കൂടെ – രചന: അഞ്ജലി മോഹൻ
ശരീരം പിച്ചിച്ചീന്തപ്പെട്ടവളെയാണ് ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്…..ആശുപത്രി കിടക്കയിൽ മുറിവുകൾ ഉണങ്ങി കിടക്കുമ്പോൾ പോലും കണ്ണിലെ മുന്തിരിവട്ടം ഇടയ്ക്കൊന്ന് അനങ്ങിയെന്നല്ലാതെ അവൾ തീർത്തും നിശ്ശബ്ദയായിരുന്നു….
ആരോ പറഞ്ഞറിഞ്ഞു അവൾക്കൊരു പേരുണ്ടെന്ന് “നീലകനിമൊഴി”… പേരുപോലെ മഞ്ഞുതുള്ളിപോലൊരു പെണ്ണ്… കടിച്ചു തിന്നവർ അവളുടെ കറുത്ത ഇടതൂർന്ന വാർമുടിപോലും കഷ്ണിച്ചിരിക്കുന്നു… ആശുപത്രി കിടക്കയിൽ വേദന തിന്ന് ആർത്തുകരയുന്നവർക്കിടയിൽ എപ്പോഴോ ആണ് ആരും കൂട്ടിനില്ലാതെ ചലനമറ്റ് എങ്ങോ നോക്കി ഇരിക്കുന്നവളെ ശ്രദ്ധിച്ചുതുടങ്ങിയത്….. കാലിലെ ചെറുവിരൽ പോലും ചതഞ്ഞ് അരഞ്ഞിരുന്നു…..
ആ വിരലുകളിൽ അടുത്ത ബെഡിലെ കുറുമ്പൻ ശക്തിയിൽ വന്ന് ഇടയ്ക്കിടെ അടിച്ചിട്ട് പോവും….അപ്പോഴും പ്രതികരിക്കാതെ എങ്ങോ നോക്കിയൊരു ഇരിപ്പുണ്ട് അവൾക്ക്…..അവളൊഴികെ അവൾക്കൊപ്പം ആ വാർഡിൽ ഉണ്ടായിരുന്നവരെല്ലാം ഓരോ ദിവസവും മാറികൊണ്ടിരുന്നു….
ഒരു രാത്രിയിൽ അവൾ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു… നിലത്താകെ ഛർദിച്ചു…. അന്നത് തൂത്ത് വൃത്തിയാക്കിയത് അയാളായിരുന്നു…. അതിലയാൾക്ക് ഒരു അറപ്പും തോന്നിയില്ല…അയാൾക്ക് അത് തന്നെയായിരുന്നു അവിടത്തെ തൊഴിൽ… രോഗികളുടെ ഛർദിലും കഫവും മൂത്രവും അവരുടെ മുറിയും വൃത്തിയാക്കൽ….മരുന്നിന്റെ ബലത്തിൽ അവൾ ശാന്തമായി ഉറങ്ങുന്നത് കണ്ടാണ് അയാളന്ന് തിരികെപോയത്….
പിറ്റേന്നവളെ കാണാനാണ് ഓടിച്ചെന്നത്… പക്ഷേ അവളുടെ ജീവനില്ലാത്ത കട്ടിൽ അപ്പോഴേക്കും മറ്റാരോ സ്വന്തമാക്കിയിരുന്നു….. അന്ന് തിരികെ പോരാൻ നേരമാണ് പാർക്കിങ്ങിൽ കാൽമുട്ടിൽ മുഖം അമർത്തി ഇരിക്കുന്ന അവളെ വീണ്ടും കണ്ടത്….കൈകളിൽ പിടിച്ച് നേരെ കൊണ്ടുപോരുകയായിരുന്നു…. വരുന്നവഴിയിൽ മാറ്റിയിടാൻ അവൾക്ക് കുറച്ച് ഉടുപ്പും മേടിച്ചു…. അയാളവളെ കനിയെന്ന് വിളിച്ചു… സമൂഹത്തിന് മുൻപിൽ മോശപെട്ടവളാവാതിരിക്കാൻ തിരുനെറ്റിയിൽ സിന്ദൂരം പടർത്തി തന്റേതാക്കി….അവളിപ്പോഴും മറ്റേതോ ലോകത്താണ്… അവൾക്ക് മാത്രം സ്വന്തമായൊരു ലോകത്ത്….
“”കനി…”” തോളിൽ കുലുക്കി വിളിച്ചപ്പോൾ അവളൊന്ന് മിഴിയുയർത്തി നോക്കി…””ന്റെ പേര് മാധവൻ…. ഓർക്കണുണ്ടോ നീ എന്നെ…?? “” കണ്ണിമചിമ്മാതെ ഏറെനേരം ആ പെണ്ണയാളെ നോക്കിയിരുന്നു….. മറുപടിയില്ലാതെ അവ വീണ്ടും പഴയപടി മറ്റേതോ ലോകത്തേക്ക് പോയി…..
ഇരുട്ടിനെ അവൾക്ക് ഭയമായിരുന്നു…. പുരുഷന്മാരെയും…..ഓരോ ദിവസവും അയാൾ അവളുടെ ലോകത്തേക്ക് ചേക്കേറാൻ നോക്കി… തനിച്ചൊരു ലോകം സൃഷ്ടിച്ചവൾക്ക് അയാളെയും ഭയമായിരുന്നു….. മുറിയിലെ ചുമരരുക്കിൽ കാൽമുട്ടിൽ മുഖംചേർത്ത് നിശ്ചലമായി ഇരിക്കുന്ന അവളൊന്ന് കരഞ്ഞെങ്കിലും കാണാൻ ആാാ മനുഷ്യൻ എപ്പോഴൊക്കെയോ കൊതിച്ചു……
അവളുടെ കഷ്ണിച്ച മുടിയിഴകൾ തോളിറങ്ങി നീളം വച്ചു, മുഖത്തെയും ചുണ്ടിലെയും കാലിലെയും മുറിവിന്റെ പാടുകൾ നേരിയ അവശേഷിപ്പ് പോലുമില്ലാതെ മാഞ്ഞു, ഒരിക്കലയാൾ അവളെയൊന്ന് ഇറുകെ പുണർന്നു നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു…..അന്നവൾ വീണ്ടും ഉറക്കെ കരഞ്ഞു മരണ വേദനയിലെ പിടച്ചിൽ പോലെ ആാാ കുഞ്ഞുവീട്ടിൽ നിലകിട്ടാതെ ഓടി…. കയ്യിൽ തടഞ്ഞ എന്തെല്ലാമൊക്കെയൊ എറിഞ്ഞുടച്ചു…..
“””കനീ….”””” പൊട്ടിവന്ന സങ്കടത്താലയാൾ ആ പേരൊന്ന് ഉച്ചത്തിൽ ചൊല്ലിവിളിച്ചു….. ആ പെണ്ണിന്റെ പിടച്ചിൽ കണ്ടുനിൽക്കാനാവാതെ അവളിലെ ഭയത്തെ അധികരിക്കാൻ അനുവദിക്കാതെ പുറത്തേക്കിറങ്ങി….
പിന്നീട് എന്തിനോ വേണ്ടിയുള്ള ഒഴിഞ്ഞുമാറ്റമായിരുന്നു….പുറത്തുനിന്നും മുറിയിലെ ജനൽപൊളി തുറന്ന് നാല് നേരവും ഭക്ഷണം എത്തിച്ചുകൊടുത്തു….ജനൽകമ്പികൾക്കിടയിലൂടെ മതിയാവുവോളം അവളെ നോക്കി കണ്ട് തിരിച്ചുപോകും….രാത്രിയിൽ പുറം വരാന്തയിൽ അവൾക്ക് കാവൽ കിടക്കും…
“”ന്റെ കഴുത്തിൽ ഇത് ചാർത്തിത്തന്ന ആളെ അറിയാമോ….??”” ഒരു രാത്രിയിൽ ജനലഴികൾ വഴി ഭക്ഷണം ഉള്ളിലേക്ക് വയ്ക്കാൻ കടത്തിയ കയ്യിൽ പിടിച്ചാണ് അവളത് ചോദിച്ചത്….
“”നി..ങ്ങളാണോ…??”” ചുറ്റും കറുപ്പ് നിറഞ്ഞ കണ്ണുകൾക്കുള്ളിൽ വല്ലാത്തൊരു തിളക്കമായിരുന്നപ്പോൾ….
ഇരുട്ടിൽ വരാന്തയിൽ അടുത്തിരിക്കുന്ന അയാളെ അവൾ ഏറെനേരം നോക്കി…അവിടവിടങ്ങളിലായി അയാൾക്കുണ്ടായിരുന്ന നരയിലേക്കും , കണ്ണിനിട്ട ഭൂതക്കണ്ണാടിയിലേക്കും അവളാദ്യം കാണുന്നതുപോലെ കൗതുകത്തോടെ നോക്കി…..എന്തോ അയാളുടെ തല താഴ്ന്നുപോയി…
“”പേരെന്താ….??”” അയാളാദ്യമായി ആ പെണ്ണിന്റെ ശബ്ദം കേട്ടു….. തീരെ നേർത്തിരുന്നെങ്കിലും വാക്കുകളിൽ ആകാംഷ മുറ്റിനിന്നു….
“മാധവൻ… അടുത്തുള്ള ആശുപത്രീല് മുറിയൊക്കെ വൃത്തിയാക്കുന്ന പണിയാ…” മറുപടിക്ക് ശേഷം പിന്നീടൊരു നീണ്ട നിശബ്ദത വാക്കുകളെ മൂടികൊണ്ടിരുന്നു….
“”എനിക്ക് പേടിയാണ്….”” മൗനത്തിന് വിരാമമിട്ടുകൊണ്ട് അവളയാളുടെ കണ്ണുകളിലേക്ക് നോക്കി….
“”ആരെ… എന്നെയാണോ…??”” അയാളുടെ കണ്ണുകൾ കുറുകി അതിൽ ഒരു കുഞ്ഞിന്റെ കുസൃതി നിറഞ്ഞു….
“”ഇരുട്ടിനെ… പിന്നെ… പിന്നെ ആണുങ്ങളെയും….”” പറയുമ്പോൾ പോലും ആ പെണ്ണിന്റെ ശബ്ദമൊന്ന് വിറച്ചു…. അയാളവളെ കൗതുകത്തോടെ പ്രേമത്തോടെ പ്രണയത്തോടെ സ്നേഹത്തോടെ നോക്കി…..
മഴ ഇഷ്ടാണോ കനിക്ക്…??
“”മ്മ്ഹ്…””
ഇളം വെയിലോ…??
“”മ്മ്ഹ്…””
മൂടൽ മഞ്ഞോ…??
“”ഇഷ്ടാണ്…””
നിലാവോ…??
“”മ്മ്ഹ്…. ഇഷ്ടമാ…””
പിന്നെന്തിനാ ഇരുട്ടിനെ ഭയക്കുന്നെ…??
“ഇരുട്ടിലാ അവരെന്നെ….” വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി കണ്ണുനീർ കവിൾത്തടത്തിലൂടെ ചാല് തീർത്തൊഴുകി…. അയാളാ പെണ്ണിന്റെ കൈകളൾക്കുമേൽ കൈത്തലം ചേർത്തുവച്ചു….
“”അതിന് മുന്നേ കനി ഇരുട്ട് കണ്ടിട്ടില്ലെ…??””
“”മ്മ്ഹ്…””
ഇരുട്ടിൽ സ്വപ്നം കണ്ടിട്ടില്ലേ…??
“”മ്മ്ഹ്…””
മിന്നാമിനുങ്ങിനെ കണ്ടിട്ടില്ലേ…??
“മ്മ്മ്…”
അന്ന് പേടിച്ചിരുന്നോ ഇരുട്ടിനെ….?? അന്ന് പേടിയായിരുന്നോ ആണുങ്ങളെ…???
“മ്മ്.. മ്മ്മ്മ്…” അവൾ ചെറുതായൊന്നു ഇല്ലെന്ന് തലയനക്കി….””അന്നെനിക്കൊപ്പം ഇരുട്ടിലും നിലാവിലും മഴയിലും മഞ്ഞിലും അച്ഛനുണ്ടായിരുന്നു…”” വീണ്ടും വീണ്ടും അവളുടെ കണ്ണുകളിൽ മഴപെയ്തു….
അയാളവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു….””ഇപ്പൊ ഞാനില്ലേ……??”” വാക്കുകൾക്കിടയിലെ നേർത്ത ശ്വാസത്തിൽപോലും വാത്സല്യം നിറഞ്ഞു…അവളയാളെ ഇമ ചിമ്മാതെ നോക്കിയിരുന്നു….തന്റെ പാതിയോട് അയാളുടെ കരവലയത്തിനുള്ളിൽ ചേർന്നിരിക്കുമ്പോൾ ഒരിക്കൽ ഭയപെടുത്തിയിരുന്ന ഇരുട്ടും സ്വപ്നങ്ങളും മിന്നാമിനുങ്ങും അനന്തകോടി നക്ഷത്രങ്ങളുമൊക്കെ അവൾക്കു മുൻപിൽ വീണ്ടും വന്ന് പുഞ്ചിരിക്കുന്നതുപോലെ….
“കനീ…”
“മ്മ്ഹ്…”
ഇപ്പം പേടിയുണ്ടോ ഇരുട്ടിനെ…??
“മ്മ്മ്… മ്മ്മ്…” ഭാവങ്ങളേതുമില്ലാതെ അവളയാളുടെ നെഞ്ചിൽ കവിളുകൾ ചേർത്തുരച്ച് ഇല്ലെന്ന് മൂളി….
‘ആണുങ്ങളെയോ…??’ മറുപടിയായി നേർത്ത തീരെ നേർത്ത ചിരിയോടെ അവളാ നെഞ്ചിൽ നിന്നും മുഖമുയർത്തി അയാളുടെ നരവീണ മുടിയിലേക്കും കാടുപിടിച്ച പിരികക്കൊടികളിലേക്കും ഒരായിരം കഥപറയുന്ന കണ്ണുകളിലേക്കും മാറി മാറി നോക്കി….അവളിലേക്ക് താഴ്ന്നുവരുന്ന അയാളുടെ ഇരുണ്ട ചുണ്ടുകളെ ചെറിയൊരു പിടച്ചിലോടെ അവൾ വിരൽകൊണ്ട് മൂടിപിടിച്ചു
“”ഞാൻ അഴുക്കാണ്….”” ആ പെണ്ണിന്റെ മിഴികൾ വീണ്ടും നനഞ്ഞു….അയാളാ വിരലുകളെ എടുത്തുമാറ്റി….
കനി കുളിച്ചില്ലേ….??
“മ്മ്ഹ്….”
ഉടുപ്പ് മാറ്റിയില്ലേ….??
“”മ്മ്ഹ്…””
“”എങ്കിലാ അഴുക്കും പോയി….”” പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ ചുണ്ടുകൾ ഏറ്റവും മൃദുവായി ആ പെണ്ണിന്റെ കുഞ്ഞുനെറ്റിയിൽ അമർന്നു… പിന്നീട് നീർതുള്ളികൾ പറ്റികിടന്ന ഇരുകണ്ണിലും…. ഒടുക്കം ഏറ്റവും ഒടുക്കം താടിത്തുമ്പിൽ അമർന്നപ്പോൾ ആ പെണ്ണിന്റെ ഒരിറ്റുകണ്ണുനീർ അയാളുടെ നെറ്റിയിൽ വീണ് ചിതറി തെറിച്ചു…. അടച്ചുപിടിച്ച മിഴികൾ തുറന്നയാൾ അവളെ നോക്കി… കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും പുഞ്ചിരിക്കുന്നവളെ അയാൾ നെഞ്ചിലേക്ക് അണച്ചുപിടിച്ചു…..ഒരേങ്ങലടി കേട്ടു…തിരിച്ചൊരു വാരിപുണരലും….
അവസാനിച്ചു…