എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 07, രചന: റിൻസി പ്രിൻസ്

മാർക്കോസിനെ ചോദ്യത്തിന് പെട്ടെന്ന് എൻറെ മറുപടി പറയണമെന്ന് അറിയാതെ മാത്യു നിന്നും പിന്നീട് പറഞ്ഞു, “തൻറെ മകൾ എൻറെ മകൻറെ ഭാര്യ ആയി ഈ വീട്ടിൽ വരുന്ന കാര്യത്തിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ, പക്ഷേ എൻറെ ഇഷ്ടം മാത്രം നോക്കിയാൽ പോരല്ലോ കുട്ടികളുടെ ഇഷ്ടം നോക്കണ്ടേ,

“എൻറെ മോള് ഞാൻ പറയുന്നതിന് അപ്പുറം പോവില്ല,

“നമുക്ക് ആലോചിക്കാഡോ, സമയമാകുമ്പോൾ ഞാൻ അവനോട് ചോദിക്കാം, അവനെ താല്പര്യമുണ്ടെങ്കിൽ അങ്ങനെ ആലോചിക്കാം, ഏതായാലും ഇപ്പോൾ മോൾ പഠിക്കുകയല്ല അത് കഴിയട്ടേ…

മർക്കസിന്റെ മനസ്സ് നിറഞ്ഞു, പക്ഷേ ഒരു വാതിൽ അപ്പുറം ഇതെല്ലാം കേട്ട് നിൽക്കുന്ന നിതക്ക് ദേഷ്യം തോന്നിയിരുന്നു, അവൾക്ക് ആദ്യം മുതലേ ശീതള നോട് ഒരു താൽപര്യം കുറവുണ്ടായിരുന്നു, അതിന് കാരണവുമുണ്ട്,തൻറെ കൂട്ടുകാരിയുടെ അനുജത്തി പഠിക്കുന്നത് അവൾക്ക് ഒപ്പമാണ്, അത്ര നല്ല സ്വഭാവമല്ല എന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്, അങ്ങനെ ഒരാൾ തൻറെ ചേട്ടായിയുടെ ഭാര്യയായി വരുന്നതിനോട് അവൾക്ക് യോജിപ്പില്ലായിരുന്നു, നിവിൻ അവൾക്ക് സ്വന്തം ചേട്ടൻ മാത്രമായിരുന്നില്ല നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു, അതുകൊണ്ടുതന്നെ തന്നോട് നല്ല സൗഹൃദം ഉള്ള ഒരാളായിരിക്കണം ചേട്ടൻറെ ഭാര്യയായി വരേണ്ടത് എന്ന് അവൾ ആഗ്രഹിച്ചിരുന്നു, നിറഞ്ഞ മനസ്സോടെയാണ് മർക്കോസും കുടുംബവും അവിടെ നിന്നും പോയത്, പോകുന്നതിനു മുൻപ് നിവിനെ നോക്കി മനോഹരമായി ഒന്നു ചിരിക്കാനും ശീതൾ മറന്നില്ല,

***********

അന്ന് കോളേജിൽ നിന്നും തിരിച്ചു പല്ലവി വന്നത് ഒരുപാട് സന്തോഷത്തോടെ ആയിരുന്നു, അച്ഛൻ വൈകുന്നേരം വരും എന്ന് അവൾക്ക് അറിയാമായിരുന്നു അതുകൊണ്ട് ഒരു പ്രത്യേക ഉത്സാഹവും എല്ലാ കാര്യത്തിലും അവൾക്ക് ഉണ്ടായിരുന്നു, വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടിരുന്നു, അച്ഛൻ, ഓടിച്ചെന്ന് കെട്ടിപിടിച്ചു, “എൻറെ പിശുക്കൻ നായർ ലീവ് എടുത്ത് വന്നു അല്ലേ,

“പൊടി അയാളവളെ അടിക്കാനായി കൈ ഓങ്ങി, കുളിയും ചായകുടിയും എല്ലാം കഴിഞ്ഞ് അവൾ അച്ഛൻറെ അരികിൽ വന്ന് കുറച്ചുനേരം ഇരുന്നു, ആ മടിയിൽ തല ചായ്ച്ചു കിടന്നു, അയാൾ വാത്സല്യത്തോടെ ആ തല മുടിയിഴകളിൽ തലോടി, “നമുക്ക് ഒന്ന് പുറത്തു പോയാലോ അച്ഛാ….”പോകണോ? “നമ്മൾ കുറേ ആയില്ലേ പുറത്തൊക്കെ ഒന്ന് പോയിട്ട്? ഒരു നൈറ്റ് റൈഡ് ആയാലോ? “എങ്കിൽ പോയി കളയാം, അവൾ പെട്ടെന്ന് തന്നെ റെഡിയായി വന്നു,

**********

വൈകുന്നേരം പുറത്തു പോകാൻ നേരം നിവിൻ പല്ലവി സമ്മാനിച്ച കുർത്തയും മുണ്ടും ആണ് അണിഞ്ഞത്, അത് അവനു നന്നായി ഇണങ്ങുന്നുണ്ട് എന്ന് അവനു തോന്നി, നന്നായി തനിക്കു അത് ചേരുന്നുണ്ട്, തനിക്ക് ചേരുന്നത് തന്നെക്കാൾ അവൾക്ക് അറിയാം എന്ന് അവൻ ഓർത്തു, അവൻ പെട്ടെന്ന് തന്നെ ഒരു സെൽഫി എടുത്ത അവൾക്ക് വാട്സാപ്പിൽ അയച്ചു, അവൻ റെഡിയായി താഴേക്ക് വന്നപ്പോൾ എല്ലാവരും അവനെ തന്നെയാണ് നോക്കിയത്, “കണ്ണടച്ച് പാല് കുടിക്കുകയാണ്, ട്രീസ് അവനെ നോക്കി പറഞ്ഞു,

“ആര്? നിവിൻ ചോദിച്ചു, “ചേട്ടായിയുടെ വിചാരം ഞങ്ങൾക്കാർക്കും ഒന്നും മനസ്സിലായില്ല എന്ന് ആണ് അല്ലെ, “എന്ത് മനസ്സിലായി എന്ന്? “ഒന്നുമില്ല,പിന്നെ ഇത് ഞാൻ ചേട്ടായിക്ക് വേണ്ടി വാങ്ങിയ ഗിഫ്റ്റ് ആണ്, അവൾ ഒരു ബോക്സ് എടുത്ത് അവൻറെ കയ്യിൽ കൊടുത്തു, അവൻ അത് തുറന്നു നോക്കി, “മനോഹരമായ ഒരു ബ്ലൂ പോളറൈസ്ഡ് കൂളിംഗ് ഗ്ലാസും, മനോഹരമായ ഒരു വാച്ചും ആയിരുന്നു അതിൽ, “പൊളിച്ചു മോളെ സൂപ്പർ, നിവിൻ അനിയത്തിയെ പ്രശംസിച്ചു,

“എൻറെ പിറന്നാൾ ആയിട്ട് അപ്പയും അമ്മച്ചിയും എനിക്ക് ഗിഫ്റ്റ് ഒന്നും തരുന്നില്ലേ? മാത്യുവിനെയും ട്രീസയുടെയും മുഖത്ത് നോക്കി അവൻ ചോദിച്ചു, “നിനക്ക് ഞങ്ങൾ തന്ന ഒരു വലിയ ഗിഫ്റ്റ് ആണ് ഈ ബർത്ത് ഡേ തന്നെ, ട്രീസ അയാളെ രൂക്ഷമായി നോക്കി, നിവിൻ നിതയും പരസ്പരം ചിരിച്ചു, എല്ലാവരും ആദ്യം പോയത് പാളയത്തെ പള്ളിയിലേക്ക് ആയിരുന്നു, അവിടെ നിവിന് വേണ്ടി മെഴുകുതിരികൾ കത്തിക്കുകയായിരുന്നു പല്ലവി,

മെഴുകുതിരികൾ കത്തിച്ച് അവൾ തിരിഞ്ഞപ്പോഴാണ് മോഹനനോട് സംസാരിച്ചു നിൽക്കുന്ന മാത്യുവിനെ കണ്ടത്, തൊട്ടടുത്ത് നിവിന്, ഒരു നിമിഷം അവളുടെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു, പെട്ടെന്നാണ് മോഹൻ അവളെ കൈ ആട്ടി വിളിച്ചത്, അവൾക്ക് അങ്ങോട്ട് പോകാതെ നിവൃത്തിയില്ലായിരുന്നു പെട്ടെന്ന് നിവിനും അവളെ തന്നെ നോക്കി, “എൻറെ മോളെ മാത്യുവിന് ഓർമ്മയിലേ? മോഹൻ ചോദിച്ചു, “പിന്നെ എനിക്ക് ഓർമ്മയില്ലേ? “മാതുമോൾ ഒരുപാട് മാറിപ്പോയി…ട്രീസ പറഞ്ഞു, പല്ലവി ചിരിച്ചു, “ഞാൻ നിന്നോട് പറയാൻ മറന്നുപോയി, ഇന്നാളിൽ ഞാൻ നമ്മുടെ ബാലകൃഷ്ണൻ വിവാഹത്തിന് പോയില്ലേ, അന്ന് ഞാൻ ഞാൻ മോഹനനെയും മകളെയും കണ്ടിരുന്നു അത് തന്നോട് പറയാൻ വിട്ടുപോയി, മാത്യു ട്രീസയോട് പറഞ്ഞു…

“ലതിക, ട്രീസ അത് ചോദിച്ചതും പല്ലവിയുടെ യും മോഹൻന്റെയും മുഖം മങ്ങി,

“അമ്മ മരിച്ചിട്ട് കുറേക്കാലം ആയി, പല്ലവിയുടെ മറുപടി കേട്ട് ട്രീസ യുടെ മുഖത്ത് സഹതാപം നിറഞ്ഞു. “അയ്യോ ഞാൻ അറിയാതെ ചോദിച്ചതാണ്, “അത് സാരമില്ല ആന്റീ,”ഇയാൾ വലിയ ആളായി പോയല്ലോ മോഹൻ നിവിനോട് ചോദിച്ചു, “മോഹൻ ആയിരുന്നു പണ്ട് ഇവൻറെ കൂട്ട്…മാത്യു പറഞ്ഞു, “ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് പഠിക്കുന്നത്,നിത പറഞ്ഞു, “അങ്ങനെയും ഉണ്ടോ , ട്രീസ ചോദിച്ചു.

“അതെ പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും അറിയില്ലാരുന്നു ഞങ്ങൾ ആരാണ് എന്ന്, നിത പറഞ്ഞു. “താൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആയോ? അന്ന് കണ്ടപ്പോൾ മോൾക്ക് തൃശൂരിൽ എംകോമിന് കിട്ടി എന്നല്ലേ പറഞ്ഞേ, “അതെ അപ്പോൾ ഇവൾക്ക് മാർ ഇവാനിയോസിൽ പഠിക്കാൻ ഒരു മോഹം, പിന്നെ ഇങ്ങോട്ട് ചേഞ്ച്‌ ചെയ്തു, ഞാൻ തൃശൂർ തന്നെ ആണ്, ഇപ്പോൾ എസ് ബി ഐ ബ്രാഞ്ച് മാനേജർ ആണ്, 1 കൊല്ലം കൂടി കഴിഞ്ഞാൽ റിട്ടയർ ആകും, മോഹൻ പറഞ്ഞു. “ഞാൻ ആറു മാസം കഴിഞ്ഞു റിട്ടയർ ആകും. മാത്യു പറഞ്ഞു,

“എന്താ നിങ്ങൾ ഇവിടെ, പള്ളിയിലേക്ക് നോക്കി ട്രീസ ചോദിച്ചു, “ഇവൾക്ക് തിരി കത്തിക്കാൻ വന്നതാ, പിന്നെ ഞാൻ പള്ളിയിൽ പോയി കുർബാന കാണും, അമ്പലത്തിൽ പോയി തൊഴും, വാങ്ക് വിളിക്കുമ്പോൾ നമസ്കാറിക്കാറും ഉണ്ട്, എല്ലാ ദൈവങ്ങളും ഒന്നാണ് എന്നാണ് എന്റെ വിശ്വാസം, “അത് കലക്കി അങ്കിൾ, നിവിൻ പറഞ്ഞു.

“നിങ്ങൾ അകത്തു കയറിയോ? ട്രീസ ചോദിച്ചു, “ഇല്ല കയറണം, മോഹൻ പറഞ്ഞു, “എങ്കിൽ വാ കയറാം, അവർ പല്ലവിയുടെ കൈയ്യിൽ പിടിച്ചു, പള്ളിയുടെ അകത്തു കയറി പ്രാർത്ഥിക്കാൻ പോകുമ്പോൾ പല്ലവി ഇടക്ക് ഇടതു വശത്തു നിൽക്കുന്ന നിവിനെ നോക്കി, താൻ വാങ്ങിയ ഡ്രെസ്സിൽ അവൻ അതീവസുന്ദരൻ ആണ് എന്ന് അവൾ ഓർത്തു, മുണ്ടാണ് അവനു ചേരുന്നത്, കട്ടിയുള്ള മീശയും ബുൾഗാൻ താടിയും, കഴുത്തിലെ രോമത്തിൽ ചേർന്ന് കിടക്കുന്ന കൊന്തയും സ്വർണമാലയിലെ പിണ്ടികുരിശു ലോക്കറ്റും എല്ലാം കൂടെ ഒരു കറക്റ്റ് അച്ചായൻ ലുക്ക്‌ തന്നെ ആണ് ആൾക്ക് ഇപ്പോൾ, അവൾ ക്രൂശിത രൂപത്തിൽ നോക്കി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു,

“കർത്താവെ ഞാൻ ദിവസവും വിളക്ക് വച്ചു തൊഴുന്ന എന്റെ കൃഷ്ണനും അങ്ങും ഒന്ന് തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം, ലോകപാപങ്ങൾക്കായി മരിച്ച അങ്ങേക്ക് എന്റെ ദുഃഖം മനസിലാക്കാൻ കഴിയുമല്ലോ, ഒരുപാട് അനുഭവിച്ചവൾ ആണ് ഞാൻ, അങ്ങേക്ക് അറിയാല്ലോ, ഇപ്പോൾ എന്നേ ജീവിക്കാൻ പോലും പ്രേരിപ്പിക്കുന്നത് ഒന്ന് മാത്രം ആണ്, എന്റെ സന്തോഷങ്ങളുടെ ഒക്കെ താക്കോൽ, ജീവിതത്തിൽ എനിക്ക് ഉള്ള ആക പ്രതീക്ഷ, നിവിൻ ആ ഹൃദയത്തിൽ എനിക്ക് ഒരു മുറി വേണം, മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത ഒരു സ്ഥാനവും അവിടുന്ന് എനിക്ക് അത് നൽകണം, അപേക്ഷിക്കാൻ എനിക്ക് മറ്റാരും ഇല്ല, ഇതുപോലെ ഒരു പിറന്നാൾ ദിവസം അവന്റെ കൈയും പിടിച്ചു ഈ അൾത്താരക്ക് മുന്നിൽ വന്നു പ്രാർത്ഥിക്കണം, മെഴുകുതിരി കത്തിക്കണം, അന്ന് എന്റെ കഴുത്തിൽ നിവിൻ കെട്ടിയ മിന്നു ഉണ്ടാകണം, പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ അവൾ കരഞ്ഞിരുന്നു, പെട്ടന്ന് ആരും കാണാതെ അവൾ കണ്ണ് തുടച്ചു,

*******

വീട്ടിൽ ചെന്നപാടെ ജാൻസി മാർക്കോസിന് അരികിൽ വന്നു ചോദിച്ചു, “എന്തായി ഇച്ചായ, മാത്യു സാറിനോട്‌ സംസാരിച്ചോ….”ഞാൻ ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്, “എന്നിട്ട് എന്താ പറഞ്ഞെ…..”അയാൾക്ക് താല്പര്യ കുറവ് ഒന്നുമില്ല, “നടന്നാൽ മതിയാരുന്നു. “നിന്റെ മോളെ കുറിച്ച് ബാംഗ്ലൂരിൽ പോയി തിരക്കാതെ ഇരുന്നാൽ നടക്കും, അത്രക്ക് നല്ല പേരല്ലേ, അയാൾ അത് പറഞ്ഞു അകത്തേക്ക് പോയി,

ഈ സമയം നിവിന്റെ ഫേസ്ബുക് ഐഡി കണ്ടുപിടിച്ചു റിക്വസ്റ്റ് അയക്കുക ആരുന്നു ശീതൾ, ഒരു ബ്ലാക്ക് ഷർട്ട്‌ ഇട്ട് പുഞ്ചിരിച്ചു നിൽക്കുന്ന അവന്റെ ഫോട്ടോയില് നോക്കി അവൾ വശ്യം ആയി പുഞ്ചിരിച്ചു…

തുടരും…