കണ്ട് പെണ്ണുങ്ങളേം വിളിച്ചുകൊണ്ടു ഈ പടി കയറിയാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും….എന്ന്

രചന: മഹാ ദേവൻ

അന്നും വഴക്കിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. അതിനുള്ള കാരണങ്ങൾ എന്തെങ്കിലും അമ്മ തന്നെ രാവിലേക്ക് ഉണ്ടാക്കിയിട്ടുണ്ടാകും. പിന്നെ അതിന്റ പേരിൽ ഒരു വഴക്ക്. പിന്നെ മിണ്ടാതെയുള്ള ഇറങ്ങിപ്പോരൽ. ഇത് ആ വീട്ടിലെ സ്ഥിരം ഏർപ്പാടാണ്.

അന്നും പിണങ്ങിപ്പോരുമ്പോൾ അമ്മ പിറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു

” ഞാൻ ചത്താലെ നിനക്ക് എന്റെ വില മനസ്സിലാകൂ. ഇനി അതുംകൂടിയേ ബാക്കിയുള്ളൂ. എനിക്ക് പ്രായം പതിനേഴല്ല എഴുപത്തിയേഴാണ്. അത് മറക്കണ്ട നീ. “എന്നൊക്കെ.

പക്ഷേ, ഇത്രയൊക്കെ പിണങ്ങിയാലും പായാരം പറഞ്ഞാലും ഉച്ചക്ക് കഴിക്കാൻ വാഴയിലയിൽ പൊതിഞ്ഞ ചോറ് ഉണ്ടാകും അമ്മയുടെ സ്നേഹത്തെ ഓർമ്മിപ്പിക്കാൻ. !

മോരും ചോറും അച്ചാറും പിന്നെ അമ്മയുടെ സ്പെഷ്യൽ ചമ്മന്തിയും എല്ലാം ചേർന്ന ഒരു അമ്മ

മണം ഉച്ചക്കുള്ള വിശപ്പിനെ പിടിച്ചുകെട്ടുമ്പോൾ മനസ്സ് പറയാറുണ്ട് ” ഇന്നെങ്കിലും പിണങ്ങാതെ പോരാമായിരുന്നു ” എന്ന്.

പിറ്റേ ദിവസം എഴുന്നേൽക്കുന്നതിനു മുന്നേ തുടങ്ങിയിരുന്നു അമ്മ.

അന്നത്തെ കാര്യം പെണ്ണുകെട്ടൽ ആണെന്ന് മാത്രം.

അസ്സ്ൽ തേപ്പുകാരനായ തന്നെ നന്നായി തേച്ചൊടിച്ചു പോയവൾ കാരണം എടുത്ത ഉഗ്രശപഥത്തിന് മേലെ ആണ് അമ്മ വാക്കുകൾ കൊണ്ട് തല്ലുന്നത്.

” ന്റെ പൊക കണ്ടാലേ നീ ഒക്കെ പഠിക്കൂ. എനിക്കിനി വയ്യ ഈ അടുക്കളയിൽ കിടന്ന് ഓടാൻ. ആൺമക്കൾ ഉണ്ടായാൽ വയ്യാത്ത കാലത്ത് അവൻ കെട്ടികൊണ്ടുവരുന്ന പെണ്ണെങ്കിലും ഉണ്ടാകും ഇച്ചിരി കഞ്ഞി തരാൻ എന്നൊക്കെ ഒരു കണക്കുകൂട്ടൽ ആണ്. ഇവിടെ ഒരുത്തൻ ഉണ്ട്. ഏതോ ഒരുത്തി മൂടും തട്ടി പോയതിന്റെ പേരിൽ ഉളള ജീവിതം കളയുന്നവൻ.

പോയവൾക്ക് ബുദ്ധിയുണ്ട്. അവൾ പോയതേ മറ്റൊരുത്തന്റെ കൂടെ ജീവിക്കാൻ ആണ് . അല്ലാതെ നിന്നെ പോലെ മാനസമൈനേ പാടി നടക്കാൻ അല്ല. അടക്ക ആണെങ്കിൽ മടിയിൽ വെക്കാം.. അടക്കാമരമായാലോ….ആരോട് പറയാൻ.. ആര് കേൾക്കാൻ. !”

അമ്മ രാവിലെ തന്നെ തുടങ്ങി എന്ന് മനസ്സിലായപ്പോൾ പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. എഴുന്നേൽക്കലും കുളിയും എല്ലാം ജപവുമെല്ലാം.

പിന്നെ അമ്മ പൊതിഞ്ഞുവെച്ച ചോറുമായി പടി ഇറങ്ങുമ്പോൾ അന്ന് എന്തോ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

എന്തിനാണ് ഈ വയസ്സ് കാലത്ത് അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്ത് എന്ന് പലവട്ടം ഓർക്കാറുണ്ട്. പക്ഷേ, എന്തോ കല്യാണം എന്ന് പറയുമ്പോൾ വെളമൊഴിക്കാതെ ജവാൻ അടിക്കുന്ന ഒരു പ്രതീതിയാണ്.

ഇനിയുള്ള ജീവിതം ഇങ്ങനെ മതിയെന്ന് അവൾ പോയ അന്ന് വിചാരിച്ചതാണ്. ഇന്നിപ്പോ അവൾക്ക് കുട്ടി രണ്ടായി.

അന്ന് ഉച്ചക്ക് അമ്മയുടെ കൈപ്പുണ്യത്തെ ആവോളം രുചിക്കുമ്പോൾ മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു.

അമ്മക്ക് വേണ്ടി ശപഥത്തിൽ ചെറിയ ഒരു ഇളവ് വരുത്താൻ. ഇട്ടിട്ടു പോയവളെ ഓർത്ത് പൊട്ടക്കിണറ്റിലെ തവളയെ പോയി പൊട്ടിയ പ്രണയത്തിന്റെ ചില്ലുകഷ്ണവുമായി ഇങ്ങനെ നടക്കുന്നതിൽ അർത്ഥം ഇല്ലെന്ന് അമ്മയുടെ വാക്കുകൾ വിളിച്ചോതുമ്പോൾ ആ സ്നേഹത്തിന് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ എന്ന ഒറ്റ തോന്നലിൽ നിന്നായിരുന്നു ന്നാ പിന്നെ ഒരു പെണ്ണ് കെട്ടിക്കളയാം എന്നൊരു തീരുമാനത്തിൽ മനസ്സിനെ പാകപ്പെടുത്തിയത്.

അന്ന് ഒരുപാട് സന്തോഷം ആയിരുന്നു. ഇനി അതിന്റ പേരിൽ അമ്മ വഴക്കിടരുത്. ഒരു ദിവസമെങ്കിലും അമ്മയുടെ ചിരിക്കുന്ന മുഖം കണ്ട് വേണം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ.

ജീവിതത്തിൽ ഇന്ന് വരെ അമ്മ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പലതും അറിഞ്ഞുവാങ്ങികൊടുക്കാറുണ്ട്. ആകെ ആവശ്യപ്പെട്ടത് ഒരു പെണ്ണ് കെട്ടാൻ മാത്രമാണ്.

അമ്മയുടെ ആ ആവശ്യം അംഗീകരിച്ച സന്തോഷത്തോടൊപ്പം അമ്മയുടെ പുഞ്ചിരിക്ക് ഒരു സമ്മാനമായി വൈകീട്ട് ഒരു സെറ്റ്മുണ്ടും വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ മനസ്സിൽ പഴയ കാമുകിയുടെ പോകുമ്പോൾ ഉളള ഒരു ആക്കിയ ചിരി മിന്നിമായുന്നുണ്ടായിരുന്നു.

വീടിനടുത്തെത്തുമ്പോൾ അടുത്ത വീട്ടിലെ ഒന്നുരണ്ട് പേർ മുന്നിൽ ഓടുന്നത് കണ്ടപ്പോൾ ഇതിപ്പോ എങ്ങോട്ടാ എന്നൊരു ചിന്ത മനസ്സിൽ വന്നതും, അത് തന്റെ വീട്ടിലേക്ക് ആണന്ന് മനസ്സിലായപ്പോൾ ആധിയോടെ അവൻ വേഗം ബൈക്ക് വീട്ടിലേക്ക് ഓടിച്ചു നിർത്തിവീട്ടിലേക്ക് ദൃതിയിൽ നടക്കുമ്പോൾ അടുത്ത വീട്ടിലെ ഒന്ന് രണ്ട് ചേച്ചിമാർ അകത്തേക്ക് കയറുന്നതും പുറത്തേക്ക് ഇറങ്ങുന്നതും കണ്ടത്.

എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സ് പറയുമ്പോൾ അവൻ കയ്യിലുള്ള കവർ ഒന്നുകൂടി ചേർത്തു പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ആ വരവ് കണ്ട് അയൽവാസിയായ ശശിയേട്ടൻ അടുത്തെക്ക് വന്നു.

” നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. എത്ര നേരം വിളിച്ചെന്ന് അറിയോ. നിന്റെ ഫോൺ സ്വിച്ഓഫ്‌ ആണോ. “

അയാൾ അത് ചോദിച്ചപ്പോൾ ആയിരുന്നു അവൻ അക്കാര്യമോർത്തതും. ” ഉച്ചക്ക് മൊബൈലിൽ ചാർജ് തീർന്നിരുന്നു” എന്ന് വിക്കി വിക്കി പറയുമ്പോൾ അവന്റെ കണ്ണുകൾ മുഴുവൻ അകത്തായിരുന്നു.”

ശശിയേട്ടാ അമ്മ…. “

അവൻ വേവലാതിയോടെ തിരക്കുമ്പോൾ നീ അകത്തേക്ക് ചെല്ലെന്നും പറഞ്ഞുകൊണ്ട് അയാൾ ഉള്ളിലേക്ക് വിരൽ ചൂണ്ടി.

പതിയെ അകത്തേക്ക് നടക്കുമ്പോൾ കാലുകൾക്ക് ബലം കുറയുന്ന പോലെ. ശരീരം വല്ലാതെ വിയർക്കുന്നുണ്ട്

എന്നും അമ്മയുടെ കണ്ണുനീർ മാത്രേ കണ്ടിട്ടുള്ളൂ..ഇന്നെങ്കിലും ആ സന്തോഷം കാണണമെന്ന് ആഗ്രഹിച്ചാണ് ഓടിവന്നത്.

എന്നൊക്കെ മനസ്സിൽ ഓർത്തുകൊണ്ട് അകത്തേക്ക് കയറുമ്പോൾ അമ്മ കിടക്കുന്നുണ്ടായിരുന്നു നീണ്ട് നിവർന്നു തന്നെ.. അടുത്ത് അയല്പക്കത്തെ ചേച്ചിമാരും.”അമ്മേ. ” എന്ന് വിളിച്ചുകൊണ്ടു ആ കല്ക്കലേക്ക് ഇരിക്കുമ്പോൾ ” എന്താടാ ” എന്നൊരു ചോദ്യം അവനെ ഒന്ന് ഞെട്ടിച്ചു

അപ്പൊ അമ്മ മരിച്ചില്ലേ എന്ന് ചിന്തിച്ചുകൊണ്ട് അമ്മയെ ഒന്ന് നോക്കുമ്പോൾ അടുത്തുള്ള ചേച്ചി പറയുന്നുണ്ടായിരുന്നു,

“പേടിക്കണ്ട മോനെ.. അമ്മ സന്തോഷം കൊണ്ട് തലകറങ്ങി വീണതാ ” എന്ന്.

അതിപ്പോ എന്ത് സന്തോഷം എന്ന് അറിയാനുള്ള ആകാംഷയുടെ അമ്മയെ നോക്കുമ്പോൾ അകത്തു നിന്ന് ഒരാൾ ചായയുമായി മുന്നിൽ നിൽപ്പുണ്ടായിരുന്നു.

ഒരിക്കൽ തേച്ചിട്ട് പോയെന്ന് പറഞ്ഞ അതേ കാമുകി !!

ഇതിപ്പോ എന്ത് മറിമായം എന്ന് ആലോചിച്ചുകൊണ്ട് അന്തം വിട്ട് ഇരിക്കുമ്പോൾ അവൾ മുന്നിലേക്ക് ഗ്ലാസ് നീട്ടിയിരുന്നു. പിന്നെ ഒരു ഡയലോഗും.

” അങ്ങനെ ഒന്നും ഞാൻ നിങ്ങളെ വിട്ട് പോവൂല മാഷേ ” എന്ന്.

അവളുടെ വാക്കും കേട്ട് മുന്നിൽ നിൽക്കുന്നവളെ നോക്കി ചിരിക്കുമ്പോൾ

അമ്മ പണ്ട് പറഞ്ഞിരുന്ന ഒരു വാക്ക് ആയിരുന്നു മനസ്സ് മുഴുവൻ.

” കണ്ട് പെണ്ണുങ്ങളേം വിളിച്ചുകൊണ്ടു ഈ പടി കയറിയാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും ” എന്ന്.

പ്രേമിച്ചവൾ തേച്ച കള്ളവും അന്നെടുത്ത ശപഥവും കൊണ്ട് അവസാനം പൊറുതിമുട്ടി നീ ആരെയെങ്കിലും ഒന്ന് കെട്ടിയിരുന്നെങ്കിൽ എന്ന് അമ്മ പറയുന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യം നടന്നു എന്ന് മനസ്സിലോർക്കുമ്പോൾ ഒരു നാടകം മനസ്സിലൂടെ ആടിതിമർതുകൊണ്ട് രംഗത്ത് മിന്നിമായുന്നുണ്ടായിരുന്നു.

ഒരു പ്രണയകല്യാണനാടകം !!!