എന്നെ ചവിട്ടി മെതിച്ച നികൃഷ്ടനായ നിന്നെപ്പോലുള്ള ഒരു മൃഗത്തിന്റെ കൂടെ പങ്കുവെയ്ക്കുവാനുള്ളതല്ല എന്റെ വിലപ്പെട്ട ജീവിതം എന്നും…

അവൾ…അഗ്നി – രചന: നിവിയ റോയ്

അനന്തു ….. നീ എന്നെ ഭാര്യയായി സ്വീകരിക്കുന്നതിന് മുൻപ് എന്നെക്കുറിച്ചു ചില കാര്യങ്ങൾ നീ അറിയാനുണ്ട്.

ഓഫീസിലിരുന്ന് സംസാരിച്ചാൽ ശരിയാകില്ല. അതുകൊണ്ടാണ് ഇവിടെ ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞത് .

അതിനെന്താ ….പറഞ്ഞോളൂ സ്നേഹ…

മുന്നിലെ മേശപ്പുറത്തിരുന്ന ഫിൽറ്റർ കോഫിയുടെ മനം മയക്കുന്ന ഗന്ധം ആസ്വദിച്ചുകൊണ്ട് അവൻ പറഞ്ഞു

കുറച്ചു നേരം അവൾ ഒന്നും മിണ്ടാതെ പുറത്തു റെസ്റ്റ്റന്റിന്റെ ചില്ലുപാളികളിൽ പതിക്കുന്ന മഴത്തുള്ളികളെ നോക്കി ഇരുന്നു …പിന്നെ അവൾ സാവധാനം പറഞ്ഞു.

ഐ ആം നോട്ട് ആ വെർജിൻ….

കൊതിയോടെ ചുണ്ടോടു അടുപ്പിച്ച കോഫി മഗ്ഗ് അവൻ പതിയെ മേശപ്പുറത്തു വെച്ചു.

അവൾ അപ്പോഴും മുഖത്ത് ഭാവ വ്യതാസങ്ങൾ ഒന്നുമില്ലാതെ തന്റെ ഇരിപ്പിടത്തിനു അടുത്തുള്ള ചില്ലു പാളിയിൽ പതിക്കുന്ന മഴത്തുള്ളികളെ തന്നെ നോക്കി ഇരിക്കുകയാണ് …..

എന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇയാൾക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ ഇത്രയും വല്യ നുണ പറയേണ്ടായിരുന്നു .

ഓഫീസിൽ താൻ ആദ്യമായി ജോയിൻ ചെയ്യ്ത ദിവസം മുതലേ ഞാൻ തന്നെ ശ്രദ്ധിക്കുന്നു . തന്റെ സൗന്ദര്യത്തേക്കാൾ അധികം തന്റെ ചുറുചുറുക്കാണ് എന്നെ കൂടുതൽ ആകർഷിച്ചത്.

ഞാൻ എന്തിനാണ്‌ അനന്തുവിനോട് ഇങ്ങനെ ഒരു നുണ പറയുന്നത് ? അതും ഈ കാര്യത്തിൽ. നോട്ടം അവനിലേക്ക് തിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

അതാണ് എനിക്കും മനസ്സിലാക്കാത്തത്…തന്റെ മുഖം കണ്ടാൽ അറിയാം വെറുതെ പറയുന്നതാണെന്നു.

സ്വയം ആശ്വസിക്കാനെന്നവണ്ണം അവൻ പറഞ്ഞു.

അതെങ്ങനെ …?അവൾ ചോദിച്ചു

തന്റെ മുഖത്ത് ഒരു വിഷമവും ഇല്ലല്ലോ? സാധാരണ ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ ഏത് പെണ്ണാണ് ധൈര്യപ്പെടുക. അതും ഇത്ര കൂൾ ആയി.

ഞാൻ എന്തിനു വിഷമിക്കണം …?ഞാൻ ചെയ്യാത്ത തെറ്റിന് ഞാൻ എന്തിനു വിഷമിക്കണം.അവന്റെ കണ്ണുകളിൽ പ്രതിഫലിച്ചു നിന്ന തന്റെ മുഖം നോക്കി ഉറച്ച ശബ്ദത്തോടെ അവൾ ചോദിച്ചു.

മുൻപ് ഞാൻ ഒരുപാട് കരഞ്ഞിരുന്നു…കരഞ്ഞു തളർന്ന് ഉറങ്ങിയ എത്ര രാത്രികൾ …..ഒരുപാട് വിഷമിച്ചിരുന്നു…..എന്റെ അമ്മയോട് പറയുന്നത് വരെ …

എന്താ ഇയാൾക്ക്‌ സംഭവിച്ചത് ?എന്നോട് പറയാൻ താല്പര്യ മുണ്ടെങ്കിൽ പറഞ്ഞാ മതീട്ടോ.

അറിയാൻ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും മാന്യതയുടെ വാക്കുകൾ തീർത്ത വേലികെട്ടിനുള്ളിൽനിന്നും അവൻ പറഞ്ഞു.

എന്റെ അമ്മയോടുപോലും എങ്ങനെയാണു പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.

അത് പറയുമ്പോൾ കയ്‌പേറിയ ഒരു അനുഭവത്തിന്റെ ഒരു നേർത്ത ആവരണം അവളുടെ മുഖം മൂടിത്തുടങ്ങിയിരുന്നു.

ഒരു ഓണ അവധിക്കു ഞങ്ങൾ അമ്മയുടെ തറവാട്ടിൽ പോയിരുന്നു.

അവിടെ ശങ്കരൻ മാമനും ശോഭയമ്മായിയും അവരുടെ മകൾ രാധേച്ചിയും അമ്മായിയുടെ അമ്മയും മാത്രമേ ഉള്ളൂ.

അവർക്ക് എന്നെ വല്യ ഇഷ്ടമായിരുന്നു. അച്ഛന്റെ ലീവ് തീർന്നു ഞങ്ങൾ മടങ്ങാൻ നേരമായപ്പോൾ അവര് കുറെ നിർബന്ധിച്ചു എന്നെ കുറച്ചു ദിവസം കൂടി അവിടെ നിർത്താൻ.

അമ്മയ്ക്കും അച്ഛനും തീരെ ഇഷ്ടമുണ്ടായിരുന്നില്ല എന്നെ അവിടെ നിർത്താൻ.എന്നാലും അമ്മായിയുടെയും രാധേച്ചിയുടെയും സ്നേഹ പൂർവ്വമായ നിർബന്ധത്തിനു അമ്മയും അച്ഛനും വഴങ്ങി.

ഒരു ദിവസം തുണികൾ അലക്കിക്കൊണ്ടിരുന്ന അമ്മായി പെട്ടെന്ന് തലകറങ്ങി വീണു. അലക്കു കല്ലിന്റെ ഓരത്ത് നെറ്റി കൊണ്ട് പൊട്ടി ചോര ഒലിക്കാൻ തുടങ്ങി.

അമ്മമ്മയും രാധേച്ചിയും കൂടി അടുത്തുള്ള വീട്ടിലെ ഓട്ടോറിക്ഷ വിളിച്ച് അമ്മായിയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ശങ്കരൻ മാമ്മൻ ഓഫീസിൽ നിന്നും വരാൻ രണ്ടു മണിക്കൂർ യാത്രയുണ്ട് .

ചിന്നൂട്ടി വീട് പൂട്ടി ഇരുന്നോളു.പുറം പണി കഴിഞ്ഞു കാത്തു ഇപ്പോ ഉച്ചക്ക് എത്തും. ആശുപത്രിയിൽ താമസമുണ്ടെങ്കിൽ അമ്മമ്മയെ തിരിച്ചു വിടാം.

പോകുന്ന വഴിക്ക് രാധേച്ചി വിളിച്ചു പറഞ്ഞു.

അവര് പോയി കുറച്ചു കഴിഞ്ഞു ഞാൻ മുറിയിൽ ടി വി കണ്ടുകൊണ്ടു ഇരുക്കുമ്പോളാണ് കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്.ഞാൻ ജന്നൽ തുറന്നു നോക്കി.

ചിന്നൂട്ടി ഞാനാണ് രവിയേട്ടൻ. രാധ വിളിച്ചിരുന്നു ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക്. ചിന്നുട്ടി വീട്ടിൽ ഒറ്റക്കാണെന്നും കൂട്ടിരിക്കാൻ ഒന്ന് ഇവിടെ വരെ ചെല്ലാനും പറഞ്ഞു.

ഇവിടെ തീരെയും പരിചയം ഇല്ലാത്ത കുട്ടി അല്ലെ ? രാധക്ക് ചിന്നൂട്ടിന്നു വെച്ച ജീവനാണല്ലേ? കതക് തുറക്കുമ്പോൾ ചിരിച്ചുകൊണ്ട് രവിയേട്ടൻ പറഞ്ഞു.

അയാൾ രാധേച്ചിയുടെ അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ മകനാണ്. രാധേച്ചിയും അയാളും തമ്മിൽ അടുപ്പത്തിലായിരുന്നു.

അയാൾക്കു നല്ല സാമ്പത്തിക ശേഷി മാത്രമല്ല കാണാനും സുമുഖനായ ചെറുപ്പക്കാരൻ .പിന്നെ ആരെയും ആകർഷിക്കുന്ന പെരുമാറ്റവും.തറവാട്ടിലെ എന്തു ആവശ്യത്തിനും അയാൾ മുൻപന്തിയിൽ ഉണ്ടാവും.

എല്ലാം കൊണ്ടും ചേർന്ന ബന്ധം അതുകൊണ്ട് ആർക്കും അവരുടെ ബന്ധത്തിൽ എതിർപ്പുമുണ്ടായിരുന്നില്ല.അവരുടെ കല്യാണം ഉടനെ തന്നെ നടത്താൻ ഇരിക്കുകയാണ് .

അതുകൊണ്ടു തന്നെ വീട്ടിൽ അയാൾക്കു ഒരു സ്ഥാനമുണ്ടായിരുന്നു. ഞാനും ഒരു ചേട്ടന്റെ സ്ഥാനത്താണ് രവിയേട്ടനെ കണ്ടിരുന്നത് .

എനിക്കും രവിയേട്ടൻ പറഞ്ഞത് കേട്ട് ആശ്വാസമായി.അടുത്തെങ്ങും അയല്പക്കമില്ല മൂന്നാല് ഏക്കർ സ്ഥലത്തിനുള്ളിൽ ഈ വീട് മാത്രം.

അതിരിനോട് ചേർന്നു ബാലന്റെയും കാത്തുവിന്റെയും വീട് .അവര് എപ്പോഴും പാടത്തും പറമ്പിലും ആയിരിക്കും. അവിടെയുള്ള കുട്ടികളെ രാധേച്ചിയുടെ അമ്മമ്മയ്ക്ക് തീരെ ഇഷ്ടമില്ല. അതുകൊണ്ട് അവര് ഇങ്ങോട്ടു വരാറുമില്ല.

കുറച്ചു നേരം അയാൾ എന്നോട് കുറെ തമാശകൾ ഒക്കെ പറഞ്ഞു.ഞാനും കുറെ ചിരിച്ചു .പിന്നീട് എന്നോട് ഒരു പേനയും പേപ്പറും ചോദിച്ചു.എന്തോ പൈസയുടെ കണക്ക് ഇപ്പോളാണ് ഓർത്തതെന്നും എഴുതി വച്ചില്ലെങ്കിൽ മറന്നു പോകുമെന്നും പറഞ്ഞു.

ഞാൻ രാധേച്ചിയുടെ റൂമിൽ നിന്നും പേപ്പർ എടുത്തു പേനയ്ക്കായി പരതുമ്പോൾ പിറകിൽ ഒരനക്കം. അയാൾ മുറിയിലേക്ക് കടന്നു വന്നു. ഞാൻ അയാളുടെ നേരെ പേപ്പർ നീട്ടി .അപ്പോൾ അയാൾ എന്റെ കൈയിൽ പതിയെ പിടിച്ചു. ഞാൻ ആകെ പരിഭ്രമിച്ചു പോയി.

പേടിക്കേണ്ട കുട്ടി …രാധയൊക്കെ ഓട്ടോയിൽ പോകുന്നത് കണ്ട് ഞാൻ ഫോണിൽ വിളിച്ചിരുന്നു.അപ്പോളാണ് പറഞ്ഞത് അമ്മായിയേയും കൊണ്ട് ഹോസ്പിറ്റൽ പോകുവാണെന്ന്.

ഞാനും അവിടം വരെ പോയി അമ്മായിക്ക് നെറ്റിയിൽ സ്റ്റിച് ഇട്ടു.പിന്നെ ഇപ്പോ ട്രിപ്പ്‌ ഇട്ടിരിക്കുവാണ്. അവരു വരാൻ താമസിക്കും.നമുക്ക് ഇഷ്ട്ടം പോലെ സമയമുണ്ട്.

കുട്ടിയെ കണ്ടപ്പോ മുതൽ ഉള്ളില് ഒരു ഇഷ്ട്ടം. കുട്ടിയെ കണ്ടാൽ പതിനാറു വയസ്സുകാരി ആണെന്ന് ആരും പറയില്ലട്ടോ .ഒരു പത്തിരുപത്തൊന്നു വയസ്സിന്റെ ചന്തമുണ്ട് ട്ടോ. അപ്പോൾ അയാളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് ഒരുപാട് അർത്ഥമുണ്ടായിരുന്നു…

കണ്ട അന്നുമുതൽ ചിന്നൂട്ടി എന്റെ മനസ്സിൽ ഉണ്ട്. സത്യത്തിൽ ഞാൻ രാധയെ കാണാൻ വേണ്ടിയല്ല ഇപ്പോൾ ഇവിടെ വരുന്നത് കുട്ടിയെ കാണാൻ വേണ്ടിട്ടാണ്.

ഇങ്ങനെ ഒരു അവസരം ഉണ്ടാകുമെന്ന് ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചില്ല. അതാ ഇപ്പോൾ അവരില്ലെന്നും വരാൻ താമസിക്കും എന്നറിഞ്ഞു ഞാൻ ഓടി വന്നത്.

അപ്പോ രവിയേട്ടൻ കള്ളം പറഞ്ഞതാണല്ല..? രാധേച്ചി കൂട്ടിരിക്കാൻ പറഞ്ഞു എന്ന്?

എന്റെ ശരീരം വിറക്കാൻ തുടങ്ങിയിരുന്നു.

അത് കേട്ട് അയാൾ ചിരിച്ചു. നിന്റെ രാധേച്ചി അങ്ങനെ പറയുമോ പെണ്ണേ? അയാളുടെ മുഖത്തെ ചിരി മായുന്നതും നോട്ടം മാറുന്നതും ഞാൻ പേടിയോടെ കണ്ടു.

നീ പേടിക്കണ്ട ഇതൊന്നും ആരും അറിയില്ല.ചെത്തിക്കൊടി വീട്ടിലെ ശാരദാമ്മായിയുടെ മോള് ഗീതുവിനോട് ചോദിച്ചു നോക്ക് .ഞാൻ ഇടക്കൊക്കെ അവിടെയും പോകാറുണ്ട്.

അവളുടെ കെട്ടിയോന് വടക്ക് റെയിൽവേയിലാണ് ജോലി.രണ്ട് മൂന്ന് മാസം കൂടുമ്പോൾ ഒന്നു വരും.അയാൾ വികൃതമായി ചുണ്ട് കോട്ടി ചിരിച്ചു.

നിനക്കും എന്നോട് അങ്ങനെ ഒരു ഇഷ്ടമൊക്കെ ഇല്ലേ ?വീണ്ടും അതെ ചിരി ….

എന്നെ ഒന്നും ചെയ്യരുത് …ഞാൻ രവിയേട്ടനോട് അടുപ്പം കാണിച്ചത് ഒരു ചേട്ടനെപ്പോലെ കരുതിയിട്ടാണ് …അങ്ങനയെ ഞാൻ കണ്ടിട്ടുള്ളു …..എന്റെ തൊണ്ട വറ്റിവരണ്ടു പോയിരുന്നു. എന്നെ ഒന്നും ചെയ്യല്ലേ ….. കൈകൾ കൂപ്പി ഞാൻ അയാളോട് യാചിച്ചു .

അയാളുടെ മുഖം കൂടുതൽ ഭയാനകമായി തോന്നി. കണ്ണുകൾ കൂടുതൽ ചുവന്ന പോലെ .മുഖത്ത് നിന്നും ചിരി മാഞ്ഞു കഴിഞ്ഞിരുന്നു . ഇതു വരെയും കാണാത്ത ഒരു മുഖം അയാളിൽ ഞാൻ കണ്ടു .

അയാൾ അടുത്ത് വന്നപ്പോൾ ഞാൻ ഒച്ച വെയ്ക്കുവാൻ തുടങ്ങി .ഞാൻ ഉച്ചത്തിൽ കരഞ്ഞു പറഞ്ഞു. എന്നെ ഒന്നും ചെയ്യല്ലേ …..എന്റെ നിലവിളി ചുറ്റും ഉയർന്നു.

മിണ്ടിപ്പോകരുത്… ആക്രോശിച്ചുകൊണ്ട് അയാൾ പലവട്ടം എന്റെ മുഖത്ത് ആഞ്ഞടിച്ചു. കഴുത്തിന് കുത്തിപ്പിടിച്ചു ഒച്ച വെച്ചാൽ കൊല്ലുമെന്ന് പറഞ്ഞു .അന്ന് അയാൾ എന്നെ….

പുറത്തപ്പോൾ കാത്തുവിന്റെ ഒച്ച കേട്ടു.ഞാൻ ഉച്ച ഉറക്കത്തിലായിരിക്കും എന്നോർത്തു കാത്തു പോയി.അവരെ ഒന്ന് വിളിക്കുവാൻ ഞാൻ ഏറെ ആയാസപ്പെട്ടു .

അയാളുടെ ബലിഷ്ടമായ കൈകൾ എന്റെ വായും മൂക്കും മൂടി കെട്ടിയിരുന്നു.ശ്വാസത്തിനു വേണ്ടി ഞാൻ പിടയുകയായിരുന്നു. എന്റെ പിടച്ചിൽ അയാൾ ആസ്വദിക്കുകയായിരുന്നു…….

പുറത്തു കോരിച്ചൊരിയുന്ന മഴയത്തേക്ക് നോക്കി സ്നേഹ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു….

അവളുടെ നനവ് പടരാത്ത കണ്ണുകളിൽ പുറത്തെ കോരിച്ചൊരിയുന്ന മഴ നിഴലിട്ട് നിൽക്കുന്നത് അനന്തു കണ്ടു ….

അവനും എന്തു പറയണമെന്ന് അറിയാതെ അവളുടെ കണ്ണുകളിൽ നോക്കിയിരുന്നു….

ഞാൻ അവിടുന്ന് പോരുന്നവരെയും ആർക്കും ഒന്നും അറിയില്ലായിരുന്നു. എന്റെ അമ്മയും ഞാനും സുഹൃത്തുക്കളെ പോലേ ആയിരുന്നു.

അതുകൊണ്ടു എന്റെ അമ്മയ്ക്കു എന്നിലെ ഭാവ വ്യതാസങ്ങൾ പെട്ടന്ന് മനസ്സിലായി.

അമ്മയും ഞാനും കുറെ സംസാരിക്കാറുണ്ടായിരുന്നു . ഈ സംഭവത്തിന് ശേഷം എന്റെ സംസാരവും ചിരിയുമൊക്കെ കുറഞ്ഞു .എപ്പോഴും ഞാൻ ചിന്തയിലായിരുന്നു….

ഒരിക്കൽ എന്നെ ചേർത്തു പിടിച്ചു അമ്മ ചോദിച്ചു.

എന്റെ കിലുക്കാം പെട്ടിക്കു എന്തുപറ്റി ?

അന്ന് അമ്മയെ കെട്ടിപിടിച്ചു ഞാൻ കുറെ കരഞ്ഞു .

ആ കരച്ചിലിനിടയിൽ എനിക്കു സംഭവിച്ചതെല്ലാം എങ്ങനെയോ ഞാൻ പറഞ്ഞു.

എന്നെ ചേർത്തുപിടിച്ചു അന്ന് അമ്മയും കുറെ കരഞ്ഞു .

പിന്നെ എന്നെ നേരെ നിർത്തി എന്റെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

അമ്മയുടെ ചിന്നുക്കുട്ടി ഒരിക്കലും ഇതോർത്തു കരയരുത് …മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ല ….എന്റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല പിന്നെ എന്തിനാണ്‌ വിഷമിക്കുന്നത്…?

അമ്മയുടെ ഉറച്ച വാക്കുകൾ എനിക്ക് ധൈര്യം നല്കി .

എന്റെ അമ്മ നല്ലൊരു നർത്തകി ആയിരുന്നു …വിവാഹ ശേഷവും ചില വേദികളിലൊക്കെ അമ്മ നൃത്തം ചെയ്തിരുന്നു. പിന്നെ അമ്മ എങ്ങും പോയില്ല .

എനിക്ക് വേണ്ടി മുഴുവൻ സമയം മാറ്റിവെച്ചു .എനിക്ക് നല്ല നൃത്ത പരിശീലനം നല്കി. അങ്ങനെ അമ്മ എന്റെ ശ്രദ്ധ പാട്ടിലേക്കും നൃത്തത്തിലേക്കും തിരിച്ചു.

എനിക്ക് ഇഷ്ടമുള്ള ഗെയിമുകൾ ഞങ്ങൾ ഒരുമിച്ചു കളിച്ചു .പിന്നെ വൈകുന്നേരങ്ങളിൽ അടുത്തുള്ള കായിക പരിശീലന കേന്ദ്രത്തിൽ എന്നെ കൊണ്ടുപോകാൻ തുടങ്ങി. അവിടെ ബാട്മിന്റനിൽ മികവ് കണ്ടെത്താൻ എനിക്ക് കഴിഞ്ഞു.

സ്കൂളിൽ ചാമ്പ്യൻ ആയി. പല സ്ഥലങ്ങളിൽ ടൂർണമെന്റുകളിൽ പങ്കെടുത്തു.ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടി.ജീവിതത്തിൽ തോൽവിയെ എങ്ങനെ നേരിടണമെന്ന് ഞാൻ പഠിച്ചു.
ജീവിതം ഒരുപാട് തിരക്കുകൾക്കിടയിലായി ….

പിന്നീട് ഒരിക്കലും ഞാൻ ആ കറുത്ത ദിവസങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടേയില്ല. ചിന്തിച്ചാൽ തന്നെ അതിൽ നിന്നും പുറത്തുകടക്കാൻ ഞാൻ പഠിച്ചിരുന്നു .

മനഃസാന്നിധ്യവും ആത്മവിശ്വാസവും പകരാൻ കായിക പരിശീലനങ്ങൾക്കു കഴിയുമെന്ന് എന്റെ അമ്മയ്ക്കറിയാമായിരുന്നു .

ഇതിനിടയിൽ അമ്മ ഈ കാര്യങ്ങൾ അമ്മായിയെ അറിയിച്ചിരുന്നു.
അയളുമായുള്ള എല്ലാ ബന്ധങ്ങളും വീട്ടുകാർ ഉപേക്ഷിച്ചു.രാധേച്ചി വേറെ വിവാഹം കഴിച്ചു.

പിന്നെ കുറച്ചു നാൾ കഴിഞ്ഞു അയാളുടെ കല്യാണവും തീരുമാനിച്ചു. കല്യാണത്തിന് ഒരാഴ്ച്ച മുൻപ് ഞാൻ അയാൾ വിവാഹം കഴിക്കാൻ പോകുന്ന ആ പെൺകുട്ടിയെ പോയി കണ്ടു . ആ ചേച്ചിയോട് ഞാൻ എനിക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞു.

സംശയമുണ്ടെങ്കിൽ എന്റെ മുന്നിൽ വെച്ച് അയാളോട് ചോദിച്ചു കൊള്ളാൻ പറഞ്ഞു .അങ്ങനെ അയാളുടെ ആ വിവാഹവും മുടങ്ങി .അയാൾ ആകെ വിഷമത്തിലായി.

പിന്നെ ചെയ്യ്ത തെറ്റ് തിരുത്താൻ എന്നെ ആലോചിച്ചു വീട്ടിൽ വന്നു. തീരുമാനം അച്ഛനും അമ്മയും എനിക്ക് വിട്ടു തന്നു .

അന്ന് അയാളെ വീട്ടിൽ നിന്നും ഞാൻ ആട്ടി പുറത്താക്കി. ഞാൻ അയാളെ തോൽപ്പിച്ചു എന്ന് തോന്നിയ ദിവസം അതായിരുന്നു….എനിക്ക് എന്നെക്കുറിച്ചു ഏറ്റവും അഭിമാനം തോന്നിയ ദിവസവും .

എന്നെ ചവിട്ടി മെതിച്ച നികൃഷ്ടനായ നിന്നെപ്പോലുള്ള ഒരു മൃഗത്തിന്റെ കൂടെ പങ്കുവെയ്ക്കുവാനുള്ളതല്ല എന്റെ വിലപ്പെട്ട ജീവിതം എന്നും അയാളുടെ വിലകെട്ട ഈ ഔദാര്യം എനിക്ക് തീരെയും അവശ്യമില്ലന്നും ഞാൻ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു.

അപമാനത്താൽ കുനിഞ്ഞ ശിരസ്സുമായി അയാൾ എന്റെ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ അന്ന് എന്റെ ഹൃദയത്തിൽ അയാൾ എടുത്തു വെച്ച ഭാരങ്ങളും അയാൾക്കൊപ്പം പടിയിറങ്ങി.

അന്ന് അച്ഛനും അമ്മയും എന്നെ കെട്ടി പിടിച്ചു പറഞ്ഞു .
നിന്നെ ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു എന്ന് …

അയാളുടെ വേറെയും വിവാഹങ്ങൾ ഞാൻ മുടക്കിയിട്ടുണ്ട് … ഇനിയും ഞാൻ ചെല്ലും അയാൾ വിവാഹം ഉറപ്പിക്കുന്ന പെൺകുട്ടികളുടെ അടുത്തേക്ക്.അയാൾക്കു ഒരു നിമിഷത്തെ ദൗർബല്യം കൊണ്ട് പറ്റിയ തെറ്റ് അല്ല. അയാൾ പലരെയും ചതിച്ചിട്ടുണ്ടന്നു പിന്നീട് പലരും പറഞ്ഞു അറിഞ്ഞു .

എല്ലാം അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടി അയാളെ സ്വീകരിക്കുന്നെങ്കിൽ സ്വീകരിച്ചോട്ടേ … അല്ലാതെ ഒരു നിരപരാധിയായ പെൺകുട്ടി എന്തിനു ഈ ചതിയിൽപ്പെടണം…?

ഞാൻ അനുഭവിച്ച വേദന അയാളും അറിയണം.ഞാൻ അറിയിച്ച ഒരു പെൺകുട്ടി കല്യാണ പന്തലിൽ വെച്ചാണ് അയാളുമായുള്ള വിവാഹം വേണ്ടന്നും അയാൾ ചതിയനാണെന്നും പറഞ്ഞത്. അന്ന് ചുറ്റും കൂടിയ ആളുകളുടെ നോട്ടത്തിനും ചോദ്യങ്ങൾക്കും മുന്നിൽ അയാൾ ദഹിക്കുകയായിരുന്നു .

തൊട്ടത് ഒരു പെണ്ണിനെ അല്ല തീ ആയിരുന്നെന്ന് അയാൾ അന്ന് അറിഞ്ഞിട്ടുണ്ട് … എല്ലാം ദഹിപ്പിക്കാൻ കഴിയുന്ന അഗ്നിയാണ് പെണ്ണെന്ന് അയാൾ ഇനിയും അറിയണം….

ഇനി അനന്തുവിന് തീരുമാനിക്കാം…അനന്തുവിന്റെ ജീവിതത്തിൽ ഞാൻ വേണോ എന്ന്…

കുറച്ചു നേരം അവളെ നോക്കി ഇരുന്നിട്ട് അവൻ പറഞ്ഞു. ഈ അഗ്നി എനിക്ക് വേണം പൊള്ളൽ ഏൽക്കാനല്ല …. ജീവിതം മുഴുവൻ പ്രകാശം നിറയാൻ….

അത് കേട്ട് അവൾ ചിരിക്കുമ്പോൾ അവളുടെ മേശപ്പുറത്തു വെച്ച കൈകളിൽ തന്റെ വിരലുകൾ കോർത്തുപിടിച്ച് അവൻ പറഞ്ഞു.

നിന്നെ ഞാൻ ഒരിക്കലും വിട്ട് കളയില്ല….എന്നും ഒപ്പം ഉണ്ടാവും….

അത് കേട്ട് നിറഞ്ഞ മനസ്സോടെ പുറത്ത് അപ്പോഴും തോരാതെ പെയ്യുന്ന മഴയെ നോക്കിയിരിക്കുന്ന അവളുടെ കണ്ണുകളിൽ നഷ്ട്ടപ്പെട്ട ഒരു വസന്തം പൂത്തുലയുന്നത് അവൻ ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു …