മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആരുമായോ ഫോണിൽ ഗൗരവത്തിൽ സംസാരിക്കുകയായിരുന്നു സേതു……കോള് കട്ടാക്കി അകത്തേക്കു നോക്കി അതേ ഗൗരവത്തിൽ തന്നെ വിളിച്ചു…..
കനീ……
വിളി അവസാനിക്കും മുമ്പേ കനി അച്ഛനു പിറകിൽ ഹാജരായി…..സ്വതവേ ശാന്തനായ അച്ഛന്റെ ആ ഭാവമാറ്റം കനിക്ക് എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിഞ്ഞു…..
നിന്റെ പ്രിൻസിപ്പലാ വിളിച്ചത്….. ഇന്നലെ കോളേജിലെന്താ നടന്നത്…..??
സേതുവിന്റെ ശബ്ദമുയർന്നു…..
കനിയുടെ മൗനം അയാളെ ഒന്നുകൂടി ചൊടിപ്പിച്ചു……
കനീ നിന്നോടാ ചോദിച്ചത്……?
ഒരാൺകുട്ടിയെ കയ്യുയർത്തി അടിക്കാൻ മാത്രം, നിന്നോട് അവനെന്തു തെറ്റാ ചെയ്തത്…..
നിന്നോടവൻ മിസ്ബിഹാവ് ചെയ്തോ…..അതോ മറ്റെന്തെങ്കിലും…….??
എന്നെ ഒന്നും ചെയ്തില്ല….!
അവൾ തലകുനിച്ചു നിന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..
പിന്നെ……??
കനി അച്ഛനെ നോക്കി കുറച്ചു നേരം മിണ്ടാതെ നിന്നു….. പിന്നെ പറഞ്ഞു, അവൻ…. അവനവന്റെ അമ്മയെ ഇൻസൾട്ട് ചെയ്തു സംസാരിച്ചു…..അതും ഞങ്ങൾ ഫ്രണ്ട്സിന്റെ എല്ലാവരുടേം മുന്നിൽ വച്ച്……
അവളുടെ വാക്കുകളിലെ അമർഷം സേതുവിനെ തെല്ലൊന്ന് അമ്പരപ്പിച്ചു….
അതിന് നിനക്കെന്താ……അവൻ പറഞ്ഞത് അവന്റെ അമ്മയെയല്ലേ…അല്ലാതെ നിന്റെ അമ്മയെയല്ലല്ലോ…..??
അവളുടെ കണ്ണുകളിലേക്കു നോക്കി സേതു അതു ചോദിച്ചപ്പോൾ,, ആ കോണുകളിലെവിടെയോ നനവ് പൊടിയുന്നത് അയാളറിഞ്ഞു…..
ആരുടെ അമ്മയായാലെന്താ അച്ഛാ……അവരൊരു അമ്മയല്ലേ…..അവനെ നൊന്തു പ്രസവിച്ച സ്ത്രീയല്ലേ…..അതും ഒരു സാധുവായ സ്ത്രീ…..!!
കുഞ്ഞു നാളിലേ അവരെ ഇട്ടേച്ചു പോയതാ അവരെ , അവന്റച്ഛൻ……!എന്നിട്ടും തളർന്നു വീഴാതെ ,,, കണ്ടവരുടെ എച്ചിലു പാത്രം കഴുകിയും വിഴുപ്പലക്കിയിട്ടും ഒക്കെയാ അവരവനെ വളർത്തി ഇതുവരെ എത്തിച്ചത്…..ഇപ്പഴും അതുതന്നെയാ ചെയ്യുന്നത്….
എന്നിട്ടാണ് ,,,പറയാതെ കോളേജിൽ വന്നെന്നും പറഞ്ഞ് അവനവരെ……
അവന്റെ ഇമേജ് നഷ്ടപ്പെട്ടതിന്റെ നിരാശ…!!
അവനെ കുറിച്ച് അവൻ പറഞ്ഞിരിക്കുന്ന കഥകളൊക്കെ ഒറ്റയടിക്ക് തകർന്നതിന്റെ അമർഷം…..!!
അച്ഛനറിയോ…..അവന്റെ എല്ലാ കാര്യങ്ങൾക്കും കോളേജില് വരുന്നത് അവന്റെ ഏതോ അകന്ന ബന്ധുവാ…..ചോദിച്ചാൽ പറയും അമ്മയ്ക്ക് ജോലിത്തിരക്ക്…..ബിസിനസ് ടൂറ്…..മണ്ണാങ്കട്ട…..!!
അവൾ പല്ലുകൾ ഞെരിച്ചുടയ്ക്കുന്ന ശബ്ദം സേതുവിന് കേൾക്കാമായിരുന്നു…..
എനിക്കെല്ലാം അറിയാരുന്നു…..അവന്റൊരു നെയ്ബറ് ഞങ്ങടെ കോളേജിലുണ്ട്… അവളെല്ലാം പറഞ്ഞിട്ടുണ്ട്..എന്നാലും ഇത്രയൊക്കെ ചേർത്തു പിടിച്ചിട്ടും,, സ്നേഹിച്ചിട്ടും… അവൻ അമ്മയോട് പറഞ്ഞ വാക്കുകൾ……!
എനിക്കു നിയന്ത്രണം വിട്ടുപോയി…..അവനെ തല്ലാതെ എന്റെ ദേഷ്യം ശമിക്കില്ലായിരുന്നു…..അതാ ഞാൻ…..
അവൾ നിലത്തേക്ക് മിഴികളുറപ്പിച്ച് നിന്നു….
ചെയ്തത് ചെയ്തു…. പക്ഷേ, ,,പ്രിൻസിപ്പല് നിന്നോട് ഇന്ന് എന്നെ കൂട്ടീട്ട് കോളേജിൽ വന്നാൽ മതിയെന്ന് പറഞ്ഞിരുന്നോ……?? സേതു ചോദിച്ചു…
മ്മ്… പറഞ്ഞിരുന്നു….
എന്നിട്ടെന്താ അക്കാര്യം എന്നോട് പറയാതിരുന്നത്……? ഞാൻ വരുമായിരുന്നല്ലോ നിന്റെ കൂടെ…..
അച്ഛൻ വന്നാൽ,,, അവനോട് ക്ഷമ പറയുമായിരുന്നു…. അതുതന്നെ കാരണം….!അതിനർത്ഥം ഞാൻ തെറ്റു ചെയ്തു എന്നല്ലേ……? ഇല്ല…. ഞാൻ തെറ്റു ചെയ്തിട്ടില്ല…..ആ അടി….. അവനത് അർഹിക്കുന്നുണ്ട്….കാരണം….അമ്മയുടെ വിലയറിയാത്തവനാണവൻ…..!അതറിയണമെങ്കിൽ…,,,ഒരിക്കലെങ്കിലും ആ നഷ്ടപ്പെടലിനെ കുറിച്ചവൻ ചിന്തിക്കണം…..!!
അമ്മയിരിക്കുന്ന ഇടം ശൂന്യമാകുന്ന ഒരവസ്ഥയെ കുറിച്ചൊന്ന് സങ്കൽപ്പിക്കണം….!!
മരണത്തിലേക്കുള്ള അമ്മയുടെ യാത്രയൊന്ന് നേരിൽ കാണണം……!!
അവരേക്കാൾ വലുതായി ഈ ഭൂമിയിൽ മറ്റൊന്നില്ലന്ന് തിരിച്ചറിയണം…..!!
എനിക്കതറിയാം അച്ഛാ……എന്റമ്മ….. എന്റമ്മ…..അവൾ വിതുമ്പുകയായിരുന്നു……ഒപ്പം സേതുവും……!
ഇവളെയാണോ ഞാൻ ശകാരിക്കാനായി വിളിച്ചത്……? എന്റെ കുട്ടിയെയാണോ ഞാൻ തെറ്റുകാരിയായി കണ്ടത്……?
അല്ല….. എന്റെ മോള് ചെയ്തത് തെറ്റല്ല….ശരിയാണ്….. വലിയൊരു ശരി…..!!
സേതു മകളെ തന്നിലേക്ക് ചേർത്തു പിടിച്ചു…..അപ്പോൾ ആ കണ്ണുകളിൽ അഭിമാനത്തിന്റെ പൊൻതിളക്കം കാണാമായിരുന്നു……!!
***************
കുഞ്ഞീ നീയിതുവരെ ഉറങ്ങീല്ലേ….
മുറിയിൽ വെളിച്ചം കണ്ടാണ് സേതു അങ്ങോട്ടു ചെന്നത്…..കുഞ്ഞിയുടെ മുഖം കരഞ്ഞു വീർത്തിരിക്കുന്നു…..കണ്ണീരൊഴുക്കിയ പാടുകൾ ചാലിട്ടങ്ങനെ കിടക്കുന്നുണ്ട്……
എന്താ മോളേ….. എന്തുപറ്റി അച്ഛന്റെ കുഞ്ഞിക്ക്…… ?? ഉറക്കം വരുന്നില്ലേ…..??
അയാൾ അവളക്കരികെ ബെഡിലായി ഇരുന്നു….. അവളുടെ താടിപിടിച്ചുയർത്തി ആ കുഞ്ഞിക്കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി……
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….. ഒരു തേങ്ങലോടെ അവളച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു……
എനിക്ക് അമ്മേ കാണാൻ തോന്നുന്നച്ഛാ…..അമ്മേ ഞാൻ വല്ലാതെ മിസ് ചെയ്യുന്നപോലെ…….എനിക്കമ്മേ കാണണം….. അമ്മോട് മിണ്ടണം…… ലവ് യു അമ്മാ എന്ന്,അമ്മേനെ കെട്ടിപ്പിടിച്ചോണ്ട് പറയണം….!പ്ലീസ് അച്ഛാ……അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
അമ്മ ഒരു നീണ്ട യാത്രയിലല്ലേ കുഞ്ഞീ….അമ്മ വരും…..നമ്മളില്ലാതെ അമ്മയ്ക്ക് പറ്റില്ല….വരും….. അമ്മ വരും…..!
മോള് ഉറങ്ങിക്കോ…..മോള് ഉറങ്ങുന്നതു വരെ അച്ഛനിവിടെ ഇരിക്കാട്ടോ…..
അയാളവളുടെ മുടിയിഴകളിൽ മൃദുലമായി തലോടിക്കൊണ്ടിരുന്നു……ആ തലോടലേറ്റ് കുഞ്ഞി ,, പതിയെ നിദ്രയെ പൂകി…..
*****************
നന്ദൂ….. നമ്മള് ഭാഗ്യം ചെയ്ത മാതാപിതാക്കളാ…..കണ്ടില്ലേ നമ്മടെ മക്കള് ,,, നമ്മളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്…..
അവരുടെ ഓരോ നിമിഷത്തിലും അവര് നിന്നെ കുറിച്ച് ഓർക്കുന്നുണ്ട്…..കനി…..!അവളിത്രത്തോളം പക്വതയോടെ ചിന്തിക്കുന്നത് നിന്റെ മിടുക്കുകൊണ്ടാണ്….
പിന്നെ കുഞ്ഞി ,,,,അവളു നിന്നെ വല്ലാതെ മിസ് ചെയ്യുന്നൂന്ന്…..അതേയ്…. കുഞ്ഞി മാത്രല്ലാട്ടോ…ഞാനും തന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്….നീയില്ലാതെ ഇവിടിങ്ങനെ തനിച്ച് കിടക്കുമ്പോ…,,,എന്തോ വല്ലാത്തൊരു ഒറ്റപ്പെടലുപോലെ…..ശരിക്കും ഇതെനിക്കു മരണത്തിനു തുല്യമായി തോന്നുവാ പെണ്ണേ…..
നന്ദിനിയുടെ ഫോട്ടോക്കു മുകളിലൂടെ വിരലോടിച്ചുകൊണ്ട് അയാൾ പറഞ്ഞു നിറുത്തി…..
സൈലന്റ് മോഡിലിരുന്ന മൊബൈൽ പ്രകാശിക്കുന്നത് അപ്പോഴാണ് സേതു ശ്രദ്ധിച്ചത്…..വേഗം ചെന്നത് എടുത്തു നോക്കി….അറിയാത്ത നമ്പറാണ്…..
“”ഹലോ….”” ഫോൺ ചെവിയോടു ചേർത്തു വച്ചു…
“” ഹലോ സേത്വേട്ടാ….”” മറുതലയ്ക്കൽ നിന്നും തരളമായൊരു വിളി…!
“” നന്ദൂ…. “” മതിമറന്ന് അയാളും വിളിച്ചുപോയി…
“” ഞാനിവിടെ എത്തീട്ടോ….എപ്പഴാ എന്നെ കൂട്ടാനായി വരണേ…. എനിക്കെല്ലാരേം കാണാൻ തിടുക്കാവണു…””
“” ദേ പുറപ്പെട്ടു പെണ്ണേ…..”” മൊബൈൽ ,,തിടുക്കപ്പെട്ട് ബെഡിലേക്കെറിഞ്ഞ് സേതു മക്കളുടെ അടുത്തേക്ക് പാഞ്ഞു….!!
*****************
കാറിലിരുന്ന് കനിയും കുഞ്ഞിയും ഭയങ്കര സംസാരത്തിലാണ്…….ഏറെ നാളുകൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ചയുടെ സന്തോഷമായിരുന്നു ഇരുവരിലും…..
ആ സമയം, സേതുവിന്റെ ഓർമ്മകൾ പതിയെ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു…….!!
വേദന അസഹനീയമായ ആ രാത്രി…..!
കണ്ണുതുറക്കാതെ…….നാവൊന്നനക്കാതെ……നനവിറക്കാത്ത ചുണ്ടുകളോടെ…..നന്ദു…..!
എത്ര നാൾ ഐ സി യുവിനു മുമ്പിൽ കരഞ്ഞു തളർന്നിരുന്നെന്ന് ഇപ്പോഴും കൃത്യമായി ഓർമ്മയില്ല……
കയ്യിൽ കരുതിയ കൃഷ്ണ വിഗ്രഹത്തെ നോക്കി,,,, മക്കൾ കൈകൂപ്പിയത് നന്നായി ഓർമ്മയിലുണ്ട്…..
ന്റെ കണ്ണാ…..കണ്ടു കൊതി തീർന്നിട്ടില്ല ഞങ്ങടെ അമ്മേനെ…….സ്നേഹിച്ച് മതിയായിട്ടില്ല ഞങ്ങടെ അമ്മേനെ…….സ്വപ്നങ്ങള് തീർന്നിട്ടില്ല ഞങ്ങടെ അമ്മേടെ……
തിരിച്ചെടുത്തേക്കല്ലേ കണ്ണാ……തിരിച്ചു തന്നേക്കണേ കണ്ണാ……
കനിയുടെ നെഞ്ചുപൊട്ടിയ ആ വിളിയിൽ ആശുപത്രിയുടെ ചുവരുകൾ പോലും തേങ്ങിയിട്ടുണ്ടാകണം…….!!
എന്റമ്മയ്ക്കു വേണ്ടി എന്നും ഞാൻ മൊട്ടയടിച്ചോളാം……ന്നാലും…..,,, എന്റമ്മയെ മരിപ്പിക്കരുതേ കണ്ണാ……
കുഞ്ഞിയുടെ കരളുരുകിയ പ്രാർത്ഥനയിൽ,,,ദൈവങ്ങൾ പോലും ഉരുകിക്കാണണം…..!!
അതുകൊണ്ടല്ലേ ,, ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നു പറഞ്ഞു കയ്യൊഴിഞ്ഞ ആർ സി സി യിലെ സീനിയർ ഡോക്ടർ പോലും അത്ഭുതത്തോടെ തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്……
അതേ…..സ്നേഹം ജയിച്ചിടത്ത് ,,,,മരണം തോറ്റിരിക്കുന്നു…..!!
നന്ദു കണ്ണുതുറന്നു…..സംസാരിച്ചു…….ചിരിച്ചു…..നടന്നു…….
ഒരു ജന്മത്തിൽ തന്നെ അത്ഭുതകരമായൊരു പുനർജന്മം…..!അങ്ങനെയാണ് എല്ലാവരും ആ തിരിച്ചു വരവിനെ വിലയിരുത്തിയത്…..!!
അധിക നാളത്തെ ആശുപത്രി വാസത്തിനു വിരാമം നൽകിക്കൊണ്ട് പടികളിറങ്ങുമ്പോ,, അവളൊന്നേ പറഞ്ഞുള്ളൂ:
ദൈവം എനിക്കായി നൽകിയ ഈ രണ്ടാം ജന്മത്തിന്റെ തുടക്കം,,എനിക്ക് ദൈവത്തിങ്കൽ നിന്നു തന്നെ തുടങ്ങണം….ഞാനെന്നും പറയാറുള്ളൊരു യാത്രയില്ലേ സേത്വേട്ടാ…..എല്ലാം കഴിഞ്ഞ് സ്വസ്ഥമാകുന്ന സമയം പോകണമെന്നുറപ്പിച്ച ദീർഘമായൊരു യാത്ര…ദൈവസന്നിയിലേക്കുള്ള യാത്ര…….!
എനിക്കു പോകണം……ഒറ്റയ്ക്ക്….. മറ്റൊരു ഓർമ്മകൾക്കും ഇടം കൊടുക്കാതെ ശാന്തമായൊരു യാത്ര……എനിക്കു പോകണം സേത്വേട്ടാ…….
നന്ദൂ….. അത്…..നമുക്ക് പോകാം….. നീ ഒറ്റക്കല്ല,, ഞാനും കൂടെ വരും…. ഇപ്പോഴല്ല….അതിനിനിയും സമയമുണ്ട്…..
സേതു അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായി….
വേണ്ട…..,, വേണ്ട സേത്വേട്ടാ….ഞാൻ തീരുമാനിച്ചു കഴിഞ്ഞു….. ഇനിയതിനു മാറ്റമില്ല…..ഒരാളെ സംബന്ധിച്ച് ഏറ്റവും ദൂരമേറിയ,, തനിച്ചുള്ള യാത്ര മരണമാണ്……അതിന്റെ വക്കോളം ചെന്ന് മടങ്ങിപ്പോന്ന എനിക്കിനി ഒരു യാത്രയും പേടിയില്ല…..ഒരു ദൂരവും പ്രശ്നമല്ല…..!ഞാൻ യാത്ര തുടങ്ങാണ് സേത്വേട്ടാ……
അവളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ സേതു കീഴടങ്ങി……മക്കളെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു……സേതുവിന്റെ കൈകളിൽ അമർത്തിപ്പിടിച്ച് ഫോൺ പോലും കയ്യിൽ കരുതാതെ അവൾ യാത്രക്കിറങ്ങി……
*************
അച്ഛൻ അമ്മേപറ്റി ചിന്തിക്കുവാണോ…..??
കനിയുടെ കൈകൾ തോളിലമർന്നപ്പോഴാണ് കാറ് സ്റ്റേഷൻ പരിസരത്തെത്തിയ വിവരം സേതു അറിഞ്ഞത്……നേർത്തൊരു ചിരിയോടെ വണ്ടിയൊതുക്കി മക്കളോടൊപ്പം പ്ലാറ്റ്ഫോമിലേക്കു നടക്കുമ്പോൾ…,,,, ഹൃദയയമിടിപ്പ് വർധിക്കുന്നത് അയാളറിഞ്ഞു……
അച്ഛാ ദേ അമ്മ……!
കുഞ്ഞി വിരൽ ചൂണ്ടിയിടത്തേക്ക് കണ്ണോടിക്കവേ,,,, ആ മിഴികൾ നിറഞ്ഞു വന്നു…..
നന്ദു ഓടിവന്ന് മക്കളേയും സേതുവിനേയും കെട്ടിപ്പിടിക്കുമ്പോൾ…,,,,അവൾ ചുറ്റുമുള്ളവരെ മറന്നു പോയിരുന്നു…..
അവളുടെ മുഖത്ത് എന്തെന്നില്ലാത്തൊരു ചൈതന്യം…..
ആത്മ നിർവൃതി…..
അവളുടെ യാത്ര വെറുതെയായില്ലെന്ന് അയാൾ മനസ്സിലോർത്തു…..
വണ്ടിയിലിരുന്ന് മുഴുവനും വിശേഷം പറച്ചിലായിരുന്നു……രണ്ടു മാസത്തെ പറയാനുണ്ട് അമ്മയ്ക്കും മക്കൾക്കും……
സത്യത്തിൽ നമ്മളൊക്കെ എത്ര സ്വാർത്ഥരാണ് അല്ലേ സേത്വേട്ടാ…….
വിടരുന്നതിനു മുമ്പേ കൊഴിയാനുള്ള ഊഴവും കാത്ത് എത്ര പിഞ്ചു കുഞ്ഞുങ്ങളാണ് കാൻസറെന്ന ഞണ്ടിന്റെ പിടിയിലമർന്ന് മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്നത്…..? ഇതുവരെ ജീവിച്ചിട്ടും കൊതിതീരാതെ വീണ്ടും വീണ്ടും ആയുസ്സിനു വേണ്ടി മുറവിളി കൂട്ടുന്ന നമുക്കു മുന്നിൽ അവരൊക്കെ എന്തു പറഞ്ഞാ സേത്വേട്ടാ പ്രാർത്ഥിക്കേണ്ടത്……??
സേതുവിന് മറുപടി ഇല്ലായിരുന്നു….
എനിക്കിനി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് സേത്വേട്ടാ…….ആർ സി സി യുടെ നീണ്ട വരാന്തകളിൽ എന്നെ പ്രതീക്ഷിച്ചിരിക്കുന്ന ഒത്തിരി പേരുണ്ടെന്നൊരു തോന്നൽ…..
ഒഴിഞ്ഞവയറുമായി….. അതുമല്ലെങ്കിൽ ഒരു സ്നേഹ സ്പർശനം കൊതിച്ച്…..അല്ലെങ്കിൽ ഒരു ആശ്വാസവാക്ക് പ്രതീക്ഷിച്ച്…..
ഇനിയുള്ള എന്റെ ജീവിതം അവർക്കു കൂടിയുള്ളതാണ്…..അതിനു വേണ്ടികൂടിയാവണം ദൈവം ഈ ജീവിതമെനിക്കു തിരിച്ചു തന്നത്…..
അതൊരു വാക്കായിരുന്നു…..മരണത്തെ ജയിച്ചൊരു പെണ്ണിന്റെ ഉറച്ചൊരു വാക്ക്……തോൽക്കാൻ മനസ്സില്ലാത്ത വാക്ക്…..!!
ശുഭം…
(നിങ്ങളുടെ പ്രതീക്ഷക്കൊത്ത് എഴുതാൻ കഴിഞ്ഞോന്ന് അറിയില്ല…..അഭിപ്രായം എന്താണേലും തുറന്നു പറയണേ….ഒത്തിരി സ്നേഹത്തോടെ….. )