അത് പറഞ്ഞു കണ്ണുകൾ ഇറുക്കിയടച്ചു ചിരിക്കുന്ന അവളെ തന്റെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ അവളുടെ കണ്ണീര് അവന്റെ നെഞ്ചിലെ തീ അണയ്ക്കാൻ പെയ്തിറങ്ങി…

ഉപ്പും മുളകും – രചന: നിവിയ റോയ്

എന്തായാലും ഈ കല്യാണം നടക്കില്ല അരവിന്ദ് …

എന്താ കീർത്തി നീ ഈ പറയുന്നത് ?വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കല്ലേ .നീ എന്താ തമാശ പറയുകയാണോ ?

അല്ല അരവിന്ദ് ഞാൻ പറഞ്ഞത് സത്യമാണ് .

പാതയോരത്തെ പുൽത്തകിടിയിൽ വീണുകിടക്കുന്ന മഞ്ഞ കോളാമ്പി പൂ പെറുക്കിയെടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു .

അപ്പോൾ നീ എന്നോട് ഇത്രയും നാൾ സ്നേഹം അഭിനയിക്കുകയായിരുന്നോ ?

നിനക്കു അങ്ങനെയാണോ തോന്നിയത് ?

പൂവിന്റെ ഇതളുകളിൽ മെല്ലെ തടവികൊണ്ട് അവൾ ചോദിച്ചു.

പിന്നെ നിനക്ക് ഇപ്പോൾ എന്താ പ്രശ്‍നം ?

ഒന്നും പറയാതെ അവൾ തന്റെ കയ്യിലിരുന്ന പൂവ് പുൽതകിടിയിലേക്കു തന്നെ വീണ്ടും വലിച്ചെറിഞ്ഞു.

എന്താ കീർത്തി നീയൊന്നും പറയാത്തത് .ഞാൻ നിന്നിൽ നിന്നും ഒന്നും മറച്ചു പിടിച്ചിട്ടില്ല .എനിക്ക് ഒന്നും അറിയില്ലായിരുന്നു.ഇന്നലെ ചിറ്റമ്മ എന്നെയൊന്നു കാണണമെന്ന് പറഞ്ഞു അപ്പോളാണ് എല്ലാം അറിഞ്ഞത്.

അറിഞ്ഞപ്പോൾ എന്നെ വേണ്ടാന്ന് തോന്നിയല്ലേ? എന്റെ ഡ്രെസ്സിങ്ങും നടപ്പുമെല്ലാം കണ്ടപ്പോൾ ഞാൻ നിന്നെപ്പോലെ ഒരു വലിയ വീട്ടിലെ കുട്ടിയാണെന്ന് നീ ഓർത്തിരുന്നല്ലേ ?

ഒരു കൂലിപ്പണിക്കാരന്റെ മകളാണെന്ന്‌ ഇപ്പോളാണല്ലേ അറിഞ്ഞത്. ഒരു വേദനയുടെ പുഞ്ചിരി ചുണ്ടിൽ ചൂടികൊണ്ടു അവൾ തുടർന്നു.

അരവിന്ദിന് എന്നോട് പറയാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. അതുകൊണ്ടു ഞാൻ തന്നെ മാറിക്കോളാം.

ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല അരവിന്ദ് ഇത്രയധികം സാമ്പത്തിക ശേഷിയുളള ഒരു വീട്ടിലെയാണെന്നു .ഒരിക്കലും എന്നോടൊന്നു സൂചിപ്പിച്ചിട്ടുപോലുമില്ലല്ലോ.ഒരുമിച്ചുള്ള ജോലിയും പിന്നെ നമ്മുടെ ഒന്നിച്ചു നാട്ടിലേക്കുള്ള ട്രെയിൻ യാത്രയും എല്ലാം …എങ്ങനെയോ തോന്നിയ ഒരു ഇഷ്ടം.

അന്ന് പെണ്ണുകാണാൻ അരവിന്ദിന്റെ വീട്ടുകാര് എന്റെ വീട്ടിൽ വന്നില്ലേ ?അന്നാണ് അറിഞ്ഞത് നീ ഇത്രയും വലിയ ഒരു വീട്ടിലേയാണെന്നു.

അതെന്റെ കുറ്റമാണോ ?

ഓ ഒരു തമാശ.അരവിന്ദിനറിയാമോ ?അന്ന് ഞങ്ങളുടെ സ്വന്തക്കാരും ബന്ധുക്കളും എന്തിന് നാട്ടുകാരുവരെ പറഞ്ഞു .ഞാൻ ഒരു ഭാഗ്യവതിയാണെന്ന് .

അരവിന്ദിനെപ്പോലെ സൽസ്വഭാവിയായ ഒരു ചെറുപ്പക്കാരനെ ഭർത്താവായി കിട്ടുന്നത് ഒരു ഭാഗ്യമായി ഞാൻ കരുതിയിട്ടുണ്ട് .പക്ഷേ അരവിന്ദിന്റെ വീട്ടുകാരുടെ അന്തസ്സും നിങ്ങളുടെ വീട്ടിലെ വിലകൂടിയ കാറും ബംഗ്ലാവുപോലുള്ള വീടും സ്വത്തുമൊക്കെ കണ്ടിട്ടാണ് എല്ലാവരും പറയുന്നത് ഞാൻ ഭാഗ്യവതിയാണെന്നു .

ചില കാര്യങ്ങൾ ഭാഗ്യമെന്നു പറയുന്നത് നമുക്ക് അർഹിക്കപെടാത്തതു എങ്ങനെയോ നമ്മുടെ കൈകളിൽ എത്തിചേരുമ്പോളാണല്ലേ ? ആ ഭാഗ്യം പീന്നീട് പലപ്പോഴും ഒരു ഭാരമായി മാറും .അല്ലെ ?

അന്ന് വീട്ടിൽ വന്നു പോയതിൽ പിന്നെ അരവിന്ദിന്റെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട് .പണ്ടത്തെപ്പോലെ തമാശയില്ല.വിളിയില്ല ഒരു അകൽച്ച.എന്നെപ്പോലെ ഒരു കൂലിപ്പണിക്കാരന്റെ മകളെ സ്നേഹിച്ചുപോയതിൽ കുറ്റബോധമുണ്ടോ?

നീ എന്തൊക്കെയാണ് കീർത്തി ഈ പറയുന്നത്.ഞാൻ ഇങ്ങനെ ഒന്നും ആലോചിച്ചിട്ട് പോലുമില്ല.നിന്റെ കഴിവുകളും പെരുമാറ്റവും കണ്ടിട്ടാ. പിന്നെ ഈ സൗന്ദര്യവും ….തമാശ പറഞ്ഞ പോലെ ഉറക്കെ ചിരിക്കാൻ ശ്രമിച്ചെങ്കിലും അതൊരു പാഴ് ശ്രമമായിയെന്നു രണ്ടാൾക്കും മനസ്സിലായി.

എന്റെ വീട്ടിലും എല്ലാരും ഭയങ്കര സന്തോഷത്തിലാണ് . മകൾക്ക് കൈ വന്ന ഭാഗ്യമോർത്തു.

അന്ന് അരവിന്ദിന്റെ വീട്ടിൽ വന്നപ്പോൾ എന്റെ അച്ഛനും അമ്മയും ആ വിലകൂടിയ സോഫായിൽ ചുരുണ്ടു കൂടിയാണിരുന്നത് .ഒന്നു ശരിക്കും നിവർന്നിരിക്കാൻ പോലും അച്ഛന് സാധിച്ചില്ല .

വീട്ടിലെ പഴയ മരക്കസേരയിൽ നീണ്ടു നിവർന്നിരുന്നു ടി വി കാണുന്ന അച്ഛനെയാണ് ഞാൻ അന്ന് ഓർത്തു.എന്നും എന്നെ കാണാൻ വരുമ്പോളൊക്കെ അച്ഛനിരിക്കേണ്ടത് അങ്ങനെയല്ലേ?അമ്മയ്ക്കു അവിടെ സ്വാതന്ത്രത്തോടെ ഒന്ന് ചിരിക്കാൻ പറ്റുമോ ?

അതിനെന്താ അച്ഛൻ വരുമ്പോളൊക്കെ ആ കസേരയും എടുത്തോളാൻ പറയാം ?

പോ….അരവിന്ദ് ഈ തമാശയൊന്നും നീ ആസ്വദിച്ചു പറയുന്നതല്ലെന്നു നിന്റെ മുഖം പറയുന്നുണ്ട് . നിന്റെ മനസ്സിൽ എന്തോ ഉണ്ട് .

നിന്റെ അച്ഛനും അമ്മയ്ക്കും ഒന്നും ഞങ്ങളുമായിട്ടുള്ള ബന്ധം ഇഷ്ടപെടില്ലെന്ന് എനിക്കറിയാം .നമുക്ക് എപ്പോളും ചേരുന്നത് നമുക്ക് ഒപ്പമുള്ള ബന്ധമാണ്.

കീർത്തി എന്റെ അച്ഛനും അമ്മയ്ക്കും ഈ കല്യാണത്തിന് ഒരു എതിപ്പുമില്ല .നിന്നോട് ഒരു വ്യതാസവും അവര് കാണിക്കില്ല .

നിന്റെ അച്ഛനും അമ്മയും വളരെ നല്ലവരാണ് .പിന്നെ അവര് ഈ കല്യാണത്തിന് എതിർപ്പൊന്നും പറയാതിരുന്നത് നിന്നെ വിഷമിപ്പിക്കേണ്ടന്നു കരുതിയായിരിക്കാം.അവര് അവരുടെ മകനു വേണ്ടി ഇത്രയൊക്കെ സമ്പാദിച്ചു. അതൊക്കെ വെറുതെ കൈയും വീശി വന്ന് എനിക്ക് അനുഭവിക്കാൻ പറ്റില്ല .എന്റെ ആത്മാഭിമാനം അതിനു അനുവദിക്കില്ല.

അരവിന്ദിൽ നിന്നും അവൾ ഒരു മറുപടി പ്രതീക്ഷിച്ചെങ്കിലും അവന്റെ മൗനം അവളുടെ മുഖം കൂടുതൽ മ്ലാനമാക്കി.

അല്ലെങ്കിലും തന്നെക്കാൾ ഒരുപാടു സാമ്പത്തിക ശേഷിയുളള വീട്ടിലേക്കു കല്യാണ് കഴിച്ചു പോകുന്ന പെൺകുട്ടികൾ പലപ്പോഴും ഒരുപാടു കുത്തുവാക്കുകൾ കേൾക്കേണ്ടി വരും.എല്ലാവരും എന്നല്ല കേട്ടോ .

എന്നും ഒരു ഔദാര്യത്തിൽ ജീവിക്കുന്ന പോലെയായിരിക്കും അവരിൽ പലരുടെയും ജീവിതം. ഒരു സ്വാതന്ത്രവുമില്ലാതെ ഒരു ആജ്ഞനുവർത്തിയെപ്പോലെ കഴിഞ്ഞു കൂടുക.എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.

ഒരു പെണ്കുട്ടിയാണെന്നു കരുതി ഒരിക്കലും അച്ഛനുമമ്മയും അനാവശ്യമായി ഒരു നിയന്ത്രണവും എനിക്ക് തന്നിട്ടില്ല.അവര് ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചത് .പെൺകുട്ടിയല്ലെ എന്തിനാണ് വെറുതെ ഇത്രയും കാശുമുടക്കി പഠിപ്പിക്കുന്നത് .വല്ലോം കൊടുത്തു കെട്ടിച്ചു വിടാൻ നോക്ക് എന്ന് പറഞ്ഞവരാണ് അധികവും.

എനിക്ക് വേണ്ടി അവർക്കു ഒന്നും കരുതിവയ്ക്കാൻ സാധിച്ചില്ലെങ്കിലും എനിക്ക് അവര് തന്ന വിദ്യാഭ്യാസം തന്നെയാണ് എനിക്ക് തന്ന വലിയ ധനം.ഇന്ന് എവിടെയും പോയി അന്തസ്സായി ജോലി ചെയ്തു ജീവിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെനിക്ക്‌.

ജീവിതത്തിൽ ഏറ്റവും വലിയത് സ്വാതന്ത്ര്യമല്ലേ…? ശ്വസിക്കുന്നതുപോലും പേടിച്ചു വേണമെന്നു വെച്ചാൽ ? ചിന്തിക്കുവാൻ കൂടി വയ്യ…..

വയ്യ അരവിന്ദ് ….നമ്മൾ ഒരുമിച്ചു ശരിയാവില്ല ….ഈ പ്രണയത്തിന്റെ പകിട്ടൊക്കെ തീർന്നു കഴിയുമ്പോൾ നീ ഓർക്കും. എന്നെക്കാൾ നല്ല ഒരു ബന്ധം നിനക്ക് കിട്ടുമായിരുന്നെന്നു .നിന്റെ വീട്ടുകാരും ഓർക്കും….

അതുകൊണ്ട് ….നമുക്ക് പിരിയാം ….ചിറകറ്റ ചിത്രശലഭം പോലെ കണ്ണീർതുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി.

കീർത്തി നിനക്ക് എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് അറിയാൻ പാടില്ലാഞ്ഞിട്ടാണ്.അവര് പാവമാണ്.നീ വിചാരിക്കും പോലെ എന്റെ പ്രശ്‍നം ഇതൊന്നുമല്ല.കുറച്ചു ദിവസം മുൻപ് ചിറ്റമ്മ ഒരു കാര്യം എന്നോട് പറഞ്ഞു . നിന്നോട് അത് എങ്ങനെ പറയണമെന്ന് അറിയാതെ ഞാൻ വിഷമിക്കുവാണ് .

എന്തു കാര്യം …?നിനക്ക് എന്തും എന്നോട് പറയാമല്ലോ ?

പക്ഷേ ഈ കാര്യം ഒരിക്കലും അച്ഛനും അമ്മയും അറിയരുത് .

ഇല്ല ….നീ എന്താണെന്നു വെച്ചാൽ പറ …..വിഷാദം കലർന്ന അവളുടെ മുഖത്ത് ആകാംഷ നിഴലുകൾ വീഴ്ത്തി .

കൂറേ നാളുകൾ എന്റെ അച്ഛനും അമ്മയും നോർത്ത് ഇന്ത്യയിൽ ആയിരുന്നു.അച്ഛന്റെ ബിസ്സിനെസ്സ് കൂടുതലും അവിടെ ആയിരുന്നു. എന്റെ ചിറ്റമ്മയും അവിടെ മിക്കവാറും നൃത്തപരിപാടികളുമായിട്ടു വരാറുണ്ടായിരുന്നു.

ചിറ്റ നല്ല ഒരു ക്ലാസിക്കൽ ഡാൻസർ ആയിരുന്നു .കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചതുകൊണ്ടു വിവാഹം വേണ്ടന്നു വെച്ചിരുന്നു .

വിവാഹം കഴിഞ്ഞു കുറേ വർഷങ്ങൾ ആയിട്ടും കുട്ടികളുണ്ടാകാതെ വന്നപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ വിഷമമായിരുന്നു.

നാട്ടിൽ വരുമ്പോളൊക്കെ എല്ലാവരുടെ ചോദ്യവും.അച്ഛൻ ഒരു മകനെ ഉണ്ടായിരുന്നുള്ളു.ഭാരിച്ച സ്വത്തുക്കളൊക്കെ അന്യാധീനപെട്ടുപോകുമോയെന്ന പേടി കാരണം പിന്നീട് അമ്മയെ ഉപേഷിക്കാൻ അച്ഛനെ എല്ലാരും നിർബന്ധിക്കാൻ തുടങ്ങി.

അച്ഛൻ അതിനു തയ്യാർ അല്ലായിരുന്നു .അതോടെ നാട്ടിൽ പോക്കു തീരെ ഇല്ലാതായി .ഇടക്ക് അച്ഛൻ മാത്രം പോകും . അമ്മ മുഴുവൻ സമയവും പ്രാർത്ഥനയും നോമ്പും വഴിപാടുമൊക്കെയായി ഒതുങ്ങി കൂടി.

അങ്ങനെ ഒരിക്കൽ അവരുടെകൂടെ ചിറ്റമ്മ ഉള്ള സമയം ദൂരെയുള്ള ഒരു അമ്പലത്തിൽ നിന്നും വഴിപാട് ഒക്കെ കഴിഞ്ഞു വരുന്ന സമയം .അന്ന് വണ്ടി ഓടിച്ചു അച്ഛനു ഭയങ്കര ക്ഷീണം തോന്നിയതുകൊണ്ട് വഴിക്കു കണ്ട ഒരു ഹോട്ടലിൽ അവർ റൂം എടുത്തു.

റൂം ബോയിയിൽ നിന്നും അടുത്തു തന്നെ ഒരു അമ്പലം ഉണ്ടന്നു അറിഞ്ഞ അമ്മ അതിരാവിലെ തന്നെ അമ്പലത്തിലേക്ക് പോയി .തിരിച്ചു വന്ന അമ്മയുടെ കൈയിൽ ഒരു പൊതികെട്ടുണ്ടായിരുന്നു .റെയിൽ പാളത്തിൽ നിന്നും കിട്ടിയതാണെന്നു പറഞ്ഞു .

എന്തായിരുന്നു അത് ?

അമ്മ അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ പെട്ടന്ന് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നും തലയാകെ മൂടി പുതച്ച ഒരു സ്ത്രീ പെട്ടന്ന് ഒരു തുണികെട്ട് അടുത്തുള്ള റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചി ഓടി പോയി . ആ പൊതികെട്ടിനുള്ളിൽ നിന്നും ഒരു ചോരകുഞ്ഞിന്റെ നിലവിളി .

എന്താണെന്ന് മനസ്സിലാക്കുന്നതിനു മുൻപ് ദൂരെ ട്രെയിനിന്റെ ഹോണടി ശബ്ദം . അമ്മ ഓടി അടുത്തെത്തി ആ തുണികെട്ട് എടുത്തു തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു.ട്രെയിൻ ഇരമ്പിപ്പായുന്ന ശബ്ദത്തിൽ ആ തുണികെട്ട് അമ്മയുടെ നെഞ്ചോടു ചേർന്നിരുന്നു വിതുമ്പി.അമ്മ ആ തുണികെട്ടിനു ഒരു പേരുമിട്ടു …അരവിന്ദ്

അത് പറഞ്ഞു അയാൾ പതിയെ ചിരിക്കുമ്പോൾ.കണ്ണുകൾ പെയ്തിറങ്ങി.

ഒന്നും പറയാനാവാതെ അമ്പരന്നു നിൽക്കുന്ന കീർത്തിയോട് അയാൾ ചോദിച്ചു. ഇനി നീ പറ എന്നെ നിനക്ക് വിവാഹം കഴിക്കാമോ?

അരവിന്ദ് നീ ഈ കഥ വെറുതെ കെട്ടിച്ചമച്ചതല്ലേ ?എന്തുകൊണ്ട് നീ ഇതു നേരത്തെ പറഞ്ഞില്ല .

എനിക്ക് ഇതറിയില്ലായിരുന്നു.അച്ഛനും അമ്മയും ഈ കഥ ഒന്നും നാട്ടിൽ പറഞ്ഞില്ല .നാട്ടിൽ തിരിച്ചെത്തിയ ചിറ്റ അമ്മക്ക് വിശേഷമുണ്ടന്നു നാട്ടിൽ അറിയിച്ചു . എനിക്ക് ഒരു മൂന്നുവയസ്സ് ആയിട്ടാണ് അവര് നാട്ടിലേക്കു വന്നത് .അതുകൊണ്ടു ആർക്കും ഒരു സംശയവും തോന്നിയില്ല.

പിന്നെ ഇതൊക്കെ അറിയാവുന്ന ഒരേഒരാൾ ചിറ്റമ്മയാണ്.ഇന്നലെ ചിറ്റമ്മ എന്നെ അത്യാവശ്യമായിട്ടു കാണണമെന്നു പറഞ്ഞില്ലേ ?ഇത് പറയാനായിരുന്നു . ഇ പല മക്കൾക്കും ഇപ്പോൾ മാതാപിതാക്കൾ ഒരു ഭാരമാണ്. ഒരിക്കലും അവരെ വേദനിപ്പിക്കരുതെന്നും ഇത് ഒരിക്കലും ചിറ്റമ്മ പറഞ്ഞെന്നു അവര് അറിയരുതെന്നും പറഞ്ഞു.

ഇനി നിനക്ക് തീരുമാനിക്കാം എന്തു വേണമെന്ന്.ഈ അനാഥനെ വേണോ എന്ന് ?

സോറി അരവിന്ദ് എനിക്ക് …എനിക്ക് ഈ അനാഥനെ വേണ്ട ….

വാക്കുകൾ നഷ്ടപെട്ട് അരവിന്ദ് അവളെ നോക്കി നിന്നു.

എനിക്ക് എന്റെ അരവിന്ദിനെ മതി ….ആ പഴയ തമാശക്കാരനായ അരവിന്ദിനെ ….ഇത് ഞാൻ ഒരു കഥയായിട്ടേ കരുതുന്നുള്ളു .നിനക്ക് എല്ലാരും ഉണ്ട് അച്ഛനും അമ്മയും പിന്നെ…

പിന്നെ… ?കേൾക്കാനുള്ള കൗതുകത്തോടെ അവൻ ചോദിച്ചു .

പിന്നെ ….ഈ സുന്ദരിയായ ഞാനും .

അത് പറഞ്ഞു കണ്ണുകൾ ഇറുക്കിയടച്ചു ചിരിക്കുന്ന അവളെ തന്റെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ അവളുടെ കണ്ണീര് അവന്റെ നെഞ്ചിലെ തീ അണയ്ക്കാൻ പെയ്തിറങ്ങി ….. അവന്റെ കണ്ണിലെ നനവ് കാറ്റുതട്ടി ഉണക്കുന്നുണ്ടായിരുന്നു .