദയത്തിന്റെ കോണിൽ എങ്കിലും ഉണ്ടോ… അറിയില്ല…

💦💦💦💦💦💦💦💦💦💦💦💦💦💦💦💦

രാവിലെ യുണിഫോം സ്യൂട്ട് ഇട്ട് റെഡിയായപ്പോൾ പുറത്ത് ഇറങ്ങാൻ മടി തോന്നി…

“എന്റെ മോളെ ഇങ്ങനെ കാണാൻ ഞാൻ എത്ര സ്വപ്നം കണ്ടതാണെന്നോ” അമലാമ്മ പറഞ്ഞ് കൊണ്ട് കണ്ണ് തുടച്ചു…

ഇനി എന്തിനാ അമലാമ്മ കരയുന്നത്… ഇപ്പോ കണ്ടില്ലേ… അമലാമ്മയുടെ സന്തോഷ കണ്ണീർ എന്നിലും എത്തിയിരുന്നു…

“പിന്നെ കല്യാണത്തിന് ഡേയ്റ്റ് തീരുമാനിക്കാൻ ലക്ഷ്മിയും കിരണും ഞായറാഴ്ച വരും…” അമലാമ്മ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി കൊണ്ട് ഇറങ്ങി…

ഓഫീസിൽ ചെന്നപ്പോൾ തന്നെ ഗീതു വിളിച്ച് കിരൺ സാർ വിളിക്കുന്നു എന്ന് പറഞ്ഞു…

ഇനി എന്ത് പറയാനാണാവോ… ഈ ഞായറാഴ്ച ലക്ഷ്മി ആന്റി മോനെ കൂട്ടി വരുമെന്നല്ലേ അമലാമ്മ പറഞ്ഞെ… അതിന്റെ ഇടയിൽ എന്നോട് എന്ത് സംസാരിക്കാനാണ്… ഇനി ഈ കോലത്തിൽ കാണാനാകുമോ…

ഗീതു എന്നെ കണ്ടപ്പോൾ കൈയ്യ് പൊക്കി നല്ല ഭംഗിയാണെന്ന് കാണിച്ചു…

നീയും… ഞാൻ കണ്ണ് കാണിച്ചു…

ക്യാബിനിൽ ചെന്നപ്പോൾ ആള് ലാപ് ടോപ്പിൽ നോക്കി ഇരിക്കുന്നുണ്ട്….

ഗുഡ് മോണിങ്ങ് പറഞ്ഞപ്പോൾ തല പൊക്കി നോക്കി… കണ്ണെടുക്കാൻ ഉദ്ദേശമില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു…

എന്തിനാ സാർ വിളിച്ചത്…

“അനു ഇരിക്ക്…”

വേണ്ട ഞാൻ ഇവിടെ നിന്നോളാം…

“താൻ ഇനി എങ്കിലും ഈ സാർ വിളി അവസാനിപ്പിക്ക്”

അതിന് നമ്മൾ തമ്മിൽ ഇപ്പോഴും പ്രത്യകിച്ച് ബന്ധങ്ങൾ ഒന്നും ആയിട്ടില്ലല്ലോ….

“താൻ കല്യാണത്തിന് സമ്മതിച്ചെന്ന് അമ്മ പറഞ്ഞു…”

സമ്മതിച്ചു..എന്തിനാണെന്ന് സാറിനും അറിയാമല്ലോ….

“അത് മാത്രം ആണോ… അല്ലാതെ എന്നോട് ഇത്തിരി പോലും ഇഷ്ടം തോന്നിയിട്ടില്ലേടോ”… ചോദിക്കുമ്പോൾ ആ കണ്ണുകളിൽ വിഷാദം നിറയുന്നുണ്ടായിരുന്നു…

ഞാൻ ഒന്നും മിണ്ടിയില്ല…. ഇല്ലാത്ത കാര്യം എങ്ങനെ ഉണ്ടെന്ന് പറയും…

” തന്റെ മനസ്സ് എനിക്കറിയാം…”

എന്ത് അറിയാം… ഒന്നും അറിയില്ല…

“ചുമ്മാ ഈ വാശി കാണിക്കുന്നത് എന്തിനാണെന്ന് അറിയാടോ… അതൊന്നും സാരമില്ല…തന്നെ എന്റെ കൂടെ കൂട്ടണമെന്ന് ആഗ്രഹിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി… ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ തന്നെ എപ്പോഴോ പ്രതിഷ്ഠിച്ചു പോയി”

കിരൺ സാർ മനസ്സിൽ തട്ടിയാണ് പറയുന്നത് എന്ന് തോന്നിയിട്ടും ഞാൻ പ്രതികരിച്ചില്ല…

എനിക്ക് പക്ഷെ സാർ രണ്ട് മാസം മാത്രം പരിചയമുള്ള ആളാണ്, അപ്പോൾ മനസ്സിൽ ചുമ്മാ പിടിച്ച് കയറ്റാൻ പറ്റില്ലല്ലോ…

“പുലികുട്ടി… പുറത്ത് ചാടുന്നുണ്ടല്ലോ”… കിരൺ സാർ പുഞ്ചിരിച്ചു…

ഈ പുഞ്ചിരിയാണ് എനിക്ക് ഏറ്റവും ദേഷ്യം എന്ന് വിളിച്ച് പറയാൻ തോന്നി….

കല്യാണം രജിസ്ട്രർ ചെയ്യ്താൽ മതി…
അത് പറഞ്ഞപ്പോൾ മാത്രം ശബ്ദം താണിരുന്നു…

“അതെന്താടോ”…

കല്യാണത്തിന് വരുന്നവർ ഒക്കെ എന്റെ വേരുകൾ തിരക്കിയാൽ പറയാൻ ഒന്നും ഇല്ലല്ലോ…നിങ്ങളുടെ അന്തസ്സിന് ചേരുന്ന ആരും എന്റെ കൂടെ വരാനും ഇല്ല… പിന്നെ എന്റെ വിശ്വാസങ്ങൾ ഒരു ദിവസം കൊണ്ട് മാറ്റാനും പറ്റില്ല….

“നമ്മുക്ക്… ആലോചിക്കാം… ഈ ധൈര്യമാണ് എനിക്ക് ഇഷ്ടം…..എന്തും മുഖത്ത് നോക്കി പറയാൻ ഉള്ള ധൈര്യം… ” കിരൺ സാർ തൊട്ടു അടുത്ത് വന്ന് പറഞ്ഞു…

എനിക്ക് കുറച്ച്… ധൈര്യമൊക്കെ ഉണ്ട്… പറയുമ്പോൾ വാക്കുകൾ മുറിഞ്ഞിരുന്നു…

കിരൺ സാറിന്റെ കണ്ണുകളിലെ ഭാവം എന്നിലെ ധൈര്യം ചോർന്ന് തുടങ്ങി….

എനിക്ക് പോകണം…

” പോയ്ക്കോ… അതിന് മുൻപ് ഈ മനസ്സിൽ എന്നെങ്കിലും എനിക്കൊരു സ്ഥാനം ഉണ്ടാകുമോന്ന് പറഞ്ഞിട്ട് പോ…”

എനിക്ക് ഹൃദയമിടുപ്പ് കൂടി തുടങ്ങിയിരുന്നു…

അറിയില്ല….

“എന്നാൽ എനിക്കറിയാം… തന്റെ നെഞ്ചിടിപ്പിന്റെ താളം തെറ്റി കഴിഞ്ഞിരിക്കുന്നു… ഇനി ഞാൻ പതിയെ അങ്ങ് കയറി കൊള്ളാം…”

നടന്നത് തന്നെ…. മനസ്സിൽ പറഞ്ഞ് തിരിഞ്ഞതും … കൈയ്യിൽ പിടിച്ച് ദേഹത്തോട്ട് അടുപ്പിച്ച് കവിളിൽ അമർത്തി ചുംബിച്ചു…

ഞാൻ പിടഞ്ഞ് മാറി… ദേഷ്യം നുരഞ്ഞ് പൊങ്ങി…
എന്റെ ദേഹത്ത് തൊടരുതെന്ന് ഞാൻ പറഞ്ഞതല്ലേ…

“തന്റെ കവിളുകൾ ചുവന്ന് തുടുക്കുന്നത് കാണാൻ നല്ല ഭംഗിയാണ് കേട്ടോ” കിരൺ സാർ കുസൃതി ചിരിയോടെ പറഞ്ഞു…

എനിക്ക് പെട്ടെന്ന് കൈയ്യിൽ കിട്ടിയ പേപ്പർ വെയ്റ്റ് എടുത്ത് കിരൺ സാറിന്റെ നേരെ എറിഞ്ഞു…

അത് കൈയ്യെത്തി പിടിച്ച് ചിരിച്ച് കൊണ്ട് സാർ പറഞ്ഞു “സ്യൂട്ട് തനിക്ക് നന്നായി ചേരുന്നുണ്ട്….”

കുസൃതിയോടെ താടിയിൽ തടവി കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് ഞാൻ തിരിച്ച് ഇറങ്ങി….

നേരെ ഗീതുവിന്റെ മുമ്പിലാണ് ചെന്ന് പെട്ടത്….

“എന്താടീ… മുഖമൊക്കെ ആപ്പിള് പോലെ ഉണ്ടല്ലോ…”

അവളെ ഒന്ന് കൂർപ്പിച്ച് നോക്കി സീറ്റിൽ പോയി ഇരുന്നു… കീബോർഡിൽ വെച്ചപ്പോളാണ് വിരലുകൾ അപ്പോളും വിറക്കുന്നുണ്ടെന്ന് മനസ്സിലായത്…

മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലായിരുന്നു… പ്രണയം ഒരിക്കലും ഉണ്ടായിട്ടില്ല… കോളേജിൽ വെച്ച് കുറച്ച് ചെക്കൻമാർ പുറകെ നടന്നിരുന്നു… പക്ഷെ എന്റെ കാര്യങ്ങൾ അറിയുമ്പോൾ ശല്യം അവസാനിക്കാറും ഉണ്ടായിരുന്നു….

ആദ്യമായാണ് ഇങ്ങനെ… കിരൺ സാറിനോട് എനിക്ക് വെറുപ്പ് ആണെങ്കിൽ എന്തിനാണ് ഞാനിങ്ങനെ വിറക്കുന്നത് എന്ന് മനസ്സിലായില്ല… ആള് അടുത്ത് വന്നപ്പോൾ എന്നിൽ ഇന്ന് വരെ തോന്നാത്ത എന്തോ വന്ന് നിറഞ്ഞിരുന്നു… പക്ഷെ ചുംബിച്ചപ്പോൾ ദേഷ്യമാണ് വന്നത്… ഇല്ല എനിക്കയാളെ ഇഷ്ടമല്ല…ഞാൻ മനസ്സിൽ പറഞ്ഞ് ഉറപ്പിച്ചു …

പിന്നീട് രണ്ട് ദിവസം സാറിനെ കണ്ടില്ല…എന്തോ മീറ്റിങ്ങിന് പോയെന്ന് ഗീതു പറഞ്ഞു… കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ എവിടെയോ ഒരു തണുപ്പ് തോന്നിയിരുന്നു… ഒരിക്കലും തോന്നാത്ത ഒന്ന്…

💦💦💦💦💦💦💦💦💦💦💦💦💦💦💦💦

ഞായറാഴ്ച രാവിലെ മുതൽ ഒരു വെപ്രാളം വന്ന് തുടങ്ങി…കിരൺ സാറും അമ്മയും വരുമെന്ന് പറഞ്ഞ് എല്ലാവരും ഓടി നടക്കുമ്പോൾ ഞാൻ മുറിയിൽ തന്നെയിരുന്നു… ദേഹം തളരുന്നത് അറിയുന്നുണ്ടായിരുന്നു…

അമലാമ്മ വന്ന് നല്ല ഡ്രസ്സ് ഇടണമെന്ന് ഒന്ന് കൂടി ഓർമ്മിപ്പിച്ചു… എന്റെ ഹൃദയമിടുപ്പ് ഉയരുന്നത് മനപൂർവ്വം മറക്കാൻ ശ്രമിച്ച് ഞാൻ പുഞ്ചിരിച്ചു നിന്നു…

തുടരും…