തീരം തേടി – രചന: സിയ യൂസഫ്
“” അച്ഛാ…. ഈ പരസ്യത്തില് കാണിക്കണ എണ്ണ തേച്ചാല് മുടി നന്നായിട്ടൊക്കെ വളരുവോ….?? “”
കൊച്ചു ടിവി കണ്ടോണ്ടിരുന്ന നേഹമോള് ,,, റിമോട്ടും കയ്യിൽ പിടിച്ച് ഞങ്ങൾക്കിടയിലേക്ക് ഓടി വന്നു…..
“” അച്ഛന്റെ കുഞ്ഞിക്കെന്തിനാ പരസ്യത്തിലെ എണ്ണയൊക്കെ……അല്ലാതെ തന്നെ നല്ല നീണ്ട മുടിയുണ്ടല്ലോ എന്റെ കുഞ്ഞിക്ക് ….. “”സേതുവേട്ടൻ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് പറഞ്ഞു…..
“” അയ്യേ എനിക്കല്ല ആ എണ്ണ….. അമ്മയ്ക്കാ……കണ്ടില്ലേ…,,, അമ്മേടെ മുടി മുഴോനും പോയി…. കുറച്ചൂടെ കഴിഞ്ഞാ അമ്മ മൊട്ടച്ചിയാവും…… അപ്പോ അമ്മേ കാണാൻ ഒരു രസോം കാണില്ല…..അമ്മ ,,, ആ ഫോട്ടോലെ പോലെയാ ഭംഗി….നെറയേ മുടിയൊക്കെ ആയിട്ട്…… “”
അവളുടെ മുഖത്തു വിരിയുന്ന നിഷ്കളങ്ക ഭാവങ്ങൾ ശ്രദ്ധിച്ചിരിക്കെ ,,,, സേതുവേട്ടന്റെ നോട്ടം എന്നിലേക്കു നീളുന്നത് ഞാനറിഞ്ഞു…..
എന്റെ ചുണ്ടിലും ഒരു വരണ്ട പുഞ്ചിരി മൊട്ടിട്ടു…!
“” മ്മ്…. നമുക്ക് വാങ്ങിക്കൊടുക്കാട്ടോ അമ്മയ്ക്ക്….. കുഞ്ഞി ചെല്ല്….. “”
സേതുവേട്ടൻ അവളുടെ പുറത്ത് പതുക്കെ തട്ടിക്കൊണ്ടു പറഞ്ഞപ്പോൾ…,,, അവൾ നിറഞ്ഞ സന്തോഷത്തോടെ അകത്തേക്ക് ഓടിപ്പോയി……
എനിക്കെന്തോ അന്നേരം എന്റെ മുത്തശ്ശിയെ ഓർമ്മ വന്നു…..
“” അവടെ നിക്ക് കുട്ട്യേ…. ഇതൂടെ ഒന്നു തേക്കട്ടെ…. “”
കൈകുമ്പിളിൽ നിറച്ചെണ്ണയുമായി പിറകെ ഓടി വരുന്ന മുത്തശ്ശിയെ തോൽപിക്കാൻ…,,,, പതിനെട്ടു കഴിഞ്ഞ ഞാൻ എട്ടു വയസ്സുകാരിയെ പോലെ വീടിനു ചുറ്റും പ്രദക്ഷിണം വച്ചു…..
“” അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ അവടെ നിക്കെന്റെ നന്ദൂ…..ഇപ്പഴും കൊച്ചു കുഞ്ഞാണെന്നാ വിചാരം….””
ശാസനയോടെ മുന്നിൽ അമ്മ തടസ്സം പിടിക്കുമ്പോൾ,,, ഞാൻ ഓട്ടം നിര്‍ത്തി നിന്നു കിതയ്ക്കും…..അപ്പോഴേക്കും മുത്തശ്ശിയുടെ കയ്യിലിരുന്ന കാച്ചെണ്ണ എന്റെ തലയിൽ വീണിരിക്കും…..!
“” എനിക്കിങ്ങനെ നിറയെ എണ്ണ തേക്കണത് ഇഷ്ടല്ല….. മുടിയിങ്ങനെ കാറ്റത്ത് പാറിപ്പറക്കണതാ സുഖം…..കോളേജിലെ എല്ലാ പെങ്കുട്ട്യോളുടേം മുടി അങ്ങനാ കിടക്കാ…..”” ഞാൻ പറഞ്ഞു..
“” അതൊക്കെ ഓരോരോ പരിഷ്കാരങ്ങളല്ലേ കുട്ട്യേ…..മുട്ടറ്റം വരെ കെടക്കണ മുട്യാ പെണ്ണിന്റെ ഐശ്വര്യം…..ആണിന്റെ മനസ്സിളക്കാനുള്ള പെണ്ണിന്റെ ആയുധാ അവളടെ മുടി….. “”
എണ്ണ ,,,മുടിയിൽ തേച്ചു പിടിപ്പിക്കുന്നതിനിടെ മുത്തശ്ശി പറഞ്ഞതു കേട്ട് ഞാൻ ചിരിച്ചു…..
“” ഇതൊക്കെ വല്യേ പാടാ മുത്തശ്ശീ….എനിക്കിഷ്ടം ബോയ്കട്ടാ….. അതാവുമ്പോ ചീകേം വേണ്ട കെട്ടുകേം വേണ്ട…..
ആഹാ…. എന്തൊരു സിമ്പിൾ….! “”
എന്റെ മറുപടി കേട്ട് മുത്തശ്ശി പതിയെ എനിക്കൊരു നുള്ള് വച്ചു തരും…..
“” നിന്റെ അമ്മയ്ക്ക് എത്ര മുടിണ്ടാർന്നതാ… പ്രസവം കഴിഞ്ഞപ്പോ ഒക്കെ പോയി…. “”
“” പ്രസവിച്ചു കഴിഞ്ഞാ മുടി പോവോ മുത്തശ്ശീ…..? “”” എന്റെ സംശയം..
“” മ്മ്…. അധികം പേരുടെ മുടിയും അങ്ങനെയാ പോകാറ്…… “””
“” എന്നാപ്പിന്നെ എന്തിനാ ഇത്ര ബുദ്ധിമുട്ടണേ….. ഇതും പ്രസവം കഴിഞ്ഞാ പോവാനുള്ളതല്ലേ….. “”
ഞാൻ പറഞ്ഞതു കേട്ട് ,,,മുത്തശ്ശി ഉറക്കെ ചിരിക്കും….. ആ ചിരിയിൽ എന്നോടുള്ള വാത്സല്യം അങ്ങനെ മുഴച്ചു നിൽക്കും….!!
എന്റെ കൈ ഞാനറിയാതെ തന്നെ ,,, ശൂന്യമായി തുടങ്ങിയ എന്റെ തലയിലേക്ക് നീണ്ടു….
“” എന്താ വലിയൊരു ആലോചന…..?? ഇവടൊന്നും അല്ലാന്ന് തോന്നണു…… “”
സേതുവേട്ടന്റെ ചോദ്യം എന്നെ മുത്തശ്ശിയുടെ ഓർമ്മകളിൽ നിന്നുണർത്തി……
“” മ്മ്…. മുത്തശ്ശിയെ കുറിച്ച് ഓർത്തുപോയി… മുത്തശ്ശി വെള്ളവും വളവും നൽകി വളർത്തിയ മുടിയാ ,,,, വെറുമൊരു കീമോ പിഴുതെറിഞ്ഞത്….. “” ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..
എന്റെ മനസ്സ് പിടഞ്ഞെന്നു തോന്നിയിട്ടാവണം…,,, സേതുവേട്ടന്റെ കൈകൾ എന്റെ കൈകളെ കവർന്നെടുത്തത്…..
“” വെറുമൊരു കീമോയോ…..?? ആരു പറഞ്ഞു ഇതു വെറുതെയാണെന്ന്…??
കൈവിട്ടു പോകുമെന്നു തോന്നിയ ജീവിതം തിരിച്ചു പിടിക്കാനുള്ള തന്ത്രമല്ലേ നന്ദൂ ഈ കീമോ……
നമുക്കതിനു കഴിയും…..നമ്മള് ജീവിക്കും… നമ്മുടെ മക്കളോടും അവരുടെ സ്വപ്നങ്ങളോടും ഒപ്പം……ഒരുപാട് കാലം…..! “”
സേതുവേട്ടന്റെ കൈകൾ ആത്മവിശ്വാസത്തോടെ എന്റെ കൈകളോട് ചേർത്തു വച്ചപ്പോൾ….,,,, മരുഭൂമിയെ കുളിരണിയിക്കാനായി പെയ്തിറങ്ങിയ മഴപോലെ എന്റെ മനസ്സിലും നേരിയ പ്രതീക്ഷ മുളപൊട്ടി…..!
“”ഞാനിന്നലെ ഒരു സ്വപ്നം കണ്ടു സേതുവേട്ടാ…… “”
“” എന്തു സ്വപ്നം…….? “”
“” നമ്മടെ കനിമോളുടെ കല്യാണം……! “”
“” ആഹാ അതു കൊള്ളാലോ…. വേഗം പറ കേൾക്കട്ടെ എന്റെ കല്യാണ വിശേഷങ്ങള്….. “”
യൂ ട്യൂബിൽ നോക്കി പരീക്ഷണ വിധേയമാക്കിയ പുതിയൊരു സ്നാക്കുമായി കനി ഉമ്മറത്തേക്കു വന്നു….
“” നോക്ക് സേതുവേട്ടാ അവളുടെയൊരു ഉത്സാഹം….. “”
ഞാൻ ചിരിച്ചോണ്ട് സേതുവേട്ടനെ നോക്കി…ഏട്ടന്റെ മുഖത്തും ചിരി പരന്നപ്പോൾ…,,, അവളിലൊരു നാണം പോലെ……
എഞ്ചിനീയറിങിൽ ഒന്നാം വർഷക്കാരിയായ വേദ ,,,, വീട്ടിൽ പ്രിയപ്പെട്ടവരുടെ കനിയാണ്…രണ്ടാം ക്ലാസുകാരി നേഹ,,, കുഞ്ഞിയും……
“” അമ്മാ സ്വപ്നം കണ്ടതെന്താന്നു പറയ്…. ചുമ്മാ ടെൻഷനടിപ്പിക്കാതെ….. “”
അവളെന്റെ തോളിലേക്കു കയ്യിട്ട് എന്നെ ഇറുക്കിപ്പിടിച്ചു…..
“”” മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി ,,,, കാഞ്ചീപുരം പട്ടുസാരിയുടുത്ത് ,,, കയ്യിലും കഴുത്തിലുമെല്ലാം നിറയെ ആഭരണമണിഞ്ഞ്…..,,,,,ലക്ഷ്മീ ദേവിയെ പോലെ എന്റെ മോള്….. “””
എന്റെ മുഖത്ത് മാറിമറിഞ്ഞ സ്തോഭത്തോടൊപ്പം അവളുടെ മിഴികളും വിടരുന്നതു ഞാൻ കണ്ടു…..
“” മരുമകനെ കണ്ടോ….ആളെങ്ങനെ ചുള്ളനാന്നോ കാണാൻ…….??””
“” വെറുതെയല്ല,,, അതറിയാനാണ് ഇത്ര ആകാംക്ഷ…..അതോർത്ത് എന്റെ മോള് പേടിക്കണ്ട,,, നിനക്കൊരു അസ്സല് രാജകുമാരനെ തന്നെ അച്ഛൻ കണ്ടുപിടിച്ചു തന്നേക്കാം…. പോരേ…? “”
കനിയുടെ ചോദ്യത്തിനുള്ള ഏട്ടന്റെ മറുപടി കേട്ട് ഞങ്ങളെല്ലാരും പൊട്ടിച്ചിരിച്ചു…..
ആ ചിരിയിലും എന്റെ നെഞ്ചിനകത്തൊരു ആളല്……പൊടുന്നനെ അതെന്റെ കണ്ണിലേക്കും പടർന്നു….
“” എന്തുപറ്റീടോ തനിക്ക്…..? “” ഏട്ടൻ ചോദിച്ചു
“” ഏയ് ഒന്നൂല്ല…. ഞാൻ ആലോചിക്കുവാരുന്നു…..
കണ്ണില് കാണാൻ യോഗല്യാത്തോണ്ടാണോ ദൈവം എനിക്കിത് സ്വപ്നത്തീ കാണിച്ചു തന്നേന്ന്…… “”
സ്വരമിടറി ഞാനത് പറഞ്ഞപ്പോ, ,, ഏട്ടനെന്നെ ദേഷ്യത്തോടെ നോക്കി…..കനിയുടെ മുഖവും പെട്ടന്ന് വാടുന്നതു കാൺകെ ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവളെ ചേര്‍ത്തു നിറുത്തി…..
“” അമ്മ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ഡോക്ടറു പറഞ്ഞില്ലേ അമ്മക്കിത് ലാസ്റ്റ് സ്റ്റേജാണെന്ന്……എന്തു വന്നാലും ആ സാഹചര്യത്തെ നേരിടാൻ എന്റെ മോൾക്ക് കഴിയണം……അതിനാ അമ്മയിതൊക്കെ…… “”
മുഴുവനാക്കാൻ കഴിയാതെ മുറിഞ്ഞു വീണ വാക്കുകളെ പരതിക്കൊണ്ട് ഞാൻ താഴേക്കു നോക്കിയിരുന്നു……എന്റെ കണ്ണീരിനൊപ്പം അവളുടെ കണ്ണുനീരും നിലത്തു വീണ് ഒന്നിച്ചു ചേരുന്നത് ഞാനറിഞ്ഞു……
“” ദൈവമല്ലേ അമ്മാ ഏറ്റവും വലിയ ഡോക്ടറ്…….പ്രാർത്ഥനയല്ലേ മറ്റെന്തിനേക്കാളും വീര്യമുള്ള മരുന്ന്…….
ഞങ്ങള് പ്രാർത്ഥിക്കും……ആ പ്രാർത്ഥന ദൈവം കേൾക്കും……എന്റെ അമ്മയെ…,, ഈ വീടിന്റെ വിളക്കിനെ..ദൈവം ഞങ്ങൾക്കു തിരിച്ചു തരും…..അല്ലേ അച്ഛാ…..?? “”
കനി,, നിറഞ്ഞ കണ്ണുകളോടെ സേതുവേട്ടനെ നോക്കി….അവളുടെ വിശ്വാസത്തെ,,, ആത്മധൈര്യത്തെ,,,, ഊട്ടിയുറപ്പിക്കും വിധം അദ്ധേഹം അമർത്തി മൂളി…..!
*****************
കീമോയുടെ ദിവസമടുക്കുന്തോറും മനസ്സിനു വല്ലാത്ത ആധിയാണ്…..യാത്രയുടെ തലേദിവസം മിക്കപ്പോഴും ഉറക്കം വരാതെ അസ്വസ്ഥയായിരിക്കും ഞാൻ…..
“” മതി സേതുവേട്ടാ ട്രീറ്റ്മെന്റൊക്കെ…..ഇനിയും വേദന തിന്നാനെനിക്കു വയ്യ…..ഓരോ ദിവസം കഴിയുന്തോറും എന്റെ പ്രതീക്ഷകൾ അസ്തമിച്ചു കൊണ്ടിരിക്യാ….
ഈ വേദന…..വയ്യ….. വയ്യ സേത്വേട്ടാ എനിക്ക്….. “”
ഞാനൊരു കൊച്ചു കുഞ്ഞിനെ പോലെ ആ കരവലയങ്ങളിലങ്ങനെ ചുരുണ്ടു കൂടും…..
“”നിനക്ക് ഒന്നുമില്ല നന്ദൂ…..തളർച്ച നിന്റെ ശരീരത്തിനല്ല,, മനസ്സിനാണ്…എനിക്കൊന്നും സംഭവിക്കില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കൂ…..മോള് പറഞ്ഞതു പോലെ ഈശ്വരനെന്ന ശക്തി നമ്മളെ ഒരിക്കലും കൈവിടില്ല….! “”
ഉറക്കം എന്റെ കണൺപോളകളിലേക്ക് വിരുന്നെത്തും വരെ ,,,ഏട്ടനെന്നെ അണച്ചു പിടിക്കും…..
രാവിലെ ഏട്ടനെ കാണാതെ അന്വേഷിച്ചു നടന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു …..
മുടിമുഴുവനും വടിച്ചു കളഞ്ഞ് രണ്ടു മൊട്ടകൾ എന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്നു……
കുഞ്ഞിയും സേതുവേട്ടനും…..!!
“” എങ്ങനെയുണ്ട് അമ്മാ ഞങ്ങളെ കാണാൻ….കിടുവല്ലേ…..?? “”
കുഞ്ഞിയുടെ ചോദ്യം കേട്ട എന്റെ മിഴികളിൽ നനവിറങ്ങി…..ഞാനവളുടെ വട്ടമുഖം കൈകളിൽ കോരിയെടുത്ത് എന്റെ ചുണ്ടോടടുപ്പിച്ചു….
“” ഹോ എന്തൊരു ചൂടാ…..മുടി മുഴുവൻ കളഞ്ഞപ്പോ തന്നെ പകുതി ആശ്വാസമായി…. അല്ലേ കുഞ്ഞീ…..”” സേതുവേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു
“” അല്ലാതെ എന്നെ തോൽപ്പിക്കാനല്ല…..””
ഞാൻ കപട ഗൗരവത്തോടെ ഏട്ടനെ നോക്കി….ആ മുഖത്തു കണ്ട കുസൃതിച്ചിരി എനിക്കുള്ള ഐക്യദാർഢ്യമായിരുന്നു…..
“” നീ തളരുന്നിടത്ത് താങ്ങാവേണ്ടത് എന്റെ കടമയല്ലേ പെണ്ണേ….. “” ഏട്ടനെന്നെ ചേർത്തു പിടിച്ച് ,,എന്റെ നെറ്റിമേൽ ഉമ്മവെച്ചപ്പോൾ….,,, കുഞ്ഞി തെല്ലൊരു നാണത്തോടെ മുഖംപൊത്തി നിന്നു ചിരിച്ചു……
ആ കീമോയും സുഖമുള്ളൊരു വേദനയായി കടന്നു പോയി…..കരുത്തുറ്റ എന്റെ ഏട്ടന്റെ കൈകളെന്നെ കോരിയെടുക്കാനുള്ളപ്പോൾ….,,,, വാടിവീഴാൻ ഞാനൊരുക്കമല്ലെന്ന് പതിയെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു……!
സ്നേഹവും പ്രാർത്ഥനയും കൊണ്ടെന്നെ പൊതിയാൻ ,,, എന്റെ കനിയും കുഞ്ഞിയുമുള്ളപ്പോൾ ഒരു രോഗത്തിനും അടിമപ്പെട്ടു മരിക്കാൻ എന്നെ കിട്ടില്ലെന്ന് ഞാൻ മരണത്തെ നോക്കി വെല്ലുവിളിച്ചു…..!
****************
“” എത്ര നാളായി അമ്മയിങ്ങനെ വയറുനിറച്ച് ഉണ്ണുന്നതു കണ്ടിട്ട്….. “”
വിളമ്പി മതിയാവാതെ കനി,,, വീണ്ടും വീണ്ടും എന്നെ ഊട്ടിക്കൊണ്ടിരുന്നു…..
“” അമ്മാ എനിക്കുംകൂടെ…. “”
കുഞ്ഞി വാ പൊളിച്ച് എനിക്കു നേരെ കഴുത്തു നീട്ടി…..എന്റെ ചോറുരുളകൾക്ക് മതിവരാത്ത സ്വാദാണെന്ന് അവളെപ്പോഴും പറയും…..പണ്ട് ഞാൻ എന്റമ്മയോട് പറയുമായിരുന്ന അതേ കാര്യം…..!
നാലുപേരും കൂടി ഒത്തിരി നേരം അകത്തളത്തിലിരുന്ന് കളിചിരി പങ്കിട്ടതിനു ശേഷമാണ് അന്ന് ഉറങ്ങാൻ കിടന്നത്…..
“” തന്റെ ഈ ചിരി എനിക്കു നഷ്ടമായിട്ട് എത്ര നാളായെന്ന് അറിയോ പെണ്ണേ…..
ഈ ദിവസം….. ഈ ദിവസം എനിക്കെന്നും സ്പെഷ്യലായിരിക്കും….
എന്നും….! “”
എന്റെ കണ്ണുകളിലേക്കു മാത്രം നോക്കി സേതുവേട്ടനെന്നെ നെഞ്ചോടു ചേര്‍ത്തു….ആദ്യമായി ഏട്ടന്റെ മണിയറയിലേക്കു കടന്നു വന്നപ്പോഴുണ്ടായ അതേ നാണം ,,,,ആ നിമിഷം വീണ്ടും ഞാൻ അനുഭവിച്ചറിഞ്ഞു……
ഏട്ടന്റെ തലോടലേറ്റങ്ങനെ കിടന്നു…..പെട്ടന്ന്…..,,,,
ശരീരമാകെ തറഞ്ഞു കയറുന്നൊരു വേദന….
ആയിരം സൂചിമുനകൾ ഒരുമിച്ച് ആഴ്ന്നിറങ്ങുന്ന പോലെ…..
“” അമ്മേ….. “”വേദന അസഹനീയമായപ്പോൾ ഞാനുറക്കെ നിലവിളിച്ചു…..
“” നന്ദൂ….. “”
ഏട്ടനും എനിക്കൊപ്പം ചാടിയെഴുനേറ്റിരുന്നു….ഉറക്കത്തിലും എനിക്കു വേണ്ടി ഉണർന്നിരിക്കാറുള്ള ആ കണ്ണുകളിൽ ഭയത്തിന്റെ നെരിപ്പോട് ഞാൻ കണ്ടു….
“” എന്താ….എന്താ നന്ദൂ…. സുഖല്ല്യേ തനിക്ക്……?? “”
എന്റെ മുഖത്തേക്കു തന്നെ ഉറ്റുനോക്കിയ ആ മുഖത്തെ വിഷാദഛായ കാൺകെ,,,ഞാൻ ഏട്ടന്റെ കൈകൾ കവർന്നെടുത്തു….
“” എനിക്ക്….. എനിക്ക് മരിക്കണ്ട സേതുവേട്ടാ…….
ജീവിക്കണം….. എന്റെ ഏട്ടനൊപ്പം ,,,നമ്മുടെ മക്കൾക്കൊപ്പം…..കനിമോള്ടെ കല്യാണം കാണണം…..കുഞ്ഞീടെ കുസൃതി കാണണം….അവരടെ കുഞ്ഞുങ്ങളെ താലോലിക്കണം…..ഏട്ടന്റെ ചൂടേറ്റുറങ്ങണം…..ഉമ്മകൾ കൊണ്ടുണരണം…….എല്ലാം….. എല്ലാം എനിക്ക് നഷ്ടപ്പെടും….എനിക്കു പേടിയാവുന്നു സേതുവേട്ടാ…..എന്നെ വിട്ടു കൊടുക്കല്ലേ സേതുവേട്ടാ……””
ഞാൻ ഏട്ടന്റെ കയ്യിൽ മുറുകെപ്പിടിച്ചു…..എന്റെ വേദനയോ പേടിയോ എന്തുകൊണ്ടെന്നറിയില്ല…..,,,,ഏട്ടന്റെ കണ്ണുകളും പെയ്തിറങ്ങാൻ കാരണമായത്…….!!!
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…