കാൾ കട്ട് ചെയ്തു നജീബ് ജനലിലൂടെ റോഡിലേക്ക് നോക്കി…അവിടെ തന്നെ പ്രതീക്ഷയോടെനോക്കി നിൽക്കുന്ന ഭാര്യയെ കണ്ടു..

കൂടെ നിന്നവൾ….(ഒരു പ്രവാസി കഥ ) രചന: അബ്ദുൾ റഹീം , പുത്തൻചിറ

“അതേയ് നിങ്ങൾക്ക് അവളോട് പറഞ്ഞൂടെ …അവന്റെ കൂടെ പോയി താമസിക്കാൻ…അവനെ കാണാൻ പോയി അവൾക്കും രോഗം പകരും…അവസാനം നമ്മുടെ മക്കൾക്കും പകരും”…ഖദീജ
ജമാലിനോട് പറഞ്ഞു…

“ഒന്നു പതുക്കെ പറ അവൾ കേൾക്കും”…ജമാൽ ഖദീജയെ ശാസിച്ചു ..

“കെട്ടാലെന്താ… അങ്ങനെയെങ്കിലും അവൾ പോയാൽ മതി…”

“നീ വിചാരിക്കണ പോലെ അങ്ങനെ പകരുന്ന രോഗമല്ല…അവള് അവന് ഭക്ഷണം കൊണ്ടുകൊടുക്കാൻ മാത്രമല്ലെ പോകുന്നത്..അതും പുറത്തു വെച്ചാണ് കൊടുക്കുന്നത്…അവനെ കാണുന്നു കൂടിയില്ല…പിന്നെ എങ്ങനെയാണ് അവൾക്ക് പകരുന്നത്”…ജമാൽ ചോദിച്ചു..

ഭക്ഷണം മാത്രമാണ് കൊടുക്കുന്നതെന്ന് നിങ്ങള് കാണുന്നുണ്ട…ചിലപ്പോൾ അവനോട് സംസാരിക്കാൻ വേണ്ടി അവൾ അങ്ങോട്ട് കേറി ചെന്നാലോ…അങ്ങനേം സംഭവിക്കാലോ…

“അതിനു അവൻ അത്ര പൊട്ടനല്ല ..എന്റെ അനിയനാണ്…ഈ കാര്യത്തിൽ എങ്ങനെ പെരുമാറണമെന്ന് അവന് നന്നായി അറിയാം”…ജമാൽ അതും പറഞ്ഞു പുറത്തേക്ക് പോകാൻ ഇറങ്ങി…

“ഓ…ഞാനും എന്റ മക്കളും എന്റെ വീട്ടിലേക്ക് പോകാണ്… നിങ്ങളായി നിങ്ങളുടെ പാടായി”… ഖദീജ ദേഷ്യത്തോടെ പറഞ്ഞു…

“അതുകെട്ടു ജമാൽ തിരിച്ചു വന്നു …നീ വേണേൽ പൊയ്ക്കോ ..മക്കളെ നോക്കാൻ ഇനിക്ക് അറിയാം…അഥവാ ഇനിക്കാണ് ഇങ്ങനെ ഇരിക്കേണ്ടി വന്നതെങ്കിൽ നീ എന്നെ തിരിഞ്ഞു നോക്കില്ലന്ന് ഇനിക്ക് മനസ്സിലായി…ഇതൊരു രോഗമാണ് ..അതു മാറും പക്ഷേ.. നിന്റെയൊക്കെ മനസ്സിലുള്ള രോഗമുണ്ടല്ലോ അതൊന്നും ഒരു കാലത്തും മാറില്ല..”.

“ഞാൻ പറയാനുള്ളത് പറഞ്ഞു..ഇനി നിങ്ങടെ ഇഷ്ട്ടം”..ദേഷ്യത്തോടെ അങ്ങനെ പറഞ്ഞുകൊണ്ട് ഖദീജ പുറത്തേക്ക് പോയി…

ഇതെല്ലാം കേട്ടു നജീബിന്റെ ഭാര്യ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു…

*******************

കോവിഡ് ഡ്യൂട്ടിക്ക് പോകാൻ റെഡിയാകുന്നതിന്റെ ഇടയിലാണ് വിനിലിന് ഒരു കാൾ വരുന്നത്…

ഹെലോ വിനിൽ സാർ അല്ലേ..

അതേ ..ആരാണ്…

“സാറേ എന്റ പേര് നജീബ് എന്നാണ്… ഗൾഫിൽ നിന്നും വന്നതാണ് .. ഞാൻ എന്റ വീട്ടിൽ കോറന്റൈനിലാണ് ..ഒരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാ ..

“എന്താണ് പറഞ്ഞോളൂ ..”

അത് സർ…എന്റ വീട് രണ്ടു നിലയുണ്ട്… മുകളിലത്തെ നിലയിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്…എന്റ ഭാര്യയെ ഇനിക്ക് താഴെ താമസിപ്പിക്കാൻ പറ്റോ…

എന്താണ് നജീബ് പ്രശ്നം …

“അതു സർ….എന്റെ ഭാര്യയാണ് ഇനിക്ക് ഭക്ഷണം കൊണ്ടുതരുന്നത്..അവൾ ഭക്ഷണം താഴെ വെച്ചാണ് പോകുന്നത്…റോഡിൽ നിന്നും മാത്രമാണ് അവളെ കാണുന്നത് തന്നെ….ഒരുപാട് ബന്ധുക്കൾ ചുറ്റിനും താമസിക്കുന്നുണ്ട്.. അവർക്ക് ഇപ്പോൾ ഒരു പേടി…ഭാര്യ ഭക്ഷണം കൊണ്ടു തരുമ്പോൾ അവൾക്കും രോഗം പകർന്നു ബാക്കിയുള്ളവർക്കും ബാധിക്കുമോന്ന് …. അവളെ ഇപ്പോൾ ആരും അടുപ്പിക്കുന്നില്ല…ഒരു വീട്ടിൽ താമസിച്ചിട്ടും അവൾ അവിടെ ഇപ്പോൾ ഒറ്റപ്പെട്ട പോലെയാ “….അതും പറഞ്ഞു നജീബ് പൊട്ടിക്കരഞ്ഞു….

“താൻ വിഷമിക്കാതെ …ഞാൻ പോയി അവരോട് സംസാരിക്കാം..”..

വേണ്ട സാറേ..അവർക്ക് മനസ്സിലാകില്ല….

“ഉം..ശരിയാ…ചിലരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല…അതിലും നല്ലത് താൻ തന്റെ ഭാര്യയെ അവിടെ താമസിപ്പിക്കുന്നതാണ് …താൻ ശ്രദ്ധിച്ചാൽ മതി…തനിക്ക് കോവിഡ് പോസറ്റിവ്‌ ആണോ..”

“അല്ല സാറേ …എന്നാലും ഗൾഫിൽ നിന്നും വന്നത്കൊണ്ട് കൊറന്റൈൻ ഇരിക്കുന്നതാ”…

“ശരി നജീബ്…ഞാൻ അങ്ങോട്ടു വരാം…നമുക്ക് വേണ്ടത് പോലെ ചെയ്യാം…”

കാൾ കട്ട് ചെയ്തു നജീബ് ജനലിലൂടെ റോഡിലേക്ക് നോക്കി…അവിടെ തന്നെ പ്രതീക്ഷയോടെനോക്കി നിൽക്കുന്ന ഭാര്യയെ കണ്ടു…..അവരുടെ ഇരു കണ്ണുകളും നിറഞ്ഞിരുന്നു….
നിറഞ്ഞ കണ്ണുകൾ തന്റെ പ്രിയതമനെ കാണിക്കാതെ അവൾ ചിരിക്കാൻ ശ്രമിച്ചു…. ആ ചിരിയിലും അവളുടെ ഉള്ള് നീറുന്നുണ്ടന്ന് അവന് അറിയാമായിരുന്നു …