രചന : മഹാ ദേവൻ
ഏഴാം മാസം വീട്ടിലേക്ക് പോകുമ്പോൾ കരഞ്ഞുകലങ്ങിയ അമ്മായിയമ്മയുടെ കണ്ണുകൾ ആയിരുന്നു അവളെ യാത്രയാക്കിയത്. അത് വരെ പലതിനും കുറ്റം കണ്ടുപിടിക്കുന്ന അമ്മയുടെ ആ മാറ്റം അവളെയും അത്ഭുതപ്പെടുത്തി. കരയണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും, ശേഷം ദേവനോടൊപ്പം ആ പടിയിറങ്ങുമ്പോഴും അത് വരെ വീട്ടിലേക്ക് പോകുന്നു എന്നുള്ള സന്തോഷം ഒരു നിമിഷം സങ്കടത്തിനു വഴിമാറിയപ്പോലെ. !
ദേവനോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ തിരിച്ചു വീട്ടിലേക്കൊരു പോക്ക് മോഹമായിരുന്നു. വീട്ടുകാരെ ധിക്കരിച്ചുകൊണ്ട് പടിയിറങ്ങുമ്പോൾ തിരിച്ചൊരു വിളിക്കുള്ള പ്രതീക്ഷയിലായിരുന്നു. മകളെ എല്ലാം മറന്ന് വീട്ടിലേക്ക് കൂട്ടാനുള്ള അച്ഛന്റെയും അമ്മയുടെയും താല്പര്യം ഏട്ടന്റെയും അനിയന്റെയും ദേഷ്യത്തിനും പിടിവാശിക്കും മുന്നിൽ മൗനമായി അവശേഷികുമ്പോൾ അച്ഛന് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ, ” അച്ഛന്റെ ഈ വയ്യാത്ത അവസ്ഥയിൽ വീട് നോക്കേണ്ടത് അവരാണ്. അപ്പൊ അവരുടെ താല്പര്യം കൂടി നോക്കാതെ എങ്ങനാ മോളെ അച്ഛൻ ഒരു തീരുമാനം എടുക്കുക ” എന്ന്.
ആ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷത്തെ തീരുമാനതിന്റെ ബലത്തിൽ ദേവനൊപ്പം ഇറങ്ങിയതിന്റെ പേരിൽ വീട്ടുകാർ എന്ന മോഹം അസ്തമിക്കുകയാണോ എന്ന് വരെ തോന്നിയിരുന്നു അമ്പിളിക്ക്. ഒന്നരവർഷത്തെ കാത്തിരിപ്പാണ് ഇപ്പോൾ സംജാതമായതും. മകൾ ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ അവളെ കാണാനുള്ള വീട്ടുകാരുടെ താല്പര്യവും അനിയന്റെയും ഏട്ടന്റെയും മൗനത്തിൽ കണ്ട സമ്മതവും ആണ് ഏഴാംമാസത്തെ ഈ യാത്ര. !
കാറിൽ ഇരിക്കുമ്പോൾ എല്ലാം പലപ്പോഴും മൗനം വല്ലാതെ വേട്ടയാടിയ നിമിഷങ്ങൾ. ആ നിമിഷങ്ങൾ അത്രയും മനസ്സ് വല്ലാതെ പിടക്കുകയായിരുന്നു ദേവന്റെ. ഒന്നരക്കൊല്ലമായി ഊണിലും ഉറക്കത്തിലും കൂടെ ഉണ്ടായിരുന്നവളെ ഇനി കാണാൻ ദിവസങ്ങൾ എടുക്കുമെന്ന് ആലോചിക്കുമ്പോൾ. അതോടൊപ്പം തന്നെ മറുപുറം ആലോചിക്കുമ്പോൾ കുറ്റബോധവും ഉണ്ടായിരുന്നു.
” ഇരുപത്തിനാല് വർഷം സ്നേഹിച്ച മകളെ അവർ പോലും അറിയാതെ കെട്ടി കൂടെകൂട്ടുമ്പോൾ അവർ അനുഭവിച്ച വേദനയും വിഷമവും എത്രയാണെന്ന് ഓർക്കുമ്പോൾ, ആ മകളെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന അവരുടെ ആ സന്തോഷം കാണുമ്പോൾ ഈ വേർപിരിയൽ ഒക്കെ എത്രയോ ചെറുതാണ്. തന്റെ വിഷമത്തെക്കാൾ പതിന്മടങ്ങ് അവർ അനുഭവിച്ചിട്ടുണ്ട്. അതിലേക്ക് കുറച്ച് സന്തോഷം പകരാൻ ഈ യാത്രക്ക് കഴിയുമെങ്കിൽ അതാണ് വലുത് എന്ന ചിന്ത തന്നെ ആയിരുന്നു ആ യാത്രയിൽ പുഞ്ചിരി കൊണ്ട് അവൾക്കൊപ്പം ചേരാൻ മനസ്സിനെ പാകപ്പെടുത്തിയതും.
ഏറെ വൈകിയാണ് അവിടെ എത്തുന്നതെങ്കിലും വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും ദേവനേയും അമ്പിളിയെയും പ്രതീക്ഷിച്ചുകൊണ്ട്. ആ ഒന്നര വർഷം ഒരു യുഗം ആണെന്ന് തോന്നുന്ന ഫീലിംഗ്. അത്രത്തോളം ഉണ്ടായിരുന്നു അവർക്ക് പറയാനും സന്തോഷിക്കാനും. എല്ലാം മൗനമായി ആസ്വദിക്കുമ്പോൾ ദേവന്റെ മനസ്സ് മാത്രം തെല്ല് സങ്കടത്തിൽ ആയിരുന്നു. നാളെ ഇവിടെ നിന്ന് തിരികെ യാത്ര തിരിക്കുമ്പോൾ താൻ മാത്രമായിരിക്കും എന്നുള്ള ചിന്ത.
ശരീരത്തിന്റെ ഒരു ഭാഗം അടർത്തിമാറ്റുന്ന ഒരു വേദന. ഇനിയുള്ള കുറച്ച് മാസങ്ങൾ തനിച്ചാണെന്നുള്ള തിരിച്ചറിവ്. പനിച്ചൂടിൽ ഒന്ന് ചേർത്തുപിടിക്കാൻ…!കണ്ണുകൾ നിറയുമ്പോൾ ഒരു ചുംബനം കൊണ്ട് ഒപ്പിയെടുക്കാൻ… ! നെഞ്ചിലേക്ക് ചായുമ്പോൾ ആ മുടിയിഴകളിൽ വിരലൊടിച്ചുകൊണ്ട് ആയിരം കഥകൾ കൊണ്ട് ഒരു ആകാശം സൃഷ്ട്ടിക്കാൻ.. ! ഓരോ നിശ്വാസങ്ങളും പരസ്പ്പരം പങ്കുവെക്കാൻ ഇനിയുള്ള കുറച്ച് ദിവസങ്ങൾ അടുത്ത് അവളുണ്ടാകില്ല എന്നോർക്കുമ്പോൾ.. ! വഴക്കിടുമ്പോഴും ദേഷ്യപ്പെടുമ്പോഴും പിണങ്ങുമ്പോഴും മനസ്സിലാകാത്ത സ്നേഹത്തിന്റെ ആഴത്തെ ശരിക്കും സ്പർശ്ശിക്കാൻ കഴിയുന്ന നിമിഷമായിരുന്നു അത്. എത്രയൊക്കെ വഴക്കിട്ടാലും പിണങ്ങിയാലും ഒരു ചേർത്തുപിടിക്കലിൽ, ഒരു ചുംബനത്തിൽ അലിയുമായിരുന്ന ആ നിമിഷങ്ങൾക്ക് വേണ്ടി ഇനി കാത്തിരിക്കണം മാസങ്ങൾ എന്ന് ആലോചിക്കുമ്പോൾ… !
എല്ലാവരുടെയും സ്നേഹം വാങ്ങി മൂന്നാംനാൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ നെഞ്ചിലേക്ക് ചാഞ്ഞ അവളിൽ മൗനം തളം കെട്ടിയിരുന്നു. ഒരു വാക്കിൽ ഒതുക്കാൻ കഴിയാത്ത എന്തൊക്കെയോ വീർപ്പുമുട്ടിക്കുംപോലെ. ! അതേ അവസ്ഥയായിരുന്നു ദേവനും. പറയാൻ എന്തൊക്കെയോ ഉള്ളത് പോലെ. എന്നാൽ ഒന്നും പറയാൻ കിട്ടാത്ത അവസ്ഥ. ശരീരത്തിന്റെ ഒരു ഭാഗത്തെ അടർത്തിയെടുത്ത് പടിയിറങ്ങുംപോലെ.. മനസ്സിന്റെ പാതി നഷ്ട്ടപെട്ടപോലെ… തിരികെ പോരാൻ അനുവദിക്കാത്ത കാലുകൾ എന്തോ പിണക്കം കാണിച്ചു പിന്തിരിയുമ്പോലെ.. !
കണ്ണുകൾ നിറഞ്ഞപ്പോൾ പുഞ്ചിരികൊണ്ട് മറയ്ക്കാൻ ശ്രമിച്ചു. ആ പുഞ്ചിരി വിഷാദമായിരുന്നു എന്ന് അവൾക്ക് മനസ്സിലായിട്ടുണ്ടാകുമോ..? ഉണ്ടാകുമായിരിക്കും.. മനസ്സിന്റെ പാതിയല്ലേ…
പതിയെ ബാഗുമെടുത്തു കാറിലേക്ക് കയറുമ്പോൾ ഒറ്റക്കുള്ള യാത്ര അവളെ വല്ലാതെ മിസ്സ് ചെയ്യുമെന്ന് അറിയാമായിരുന്നു. കാറിലേക്ക് കയറി ഗ്ലാസ് താഴ്ത്തി അവളോട് പുഞ്ചിരികുമ്പോൾ അവൾ പറഞ്ഞത് ഒന്ന് മാത്രമായിരുന്നു, ” എനിക്ക് ഒരു ഉമ്മ പോലും തന്നില്ലല്ലോ ” എന്ന്. ശരിയാണ് ഒരു യാത്രയിലും ഒരു ചുംബനം അവൾകായി കരുതാറുണ്ട്.. ഇന്നെന്തേ അത് മറന്ന് പോയത്. പക്ഷേ, ഇനി…
മുന്നിൽ തന്റെ യാത്രയുടെ ആയ നിമിഷങ്ങളെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന അച്ഛനും അമ്മയും മുത്തശ്ശിയും. അതിനിടയിൽ ഇനി എങ്ങിനെ…. തിരികേ ഇറങ്ങി റൂമിലേക്ക് അവളെയും ചേർത്തു പിടിച്ചുകൊണ്ടു നടക്കാമെന്ന് വെച്ചാൽ ഒരു യാത്രക്ക് ഇറങ്ങുമ്പോൾ തിരികെ ഇറങ്ങുന്നത് മോശമാണെന്ന് പറയുന്നവർ… അതുകൊണ്ട് തന്നെ ആ ചുംബനത്തെ മനസ്സ് കൊണ്ട് നൽകി ആ പടിയിറങ്ങുമ്പോൾ മനസ്സ് വല്ലാതെ പിടക്കുകയായിരുന്നു അവന്റെ…
ഇനി ഒരു ചുംബനത്തിനായി എത്ര ദിവസം കാത്തിരിക്കണം.. ! അവളോടൊപ്പം അവളുടെ വയറ്റിൽ വളരുന്ന തന്റെ കുഞ്ഞിനെ അവളുടെ വയർ ചേർത്തു ചുംബിക്കാൻ ഇനി എന്ന്….. ഈ രാത്രി അവളെ വല്ലാതെ മിസ്സ് ചെയ്യും… ഒറ്റപെട്ട തലയിണയോട് പറയണം ഇനി പരിഭവങ്ങൾ… പിണക്കങ്ങൾ…. നെഞ്ചിലേക്കൊന്നു ചേർത്തുപിടിക്കാൻ തോന്നുമ്പോൾ ഇനി ആ തലയിണ മാത്രം… തിരികെ യാത്ര വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. ചിന്തകൾ കൊണ്ട് വലിഞ്ഞുമുറുകിയ മനസ്സുമായി……
പാളം തെറ്റിയ ബോഗികൾ പോലെ ഇടക്കൊന്ന് മനസ്സ് പതറുമ്പോൾ അത് അറിയിച്ചത് കാറിന്റെ സ്റ്ററിങ് ഒന്ന് പാളുമ്പോൾ ആയിരുന്നു. ഇനി കാണും കാണുന്ന ആ ദിവസത്തേക്ക് കാത്തിവെക്കാം മറക്കാതെ അതുവരെ ഉളള ഒരുപാട് ചുംബനങ്ങൾ… നഷ്ട്ടപ്പെടുന്ന ഈ ദിനങ്ങളിലെ ചേർത്തുപിടിക്കലുകൾ… വല്ലാതെ മിസ്സ് ചെയുന്ന നിമിഷങ്ങളിലെ പരിഭവങ്ങൾ…
എല്ലാം ചേർന്നുള്ള കെട്ടിപിടിക്കലിൽ അലിഞ്ഞുചേരുന്ന സ്നേഹത്തിന്റെ വാടാത്ത പൂക്കാലവും… !