അമ്മയെ അന്വേഷിച്ച് ഓടുമ്പോൾ ആ പുഞ്ചിരി എന്റെ ചുണ്ടിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു….
“അനു… ഓഫിസിൽ എല്ലാരും എന്ത് പറഞ്ഞു….” എന്നെ കണ്ടതെ അമ്മ ചോദിച്ചു…
എന്നെ കിച്ചുവേട്ടൻ സിഇഒ ആയി അനൗൺസ് ചെയ്തു അമ്മേ….
“അതിനാണോ എന്റെ കുട്ടി മുഖം വീർപ്പിക്കുന്നെ… കിച്ചുവിന്റെ അതെ സ്ഥാനം മോൾക്കും എല്ലായിടത്തും തരണം എന്നത് അവന്റെ തീരുമാനം ആണ്…. അതങ്ങ് സമ്മതിച്ചേരെ…”
എനിക്ക് ഒന്നും അറിയില്ല….
“അതിനല്ലേ കിച്ചു ഉള്ളത്….അവൻ എല്ലാം പറഞ്ഞു തരും… എന്റെ മോൾ മിടുക്കി അല്ലേ…”
അല്ല…. ഞാൻ അമ്മയെ വീർപ്പിച്ചു നോക്കി….
ചിരിച്ച് കൊണ്ട് ചോറും കറികളും വിളമ്പി വെച്ച് അമ്മ കിച്ചുവേട്ടനോട് ഫ്രഷ് ആയി ചോറ് ഉണ്ണാൻ വരാൻ വിളിച്ച് പറഞ്ഞു…
കിച്ചുവേട്ടൻ വന്നപ്പോൾ ഞാൻ അമ്മയുടെ അടുത്തേക്ക് മാറി ഇരുന്നു… കാര്യം മനസ്സിലായ അമ്മ എനിക്ക് വാരി തരാൻ തുടങ്ങി….
“ഇങ്ങനെ കഴിക്കാൻ തുടങ്ങിയാൽ വണ്ണം വെക്കും കേട്ടോ… താൻ തന്നെ കഴിച്ചാൽ മതി…”
“കിച്ചു…. എന്റെ കുട്ടിക്ക് ഇപ്പോളല്ലേ ഞാൻ ഏതൊക്കെ ചെയ്തു കൊടുക്കുന്നെ… നീ മിണ്ടാതെ ഇരുന്നേ…” അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു…
കിച്ചുവേട്ടൻ കഴിച്ചിട്ട് എഴുന്നേറ്റിട്ടും അമ്മ എനിക്ക് വാരി തന്നുകൊണ്ടേ ഇരുന്നു….രണ്ടു പേർക്കും മതിയാവുന്നില്ലായിരുന്നു…
മതി അമ്മേ… വയർ പൊട്ടാറായപ്പോൾ ഞാൻ പറഞ്ഞു…
ഇനി മോള് പോയി റസ്റ്റ് എടുത്തോ…അമ്മയും ഉച്ചകഴിഞ്ഞു കിടക്കും…
ഞാൻ എന്നാൽ ഇപ്പോ അമ്മയുടെ കൂടെ കിടന്നോട്ടെ….
കണ്ണ് നിറഞ്ഞു അമ്മ തലയാട്ടി….
കട്ടിലിൽ അമ്മയുടെ മാറിൽ മുഖം ഒളിപ്പിച്ചു കിടക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല… പക്ഷെ ആ മൗനത്തിന് ആയിരം നാവുകൾ ഉണ്ടായിരുന്നു… രാത്രിയിൽ ഉറക്കം വരാതെ ഓർഫനേജിന്റെ റൂമിൽ കിടക്കുമ്പോൾ എത്ര കൊതിച്ചിട്ടുണ്ട് ഇങ്ങനെ അമ്മയോട് ചേർന്ന് കിടക്കാൻ…. വൈകിയാണെങ്കിലും എനിക്ക് അത് സാധിച്ചിരിക്കുന്നു….
അമ്മയുടെ മാറിലെ ചൂടിൽ അമ്മിഞ്ഞ പാലിന്റെ മണം നുകരാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നു….ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് വന്ന പൊടി കുഞ്ഞ് ആയി കഴിഞ്ഞിരുന്നു…. ഇരുപത്തിയഞ്ചു വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ അമ്മച്ചൂട് മതിയാവാതെ ഞാൻ കൂടുതൽ ചേർന്നു കിടന്നു…
അമ്മ പലതവണ നെറ്റിയിൽ ഉമ്മ വെക്കുന്നത് അറിഞ്ഞു… ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതും ഉണ്ടായിരുന്നു…. എത്ര സ്നേഹിച്ചിട്ടും മതി വരാതെ അമ്മ എന്നെ പൊതിഞ്ഞു പിടിച്ചു…. ആ അമ്മച്ചൂടിൽ പറ്റിച്ചേർന്ന് ഞാൻ എപ്പഴോ ഉറങ്ങി…
എഴുന്നേറ്റപ്പോൾ ഇരുട്ടു ആയിരുന്നു… അമ്മ കട്ടിലിൽ ഇല്ല…. ഞാൻ റൂം തുറന്നു പുറത്ത് ഇറങ്ങി…
ഒത്തിരി നേരം ഉറങ്ങിയോ… രാത്രി ആയത് പോലെ… ഇത്ര സുഖമായി ഒരിക്കലും ഉറങ്ങിയിട്ടില്ല…
അടുക്കളയിൽ ചെന്നപ്പോൾ അമ്മ അവിടെ ഉണ്ട്…അമ്മ എന്തിനാ എഴുന്നേറ്റ് പോയത്….. കെട്ടിപ്പിടിച്ച് കൊണ്ട് ഞാൻ കൊഞ്ചി ചോദിച്ചു…
“അമ്മ എന്നും കുറച്ച് നേരമേ കിടക്കൂ, ഇന്ന് മോള് ഉള്ളതു കൊണ്ട് ഞാനും ലെയ്റ്റ് ആയി… എഴുന്നേറ്റപ്പോൾ നല്ല മഴക്കാറ്… പെട്ടെന്ന് സന്ധ്യ ആയത് പോലെ… നല്ല ഉറക്കമായതു കൊണ്ടാണ് അമ്മ വിളിക്കാതെ ഇരുന്നത്… കിച്ചു കുറെ തവണ വന്ന് നോക്കിയിട്ട് പോയി…, വിളിക്കണ്ടാന്ന് പറഞ്ഞത് കൊണ്ട് പിന്നെ വന്നില്ല”
അയ്യോ…. കിച്ചുവേട്ടന്റെ കാര്യം ഞാൻ കുറച്ച് നേരത്തേക്ക് മറന്നു….അമ്മയുടെ ചൂടിൽ എല്ലാം മറന്നു….
“മോള് ചെന്ന് നോക്കിക്കെ അവൻ എന്തിയേന്ന്….”
നടക്കാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു…
“അനു… മോള് ഇപ്പോൾ ഒരു ഭാര്യ കൂടി ആണ്, അമ്മയെ ചുറ്റിപ്പറ്റി നടന്ന് അത് മറക്കരുത് കേട്ടോ”
കിച്ചുവേട്ടനെ അന്വേഷിച്ച് റൂമിൽ ചെല്ലുമ്പോൾ മനസ്സിൽ കുറ്റബോധം തോന്നിയിരുന്നു….
ആള് ഹാങ്ങിങ് ചെയറിൽ കിടന്ന് ഫോൺ നോക്കുന്നുണ്ട്….
കിച്ചുവേട്ടാ…. എന്നെ അന്വേഷിച്ചായിരുന്നോ… ഞാൻ ഉറങ്ങി പോയി….
“ഞാൻ ആരെയും അന്വേഷിച്ചില്ല”….
പറച്ചിൽ കേട്ടപ്പോൾ ചിരി വന്നു….
അടുത്ത് ചെന്ന് നിന്നിട്ടും ഒരു മൈൻഡും ഇല്ല…. ഞാൻ കുറ്റി താടിയിൽ പിടിച്ച് വലിച്ചു…
“ദേ… അനു… എനിക്ക് വേദന എടുത്തു കേട്ടോ”
വേദന എടുക്കാനാ വലിച്ചത്… എന്താ മുഖത്ത് ഇത്ര ഗൗരവ്വം…
“ഒന്നും ഇല്ല…” കണ്ണ് മൊബൈലിൽ തന്നെ…
അത്രക്ക് ആയോ… കിച്ചുവേട്ടൻ മസിലു പിടിച്ചാൽ എവിടെ വരെ പോകുമെന്ന് എനിക്കറിയാം….
ഞാൻ ഒരു നൈറ്റ് വെയർ എടുത്ത് കുളിക്കാൻ കയറി…. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴും ആള് അവിടെ തന്നെയുണ്ട്…. മിററിന്റെ മുമ്പിൽ നിൽക്കുമ്പോൾ നൈറ്റ് വിയറിൽ കണ്ടതുകൊണ്ടാകും കിച്ചുവേട്ടൻ പല തവണ എന്നെ നോക്കുന്നത് കണ്ടെങ്കിലും ഞാൻ കാണാത്തത് പോലെ നിന്നു…എന്നെ മൈൻഡ് ചെയ്യാതെ ഇരുന്നതല്ലേ… ഇനി കുറച്ച് നേരം ഞാനും മൈൻഡ് ചെയ്യുന്നില്ല…
തിരിഞ്ഞ് നോക്കാതെ ഇറങ്ങി അമ്മയുടെ അടുത്തോട്ട് പോയി….പിന്നെ അമ്മയെ ചുറ്റിപ്പറ്റി തന്നെ നിന്നു…. അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴും എന്നെ തേടി വരുന്ന കണ്ണുകൾ ഞാൻ കാണാതെ കണ്ടു…
കൈയ്യ് വാഷ് ചെയ്യുമ്പോൾ കിച്ചുവേട്ടൻ കേൾക്കാൻ ഞാൻ വിളിച്ച് പറഞ്ഞു….
അമ്മേ…. ഇന്ന് ഞാൻ അമ്മയുടെ കൂടെയാ കിടക്കുന്നത് കേട്ടോ….
കിച്ചുവേട്ടൻ അത് കേൾക്കാത്തത് പോലെ റൂമിൽ കയറി പോയി….
പുറത്ത് മഴ പെയ്യ്ത് തുടങ്ങിയിരുന്നു…. അമ്മയെ കെട്ടിപ്പിടിച്ച് ഗുഡ് നൈറ്റ് പറഞ്ഞ് മുറിയിൽ ചെല്ലുമ്പോൾ ആള് ഉറക്കം നടിച്ച് കിടപ്പുണ്ട്….
ഞാൻ അമ്മയുടെ കൂടെ കിടക്കാൻ പോയെന്ന് ഓർത്തു കാണുമോ….
കിച്ചുവേട്ടാ…. ഉറങ്ങിയോ….എവിടെ…. കേട്ട മട്ട് ഇല്ല…. ഞാൻ അങ്ങനെ പറഞ്ഞതിനാണോ ജാഡ….ഞാൻ പോയി ഹാങ്ങിങ്ങ് ചെയറിൽ കിടന്നു…ബാൽക്കണിയുടെ കർട്ടൻ മാറ്റി മഴ ആസ്വദിച്ചു…. ആദ്യമായാണ് മഴക്ക് ഇത്ര സൗന്ദര്യം തോന്നുന്നത്, തനിച്ചായിരുന്നപ്പോൾ മഴ കാണുന്നത് എനിക്ക് എന്നും സങ്കടമായിരുന്നു…. മഴ പോലെ മനസ്സും ആർത്ത് കരയുമായിരുന്നു….പക്ഷെ ഇന്ന് ഞാനത് ആസ്വദിക്കുന്നു…. ഈ മഴ എന്റെ മനസ്സിൽ പ്രണയം മാത്രം നിറച്ച് പെയ്യത് ഇറങ്ങുന്നു… കുളിർ തെന്നൽ ദേഹത്ത് ആകെ പടരുന്നു…
പെട്ടെന്ന് ആണ് ഇടി വെട്ടിയത്…..കിച്ചുവേട്ടാ……പേടിച്ച് കരഞ്ഞ് കൊണ്ടു കിച്ചുവേട്ടന്റെ അടുത്തോട്ട് ഓടി….
“എന്താ അനു” കിച്ചുവേട്ടൻ ചാടി എഴുന്നേറ്റ് എന്നെ ചേർത്ത് പിടിച്ചു….
ഇടിവെട്ടി….
“അതിനാണോ ഇങ്ങനെ നിലവിളിച്ചത്….”
എനിക്ക് പേടിയാ….
“എന്റെ പുലിക്കുട്ടിക്ക് ഇത്ര പേടിയോ”
കിച്ചുവേട്ടന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ച് ഞാൻ ചോദിച്ചു…. അതെ ഞാൻ ഇവിടെ കിടന്നോട്ടെ…കിച്ചുവേട്ടന് എന്നോട് പിണക്കമാണോ….
കിച്ചുവേട്ടന്റെ അധരങ്ങൾ നെറ്റിയിലും കവിളിലും എത്തി….
“തന്നോട് പിണങ്ങാൻ എനിക്ക് പറ്റുമോടോ….. തനിക്ക് അമ്മയോട് തോന്നുന്ന ആറ്റാച്ച്മെൻറ്റ് എനിക്ക് മനസ്സിലാകും….. അതിന്റെ ഇടയിൽ എന്നെ കൂടി ഒന്ന് പരിഗണിച്ചാൽ മതി….”
പറഞ്ഞു കൊണ്ട് കിച്ചുവേട്ടൻ എന്റെ അധരങ്ങൾ സ്വന്തമാക്കിയിരുന്നു…. ആദ്യ ചുംബനത്തിൽ ഞങ്ങൾ അലിഞ്ഞു ചേർന്നു……അധരങ്ങൾ വേർപ്പെടുത്തിയപ്പോൾ കിച്ചുവേട്ടന്റ ചുടുനിശ്വാസം എന്റെ കഴുത്തിലോട്ട് ഇറങ്ങിയിരുന്നു….. ആ ചുടു നിശ്വാസം എന്റെ ദേഹത്ത് നിറഞ്ഞ് തുടങ്ങി….
പെട്ടെന്ന് ഞാൻ പിടഞ്ഞ് മാറി…
” അനു…” എന്നെ പിന്നെയും കരവലയത്തിൽ ആക്കി കിച്ചുവേട്ടൻ ചേർത്ത് നിർത്തി…ആ അധരങ്ങൾ പിന്നെയും എന്നിൽ പടർന്ന് ഇറങ്ങിയപ്പോൾ ഞാൻ കിച്ചുവേട്ടനിലേക്ക് കൂടുതൽ ചേർന്ന് നിന്നു… ആ സ്നേഹം എത്ര കിട്ടിയിട്ടും മതിവരാതെ ഞാൻ കിച്ചുവേട്ടനെ പുണർന്ന് കൊണ്ടെ ഇരുന്നു… ആർത്ത് അലച്ച് ചെയ്യുന്ന മഴപോലെ ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ മൽസരിച്ചു…. എന്റെ ദേഹം മുഴുവൻ കിച്ചുവേട്ടന്റെ അധരങ്ങൾ കവർന്ന് എടുത്തിരുന്നു…. രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ എല്ലാ അർത്ഥത്തിലു ഞാൻ കിച്ചുവേട്ടന്റെ സ്വന്തമായ കഴിഞ്ഞിരുന്നു….
💦💦💦💦💦💦💦💦💦💦💦💦💦💦💦
മഴ തോർന്ന് തെളിഞ്ഞ പ്രഭാതത്തിൽ കിച്ചുവേട്ടന്റെ നെഞ്ചിൽ കിടക്കുമ്പോൾ എന്റെ മനസ്സ് പ്രണയത്തിൽ കുതിർന്ന്… നനുത്ത മഞ്ഞുതുള്ളി പോലെ നിർമ്മലമായിരുന്നു… എത്ര കണ്ടിട്ടും മതിവരാതെ ഞാൻ ആ മുഖത്ത് നോക്കി കിടന്നു….ഇനി വരുന്ന എല്ലാ ജൻമങ്ങളിലും എന്നിലെ പ്രണയം കിച്ചുവേട്ടന് മാത്രം ഉള്ളതാണ്….ബന്ധങ്ങളുടെ മടിതട്ടിലേക്ക് എന്നെ കൈയ്യ് പിടിച്ച് ഉയർത്തിയതിന്… മനസ്സ് നിറഞ്ഞ് എന്നെ പ്രണയിക്കുന്നതിന്….തോളോടു തോൾ ചേർത്ത് നിർത്തുന്നതിന് എല്ലാം എനിക്ക് തിരിച്ച് തരാൻ എന്നിലെ ഈ പ്രണയം മാത്രമേ ഉള്ളൂ…
“അനുക്കുട്ടി രാവിലെ എഴുന്നേറ്റ് കിടന്ന് താൻ പിന്നെയും സ്വപ്നം കാണുകയാണോ” കുസൃതി ചിരിയോടെ കിച്ചുവേട്ടൻ എന്നെ ദേഹത്തോട്ട് കയറ്റി കിടത്തി ചോദിച്ചു….ഞാൻ പുഞ്ചിരിച്ചു കൊണ്ട് ആ നെഞ്ചിൽ വീണ്ടും വീണ്ടും ചുംബിച്ചു…കുഞ്ഞ് കുഞ്ഞ് ഓളങ്ങൾ പതിയെ പതിയെ തീരത്തോട്ട് അടുക്കുന്നത് പോലെ ഞങ്ങളുടെ പ്രണയം പിന്നെയും അലയടിച്ച് തുടങ്ങി…. തീരത്തെ ചുംബിക്കുന്ന തിരകൾ പോലെ….
💦💦💦💦💦💦💦💦💦💦💦💦💦💦💦
അമ്മയുടെ മടിതട്ടിൽ കുഞ്ഞ് കുട്ടിയായും കിച്ചുവേട്ടന്റെ നല്ലപാതിയായും ഞാൻ ജീവിതം ആസ്വദിച്ച് തുടങ്ങി…. ഇത് വരെ കാണാത്ത അത്ര സൗന്ദര്യം ജീവിതത്തിനുണ്ടെന്ന് മനസ്സിലായി തുടങ്ങിയത് കിച്ചുവേട്ടനിലൂടെയാണ്…. ഒരോ നിമിഷവും ഞങ്ങൾ പ്രണയിച്ചു കൊണ്ടിരുന്നു….
ഒരു ദിവസം ഞങ്ങൾ അമ്മയെ കൂട്ടി തറവാട്ടിൽ പോയി….. വല്യച്ഛനും വല്യമ്മക്കും ഞങ്ങളെ ഫെയ്സ് ചെയ്യാൻ വിഷമം ആയിരുന്നു….ഞാൻ ഒന്നും സംഭവിക്കാത്തത് പോലെ മിണ്ടിയപ്പോൾ അവരും ഒക്കെയായി….അഛമ്മക്ക് ഒത്തിരി സന്തോഷമായി…. രണ്ട് പേരും കരഞ്ഞ് പരിഭവങ്ങൾ എല്ലാം പറഞ്ഞ് തീർത്തു….
കുറച്ച് കഴിഞ്ഞ് അമ്മയുടെ പഴയ മുറിയിലേക്ക് അമ്മ പോകുന്നത് കണ്ടപ്പോൾ ഞാനും പുറകെ ചെന്നു… ഒരു ഡയറി തുറന്ന് നെഞ്ചോട് ചേർത്ത് നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയുടെ അടുത്ത് ചെന്ന് ഞാൻ കെട്ടിപ്പിടിച്ചു…
അമ്മ ഇനി വിഷമിക്കരുത്… ഇപ്പോ അച്ഛൻ നമ്മളെ കണ്ട് സന്തോഷിക്കുന്നുണ്ടാവും…
“എന്നോട് ഏട്ടന് പരിഭവമായിരിക്കും… മോളെ എനിക്ക് തന്നിട്ട് പോയിട്ട് ഞാൻ അല്ലേ നിന്നെ തനിച്ചാക്കിയത്…. എന്നോട് ദേഷ്യമായിരിക്കും” ഡയറിയിലെ നിറം മങ്ങിയ ഫോട്ടോയിൽ നോക്കി അത് പറയുമ്പോൾ അമ്മ വല്ലാതെ കരയുകയായിരുന്നു…
അമ്മേ കരയല്ലേ… എനിക്ക് ഇത് കാണാൻ പറ്റില്ല…. ഞാൻ അമ്മയെ മുറുകെ കെട്ടിപ്പിടിച്ചു…കുറച്ച് കഴിഞ്ഞപ്പോൾ അമ്മ ശാന്തയായി…
അച്ഛന് ഒരു പിണക്കവും ഇല്ല… എനിക്ക് ഉറപ്പാ… എന്റെ അമ്മ ഇനി അതോർത്ത് കരഞ്ഞാൽ ഞാനും കരയും….
“ഇല്ല… ഇനി അമ്മ കരയില്ല…”
തിരിച്ച് പോരുമ്പോൾ അമ്മ നല്ല സന്തോഷവതിയായിരുന്നു…വർഷങ്ങളായി മനസ്സിൽ കിടന്ന സങ്കടങ്ങൾ എല്ലാം ഒലിച്ച് പോയിരുന്നു…
കിച്ചുവേട്ടാ… നമ്മുക്ക് ബീച്ചിൽ പോയാലോ…
“പോകാലോ… ഭാര്യ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റുമോ…” എന്റെ കവിളിൽ നുള്ളി കൊണ്ട് കിച്ചുവേട്ടൻ പറഞ്ഞു…
അമ്മേ… കിച്ചുവേട്ടൻ…
“കിച്ചൂട്ടാ…നിനക്ക് എന്റെ മോളെ ഉപദ്രവം കുറച്ച് കൂടുതാലാട്ടോ…” അമ്മ താക്കിതോടെ പറഞ്ഞപ്പോൾ ഞാൻ കിച്ചുവേട്ടനെ നോക്കി എങ്ങനെ ഉണ്ടെന്ന് കണ്ണ് കാണിച്ചു…
“രാത്രിയിൽ താൻ അമ്മയെ വിളിക്കില്ലല്ലോ….. കാണിച്ച് തരാട്ടോ”
കിച്ചുവേട്ടൻ പതിയെ എന്നോട് പറഞ്ഞു…
അമ്മേ… ഈ കിച്ചുവേട്ടൻ പറയുവാ….
“ഞാൻ ഒന്നും പറഞ്ഞില്ലേ… അമ്മയും മോളും കൂടി എന്നെ ഒരു വഴി ആക്കും” കിച്ചുവേട്ടൻ പെട്ടെന്ന് പറഞ്ഞു…
അമ്മ ചിരിക്കുന്നുണ്ടായിരുന്നു…
ബീച്ചിൽ എത്തി അമ്മയുടെയും കിച്ചുവേട്ടന്റെയും കൈയ്യ്കൾ പിടിച്ച് ഞാൻ ഓടി… ഞാൻ വർഷങ്ങളായി പരിഭവം പറഞ്ഞിരുന്ന തിരകളെ നോക്കി ഞാൻ പറഞ്ഞു….കണ്ടോ ഇതാണ് എന്റെ അമ്മ… ഒരിക്കലും തീരം കാണില്ലാന്ന് ഓർത്ത് വിഷമിച്ചിരുന്ന എന്നെ തീരത്ത് അടുപ്പിച്ചത് ഈ കിച്ചുവേട്ടനാ… തിരകൾ ഞങ്ങളുടെ പാദങ്ങളെ ചുംബിച്ച് അവരുടെ സന്തോഷം അറിയിച്ചു കൊണ്ടിരുന്നു…
അമ്മയും കിച്ചുവേട്ടനും എന്റെ സന്തോഷം കണ്ട് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നുണ്ടായിരുന്നു…
💦💦💦💦💦💦💦💦💦💦💦💦💦💦💦💦
എന്റെ കിച്ചുവേട്ടാ… ഇത്ര കനമുള്ള സാരി എനിക്ക് ഉടുക്കാൻ വയ്യ…ഞാൻ വല്ല സൽവാറും ഇടാം… അമ്മുവിന്റെ അല്ലേ കല്യാണം എന്റെ അല്ലല്ലോ….
“നമ്മുടെ കല്യാണത്തിനോ താൻ ഒരുങ്ങിയില്ല… ഇന്ന് അതുകൊണ്ട് എന്റെ ഇഷ്ടമാണ് എന്റെ പെണ്ണ് എങ്ങനെ ഒരുങ്ങണമെന്ന് ഞാൻ തീരുമാനിക്കും….” പീക്കോക്ക് കളർ പട്ടുസാരി ഭംഗിയായി ഫ്ലീറ്റ് എടുത്ത് തരുമ്പോൾ കിച്ചുവേട്ടൻ എന്റെ വയറിൽ പിച്ചി കൊണ്ട് പറഞ്ഞു…
എന്റെ വയറിൽ പിച്ചിയാൽ ഞാൻ ശരിയാക്കും…
“കുറച്ച് ദിവസമായിട്ട് എവിടെ തൊട്ടാലും ഭീഷണി ആണല്ലോ…. എത്ര ദിവസമായെടോ… എന്നെ പട്ടിണിക്കിടാൻ തുടങ്ങിയിട്ട്…” എന്റെ കഴുത്തിൽ അധരങ്ങൾ ചേർത്ത് കിച്ചുവേട്ടൻ പറഞ്ഞു….
ഞാൻ കിച്ചുവേട്ടനെ തട്ടി മാറ്റി മാറി നിന്നു….
“അതിന് ഇനി പിണങ്ങണ്ടാ….” അടുത്ത് വന്ന് മുടി കൂടി അഴിച്ച് ഇട്ട് തന്ന് നെറ്റിയിൽ ചുംബിച്ചു….
ഞാൻ കിച്ചുവേട്ടനെ വേദനിപ്പിക്കാൻ അല്ല…. അമ്മുവിന്റെ കല്യാണം കഴിഞ്ഞ് വരുമ്പോൾ ഒരു കാര്യം ഉണ്ട് പറയാൻ….
“എന്ത് കാര്യം”
അതൊക്കെയുണ്ട്…
“ദേ പെണ്ണെ ചുമ്മാ സർപ്രൈസ് ആക്കല്ലേ….”
രാത്രി പറയാം കിച്ചുവേട്ടാ….ഞാൻ ചിണുങ്ങി….
“എന്നാൽ വാ…. ഇറങ്ങാം….”താഴെ ചെന്നപ്പോൾ അമ്മ വലിയ രണ്ട് വളയും മാലയും കൂടി അണിയിച്ചു…. മൊത്തത്തിൽ ആനച്ചന്തം….എന്നെ കണ്ടു സന്തോഷിക്കുന്ന നാല് കണ്ണുകൾ കണ്ടപ്പോൾ ഞാൻ ഉടക്കിടാൻ പോയില്ല…..
കിച്ചുവേട്ടനും അമ്മയും ഞാനും കൂടി ചെല്ലുമ്പോൾ അമ്മു സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു… അവളുടെ കല്യാണം ഞാൻ നിറഞ്ഞ മനസ്സോടെയാണ് കണ്ടത്…
ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ മുതൽ മനം മറിഞ്ഞ് കയറി തുടങ്ങി….
“അനു… മോള് എന്താ ഒന്നും കഴിക്കാത്തെ” ഒന്നും കഴിക്കാതെ ഇരുന്ന എന്നോട് അമ്മ ചോദിച്ചു…
“അമ്മേ, ഇവിടെ ഇരുന്ന് വാരി കൊടുത്ത് നാണം കെടുത്തരുത്” കിച്ചുവേട്ടൻ കളിയാക്കി…
കിച്ചുവേട്ടാ… നമ്മുക്ക് വീട്ടിൽ പോകാം… എനിക്ക് എന്തോ വയ്യാത്ത പോലെ….
കിച്ചുവേട്ടനും അമ്മയും ഒരുപോലെ ടെൻഷൻ ആയി….
“എന്താ അനു”
ഒന്നും ഇല്ലാന്നെ… യാത്ര ചെയ്യ്തതിന്റെ ആകും…. ഞാൻ പുഞ്ചിരിച്ചു….
അമ്മുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി.. ഞാൻ അമ്മയുടെ കൂടെ ബാക്കിൽ കയറി മടിയിൽ കിടന്നു…. അമ്മ എന്നെ തടവി കൊണ്ടിരുന്നു…
കിച്ചുവേട്ടൻ ഇടക്ക് ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു…
ഒന്നും ഇല്ല കിച്ചുവേട്ടാ….
എന്നിട്ടും ആ മുഖത്ത് ടെൻഷൻ നിറഞ്ഞ് നിന്നു…
വീട്ടിൽ ചെന്നപ്പോൾ അമ്മയും കിച്ചുവേട്ടനും കൂടി എന്നെ മുറിയിൽ കൊണ്ട് പോയി കിടത്തി….
എനിക്ക് ഒന്നും ഇല്ലാ….നിങ്ങൾ രണ്ട് പേരും ഇങ്ങനെ ടെൻഷൻ ആവാതെ….
“ഞാൻ ഒരു ജ്യൂസ് ഉണ്ടാക്കാം….” അമ്മ വേഗം താഴോട്ട് പോയി…
കിച്ചുവേട്ടാ…. ഇവിടെ കിടക്കാമോ…
എന്റെ അടുത്ത് വന്ന് എന്നെ നെഞ്ചിലോട്ട് ചേർത്ത് കിടത്തി കിച്ചുവേട്ടൻ ചോദിച്ചു…. എന്താടോ പറ്റിയെ…
ഞാൻ കിച്ചുവേട്ടന്റെ കരങ്ങൾ എന്റെ വയറിൽ ചേർത്ത് വെച്ചു….ഇവിടെ ഒരാൾ കൂടി ഉണ്ടെന്ന് തോന്നുന്നു….
കിച്ചുവേട്ടൻ ഞെട്ടി എന്നെ നോക്കി….
“ശരിക്കും…” ഞാൻ തലയാട്ടി…. സാരി മാറ്റി വയറിൽ നിറയെ ചുംബിച്ചു… എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….
അമ്മ വരുന്നത് കണ്ടപ്പോൾ…വേഗം എന്നെ എഴുന്നേൽപ്പിച്ച് പറഞ്ഞു….”അമ്മേ…. അനു പറഞ്ഞത് കേട്ടോ…. നമ്മുക്ക് ഒരു കുഞ്ഞ് വാവ വരാൻ പോകുവാണെന്ന്”
അടുത്തത് അമ്മയുടെ വകയായിരുന്നു…. കരച്ചിൽ ഉമ്മ വെക്കൽ എല്ലാം…..
ഒൻപത് മാസം എന്നെ ഇടം വലം തിരിയാൻ സമ്മതിച്ചില്ല രണ്ട് പേരും….കൂടെ അമലാമ്മയും…. അമലാമ്മയാണ് എന്റെ ജീവിതം കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്….
അങ്ങനെ എല്ലാ സന്തോഷങ്ങളും നൽകി എന്നെ രാജകുമാരിയായി കൊണ്ടു നടക്കുന്നു….
💦💦💦💦💦💦💦💦💦💦💦💦💦💦💦
“കിയാര കിരൺ”
വിളിക്കുന്നത് കേട്ട് കുഞ്ഞാറ്റ ചാടി എഴുന്നേറ്റു…. “അമ്മേ എന്നെ വിളച്ചു, അച്ഛാ വന്നില്ലല്ലോ”
ഇത് ഞങ്ങളുടെ കുസൃതികുടുക്ക…. കുഞ്ഞാറ്റ…. മൂന്ന് വയസ്സായി….ഇന്ന് പ്ലെ സ്കൂൾ അഡ്മിഷൻ ആണ്….
എന്നെ നോക്കാൻ പറ്റാത്ത സങ്കടം മുഴുവൻ അമ്മ ഇവളെ നോക്കി തീർക്കുന്നുണ്ട്…. അതുകൊണ്ട് പെണ്ണിന് കുസൃതി കുറച്ച് കൂടുതൽ ആണ്….
“അച്ഛാ, ഇപ്പോ വരും, മീറ്റിങ്ങ് കഴിഞ്ഞു ഓടി വരുന്നുണ്ട്….നോക്കിക്കെ”
കിച്ചുവേട്ടൻ അകലെന്ന് നടന്ന് വരുന്നത് കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു…..
അവൾ ഓടി പോയി കിച്ചുവേട്ടന്റെ ദേഹത്തോട്ട് ചാടി കയറി…കുഞ്ഞാറ്റയെ എടുത്ത് കൊണ്ട് നടന്ന് വരുന്ന കിച്ചുവേട്ടനെ നോക്കി ഞാൻ നിന്നു…ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്ന ശാന്തത ആ മുഖത്ത് കൂടുതൽ തെളിഞ്ഞു കാണാം….
“എന്താടോ…. വൈഫീ താൻ സ്വപ്നം കാണുകയാണോ…..”
എന്റെ കരങ്ങളിൽ ചേർത്ത് പിടിച്ചു കിച്ചുവേട്ടൻ അകത്തോട്ട് നടന്നു….
ഇതാണ് അനില എന്ന എന്റെ കഥ, അനാഥ ആയിരുന്ന ഞാൻ സനാഥ ആയ കഥ…… മനോഹരമായ തീരത്ത് ചേർന്ന കഥ…. ആ തീരങ്ങളിൽ എൻ വേരുകൾ കണ്ടെത്തിയ കഥ…
അനിലയും കിരണും അവരുടെ പ്രണയവും എന്നും പൂത്ത് ഉലയട്ടെ…. അവർ സന്തോഷത്തോടെ ജീവിക്കട്ടെ….
അവസാനിച്ചു എന്ന് എഴുതാൻ മനസ്സ് വരുന്നില്ല… അനില അത്രക്ക് എന്റെ മനസ്സിൽ കയറി പോയി. ഏറ്റവും ഫീൽ ചെയ്യ്ത് എഴുതിയ കഥകളിൽ ഒന്നാണ് തീരങ്ങൾ, ‘രണ്ടാനമ്മ’ എന്ന ചെറുകഥ എഴുതിയതും ‘തീരങ്ങളുടെ’ ചില പാർട്ടുകൾ എഴുതിയതും കണ്ണുനീർ തുടച്ചു കൊണ്ടാണ്…..