തീരങ്ങൾ – ഭാഗം 15, രചന: രഞ്ചു ആൻ്റണി

ഇനി എന്ത് എന്ന് ആലോചിച്ച് കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു…. മനസ്സിൽ സങ്കടമാണോ സന്തോഷമാണോ ബാക്കി നിൽക്കുന്നത് എന്ന് മനസ്സിലായില്ല…

എനിക്ക് കുറച്ച് നേരം കടൽ കാണണം…. കിരൺ സാറിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട്… ഡോർ തുറന്ന് ഇറങ്ങി…. എന്നും ഇരിക്കാറുള്ള ചെയറിൽ ഇരിക്കുമ്പോൾ ഓർത്തു… ഈ ജൻമം ദൈവം എനിക്ക് നൽകിയത് എന്തിനായിരുന്നു…. ഇത്രകാലം വേരുകൾ തേടി നടുകടലിൽ അലഞ്ഞ് അവസാനം തീരത്ത് അടിഞ്ഞപ്പോൾ എല്ലാ വേരുകളും ചുറ്റും പടർന്ന് കിടക്കുന്നു… പക്ഷെ ഇന്നും ഞാൻ അനാഥ തന്നെ… ഒരിക്കലും അവരെന്നെ അംഗീകരിക്കില്ല… കിരൺ സാർ പറഞ്ഞത് പോലെ ഇനിയും മനസ്സിന്റെ താളം തെറ്റിയാൽ അത് എന്റെ മാത്രം തെറ്റായി മാറും…. വേണ്ട എനിക്ക് ആരും വേണ്ട….

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല… അടുത്ത് കിരൺ സാർ വന്ന് ഇരിക്കുന്നത് അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു…

എനിക്ക് തിരിച്ച് വീട്ടിലോട്ട് വരാൻ പറ്റുമെന്ന് തോന്നുന്നില്ല… ഇരുപത്തിയഞ്ച് വർഷം തേടി നടന്ന അമ്മ കൺമുമ്പിൽ നിൽക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ സാധിക്കില്ല…

“അപ്പോൾ ഞാൻ എന്ത് ചെയ്യണമെടോ”… കിരൺ സാർ ശബ്ദം ഇടറി ചോദിക്കുന്നത് ഞാൻ കേട്ടില്ലാന്ന് നടിച്ചു….

ഞാൻ വരാതെ ഇരിക്കുന്നതാണ് നല്ലത്… ഇനിയും നിങ്ങളുടെ അമ്മയുടെ മനസ്സ് കൈയ്യ് വിട്ട് പോയാൽ അതിന്റെ നഷ്ടം സാറിന് മാത്രമാണ്… എനിക്ക് പുതിയ ബന്ധങ്ങൾ ഒന്നും വേണ്ട… ആരുമില്ലെങ്കിലും ജീവിക്കാൻ ഞാൻ പഠിച്ച് കഴിഞ്ഞല്ലോ…. പക്ഷെ സാറിന് അത് പറ്റില്ലാന്ന് എനിക്കറിയാം…. നിങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടു കൂടാ… അതിന് ഞാൻ ഒഴിഞ്ഞ് പോകുന്നതാണ് നല്ലത്…

“എന്താ… അനു താൻ പറയുന്നെ, തന്നെ എന്റെ ജീവിതത്തിലേക്ക് വിളിച്ചത് എനിക്ക് തന്നെ അത്ര ഇഷ്ടമായത് കൊണ്ടാണ്, ഒരു ദിവസം കൊണ്ട് ഉണ്ടായ ഇഷ്ടമല്ല… തന്നെ ഓർഫനേജിൽ വന്ന് കാണാൻ തുടങ്ങിയപ്പോൾ മുതലുള്ള ഇഷ്ടം… അത് ഒരോ ദിവസവും വളർന്ന് വളർന്ന് വല്ലാതെ മനസ്സിൽ നിറഞ്ഞു…അച്ഛൻ ഇതൊന്നും എന്നെ അറിയിച്ചിരുന്നില്ലെങ്കിൽ പോലും ഞാൻ തന്നെ മാത്രമേ വിവാഹം കഴിക്കുകയുള്ളായിരുന്നു”

ഇല്ല… നിങ്ങൾക്ക് എന്നോട് സഹതാപം മാത്രമേ ഉള്ളൂ… ആരും ഇല്ലാത്തവരോട് തോന്നുന്ന സഹതാപം, പിന്നെ അച്ഛൻ പറഞ്ഞപ്പോൾ അത് കുറ്റബോധമായി മാറി… നിങ്ങളുടെ വീട്ടുകാർ കാരണമാണ് ഞാൻ അനാഥാലയത്തിൽ വളർന്നത് എന്ന കുറ്റബോധം…. അത് മാറാൻ കണ്ടെത്തിയ വഴിയാണ് ഈ കല്യാണം….

മനസ്സിലെ സങ്കടം തീർക്കാൻ പറയുന്നത് സാറിനെ സങ്കപ്പെടുത്തും എന്ന് അറിയാമായിരുന്നിട്ടും ഞാൻ പറഞ്ഞു കൊണ്ടിരുന്നു….

“അനു… നിർത്ത് പറഞ്ഞ് പറഞ്ഞ് താൻ എന്തൊക്കെയാ വിളിച്ച് പറയുന്നത്… തനിക്ക് എന്നെ ഇത്ര നാളായിട്ടും മനസ്സിലായില്ല അല്ലേ”

ഞാൻ എന്തിനാണ് നിങ്ങളെ ഒക്കെ മനസ്സിലാക്കുന്നത്… എന്റെ വേരുകൾ കണ്ട് പിടിക്കാൻ മാത്രമായിരുന്നു ഈ വിവാഹം… അത് അറിഞ്ഞല്ലോ…

” അനു… താൻ ഇങ്ങനെ ബന്ധങ്ങളുടെ വില അറിയാതെ സംസാരിക്കരുത്”

എനിക്ക് എങ്ങനെ ബന്ധങ്ങളുടെ വില അറിയും… എനിക്ക് ഇന്നലെ വരെ ബന്ധങ്ങൾ ഉണ്ടായിരുന്നില്ലല്ലോ….നിങ്ങൾ മുളയിലെ നുള്ളിയ ബന്ധങ്ങൾ ഇന്ന് കൂട്ടി ചേർക്കാനും സാധിക്കില്ല….

“അനു… തന്നെ അങ്ങനെ വിട്ട് കളയാൻ അല്ല ഞാൻ വിവാഹം കഴിച്ചത്” കിരൺ സാർ ദേഷ്യവും സങ്കടവും കൊണ്ട് മുഖം ചുമന്ന് തുടങ്ങിയിരുന്നു… ഞാനത് കണ്ടില്ലെന്ന് നടിച്ച്… തികട്ടി വരുന്ന സങ്കടം വാക്കുകളായി പുറത്ത് വന്ന് കെണ്ടിരുന്നു…

നമ്മുടെ വിവാഹം വെറുതെ ഒരു സൈൻ മാത്രമല്ലേ… വെറെ ഒരു സൈൻ ഇട്ടാൽ അത് മാഞ്ഞ് പൊക്കോളും… എന്നിട്ട് നിങ്ങളുടെ നിലക്കും വിലക്കും പറ്റിയ ബന്ധങ്ങളുടെ വിലയറിയുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കൂ…

“ഞാൻ സമ്മതിച്ചാൽ അല്ലേ താൻ പോകൂ”

എനിക്ക് ആരുടെയും സമ്മതം ആവശ്യമില്ല… പറ്റുമെങ്കിൽ ഓർഫനേജിൽ ഇറക്കു, അല്ലെങ്കിൽ ഞാൻ നടന്ന് പോയ്ക്കൊള്ളാം…

“ഇത് അവസാന തീരുമാനമാണോ…”

അതെ… ഞാൻ എഴുന്നേറ്റ് നടന്ന് തുടങ്ങി….

“എന്നെ മനസ്സിലാക്കാൻ പറ്റുന്ന ദിവസം താൻ തിരിച്ച് വരുമെന്ന് ഞാൻ പ്രതീക്ഷിക്കും”

അങ്ങനെ ഒരു പ്രതീക്ഷ വേണ്ട… ഞാൻ വരില്ല…ഞാൻ നടന്ന് തുടങ്ങിയിരുന്നു….

“നടന്ന് പോകണ്ടാ… ഞാൻ കൊണ്ടുപോയി ആക്കാം…” കിരൺ സാർ എല്ലാം നഷ്ടപ്പെട്ടവനെ പോലെ പറയുമ്പോളും ഞാൻ മനസ്സ് കല്ലാക്കി നിന്നു…

വണ്ടിയിൽ നിശബ്ദത തങ്ങി നിന്നു… എനിക്ക് ആ മുഖത്ത് നോക്കാൻ സാധിക്കില്ലായിരുന്നു… കിരൺ സാറിന്റെ മനസ്സ് എനിക്ക് കൺമുമ്പിൽ കാണാമായിരുന്നു…എന്നിട്ടും ഞാൻ കണ്ണടച്ച് ഇരുട്ടാക്കി….ഇരുന്നു….

വണ്ടി നിർത്തിയപ്പോൾ ഞാൻ കൈയ്യിൽ അവർ ഇട്ടു തന്ന വളകൾ ഊരി കിരൺ സാറിന്റെ നേരെ നീട്ടി…

തിരിച്ച് കൊടുത്തേക്കൂ… എനിക്ക് ഇതിന്റെ ആവശ്യം ഇല്ല… സാരി ഞാൻ എത്തിച്ചേക്കാം…നിങ്ങളുടെ അമ്മയുടെ മനസ്സ് ഇനിയും കൈയ്യ് വിട്ട് പോകാൻ ഞാൻ ഒരു കാരണം ആകില്ല…എന്റെ നിഴൽ പോലും നിങ്ങളുടെ ജീവതത്തിൽ വരില്ല…

വല്ലാത്ത വാശിയോടെ പറയുമ്പോൾ ആ മുഖത്തെ ഭാവം എന്നെ ഇല്ലാതാക്കി തുടങ്ങിയിരുന്നു…

” അനു… തന്റെ ഡ്രസ്സുകൾ…” എനിക്ക് അതൊന്നും വേണ്ട, നിങ്ങൾ കളയുകയോ ഓർഫനേജിൽ കൊടുക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം…

തിരിഞ്ഞ് നടക്കുമ്പോൾ മനസ്സ് അലറി കരയുകയായിരുന്നു…. വണ്ടിയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന അമലാമ്മ ആദ്യം സന്തോഷത്തോടെയും എന്റെ മുഖം കണ്ടപ്പോൾ ഭീതിയോടെയും എന്നെ നോക്കി…

എനിക്ക് ഒന്ന് കിടക്കണം….അത്ര മാത്രം പറഞ്ഞ്… ഡോമെട്രിയിലോട്ട് കയറി വാതിലടക്കുമ്പോഴെക്കും ഞാൻ പൊട്ടിക്കരഞ്ഞ് തുടങ്ങിയിരുന്നു… സാരി വലിച്ച് പറിച്ച് എറിഞ്ഞ് കൈയ്യിൽ കിട്ടിയ പഴയ ഒരു സൽവാർ എടുത്തിട്ട് കട്ടിലിലോട്ട് വീഴുമ്പോൾ ഇത്ര കാലം മനസ്സിൽ വരച്ച് കൂട്ടിയ ഛായങ്ങൾ ഞാൻ മായ്ച്ച് കളയാൻ തുടങ്ങിയിരുന്നു…

അനില നീ അനാഥയാണ്… അത് അങ്ങനെ തന്നെ മതി… ഞാൻ സ്വയം പറഞ്ഞ് കരയുമ്പോഴും മനസ്സിൽ കിരൺ സാറിന്റെ മുഖം തെളിഞ്ഞ് വന്നുകൊണ്ടിരുന്നു…. നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ തിരിച്ച് പോന്നത്…. നിങ്ങളെ എനിക്ക് എന്നെക്കാൾ മനസ്സിലാകുന്നുണ്ട്…. പക്ഷെ നിങ്ങൾ കളിക്കുന്ന നാടകത്തിൽ എനിക്ക് കെട്ടിയാടാൻ ഒരു വേഷം വേണ്ട….മനസ്സിൽ കിരൺ സാറിന്റെ പുഞ്ചിരി നിറഞ്ഞു നിന്നു… എത്ര മായ്ച്ച് കളഞ്ഞിട്ടും കൂടുതൽ തെളിച്ചത്തോടെ വാൽസല്യത്തോടെ നോക്കുന്ന ആ കണ്ണുകൾ….മനസ്സ് നോവുന്നത് കണ്ടില്ലാന്ന് നടിച്ചു….ഇല്ല അയാളെ എനിക്ക് ഇഷ്ടമല്ല… എനിക്ക് ആരും വേണ്ട…. ആരും….

കരഞ്ഞ് കരഞ്ഞ് തല പൊട്ടിപൊളിയുന്ന വേദന… വേഗം എഴുന്നേറ്റ് ബാഗിൽ തപ്പി… രണ്ട് പനഡോൾ കൈയ്യിൽ തടഞ്ഞു… ഇടക്ക് എന്തെങ്കിലും ആലോചിച്ച് മനസ്സ് വിഷമിക്കുമ്പോൾ വരുന്ന തലവേദന സഹിക്കാൻ പറ്റാതെ ആകുമ്പോൾ കഴിക്കാൻ വാങ്ങി ഇട്ടിരിക്കുന്നതാണ്… ഗുളിക കഴിച്ചാൽ എല്ലാം മറന്ന് ഉറങ്ങാൻ പറ്റുമെന്ന് തോന്നി….. രണ്ടും ഒന്നിച്ച് കഴിച്ച് കണ്ണടച്ച് കിടന്നു… കഴുത്തിൽ കിടന്ന മാലയുടെ ലോക്കറ്റ് എടുത്ത് നോക്കി…. ‘കിരൺ അനില’ എന്ന് ഒരു ഹാർട്ട് ഷെയ്പ്പിൽ എഴുതി ചേർക്കാൻ പറ്റുന്നത് പോലെ എളുപ്പമല്ല ബന്ധങ്ങൾ ചേർത്ത് വെക്കാൻ….ഉറങ്ങി എഴുന്നേൽക്കുമ്പോൾ പഴയ അനില ആവണം….. ബന്ധങ്ങളും സ്വന്തങ്ങളും ഒന്നും ഇല്ലാത്ത ആരും ഇല്ലാത്ത അനില….

💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦

തിരിച്ച് കാർ ഓടിക്കുമ്പോൾ കിരൺ തളർന്നിരുന്നു…. അനു വല്ലാതെ വിഷമിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്…. അവൾ തിരിച്ച് വരും… എന്റെ സ്നേഹം കണ്ടില്ലാന്ന് നടിക്കാൻ അനുവിന് കഴിയില്ല….

അമ്മയോട് എന്ത് പറയും… കാർ നിർത്തി ഇറങ്ങി നേരെ റൂമിലോട്ട് പോയി… അമ്മ അന്വേഷിച്ച് വരല്ലേന്ന് ആഗ്രഹിച്ചു… എന്ത് പറയുമെന്ന് അറിയില്ല…. അനു എല്ലാം കേൾക്കുമ്പോൾ ഇങ്ങനെ പ്രതികരിക്കുമെന്ന് വിചാരിച്ചില്ല…. ഒരിക്കലും വിട്ടു കളയില്ലാന്ന് അച്ഛന് വാക്ക് കൊടുത്തതാണ്, കൂടെ എന്റെ മനസ്സിനും… എല്ലാം ഒരു ദിവസം കൊണ്ട് അവസാനിക്കാൻ സമ്മതിക്കില്ല… തിരിച്ച് കൊണ്ടുവരണം….

അനുവിന്റ സാമീപ്യം ആ മുറിയിൽ തങ്ങി നിൽക്കുന്നത് പോലെ… ഒരു ദിവസം കൊണ്ട് ഈ മുറി അവളുടെത് കൂടി ആയി മാറിയിരുന്നു… ഹാങ്ങിങ് ചെയറിൽ കണ്ണടച്ച് ഉറക്കം നടിച്ച് കിടന്നതും… ഉറങ്ങി കഴിഞ്ഞപ്പോൾ എടുത്ത് കിടത്തിയതും എല്ലാം മനസ്സിൽ തെളിഞ്ഞു വന്നു…ഇനിയും അനുവിനെ അനാഥ ആക്കാൻ ഞാൻ സമ്മതിക്കില്ല…

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി അമ്മ ആണെന്ന്…

“കിച്ചു… അനുമോള് എവിടെ”… വന്നിട്ട് രണ്ടാളെയും കണ്ടില്ലല്ലോ…

“അനു ഓർഫനേജിലേക്ക് പോയി…”

” വൈകുന്നേരം വരില്ലേ, അമ്മ എന്ത് പറഞ്ഞു…. ഇഷ്ടമായോ മോളെ അമ്മക്ക്…”

“ഇഷ്ടം ആയി…. അച്ഛമ്മ കണ്ടപ്പോൾ തന്നെ പറഞ്ഞു…അവൾ കാണാൻ അമ്മയെ പോലെയാ ഇരിക്കുന്നത് എന്ന്…. അനു അത് കേട്ടതു കൊണ്ടാണ് പോയത്… ഇനി ഇങ്ങോട്ട് വരില്ലാന്ന് പറഞ്ഞു”

രണ്ടും കൽപിച്ച് അത് പറയുമ്പോൾ സ്വരം ഇടറാതെ ഇരിക്കാൻ ശ്രമിച്ചിരുന്നു…

അമ്മ ഒന്നും പറയാതെ മുറിക്ക് പുറത്ത് പോകുന്നത് കണ്ടു…. അപ്പോൾ സംശയിച്ചത് ശരിയാണ്… അനു സ്വന്തം മോളാണെന്ന് അമ്മക്ക് അറിയാം… കല്യാണ കാര്യം പറഞ്ഞപ്പോൾ മുതൽ അമ്മ നല്ല ഹാപ്പി ആയിരുന്നു…. അനുവിന് വേണ്ടി എല്ലാം വാങ്ങാനും പ്ലാൻ ചെയ്യാനും അമ്മയാണ് മുൻപിൽ നിന്നത്… അത്ര ഹാപ്പി ആയി അമ്മയെ ഒരിക്കലും കണ്ടതായി ഓർക്കുന്നില്ല…

ഫോൺ ബെല്ലടിക്കുന്നത് കേട്ട് നോക്കിയപ്പോൾ അമല സിസ്റ്റർ…. ഫോണടുത്ത് ചെവിയോട് ചേർക്കുമ്പോൾ വല്ലാത്ത ഒരു ഭയം മനസ്സിൽ കുമിഞ്ഞ് കൂടിയിരുന്നു…

“മോനെ… അനില വന്നപ്പോൾ മുറിയിൽ കയറി വാതിലടച്ചതാണ്…. വിളിച്ചിട്ട് തുറക്കുന്നില്ല…” അമല സിസ്റ്റർ കരയുന്നതിന് ഇടയിൽ പറഞ്ഞു…

“ഞാനിപ്പോൾ വരാം…”കാറിന്റെ കീ എടുത്ത് ഓടുമ്പോൾ അനുവിന്റെ സങ്കടം നിറഞ്ഞ മുഖമായിരുന്നു മനസ്സിൽ…

“കിച്ചു… എന്ത് പറ്റി” ഞാൻ വെപ്രാളത്തോടെ ഓടുന്നത് കണ്ടാവും അമ്മ മുറിയിൽ നിന്ന് ഇറങ്ങി വന്ന് ചോദിച്ചു….

“ഒന്നും ഇല്ല…ഞാനിപ്പോൾ വരാം” മുഖത്ത് നോക്കാതെയാണ് പറഞ്ഞത്… ഒന്നും മനപൂർവ്വം ചെയ്യ്തത് അല്ല എന്ന് അറിയാമായിരുന്നിട്ടും മനസ്സിൽ അമ്മയോട് ദേഷ്യം തോന്നിയിരുന്നു…

മാക്സിമം സ്പീഡിൽ വണ്ടി ഓടിച്ചിട്ടും സ്പീഡ് കുറവാണെന്ന് തോന്നി…

ഓർഫനേജിൽ ചെന്ന് വണ്ടി നിർത്തി അകത്തു കയറുമ്പോൾ കണ്ടു കുട്ടികൾ കരഞ്ഞ് കൊണ്ട് മുറിയുടെ വാതിലിൽ തട്ടി വിളിക്കുന്നത്….
അമല സിസ്റ്റർ തളർന്ന് ഇരിക്കുന്നുണ്ടായിരുന്നു…

“മോനേ ഞങ്ങൾ എത്ര വിളിച്ചിട്ടും അനില വാതിൽ തുറക്കുന്നില്ല… ജനലും അകത്ത് നിന്ന് അടച്ച് കർട്ടൻ ഇട്ടിരിക്കുവാ… പേടിയാകുന്നു”

“അനു ഉറങ്ങി പോയതാവും” പറയുമ്പോൾ എന്നിലും ഭയം ഇരച്ച് കയറുന്നുണ്ടായിരുന്നു…

കുറച്ച് നേരത്തെ പരിശ്രമം കൊണ്ട് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ കണ്ടു അനു കട്ടിലിൽ കമന്ന് കിടക്കുന്നത്…

“അനു…. മോളെ” ഞാൻ അടുത്ത് ചെന്ന് നെറ്റിയിൽ കരങ്ങൾ വെച്ചു….എന്റെ കൈയ്യിലേക്ക് തണുപ്പ് അരിച്ച് കയറി…

എടുത്ത് തിരിച്ച് കിടത്തുമ്പോൾ കണ്ടു മാലയുടെ ലോക്കറ്റിൽ തിരുകി പിടിച്ചിരിക്കുന്നത്… കോരി എടുത്ത് കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ഓടുമ്പോൾ പുറകിൽ കൂട്ട കരച്ചിൽ മാത്രമേ കേൾക്കാൻ പറ്റുന്നുണ്ടായുള്ളൂ…

തുടരും…

ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ലാസ്റ്റ് പാർട്ടിലെ കമൻറ്റ്സ് കണ്ടപ്പോൾ മനസ്സിലായി. പക്ഷെ ആദ്യം മുതൽ ഞാൻ ചെറിയ ക്ലൂ തരുന്നുണ്ടായിരുന്നു. ഓർഫനേജിൽ വെച്ച് കിച്ചുവിന്റെ അമ്മയാണെന്ന് ചാടി പറയുന്നുണ്ട്… പിന്നീട് ആദ്യം അനില കിരണിന്റ വീട്ടിൽ വന്ന് ഫോട്ടോയിൽ നോക്കി ആരാണെന്ന് ചോദിച്ച പാർട്ടിൽ പെട്ടെന്ന് ലക്ഷ്മി ആന്റി വന്ന് തടസ്സം നിന്നു… അതുപോലെ കിരണിനോട് ഫോട്ടോയിൽ ആരാണെന്ന് ചോദിച്ചപ്പോഴും ലക്ഷ്മി വന്നു… വെപ്രാളത്തോടെ…എന്നിട്ടും നിങ്ങൾക്ക് മനസ്സിലായില്ല എന്ന് തോന്നിയപ്പോളാണ് അച്ഛമ്മ ലച്ചുവിനെ പോലെ തന്നെയാണ് അനില ഇരിക്കുന്നത് എന്ന് പറഞ്ഞ് നിർത്തിയത് 🙉🙈🙊 അടി…..😂 ശ്രദ്ധിച്ച് വായിക്കേണ്ടെ🙃 കഴിഞ്ഞ പാർട്ട് വായിച്ച് ഒത്തിരി പേർ മെസേജ് ഇട്ടു എങ്ങനെയാണ് വായനക്കാരുടെ മനസ്സ് മനസ്സിലാക്കുന്നത് എന്ന് ചോദിച്ച്😍 ഞാൻ ഒരു നല്ല വായനക്കാരിയാണ് എന്നതാണ് അതിന്റെ ഉത്തരം… കഥ വായിക്കുമ്പോൾ നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്ന് മനസ്സിലാകുന്നത് അതുകൊണ്ടാണ്🥰😍

ഒത്തിരി സ്നേഹത്തോടെ രഞ്ചു ആൻ്റണി