കാറ് വന്നതറിഞ്ഞ് എല്ലാവരും പോയപ്പോൾ ഞാൻ മുറിയിൽ തനിച്ചായി… അന്ന് വരെ ഇല്ലാത്ത വെപ്രാളം പെട്ടെന്ന് എവിടെ നിന്ന് വന്നു എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി…കുറച്ച് കഴിഞ്ഞപ്പോൾ അമലാമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് മാളു വന്ന് കൈയ്യിൽ പിടിച്ച് വലിച്ചു…അവളുടെ പുറകെ ഗസ്റ്റ് റൂമിലോട്ട് നടക്കുമ്പോൾ ഹൃദയമിടുപ്പ് ഉയർന്ന് കൊണ്ടിരുന്നു…
ഗസ്റ്റ് റൂമിൽ ചെന്നപ്പോൾ ലക്ഷ്മി ആന്റിയും കിരൺ സാറും മാത്രമല്ല കൂടെ വേറെ ആളുകളും ഉണ്ട്, എന്റെ എല്ലാ ധൈര്യവും ചോർന്ന് തുടങ്ങി…
“ഇതാണ് അനില…” അമലാമ്മ എന്നെ കൈയ്യിൽ പിടിച്ച് ചേർത്ത് നിർത്തി പറഞ്ഞു…
ലക്ഷ്മി ആൻറിയുടെയും കിരൺ സാറിന്റെയും മുഖത്തെ പ്രകാശം വേറെ ആർക്കും ഉണ്ടായിരുന്നില്ല….
അച്ഛന്റെ വീട്ടുകാർ, അമ്മയുടെ വീട്ടുകാർ എന്നൊക്കെ പറഞ്ഞ് ലക്ഷ്മി ആന്റി എല്ലാവരെയും പരിചയപ്പെടുത്തി… ബന്ധങ്ങൾ ഒന്നും അറിയാത്തത് കൊണ്ട് പലതും മനസ്സിലായില്ല…എല്ലാരും എന്നെ അത്ര ഇഷ്ടമാകാത്തതു പോലെ നോക്കി ഇരുന്നു… അവിടുന്ന് എങ്ങനെ എങ്കിലും മുറിയിലോട്ട് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥ… കിരൺ സാർ എന്നെ നോക്കി കൂൾ ആവാൻ കണ്ണു കൊണ്ട് പറഞ്ഞു… ആകെ ചെറിയ ആശ്വാസം തോന്നിയത് ആ മുഖം കണ്ടപ്പോൾ മാത്രമാണ്…
“അപ്പോൾ കല്യാണം എന്തായാലും ഉറപ്പിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് താലി കെട്ട് എവിടെ വെച്ചാണ് നടത്തുന്നത്”… കൂട്ടത്തിൽ പ്രായം കൂടുതൽ ഉള്ള ആള് ചോദിച്ചു… വല്യച്ചൻ എന്നാണ് ലക്ഷ്മി ആന്റി പരിചയപ്പെടുത്തിയത്… കിരൺ സാറിന്റെ അച്ഛന്റെ ചേട്ടൻ ആകും…
ഞാൻ ഞെട്ടി അമലാമ്മയെ നോക്കി… അമലാമ്മക്ക് ഒരിക്കലും അവരോട് രജിസ്ട്രർ ചെയ്താൽ മതി എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമെന്ന് തോന്നിയില്ല…
“നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വെച്ച് നടത്താം… ഇനി ഡേയ്റ്റ് നോക്കിയാൽ മതി” അയാൾ തന്നെ പറഞ്ഞു…
ലക്ഷ്മി ആന്റിയും അത് സമ്മതിച്ച് തലയാട്ടി. അമലാമ്മ എന്റെ കൈയ്യിൽ പിടിച്ചു അമർത്തി… ഒന്നും പറയരുതെന്നാണ് അതിനർത്ഥം എന്നറിയാമായിരുന്നു… ഒന്നും പറയാതെ അവർ പറയുന്നത് കേട്ടു നിന്നു…
” കല്യാണം ക്ഷേത്രത്തിൽ വെച്ച് വേണ്ട, രജിസ്ട്രർ ചെയ്യ്ത് റിസപ്ഷൻ വെച്ചാൽ മതി”… കിരൺ സാർ പറഞ്ഞപ്പോൾ ഞാൻ തല ഉയർത്തി നോക്കി… പതിവ് പുഞ്ചിരി ആ മുഖത്ത് ഉണ്ടായിരുന്നു…
“അതെങ്ങനെ ശരിയാകും…” വല്യച്ചൻ ചോദിച്ചു…
“അങ്ങനെ മതി വല്യച്ചാ… ഞാൻ നേരത്തെ തീരുമാനിച്ചതാ”
“നീ അങ്ങനെ എല്ലാം സ്വയം തീരുമാനിക്കാനാണെങ്കിൽ എന്തിനാ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചത്… അനാഥ പെണ്ണിനെ കെട്ടാൻ പോകുവാണെന്ന് പറഞ്ഞപ്പോൾ തന്നെ സഹകരിക്കുന്നില്ലാന്ന് ഓർത്തതാ… പിന്നെ അനിയന്റെ മോൻ ആയി പോയില്ലേ…” അയാൾ ശബ്ദം ഉയർത്തി….
ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അമലാമ്മ കൈയ്യിൽ പിടിച്ചു നിർത്തി… എന്റെ ജൻമത്തെ വീണ്ടും ശപിച്ചു കൊണ്ട് നിൽക്കുമ്പോൾ ഈ കല്യാണം എന്റെ സ്വാർത്ഥതയാണെന്ന് തോന്നി…
” അടുത്ത തിങ്കളാഴ്ച നടത്താൻ അമല സിസ്റ്ററിന് കുഴപ്പമുണ്ടോ” കിരൺ സാർ ചോദിക്കുന്നത് കേട്ടു…
“മോനെ, അങ്ങനെ പെട്ടെന്ന് എങ്ങനെയാ”…
“ഇനിയും നീട്ടി കൊണ്ട് പോകണ്ടാ അമല” ലക്ഷ്മി ആന്റിയും പറഞ്ഞു..
അമലാമ്മ സമ്മതം മൂളിയപ്പോൾ കിരൺ സാറിന്റെ കണ്ണുകൾ എന്നിലാണെന്ന് അറിയാമായിരുന്നു… അങ്ങോട്ട് മനപൂർവ്വം നോക്കാതെ ഞാൻ അമലാമ്മയുടെ കൈയ്യ്കൾ വിടുവിച്ച് തിരിഞ്ഞ് നടന്നു…
ഇനിയും ഒത്തിരി അപമാനങ്ങൾ എനിക്ക് നേരിടേണ്ടി വരുമെന്ന് അറിയാം… എന്നാലും ആദ്യം തന്നെ തളർന്നു പോകുന്നു…
എല്ലാവരിൽ നിന്നും ഒളിച്ച് ഓടാൻ തോന്നി… നേരെ ഓർഫനേജിന്റെ ബാക്ക് സൈഡിലുള്ള പച്ചക്കറി തോട്ടത്തിലാണ് ചെന്നത്… ആരോടും മിണ്ടാൻ തോന്നാത്തപ്പോൾ ഇടക്ക് വന്നിരിക്കാറുണ്ട്…
വേണ്ടിയിരുന്നില്ലാന്ന് പിന്നെയും മനസ്സ് പറഞ്ഞു… എന്നെ പോലെ ഉള്ള കുട്ടികൾ ഒന്നും ആഗ്രഹിക്കാൻ പാടില്ല….
“എന്താടോ… ഒളിച്ച് നിൽക്കുന്നത്” അടുത്ത് ശബ്ദം കേട്ടപ്പോൾ തിരിഞ്ഞ് നോക്കാൻ തോന്നിയില്ല…
എന്തിനാണ് എന്നെ കല്യാണം കഴിക്കാൻ വാശി പിടിക്കുന്നത്…ഞാൻ ഒരിക്കലും കിരൺ സാറിന് ചേരില്ല…എന്നെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൂടെ…എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…
“എന്ത് കേട്ടാലും ഇങ്ങനെ വിഷമിക്കാൻ നിന്നാൽ നമ്മുക്ക് ഒരിക്കലും സന്തോഷം ഉണ്ടാകില്ല, മറ്റുള്ളവർ പറയുന്നത് അവരുടെ കാര്യമാണ്, അവരുടെ ചിന്താഗതികളിലെ നമ്മൾ എങ്ങനെയാണ് നിയന്ത്രിക്കുന്നത്” സാർ പറയുന്നത് കേട്ട് നിൽക്കുമ്പോൾ മനസ്സിൽ ചെറിയ തണുപ്പ് വന്ന് നിറഞ്ഞു…
“ഒന്ന് തിരിഞ്ഞ് നോക്കെടോ”.. എന്റെ കൈയ്യിൽ പിടിച്ച് തിരിച്ച് നിർത്തി കൊണ്ട് പറഞ്ഞു…
ആ കണ്ണുകളിലെ സ്നേഹം എനിക്ക് തെളിഞ്ഞ് കാണാമായിരുന്നു… വൃത്തിയായി വെട്ടി ഒതുക്കിയ താടിയും ചുണ്ടുകളിലെ കുസൃതി ചിരിയും ഞാൻ ആദ്യമായി ശ്രദ്ധിച്ചു…
“എന്താ അനു.. താൻ ഇങ്ങനെ നോക്കുന്നത്”… കിരൺ സാർ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് നോട്ടം മാറ്റി…
കിരൺ സാറിന്റെ പുഞ്ചിരി കൂടുതൽ തിളങ്ങിയത് ഞാൻ കാണാതെ കണ്ടു…
“അടുത്ത തിങ്കളാഴ്ച തന്റെ കൈയ്യ് പിടിച്ച് തന്നെ ഞാൻ കൂടെ കൂട്ടും…പിന്നെ ഈ ലോകത്ത് തനിച്ചാണെന്ന ചിന്ത തനിക്ക് വേണ്ട..എന്റെ ജീവന്റെ പാതി ആയി സന്തോഷത്തോടെ വേണം കൂടെ വരാൻ, സങ്കടങ്ങൾ എല്ലാം അവസാനിപ്പിച്ച് സന്തോഷത്തോടെ”… കിരൺ സാർ പറയുന്നത് എല്ലാം എന്റെ ഹൃദയത്തിൽ സുഖമുള്ള നോവായി പടർന്ന് കയറി… പക്ഷെ അത് സന്തോഷം കൊണ്ടാണോ എന്ന് മാത്രം മനസ്സിലായില്ല…
എന്റെ സങ്കടത്തിനുള്ള ഉത്തരം സാറിന്റെ അടുത്തല്ലേ ഉള്ളത്…
“ആ ഉത്തരത്തിന് വേണ്ടി മാത്രമാണോ ഈ സമ്മതം” എന്റെ മുഖം കൈയ്യ് കുമ്പിളിൽ എടുത്ത് ചോദിക്കുമ്പോൾ ആ കണ്ണുകളിൽ നോക്കാൻ എനിക്ക് സാധിച്ചില്ല…
“തന്നെ ആദ്യം കാണുമ്പോൾ മുതൽ ഈ മുഖത്ത് ഒരു ചിരി കണ്ടിട്ടില്ല…ഒന്ന് ചിരിക്കുക ഒക്കെ ചെയ്യാട്ടോ”…
എനിക്ക് ചിരിക്കാനോ സന്തോഷിക്കാനോ പറ്റുന്നില്ലാന്ന് പറയണമെന്ന് തോന്നി… പക്ഷെ ഒന്നും പറയാതെ നിന്നു…
കുറച്ച് സമയം എന്നെ നോക്കി നിന്ന് നെറ്റിയിൽ ആ ചുണ്ടുകൾ പതിയുമ്പോൾ എന്റെ കണ്ണുകൾ അടഞ്ഞിരുന്നു… ഞാനും ആഗ്രഹിച്ചിരുന്നോ ഈ ചുംബനം… ഒരു കുഞ്ഞ് മഞ്ഞ് തുള്ളി എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് കണ്ടില്ലെന്ന് നടിച്ച് പിടഞ്ഞ് മാറി…
“ഞാൻ ഇറങ്ങുവാ… അമ്മ തന്നെ കാത്ത് നിൽപ്പുണ്ട് യാത്ര പറയാൻ” കുറച്ച് നിരാശയോടെ കിരൺ സാർ പറഞ്ഞു…
അവരെല്ലാം പോയോ… ഞാൻ മടിച്ച് മടിച്ച് ചോദിച്ചു…
“അപ്പോ അതാണ് ഇവിടെ വന്ന് ഒളിച്ചിരുന്നത്…” കിരൺ സാർ ചിരിച്ച് കൊണ്ട് പറഞ്ഞു… “എല്ലാവരും പോയി…”
കിരൺ സാറിന്റെ പുറകെ നടക്കുമ്പോൾ ഓർത്തു സാറിന് ഇത്ര പൊക്കം ഉണ്ടായിരുന്നോ.. ഇത് വരെ ശ്രദ്ധിച്ചില്ലല്ലോ… പുള്ളിയുടെ തോളിനൊപ്പം പോലും ഞാനില്ല…. ‘ഇതൊക്കെ എന്തിനാണ് ഞാൻ ആലോചിക്കുന്നത്…’ പെട്ടെന്ന് മനസ്സിനെ ശാസിച്ചു…
ലക്ഷ്മി ആന്റി എന്നെ ചേർത്ത് നിർത്തി പറഞ്ഞു…”മോള് വല്യച്ചൻ പറഞ്ഞത് ഒന്നും കാര്യമാക്കണ്ടാട്ടോ… അവരൊക്കെ പ്രായം ആയ ആളുകളല്ലേ, പലതും അംഗീകരിക്കാൻ മടി ഉണ്ടാകും”
ഞാൻ പുഞ്ചിരി വരുത്തി തലയാട്ടി…
കിരൺ സാർ എന്നെ നോക്കി യാത്ര പറഞ്ഞു. അവർ പോകുന്നത് നോക്കി നിൽക്കുമ്പോൾ എന്റെ അന്വേഷണങ്ങൾ അവസാനിക്കാറായി എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു… കൂടെ വല്ലാത്ത എന്തോ മനസ്സിൽ കനലായി നിറഞ്ഞു നിന്നു…
“കല്യാണത്തിന് നമ്മളായി ഒന്നും ചെയ്യണ്ടാ, എല്ലാം കിരൺ ചെയ്യുമെന്ന് ലക്ഷ്മി പറഞ്ഞു” അമലാമ്മ സങ്കടത്തോടെ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു..അല്ലെങ്കിലും നമ്മൾ എന്ത് ചെയ്യാനാണ്… അമലാമ്മ അതൊന്നും ഓർത്ത് വിഷമിക്കണ്ടാ… എനിക്ക് ആഗ്രഹങ്ങൾ ഒന്നും ഇല്ല… ഞാൻ അമലാമ്മയുടെ കവിളിൽ ചുംബിച്ചു…എന്നെ ചേർത്ത് കെട്ടിപ്പിടിക്കുമ്പോൾ ആ അമ്മ മനസ്സ് നീറുന്നത് എനിക്കറിയാമായിരുന്നു…
💦💦💦💦💦💦💦💦💦💦💦💦💦💦💦💦
പിറ്റേന്ന് ഓഫീസിൽ ചെല്ലുമ്പോൾ എല്ലാവരും എന്തോ വലിയ വിശേഷം ചർച്ച ചെയ്യുന്നുണ്ടായിരുന്നു…
ഞാൻ സീറ്റിൽ ഇരുന്നതും ഗീതുവിന്റെ കോൾ വന്നു…
“എടി അറിഞ്ഞോ, അടുത്ത തിങ്കളാഴ്ച കിരൺ സാറിന്റെ കല്യാണമാണെന്ന്, എല്ലാരും അറിഞ്ഞു, എച്ച് ആറിലെ വീണ സാറിന്റെ ക്യാബിനിൽ ചെന്നപ്പോൾ പറഞ്ഞതാ, അവൾ സാറിന്റെ ലാപ്ടോപ്പിൽ പെണ്ണിനെ കണ്ടു അത്രേ” അവളുടെ വാക്കുകളിലെ അതിശയം എന്നിൽ ചിരി വരുത്തി…
“നീ അല്ലേ പറഞ്ഞെ, അങ്ങേര് നിന്നെ കെട്ടാൻ പോകുവാണെന്ന്” അവൾ പിന്നെയും ചോദിച്ചു…
അടുത്ത താങ്കളാഴ്ച എന്റെയും കല്യാണമാണ്, പുള്ളി തന്നെയാ കെട്ടുന്നത്… ഗീതു ഞെട്ടുന്നത് ഞാൻ മനസ്സിൽ കണ്ട് ചിരിച്ചു…
ഫോൺ വെച്ചപ്പോഴും എല്ലാവരും സാറിന്റെ കല്യാണ ചർച്ച തന്നെയായിരുന്നു….
കുറച്ച് കഴിഞ്ഞപ്പോൾ പിന്നെയും ഫോൺ ബെൽ അടിച്ചു… വെറെ ആരും എന്നെ വിളിക്കാറില്ലാത്തത് കൊണ്ട് ഗീതു ആണെന്ന് ഉറപ്പിച്ചാണ് ഫോണെടുത്തത്…എടി ഇനിയും വിശ്വാസമില്ലെങ്കിൽ സാറിനോട് തന്നെ ചോദിക്ക്…
“എന്താടോ…എന്നോട് ചോദിക്കാനുള്ളത്”… കിരൺ സാറിന്റെ ശബ്ദം കേട്ട് ഞാൻ വിളറി…
അത്… ഗീതു ആണെന്നോർത്ത്… ഞാൻ വിക്കി…
“ഭാവി കെട്ടിയോന്റെ കുറ്റം പറയാൻ പാടില്ലാട്ടോ” സാർ ചിരിക്കുന്നത് കേട്ടപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല…”അനു അഫ്റ്റർ ന്യൂൺ നമ്മുക്ക് ഒന്ന് പുറത്ത് പോകണം, അമല സിസ്റ്ററിനെ കൂട്ടി അമ്മ വരും…”
ഒന്നും പറയുന്നതിന് മുൻപ് തന്നെ ഫോൺ വെച്ചിരുന്നു…
ഭഷണം കഴിക്കുമ്പോൾ ഇറങ്ങുന്നുണ്ടായില്ല.. ഗീതുവിന് ചോദിക്കാനും നൂറ് ചോദ്യങ്ങൾ ഉണ്ടായിരുന്നു… ഇടക്ക് ഓഫീസിൽ എല്ലാവരും കല്യാണത്തിന് പെണ്ണിനെ കണ്ട് ഞെട്ടുന്ന സീൻ പറഞ്ഞ് അവൾ ചിരിക്കുന്നും ഉണ്ട്…എനിക്ക് മനസ്സ് ആകെ മൂടൽ വന്ന് മങ്ങിയ പോലെ തോന്നി… അവളെ കാണിക്കാൻ സന്തോഷത്തോടെ ചിരിച്ച് ഇരുന്നു…
കഴിച്ച് കഴിഞ്ഞപ്പോളാണ് അഫ്റ്റർ ന്യൂൺ ഓഫ് ആണെന്ന് പറഞ്ഞത്…”എടി സാർ എങ്ങനെയാ റോമാൻറിക് ആണോ” അവൾ ചോദിച്ചപ്പോൾ ഞാൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു…
“സാരമില്ല, നിന്റെ ഇഷ്ടക്കേടോക്കെ കല്യാണം കഴിയുമ്പോൾ മാറും” ഗീതു പറഞ്ഞപ്പോൾ ഞാൻ സംശയത്തോടെ അവളെ നോക്കി…
“നീ നോക്കണ്ടാ…നിന്റെ ഈ ഇരുപ്പും, മുഖവും കണ്ടപ്പോൾ മനസ്സിലായി ഇഷ്ടമല്ലാതെ സമ്മതിച്ചതാണെന്ന്, അവസാനം നിന്റെ ചോദ്യങ്ങൾക്ക് ഉളള ഉത്തരം കിട്ടി കഴിയുമ്പോൾ എങ്കിലും സാറിനെ സ്നേഹിക്കാൻ ശ്രമിക്കണം”
ഞാൻ ഒന്ന് വിളറി ചിരിച്ചു… എത്ര ഒളിക്കാൻ ശ്രമിച്ചാലും എന്റെ മനസ്സിലെ ആശങ്കകൾ പുറത്ത് വരുന്നത് അറിയുന്നുണ്ടായിരുന്നു…
പുറത്ത് ഇറങ്ങി നിൽക്കാൻ കിരൺ സാർ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ബാഗ് എടുത്ത് ഇറങ്ങി നിന്നു… കാറ് വന്ന് നിന്നപ്പോഴാണ് കിരൺ സാറിന്റെ കൂടെയാണ് പോകുന്നത് എന്നറിഞ്ഞത്… മടിച്ച് മടിച്ച് സാർ തുറന്ന് തന്ന ഫ്രണ്ട് സീറ്റിൽ കയറി ഇരിക്കുമ്പോൾ ഹൃദയമിടുപ്പ് താളം തെറ്റിയിരുന്നു…
അമലാമ്മ…
“അവര് ഷോപ്പിൽ വരും… നമ്മൾ അങ്ങോട്ട് ചെല്ലാന്ന് പറഞ്ഞു”
എന്തിനാ ഷോപ്പിൽ പോകുന്നത്…
“താനെന്ത് കല്യാണ പെണ്ണാടോ….കല്യാണസാരിയും മാലയും ഒക്കെ വാങ്ങേണ്ടെ…” സാർ ചോദിച്ചപ്പോൾ എന്റെ ഉള്ളിലെ അപകർഷാധാബോധം നുരഞ്ഞ് തുടങ്ങിയിരുന്നു…
“ഇനി അതിന് മുഖം വീർപ്പിക്കണ്ടാ… എന്റെ പെണ്ണ് നല്ല സുന്ദരിയായി കല്യാണത്തിന് ഒരുങ്ങി നിൽക്കണമെന്നത് എന്റെ ഒരു സ്വപ്നമാണ്, കല്യാണം കഴിഞ്ഞ് അപ്പോ തന്നെ എല്ലാം ഇങ്ങ് തിരിച്ച് തന്നേരെ”
കിരൺ സാർ പറഞ്ഞപ്പോ എന്റെ മനസ്സ് ശാന്തമായി തുടങ്ങി… എത്ര നന്നായി ഈ മനുഷ്യൻ എന്നെ മനസ്സിലാക്കുന്നു….
ഞാൻ സാറിന്റെ നേരെ നോക്കാതെ പുറത്തോട്ട് നോക്കി ഇരുന്നു… ആകെ വീർപ്പ്മുട്ടൽ…
“അനു തനിക്ക് കല്യാണ സ്വപ്നങ്ങൾ ഒന്നും ഇല്ലേ”
രണ്ടാഴ്ച മുൻപ് വരെ ഞാൻ കല്യാണം കഴിക്കുന്നതിനെ കുറിച്ച് പോലും ആലോചിച്ചിട്ടില്ല…
“സാരമില്ല ഇനി ആറ് ദിവസം ഇല്ലേ… സ്വപ്നം കാണാൻ സമയമുണ്ട്… തനിക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും പറയണം അത് എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും നമ്മുക്ക് നടത്താടോ”
എന്റെ കണ്ണുകൾ നിറയുന്നത് സാർ കാണാതെ ഞാൻ ഒന്ന് കൂടി മുഖം തിരിച്ചു… മനസ്സിലെ വിങ്ങൽ അടക്കാൻ സാധിക്കാതെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…
പതിയെ എന്റെ കൈയ്യ്കളിൽ ആ സ്നേഹചൂട് പൊതിയുന്നത് അറിഞ്ഞപ്പോൾ മനസ്സിൽ മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു… ഇത് വരെ അനുഭവിക്കാത്ത സുഖകരമായ എന്തോ ഒന്ന് എന്നിൽ നിറഞ്ഞു…. കൈയ്യ്കൾ അനക്കാതെ ഞാനിരുന്നു… എന്നിലെ എന്നെ എനിക്ക് നഷ്ടപ്പെട്ട് തുടങ്ങിയോ… അറിയില്ല…
തുടരും…