എന്റെ മകളെ ചതിക്കാൻ ശ്രമിച്ച അയാൾക്കെതിരെ പരാതി നൽകുവാൻ ഞാൻ തയ്യാറാണ്. അയാൾ എത്ര വലിയവനായാലും ഇനി ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു അവസ്‌ഥ വരരുത്

പുതിയ തുടക്കം – രചന: നിവിയ റോയ്

അപ്പു ….അമ്മയുടെ ഫോൺ എടുത്തോണ്ട് വന്നേ…

മീൻവെട്ടാൻ ഇരുന്നപ്പോൾ തന്നെ ഞാൻ ഓർത്തു ആരെങ്കിലും വിളിക്കുമെന്ന് … സെൽ ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ട് ദേവയാനി ആരോടെന്നില്ലാതെ പറഞ്ഞു

ദേ അമ്മ ഫോൺ….ബെല്ലടിക്കുന്ന ഫോൺ അമ്മയ്ക്കു നേരെ നീട്ടി. ടി വി യിലെ കാർട്ടൂൺ കാണാനുള്ള തിരക്കിൽ തിരിഞ്ഞു ഓടാൻ പാകത്തിന് നിന്നു കൊണ്ട് അപ്പു പറഞ്ഞു.

അമ്മയ്ക്കു ഫോൺ പിടിക്കാൻ പറ്റില്ലന്നറിഞ്ഞു കൂടെ. മീൻവെട്ടുന്നതു നിനക്ക് കണ്ടു കൂടെ ചെക്കാ ? ഓണാക്കി അമ്മയുടെ കാതിൽ വെച്ചു താ ..നിനക്കിപ്പോൾ കാർട്ടൂൺ കാഴ്ച്ച കൂടുതലാണ്
ടി വി ഞാൻ തല്ലിപൊട്ടിച്ചു കളയുമെന്നോർത്തോ.

ഈ സമയത്തു കാൾ വന്ന അമർഷം അവൾ അപ്പുവിനോട് തീർത്തു.

അമ്മയെന്തിനാണ് ദേഷ്യപ്പെടുന്നെ പറഞ്ഞാ പോരെ ?ചുണ്ടു കൂർപ്പിച്ചു അപ്പു പറഞ്ഞു .

ഹലോ ….തല ചായ്ച്ചു തോളോട് ഫോൺ ചേർത്തു പിടിച്ചു മീൻ വെട്ടുന്നതു തുടർന്നു കൊണ്ട് ദേവയാനി സംസാരിക്കാൻ തുടങ്ങി

ഹലോ ദേവയാനി ആണോ ?അപരിചിതമായ ഒരു സ്ത്രീ ശബ്‌ദം ….

അതേ ….ആരാ ഇത് …?

ഞാൻ എസ് ഐ ദീപ്‌തി ചെറിയാൻ .നിങ്ങളുടെ അടുത്തുള്ള വനിതാ പോലീസ് സ്റ്റേഷനിൽ നിന്നാണ്…

ഒന്ന് അത്യാവശ്യമായി സ്റ്റേഷൻ വരെ വരണം

ദേവയാനിയുടെ മുഖത്തെ ഭാവമാറ്റം കണ്ടിട്ടാവാം, ഒടിഞ്ഞു തൂങ്ങിയ വാഴ കൈയിൽ തന്റെ ഊഴവും കാത്തിരുന്ന കറുമ്പികാക്ക തല ചെരിച്ചു അവളെ ഉറ്റുനോക്കിയത് …

എന്താ സാറെ ….?കത്തി താഴെയിട്ടു കൈയിൽ പറ്റിയിരുന്ന ചെതുമ്പലും മീൻ വെള്ളവും കുടഞ്ഞു കളഞ്ഞു തന്റെ തള്ള വിരലും ചൂണ്ടുവിരലും കൊണ്ട് ഫോൺ കൈയിൽ എടുത്തു കൊണ്ട് പതറി തുടങ്ങിയ ശബ്ദത്തോടെ അവൾ ചോദിച്ചു ….

പേടിക്കാനൊന്നും ഇല്ല ….ഒന്ന് ഇവിടം വരെ വരിക. അത് പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു.

എന്തുപറ്റി ആവോ …?ഇനി സ്കൂളിൽ പോയ ആശ മോൾക്ക് എന്തെങ്കിലും …..ചിന്തയെ മുറിച്ചു ഒരു നിലവിളിപോലെ പ്രാർത്ഥന അവളിൽ നിന്നും ഉയർന്നു വന്നു . എന്റീശ്വരാ എന്റെ മോളെ കാത്തോണേ …..

അവൾക്കു പെട്ടെന്ന് ശരീരത്തിൽ വല്ലാത്ത ഒരു ഉഷ്ണം അനുഭവപ്പെട്ടു. നെഞ്ചിടിപ്പുകൂടുന്ന പോലെയും കയ്യും കാലും വിറക്കുന്ന പോലേയും തോന്നി ….

വേഗം തന്നെ മീൻചട്ടി എടുത്തു അടുക്കളയിലേക്കു നടക്കുമ്പോൾ രവിയേട്ടനെ വിളിച്ചാലോ എന്ന് ഓർത്തു.

വേണ്ട എന്താണെന്നു ആദ്യം അറിയട്ടേ. തീരെ മനക്കട്ടിയില്ലാത്ത ആളാണ്.പ്രത്യകിച്ചു കുട്ടികളുടെ കാര്യത്തിൽ.

അവൾ കൈ കഴുകി വേഗം സാരി ഉടുത്തു …

കണ്ണന്റെ കൈ പിടിച്ചു വാതില് പൂട്ടി പുറത്തേക്കു ഇറങ്ങുമ്പോൾ അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി.

സുമിത്രേച്ചി …കണ്ണനെ ഒന്ന് നോക്കിക്കോണേ….ഞാൻ ഇപ്പോൾ വരാം.

അയല്പക്കത്തെ വീട്ടിലേക്കു അവനെ വിട്ട് കൊണ്ട് അവൾ വിളിച്ചു പറഞ്ഞു

നീ എവിടെ പോകുവാ…?

ചേച്ചി വന്നിട്ട് പറയാം ….തിടുക്കത്തിൽ തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു …

പതിവായി വീട്ടിൽ ഉന്തുവണ്ടിയിൽ പച്ചക്കറിയും കൊണ്ടു വരുന്ന സെന്തിൽ എതിരെ വരുന്ന അവളെ കണ്ടതും പറഞ്ഞു

ചേച്ചി ….കീര ഉണ്ട് നല്ല പച്ച കീര ….മറുപടി ഒരു വിളറിയ ചിരിയിൽ ഒതുക്കി അവൾ മുന്നോട്ട് തിടുക്കത്തിൽ നടന്നു ….

അവളുടെ മനസ്സിൽ മകൾക്കു വേണ്ടിയുള്ള പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.

ചുണ്ടുകൾ ഇടതടവില്ലാതെ ആ പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടുമിരുന്നു.

പോലീസ് സ്റ്റേഷന് മുൻപിലുള്ള റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ ഇരുവശത്തുനിന്നും ആളുകൾ അവളെ കൂക്കി വിളിക്കുന്നത് അവൾ കേട്ടില്ല ….

പാളം കടന്ന തൊട്ടു നിമിഷത്തിൽ തനിക്കു പുറകിലൂടെ ട്രെയിൻ അലറിപ്പാഞ്ഞു പോകുമ്പോൾ.

ഭാഗ്യം കൊണ്ടാണ് ആ സ്ത്രീ രക്ഷപെട്ടതന്നെന്നു ചുറ്റുമുള്ളവർ പറയുന്നതൊന്നും അവൾ കേട്ടതേയില്ല …..

വെയിലേറ്റു ഉരുകിയ ടാർ കാലിൽ ഒട്ടിപ്പിടിച്ചു പൊള്ളിയപ്പോഴാണ് താൻ ചെരുപ്പിട്ടില്ലെന്നു അവൾ ഓർത്തതു തന്നെ ….

തിടുക്കത്തിൽ ഓടിയും നടന്നും അവൾ സ്റ്റേഷനിൽ എത്തി

“ഇവിടുന്നു വിളിച്ചിട്ടു വന്നതാ”

കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പു സാരിത്തലപ്പുകൊണ്ട് തുടച്ചുകൊണ്ട് വാതിൽക്കൽ നിന്ന വനിത കോൺസ്റ്റബിളിലിനോട് അവൾ പറഞ്ഞു.

മറുപടിയായി അവർ ചൂണ്ടിക്കാട്ടിയ റൂമിലേക്ക് അവൾ നടന്നു.

വാതിൽ തുറന്നു കസേരയിൽ ഇരിക്കുന്ന കാക്കി കുപ്പായം ധരിച്ച ചെറുപ്പക്കാരിയായ സ്ത്രീയെ നോക്കി അവൾ കൈകൾ കൂപ്പി …

ഞാൻ ദേവയാനി …..

വിജയലക്ഷി എ സി പി എന്ന് കറുത്തമിനുമിനുത്ത പ്രതലത്തിൽ വെള്ളി ലിപികളിൽ എഴുതി കാക്കി കുപ്പായത്തിൽ പതിപ്പിച്ചിരുന്ന അവരുടെ നെയിം ടാഗ് വായിച്ചു കൊണ്ട് അവൾ പറഞ്ഞു.അവരുടെ അല്പം പിറകിലായി എസ് ഐ ദീപ്തി ചെറിയാനും നിൽപ്പുണ്ടായിരുന്നു .

ആ ഇരിക്കു ….മുന്നിലേ കസേര ചൂണ്ടി വിജയ ലക്ഷ്മി പറഞ്ഞു.

ഭവ്യതയോടെ ദേവയാനി കസേരയുടെ അറ്റത്തു ഇരുന്നു

എന്താ സാറെ എന്തിനാ എന്നെ വിളിപ്പിച്ചത് ?

അറിയാതെ മേശപ്പുറത്തു വെച്ച അവളുടെ കൈ അപ്പോൾ വിറക്കുന്നുണ്ടായിരുന്നു

ദേവയാനിക്ക് ഒരു മോളും മോനും അല്ലേ ?

അതെ ….

ഭർത്താവ് ഹോട്ടലിൽ ജോലിക്കു പോകുന്നു. മേശപ്പുറത്തു തന്റെ കൈകൾ കോർത്തു വെച്ചുകൊണ്ട് അവർ ചോദിച്ചു.

അതെ …

വെയിലത്ത് ഓടി കിതച്ചു വറ്റിവരണ്ടു പോയ തൊണ്ടയിൽ നിന്നും കുത്തിയുള്ള ചുമ അടക്കാൻ പാടുപെട്ടുകൊണ്ട് അവൾ പറഞ്ഞു.

ലീന ഇവർക്ക് കുടിക്കാൻ ഇത്തിരി വെള്ളം കൊടുക്കൂ…

ദേവയാനിയുടെ അവസ്‌ഥ മനസിലാക്കിയിട്ടെന്ന പോലേ അവിടെ ഫയലുകൾ നോക്കികൊണ്ട്‌ നിന്ന വനിതാ കോൺസ്റ്റബിളിനോട് അവർ പറഞ്ഞു

ജനലിന്റെ അടുത്തുവെച്ച മൺകൂജയിൽ നിന്നും സ്റ്റീൽ ഗ്ലാസിൽ പകർന്ന വെള്ളം അവർക്ക് നേരെ നീട്ടുമ്പോൾ കോൺസ്റ്റബിൾ ലീന പുഞ്ചിരിച്ചു

നല്ല ദാഹമുണ്ടെങ്കിലും വെള്ളം തൊണ്ടയിൽ നിന്നും ഇറങ്ങാൻ നല്ല ബുദ്ധിമുട്ടുള്ള പോലേ ദേവയാനിക്ക് തോന്നി …

മോള് …ആശ പ്ലസ് ടു വിന് പഠിക്കുന്നു അല്ലെ ? ഇളയ കുട്ടി ചെറിയതായതുകൊണ്ടു അവന്റ കാര്യങ്ങൾ നോക്കുന്ന തിരക്കിൽ ആശയുടെ കാര്യങ്ങളിൽ കുറച്ചു ശ്രദ്ധക്കുറവുണ്ടല്ലേ ?

ഇവർ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന ചോദ്യം ദേവയാനിയുടെ ഉള്ളിൽ ഉയർന്നു

എന്റെ മോൾക്ക് എന്തെങ്കിലും പറ്റിയോ സാറെ…. ?അടക്കിവെച്ച വേദന വാക്കുകളിൽ ചിതറി വീണു ….കണ്ണുകൾ നീർ ചാലുകളായി….

നിങ്ങൾ കരയാതിരിക്കൂ… മോൾക്ക് ഒന്നും പറ്റിയില്ല.ഞങ്ങൾ തക്ക സമയത്തു ചെന്നില്ലായിരുനെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് പറയാനും പറ്റില്ലായിരുന്നു.

നിങ്ങളുടെ മകൾ ഇന്ന് എവിടെയാണ് പോയത് ?

സ്കൂളിൽ …അവര് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ ദേവയാനി പറഞ്ഞു

എങ്ങനെ അറിയാം….?

അവൾ എന്നും സ്കൂളിൽ പോകുന്നതല്ലേ….

ഇതെന്തൊരു ചോദ്യമാണ്. അവൾ മനസ്സിൽ ഓർത്തു

അവൾ എന്താ ഇന്ന് ഇട്ടിരുന്നത് ?

സ്കൂളിൽ പോകുന്ന അവൾ ഇടുക ….ചോദ്യം മനസ്സിലാകാത്ത പോലേ ദേവയാനി അവരെ നോക്കി.അവളെ നീരിക്ഷിച്ചുകൊണ്ടു അടുത്തുതന്നെ നിന്നിരുന്ന എസ് ഐ ദീപ്തി ചെറിയാൻ ചോദ്യം വിശദീകരിച്ചു.

അവളുടെ വേഷം എന്തായിരുന്നുവെന്ന്?

സ്കൂൾ യൂണിഫോം….

സ്കൂളിൽ പോകുമ്പോൾ കുട്ടികൾ യൂണിഫോം അല്ലേ ഇടാറ്. മനസ്സിൽ അങ്ങനെ തോന്നിയെങ്കിലും ദേവയാനി അതൊന്നും പറഞ്ഞില്ല.

അല്ലല്ലോ… കോർത്തുവെച്ച തന്റെ കൈകൾ ചലിപ്പിച്ചു കൊണ്ട് അവർ പറഞ്ഞു

അല്ല സാറെ ….ഞാനാണ് യൂണിഫോമിട്ടു വന്ന അവളുടെ മുടി പിന്നിക്കെട്ടി കൊടുത്തത്.സാരിത്തലപ്പിൽ നിർത്താതെ ഒഴുകുന്ന കണ്ണുനീർ തുടച്ചു ദേവയാനി പറഞ്ഞു.

ആണോ…? അത് പറഞ്ഞു അവർ കോൺസ്റ്റബിളിനെ വിളിച്ചു

ഗ്രീഷ്മ ……ആ കുട്ടിയെ ഇങ്ങു കൊണ്ടു വരൂ ….അവിടെ നിന്നിരുന്ന മറ്റൊരു വനിതാ കോൺസ്റ്റബിളിനോട് അവർ പറഞ്ഞു

ദേ ഇതല്ലേ നിങ്ങളുടെ മോള് തല ഉയർത്തി നോക്കിയ ദേവയാനി അതിശയിച്ചു പോയി

പിങ്ക് കളർ ചുരിദാർ ഇട്ടു മുന്നിൽ നിൽക്കുന്നത് തന്റെ മകളാണെന്ന്‌ വിശ്വസിക്കാൻ അവർക്കു പ്രയാസം തോന്നി

ഇതെന്താ ഈ ഡ്രെസ്സ് …?അവൾ വിജയ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ….

നിങ്ങൾ എന്നോടാണോ ചോദിക്കുന്നത് ?

ടീ ….ഇത് ….

ചാടേണ്ട ….നിങ്ങളുടെ മകൾ ഈയിടെയായി എന്നും സ്കൂളിൽ പോകുമ്പോൾ ബാഗിൽ ഒരു
ജോഡി കളർ ഡ്രസ്സ്കരുതുന്നുണ്ടായിരുന്നു

ഏയ്‌… ഇല്ല.തലയാട്ടികൊണ്ട് ദേവയാനി പറഞ്ഞു.

ഇതാണ് നമ്മൾ മാതാപിതാക്കളുടെ കുഴപ്പം.സ്വന്തം മക്കൾ ചെയ്യുന്ന തെറ്റ് കണ്ണിൽ കണ്ടാൽ പോലും വിശ്വസിക്കാൻ പറ്റില്ല.

നിങ്ങുടെ മകളെ ഞാൻ എവിടെ വെച്ചാണ് കണ്ടതെന്ന് അറിയാമോ? വിജയ ലക്ഷ്മി തുടർന്നു

ഇല്ലിക്കാട്ടിനടുത്തു വെച്ച് ….

ഇല്ലിക്കാട്ടിൽ വച്ചോ .,.?അത്രയും ദൂരം ഇവൾ എങ്ങനെ പോയി ? എന്തിനാണ്‌ പോയത് ?

ആഭാസന്മാരുടെ കേന്ദ്രമായ ആ സ്ഥലത്തു തന്റെ മകൾ പോയി എന്ന് വിശ്വസിക്കാനാവാതെ അവർ ചോദിച്ചു

അനാശാസ്യ പ്രവർത്തനങ്ങൾക്കായി പെൺകുട്ടികളെ പലരും അവിടെ കൊണ്ടുവരുന്നുണ്ടന്നുള്ള ഒരു അറിയിപ്പ് എന്റെ ഓഫീസിൽ കിട്ടിയിരുന്നു.അതനുസരിച്ചു ഞാൻ കുറച്ചു ദിവസമായി ഇവിടെയുണ്ട്.ആ പ്രദേശം ഇപ്പോൾ പൂർണ്ണമായും ഞങ്ങളുടെ നീരിക്ഷണത്തിൽ ആണ്.

ഓരോ ദിവസവും ഇത്തരത്തിലുള്ള എത്ര കേസുകളാണ് ഞങ്ങൾ അവിടെ നിന്നും പിടിക്കുന്നതെന്നു അറിയാമോ ?

നിങ്ങളുടെ മകൾ ഒരു ചെറുപ്പക്കാരനുമായി കുറിച്ചു നാളായി അടുപ്പത്തിലാണ്.അയാളോടൊപ്പമാണ് അവളെ ഞങ്ങൾ അവിടെ കണ്ടത് .അയാൾ ഒരു ക്രിമിനൽ കേസിലെ പ്രതി ആയിരുന്നു.

തെളിവുകളുടെ അഭാവത്തിൽ അയാൾ രക്ഷപെടുകയും ചെയ്യ്തു .കൂടാതെ നല്ല സ്വാധീനവും അയാൾക്കുണ്ട്. അയാൾ സെക്സ് റാക്കറ്റിന്റെ ഒരു കണ്ണിയും കൂടിയാണന്നു ഞങ്ങൾ സംശയിക്കുന്നു .ശക്തമായ തെളിവുകളും കൂറുമാറാത്ത സാക്ഷികളും ഇല്ലാതെ ഇവരെ ഒന്ന് തൊടാൻ പോലും പറ്റില്ല.

എനിക്ക് സത്യമായിട്ടും ഇതിനെക്കുറിച്ചു ഒന്നും അറിയില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദേവയാനി അത് പറഞ്ഞത്.

അറിയില്ല എന്ന് പറഞ്ഞത് വിശ്വസിക്കാം. ആർക്കും മറ്റൊരാളുടെ മനസ്സ് വായിക്കാൻ പറ്റില്ലല്ലോ?

നിങ്ങളുടെ മകൾ അയാളുമായി എന്നും രാത്രി ഫോണിൽ സംസാരിക്കാറുണ്ട്. അത് നിങ്ങൾക്ക് അറിയാമോ? തന്റെ കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് അവർ ചോദിച്ചു.

ഇല്ല…. ചുണ്ടുകൾ കൂട്ടിപ്പിടിച്ചു അവൾ നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി

അവളുടെ കൂടെയാണ് ഞാൻ കിടക്കുന്നതു അങ്ങനെ വരാൻ വഴിയില്ല അവളുടെ അമ്മ മനസിനു അങ്ങനെ ചിന്തിക്കാനായിരുന്നു ഇഷ്ട്ടം … ഉയർന്നുവരുന്ന ഏങ്ങലടികൾ അവളുടെ വാക്കുകൾ വിഴുങ്ങി….

നിങ്ങൾ ഉറങ്ങി കഴിഞ്ഞു അവൾ ബാത്‌റൂമിൽ കയറി അയാളുമായി സംസാരിക്കുകയും മെസ്സേജുകൾ അയയ്ക്കുകയും ചെയ്യാറുണ്ടയിരുന്നു.

സാറെ ഞാൻ ഇതൊന്നും അറിഞ്ഞില്ല.

നിങ്ങൾ ഇതൊക്കെ അറിയേണ്ടതല്ലേ? അമ്മയെന്ന നിലയിൽ താൻ ഒരു പരാജയമായല്ലോ എന്നോർത്തു അവൾ അപമാനഭാരത്തോടെ അവരുടെ മുൻപിൽ തലകുനിച്ചിരുന്നു ….

വീടിനടുത്തുള്ള ഊടുവഴിയിലൂടെയാണ് അവൾ കുറച്ചു ദിവസമായി സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത് .അതിന് അപ്പുറത്തുള്ള ഇടവഴിയിൽ അയാൾ തന്റെ ജീപ്പുമായി കാത്തു നിൽക്കും.

കുറച്ചു ദിവസങ്ങളായി അയാളുടെ വണ്ടിയിൽ ആശ സ്കൂളിൽ വന്നിറങ്ങുന്നത് അവിടെയുള്ള ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇന്ന് ആശയെ ടൗണിൽ കൊണ്ടുപോയിട്ട് വരാമെന്നു അയാൾ പറഞ്ഞിരുന്നു .യൂണിഫോം ഇട്ടിറങ്ങിയ ആശ ഊടുവഴിക്ക് സമീപമുള്ള പൊന്തകാട്ടിൽ വെച്ച് യൂണിഫോം മാറി ഈ ഡ്രെസ്സ് ധരിച്ചു.

ജീപ്പിൽ കുറച്ചു ദൂരം മുന്നോട്ടുപോയ അയാൾ ആശക്കു കുടിക്കാൻ ജ്യൂസ് കൊടുത്തു

അവൾ വേണ്ടന്നു പറഞ്ഞു … മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കൊടുത്തു ചതിക്കുന്ന കഥകൾ അവളും കേട്ടിട്ടുണ്ടല്ലോ ?

തന്നെ ആശ സംശയിക്കുന്നു എന്ന് പറഞ്ഞു അയാൾ വെറുതെ വിഷമം അഭിനയിച്ചു .ഒരിക്കലും ആശയെ ചതിക്കുകയില്ലെന്നും. രണ്ട് വർഷം കഴിഞ്ഞു അവളെ വിവാഹം കഴിക്കുമെന്നു അയാൾ വാഗ്ദാനം ചെയ്തിട്ടുള്ളതും അവളെ ഓർമിപ്പിച്ചു …

അയാളോടുള്ള പ്രേമം തലയ്ക്കു പിടിച്ചിരിക്കുകയല്ലേ? അയാളുടെ വാഗ്ദാനങ്ങളിൽ അവൾ വീണു. ജ്യൂസ് കുടിച്ച അവൾക്ക് തലയ്ക്കു ഒരു മന്ദത അനുഭവപ്പെട്ടു.

കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും പ്രശനം ഇതൊക്കെ തന്നെയാണ്.സോഷ്യൽ മീഡിയ കളിലൂടെയൊക്കെ ചതിക്കപ്പെടുന്ന പെൺകുട്ടികളുടെ മാത്രമല്ല സ്ത്രീകളുടെയും കണക്കുകൾ ദിനം പ്രതി കൂടുകയാണ് . കേട്ടാലും കൊണ്ടാലും നമ്മളൊന്നും പഠിക്കില്ല.

ഒന്നും പ്രതികരിക്കാനാവാതെ നിശ്ശബ്ദം കണ്ണീർ തൂകി ദേവയാനി അതൊക്കെ തല കുനിച്ചു കേട്ടിരുന്നു …

അങ്ങനെ അയാൾ ജീപ്പും കൊണ്ട് ഇല്ലിക്കാടിനടുത്തേക്കു വരുമ്പോൾ ഇവരെ സ്ഥിരം ശ്രദ്ധിക്കാറുള്ള ആരോ സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു .ഞങ്ങൾ തക്ക സമയത്തു എത്തിയതുകൊണ്ടു ഒന്നും സംഭവിച്ചില്ല .ആവശ്യം കഴിഞ്ഞു അയാൾ ആശയെ മറ്റു വല്ലവർക്കും കൈമാറിയിരുനെങ്കിൽ ….

തന്റെ നെഞ്ചു പൊട്ടിപോകുമെന്നു ദേവയാനിക്ക് തോന്നി

എന്റെ മോളെ നീ എന്തിനാടി അമ്മയോടും അച്ഛയോടും ഈ ചതി ചെയ്യ്തത് ?അച്ഛനറിഞ്ഞാൽ പിന്നെ ജീവനോടെ ഉണ്ടാവില്ല …രാവും പകലും ആ മനുഷ്യൻ കഷ്ടപ്പെടുന്നത് നിന്നെ പഠിപ്പിച്ചു ഒരു നിലയിലാക്കാനല്ലേ?

ഒരു പൊട്ടിക്കരച്ചിലിലാണ് അവളുടെ വാക്കുകൾ അവസാനിച്ചത്. തന്റെ കൈമുട്ടുകൾ മേശയിൽ ഊന്നി മുഖം പൊത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു .

അമ്മേ …സത്യമായും ഞാൻ നിങ്ങളെ ചതിച്ചതല്ല .അയാളെ ഞാൻ വിശ്വസിച്ചു .പലവട്ടം അച്ഛനോടും അമ്മയോടും തുറന്നു പറയാൻ ഒരുങ്ങിയതാണ് .അപ്പോളൊക്കെ അയാൾ എതിർത്തു .

രണ്ട് വർഷം കഴിയുന്നതും വീട്ടിൽ വന്നു പെണ്ണുചോദിക്കുമ്പോൾ അവര് അറിഞ്ഞാ മതി ഇല്ലെങ്കിൽ നമ്മുക്ക് ഒരിക്കലും കാണാൻ കൂടി പറ്റില്ല എന്ന് പറഞ്ഞു.നിന്നെക്കാണാതിരിക്കാൻ എനിക്ക് പറ്റില്ലന്നൊക്കെ എന്നോട് പറഞ്ഞു.

എന്നോട് ക്ഷമിക്ക് അമ്മേ ….ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല .
അവൾ തറയിലിരുന്നു ദേവയാനിയുടെ കാലിൽ പിടിച്ചു കരഞ്ഞു .

ദേവയാനി …എടോ താൻ കരയാതിരിക്കൂ ….വിജയ ലക്ഷ്മി മുന്നോട്ടാഞ്ഞു അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ടു തുടർന്നു

കുട്ടികളുടെ ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ തോന്നുന്നത് സ്വാഭാവികമാണ്.

എന്ന് കരുതി നമ്മൾ ശ്രദ്ധിക്കാതിരിക്കരുത്. കുട്ടികളെ കൈകാര്യം ചെയ്യാൻ ഏറ്റവും പ്രയാസമുള്ള ഒരു കാലഘട്ടമാണ് അവരുടെ കൗമാരം.കുട്ടിത്തവും പക്വതയും ഇടകലരുന്ന സമയം .അവരെ നിർവചിക്കാൻ വളരെ ബുദ്ധിമുട്ടുള്ള സമയം .

വളരെ ഇമോഷണൽ ആകുന്ന പ്രായം. പെട്ടന്ന് പൊട്ടിത്തെറിക്കുക. എല്ലാം അവർക്ക് അറിയാമെന്ന ഭാവം ഉണ്ടാകുക. വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന തോന്നൽ. ശാരീരികമായ കാര്യങ്ങളിലെ കൗതുകം. നമ്മൾ വളരെ വിവേക പൂർവ്വം ഇടപെടേണ്ട കാര്യങ്ങൾ ആണ് ഇതൊക്കെ.

ഈ പ്രായത്തിൽ അവരറിയാതെ അവരുടെ മേൽ ഒരു ശ്രദ്ധ നമുക്ക് ഉണ്ടാവണം ….നമ്മുടെ കുട്ടികളിലെ സ്വഭാവ മാറ്റം …..അവരുടെ സുഹൃത്തുകൾ…അവര് എന്തിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതു … അവരെവിടെ പോകുന്നു…. മൊബൈൽ ഫോണിന്റെ ഉപയോഗം …ഇതൊക്കെ നമ്മൾ അറിയണം.

സ്കൂളിൽ പോകുന്ന ഒരു കുട്ടി സ്കൂളിൽ ആയിരിക്കും എന്നല്ലേ വീട്ടിലിരിക്കുന്ന മാതാപിതാക്കൾ ഓർക്കുക…? കരച്ചിലിനിടയിൽ ദേവയാനി പറഞ്ഞു.

നിങ്ങൾ ആ പറഞ്ഞത് വളരെ ശരിയാണ്

പ്ലസ് ടു പരീക്ഷക്ക്‌ ഫുൾ എ പ്ലസ് കിട്ടിയ കുട്ടി തങ്ങളുടെ സ്കൂളിലാണെന്നു അഭിമാനപൂർവം പറയുമ്പോൾ, അവിടെയുള്ള കുട്ടികളുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കാൻ സ്കൂൾ അധികൃതർ തയ്യറാവണം

പണ്ട് കുട്ടികൾ സ്കൂളിൽ വന്നില്ലെങ്കിൽ കാരണം കാണിച്ചുള്ള ലീവ് ലെറ്റർ സ്കൂളിൽ വരുന്ന ദിവസം അവർ കൊണ്ടുവരേണ്ടത് നിർബന്ധം ആയിരുന്നു.

ഇന്ന് നൂതന സംവിധാനങ്ങൾ ഉണ്ടല്ലോ?

അബ്സെന്റ് ആകുന്ന കുട്ടികളുടെ വിവരം ക്ലാസ്സ് ടീച്ചർമാരിൽ നിന്നും ശേഖരിച്ചു വീട്ടിലേക്കു വിളിച്ചു ചോദിക്കുവാൻ സൂപ്പർവൈസർമാരെ നിയമിക്കുക. ആ കുട്ടി വരാത്ത കാരണങ്ങളുടെ കൂടെ എവിടെയാണെന്ന് രണ്ടു കൂട്ടർക്കും ബോധ്യമാകുകയും ചെയ്യും.

ക്ലാസ്സിലുള്ള കുട്ടികൾ എല്ലാ പീരിയഡ്‌സും അറ്റൻഡ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.ഇല്ലാത്ത കുട്ടികളുടെ വിവരം വീട്ടിൽ അറിയിക്കുക.

കൊള്ള ഫീസ് മേടിക്കുന്ന സ്കൂളുകൾ കുട്ടികളുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കേണ്ടേ?

നഗരത്തിലെ പല സ്കൂളുകളിലും ഇപ്പോൾ ഇത്തരത്തിലുള്ള സംവിധാങ്ങൾ ഉണ്ട്‌ …അവിടെ മാത്രമല്ല എല്ലാ സ്കൂളുകളിലും ഇത്തരത്തിലുള്ള സംവിധാനങ്ങൾ വളരെ അത്യാവശ്യമാണ് ….ഇതൊക്കെ നിങ്ങളുടെ അവകാശം കൂടിയാണ്.

ഒരു നേർത്ത മൗനത്തിനു ശേഷം.വാച്ചിൽ സമയം നോക്കി തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് വിജയ ലക്ഷ്മി പറഞ്ഞു.

എനിക്കു അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്.

കുട്ടിയേയും കൂട്ടി പൊയ്ക്കോളൂ….അവളെ തല്ലാനും കൊല്ലാനും നിൽക്കണ്ട

ചെറിയ രീതിയിലുള്ള ഒരു കൗൺസിലിംഗ് ഞങൾ അവൾക്ക് കൊടുത്തിട്ടുണ്ട്.

എങ്കിലും ഇങ്ങനെയുള്ള ഒരാളുടെ കൈയിൽ അകപ്പെട്ടിരുനെങ്കിൽ അവളുടെ അവസ്ഥ എന്തായിരിക്കുമെന്നും.

ഇത്തരത്തിൽ അനേകം കുട്ടികൾ ചൂഷണം ചെയ്യപെടുന്നുണ്ടന്നു അവൾക്ക് പറഞ്ഞു കൊടുക്കണം.

സമൂഹത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെക്കുറിച്ചു നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കണം. ഇത്തരത്തിലുള്ള ന്യൂസ് അവരെ കേൾപ്പിക്കുക …കുറച്ചു ഭയം നല്ലതാണു തെറ്റുകൾ ചെയ്യാതിരിയ്ക്കാൻ ….

ഒരോ ദിവസവും എത്ര കുട്ടികൾ ആണന്നോ ഇത്തരത്തിൽ പിടിക്കപ്പെടുന്നത്.

മാതാപിതാക്കളും സ്കൂളും പോലീസും പട്ടാളവുമൊക്കെ ഒന്നിച്ചുവപ്രവർത്തിച്ചാൽ മാത്രം പോരാ. കുട്ടികൾക്ക് സ്വയം ഒരു ബോധ്യം ഉണ്ടാകണം.

അതിനുള്ള ക്ലാസ്സുകളും കൗൺസിലിങ്ങും ഉണ്ടാവണം. മാതാപിതാക്കളും കുട്ടികളുമായിട്ടുള്ള തുറന്ന സംസാരം അനിവാര്യമാണ്.

നിറകണ്ണുകളോടും കൂപ്പിയ കൈകളുമായി വിജയ ലക്ഷ്മിയെ നോക്കി പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയ ദേവയാനി പറഞ്ഞു.

എന്റെ മകളെ ചതിക്കാൻ ശ്രമിച്ച അയാൾക്കെതിരെ പരാതി നൽകുവാൻ ഞാൻ തയ്യാറാണ് .അയാൾ എത്ര വലിയവനായാലും ഇനി ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു അവസ്‌ഥ വരരുത്

ഇപ്പോൾ അവൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ ? നമ്മുക്ക് നോക്കാം …ഒരു ചെറു പുഞ്ചിരിയോടെ തന്റെ തൊപ്പി തലയിൽ ഉറപ്പിച്ചുകൊണ്ട് വിജയലക്ഷ്മി പറഞ്ഞു.

മകളെ ചേർത്തു പിടിച്ച് പടികളിറങ്ങിപ്പോകുന്ന അവരെ
നോക്കി നിൽക്കുമ്പോൾ …

ഇത്രയും നേരം തന്റെ മുന്നിൽ ചുരുണ്ടു കൂടിയിരുന്ന ആ വീട്ടമ്മ ..മാനം മുട്ടേ വളർന്ന പോലേ അവർക്ക് തോന്നി.

എന്താ സാറെ അവര് പരാതി നല്കാമെന്ന് പറഞ്ഞിട്ടും അത് സ്വീകരിക്കാതിരുന്നത്…? എസ് ഐ ദീപ്തി ചോദിച്ചു. അവരുടെ ഭവ്യതയുടെ സ്വരത്തിൽ പുറമേ കാണിക്കാത്ത പരിഹാസം നിറഞ്ഞ്‌ നിന്നിരുന്നു.

ദീപ്തിക്കു അറിയുമോ …?ഞാൻ ഈ കാക്കി കുപ്പായം തേടിപ്പിടിച്ചു എടുത്തു അണിഞ്ഞതാണ്. എന്റെ വീടിന്റെ അലമാരയിൽ ഒരു പഴയ കാക്കികുപ്പായം ഉണ്ട്. എന്റെ അച്ഛന്റെ മണമുള്ള ഒരു കാക്കികുപ്പായം.

കൃത്യനിർവഹണത്തിനിടയിൽ കൊല്ലപ്പെട്ട ഒരു സത്യസന്ധനായ പോലീസുകാരന്റെ മകളാണാടോ ഞാൻ. നീതിക്കുവേണ്ടി ജീവൻ കൊടുത്ത ഒരു അച്ഛന്റെ മകൾ. ആ ചോര തന്നെയാണ് എന്റെ ശരീരത്തിലൂടെയും ഒഴുകുന്നത്. അച്ഛന്റെ ഓർമ്മ മാത്രം മതി ഏത് പ്രതിസന്ധിയിലും മുന്നോട്ട് നീങ്ങാൻ.

പരാതി ഞാൻ സ്വീകരിക്കാം. പിന്നെ അന്വേഷണം തുടങ്ങിയാൽ ഏതെങ്കിലും കാട്ടുമുക്കിലേക്കു എനിക്കു ഉടനെ തന്നെ ഇവിടുന്നു സ്ഥലം മാറ്റവും ഉണ്ടാകും.അതൊന്നും എനിക്ക് വിഷയമല്ല.

അവർ തസ്മാസിക്കുന്ന സ്ഥലം ഞാൻ കണ്ടിട്ടുണ്ട്. നിലം പൊത്താറായ ഒരു പഴയ വീട്ടിലാണ് അവർ
താമസിക്കുന്നത്.

ഞാൻ ഇവിടെ ഉള്ള കാലത്തോളം ഒരാളും അവരെ തൊടില്ല ….അല്ലെങ്കിൽ ഞാൻ ഇല്ലാതാവണം …ഞാൻ ഇവിടുന്നു പോയാലും അവിടെ അവരുടെ ജീവനും ആ പെൺകുട്ടിയുടെ മാനത്തിനും സുരക്ഷിതത്വം നല്കാൻ നിങ്ങൾക്ക് പറ്റുമോ ?

വിജയ ലക്ഷ്മിയെ അഭിമാനപൂർവം നോക്കി കൊണ്ട് ദീപ്തി ‌ പറഞ്ഞു. ഈ കാക്കി കുപ്പായം ഞാൻ ഇട്ടത് ശമ്പളം വാങ്ങാൻ മാത്രം അല്ല സാറെ ….നീതി അനോഷിച്ചു വരുന്നവർക്ക് കാവലാളാവാൻ വേണ്ടി തന്നെയാണ്.അതിനു വേണ്ടി ജീവൻ നഷ്ടപ്പെടുമോ എന്ന ഭയവും എനിക്കില്ല.സാറിനൊപ്പം ഞാൻ ഉണ്ടാവും…. ഏത് പ്രതിസന്ധിയിലും.

സാറെ ഞങ്ങളും ഉണ്ട് കൂടെ …ഈ കാക്കി ഉടുപ്പ് ഒരു കാവലാളിന്റെ അടയാളമാണെന്ന് ജനങ്ങളെ പ്രത്യേകിച്ച് ഇത്തരം ചൂഷണങ്ങളിലൂടെ കടന്നു പോകുന്ന പെൺകുട്ടികൾക്ക് ബോധ്യമാകണം .

വനിതാ കോൺസ്റ്റബിൾമാരായ പ്രജിഷയും ഗ്രീഷ്മയും ലീനയും അത് പറഞ്ഞ് ,പുറത്തേക്കിറങ്ങിയ വിജയ ലക്ഷ്മിയെ സല്യൂട് ചെയ്യുമ്പോൾ ….ഒരു മാറ്റത്തിന്റെ പുഞ്ചിരി അവർ പരസ്പരം കൈമാറുന്നുണ്ടായിരുന്നു…..