എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 06, രചന: റിൻസി പ്രിൻസ്

അവൻ അത് തുറന്നു, അതിൽനിന്നും ആദ്യം പുറത്തുവന്നത് ഒരു പേപ്പർ ബോക്സ് ആണ്, അതിൻറെ അകത്ത് ലവ്വ് ആകൃതിയിലുള്ള ഒരു റെഡ് വെൽവെറ്റ് കേക്ക് ആയിരുന്നു, അതിൽ “ഹാപ്പി ബർത്ത് ഡേ മൈ നിവിൻ” എന്ന് എഴുതിയിട്ടുണ്ടായിരുന്നു, അത് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി ഇത് അവൾ അയച്ചതാണ് എന്ന്,

അവൻ തനിക്ക് ചുറ്റും നിൽക്കുന്ന മുഖങ്ങളിലേക്ക് നോക്കി, എല്ലാവരും അക്ഷമരായി നിൽക്കുകയാണ്, ഒരു നിമിഷം ഇത് മുറിയിൽ കൊണ്ടുപോയി തുറന്നാൽ മതിയായിരുന്നു എന്ന് അവന് തോന്നി, പിന്നീട് അതിൽ നിന്നും വന്നത് ഒരു ടെക്സ്റ്റൈൽസ് കവർ ആയിരുന്നു, അതിനകത്ത് അന്ന് മാളിൽ വെച്ച് താൻ വെച്ച് നോക്കിയ കരിനീല കളർ കുർത്ത ആയിരുന്നു അതിന് മാച്ച് ആകുന്ന കരയിലുള്ള മുണ്ടും, അതിനോട് ചേർന്ന് ഒരു കത്ത്, അത് ആരും കാണാതെ അവൻ പോക്കറ്റിൽ ഒളിപ്പിച്ചു,

പിന്നീട് ഒരു വലിയ ചോക്ലേറ്റ് ബോക്സ്, തനിക്ക് കുട്ടിക്കാലം മുതലേ ചോക്ലേറ്റ് ഒരു വീക്ക്നെസ്സ് ആണ് അവൻ ഓർത്തു, “ആ കവർ കൂടി പൊട്ടിക്ക് നിത കാണിച്ചുകൊടുത്തു, അവൻ അടുത്ത കവർ പൊട്ടിക്കാൻ തുടങ്ങി, അത് അത്യാവശ്യം വലിയ ഒരു കവർ ആയിരുന്നു, അത് തുറന്നപ്പോൾ അവൻ ശരിക്കും ഞെട്ടിപ്പോയി,

അതിലൊരു വയലിൻ ആയിരുന്നു,

അവന് വളരെ പ്രിയപ്പെട്ട ഒന്നാണ് വയലിൻ, “എൻറെ ഈ ഇഷ്ടം അവൾ എങ്ങനെ അറിഞ്ഞു…? അവൻ മനസ്സിലോർത്തു…ഒരിക്കൽ താൻ ജീവനായി കരുതി സൂക്ഷിച്ചിരുന്ന ഒരു വയലിൻ ഉണ്ടായിരുന്നു, കമ്പി പൊട്ടി അതിനുശേഷം ഉപേക്ഷിച്ചിട്ടില്ല ഇപ്പോഴും കൈകളിൽ ഉണ്ട്,

ആരാടാ ഇതൊക്കെ അയച്ചത്? ട്രീസ സംശയത്തോടെ അവനെ നോക്കി ചോദിച്ചു,

“അത് എൻറെ ഒരു ഫ്രണ്ട്,

“ഏത് ഫ്രണ്ട്….നിത ചോദിച്ചു, “എൻറെ എല്ലാ ഫ്രണ്ട്സിനേയും നീ അറിയുമോ? “ഗേൾഫ്രണ്ട് ആണോ എന്നാണ് അവൾ ഉദ്ദേശിച്ചത്, മാത്യു പറഞ്ഞു. അതിന് എന്തു മറുപടി പറയണം എന്നറിയാതെ നിവിൻ നിന്നു,

“അപ്പാ അപ്പയുടെ മോൻ കൈവിട്ടു പോയോ………………….ന്നൊരു സംശയം, നീത കളിയാക്കി,

“ഇത് ഞാൻ ഉണ്ടാക്കിയ കേക്ക് ആണല്ലോ, പെട്ടെന്നാണ് ട്രീസ അത് പറഞ്ഞത്, പെട്ടെന്ന് നിവിൻറെ ഉള്ളിൽ കൂടി ഒരു പ്രതീക്ഷ പാറി, “ആരാ അമ്മച്ചി വന്നു വാങ്ങിയത്? “അത് ഒരു കൊച്ചൻ ആയിരുന്നു, അപ്പോൾ ഞാൻ ഓർക്കുകയും ചെയ്തു നിൻറെ പിറന്നാൾ ആണല്ലോ എന്ന്, പക്ഷേ ഇത് വേറെ ഏതെങ്കിലും നിവിൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്,

“കൊച്ചനോ? “നിൻറെ പ്രായം ഒക്കെ വരുന്ന ഒരു കൊച്ച് ,ചിലപ്പോൾ കൂട്ടുകാർ എല്ലാരും കൂടി നിനക്ക് ഒരു സർപ്രൈസ് തരുന്നത് ആകാം, “ആയിരിക്കും, അത്രയും പറഞ്ഞ് അവൻ മുകളിലേക്ക് പോയി, മുകളിൽ ചെന്ന് കത്ത് തുറന്ന് വായിക്കാൻ തുടങ്ങി,

എൻറെ നിവിന്,

ഒരു പുരുഷനെ പ്രണയിക്കുകയെന്നാൽ….പരുപരുത്ത കഠിനമായ കരിമ്പാറക്കവചം ഭേദിച്ച് വിരൽ നുണഞ്ഞ് ശയിക്കുന്ന, അവനിലെ ശിശുവിനെ കണ്ടെത്തലാണ്. ഒരുത്തനെ പ്രണയിക്കുക എന്നാൽ അവന്റെ ശാഠ്യങ്ങൾക്കു മേൽ കോപം ഭാവിച്ച് അവനു വേണ്ടി ഉള്ളു ചുരത്തുന്നതാണ്. അവന്റെ പ്രവാഹവേഗങ്ങൾക്കെതിരെ അണക്കെട്ടു തീർക്കാതെ അതേ പ്രവേഗത്തിൽ ഒപ്പം ഒഴുകലാണ്.

ഒരുവനെ പ്രണയിക്കുക എന്നാൽ സ്വാർഥം കൊണ്ട് അവന്റെ തളിരുകൾ നുള്ളിക്കളയാതെ, അവന് പടർന്നു വളരാൻ ആകാശവും ഭൂമിയും ആയി മാറുക എന്നതാണ്. പുരുഷനെ പ്രണയിക്കുകയെന്നാൽ ഒരിക്കൽ പോലും ഒഴുകിയിട്ടില്ലാത്ത ഉറഞ്ഞുകട്ടിയായ അവന്റെ കണ്ണുനീരിനെ അലിയിച്ചൊഴുക്കുക എന്നതും കൂടിയാണ്. അവൻ പറയാതെ കൂട്ടിവച്ച സ്നേഹമെല്ലാം തിരികെ പറഞ്ഞ് അവന്റെ അഹങ്കാരത്തെ അദ്ഭുതപ്പെടുത്തലാണ്.

ആരുമില്ല എന്നവൻ തണുത്ത ഇരുട്ടിലേയ്ക്ക് കാൽവയ്ക്കുമ്പോൾ കരളിൽ കൊളുത്തി പിന്നാക്കം വലിയ്ക്കുന്ന ചെറു മധുരമാകലാണ്. പ്രണയിക്കുകയെന്നാൽ അവനുവേണ്ടി മടിത്തട്ട് ഒരുക്കി വയ്ക്കുക എന്നതാണ്. അവൻ പ്രണയത്തിലൂടെ തിരികെ പോകുന്നത് ശൈശവത്തിലേക്കാണ് എന്നറിയലാണ്. ആണിനെ പ്രണയിക്കുക എന്നാൽ അവനിൽ നിന്ന് ഗർഭം ധരിക്കലല്ല; അവനെ ഗർഭം ധരിച്ച് ഒരിക്കലും പ്രസവിച്ചു തീരാതിരിക്കലാണ്.

പ്രണയം എന്നത് ഒരു വെറും വാക്കല്ല…ഒരൊറ്റ വാക്കിനാലോ ,ഒരു ഖണ്ഡികയാലോ ,ഒരു പുസ്തകത്താൽ പോലുമോ വിവരിച്ച് തീർക്കാവുന്ന ഒന്നല്ല അത്…ആകസ്മിതകളും, അവിചാരിതങ്ങളുമാണ് ഒരു പ്രണയത്തെ അതാക്കി മാറ്റുന്നത്. അതിസൂക്ഷ്മങ്ങളെ കാണും വിധം കണിശമായ കാഴ്ചയാകുന്നു പ്രണയം, ഉച്ച സൂര്യനെപ്പോലും കാണാത്ത വിധം അന്ധവുമാകുന്നു അത്, ശരിയല്ലാത്ത ഒന്നുമില്ല പ്രണയത്തിൽ, അല്ലെങ്കിൽ ശരിയായ പ്രണയത്തിൽ സകലതും ശരിയാകുന്നു.

പ്രണയം ഒരു മഴയാണ് ചിലപ്പോൾ നമ്മുടെ കണ്ണീരുപ്പിനെ കഴുകിക്കളയുന്ന ഒരു പെരുമഴ, പ്രണയത്തിലാവുക എന്നാൽ വീണ്ടും ജനിക്കുക എന്ന് കൂടിയാണ്, നിമ്മൾ കാണുന്ന കാഴ്ചകൾ ,കേൾക്കുന്ന ശബ്ദങ്ങൾ ,മണക്കുന്ന സുഗന്ധങ്ങൾ, നടക്കുന്ന വഴികൾ എല്ലാമെല്ലാം പുതിയതാണ്, ഇന്നലെ വരെ ഇല്ലാത്തവ….നോക്കൂ നമ്മുടെ വേദനകൾക്ക് പോലുമില്ല പഴയവയോട് ഒരു സാമ്യവും, പ്രണയത്തിലാവുക എന്നാൽ മരണത്തിലാവുക കൂടിയാണ്.

നിന്നിലെ നീയും അവനിലെ അവനും അതോടെ ഇല്ലാതാവുക തന്നെയാണ്, രണ്ട് കൈതോടുകൾ ഒരു പുഴയിൽ അലിഞ്ഞു മരിക്കും പോലെയാണത്, വീണ്ടും തിരിച്ചെടുക്കൽ അസാദ്ധ്യമായ ഒരു ഇല്ലാതാവലാണ് അത്, പ്രണയക്കടലിലേക്ക് നമുക്ക് തോണിയിറക്കാം പങ്കായങ്ങളെ തിരമാലകളിലേക്ക് വലിച്ചെറിയാം….കാണുന്നതെല്ലാം നീയാണെന്നു തോന്നുമ്പോഴാണ് ഈ ലോകം ഇത്ര സുന്ദരമാണെന്ന് തോന്നുന്നത്….

എൻറെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ……

Forever Yours,…..

അവൻ ഫോണെടുത്ത് അവളെ വിളിച്ചു ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു, “ഹാപ്പി ബർത്ത് ഡേ…”താങ്ക്സ്,

“കിട്ടിയോ….”കിട്ടി….”കേക്ക് അമ്മച്ചി ഉണ്ടാക്കിയതാ, “അമ്മച്ചി പറഞ്ഞു, “വാങ്ങാൻ വന്നത് എൻറെ കസിൻ ആണ്, “ഓഹോ? “എനിക്ക് വയലിൻ ഇഷ്ടമാണെന്ന് നിന്നോട് ആരാ പറഞ്ഞത്, “അതൊക്കെ എനിക്കറിയാം, “എങ്ങനെ? “ഞാൻ പറഞ്ഞില്ലേ ഒരുപാട് സംശയങ്ങൾ ഉണ്ടാകും നമ്മൾ തമ്മിൽ കാണുമ്പോൾ അതെല്ലാം മാറും,

“എത്ര മനോഹരമായാണ് എൻറെ മനസ്സിലുള്ള പ്രണയത്തെപ്പറ്റി നീ എഴുതിയിരിക്കുന്നത്,

“അതു മനസ്സിലാക്കാതെ ഞാൻ നിന്നെ പ്രണയിക്കുമോ നിവിൻ? “എനിക്ക് സത്യമായും നിന്നെ കാണാൻ തോന്നുന്നു, എൻറെ കണ്ണുകളിലും എൻറെ മനസ്സിലും നീയല്ലാതെ മറ്റാരുമില്ല ഇപ്പോൾ, ഹൃദയം തുറന്നാണ് ഞാനിപ്പോൾ നിന്നെ സ്നേഹിക്കുന്നത് ഇനിയെങ്കിലും എൻറെ മുൻപിൽ വന്നു നിന്നു കൂടെ? “തീർച്ചയായും ഉടനെ ഞാൻ നിൻറെ മുൻപിൽ വരും നിവിൻ, “വളരെ പെട്ടെന്ന് തന്നെ വേണം. ” തീർച്ചയായും, നേരിട്ട് കാണുമ്പോൾ ഞാൻ സുന്ദരി അല്ലെങ്കിലോ? “എനിക്കിഷ്ടം ആകും, ആ മറുപടി പറയാൻ അവന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല, “നിവിൻ ആഗ്രഹിക്കുന്ന ഒരു സൗന്ദര്യവും എനിക്ക് ഇല്ലെങ്കിലോ….”നീ എങ്ങനെയായിരുന്നാലും എനിക്കിഷ്ടം ആവും, കാരണം ഞാൻ നിൻറെ മുഖം കണ്ട് പ്രണയിച്ച അല്ല, നിൻറെ മനസ്സിൻറെ സൗന്ദര്യം മാത്രമാണ് എന്നെ ആകർഷിച്ചത്, ഹൃദ്യമായി പുഞ്ചിരിച്ചു അവൾ,

താഴെ ആരോ അതിഥികൾ വന്നു എന്ന് ട്രീസ വിളിച്ചത് കൊണ്ടാണ് നിവിൻ താഴേക്ക് ഇറങ്ങി ചെന്നത്, അവിടെ മർക്കോസ് അങ്കിളും പുള്ളിയുടെ ഭാര്യ ജാൻസി യും മകൾ ശീതളും ആയിരുന്നു ഉണ്ടായിരുന്നത്, “ഞങ്ങൾ ഒരു കല്യാണത്തിന് പോയിട്ട് വരുന്ന വഴിയാ അപ്പോ ഇവിടെ ഒന്ന് കയറാം എന്ന് കരുതി, മർക്കോസ് മാത്യുവിനോട് ആയി പറഞ്ഞു, “അതേതായാലും നന്നായി, മാത്യു പറഞ്ഞു, അപ്പോഴേക്കും നിവിൻ അവിടേക്ക് ഇറങ്ങി വന്നിരുന്നു,

“ആഹാ മോനേ ഇവിടെ ഉണ്ടായിരുന്നോ? മർക്കോസ് ചോദിച്ചു, “ഇന്ന് ലീവ് ആയിരുന്നു അങ്കിൾ, “ഇന്ന് ഇവന്റെ പിറന്നാള് ആണ്, അതിന് ഞങ്ങൾ എല്ലാവരും കൂടെ വൈകുന്നേരം ഒന്ന് പുറത്തു പോകണം എന്ന് കരുതി ഇരിക്കുകയാണ്, അതാണ് അവൻ ലീവ് എടുത്തത്, മാത്യു പറഞ്ഞു “ഞങ്ങൾ വന്ന ദിവസം നന്നായി, ജാൻസി പറഞ്ഞു,

“ഹാപ്പി ബർത്ത് ഡേ…വശ്യമായ ചിരിയോടെ ശീതൾ നിവിൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു, “താങ്ക്സ് , അവൻ മറുപടി പറഞ്ഞു, അപ്പോഴേക്കും കോളേജിൽ നിന്നും നീത എത്തിയിരുന്നു, ശീതൾ നിതക്കൊപ്പം കൂടീ,ജാൻസി ട്രീസ്സക്ക് ഒപ്പം അടുക്കളയിലേക്ക് പോയി വിശേഷങ്ങൾ പറഞ്ഞു, നിതയോട് സംസാരിക്കുമ്പോഴും ശീതൾൻറെ കണ്ണുകൾ നിവിന്റെ മുഖത്തേക്ക് പോകുന്നുണ്ടായിരുന്നു, നിത അത് കണ്ടിരുന്നു, അവൾക്ക് നന്നായിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു,

മാത്യുവിനും മാർക്കോസിനും ഉള്ള ചായ നിതയുടെ കൈകളിൽ ട്രീസ ഏൽപ്പിച്ചു, അതുമായി ഹോളിലേക്ക് നടക്കുമ്പോഴാണ് മർക്കോസ് മാത്യുവിനോട് പറയുന്നത് നിത ശ്രദ്ധിച്ചത്, “വളച്ചുകെട്ടില്ലാതെ ഒരു കാര്യം ചോദിക്കട്ടെ ഞാൻ തന്നോട്, “താൻ ചോദിക്കട്ടെ എന്തിനാണ് ഈ മുഖവര , മാത്യു പറഞ്ഞു, “എൻറെ മോൾ ശീതളിനെ തനിക്ക് അറിയാമല്ലോ, എനിക്ക് ആണായും പെണ്ണായും അവൾ ഒരാളെ ഉള്ളൂ, എൻറെ സമ്പാദ്യം മുഴുവൻ അവൾക്കുള്ളത് ആണ്, അവൾ ഇപ്പോൾ ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് രണ്ടാം വർഷം ആണ്, അവളെ നമ്മുടെ നിവിൻ മോന് ഒന്നാലോചിച്ചാലോ…?

മാർക്കോസ് പ്രതീക്ഷയോടെ മാത്യുവിനെ മുഖത്തേക്ക് നോക്കി….

തുടരും…