മാളൂട്ടി – രചന: അക്ഷര എസ്
“അച്ഛേ… ഇന്ന് മോളേ കാണാൻ ഒരു ആന്റി വന്നു ഉസ്ക്കൂളിൽ… “
രാത്രി ഭക്ഷണം കഴിഞ്ഞു മാളൂട്ടിയെയും കൊണ്ട് മുറിയിൽ കേറി കതകടച്ചു ബെഡ് കുടഞ്ഞു വിരിയ്ക്കുന്നതിനിടയിലാണ് മാളു പറയുന്നത് കേട്ട് ഹരി തലചെരിച്ചു അവളെ നോക്കിയത്….
മേശപ്പുറത്തു ചിതറി കിടക്കുന്ന ക്രയോൺസ് അടുക്കി പറക്കി വയ്ക്കുന്ന തിരക്കിലാണ് ആശാത്തി….
അതിനിടയിലാണ് വർത്തമാനം…
ഭക്ഷണത്തിന് മുൻപേ വരച്ചു തീർത്തൊരു ചിത്രത്തിന് ചുവന്ന അതിരുകളും വരച്ചു ചേർക്കുന്നുണ്ട്…
“ഏത് ആന്റി.. “
“ആവോ… ദേ ഇത്രയും മുടിയുള്ളൂ… ” ഒരു കുഞ്ഞി ക്രയോൺ എടുത്തു ഉയർത്തി കഴുത്തിടുക്കിലേക്ക് വച്ചു കാണിച്ചു….
“ആഹാ… പെണ്ണല്ലേ വർഗ്ഗം.. ആദ്യം മുടിയുടെ നീളം അളന്നോ എന്റെ കുട്ടി മാളൂ… “
“എന്റെ ദേവുമ്മയ്ക്ക് ദാ ഇത്രേം മുടി ഇണ്ടല്ലോ… മാളൂട്ടി വൽതാവുമ്പോ മാളൂട്ടിയ്ക്കും ഇത്ര മുടി ഇണ്ടാവും… “മാളൂട്ടി തലയൊന്ന് പിന്നോട്ട് ചെരിച്ചു പിടിച്ചു അരയിൽ വിരൽ കൊണ്ടൊന്നു ചൂണ്ടി പറഞ്ഞു…
“പിന്നെ… “സ്വകാര്യം പറയാൻ എന്നപ്പോലെ ഹരിയെ അടുത്തേയ്ക്ക് വിളിച്ചു…
“ആ ആന്റീടെ മുടീടെ കളർ മാളൂട്ടീടെ പോലെ ബ്ലാക്ക് അല്ല… “
പറഞ്ഞു കഴിഞ്ഞു ക്രയോൺസിൽ നിന്നും ഒരു പർപ്പിൾ ക്രയോൺ എടുത്തു കാണിച്ചു കൊടുത്തു…
“ഇതോ… നുണച്ചി… “ഹരി അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു…
നുണച്ചിയെന്ന വിളി കേട്ട് മാളൂട്ടി ചുണ്ടൊന്ന് പിളർത്തിയപ്പോൾ അവളെ വാരിയെടുത്തു ഹരി..
“ഇന്നത്തേക്ക് ഇത് മതി.. കിടക്കാം… നാളെ സ്കൂൾ ഉണ്ട്… “മാളൂട്ടിയെ വാരിയെടുത്തു നെഞ്ചോട് ചേർത്ത് കിടന്നു ഹരി…
റൂമിലെ വെളിച്ചം അണഞ്ഞപ്പോൾ ചെറിയ പ്രകാശം വിതറി കൊണ്ട് ചുവന്ന സീറോ വാട്ട് ബൾബ് തെളിഞ്ഞു…
“നാളെയും ആ ആന്റി വരോ അച്ഛേ… “
“ഏത് ആന്റി… “
“ഇന്ന് വന്ന ആന്റി…. “
“ആ ആന്റി മോളോട് എന്താ ചോദിച്ചത്…. “
“വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചു… സുഖാണോന്ന് ചോദിച്ചു.. മാളൂട്ടിയ്ക്ക് ആരാണ് മാമം തരുന്നതെന്ന് ചോദിച്ചു… ” മാളൂട്ടി നിവർത്തി പിടിച്ച വിരലുകൾ ഓരോന്നും മടക്കി മടക്കി പറഞ്ഞു…
“അപ്പോൾ കുട്ടി മാളു ന്ത് പറഞ്ഞു… “
“എന്റെ ദേവുമ്മ തരും എന്ന് പറഞ്ഞു…. “
“പിന്നെ എന്തൊക്കെ ചോദിച്ചു… “
“കണ്ണേട്ടൻ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു…. ആരാ അച്ഛേ കണ്ണേട്ടൻ… “മാളൂട്ടി ചോദിച്ചതും നിറഞ്ഞു വന്ന കണ്ണീർ ആ കുഞ്ഞു കാണാതെ ഒളിപ്പിച്ചു കണ്ണടച്ചു പിടിച്ചു കിടന്നു…
“അച്ഛ ഉറങ്ങി… ഇനി മിണ്ടുന്നവർ മങ്കി… “ഹരി പറഞ്ഞപ്പോൾ മാളൂട്ടി ആദ്യം അവന്റെ കൺപോളകൾ ഒന്ന് പിച്ചിപൊളിച്ചു നോക്കി…
“മാളൂട്ടിയും ഉറങ്ങി… “
പറഞ്ഞു കഴിഞാണു അബദ്ധം പിണഞ്ഞത് പോലെ രണ്ടു കുഞ്ഞി കൈകൾ കൊണ്ട് വായ പൊത്തി പിടിച്ചത്….
തിരിമുറിയാതെ പെയ്ത കർക്കിടക മഴയൊഴിഞ്ഞു ചിങ്ങ വെയിൽ പടർന്നു….
മുറ്റത്തും തൊടിയിലും തുമ്പയും മുക്കുറ്റിയും തലപ്പൊക്കി തുടങ്ങി….
ഒരു ഞായറാഴ്ച്ച ദിവസം പതിവില്ലാതെ മുറ്റത്തൊരു കാർ വന്നു നിന്നപ്പോഴാണ് എല്ലാവരും ഉമ്മറത്തേക്ക് വന്നത്…
ജീൻസും സ്ലീവ്‌ലെസ് കുർത്തിയുമണിഞ്ഞു ക്രോപ് ചെയ്തു കളർ ചെയ്ത മുടിയും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞൊരു യുവതി കാറിൽ നിന്നിറങ്ങിയപ്പോൾ അത് വരെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന മാളൂട്ടി ഓടി വന്നു ഹരിയുടെ പുറകിൽ ഒളിച്ചു….
“അച്ഛേ… ഇതാണ് ആ ആന്റി… “വിരലുകൾ കൊണ്ട് തോളൊപ്പം മുടിയുടെ അളവ് കാണിച്ചു മാളൂട്ടി പറഞ്ഞപ്പോൾ ഹരിയുടെ കണ്ണിലൊരു രക്തചുവപ്പ് പടർന്നു..
ഉമ്മറത്തു കൂടിയിരുന്ന കണ്ണുകളിലൊന്നും അത്ര തെളിച്ചം പോരായിരുന്നു….
കയ്യിലിരുന്ന ഒരു ക്ഷണക്കത്തു ഹരിയ്ക്ക് നേരെ നീട്ടി…
“വരുന്ന ആഴ്ച്ച വിവാഹമാണ്… കണ്ണേട്ടൻ… അല്ല… എല്ലാവരും വരണം…. “അത് കൂടി കേട്ടതോടെ ഉമ്മറത്തു കൂടിയിരുന്ന പകുതി ജനങ്ങൾ ഒഴിഞ്ഞു പോയി…
മിക്കവാറും മുഖങ്ങളിൽ അമർഷം തന്നെ…
“ആളെന്ത് ചെയ്യുന്നു… “ഹരി കാർഡ് തിരിച്ചും മറിച്ചും നോക്കി ചോദിച്ചു..
“അവിടെ തന്നെയാണ്….. അറേഞ്ച്ഡ് മാര്യേജ്… “അമൃത ഒന്ന് മന്ദഹസിച്ചു പറഞ്ഞു….
“നന്നായി.. ഇനി അവിടെ സെറ്റിൽ ചെയ്യാലോ ഫാമിലി ആയിട്ട്… “ഹരിയുടെ വാക്കുകളിൽ പുച്ഛമാണോ പരിഹാസമാണോ സഹതാപമാണോ എന്നൊന്നും അറിയില്ല..
“ശപിയ്ക്കരുത്… ഒറ്റയ്ക്കുള്ള ജീവിതം മടുത്തു …. “കൈ കൂപ്പി അവളത് പറയുമ്പോൾ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു….
“അമൃത ഇരിയ്ക്ക്… “ഹരി ഉമ്മറത്തെ ചൂരൽ കസേരയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു…
“വേണ്ട…തിരക്കുണ്ട്…. ഞായറാഴ്ച്ച കണ്ണേട്ടൻ ഇവിടെ ഉണ്ടാവുമല്ലോ എന്ന് കരുതിയാണ് ഇന്ന് തന്നെ വന്നത്… “
“ഹ്മ്മ്… “
“ദേവൂ…. “
“അകത്തുണ്ട്…. “ഹരി നിസ്സംഗതയോടെ പറഞ്ഞു…
“ഇത് മോൾക്ക്…. “അമൃത കയ്യിൽ നിന്നൊരു ചോക്ലേറ്റ് എടുത്തു നീട്ടിയപ്പോൾ ഹരിയുടെ പിന്നിൽ ഒളിച്ചു നിന്ന മാളൂട്ടിയുടെ കണ്ണുകൾ അനുവാദത്തിന് വേണ്ടി ഹരിയുടെ കണ്ണുകളിലേയ്ക്ക് നീണ്ടു…
അനുവാദം കിട്ടിയപ്പോൾ രണ്ടു കൈ നീട്ടി അത് വാങ്ങി പൊഴിഞ്ഞു പോകാത്ത പാൽപ്പല്ലുകൾ കാണിച്ചോന്നു പുഞ്ചിരിച്ചു….
വാരിയെടുത്തവളെ ചുംബനങ്ങൾ കൊണ്ട് മൂടി…. നെറ്റിമേൽ നെറ്റി മുട്ടിച്ചു കരയുമ്പോൾ ഹരി തിരിഞ്ഞു നിന്നു…
“അമ്മ പോവട്ടെ… ” എന്ന് ആ കുഞ്ഞിനോട് ചോദിച്ചപ്പോൾ മാളൂട്ടി അച്ഛയെ കണ്ണും മിഴിച്ചു നോക്കി…
“ആരാ അമ്മ… “മാളൂട്ടി ചുണ്ട് പിളർത്തി ചോദിച്ചപ്പോൾ ഹരി അവളെ ചേർത്ത് പിടിച്ചു…
“അച്ഛ പിന്നെ ഒരിക്കൽ പറഞ്ഞു തരാം… “ഹരി അവളുടെ കവിളിൽ തട്ടി പറഞ്ഞു…
പിൻവിളി ഉണ്ടാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഒന്ന് കൂടി ആ വീടും അവിടെ പിറന്ന ഓർമ്മകളും ഉപേക്ഷിച്ചു കാറിൽ കയറി…. മാളൂട്ടിയെ ഒന്ന് കൂടി നോക്കി….അഞ്ചു വർഷം മുൻപ് താൻ നൊന്തു പ്രസവിച്ചു എന്നതൊഴിച്ചാൽ ഒന്ന് പാലൂട്ടിയിട്ട് പോലുമില്ല….
മാളൂട്ടിയെ എടുത്തു നിറഞ്ഞ കണ്ണൊന്നു തുടച്ചു അകത്തേക്ക് കടന്നപ്പോൾ കണ്ടു വാതിൽ പാളിയ്ക്കപ്പുറം നിറഞ്ഞ കണ്ണോടെ നിൽക്കുന്ന ദേവുവിനെ….തന്റെ മുറപ്പെണ്ണ്….
മാളൂട്ടിയെ പ്രസവിച്ച സമയത്തായിരുന്നു പഠിയ്ക്കാൻ മിടുക്കിയായിരുന്ന അമൃതയ്ക്ക് വിദേശത്തു പഠിയ്ക്കാൻ ഒരു സ്കോളർഷിപ്പ് കിട്ടുന്നതും അങ്ങോട്ട് ചേക്കേറുന്നതും…. പഠനം കഴിഞ്ഞപ്പോൾ നാട്ടിലെ സർക്കാർ ജോലി ഉപേക്ഷിച്ചു താനും മോളും അങ്ങോട്ട് ചെല്ലണമെന്നായി ആവശ്യം…
അവിടെ നിന്ന് തുടങ്ങി താളപ്പിഴകൾ….
അതൊടുവിൽ ഡിവോഴ്സ് വരെ എത്തിച്ചു… അതിനു അവളുടെ അച്ഛൻ പേര് ചേർത്തത് ഒന്നുമറിയാത്ത ഒരു പൊട്ടി പെണ്ണിനെ… ദേവു….
കാലങ്ങൾക്കപ്പുറം മാളൂട്ടിയ്ക്ക് അവൾ ദേവുമ്മയായി…
എങ്കിലും എന്നെങ്കിലും തേടി വരുമെന്ന പ്രതീക്ഷയായിരുന്നു ഇത്രയും കാലം… തേടി വന്നത് കല്യാണക്കുറി…
ദിവസങ്ങൾക്കപ്പുറം അമൃതയുടെ സിന്ദൂര രേഖ വീണ്ടും ചുവന്നപ്പോൾ ഒപ്പം ദേവുവിന്റെയും ചുവന്നു…. ദേവുവിനത് പ്രണയ സാഫല്യവും…
ദേവുവിന്റെ ഇടം കയ്യിലൊരു കുഞ്ഞി കൈയ്യും കോർത്തു പിടിച്ചിരുന്നു….
“ഇതാണ് കുട്ടി മാളുവിന്റെ അമ്മ… “
“ഇത് ദേവുമ്മയല്ലേ… “
“ഇനി മുതൽ ദേവുമ്മയല്ല… അമ്മ… “
“അമ്മ… “
ദേവുവിനെ ചേർത്ത് പിടിച്ചു അമ്മയെന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ ആ കുഞ്ഞി കണ്ണുകൾ തിളങ്ങി…
ചിലപ്പോൾ ജീവിതം അങ്ങനെയാണ്…. വച്ചു നീട്ടിയതിനെ വലിച്ചെറിയുന്ന ചിലർ… വിധി ഒരുക്കിയ അത്ഭുതങ്ങൾക്ക് വേണ്ടി കാലങ്ങളോളം കാത്തിരിക്കുന്ന മറ്റു ചിലരും…