അവൾ മെല്ലെ നന്ദുവിന്റെ അടുത്തിരുന്നു അയാളുടെ ക്ഷീണിച്ചു തളർന്ന മുഖത്തേക്കു നോക്കി.നെറ്റിയിൽ ചിതറിക്കിടക്കുന്ന മുടിയിഴകൾ അവൾ മെല്ലെ മാടി ഒതുക്കി

നിലാവ് പെയ്‌ത രാത്രി – രചന: നിവിയ റോയ്

നന്ദേട്ടാ … നിങ്ങൾ ഈ കവിത കണ്ടോ ? ഞാൻ ഇപ്പോ എഴുതിയതാ.ഞാനിത് ചൊല്ലട്ടെ …?

ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തിൽ നിദ്രയുടെ പാതി വഴികളിൽ അവളുടെ സ്വരം അവ്യക്തമായി കേട്ടു അയാൾ മൂളി …ഉം ……

ക്ഷീണത്തിൽ ഉറങ്ങി തുടങ്ങിയ അയാളെ കുലുക്കി ഉണർത്തി അവൾ തുടർന്നു.ഞാൻ പാടാൻ പോകുവാ കേൾക്കുന്നുണ്ടോ …?

നിദ്ര പടർന്ന കണ്ണുകൾ പാതി തുറന്ന് അയാൾ പറഞ്ഞു.നീ പാടിക്കോ ഞാൻ കേൾക്കുണ്ട് തന്റെ പിന്നിയിട്ട മുടി മുന്നിലേക്കിട്ട് കട്ടിലിനോരത്തു നന്ദുവിന് അഭിമുഖമായിരുന്ന് കൈകൾകൊണ്ട് താളം പിടിച്ചു അതിമനോഹരമായി അവൾ ആ കവിത ചൊല്ലുമ്പോൾ അരണ്ട വെളിച്ചത്തിൽ അവളുടെ പാതി അടഞ്ഞ മിഴികളും താളത്തിലുള്ള തല ഇളക്കങ്ങളിൽ ഉലയുന്ന കല്ലുജിമിക്കിയും …ചുവന്ന സിന്ദൂര പൊട്ടും നോക്കിയിരിക്കെ ഉറക്കം അയാളുടെ കണ്ണുകളെ അനുവാദമില്ലാതെ കൊട്ടി അടച്ചു.

നന്ദേട്ടാ … അവൾ നിരാശകലർന്ന ദേഷ്യത്തോടെ വിളിച്ചു. നന്ദു കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചത് നെറ്റിയിൽ ചുളിവുകൾ മാത്രം വീഴ്ത്തി ഒരു വിഫല ശ്രമമായി …

എപ്പോളും ഇങ്ങനാണ് … ഒരിക്കലും നന്ദേട്ടൻ തന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ല …ഒരു കലാബോധവുമില്ലാത്ത മനുഷ്യൻ ….

കവിത എഴുതിയ കടലാസ്സ് അവളുടെ കൈയിൽ ചുളുവുകൾ വീഴ്ത്തി അമർന്നു.അയാളറിയാതെ തന്റെ മനസ്സിൽ അയാളെ കുത്തി നോവിച്ചപ്പോൾ അവൾക്കു ഒരു ആശ്വാസം കിട്ടിയത് പോലെ തോന്നി …

ആരൊക്കെ പ്രോത്സാഹിപ്പിച്ചിട്ടെന്തു കാര്യം …?ജനലിനപ്പുറം അരണ്ട നിലാവെളിച്ചത്തിൽ തൊടിയിലെ കൂമ്പിയടഞ്ഞ പനി നീർ ചെമ്പകത്തിന്റെ പൂമൊട്ടുകൾ കുറച്ചു നേരം അവൾ വെറുതെ നോക്കി നിന്നു …അപ്പുറത്തെ മുറിയിൽ നിന്നും മോളുടെ ചുമ കേട്ടപ്പോളാണ് അവൾ ഓർത്തത് മോള് ഓറഞ്ച് ജ്യൂസ് ചോദിച്ച കാര്യം . അങ്ങോട്ടേക്ക് ഓടി ചെന്ന് നോക്കുമ്പോൾ അവൾ തന്റെ മഞ്ഞ ഉടുപ്പിട്ട പാവക്കുട്ടിയെയും കെട്ടിപിടിച്ചു ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു.

വിഷമത്തോടെ മുറിയിൽ നിന്നും ഇറങ്ങുമ്പോളാണ് ടേബിളിൽ ജ്യൂസ് കുടിച്ചു തീർന്ന അവളുടെ പിങ്കു ഗ്ലാസ്സ് ശ്രദ്ധയിൽ പെട്ടത് .നന്ദേട്ടൻ അവൾക്കു ജ്യൂസ് ഉണ്ടാക്കി കൊടുത്തിരിക്കുന്നു ….എഴുത്തിന്റെ തിരക്കിൽ താനത് അറിഞ്ഞില്ല ….കുറച്ചു നേരം അവൾ മോളെ തന്നെ നോക്കി അവിടെ നിന്നു. പെട്ടന്നവൾ ഓർത്തു ശോ …വാഷിംഗ് മെഷീനിൽ നിന്നും മോളുടെ യൂണിഫോം എടുത്തു വിരിച്ചിട്ടില്ല നാളെ ഇട്ടോണ്ട് പോകാനുള്ളതാണ് . അവൾ ധൃതിയിൽ ബാത്‌റൂമിൽ എത്തി വാഷിംഗ് മെഷീന്റെ ഡോർ തുറന്നപ്പോൾ ഉള്ളിൽ ശൂന്യമായിരിക്കുന്നു …നന്ദേട്ടൻ എല്ലാം വിരിച്ചിട്ടിരിക്കുന്നു ….അവൾക്കു വല്ലായ്മ തോന്നി.

മെല്ലെ അടുക്കളയിലേക്കു നടന്നു കഴുകാൻ വാരിക്കൂട്ടിയ പാത്രങ്ങൾ എല്ലാം ഷെൽഫിൽ സുഖമായി വിശ്രമിക്കുന്നു. അടുക്കളത്തട്ടിൽ പാത്രത്തിൽ ചപ്പാത്തിയും എരിവുകൂടി ചുവന്നൊരു കറിയും വച്ചിരിക്കുന്നു …അവൾ ബെഡ് റൂമിലേക്ക്‌ പതിയെ തിരിച്ചു നടന്നു .ഇപ്പോൾ തനിക്കു കുറച്ചു പേരും പ്രസക്തിയുമൊക്കെ ആയപ്പോൾ കടമകൾ മറന്നു തുടങ്ങിയോ …?താൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ….തന്റെ ലോകം അവരായിരുന്നില്ലേ …?ഇപ്പോൾ എന്റെ എന്ന ചിന്തയിലേക്ക് മാത്രം മനസ്സ് ഒതുങ്ങിയോ …?എന്റെ എഴുത്ത്‌ …..എന്റെ പെയിന്റിംഗ് ….എന്റെ നൃത്തം ….ഇപ്പോൾ മോൾക്ക് കഥപറഞ്ഞു കൊടുക്കാൻ സമയമില്ല …

നന്ദേട്ടനോടൊപ്പം ഒരുമിച്ചിരുന്നു ഓഫീസിലെ കഥകളൊക്കെ കേട്ടിട്ട് നാളായിരിക്കുന്നു ….എന്തിന് ഊണുമേശയിൽ പോലും ഒത്തു ചേരലുകൾ ഇല്ലാതായിരിക്കുന്നു …ഒരിക്കൽ നന്ദേട്ടൻ സൂചിപ്പിച്ചതാണ് അന്ന് താൻ ബഹളമുണ്ടാക്കി …എനിക്ക് ഞാൻ ആയിട്ട് ജീവിക്കണമെന്ന് ….കുടുംബ ജീവിതം നീയും ഞാനുമായി കഴിയാനുള്ളതണോ ….?നമ്മൾ എന്ന ഒറ്റ വാക്ക് ….അതല്ലെ കുടുംബം.സ്വന്തം ഇഷ്ടങ്ങൾ മാത്രമായി തനിക്കിപ്പോൾ …സ്വന്തം കുടുംബത്തിന് സംതൃപ്‌തി കൊടുക്കാതെ മറ്റുള്ളവർക്ക് സംതൃപ്തി നൽകിയിട്ട് എന്തു കാര്യം …?അവൾ കുറച്ചു നേരം നന്ദുവിനെ നോക്കി നിന്നു…. അയാൾ തല ചെരിച്ചു വെച്ചു നല്ല ഉറക്കമാണ് ….

പാവം ഓഫീസ് കഴിഞ്ഞും വീട്ടുകാര്യങ്ങളിൽ തന്നെ സഹായിക്കുന്നത് കൊണ്ടല്ലേ തനിക്കിതൊക്കെ ചെയ്യാൻ സാധിക്കുന്നത് ….പൊള്ളയായ പ്രോത്സാഹനം മാത്രം ആയിരുന്നെങ്കിൽ ഇതൊക്കെ സാധിക്കുമായിരുന്നോ?

ഒന്നിലും സംതൃപ്തി കണ്ടെത്താൻ കഴിയാത്ത തന്റെ മനസ്സിനെ ദീർഘ നിശ്വാസങ്ങളുതിർത്തുഅവൾ ശാസിച്ചു .നന്ദേട്ടന് അവകാശപെട്ടതൊക്കെ തന്റെ സ്വാർത്ഥത കയ്യടക്കിയിരിക്കുന്നു ….പൊട്ടിത്തെറികൾ ഭയന്ന് തന്നെ ഒന്ന് ചേർത്തു പിടിക്കുവാൻ പോലും പറ്റണില്ല…

അവൾ മെല്ലെ നന്ദുവിന്റെ അടുത്തിരുന്നു അയാളുടെ ക്ഷീണിച്ചു തളർന്ന മുഖത്തേക്കു നോക്കി.നെറ്റിയിൽ ചിതറിക്കിടക്കുന്ന മുടിയിഴകൾ അവൾ മെല്ലെ മാടി ഒതുക്കി .പിന്നെ മെല്ലെ അയാളുടെ മുടിയിഴകളിൽ വിരലൊടിച്ചുകൊണ്ടു അവൾ ആ കവിത ഈണത്തിൽ ചൊല്ലി .അയാൾ അത് കേൾക്കുന്നില്ലെങ്കിലും അവൾ മുൻപൊരിക്കലും ഇല്ലാത്ത പോലെ മനസ്സു നിറഞ്ഞു നന്ദനു വേണ്ടി മാത്രം നിർവൃതിയോടെ പാടി …..അപ്പോൾ ജനലിനപ്പുറം നിലാവതു കേട്ടു തൊടിയാകെ പെയ്തു നിന്നു ….