രചന: അഞ്ജന അയ്യപ്പൻ
പുറത്തു ബഹളം കേട്ടാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങിയത്. അച്ഛനും അമ്മയും അനിയനും ഒക്കെ നല്ല സന്തോഷത്തിലാണ്.
കുറച്ചു റിലേറ്റീവ്സ് ഒക്കെ ഇന്ന് രാവിലെ തന്നെ എത്തി. ഞാൻ തന്നെയാണ് അവരോട് ഒക്കെ നേരത്തെ പോരാൻ പറഞ്ഞത്.
എല്ലാരും കൂടി ആയപ്പോ അടിപൊളി. അമ്മയുടെ സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു.
ഞാൻ പതിയെ റൂമിലേക്ക് പോയി.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നാളെ ആണ് ഞങ്ങളുടെ വീടിന്റെ പാല് കാച്ചൽ. അതിന്റെ ബഹളം ആണ് കേട്ടത്. വീട് പണി നോക്കാനായി പുതിയ വീടിനു അടുത്ത് തന്നെ ഒരു വാടക വീട് എടുത്താണ് ഇപ്പോ താമസം.
ഞങ്ങളുടെ ഒരുപാട് വർഷത്തെ ആഗ്രഹം ആണ് നാളെ നിറവേറ്റാൻ പോവുന്നത്. വർഷം കുറെ ആയി വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട്.
കൃത്യം ആയിട്ട് പറഞ്ഞാൽ കഴിഞ്ഞ 15 വർഷം ആയിട്ട് പല ജില്ലകളിൽ ആയിട്ട് ആരുന്നു ഞങ്ങളുടെ താമസം. ഓരോ വീട്ടിലും ചെന്നു കേറുമ്പോൾ ഞങ്ങൾക്ക് ഒരേ ഒരു പ്രാർത്ഥന ആണ് ഉള്ളത് ഈ വീട്ടിൽ നിന്ന് മാറുന്നത് ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് ആകണേ എന്ന്.
എന്നാൽ അതൊന്നും നടന്നില്ല. ഞങ്ങൾ ഇങ്ങനെ ഓരോ വീടും മാറി മാറി താമസിക്കും.
എന്റെ 9 വയസ്സ് വരെ ഞങ്ങൾ സ്വന്തം വീട്ടിലാണ് താമസിച്ചത്. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കട ബാധ്യത മൂലം വീട് വിൽക്കുന്നത്.
അന്ന് തുടങ്ങിയ ഓട്ടം ആണ്. വളർന്നു വരും തോറും എനിക്ക് ഒരു വീട് വേണം എന്ന് മോഹമായി.
അച്ഛൻ ഓട്ടോ ഓടിച്ചു കൊണ്ടു വരുന്ന സമ്പാദ്യം കൊണ്ട് ഉടനെ ഒന്നും വീട് വാങ്ങാൻ പറ്റില്ല എന്ന് മനസിലായി. ഓട്ടോയിൽ ഞങ്ങൾ എവിടെ എങ്കിലും പോവുമ്പോ വഴിയിലുള്ള വീട് മൊത്തം നോക്കി വെച്ച് അതുപോലെയുള്ള വീട് എനിക്കും വേണം എന്ന് അന്ന് ഞാൻ ഓർക്കുമാരുന്നു.
🔹▪️🔹▪️🔹▪️🔹▪️🔹▪️🔹▪️
വളർന്നു വരും തോറും സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹം കൂടി കൂടി വന്നു. കയ്യിൽ കിട്ടുന്ന കാശ് ഒക്കെ സൂക്ഷിച്ചു വെക്കും. ചിലപ്പോൾ ഒക്കെ ബസിൽ കേറാതെ നടന്നു വരും വീട്ടിലേക്ക്.
എന്നിട്ട് ബസ് കൂലി മാറ്റി വെക്കും.
എന്റെ കയ്യിൽ മിക്കവാറും ഒരു കുറ്റി പെൻസിൽ കാണും. ഒരു പെൻസിൽ വാങ്ങിയാൽ അത് തീരാതെ ഞാൻ വേറെ വാങ്ങില്ല.
ഒരു രൂപ പോലും അനാവശ്യമായി ഞാൻ കളയാറില്ല.
കോളേജിൽ പഠിക്കുമ്പോ ഞങ്ങൾ ഇടയ്ക്ക് ബേക്കറിയിൽ കേറി വല്ലതും കഴിക്കും. എല്ലാരും നാരങ്ങാ വെള്ളം വാങ്ങും ഞാൻ ഐസ്ക്രീമും. നാരങ്ങാ വെള്ളത്തിനു 15 രൂപയും ഐസ്ക്രീമിനു 10 രൂപയും ആണ്. 5 രൂപ ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നത്.
അതുപോലെ തന്നെയാണ് എല്ലാ കാര്യത്തിലും. എന്ത് വാങ്ങിയാലും വില പേശി തന്നെ വാങ്ങും.
ഒരു രൂപയ്ക്ക് പോലും ഞാൻ കണക്ക് പറയുമായിരുന്നു. ഒരു രൂപയ്ക്കും അതിന്റെതായ വില ഉണ്ട്.
കുഞ്ഞിലേ മുതൽ ഒരു വീടിനു വേണ്ടി സർക്കാർ ഓഫീസിൽ കേറി ഇറങ്ങിയിട്ടുണ്ട്. മിക്കവാറും ഒഴിഞ്ഞ കസേരകളിലാണ് അവിടെ ചെല്ലുമ്പോൾ കാണാൻ പറ്റുന്നത്.
ചില ജോലികാരുടെ ഒക്കെ സ്വഭാവം അത്‌കൊണ്ടു മനസിലാക്കാൻ പറ്റി. എല്ലാവരും ഒരുപോലെ അല്ല കേട്ടോ. നന്മ ഉള്ള ജോലിക്കാരും ഉണ്ട്.
ഒരു സർക്കാർ ജോലി എനിക്കും വാങ്ങണം എന്ന് അന്ന് തീരുമാനം എടുത്തു. എന്റെ മുന്നിൽ എത്തുന്നവർക്ക് പറ്റുന്ന സഹായം ചെയ്യണം. എന്നൊക്കെ അന്ന് മനസ്സിൽ ഉറപ്പിച്ചു.
പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട്. സർക്കാർ ജോലിക്കാർക്ക് വീട് വാങ്ങാൻ ലോൺ കിട്ടും. അതായിരിന്നു സർക്കാർ ജോലി നേടാൻ ആഗ്രഹിച്ച മറ്റൊരു കാരണം.
അങ്ങനെ ഡിഗ്രീക്കു പഠിക്കുമ്പോൾ തന്നെ psc ടെസ്റ്റ് എഴുതാൻ തുടങ്ങി.
അനിയൻ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തൊട്ട് വെക്കേഷൻ സമയം എന്തെങ്കിലും ജോലിക്ക് പോകുമായിരുന്നു.
ഒരാളുടെ വരുമാനം കൂടി ആയപ്പോൾ അച്ഛന് അതൊരു സഹായം ആയി.
അങ്ങനെ ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ഇനി തൽക്കാലം ഞാൻ ഒരു ജോലി നോക്കാം ഇനി പഠിക്കുന്നില്ല എന്ന്.
ആദ്യം ഒക്കെ എതിർത്തു. പെൺകുട്ടികൾ ജോലിക്ക് പോകുന്നത് അച്ഛന് അത്ര ഇഷ്ട്ടം ഉള്ള കാര്യം അല്ലായിരുന്നു.
പിന്നെ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു തയ്യലും കംപ്യൂട്ടറും പഠിച്ചു.
അത്യാവശ്യം തയ്യൽ ഒക്കെ കിട്ടി തുടങ്ങിയപ്പോൾ ആ കാശ് മിച്ചം പിടിച്ചു. അധ്വാനിച്ചു ഉണ്ടാക്കുന്ന കാശിന്റെ മൂല്യം വളരെ വലുതാണ്.
ജോലി ചെയ്തു കിട്ടുന്ന കാശ് കൊണ്ട് അച്ഛനും അമ്മയ്ക്കും എന്തെങ്കിലും വാങ്ങിച്ചു കൊടുക്കുമ്പോ മനസ്സ് നിറയും.
Psc ടെസ്റ്റ് ഒക്കെ എഴുതുന്നുണ്ടെങ്കിലും ജോലി കിട്ടുന്ന വരെ പ്രൈവറ്റ് ജോലിക്കു പോകാം എന്ന് വെച്ചു. അതിനായി ഇറങ്ങി തിരിച്ചപ്പോൾ ആണ് എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ജോലി കിട്ടാൻ വളരെ പ്രയാസം ആണെന്ന് അറിഞ്ഞത്.
തയ്യൽ ഉള്ളത് കൊണ്ടു അതുകൊണ്ട് പിടിച്ചു നിന്നു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
അങ്ങനെ കാത്തിരുന്നു അവസാനം സർക്കാർ ജോലി കിട്ടി. അങ്ങനെ ആണ് വീട് വാങ്ങാൻ ലോൺ എടുക്കുന്നത്.
ഒരിക്കൽ ഞങ്ങൾക്ക് സ്വന്തം ആയിരുന്ന പിന്നീട് നഷ്ടമായ വീടും സ്ഥലവും തന്നെ ആണ് ഞാൻ വാങ്ങിയത്. അത് എന്റെ ഒരു മോഹം ആയിരുന്നു. കുഞ്ഞു നാളിലെ അവിടുത്തെ ഓർമ്മകൾ ആവാം എന്നെ അതിനു പ്രേരിപ്പിച്ചത്. ആ വീടിനെ പറ്റി എപ്പോഴും ഞാൻ ഓർക്കുമായിരുന്നു.
അങ്ങനെ ഒരിക്കൽ നഷ്ട പെടുത്തിയതു ഞാൻ വീണ്ടെടുത്തു. ചെറിയ രീതിയിൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി വീട് ഒന്ന് മോഡി പിടിപ്പിച്ചു.
അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. പാലുകാച്ചൽ ചടങ്ങ് വളരെ ഭംഗിയായി തന്നെ നടത്തി.
ആളും ബഹളവും എല്ലാം ഒഴിഞ്ഞു. ഞങ്ങൾ നാലുപേരും സന്തോഷത്തോടെ ഞങ്ങളുടെ കൊച്ചു വീട്ടിൽ സമാധാനം ആയി കിടന്നുറങ്ങി.
***************
“പെൺകുട്ടികൾ ജോലിക്ക് പോയിട്ട് എന്താ കാര്യം, കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ സ്വന്തം മാതാപിതാക്കൾക്കു ഗുണം ഒന്നുമില്ല. എല്ലാം ഭർത്താവിന്റെ വീട്ടുകാർക്ക് അല്ലെ അവകാശം.”
ഇങ്ങനെ ഒരു ചോദ്യം കേട്ടത് കൊണ്ട് ആണ് ഞാൻ ഈ കഥ എഴുതാൻ കാരണം.
ആണ്മക്കൾക്കു മാത്രം അല്ല ഉത്തരവാദിത്ത ബോധം ഉള്ളത്, പെൺകുട്ടികൾക്കും ഉണ്ട്. അവരുടെ മനസ്സിലും കാണും തന്റെ മാതാപിതാക്കൾക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന മോഹം. അതാണ് ഞാൻ എഴുതാൻ ശ്രമിച്ചത്.