മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
തെല്ലു പരിഭ്രമത്തോടെ അവൾ ചോദിച്ചു. ആരാ ..?
ഞാനാടോ മാഷ് ….
മാഷ് …കുറച്ചു നേരമായോ വന്നിട്ട് ? വീട്ടിൽ നടന്ന ബഹളങ്ങളൊക്കെ മാഷ് കേട്ടുകാണുമോ എന്ന ജ്യാളിയതയോടെ അവൾ ചോദിച്ചു .
ങ്ആ …..ഒരു ചെറിയ മൂളലിൽ മാഷ് തന്റെ മറുപടി ഒതുക്കി
അകത്തേക്കു ഇരിക്കാം മാഷേ …വേണ്ടടോ ഇവിടെ നല്ല കാറ്റുണ്ട് ..,
കാറ്റത്തുലയുന്ന തെങ്ങിൻ തലപ്പ് നോക്കി മാഷ് പറഞ്ഞു
ഞാൻ ഇന്ന് കുറച്ചു കുട്ടികളെയും കൊണ്ട് അവിടെ എത്തിയപ്പോളാണ് അറിഞ്ഞത് …
എന്തിനാടോ അയാള് ആ സന്ധ്യക്കു കടത്തു കടന്നു കടയിലേക്കുള്ള സാധനങ്ങൾ മേടിക്കാൻ പോയത് ….
കയർത്തുകൊണ്ടാണ് മാഷ് അത് ചോദിച്ചത്
ബസിനുപോയാൽ കുറേ സമയം എടുക്കുമല്ലോ മാഷേ തിരിച്ചു വരാൻ….
തൊടിയിൽ നിന്നും മടിച്ചിറങ്ങിപോകുന്ന പോക്കു വെയിൽ നോക്കി അവൾ പറഞ്ഞു ….
എന്നിട്ട് തിരിച്ചു വന്നോ ?മഴ തുടങ്ങിയപ്പോൾ എങ്കിലും അയാൾക്കു കടത്തു ഉപേക്ഷിക്കാമായിരുന്നു .എല്ലാം സ്വന്തമിഷ്ടത്തിനല്ലേ ചെയ്യൂ…ആത്മവിശ്വാസം വേണം പക്ഷേ അമിതമാകരുത് …ഇത് തന്റേടം ….
മാഷിന്റെ ഇരുകവിളിലൂടെയും സമമായി ഒഴുകുന്ന കണ്ണീർ ചാലുകളിൽ സുധീഷേട്ടനോടുള്ള അമിത സ്നേഹം കലർന്നിരുന്നു ….
എനിക്കിനി ആരാടോ ഉള്ളത് …ഉള്ളം തുറന്നൊന്നു സംസാരിക്കാൻ….കഥകൾ പറഞ്ഞു ചിരിക്കാൻ ….ഇനി എനിക്കവിടെ ആരാ ഉള്ളത് ….
ശരിയാണ് …. നല്ല നിലാവ് പരന്നൊഴുകുന്ന രാത്രികളിൽ, സുധിഷേട്ടനും മാഷും കൂട്ടുകാരും ചാണകം മെഴുകിയ തറയിൽ അങ്ങനെ ഇരിക്കും ….
കവിതകളും നാടൻ പാട്ടുമൊക്കെയായി …
നല്ല നൂറുള്ള ചെണ്ട മുറിയൻ കപ്പയും കട്ടൻ കാപ്പിയും…..നല്ല വെളിച്ചെണ്ണ ചാലിച്ചെടുത്ത കാന്താരി ചമ്മന്തിയുടെ കൊതിയൂറും മണവും …
എല്ലാരേയും കൊതിപ്പിച്ചു അവിടെ നിറഞ്ഞു നിൽക്കുന്നുണ്ടാകും .
പിന്നെ മൊരുമൊരാന്നു മൊരിഞ്ഞ പുഴ മീൻ വറുത്തതും.
ചുറ്റുവട്ടത്തുള്ള എല്ലാരും അവിടെ ഉണ്ടാവും ….
നെടുവീർപ്പുകൾ ഓർമകളെ പൊതിയുമ്പോൾ അവൾ ഓർത്തു …
ഇപ്പോൾ സുധീഷേട്ടന്റെ കുഴിമാടത്തിനു മുകളിൽ നിലാവിൽ മാവിൻചില്ലകൾ നിഴൽ വിരിച്ചു നിൽക്കുന്നുണ്ടാകും ….
കണ്ണീരു വറ്റിയ അവളുടെ കണ്ണുകൾ വെറുതെ പിടഞ്ഞു …
ഇന്ന് അവിടെ ചെന്നപ്പോളാണ് അറിഞ്ഞത് തോണി മുങ്ങി സുധി …..
വാക്കുകൾ പുറത്തുവരാതെ മാഷിന്റെ തൊണ്ടയിൽ കുടുങ്ങി…,അപ്പോ തന്നെ ഇങ്ങോട്ടുള്ള അഡ്രസ്സും വാങ്ങി ഇറങ്ങി ….ഒരു നേരിയ നിശ്ശബ്ദതക്കു ശേഷം മാഷ് ചോദിച്ചു, കുട്ടികൾ എവിടെ കണ്ടില്ലല്ലോ …? അപ്പു …ചിന്നു ….ഇതാരാ വന്നേക്കുന്നതെന്നു നോക്കിയെ? മാഷിനെ കണ്ടപ്പോൾ അവർക്കു വലിയ സന്തോഷം. ഓടി ചെന്ന അവരെ മാഷ് ചേർത്തു പിടിച്ചു.
അപ്പോൾ മാഷിന്റെ ഇടതുകണ്ണ് ശക്തിയായി തുടിക്കുന്നുണ്ടായിരുന്നു…കുറച്ചു നേരം ഒന്നും മിണ്ടിയില്ല ..പിന്നെ അടുത്ത് വച്ചിരുന്ന പലഹാരപ്പൊതി അവർക്കു കൊടുത്തു കൊണ്ടു പറഞ്ഞുഉണ്ണിയപ്പവും ബിസ്ക്കറ്റും ചക്കവറുത്തതുമുണ്ട്
മക്കള് പോയി കഴിച്ചോ ? പുറത്തെ സംസാരം കേട്ട് …ഏട്ടത്തി വന്നു എത്തിനോക്കി.ഏട്ടത്തി ഇത് മാഷ് …സുധിയേട്ടന്റെ ഉറ്റ ചങ്ങാതിയാണ്
മാഷ് എഴുന്നേറ്റ് കൈകൾ കൂപ്പി …
ഒന്ന് ഇരുത്തി മൂളി ഏട്ടത്തി അകത്തേക്കു തന്നെ പോയി
അമ്മേ ….ഉള്ളിലേക്കു നോക്കി അവൾ നീട്ടി വിളിച്ചു
ദേ ഇതാണ് ഞാൻ പറഞ്ഞ ബാലൻ മാഷ്
മാഷിനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം മാഷിന്റെ കൂപ്പുകൈക്ക് മറുപടിയെന്നോണം അമ്മ പറഞ്ഞു
ചായ എടുക്കുവാൻ അമ്മ അടുക്കളയിലേക്കു തിരിഞ്ഞപ്പോൾ മാഷ് അവളെ നോക്കി ചോദിച്ചു
ഇവിടുത്തെ കാര്യങ്ങൾ …..?
കാര്യങ്ങൾ ഒക്കെ വളരെ പരുങ്ങലിലാണ് മാഷേ ….
തൊടിയിൽ ഇലകളിൽ നിന്നും ഊർന്നിറങ്ങുന്ന നിഴലുകൾ നോക്കിക്കൊണ്ടവൾ പറഞ്ഞു
എത്ര നാൾ താൻ ഇവരെ ആശ്രയിച്ചു ഇങ്ങനെ ജീവിക്കും…?
ഞാൻ വേറെ എന്തു ചെയ്യാനാ മാഷേ …ഇവിടെ വല്ലോ ചെറിയ ജോലി കിട്ടുമോന്നു നോക്കണം
ടോ …നിങ്ങടെ ആ ചായക്കട ഇയാൾക്ക് ഇനി നോക്കി നടത്തികൂടെ…?
ഞാൻ ഒറ്റക്കോ ? …..എങ്ങനാ മാഷേ …?എനിക്കൊന്നും അറിയില്ല …
എടോ ….നമ്മുടെ സാഹചര്യങ്ങൾ നമ്മളെ എല്ലാം പഠിപ്പിക്കും .ഒറ്റക്ക് പൊരുതാനും ….നേടാനും ….നഷ്ടങ്ങൾ മറക്കാനും ഒക്കെ പ്രാപ്തരാക്കും.
എന്റെ രാധ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് ഓർത്തിട്ടുണ്ട്…..അഞ്ച് വർഷത്തെ പ്രണയം…കല്യാണം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞതേയുള്ളൂ .
ജോലിക്കു പോയിട്ട് സ്കൂട്ടറിൽ വരികയായിരുന്നു. വീട്ടിലേക്കുള്ള വളവ് തിരിഞ്ഞപ്പോൾ എതിരെ വന്ന വണ്ടി തട്ടിയതാ …..ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു ….പിന്നെ എന്നെ തനിച്ചാക്കി അങ്ങ് പോയി….
ഒരു ദീർഘ നിശ്വാസത്തിനൊപ്പം അപ്പോഴും മാഷിന്റെ ഇടതു കണ്ണ് തുടിക്കുന്നുണ്ടായിരുന്നു …
മുന്നോട്ട് എങ്ങനെ എന്ന് ഓർത്തിട്ടുണ്ട് …..പത്തു വർഷങ്ങൾ കഴിഞ്ഞുപോയി ….അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി അത് എന്റെ പേഴ്സിൽ എപ്പോളും ഉണ്ടാവും ഒരു കൂട്ടിന് .
ഈ കഥ കേട്ടുകേട്ട് താൻ മടുത്തിട്ടുണ്ടാവുമല്ലേ …?
ഇല്ല മാഷേ ….ആ വേദനയുടെ ആഴം ഇപ്പോ ഞാൻ അനുഭവിക്കുന്നുണ്ട്.
ദാ മോനെ കാപ്പി കുടിക്ക് …
നിറം മങ്ങിയ ചില്ലു ഗ്ലാസിലെ കാപ്പി മാഷിന് നേരെ നീട്ടി അമ്മ പറഞ്ഞു
കാപ്പി ഒരു ഇറക്കു കുടിച്ചു മാഷ് പറഞ്ഞു, എത്ര നാളായി ചക്കര കാപ്പി ഇതുപോലെ കുടിച്ചിട്ട്
അതൊക്കെ പോട്ടേ …താൻ ഒരു തീരുമാനം എടുക്കണം ഒറ്റക്കാണെന്നു ഓർക്കുകയേ വേണ്ട.
പിന്നെ ഞങ്ങളൊക്കെ ഇല്ലേ തനിക്ക് …അവിടെ എല്ലാർക്കും സങ്കടമാണ് നിങ്ങളും കൂടി ഇങ്ങോട്ട് പോന്നിട്ട് …
എന്നാലും ഞാൻ ഒറ്റക്ക് ….
ഇവിടെ എല്ലാവരും ഉണ്ടായിട്ടും താൻ ഒറ്റപ്പെടുവല്ലേ ?
ങ്അ ….അതും ശരിയാ ….താൻ ആലോചിച്ചു തീരുമാനമെടുക്ക് ….
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അയാൾ കുറച്ചു നോട്ടുകെട്ടുകൾ ചുരുട്ടി അവൾക്കു നേരെ നീട്ടികൊണ്ടു പറഞ്ഞു …
കുട്ടികൾക്ക് എന്തെങ്കിലും മേടിക്കാൻ ഇത് ഇരിക്കട്ടെ
വേണ്ട മാഷേ അതൊന്നും വേണ്ട ..
ഇരിക്കട്ടെടോ താൻ എന്നെ അന്യനായ് കാണണ്ട. സുധാകരൻ എന്റെ കൂടപ്പിറപ്പാണ് സ്വന്തം കൂടപ്പിറപ്പ്. അവളുടെ കൈയിൽ ബലമായി നോട്ടുകെട്ടുകൾ വച്ചിട്ട് അയാൾ നടന്നകന്നു …
അന്ന് രാത്രി അവൾക്കു ഉറക്കം വന്നതേയില്ല .ചില ഉറച്ച തീരുമാനങ്ങൾ എടുത്തുകൊണ്ട് രാവിലെ തന്നെ എഴുന്നേറ്റു തന്റെയും മക്കളുടെയുംതുണികൾ അടുക്കി ബാഗിൽ വെയ്കുന്നതിനിടയിൽ അവൾ പറഞ്ഞു
അമ്മേ … ഞാൻ ഞങ്ങടെ വീട്ടിലേക്കു പോവ്വാട്ടോ
നീ എന്താ കുട്ടി ഈ പറയണേ …?അവിടെ നിനക്കു ആരാ ഉള്ളെ …?അവടെ പോയി നീ എങ്ങനെ ജീവിക്കും …?
ഇവിടെ എനിക്ക് ആരാ അമ്മേ ഉള്ളേ …?
നോവ് കലർന്ന ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു
ഞാൻ ഇവിടെ ഇല്ലേ ….മോളെ …? കട്ടിലിൽ കൈകുത്തി ഇരുന്ന് നിറ കണ്ണുകളോടെ അമ്മ ചോദിച്ചു.
ഞാൻ കാരണം അമ്മയുടെ ഉള്ള സമാധാനം കൂടി പോയി
എല്ലാവരും എനിക്ക് ഉണ്ടായിരുന്നു ….എന്റെ നെറ്റിയിലെ കുങ്കുമം മായും വരെ ….സീമന്തരേഖ വിളറി വെളുക്കും വരെ ….
എന്റെ സുധിയേട്ടൻ പോയതോടെ എല്ലാവരുടെയും കണ്ണിൽ ഞാനും മക്കളും ഭാഗ്യം കെട്ടവരായി …അനാഥരായി ….
ഇവിടെ അടുപ്പിൽ തീ ഊതി ഉള്ളിലേക്കു പോകുന്ന പുകപോലും ചുമക്കാൻ പേടിച്ചു ഞാൻ തിന്നുകയാണമ്മേ ?
ഒന്നു കാലമർത്തി ചവിട്ടി നടക്കാൻ പേടിതോന്നുന്നു….എന്റെ മക്കൾക്കു ഒന്നു ഉറക്കെ ചിരിക്കുവാനോ സംസാരിക്കുവാനോ പാടില്ല..,
ഒന്നും വേണ്ടമ്മേ …
ആതിര മോളുടെയും അനികുട്ടന്റേയും ചോറ് പാത്രത്തിൽ വറുത്ത മീൻ കണ്ട് എനിക്കും വേണമെന്ന് പറഞ്ഞു ചിന്നുക്കുട്ടി കരയണ കേൾക്കുമ്പോൾ ചങ്കു പൊടിയുവാണമ്മേ ….
ഇന്നലെ അവർക്കു മുട്ടുപുഴുങ്ങി കൊടുത്തു അപ്പുകുട്ടൻ അത് നോക്കി ഇരിക്കുവാണ് .ഏട്ടത്തി വേസ്റ്റ് ഒക്കെ വാഴ ചുവട്ടിൽ കൊണ്ടുകളയാൻ അപ്പുക്കുട്ടനോട് പറഞ്ഞു.
ഞാൻ വാതിൽ പുറത്തിരുന്നു മീൻ വെട്ടുകയാണ് അവൻ ആ മുട്ടത്തൊണ്ടിൽ പറ്റി പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള കാമ്പ് കൈകൊണ്ടു ചുരണ്ടി ചിന്നുക്കുട്ടിക്ക് കൊടുക്കണമ്മേ …
അത് പറഞ്ഞു അവൾ കണ്ണീരില്ലാതെ കരഞ്ഞു
പകലന്തിയോളം ഞാൻ വീട്ടുപണിയും പറമ്പിലെ പണിയുമായിട്ട് ഓടി നടക്കണതല്ലേ …?
ഏട്ടത്തിക്ക് കൈ കഴുകി ഇരുന്നാ മതി.തിന്ന പാത്രം പോലും എടുക്കണ്ട അതിലെനിക്കു ഒട്ടും ബുദ്ധിമുട്ടില്ല …
എന്നാലും എന്റെ മക്കൾക്കു മീനിന്റെ ഒരു ചെറിയ വാൽ കഷ്ണം എങ്കിലും കൊടുത്തൂടെ അമ്മേ …വല്ലപ്പോളും ഒരുമുട്ട ….
എന്റെ അവസ്ഥ ഏട്ടത്തിക്കറിയാലോ …
മേൽച്ചുണ്ടിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ അവൾ സാരിത്തലപ്പുകൊണ്ട് തുടച്ചു …
എന്നാലും എന്റെ കുട്ടി ഒറ്റക്കവിടെ
വേണ്ട അമ്മേ …അവളെ തടയേണ്ട ..,
അമ്മ അത് മുഴുമിപ്പിക്കുന്നതിനു മുൻപ് വല്യേട്ടൻ ഇടക്കു കയറി പറഞ്ഞു
എത്രയെന്നു വച്ച അവള് സഹിക്കുക ….അവിടുള്ള മനുഷ്യര് എത്ര നല്ലവരാണെന്നോ ….ഇവിടെ ഉള്ളതു മനുഷ്യനാണോ ..? ഏട്ടനെന്നും പറഞ്ഞു ഒരുത്തനുണ്ട് കാൽ കാശിനു ഗുണമില്ലാത്തവൻ .അയാൾ സ്വയം ശപിച്ചു
ആ മുറിയിലെ സംസാരം കേട്ട് ഏട്ടത്തി അങ്ങോട്ട് വന്നു
നീയെങ്ങോട്ടാ ഈ ചമഞ്ഞൊരുങ്ങി ? മീരയെ നോക്കികൊണ്ട് അവര് ചോദിച്ചു
ഞാൻ എന്റെ വീട്ടിലേക്കു മടങ്ങുക ഏട്ടത്തി …
എനിക്ക് അപ്പോളേ തോന്നി ഇന്നലെ ഒരു മാഷ് വന്നിരുന്നല്ലോ എന്താ അയാളുടെ പേര് … ?അയാള് വല്ലോ മോഹന വാഗ്ദാനങ്ങളും തന്നോ…?
എന്തിനാ ഏട്ടത്തി ആവശ്യമില്ലാത്ത കാര്യങ്ങൾ പറയണേ?
ഓ …ഇപ്പോ ഞാൻ പറഞ്ഞതാ കുറ്റം ….
അവളുടെ അഹങ്കാരം കണ്ടോ …കെട്ടിയോൻ ഇല്ലാത്തവളാണെന്നു കരുതി സഹതാപം പറ്റി ഓരോരുത്തൻമാര് വരും …ആദ്യം മാഷ് പിന്നെ …
പറഞ്ഞു തീരും മുൻപേ ഏട്ടന്റെ കൈ ചലിച്ചു. രണ്ട് കരണവും പൊത്തികൊണ്ടു ഏടത്തി കണ്ണടച്ച് നിന്നു. ഒന്നും പറയാനാകാതെ മീരയും അമ്മയും …പിന്നെ അവര് കൈ ചൂണ്ടി കലിതുള്ളി ഏട്ടന്റെ നേരെ ചെന്നു്
നിങ്ങളെന്നെ അടിച്ചല്ലേ …നിങ്ങ …
നിർത്തടീ … ഇത് നിനക്ക് ഞാൻ നേരത്തെ തരേണ്ടതായിരുന്നു … എന്റെ മക്കളെ ഓർത്താണ് എല്ലാം ഞാൻ ക്ഷമിച്ചത് …എന്നോട് ഉള്ളത് പോട്ടേ ..നീ അമ്മയോടും അനിയത്തിയോടുമൊക്കെ ചെയ്യുന്ന കണ്ട് ഞാൻ ഭൂമിയോളം ക്ഷമിച്ചു .
ഇനിയും ക്ഷമിച്ചാൽ ഞാൻ ആണല്ലാതാകും ….നിന്നെപ്പോലെ ഒരു പെണ്ണല്ലേടി അവളും ….ആരൊക്കെ തള്ളി പറഞ്ഞാലും ചേർത്തു പിടിക്കേണ്ട നീ …ശ്ശേ …എങ്ങനെ നിനക്ക് ഇത്ര തരം താണ് സംസാരിക്കാൻ തോന്നുന്നു ഭാമേ ..?
മുറിക്ക് പുറത്തേക്കു ഇറങ്ങുന്നതിനു മുൻപ് അയാൾ അവളുടെ അടുത്ത് വന്ന് പറഞ്ഞു.
എനിക്കറിയാം ഈ വാശിക്ക് നീ മക്കളെയും കൊണ്ട് ഇവിടുന്ന് ഇറങ്ങും …
ഇനി എങ്ങാനും എന്റെ മക്കളെകൊണ്ട് ഇവിടുന്നു ഇറങ്ങിയാൽ നിന്നെ ഞാൻ കൊല്ലും ….പോടീ അപ്പുറത്തേക്ക് ….അതൊരു അലർച്ചയായിരുന്നു
ഇതുവരെയും ഏട്ടനെ ഈ ഒരു അവസ്ഥയിൽ കണ്ടിട്ടില്ല …ഏട്ടത്തി മുഖംപൊത്തി പെട്ടന്നു തന്നെ മുറി വിട്ടു
മീരക്ക് മുഖം തരാതെ ഏട്ടൻ പുറത്തേക്കിറങ്ങി
മക്കളുടെ കൈപിടിച്ചു അവൾ പടി ഇറങ്ങുമ്പോൾ അമ്മ കരഞ്ഞു കൊണ്ടു കുഞ്ഞുങ്ങളെ ചേർത്തു നിർത്തി പറഞ്ഞു.
ഞാനും നിന്റെ കൂടെ വന്നേനെ …ഇവിടെ രണ്ടാളും കൂടി ജോലിക്കു പോയ രാത്രിയെ തിരിച്ചു വരൂ .ഒരു പെൺകൊച്ചു പ്രായമായി വരുവല്ലേ മോളെ …
സാരമില്ല അമ്മേ അമ്മയെകാണാൻ ഞാൻ ഇടക്ക് വന്നോളാം …
ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഏട്ടൻ എതിരെ വരുന്ന കണ്ടു ….
ഞാൻ ഓടി വരികയായിരുന്നു …
പോക്കറ്റിൽ നിന്നും ഒരു കവർ അവൾക്കു നേരെ നീട്ടികൊണ്ടു അയാൾ പറഞ്ഞു ..,
ഇത് മോളുടെ കൈയിൽ ഇരുന്നോട്ടെ …
വേണ്ട ഏട്ടാ ഇന്നലെ മാഷ് വന്നപ്പോൾ തന്ന കുറച്ചു പൈസ ഉണ്ട് കൈയിൽ .അത് മതി …
അങ്ങനെ പറയല്ലേ മോളെ …ഏട്ടന് ഒന്നും നിനക്ക് വേണ്ടി ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്തു ഓരോ നിമിഷവും നീറുകയാണ് …
മോളിത് ബാഗിൽ വയ്‌ക്കു …അവൾ ആ പൊതി ബാഗിൽ വയ്ക്കുമ്പോൾ ദൂരെ നിന്നും വളവു തിരിഞ്ഞു വരുന്ന ബസ്സിന്റെ ഹോണടി കേട്ടു .
ഇടക്കൊക്കെ മാമൻ വരാട്ടോ …..കുട്ടികളെ കെട്ടിപിടിച്ചു ഉമ്മവയ്ക്കുന്നതിനിടയിൽ അയാൾ പറഞ്ഞു .അപ്പോൾ അയാളുടെ നെറ്റിക്കിരുവശത്തുമായി നീല ഞരമ്പുകൾ തെളിഞ്ഞു വന്നു …
ഏട്ടാ ഏട്ടത്തിയുമായി വഴക്കൊന്നും വേണ്ട …ബസ്സിലേക്ക് കേറുന്നതിനു മുൻപ് അവൾ പറഞ്ഞു
ബസ്സ് വിട്ട് കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ കുട്ടികൾ അവളുടെ മടിയിൽ കിടന്നു ഉറങ്ങി …അവരെയും ചേർത്തു പിടിച്ചു ഓരോകാര്യങ്ങൾ ഓർത്തു അവളും ഒന്നു മയങ്ങി
ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോൾ കണ്ടക്‌ടറുടെ ഉറക്കെയുള്ള വിളി കേട്ടാണ് അവൾ എഴുന്നേറ്റത്
ബസ്സ് ഇറങ്ങി നേരെ ഷുക്കൂർ ഇക്കയുടെ പീടികയിലേക്കു നടന്നു….
ഇക്കാ ഒരു കവറ് പാല് …
ങ്അ ..മീരക്കുട്ടി വന്നോ …? നന്നായി ….ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിന്നെ എങ്ങടും വിടില്ലായിരുന്നു.
കട തൂത്തു കൊണ്ടിരുന്ന ഇക്ക മീരയുടെ ശബ്ദം കേട്ട് തലയുയർത്തി പറഞ്ഞു .
ഞങ്ങള് താഹിറയുടെ അടുത്തൂന്ന് ഇന്നലെ രാത്രിയാണ് എത്തിയത് .രണ്ട് ദിവസം കൂടി ഉപ്പൂപ്പയും ഉമൂമ്മയും അവിടെ നില്കണമെന്നു പറഞ്ഞു കുട്ടികള് ബഹളം.
വന്നപ്പളാണ് അറിഞ്ഞത് നീ പോയിന്ന് ….ന്റെ മോളെ സ്വന്തക്കാരും ബന്ധുക്കളുമൊക്കെ കുറച്ചു കഴിയുമ്പോ മടുക്കും.
അവനോ പോയി ഇനി കുട്ടികൾക്ക് നീയല്ലേ ഉള്ളു …നീയും കൂടി കരഞ്ഞു പൊരെ കുത്തി ഇരുന്ന എന്താ ചെയ്യ്‌ക
എന്തു പറയാനാ ഇക്ക എല്ലാം എന്റെ വിധി …
നീ ഇനി ഇങ്ങനെ പറഞ്ഞോണ്ടിരുന്നിട്ട് എന്തു കാര്യം ?
വെക്കം കട തുറക്കാനുള്ള നടപടി നോക്ക് ….അവടെ കച്ചവടം ഭേഷ് ആയിട്ട് നടക്കട്ടെ
ദാ …പാല് മാത്രമല്ല ബ്രെഡും കുറച്ചു പലഹാരങ്ങളും ഉണ്ട് കുട്ടികൾക്കു ഇരിക്കട്ടെ
എത്രയായി ഇക്കാ ….?
അവൾ തോളിലിട്ട തന്റെ തുണി സഞ്ചി തുറക്കുന്നതിനിടയിൽ ചോദിച്ചു
അതൊക്കെ ഞാൻ പിന്നെ മേടിച്ചോളാം ഇപ്പോ കുട്ടികൾക്ക് പോയി എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ നോക്ക് …
കുട്ടികളെയും കൂട്ടി അവൾ വേഗത്തിൽ വീട്ടിലേക്കു നടന്നു
വേഗം തന്നെ പാല് കാച്ചി ആറ്റി മക്കൾക്കു കൊടുത്തു . ആർത്തിയോടെ ചൂടു പാലിൽ റൊട്ടി കഷ്ണം മുക്കി അവര് തിന്നുന്നതു കണ്ട് കണ്ണിരില്ലാതെ അവൾ കരഞ്ഞു
അവര് കഴിച്ചു കഴിയുന്നതുവരെയും അവൾ അവരെ തന്നെ നോക്കിയിരുന്നു .
പിന്നെ അവൾ ഓർത്തു…ഇനി കരഞ്ഞു ഇരിക്കാൻ നേരമില്ല …മക്കൾക്കു ഇനി താനല്ലാതെ വേറെ ആരുമില്ല …ഇനി അവർക്കു തണൽ മരം താനാണ് …വീഴാൻപാടില്ല ഇല കൊഴിയാനും …..
കുട്ടികളെ കണ്ടപ്പോൾ അടുത്ത വീട്ടിലെ കുട്ടികൾ ഓടി വന്നു .അവരെ എടുത്തുപൊക്കി അവർ സന്തോഷം പ്രകടിപ്പിച്ചു …
അവര് കുട്ടികളെയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി
അവൾ കട വൃത്തിയാക്കാൻ ഇറങ്ങി ….സുധിയേട്ടന്റെ ഒരു ഫോട്ടോ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു അവൾ വേഗം കടയിലേക്ക് നടന്നു.
കട തുറന്നപ്പോൾ കെട്ടിക്കിടന്ന പൂപ്പലിന്റെ മണം അവളെ തെല്ലും മടുപ്പിച്ചില്ല. വേഗം ജനാലകൾ തുറന്നു …മേലെ തട്ടിൽ അവൾ അയാളുടെ ഫോട്ടോ വെച്ചു …
ദേ …സുധിയേട്ടാ നിങ്ങള് ഇനി ഇവിടെ ഇരുന്നാ മതി ….എന്നിട്ട് ഞാൻ എന്തൊക്കയാ ചെയ്യേണ്ടതെന്നു പറഞ്ഞോളൂ
അതും പറഞ്ഞു നീളൻ ചൂലുകൊണ്ട് മാറാലകൾ എല്ലാം അവൾ അടിച്ചുമാറ്റി…
എണ്ണമെഴുക്കു പുരണ്ട ചില്ലലമാര തുടച്ചു വൃത്തിയാക്കി
അടുപ്പിലെ ചാരവും കരിയും പുറകുവശത്തെ മുറ്റത്തെ വാഴച്ചുവട്ടിൽ കൊണ്ടിട്ടു ……
തറ കഴുകി തുടച്ചു…
ഓരോ ജോലി തീർത്തു കഴിയുമ്പോളും അവൾ അയാളുടെ ഫോട്ടോ നോക്കി ചോദിക്കും ….എല്ലാം ശരിയല്ലേ സുധിയേട്ടാ …?
മറുപടിക്കായ് കുറച്ചു കാത്തു നില്ക്കും …അയാൾ തലയാട്ടുന്നതായി അവൾ ഓർക്കും .എന്നിട്ട് അടുത്ത ജോലി തുടങ്ങും …
കട വൃത്തിയാക്കി കഴിഞ്ഞു മുറ്റത്തെ ചോപ്പു ചെത്തിയിൽ നിന്നും പൂക്കുല അടർത്തി ഭംഗിയായി അയാളുടെ ഫോട്ടോക്കു മുൻപിൽ അടുക്കി ….
അത് നോക്കിനിൽക്കേ അവളുടെ മനസ്സ് ശൂന്യമായി മുകളിലേക്കു ഉയർന്നു പൊങ്ങി തൊണ്ടയിൽ തട്ടുന്നപോലെ ….ചോപ്പു ചെത്തി അവൾ ആ ഫോട്ടോയുടെ മുൻപിൽ നിന്നും തട്ടി തെറിപ്പിച്ചു …
ഇല്ല സുധിയേട്ടൻ മരിച്ചിട്ടില്ല ….ഞങ്ങളുടെ കൂടെ തന്നെയുണ്ട് …..
പിന്നെ അവൾ മുറ്റത്തിറങ്ങി …തന്റെ വാടിക്കരിഞ്ഞു പോയ സ്വപ്‌നങ്ങൾ പോലെ മുറ്റം നിറഞ്ഞു കിടക്കുന്ന കരിയില കൂട്ടങ്ങൾ അപ്പാടെ അടിച്ചു മുറ്റത്തിനോരത്തു കൂനകൂട്ടി തീ ഇട്ടു
കിഴക്കു വശത്തെ ആഞ്ഞിലി മരത്തിനു താഴെ കൈകഴുകാനായി വച്ചിരുന്ന കാലിയായ നീല വീപ്പയിൽ വെള്ളം കോരി നിറച്ചു
വീണ്ടു കീറി തുടങ്ങിയ തറ ചാണകമിട്ടു മെഴുകി മിനുസപ്പെടുത്തി.ചവറുകൾ തീയിലെറിഞ്ഞു ….വരുന്ന വഴി കുട്ടികളെയും കൂട്ടി വീട്ടിലേക്കു മടങ്ങി….
കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ആമിനത്താ വിളിച്ചു പറയുന്നകേട്ടു
ടി …മീരേ ചൂടു കഞ്ഞിയും ചക്ക പുഴുക്കും ചമ്മന്തിയും ഇറയത്തു വച്ചിട്ടുണ്ട്ട്ടോ
കുഞ്ഞുങ്ങൾക്കു കഞ്ഞി കോരിക്കൊടുത്തു അവരെ കട്ടിലിൽ കിടത്തി ഉറക്കി ….
മുൻപ് അവൾ ചെയ്യാറുണ്ടായിരുന്നു പോലെ താഴെ പായ വിരിച്ചു …
കണ്ണുകൾ അറിയാതെ ജന്നലിനപ്പുറം മാവിൻ കൊമ്പുകൾ നിഴൽ വീഴ്ത്തിയ അയാളുടെ കുഴിമാടത്തിൽ തറഞ്ഞു …
അവൾ സ്വയം ശാസിച്ചു …എന്തിനാണ് അങ്ങോട്ട് നോക്കുന്നത് അവിടെ ആരുമില്ല ….സുധിയേട്ടനല്ലേ ഇവിടെ കിടക്കുന്നതു ….
ദേ ..ഇത്തിരി അങ്ങോട്ട് നീങ്ങി കിടന്നേ സുധിയേട്ടാ….അതും പറഞ്ഞവൾ പായയിൽ കിടന്നു …
സുധിയേട്ടൻ കൂടെയുള്ളപ്പോൾ ഞാൻ എന്തിനാ മറ്റുള്ളവരെ ആശ്രയിക്കുന്നെ അല്ലെ ….
ഉം …അയാൾ അടുത്തിരുന്നു മൂളി
നമ്മുടെ മക്കൾ ഇപ്പോ സന്തോഷത്തിലാ …ഉം ….അയാൾ വീണ്ടും മൂളി…
ഞാൻ മുറ്റം മെഴുകികൊണ്ടിരുന്നപ്പോൾ മഞ്ഞ പിച്ചിപ്പൂ ചോദിച്ചു ഒരു പെൺകുട്ടി വന്നില്ലേ ?അത് കിഴക്കേതിലെ ജാനമ്മയുടെ മോളാണോ…?
ഉം ….അപ്പോളും അയാൾ മൂളി
ദേ ഇങ്ങനെ മൂളുക മാത്രം ചെയ്‌ത എനിക്ക് ദേഷ്യം വരൂട്ടോ …
അവൾ മാത്രം കേൾക്കേ അയാൾ ചിരിച്ചു
എന്തു രസമാ ആ പെൺകുട്ടിയെ കാണാൻ വിടർന്ന കണ്ണും ചുണ്ടിനു മുകളിലെ കാക്ക പുള്ളിയും നല്ല ഭംഗി ഉണ്ടായിരുന്നു അല്ലെ ?
എന്റെ മീനുട്ടിയുടെ അത്രയും സുന്ദരി അല്ലാട്ടോ ..?
അവളുടെ കാതോരം ചേർന്നയാൾ പറഞ്ഞു
പിന്നെ …കള്ളം പറയല്ലേ സുധിയേട്ടാ ….
നേര് പെണ്ണെ ….ആ പായയിൽ കിടന്നു ഉറക്കത്തിലേക്ക് വീഴുന്നതുവരെ അവൾ എന്തക്കയോ കഥകൾ അയാളോട് പറഞ്ഞു കൊണ്ടേയിരുന്നു …
പിറ്റേ ദിവസം ….രാവിലേ തന്നെ അവൾ കടതുറന്നു
വലിയ അലുമിനിയ പാത്രത്തിൽ വെള്ളവും പാലും ചായപ്പൊടിയും ചേർത്തു അടുപ്പിൻ മുകളിൽ വെച്ചു
സുധിയേട്ടാ …ഞാൻ ആദ്യമായിട്ട് ഓരോന്ന് ചെയ്യാൻ തുടങ്ങുന്നെ എന്റെ കൂടെ തന്നെ നിന്നോണെ
ചുള്ളിവിറകിന്റെയും കടലാസിന്റെയും മുകളിൽ മണ്ണെണ്ണ ഒഴിച്ചു തീപ്പെട്ടി ഉരയ്ക്കുമ്പോൾ പതിവില്ലാത്ത പോലെ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു….
ചായ ഇടുന്നതിനിടയിൽ അവൾ കണ്ടു സഞ്ചാരികളുമായി വരുന്ന മാഷിന്റെ വണ്ടി ….
മാഷ് കടയുടെ പുറത്തു നിന്നു ചുറ്റുമൊന്നു കണ്ണോടിച്ചു പറഞ്ഞു ….
മിടുക്കീ ……ഇങ്ങനെ വേണം പെണ്ണായാൽ….
ചിരിച്ചുകൊണ്ടു അവൾ സുധിയേട്ടന്റെ ഫോട്ടോയിലേക്ക് നോക്കി ….
ജീവിതം പഴയതുപോലെ തളിർത്തു തുടങ്ങി …മുറ്റത്തെ ബഞ്ചിൽ മാഷിനൊപ്പം ആളുകൾ നിരന്നു…കാട് കാണാൻ വരുന്ന കുട്ടികൾ വേലിക്കരുകിലെ മഞ്ഞപിച്ചി പൂക്കൾ നുള്ളി തലയിൽ ചൂടി …
അവൾ മൂന്നാലു കൂട്ടം പലഹാരങൾ ഉണ്ടാക്കി ചില്ലലമാരയിൽ നിറച്ചു….അവളുണ്ടാകുന്ന ഇല അടയും വട്ടയപ്പവും ആളുകൾ വീടുകളിലേക്ക് വാങ്ങികൊണ്ടു പോകാൻ തുടങ്ങി
കാലിയായി തുടങ്ങിയ ഭരണികൾ വർണ്ണ മിഠയികൾ കൊണ്ടു നിറച്ചു….
അംബിക ചേച്ചിയും ആമിന ഇത്തയും അവളെ സഹായിക്കാൻ ഇടക്ക് കടയിൽ വരും. ഇടക്ക് മാഷ് ശരിയാക്കി കൊടുത്ത ലോൺ കൊണ്ടു കടമുറി ഭംഗിയാക്കി
മാഷ് കൊണ്ടുവരുന്ന ആളുകൾക്ക് അവൾ പൊതിച്ചോറുണ്ടാക്കി. മിച്ചം കിട്ടുന്ന പൈസ സൂക്ഷിച്ചു വെച്ചു വീട് അടച്ചുറപ്പുള്ളതാക്കി ചുറ്റും മതില് പണിതു ….
പകലത്തെ തിരക്കിൽ അവൾക്കു സുധിയേട്ടനോട് സംസാരിക്കാൻ സമയം കിട്ടാതെയായി. എന്നാലും രാത്രിയിൽ എല്ലാ വിശേഷവും അയാളുമായി പങ്കുവെച്ചേ അവളുറങ്ങു….എല്ലാ കാര്യങ്ങൾക്കും മാഷ് അവൾക്കൊപ്പം നിന്നു …
ദിവസങ്ങൾ വര്ഷങ്ങളിലേക്കു വിരൽ ചൂണ്ടി….
ഇടക്കെപ്പോഴോ ആളുകളിൽ ഒരു മാറ്റം അവൾ ശ്രദ്ധിച്ചു
ഇടയ്ക്കു കുട്ടികൾക്ക് കളിക്കോപ്പുകളും കഥ പുസ്തകങ്ങളുമായി മാഷ് വീട്ടിൽ വരുമ്പോൾ മതിലിനു പുറത്തു ചില കണ്ണുകൾ വട്ടം ചുറ്റുന്നതും ….
അവളെയും അയാളെയും കുറിച്ചുള്ള കഥകൾ ആൽത്തറയിലും കുളക്കടവിലുമൊക്കെ കഥയായതും ഒക്കെ ഒത്തിരി വൈകിയാണ് അവൾ അറിഞ്ഞത്
ഇടക്കൊക്കെ വേലിക്കു പുറത്തുള്ള ചൂളം വിളിയും …രാത്രി കതകിലെ മെല്ലെയുള്ള മുട്ടും പതിവായപ്പോൾ….
അവൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് അത്തരക്കാർ അവൾക്കു ശീലവതിയെന്ന പട്ടം നല്കി .
അവരുടെ മുന്നിലൂടെ അവൾ കടുത്ത നിറത്തിലെ സാരിച്ചുറ്റി….കൈനിറയെ കുപ്പിവളകൾ അണിഞ്ഞ് …..ചെറുവിരൽ ചോപ്പു നിറത്തിൽ ചുവപ്പിച്ചു നെറ്റിയിൽ വട്ടപ്പൊട്ടു കുത്തി …തലയിൽ മഞ്ഞ പിച്ചി പൂ ചൂടി ….തല നിവർത്തി പിടിച്ചു നടക്കും ….
ഒരിക്കൽ അവൾ മാഷിനോട് ചോദിച്ചു ?
എന്താ ഇപ്പോ വീട്ടിൽ വരാത്തെ മാഷേ …? കുട്ടികള് ചോദിക്കുണ്ട് നിങ്ങളെ ….
അവരെ കാണാൻ എനിക്ക് കൊതിതോന്നാറുണ്ടടോ …പക്ഷേ ഞാൻ കാരണം ഇയാൾക്കു ഒരു ചീത്തപ്പേര് വേണ്ട
മാഷ് ആരെയാ ഈ പേടിക്കണേ ..?
നിങ്ങൾക്കു നിങ്ങളെ പേടിതോന്നുന്നതുവരെ, എനിക്ക് എന്നെ പേടിതോന്നുന്നതുവരെ, നമുക്ക് ആരെയും പേടിക്കണ്ട മാഷേ
അതും പറഞ്ഞു നടന്നു നീങ്ങുന്ന അവളെ നോക്കി നിൽക്കേ മാഷിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
എനിക്ക് ഒറ്റയ്ക്ക് പേടിയാ മാഷേ എന്ന് പറഞ്ഞു കരഞ്ഞ ഒരു പെണ്ണിനെ ഓർത്ത് …
ഒരു ദിവസം അച്ചപ്പം എണ്ണയിൽ നിന്നു വറത്തു കോരുന്ന ആമിനത്തായോട് അംബിക ചേച്ചി എന്തോ കണ്ണുകൊണ്ടു കാണിക്കുന്നത് അവൾ കണ്ടു
ടി …മോളെ നിന്നോട് ഒരു കാര്യം പറയണമെന്ന് ബിചാരിച്ചു കുറച്ചു ദിവസായി .,.
എന്താ ഇത്താ …നിങ്ങൾക്കു എന്തു വേണമെങ്കിലും എന്നോട് പറയാലോ ?
നീയും ചെറുപ്പം മാഷും ചെറുപ്പം രണ്ടാൾക്കും കൂട്ടുമില്ല ….നിങ്ങള് രണ്ടാളും ഒരു കല്യാണം കഴിച്ചു കൂടിക്കൂടേ
മക്കൾക്കും നിനക്കും ഒരു കൂട്ടും ആവും …ആളുകളെകൊണ്ട് ഒന്നും പറയിക്കേമ് വേണ്ട …
ആമിനത്താ നിങ്ങക്ക് ആളുകള് പറയണ കാര്യം …എന്നെ വിശ്വാസം ഇല്ലേ …?
അതല്ലേ കുട്ടിയെ നിങ്ങക്കൊരു കൂട്ടാകൂലോ എന്നോര്ത്താ
എന്താ …നിങ്ങക്ക് എനിക്ക് കൂട്ടുവന്നു മടുത്തോ?
എന്റെ മീനൂട്ടി ഞാൻ ഒന്നും പറഞ്ഞില്ല …തീർന്നല്ലോ ആമിനത്തയുടെ കെറുവ് കണ്ട് അവൾ ചിരിച്ചു …
അന്ന് രാത്രി അവൾ തലയിണയിൽ മുഖമമർത്തി തേങ്ങി. ഏറെ നാളുകൾക്കു ശേഷം കണ്ണുകൾ നിറഞ്ഞു തുളുമ്പി
സുധിയേട്ടാ നിങ്ങടെ സ്ഥാനത്തു എനിക്ക് മറ്റാരെയും കാണാൻ കഴിയില്ല ….
അവളുടെ തേങ്ങലുകൾ കൊണ്ടു മുറിയാകെ നിറഞ്ഞു
രണ്ടു ദിവസം കഴിഞ്ഞു മാഷ് ചിന്നുമോളുടെ പിറന്നാളിന് അവൾക്കു ഒരു പാവക്കുട്ടിയും അപ്പുക്കുട്ടന് ഒരു കളിപ്പന്തുമായി വന്നു …
ഭക്ഷണം കഴിച്ചു പായസവും കുടിച്ചു യാത്ര പറഞ്ഞു മാഷ് പുറത്തേക്കിറങ്ങുമ്പോൾ അവളും പുറത്തേക്കിറങ്ങി …
നല്ല കാറ്റുണ്ടല്ലേ മാഷേ ….
ധനുമാസമല്ലേടോ കാറ്റിന് നല്ല തണുപ്പുമുണ്ട് …എടോ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്
എന്താ മാഷേ ….?
ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം
മാഷ് കാര്യം പറ
ഞാൻ കാരണം തനിക്കു ചീത്തപ്പേരായല്ലേ…തനിക്കു എന്തെങ്കിലും ബുദ്ധിമുട്ട് ഞാൻ കാരണം വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ഞാൻ തയ്യാറാടോ…..
കാറ്റ് തട്ടി കിലുങ്ങുന്ന ഇലകളെ നോക്കി മാഷ്
തുടർന്നു …
എനിക്ക് അമ്മ മാത്രമേ ഉളളൂ എന്ന് തനിക്ക് അറിയാലോ.അമ്മയ്ക്ക് പ്രായമായി വരുന്നു …കണ്ണിന് നല്ല കാഴ്ചക്കുറവുണ്ട് …
എന്നെക്കുറിച്ചുള്ള വേവലാതി ആണ് എന്നും ….എന്നും കുറേ പറഞ്ഞു കരയും ….എനിക്ക് ഒരു ജീവിതം ഉണ്ടായി കാണമെന്നു പറഞ്ഞ് ….പെറ്റമ്മ അല്ലെടോ ആ കണ്ണീരിന്റെ ചൂടിൽ എന്റെ തീരുമാനങ്ങൾ ഉരുകി തുടങ്ങി….
ഞാൻ സമ്മതം മൂളിയതെയുള്ളൂ …അമ്മ തിരക്കിട്ട ആലോചനയിലാണ് …
കുറച്ചു ദിവസമായി എന്റെ രാധയേക്കാൾ കൂടുതൽ തന്നെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയിട്ട് ….
വീണ്ടും ഒരു നേർത്ത മൗനത്തിനു ശേഷം മാഷ് തുടർന്നു
തനിക്കു സമ്മതമാണെങ്കിൽ എന്റെ ജീവിതത്തിലേക്ക്
തന്നെ ഞാൻ ക്ഷണിക്കുകയാണ് ….
അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല ….പിന്നെ ചെമ്മാന തുടിപ്പുകളിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടു പറഞ്ഞു
ഒരിക്കലും മാഷിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു ചോദ്യം …അതാണ് മാഷിപ്പോൾ ചോദിച്ചത്
എന്റെ മനസ്സ് നിറയെ എന്റെ സുധിയേട്ടനോടുള്ള സ്നേഹം മാത്രമേ ഉള്ളു മാഷേ ….മനസ്സ് നിറയെ സ്നേഹം തന്ന് ….ഒരുപാട് മോഹങ്ങൾ തന്ന് …,എന്നെ ഒരുപാട് മോഹിപ്പിച്ചു കടന്നുകളഞ്ഞ ഒരാൾ …ആ മനുഷ്യനെ എത്ര സ്നേഹിച്ചിട്ടും കൊതി തീരുന്നില്ല മാഷേ
ആൾക്കാർക്കു എന്തും പറയാം …ഒരു പെണ്ണിന് …അവൾക്കുണ്ട് അവളുടെ ഇഷ്ടങ്ങൾ അവൾക്കുണ്ട് തീരുമാനങ്ങൾ …അവൾക്കുണ്ട് ഒരു മനസ്സ് …..അതാരും കാണുന്നുമില്ല …ആർക്കും കാണുകയും വേണ്ടേ ….
ഞാൻ പണ്ടത്തെ മീരയായിരുനെങ്കിൽ ഈ ആളുകളെ ഭയന്ന് മാഷിനെ വിവാഹം കഴിച്ചേനെ ….ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ എന്റെ മക്കൾ മാഷിന് ഒരു പ്രാരാബ്ധമായി തോന്നാം …..ചിലപ്പോൾ സ്വന്തം കുഞ്ഞിനെ താലോലിക്കാനാവാത്ത ഒരു മോഹഭംഗം മാഷിന് തോന്നി എന്നും വരാംചിലപ്പോൾ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് നമുക്ക് തോന്നാം …
അപ്പോഴും നമ്മളെ കൂട്ടിച്ചേർക്കാൻ താലി അല്ലാതെ വേറെ കണ്ണികൾ ഇല്ലാത്തതുകൊണ്ട് നമുക്കിടയിലെ വീർപ്പു മുട്ടലുകളിൽ ഓരോ നിമിഷവും പിടഞ്ഞ് …ആരെയൊക്കയോ ബോധ്യപ്പെടുത്തുവാൻ….ആരെയൊക്കയോ പേടിച്ച് ….എല്ലാം മൂടി വെച്ച് നമ്മൾ വീർപ്പുമുട്ടി ജീവിക്കും ….അത് വല്ലാത്തൊരവസ്ഥ ആയിരിക്കും മാഷേ………
മാഷേ ഇങ്ങനെ പറയേണ്ടി വന്നതിൽ മാപ്പ് ….
ഇല്ലടോ എറ്റവും നല്ല തീരുമാനമാണ് താൻ എടുത്തത്
അത് പറയുമ്പോൾ മാഷിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു
എന്താ മാഷേ ചിരിക്കുന്നെ …..? തെറ്റായിട്ടെന്തെങ്കിലും ഞാൻ പറഞ്ഞോ …?
ഒരു രണ്ട് മൂന്ന് വർഷങ്ങൾക്കു മുൻപ് ഞാൻ ഒരു പെൺകുട്ടിയെ കണ്ടിരുന്നു …
ജീവിതം വഴിമുട്ടിയ അവസ്ഥയിൽ പേടിച്ചു വിറച്ചു കരഞ്ഞു കലങ്ങി നിന്ന ഒരു പെൺകുട്ടി…ദേ ഇപ്പോ ആ പെൺകുട്ടി ഒരു ഒത്ത പെണ്ണായിരിക്കുന്നു…ഉരുക്കു കൊണ്ടു തീർത്ത പെണ്ണ് ….
അവളുടെ കണ്ണിൽ ഒരു അഭിമാനത്തിന്റെ തിളക്കം അയാൾ കണ്ടു …
മാഷേ നിങ്ങൾ എനിക്ക് നല്കിയ ആത്മവിശ്വാസം …ഒരാത്മ മിത്രമായി കൂടെ നിന്നു ചെയ്യ്ത സഹായങ്ങൾ ….വാടിതളർന്നപ്പോൾ തന്ന തണൽ ….ഇതൊന്നും ഒരിക്കലും മറക്കില്ല മാഷേ ….
പിന്നെ മാഷേ ….ഇനിയും അമ്മയെ വിഷമിപ്പിക്കരുത്
മകന്റെ ഒരു നല്ല ജീവിതം കണ്ട്…. പേരകുട്ടികളെ ഒന്ന് ഓമനിച്ചു …അതൊക്കെ അല്ലെ മാഷേ അവരുടെ ജീവിതം
അവർക്കും ഇല്ലേ മാഷേ നമ്മളെ കുറിച്ചുള്ള ആഗ്രഹങ്ങൾ
ഇപ്പോ തന്നെ എനിക്ക് എന്റെ മകളെക്കുറിച്ചു എന്തൊക്കെ മോഹങ്ങൾ ആണന്നോ …?
മ് ….ഇന്നലെ അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ മകളുടെ കാര്യം അമ്മ പറഞ്ഞു.
കുറേ പ്രാരാബ്ധങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം വന്ന പല ആലോചനകളും മുടങ്ങിയ ഒരു പെൺകുട്ടി ….വാക്ക് കൊടുക്കട്ടെ എന്ന് അമ്മ ചോദിച്ചു ….
ഇന്ന് പറയാമെന്നാണ് പറഞ്ഞത് .അതിനു മുൻപ് തന്നോട് ഒന്ന് ചോദിക്കണമെന്നു തോന്നി
ഇനി ധൈര്യമായി വാക്കു കൊടുക്കാലോ ….അല്ലെ?ആരുമില്ലാത്ത അവൾക്കെങ്കിലും എന്റെ ജീവിതം കൊണ്ടു ഉപകാരം ഉണ്ടാകട്ടെ .
ഈ ജീവിതം കൊണ്ടു ഒത്തിരി പേർക്ക് ഉപകാരം ഉണ്ടായിട്ടുണ്ട് മാഷേ….
അത് കേട്ടുള്ള മാഷിന്റെ ചിരിയിൽ അവളും പങ്കു ചേർന്നു
മാഷേ കല്യാണം അറിയിച്ചേക്കണോട്ടോ.എല്ലാത്തിനും മുന്നിലുണ്ടാവും ….
മാഷിന്റെ മൗനം അവളെ വല്ലാതെ നൊമ്പരപ്പെടുത്തി
അവളുടെ മുഖം വാടി ….ശരിയാണ് ….ഒന്നും ഓർക്കാതെ പറഞ്ഞു പോയി ….
താൻ എപ്പോഴും മറന്നുപോകുന്നു .ഇപ്പോളും സുധിയേട്ടൻ കൂടെ ഉണ്ടന്നാണ് വിചാരം …
ങ്ഹ …ഞാൻ എല്ലാം മറന്നു പോയി മാഷേ …
അവളുടെ തോളിൽ തട്ടി മാഷ് പറഞ്ഞു
ഒരാഴ്ച മുന്നേ വരണം …..
എല്ലാ കാര്യങ്ങളും നോക്കി നടത്താൻ മുൻനിരയിൽ തന്നെ ഉണ്ടാവണം ….
എന്റെ പെണ്ണിനെ വീട്ടിലേക്കു കൈപിടിച്ച് കയറ്റണം ….
മാഷേ ഈ സ്നേഹം എന്നും ഉണ്ടാവണേ ….മനസ്സു നിറഞ്ഞു കൈകൾ കൂപ്പി അവളതു പറയുമ്പോൾ തൊണ്ട ഇടറിയിരുന്നു ….
അതിന് ഒരു സംശയവും വേണ്ട ….അപ്പുവിനെയും ചിന്നുവിനെയും എനിക്ക് മറക്കാൻ പറ്റുവോടോ ?
അത് പറഞ്ഞു മാഷ് ഒതുക്കുകല്ലിറങ്ങി പോകുന്നത് നോക്കി നിൽക്കെ …
കുറേ നാളായി വരുവാൻ മടിച്ചു നിന്ന നീർമണികൾ തന്റെ കണ്ണുകൾ നനച്ചു കുളിർമയേകുന്നത് അവൾ അറിഞ്ഞു
അവൾ മനസ്സിൽ പറഞ്ഞു
എന്നെ ഞാൻ ആക്കിയ മാഷിനെ ഞാൻ വല്ലാതെ പ്രണയിക്കുന്നു ….
എന്നും ആ പ്രണയം നിലനിൽക്കാൻ ഈ അകലം ഞാൻ സൂക്ഷിക്കുന്നു ….
അതുകേട്ട തൈമാവ് കാറ്റത്താടി എന്തിനോ പൂങ്കുലകൾ ഉതിർത്തു നിന്നു …