ഹോസ്പിറ്റൽ വരെ എങ്ങനെ എത്തി എന്നറിയില്ല…. അനുവിനെ ഇമർജൻസി വാർഡിൽ കയറ്റി ചെയറിൽ തളർന്നിരിക്കുമ്പോഴും കരങ്ങൾ വിറക്കുന്നുണ്ടായിരുന്നു….
കുറച്ച് കഴിഞ്ഞും ഡോർ തുറക്കുകയോ… അവർ ഒന്നും പറയുകയോ ചെയ്യ്തില്ല…. ആരോട് ചോദിക്കും എന്നോർത്ത് വിഷമിച്ച് നിന്നപ്പോഴാണ് സ്കൂൾ ഫ്രണ്ടായ റോബിനെ ഓർമ്മ വന്നത്… അവൻ MD കഴിഞ്ഞ് ഇവിടെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് സ്കൂൾ ഗ്രൂപ്പിൽ പറഞ്ഞത് ഓർക്കുന്നുണ്ട്… വേഗം ഗ്രൂപ്പിൽ നിന്ന് നമ്പർ കണ്ടുപിടിച്ച് വിളിച്ചു…
“എടാ ഒരു ഹെൽപ്പ് വേണം” അവൻ കോൾ എടുത്തതും ഹലോ പോലും പറയാതെ പറഞ്ഞു…വൈഫിനെ ഇവിടെ എമർജൻസിയിൽ കയറ്റിയിട്ടുണ്ട്… നീ ഒന്ന് നോക്കാമോ… അവർ അപ്ഡേറ്റ് ഒന്നും തന്നിട്ടില്ല…
“നീ ടെൻഷൻ ആവാതെ, ഞാൻ വരാം” അവനെ നോക്കി നിന്നപ്പോൾ സമയം നീങ്ങാത്തത് പോലെ… ആപ്പോൾ അമല സിസ്റ്ററും അമ്മയും വരുന്നത് കണ്ടു…
“എന്താ കിച്ചു ഡോക്ടർ പറഞ്ഞത്…” അമ്മയുടെ ഇടറിയ ശബ്ദം കേട്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ചെറിയ നീരസം അലിഞ്ഞ് പോയിരുന്നു…
അറിയില്ല അമ്മേ… ഡോക്ടർ ഒന്നും പറഞ്ഞില്ല…
അമല സിസ്റ്റർ വിഷമിച്ച് ഒന്നും ചോദിക്കാതെ മാറി ഇരിക്കുന്നുണ്ടായിരുന്നു…
എമർജൻസി വാർഡ് തുറക്കുന്നത് കണ്ട് നോക്കിയപ്പോൾ റോബിനായിരുന്നു…
“എടാ പേടിക്കാൻ ഒന്നും ഇല്ല… ബിപി കുറഞ്ഞ് പോയതാ… ആള് കോൺഷ്യസ് ആയിട്ടില്ല…അതാ ഡോക്ടർ ഒന്നും പറയാതെ ഇരുന്നത്”
കേട്ടപ്പോൾ കുറച്ച് സമാധാനം തോന്നി…”നിങ്ങൾ ഇവിടെ നിൽക്കൂ, നീ എന്റെ ക്യബിനിൽ ഒന്ന് വരണം” അവൻ അമ്മയോട് പറഞ്ഞിട്ട് നടന്നു…
അവന്റെ ഒപ്പം നടക്കുമ്പോൾ എന്തിനായിരിക്കും അവൻ വിളിച്ചത് എന്ന ചിന്തയായിരുന്നു…
“ഇരിക്ക്… നിന്നോട് ഒരു കാര്യം ചോദിക്കാനാണ് വിളിച്ചത്.. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഞാൻ ഒന്നും മിണ്ടിയില്ല….
“വൈഫ് അപ്സെറ്റ് ആണെന്ന് തോന്നുന്നു… മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന കാര്യങ്ങൾ നടന്നാൽ ചിലർക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്… ഇപ്പോൾ ആള് നോർമൽ ആയിട്ടുണ്ട്… പക്ഷെ ആരെയും കാണാൻ താൽപര്യമില്ലാന്നാണ് പറയുന്നത്… അതുകൊണ്ടാണ് ഞാൻ അവരുടെ അടുത്ത് നിന്ന് പറയാതെ ഇരുന്നത്… നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ സംസാരിച്ച് തീർക്കു”…
“ഞാൻ കയറി കാണട്ടെ”…
“കണ്ടോളാനാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്…” ഞാൻ അവന് താങ്ക്സ് പറഞ്ഞ് ഇറങ്ങുമ്പോൾ ഓർത്തു…. കാണാൻ കയറിയാൽ അനു കൂടുതൽ വിഷമിക്കുകയെ ഉള്ളൂ…. അമല സിസ്റ്ററിനോട് കയറി കാണാൻ പറയാം…
രണ്ട് പേരും നല്ല ടെൻഷനോടെ തന്നെ എമർജൻസി റൂമിന്റെ ഡോറിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു…
“അമല സിസ്റ്റർ കണ്ടോളൂ… ഞങ്ങളെ കണ്ടാൽ അനു പിന്നെയും വിഷമിക്കും”
അമല സിസ്റ്റർ പെട്ടെന്ന് കയറാൻ തുടങ്ങിയപ്പോൾ അമ്മ കൈയ്യിൽ പിടിച്ചു…” ഞാൻ ഒന്ന് കണ്ടോട്ടെ”…അതൊരു അപേക്ഷ ആയിരുന്നു…
“വേണ്ട, അമ്മ”… അനു എങ്ങനെ പ്രതികരിക്കും എന്നറിയില്ല… അതുകൊണ്ട് ഞാൻ തടഞ്ഞു…
“ഒരു തവണ മാത്രം മതി… അനു മോൾ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാൻ ബാദ്ധ്യസ്ഥ ആണ്…” അമ്മ എല്ലാം അംഗീകരിച്ചു എന്ന് അത് കേട്ടപ്പോൾ എനിക്ക് ഉറപ്പായിരുന്നു…പക്ഷെ അനു…
അമല സിസ്റ്റർ അമ്മ കയറി പോകുന്നത് ഭയത്തോടെ നോക്കി നിൽക്കുന്നത് കണ്ടു…
“കിരൺ… ലക്ഷ്മി എല്ലാം അറിഞ്ഞോ, അനില…. അവൾ എന്തെങ്കിലും പറഞ്ഞാൽ ലക്ഷ്മിക്ക് എന്തെങ്കിലും…”
അറിയില്ല…ഞാൻ ചെയറിൽ ഇരുന്നു…
അമല സിസ്റ്റർ കൊന്ത എടുത്ത് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണടച്ച് ഇരുന്നു….
💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦
കണ്ണ് തുറന്ന് കിടന്നപ്പോൾ ഞാനെങ്ങനെ ഇവിടെ എത്തി എന്ന് ആലോചിച്ചു നോക്കി… തലവേദനക്ക് മരുന്ന് കഴിച്ച് കിടന്നത് മാത്രം ഓർമ്മ ഉണ്ട്…. ശരീരം തളരുന്നത് പോലെ ക്ഷീണം തോന്നിയിരുന്നു… അമലാമ്മ ആയിരിക്കുമോ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്…
മനസ്സിൽ കിരൺ സാറിന്റെ മുഖം തെളിഞ്ഞു…. അമലാമ്മ വിളിച്ച് പറഞ്ഞു കാണുമോ… ഞാൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഒത്തിരി വിഷമിച്ചു കാണും… പെട്ടെന്ന് ആ മുഖം കാണാൻ തോന്നി…ബന്ധങ്ങളിൽ നീ കുടുങ്ങിയിരിക്കുന്നു അനില… ഇനി നിനക്ക് മോചനമില്ല…. മനസ്സിൽ പിന്നെയും സങ്കടം കുന്ന് കൂടി… അത് മറക്കാൻ കണ്ണടച്ച് ഇരുട്ടാക്കി….
നെറ്റിയിൽ ആരോ തലോടുന്നത് അറിഞ്ഞാണ് കണ്ണ് തുറന്നത്… കിരൺ സാറിന്റെ മുഖം കാണാൻ കൊതിച്ച് നോക്കിയപ്പോൾ ലക്ഷ്മി ആന്റി… അല്ല… അമ്മ… കണ്ണുകൾ കോർത്തപ്പോൾ ഞാൻ മുഖം തിരിച്ചു… മിഴികൾ നിറഞ്ഞ് ഒഴുകുന്നത് അറിയുന്നുണ്ടായിരുന്നു… അവരുടെ തലോടൽ എന്റെ മനസ്സിന്റെ പകുതി ഭാരം കുറച്ചതുപോലെ തോന്നി… ഇതെന്ത് അത്ഭുതമാണ്, അമ്മയുടെ തലോടൽ എല്ലാ വേദനകളും മായ്ക്കും എന്നാണ് കേട്ടിട്ടുള്ളത്… അത് ശരിയാണെന്ന് തോന്നി…
“അനുമോളെ… മാപ്പ് ചോദിക്കാൻ പോലും അമ്മക്ക് അർഹതയില്ലാന്ന് അറിയാം… മോൾക്ക് അമ്മയുടെ വാത്സല്യം നിക്ഷേധിച്ചതിന്….കുട്ടിക്കാലം നഷ്ടപ്പെടുത്തിയതിന്… ആരും ഇല്ലാത്തതു പോലെ വളരാൻ വിട്ട് കൊടുത്തതിന് എല്ലാം കാരണം അമ്മ മാത്രമാണ്… ഭ്രാന്ത്… അത് എന്റെ കുഞ്ഞിനെ തിരിച്ചറിയാൻ സമ്മതിച്ചില്ല….” എന്റെ കരങ്ങളിൽ പിടിച്ച് കരഞ്ഞു കൊണ്ട് പറയുന്നത് കേട്ടെങ്കിലും ഞാൻ മുഖം തിരിച്ച് നോക്കിയില്ല…പക്ഷെ എന്റെ ഹൃദയം നിന്ന് പോയിരുന്നു… അവരുടെ വാക്കുകൾ അതിൽ കുത്തി കയറുന്നുണ്ടായിരുന്നു… അമ്മ എന്ന പദത്തിന് എന്റെ മനസ്സിൽ കൊടുത്തിരുന്ന സ്ഥാനത്ത് അവർ ഇടം പിടിച്ചിട്ട് മണിക്കൂറുകളെ ആയിട്ടുള്ളൂ… പക്ഷെ ആ മാറിലെ ചൂടിൽ പറ്റി ചേർന്ന് കിടക്കാൻ കൊതിക്കുന്ന കുഞ്ഞ് ആയി കഴിഞ്ഞിരുന്നു ഞാൻ… അമ്മ എത്ര വേദനിപ്പിച്ചാലും വീണ്ടും അമ്മേ എന്ന് വിളിച്ച് കരയുന്ന… അമ്മയോട് കലർപ്പില്ലാത്ത സ്നേഹം മാത്രമുള്ള കുഞ്ഞ്….
“മോള്… എന്നോട് പൊറുക്കില്ലാന്ന് അറിയാം… അമ്മയോട് ദേഷ്യം ആണെന്നും… പക്ഷെ ആ ദേഷ്യം കാരണം നിങ്ങളുടെ ജീവിതം രണ്ടായി മുറിക്കരുത്… അമ്മ മോൾടെ കാല് പിടിക്കാം… അമ്മ അറിഞ്ഞോ അറിയാതെയോ ചെയ്യ്ത തെറ്റ്… അത് മോൾക്ക് ഉണ്ടാക്കിയ വിഷമങ്ങൾ എല്ലാം ആലോചിച്ചപ്പോൾ…. അമ്മ ഉള്ളതു കൊണ്ടാണ് മോള് വീട്ടിലോട്ട് വരാത്തത് എന്ന് തോന്നി…
മനസ്സിന്റെ താളം തിരിച്ച് പിടിച്ചപ്പോൾ മുതൽ ഈ അമ്മ അഭിനയിക്കുകയായിരുന്നു… എന്റെ കുഞ്ഞ് അമലയുടെ അടുത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടും ഒന്ന് വന്ന് കാണാൻ കൊതിച്ച മനസ്സിനെ പലതും ആലോചിച്ച് തടഞ്ഞത് അമ്മ തന്നെയായിരുന്നു…. കിച്ചുവിന് ഒന്നും അറിയില്ലാന്ന് ഓർത്ത് അവന്റെ മുമ്പിലും അമ്മ അഭിനയിച്ചു…. മോളെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്നിട്ടും അമ്മ ചേർത്ത് പിടിച്ചില്ല….എന്റെ മനസ്സ് അത്ര കല്ലാക്കി കളഞ്ഞത് ഞാൻ തന്നെയാണ്…ഇത്ര നാൾ തോന്നാത്ത സ്നേഹം പെട്ടെന്ന് ഉണ്ടായി എന്ന് ഞാൻ പറഞ്ഞാൽ അനുമോൾ അത് വിശ്വസിക്കുകയും ഇല്ല…. അതുകൊണ്ട് അമ്മ ഒരു തീരുമാനം എടുത്തു….
അമ്മ കാരണം ഇനി എന്റെ കുട്ടി വിഷമിക്കാൻ പാടില്ല… അമ്മ തറവാട്ടിലോട്ട് മാറാൻ തീരുമാനിച്ചു… പണ്ട് ഏട്ടന്റെ കൂടെ താളം തെറ്റിയ മനസ്സും ആയി ഇറങ്ങിയതാണ് അവിടുന്ന്…. പിന്നീട് ഒരിക്കലും തിരിച്ച് പോയിട്ടില്ല…. ഒരു തരം വാശി ആയിരുന്നു എല്ലാവരോടും… ചേർത്ത് പിടിക്കേണ്ട സമയത്ത് അകത്തി മാറ്റിയതിന്…. ആ തെറ്റ് ഞാൻ എന്റെ കുഞ്ഞിനോടും ആവർത്തിച്ചു…
എന്റെ അമ്മ എന്നെ മനസ്സിലാക്കാത്തത് പോലെ ഞാനും എന്റെ മോളെ മനസ്സിലാക്കിയില്ല….എല്ലാത്തിനും മാപ്പ്…. മോള് എന്നോട് ക്ഷമിച്ചില്ലെങ്കിലും സന്തോഷമേ ഉള്ളൂ.. അങ്ങനെ എങ്കിലും ഞാൻ ചെയ്യ്ത പാപം കുറയട്ടെ”
അമ്മ പറയുമ്പോൾ എന്റെ മനസ്സ് ഉരുകി ഒലിക്കുന്നുണ്ടായിരുന്നു…. അമ്മ എന്നെ അംഗീകരിച്ചിരിക്കുന്നു… ഇത്രകാലം എന്ത് തേടിയാണോ അലഞ്ഞത് അത് സ്വന്തമായിരിക്കുന്നു…. കരഞ്ഞ് കണ്ണീർ വറ്റിയിരുന്നു… അമ്മയെ ഒന്ന് തിരിഞ്ഞ് നോക്കാൻ കൊതിച്ചെങ്കിലും എന്തോ പറ്റുന്നുണ്ടായില്ല…. അമ്മയെ എന്നെങ്കിലും നേരിൽ കണ്ടാൽ എന്തായിരിക്കും എങ്ങനെ പ്രതികരിക്കും എന്നൊക്കെ ആലോചിച്ച് തീരുമാനിച്ചിരുന്നു…. മനസ്സിൽ വിഷമം കുന്ന് കൂടുന്ന ദിവസങ്ങളിൽ അമ്മയോട് ദേഷ്യം തോന്നി തുടങ്ങുമ്പോൾ ഓർത്തിട്ടുണ്ട് എന്നെ പ്രസവിച്ച സ്ത്രീയെ കാണുമ്പോൾ… നിങ്ങൾ എന്തിനാണ് എന്നെ പ്രസവിച്ചതെന്ന് … വേണ്ടെങ്കിൽ കൊന്ന് കളഞ്ഞു കൂടായിരുന്നോ എന്ന്… എന്നെ തനിച്ചാക്കി പോയത് എന്തിനാണ് എന്നൊക്കെ ചോദിക്കണം… അവരുടെ ഉത്തരങ്ങൾ കേൾക്കണം… അതിന്റെ നൂറ് ഇരട്ടി ഞാൻ അനുഭവിച്ചു എന്ന് വിളിച്ച് പറയണം…. പക്ഷെ ഇന്ന് എന്നിൽ ചോദ്യങ്ങൾ ഒന്നും ഇല്ല… അമ്മ മാത്രം….
“മോള് കിച്ചുവിന്റെ കൂടെ വീട്ടിലോട്ട് പോകണം, അപേക്ഷയായി എടുത്താൽ മതി…” പറഞ്ഞ് കൊണ്ട് എഴുന്നേറ്റ് പോകാൻ തുടങ്ങിയ അമ്മയുടെ കരങ്ങളിൽ ചാടി പിടിക്കുമ്പോൾ അമ്മ ഇനിയും ഉപേക്ഷിച്ച് പോകുമോ എന്ന പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ….
അമ്മ എങ്ങും പോകണ്ടാ… എനിക്ക് ഇനി എങ്കിലും അമ്മയെ വേണം…. കരഞ്ഞ് കൊണ്ട് പറയുമ്പോൾ വാക്കുകൾ നഷ്ടപ്പെട്ടിരുന്നു….അമ്മ എന്റെ മുഖം ഉമ്മകൾ കൊണ്ട് മൂടുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടി ആയി കഴിഞ്ഞിരുന്നു….
” ഇവിടെ എന്താ… ഇങ്ങനെ കരയാൻ സംഭവിച്ചതെന്ന്” നേഴ്സ് ചോദിച്ചപ്പോഴാണ് ഞങ്ങൾ രണ്ടു പേരും കരയുകയാണെന്ന് അറിഞ്ഞത്….
“ബിപി നോർമൽ ആയിട്ടുണ്ട്… ഡോക്ടർ വന്നാൽ നിങ്ങൾക്ക് പോകാം…” അവരെന്നെ നോക്കി പറഞ്ഞു…
പെട്ടെന്ന് എനിക്ക് അമലാമ്മയെ കാണാൻ തോന്നി…അമലാമ്മ പുറത്ത് ഉണ്ടോ…. ഉണ്ടെങ്കിൽ ഒന്ന് വിളിക്കാമോ… ഞാൻ അമ്മയോട് ചോദിച്ചു….
“എമർജൻസി വാർഡ് ആയതു കൊണ്ട് എല്ലാവർക്കും കയറാൻ പറ്റില്ല… മാഡം പുറത്ത് പോയി കുട്ടി അന്വേഷിക്കുന്ന ആളോട് വരാൻ പറയൂ…” നേഴ്സ് പറഞ്ഞു….
ലക്ഷ്മി അമ്മ കണ്ണുകൾ തുടച്ച് എന്നെ നോക്കി പുഞ്ചിരിച്ചു…” അമ്മ പുറത്ത് നിൽക്കാം”
എന്റെ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു…. ചുറ്റും നിന്ന് പരിഹസിച്ചവരോട് എല്ലാം വിളിച്ച് പറയാൻ തോന്നി എന്റെ അമ്മയെ എനിക്ക് തിരിച്ച് കിട്ടി എന്ന്…. ഞാൻ അനാഥ അല്ലാന്ന്… ഇന്ന് ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി ഞാനാണെന്ന്….
സ്വപ്ന ലോകത്ത് എത്തിയ പോലെ തോന്നി….അമലാമ്മ അടുത്ത് വന്നപ്പോഴാണ് കണ്ടത്…
അമലാമ്മേ… എന്റെ അമ്മ…. ഞാൻ കരഞ്ഞ് കൊണ്ട് അമലാമ്മയെ ചുറ്റി പിടിച്ചു….
“എന്റെ കുട്ടിയുടെ സങ്കടങ്ങൾ എല്ലാം തീരുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു… ഇരുപത്തിയഞ്ച് വർഷം ഈ അമ്മ പ്രാർത്ഥിച്ചത് അതിന് വേണ്ടിയാണ്… ലക്ഷ്മി സ്വയം എല്ലാം അംഗീകരിക്കാൻ വേണ്ടി…. എന്റെ കുട്ടിയെ ചേർത്ത് പിടിക്കാൻ വേണ്ടി…” അമലാമ്മ എന്റെ പുറത്ത് തലോടി കൊണ്ട് സ്വരം ഇടറി പറഞ്ഞു… എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല…
ഡോക്ടർ ചെക്ക് ചെയ്യാൻ വന്നു.. അമലാമ്മയോട് പുറത്ത് വെയ്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ… ഞാൻ മടിച്ച് മടിച്ച് അമലാമ്മയോട് ചോദിച്ചു…
അമലാമ്മേ… ആരാ എന്നെ ഇവിടെ കൊണ്ട് വന്നത്…കിരൺ സാർ ആണോ…
അതെ… എല്ലാവരെയും പേടിപ്പിച്ച് കളഞ്ഞില്ലേ നീയ്… കിരൺ ഒത്തിരി വിഷമിച്ചു…
ആളെ ഒന്ന് കാണാൻ ഹൃദയം തുടിച്ചു…
ഡിസ്ചാർജ് ആയപ്പോൾ രണ്ട് അമ്മമാരും കൂടി കയറി വന്ന് എന്റെ കരങ്ങളിൽ പിടിച്ചു കൊണ്ടാണ് പുറത്ത് ഇറക്കിയത്… ആ സന്തോഷം ആസ്വദിക്കുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ തേടിയത് കിരൺ സാറിനെ ആയിരുന്നു… ഇത്ര നേരം ആയിട്ടും ആള് എന്നെ കാണാൻ വരാതെ ഇരുന്നത് നിരാശ പടർത്തി കൊണ്ടിരുന്നു…
“കിച്ചു ബിൽ അടച്ചിട്ട് പാർക്കിങ്ങിൽ നിന്ന് വണ്ടി എടുത്ത് കൊണ്ട് വരാമെന്ന് പറഞ്ഞു…” എന്റെ മനസ്സ് അറിഞ്ഞ പോലെ അമ്മ പറഞ്ഞു…
ഹോസ്പിറ്റലിന്റെ മുമ്പിൽ കിരൺ സാർ വരാൻ നോക്കി നിൽക്കുമ്പോൾ എന്റെ ഉള്ള് തുടിക്കുന്നുണ്ടായിരുന്നു…
കാർ വന്ന് നിർത്തിയപ്പോൾ ഞാൻ ആർത്തിയോടെ ആ മുഖത്തോട്ട് നോക്കി… എന്നെ ശ്രദ്ധിക്കുന്നതെ ഇല്ല… അമലാമ്മയുടെ കൂടെ ബാക്ക് സീറ്റിൽ കയറുമ്പോൾ എല്ലാ സന്തോഷും പോയി മറഞ്ഞിരുന്നു…
വണ്ടി നീങ്ങി തുടങ്ങിയപ്പോൾ ലക്ഷ്മി അമ്മയോട് ഡോക്ടർ പ്രത്യകിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന് മാത്രം ചോദിക്കുന്നത് കേട്ടു…
ഒരു കുഞ്ഞ് അവഗണന എന്നെ ഇത്ര നിരാശയിൽ ആഴ്ത്തിയെങ്കിൽ ഞാൻ അവഗണിച്ചപ്പോൾ… വാക്കുകൾ കൊണ്ട് വേദനിപ്പിച്ചപ്പോൾ സാർ എത്ര വിഷമിച്ചു കാണും…
ഞാൻ വീണ്ടും വീണ്ടും മിററിൽ കൂടി നോക്കി കൊണ്ടെ ഇരുന്നു… ഒരു ചെറിയ നോട്ടം എങ്കിലും എന്നിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ…ഇതായിരിക്കുമോ പ്രണയം… എങ്കിൽ ഞാൻ പ്രണയത്തിലാണ്… മനസ്സിൽ കുഴിച്ച് മൂടാൻ ആഗ്രഹിച്ചതെല്ലാം എന്നിലേക്ക് ചേർത്ത് വെച്ച പ്രണയം… അത് ഭ്രാന്തമായി എന്നിൽ പടർന്ന് പന്തലിച്ച് തുടങ്ങിയിരിക്കുന്നു…
തുടരും…