ഇവിടെ ഞാൻ പറയണ കേട്ടു കഴിഞ്ഞ അമ്മക്കും മോനും പിന്നെ ഇപ്പോൾ കേറി വന്ന ഇവൾക്കും താമസിക്കാം. ഇല്ലെങ്കിൽ…

നീ വരുവോളം – രചന: നിവിയ റോയ്

മീരേ വേഗം ഇറങ്ങിക്കോളൂ ഇപ്പോൾ പുറപ്പെട്ടാലേ വൈകിട്ടാകുമ്പോളെക്കെങ്കിലും വീടെത്തു …

അത് പറഞ്ഞു കുട്ടികളെയും കൊണ്ടു അവളുടെ വല്യേട്ടൻ ഒതുക്കുകല്ലു ഇറങ്ങി കഴിഞ്ഞിരുന്നു

മീര ഒരിക്കൽ കൂടി തിരിഞ്ഞു തന്റെ വിട്ടീലേക്കു നോക്കി. എത്രപെട്ടന്നാണ്‌ എല്ലാം മാറിമറിഞ്ഞത് …

മക്കളും താനും തീർത്തും അനാഥരായപോലെ അവൾക്കു തോന്നി. ആറ് വർഷങ്ങൾക്ക് മുൻപ് സുധിയേട്ടന്റെ കൈപിടിച്ച് ഈ വീട്ടിലേക്കു വന്നതാണ് ….

ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചു കൊതി തീരാതെ എന്നെയും മക്കളെയും ഒറ്റക്കാക്കി ഏട്ടന് എങ്ങനെ പോകാൻ തോന്നി….ആ നിമിഷത്തിൽ അവൾക്കു അയാളോട് ഏറ്റവും അധികം ദേഷ്യം തോന്നി

എന്നെ ഇനി ഒന്നു ചേർത്തു പിടിക്കാൻ ആരാ ഉള്ളത് ?

മക്കളെ നെഞ്ചോടു ചേർത്തു പിടിച്ചു ഉറങ്ങി നിങ്ങൾക്കു കൊതി തീർന്നോ ?

ചോദ്യങ്ങക്കുള്ള മറുപടി എന്നോണം ഉപ്പുരസം തീരെ ഇല്ലാത്ത രണ്ട് കണ്ണീർതുള്ളികൾ അവളുടെ വിതുമ്പുന്ന ചുണ്ടുകളെ നനച്ചു താഴോട്ട് ഇറങ്ങി തൊണ്ട കുഴിയിൽ നിറഞ്ഞു …

അവൾ ചുറ്റും കണ്ണോടിച്ചു സുധിയേട്ടന്റെ പഴയ സൈക്കിൾ ഇറയത്തു ചാരി വെച്ചിരിക്കുന്നു .അവൾ പതിയെ ആ സൈക്കിളിൽ ഒന്നു വിരലോടിച്ചു ….തങ്ങളുടെ ആദ്യകാല യാത്ര അതിലായിരുന്നു ….

മുറ്റം നിറയെ സുധിയേട്ടനു ഇഷ്ടമുള്ള മഞ്ഞ പിച്ചിപൂക്കൾ….അവയെയും അവൾ വെറുതെ ഒന്നു തലോടി …എന്നും അവളതു ഭംഗിയായി അടുക്കി കെട്ടി തലയിൽ ചൂടി നിൽക്കാറുണ്ട് ….അയാൾ വരുന്നതും നോക്കി …

ഇക്കുറി തേന്മാവ് നിറയെ പുത്തിരിക്കന്നു ….കാറ്റത്തുലഞ്ഞു പൂങ്കുല ഉതിർത്തു തേന്മാവും തനിക്കു മൗനമായ് യാത്രാമൊഴി പറയുന്നപോലെ അവൾക്കു തോന്നി

ഒതുക്കു കല്ലിറങ്ങി താഴെ എത്തിയപ്പോൾ വെള്ളയും ചോപ്പും ചെമ്പരത്തികൊണ്ടു മറതീർത്ത വേലിക്കു അകത്തു നിന്നും അടുത്ത വീട്ടിലെ ചാരുവും ലതയും ഓടി വന്നു .മീരേച്ചി പോവണ്ട …അവളെ കെട്ടിപിടിച്ചു അവർ കരഞ്ഞു .

മീരേച്ചി അപ്പുവിനെയും ചിന്നുക്കുട്ടിയും കൂട്ടി നിങ്ങളെ കാണാൻ ഇടക്കൊക്കെ വരും .മുറിഞ്ഞു വീഴുന്ന വാക്കുകൾക്കു കൂട്ടായി ഒരു വിളറിയ ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു .

തന്നെ മുറുക്കെ പിടിച്ച അവരുടെ കൈകൾ വിടുവിച്ചകലുമ്പോൾ നെഞ്ചു പൊടിയുന്ന വേദന. അവരുടെ അമ്മ അംബിക ചേച്ചിയുടെ തേങ്ങലുകൾ കുറച്ചു ദൂരം അവളെ പിന്തുടർന്നെത്തി ..

വളവു തിരിഞ്ഞു ചായക്കട കണ്ടപ്പോൾ അപ്പു തിരിഞ്ഞു നിന്ന് വിളിച്ചു പറഞ്ഞു

അമ്മേ ….നമ്മുടെ കട

അവന്റെ ചൂടുവിരലിനപ്പുറം അവരുടെ ചായക്കടയെ അവൾ നോക്കി കണ്ടു …

മുറ്റത്തിട്ട ബഞ്ചുകളിരുന്നു ഒരു കൈയിൽ ആവിപറക്കുന്ന ചായ മൊത്തി കുടിച്ചു പേപ്പർ വായിക്കുകയാണ് ബാലൻ മാഷ് …ചുറ്റും കൂടിയിടിക്കുന്നവരുടെ ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയം തെല്ലും മാഷിനെ അലോസരപ്പെടുത്തുന്നില്ല.

പക്ഷികളെ തേടിയെത്തുന്ന വിനോദ സഞ്ചാരികളെ ഇവിടുത്തെ നെല്ലിക്കാട് കാണിക്കാൻ ഒഴിവുള്ള ദിവസങ്ങളിൽ മാഷ് കൂട്ടികൊണ്ടുവരും .അപൂർവയിനം പക്ഷികൾ ഈ കട്ടിലുണ്ടത്രെ .ശനിയും ഞായറും അതുകൊണ്ട് കടയിൽ നല്ല തിരക്കാണെന്നു സുധിയേട്ടൻ പറയാറുണ്ടായിരുന്നു …

അന്ന് താൻ വീട്ടിൽ നിന്നും ഉണ്ടാക്കി കൊടുക്കുന്ന ഇല അടക്കും പഴം പൊരിക്കും നല്ല ചിലവാണെന്നും…

ഇപ്പോൾ അവൾ കടക്കടുത്തെത്തിയിരിക്കുന്നു ….നടത്തത്തിന്റെ വേഗത കുറഞ്ഞു .ചാണകം മെഴുകിയ തറ വിണ്ടുകീറി തുടങ്ങിയിരിക്കുന്നു …ഒഴിഞ്ഞ ബെഞ്ചുകൾ പൊടിപിടിച്ചു അങ്ങിങ്ങായി ചിതറി കിടപ്പുണ്ട് ….

പുറത്തെ മേൽപടിയിൽ തൂക്കിയിട്ടിരിക്കുന്ന ആരും കണ്ടാൽ കൊതിച്ചുപോകുന്ന പഴുത്തു തുടുത്ത ഞാലിപ്പൂവൻപഴക്കുലകൾ അപ്രത്യക്ഷമായിരിക്കുന്നു ….അടച്ചു മൂടിയ കടയുടെ മരപലകകൊണ്ടുണ്ടാക്കിയ കതകിലും ജന്നലിലും സിനിമയുടെ നോട്ടീസുകൾ ആരോ പതിപ്പിച്ചിട്ടുണ്ട് ….

കൈയിറക്കമുള്ള ബനിയനിട്ടു ഇടക്കിടക്കു നനഞ്ഞ കൈ തോളത്തിട്ടിരിക്കുന്ന തോർത്തിൽ തുടച്ചു പ്രസരിപ്പോടെ ഓടി നടക്കുന്ന സുധിയേട്ടനെ ഓർത്തപ്പോൾ മിച്ചമുള്ള കണ്ണീര് കണ്ണ് ഞെക്കിപ്പിഴിഞ്ഞു പീലിയിൽ നനവ് പടർത്തി

വല്യേട്ടനും കുട്ടികളും ഏറേ മുന്നിലായിരിക്കുന്നു. ഓടിക്കിതച്ചു അവൾ അവരുടെ അടുത്തെത്തി

ഇടവഴിയിലൂടെ നടക്കുമ്പോൾ തനിക്കും വല്യേട്ടനും ഇടയിൽ മൗനം ഒരു വേലി തീർത്തിരിക്കുന്നതായി അവൾക്കു തോന്നി .

അവളെയും മക്കളെയും വീട്ടിലേക്കു കൂട്ടികൊണ്ടു പോകാൻ വന്നതാണ് അവളുടെ വല്യേട്ടൻ. വന്നത് തൊട്ടു അവൾ ശ്രദ്ധിക്കുന്നുണ്ട് വല്യേട്ടൻ അധികമൊന്നും സംസാരിക്കുന്നില്ല അധികനേരവും ചിന്തയിലായിരുന്നു .

താനും മക്കളും വരുമ്പോൾ കൂടുന്ന വീട്ടു ചെലവുകളെകുറിച്ചായിരിക്കും വല്യേട്ടൻ ചിന്തിച്ചിട്ടുണ്ടാവുക …ഭാനുവേട്ടത്തിയുടെ പെയ്തുപെറുക്കലിന്റെ അളവ് കൂടുമെന്നും ഓർത്തിട്ടായിരിക്കും …

വല്യേട്ടാ …. ഞങ്ങൾ വരുന്നത് ഏട്ടന് ബുദ്ധിമുട്ടാകുമല്ലേ?

ഏയ് ….അങ്ങനെ ഒന്നുമില്ല …ഇനി നിങ്ങൾ വേറെ എവിടെ പോകാനാണ് …? വല്യേട്ടന്റെ കണ്ണുകളിൽ ചുവപ്പു നിറം കലർന്നു….

പിന്നെ ഭാനു അവള് എന്തെങ്കിലുമൊക്കെ പിറുപിറുക്കും
എന്റെ മോള് അതൊന്നും കേട്ടില്ലന്ന് വയ്ക്കണം.

കടയിൽ ഇപ്പോൾ അഞ്ചോ പത്തോ കിട്ടിയാലായി …അവൾക്ക് സർക്കാർ ജോലി ഉള്ളത് കൊണ്ടു കുട്ടികളുടെ പഠിപ്പും വീട് പുതുക്കി പണിയാൻ എടുത്ത ലോണും ഒക്കെ അടഞ്ഞു പോണു.

അമ്മയ്ക്കു ആസ്ത്‌മ കൂടുമ്പോളാണ്‌ പ്രശ്‍നം മരുന്ന് മേടിക്കാൻ പലപ്പോഴും അവളെ തന്നെ ആശ്രയിക്കണം. അവളുടെ കുത്തുവാക്കുകൾ കേട്ട് ആ പാവം കഴിഞ്ഞു പോണു.

വേറെ എന്തെങ്കിലും ജോലിക്കു പോകാമെന്നു വെച്ച അതിനുള്ള പഠിപ്പുമില്ല.നമ്മുടെ അവിടെ പുതുതായി തുടങ്ങിയ റിസോർട്ടിൽ സെക്യൂരിറ്റി ആയിട്ട് കിട്ടിയതാ .അപ്പോ ഭാനുവിന് അത് നാണക്കേട് …

ഒന്നു മിണ്ടിക്കൂടെ അവൾക്കു എന്നോട് …?അടുത്ത് ചെന്ന ആട്ടി ഓടിക്കുവാണ് പട്ടിയെപ്പോലെ ….

ജീവിതം മടുത്തതുപോലെ തോന്നിയിട്ടുണ്ട് .ആതിരയും അനികുട്ടനുമാണ് ഒരേ ഒരു പ്രതീക്ഷ.

പുറത്തേക്കു പാറി വീഴുന്ന തേങ്ങലുകൾ ഉമിനീരിനൊപ്പം വിഴുങ്ങുമ്പോൾ അയാളുടെ നെറ്റിക്കിരുവശത്തുമായി നീല ഞരമ്പുകൾ തുടുത്തു വന്നു …

ബസ്സിൽ ഇരിക്കുമ്പോളും അവളും ആയാളും എങ്ങും എത്തിപ്പെടാത്ത ചിന്തകളിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്നു ….

എന്നും കടുത്ത നിറത്തിലെ സാരി ചുറ്റി,ഭംഗിയായി മെടഞ്ഞിട്ട മൂടിയിൽ നിറയെ മഞ്ഞപിച്ചിപൂ ചൂടി,സീമന്ത രേഖ ചുമപ്പിച്ചു …

കുറുനിരകളാൽ സമൃദ്ധമായ നെറ്റി തടത്തിൽ ചെറുവിരലിൽ കുങ്കുമം തൊട്ട് വട്ട പൊട്ടുകുത്തി…

കൈയിൽ കലപില കൂട്ടുന്ന കുപ്പിവളകൾക്കൊപ്പം ഒച്ചയിട്ട് ഓടി വന്ന് തന്നെ കെട്ടിപിടിക്കുന്ന മകൾ …

നിറം മങ്ങിയ പഴയ സാരിയിൽ അവളെ കണ്ടു വീട്ടുമുറ്റത്തേക്കു കയറുമ്പോളേ അമ്മയുടെ കണ്ണുകൾ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു …

കണ്ണീരില്ലാതെ അവളും കരഞ്ഞു….

അവളുടെ ശൂന്യമായ നെറ്റിത്തടത്തിലേക്കു നോക്കി അമ്മ നെടുവീർപ്പുതിർത്തു …

മക്കളെ ചേർത്തുപിടിച്ചു വീട്ടിലേക്കു കയറി …

ഏട്ടന്റെ കുട്ടികളെ അവൾ അടുത്തേക്ക് വിളിച്ചെങ്കിലും അവർ അവളെ ഒരു അപരിചിതയെപ്പോലെ നോക്കി നിന്നു

ഭാനു കിടന്നു അവൾക്കു ഓഫീസിൽ പോകാനുള്ളതല്ലേ? അവരുടെ ബെഡ്‌റൂമിൽ നിന്നും ഇറങ്ങി വന്നു വല്യേട്ടൻ മുഖത്തെ സങ്കടം മറച്ചു പറഞ്ഞു.

സാരമില്ല ഏട്ടാ ഏട്ടത്തി ഉറങ്ങിക്കോട്ടെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവുമല്ലോ ?

രാവിലെ കുട്ടികൾക്കുള്ള പൊതിച്ചോറ് കെട്ടുമ്പോളാണ് ഏടത്തി എഴുന്നേറ്റു വന്നത്.

കണ്ടതും ഉള്ളിൽ നിന്നും ഒരാന്തൽ ….ഒന്നും മിണ്ടാതെ ഏട്ടത്തി പല്ലു തേക്കാൻ പുറത്തേക്കിറങ്ങി

മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ അവർ മുഖം കഴുകുമ്പോൾ അവൾ ചോദിച്ചു.

ഏട്ടത്തി ചായ എടുക്കട്ടേ …?

ഉം ….ഒരു മൂളൽ മാത്രം

എത്ര പെട്ടന്നാണ് തന്റെ സ്വന്തം വീട്ടിൽ താൻ അന്യ ആയത് .

എത്ര സ്വാതന്ത്ര്യത്തോടെ താൻ ഓടിച്ചാടി നടന്ന വീട്ടിൽ ഇപ്പോൾ ആകെ ഒരു ഭയപ്പാട്… വല്ലാത്ത വീർപ്പുമുട്ടൽ.ഇനി എന്നും ഈ വീർപ്പുമുട്ടൽ തന്നെ വിഴുങ്ങുമെന്ന് ഓർത്തു അവൾ തിളച്ചു പൊങ്ങുന്ന ചായയിലേക്ക് നോക്കി നിന്നു.

ഏട്ടത്തി ഓഫീസിലേക്ക് പോയതിനു ശേഷമാണ് അവൾ ഒന്ന് ശരിക്കും ശ്വാസം വിട്ടത്.

പതിയെ പതിയെ ഏട്ടത്തിയുടെ മൗനം പിറുപിറുക്കലുകളായപ്പോൾ പഴയ പൊടികൈകൾ അമ്മ പുറത്തെടുത്തു …

ഉമിക്കരി ഉണ്ടാക്കി ഡബ്ബയിൽ അടച്ചു …താളി ഓടിച്ചു കുട്ടികളെ കുളിപ്പിച്ചു ..അപ്പുവിനെയും ചിന്നുവിനെയും ബാലപാഠിയിൽ നിന്നു കൊണ്ടു വരുന്ന അമൃതംപൊടികൊണ്ടു അടയുണ്ടാക്കി …ചക്കര കൊണ്ടു കാപ്പിയുണ്ടാക്കി ….പറമ്പിൽ നിന്നും ചുള്ളികമ്പുകൾ പെറുക്കി കൂട്ടി മുറ്റത്തു മൂന്നു കല്ല് അടുപ്പിൽ കഞ്ഞി വച്ചു ….മുരിങ്ങ ഇലകൊണ്ടു തോരനുണ്ടാക്കി …അങ്ങനെ അടുക്കളയിൽ നിന്നും വറുതി അകറ്റി …

അമ്മൂമ്മ കൊടുത്ത ഉമിക്കരി ഇട്ടു പല്ലുതേക്കുന്നഅപ്പുവിനെ നോക്കി നിന്ന മീരയോട് അവൻ പറഞ്ഞു

ഇത് കൊള്ളാട്ടോ അമ്മേ …?

അതുകേട്ടു ചിരിക്കുന്ന തന്നെ നോക്കി ചിന്നു പറഞ്ഞു

എനിക്ക് ഇഷ്ടായില്ല എനിക്ക് പേച് മതി …അച്ച എനിക്ക് മേടിച്ചു തരുന്ന ത്രോബാരിയുടെ ടേസ്റ്റ് ഉള്ള പേച്

പോടി ഒന്ന് നീ പേസ്റ്റ് തിന്നുവാണോ ? ഇവിടുന്നെങ്ങാനും പേസ്റ്റ് എടുത്താലേ അമ്മായി അമ്മയെ വഴക്കിടും.അത് ആതിര ചേച്ചിക്കും അനി ചേട്ടായിക്കും ഉള്ളതാ .എല്ലേ അമ്മേ ?

അവൾ ഒരു ദീർഘനിശ്വാസതിനൊപ്പം തലയാട്ടി …

എല്ലാത്തിനും ഇപ്പോൾ ഏട്ടത്തി കണക്ക് പറയാൻ തുടങ്ങിയിരിക്കണു.

ഇന്നലെ കുളിക്കാൻ ചെന്നപ്പോൾ കുളിമുറിയിൽ നിന്നും സോപ്പ് അപ്രത്യക്ഷമായിരുന്നു ..,.

അതിന്റെ പേരിൽ അമ്മയും ഏട്ടത്തിയും ഒന്നും രണ്ടും പറച്ചിലായി

ഇടക്ക് വീണ വല്യേട്ടനോട് എട്ടത്തി കയർത്തു പറഞ്ഞത് തനിക്കുമുള്ള മറുപടി ആയിരുന്നു.

ഇവിടെ ഞാൻ പറയണ കേട്ടു കഴിഞ്ഞ അമ്മക്കും മോനും പിന്നെ ഇപ്പോൾ കേറി വന്ന ഇവൾക്കും താമസിക്കാം .ഇല്ലെങ്കിൽ സമാധാനം കിട്ടുന്നത് എങ്ങോട്ടാണെന്ന് വെച്ച അങ്ങോട്ട് പൊയ്ക്കോ …

ഭാനു നീ കഴിഞ്ഞതൊന്നും മറക്കരുത് നിന്റെ അനിയത്തി ഇവിടെ ടി ടി സി രണ്ട് വർഷം പഠിക്കാൻ വന്ന് ഇവിടെ താമസിച്ചിട്ട് അവൾക്കു ഞാൻ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ ?നിനക്കു അന്ന് ഈ ജോലി പോലുമില്ലന്നു ഓർക്കണം.

ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് ഏട്ടൻ ഏട്ടത്തിയോട് കയർത്തു സംസാരിക്കുന്നത് അവൾ കണ്ടത് …

അവൾ പഠിക്കാനുള്ള സൗകര്യത്തിനു കുറച്ചു നാൾ ഇവിടെ നിന്നു …പഠിത്തം കഴിഞ്ഞു അവൾ പോയി അത് പോലെ ആണോ ഇത് ….?ഇവളിനി എവിടെ പോകാനാ …?ഇത് ജീവിത കാലം മുഴുവനുള്ള വിനയല്ലേ …

അതിനു മറുപടി പറയാൻ വന്ന ഏട്ടനെ അവൾ തടഞ്ഞു

ഏട്ടാ ഒന്നും പറയണ്ട ഇനി എനിക്ക് ഒന്നും കേൾക്കാൻ വയ്യ …
അവൾ കൈകൾ കൂപ്പി കരഞ്ഞു .

ആ സംഭവം കഴിഞ്ഞു രണ്ട് മൂന്നു ദിവസം കഴിഞ്ഞെങ്കിലും എപ്പോഴുമുള്ള ഏടത്തിയുടെ കടുത്ത വാക്കുകൾ അവളെ വല്ലാതെ തളർത്തിയിരുന്നു.

ഓരോന്നോർത്തു കരഞ്ഞും നെടുവീർപ്പുതിർത്തും അടുക്കള പുറത്തിരുന്നു കഞ്ഞികലം തേച്ചു വെളുപ്പിക്കുമ്പോളണ് അപ്പു കുട്ടന്റെ ചോദ്യം

അമ്മേ ഈ കട്ടൻ ചായയിൽ ഇത്തിരി ചക്കര
ഇട്ടു തരുമോ ?

ചക്കര തീർന്നുപോയി കുട്ടാ

ഇത്തിരി പഞ്ചാര ഇട്ടു തരാമോ ?

പഞ്ചസാരയും ഇല്ല

അമ്മ കള്ളം പറയുവാണ്

ആരതിചേച്ചിയുടെ ഗ്ലാസിലെ പാൽചായയുടെ മട്ട് ഊറ്റികുടിച്ചപ്പോ നല്ല മധുരം ഉണ്ടായിരുന്നല്ലോ

എനിക്ക് കിട്ടിയില്ലെങ്കിലും സാരയില്ല ചിന്നുവിനു ഇത്തിരി കൊടുക്കമ്മേ ….അപ്പിടി ചവർപ്പാണ്‌

നമുക്കു മധുരമൊന്നും പറഞ്ഞിട്ടില്ല …?ഇല്ലെങ്കിൽ അച്ഛൻ പോകുമായിരുന്നോ ?ശക്തിയായി കലത്തിലെ കരി തേച്ചുരച്ചുകൊണ്ടു അവൾ പറഞ്ഞു .

നമ്മുടെ അച്ഛൻ ഇനി ഒരിക്കലും വരില്ല അല്ലെ അമ്മേ ?

കരിപുരണ്ട കൈകൾ കൊണ്ടു അവനെ കെട്ടിപിടിച്ചു മീര തേങ്ങി കരഞ്ഞു

തന്റെ കുഞ്ഞി കണ്ണിലെ നീർമണി അമ്മ കാണാതെ തുടച്ചു കൊണ്ടു അവൻ പറഞ്ഞു

അമ്മ കരയണ്ട ഞാൻ വലുതാകട്ടെ അമ്മയെയും ചിന്നുവിനെയും പൊന്നുപോലെ നോക്കിക്കോളാം .

അപ്പോളാണ് മുൻവശത്തെ മുറിയിൽ നിന്നും ചിന്നുവിന്റെ കരച്ചിൽ കേട്ടത് .ചരുവത്തിലെ വെള്ളത്തിൽ കൈ മുക്കി കഴുകിയെന്നു വരുത്തി ഓടി ചെല്ലുമ്പോൾ കണ്ടത് ചിന്നുവിനെ നീളൻ സ്കെയിൽകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്ന ആതിരയെയാണ്

എന്താ മോളെ എന്തിനാ അവളെ അടിക്കുന്നെ …?

ഇവള് എന്റെ മുറിയാകെ ചീത്ത ആക്കി .ദേ …കണ്ടോ ?പെൻസിലും പേനയും ബുക്കും എല്ലാമെടുത്തിട്ടു അലങ്കോലപ്പെടുത്തിയിരിക്കുന്നു …

മോള് അത് ചിറ്റയോട് പറഞ്ഞ പോരായിരുന്നോ അവള് കൊച്ചു കുട്ടി അല്ലെ മോളെ …?അവളെ ഇങ്ങനെ തല്ലേണ്ടയിരുന്നു …? പിന്നെ ഇവളെ അടിച്ചു കൊല്ലാനാ തോന്നുന്നേ ?

അത് കേട്ട് അപ്പു ആരതിയെ പിടിച്ചു തള്ളി

ആതിര അതോടെ ചിണുങ്ങിക്കരയാൻ തുടങ്ങി..

അപ്പുവിനെ വഴക്കിട്ട് ആതിരയെ അവൾ ആശ്വസിപ്പിക്കുന്നതിനിടയിലാണ് ഏടത്തിയുടെ വരവ്

എന്താ മോളെ ….എന്തു പറ്റി ?എല്ലാരും കൂടി എന്റെ കൊച്ചിനെ കരയിച്ചൂലോ

അത് ഏട്ടത്തി ….

നീ ഒന്നും പറയണ്ട ….നിനക്ക് നാണമില്ലെടി ഞാൻ ഇല്ലാത്തപ്പോൾ എന്നോടുള്ള ദേഷ്യം എന്റെ കുട്ടിയുടെ മേലെ തീർക്കാൻ .

നാലു നേരം അല്ലലില്ലാതെ ഭക്ഷണം കിട്ടി തുടങ്ങിയപ്പോൾ അവളു തനി സ്വഭാവം പുറത്തെടുത്തു …പിന്നെ ഇവിടെ അവകാശം ഒന്നും സ്ഥാപിക്കാമെന്നു വിചാരിക്കണ്ട …

ഇത് ഇപ്പോ എന്റെ വീടാ ….

ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ ഏട്ടത്തി …

നിനക്കൊക്കെ നാണമില്ലേ ഇങ്ങനെ വെറുതെ കുത്തിയുന്നു തിന്നു മുടിപ്പിക്കാൻ …

എങ്ങോട്ടെങ്കിലുമൊന്നു ഇറങ്ങിപൊയ്ക്കൂടെ മനുഷ്യന് ഒരു സമാധാനവും തരില്ലെന്ന് വെച്ചാൽ ….

നിന്റെ സ്ഥാനത്തു ഞാനായിരുനെങ്കിൽ….. ഈർഷ്യയോടെ ഹാൻഡ് ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു അവര് ബെഡ്റൂമിലേക്ക് പോയി …

എന്തു ചെയ്യണമെന്ന് അറിയാതെ അവൾ അമ്മയുടെ മടിയിൽ കിടന്നു കുറേ നേരം കരഞ്ഞു ….ഇടക്കിടക്കു അമ്മയുടെ കണ്ണു നീർ തുള്ളികൾ അവളുടെ മുഖത്തു പതിക്കുന്നുണ്ടായിരുന്നു

മോളെ എഴുന്നേക്ക്‌ ….നേരം കുറച്ചായി ….

മുഖം തുടച്ചു, മുറ്റത്തു ഉണക്കാനിട്ട തുണികൾ എടുക്കാൻ പുറത്തേക്കു ഇറങ്ങുമ്പോളാണ് പുറത്തെ മങ്ങിയ വെളിച്ചത്തിൽ കസേരയിൽ ചാരി ഒരാൾ ഇരിക്കുന്നത് അവൾ കണ്ടത്.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ