മാഷ് – രചന: അഞ്‌ജലി മോഹൻ
“”മാഷ്ക്ക് ന്നോടാണോ പുസ്തകങ്ങളോടാണോ ഏറ്റവും പ്രണയം….???””
ആ പട്ടുപാവാടക്കാരിപ്പെണ്ണ് അവനരുകിൽ കൗതുകത്തോടെ ഇരുന്നു….പുസ്തകങ്ങളിലേക്ക് മിഴികൾനാട്ടിയിരിക്കുന്ന അവനെ അവളൊന്ന് കൂർപ്പിച്ച് നോക്കി… പുസ്തകത്തിനുമേൽ കൈകൾ വെച്ച് അക്ഷരങ്ങളെയവൾ കുറുമ്പോടെ മൂടി….
“”മായ ഇത്തിരി കൂടുന്നുണ്ട് നിനക്ക്…. പലവട്ടം പറഞ്ഞിട്ടുണ്ട് വായനയെ തടസ്സപ്പെടുത്തരുതെന്ന്….”” ദേഷ്യം നുരഞ്ഞുപൊന്തി…..
“”ഈ പുസ്തകങ്ങളിലൊക്കെ എന്താ മാഷേ ഇത് വെറും അക്ഷരങ്ങളല്ലേ…??”” അവളും കെറുവിച്ചു…..
“”അക്ഷരങ്ങൾക്കൊക്കെ ഭംഗിയുണ്ട് പെണ്ണേ…. ജീവനും ഉണ്ട്….”” അവൻ വാചാലനായി….
“”അതിനേക്കാൾ ഭംഗിയും ജീവനുമുള്ള ഒരുത്തി ഇവിടെ ഇരിപ്പില്ലേ ന്നിട്ട് എന്നോടില്ലല്ലോ ഇത്തിരി സ്നേഹം…..”” വാക്കുകൾ പരിഭവമായി മാറി….അവളുടെ കൈകളെ എടുത്തുമാറ്റി ചെറുചിരിയോടെ വീണ്ടുമവന്റെ കണ്ണുകൾ അക്ഷരങ്ങളിലേക്ക് ഊളിയിട്ടു….
“”ദേ മാഷേ മിണ്ടില്ലാട്ടോ…. ഞാൻ പോണു…..”” വാതിൽപ്പടിയിൽ എത്തിയതും വെറുതെ തിരിഞ്ഞുനോക്കി… ഒന്ന് നോക്കുകപോലും ചെയ്യാതെ അക്ഷരങ്ങളെ കാർന്ന് തിന്നുന്ന അവനെ കണ്ടപ്പോൾ മനസ്സിൽ നോവ് പടർന്നു….ഏറെനേരം ചുണ്ടുകൾ കൂർപ്പിച്ച് അവിടെ കൈരണ്ടും കൂട്ടിക്കെട്ടി നിന്നു….
“”മായ പോകുന്നില്ലേ….??”” ഇടയ്ക്കൊന്ന് മൂരി നിവർന്നപ്പോൾ അവളുടെ പരിഭവം നിറഞ്ഞ മുഖം കണ്ടവൻ ചിരിച്ചു….
“”ഞാൻ പോണു….”” ചാടിത്തുള്ളി ഇറങ്ങിപോകുന്ന അവളെ കാണാൻ എഴുന്നേറ്റ് ചെന്ന് ഉമ്മറവാതിലിൽ നിന്നു…. പിറുപിറുത്ത് മന്ത്രിച്ചുകൊണ്ട് പോകുന്ന പെണ്ണിനെ കണ്ടപ്പോൾ ചിരി അടക്കാനായല്ല….
കാവിൽ വിളക്ക് വയ്ക്കാൻ നേരമാണ് അടുത്തുള്ള മരച്ചുവട്ടിൽ വെറും മണ്ണിൽ നെഞ്ചിൽ പുസ്തകവും കമഴ്ത്തിവച്ച് കിടക്കുന്നത് കണ്ടത്…..
മാഷേ ഒന്ന് എണീക്കുന്നുണ്ടോ വേറെ എവിടേയും കിടക്കാൻ ഇടം കിട്ടിയില്ലേ…?? നാഗങ്ങളൊക്കെയുള്ള കാവാ…. ഭക്തിയോടെ ഇരിക്കേണ്ട സ്ഥലമാ…. കോപം വന്ന് നാഗങ്ങൾ കൊത്തിയാലോ…??
“”അനിരുദ്ധനെ നാഗങ്ങൾ കൊത്താനോ….?? അവർക്കെല്ലാം അനിരുദ്ധനോട് പ്രണയമാണ് പെണ്ണേ…. ഇതുവരെ എനിക്ക് കൂട്ടിന് കളിപറഞ്ഞിരിക്കാൻ ദേ ഇവിടെ ഒരു കുഞ്ഞി മൂർഖൻ ഉണ്ടായിരുന്നു…. ഞങ്ങൾ ഒന്നിച്ചാ കിടന്നത്….അവൻ എങ്ങോട്ട് പോയോ എന്തോ…..”” തിരിതെളിയിക്കുന്ന അവളെ നോക്കികൊണ്ട് അവനും എഴുന്നേറ്റ് നിന്ന് ഒന്ന് തൊഴുതു…..
“”മ്മ്ഹ്…ന്നാ കളിപറഞ്ഞ് കഴിഞ്ഞെങ്കിൽ തിരികെ പോവാൻ നോക്ക്…. ത്രിസന്ധ്യ നേരാ….”” മുന്നിലോട്ട് നടന്ന പെണ്ണിന്റെ കൈകളിൽ പിടി വീണു….
“”സാധാരണ ഇതല്ലല്ലോ പെണ്ണേ പതിവ്…. ഇരുട്ടുംവരെ, അങ്ങ് ദൂരെനിന്ന് വിളി വരും വരെ ഈ നെഞ്ചിൽ ചായുന്ന ഒരു പെണ്ണുണ്ടല്ലോ…..ന്റെ ശരീരത്തിന് ചന്ദന മണമാണെന്ന് പറഞ്ഞ് നഖംകൊണ്ട് കോറി ഷർട്ടിന്റെ കുടുക്കുകളെ കൊഞ്ചി പൊട്ടിക്കുന്ന ഒരുത്തി….”” പിന്നിലൂടെ പുണർന്ന രോമാവൃതമായ കൈകളിൽ അവള് തലങ്ങും വിലങ്ങുമടിച്ച് കുതറിക്കൊണ്ടിരുന്നു….
“”അടങ്ങ് പെണ്ണേ….”” കാതിനുള്ളിലേക്ക് ആ ശബ്ദം പതിഞ്ഞതും പിന്നിലെ വിരിഞ്ഞ നെഞ്ചിലേക്ക് തലചായ്ച്ചു…..
“മായാ…”
“മ്മ്ഹ്…”
“”എന്തേ മിണ്ടാത്തെ…?? ഒരുപാട് സമയം വെറുതെ കളയുന്നു പെണ്ണേ….. ഈ വിയർപ്പും വെപ്രാളവും ഒന്നും നിനക്ക് ചേരില്ല… എന്തേലുമൊക്കെ പറ….”” അവൻ അവളുടെ ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളിയെ ചൂണ്ടുവിരലിന്റെ തുമ്പിൽ തൊട്ടെടുത്തു….
“”മാഷ്ക്ക് ന്നേക്കാൾ പ്രിയം പുസ്തകങ്ങളോടല്ലേ…. രാവിലെ ഞാൻ വന്നത് ഒത്തിരി ഒത്തിരി സ്വകാര്യങ്ങൾ പറയാനല്ലേ….””
“””നീവരുമ്പോൾ എന്റെ കയ്യിൽ ഇരുന്ന പുസ്തകം ശ്രദ്ധിച്ചിരുന്നോ…?? “മഞ്ഞവെയിൽ മരണങ്ങൾ” എത്രയെത്ര തവണ അത് ഞാൻ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല മായ…. വായിക്കുമ്പോൾ അതിലുള്ള ഓരോരുത്തരും എന്റെ അരികിലൂടെ ആാാ നിമിഷം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു…..”””
“”ഓ പിന്നെ മാഷ്ക്ക് ന്നേക്കാൾ വലുതാണോ ഇവരെല്ലാം…. ന്നാ പിന്നെ അവരെയെല്ലാം ചെന്ന് പുണർന്നാൽ മതി…. ന്നെ വിട്ടേ തുളസിത്തറയിൽ വിളക്ക് വയ്ക്കാനുള്ളതാ….”” അത് കേട്ട് അവനൊന്ന് പൊട്ടിച്ചിരിച്ചു….
“”ന്തിനാ അട്ടഹസിക്കുന്നെ….??”” ഇത്തിരി കനപ്പിച്ച് തന്നെയായിരുന്നു ചോദ്യം….
“”തുളസിത്തറയും വിളക്കും ദൈവങ്ങളും ഒന്നും വേണ്ടെന്ന് പറഞ്ഞ് ഒരുത്തി ഇന്നലെ ത്രിസന്ധ്യയ്ക്കുവരെ എന്റെ ദേഹത്ത് ഒട്ടികിടന്നിരുന്നു….അടർത്തിമാറ്റിയാലും അള്ളിപ്പിടിച്ച് ‘പോവില്ലെന്ന്’ പറഞ്ഞ് ചാടിതുള്ളും…. ഒരു കുരുത്തംകെട്ട പെണ്ണ്…..””
“”ദേ മാഷേ നിക്കി ദേഷ്യം വരുന്നുണ്ടേ….”” കൈകളെ അടർത്തിമാറ്റി ദേഷിച്ച് മുൻപോട്ട് നടന്നവളെ അവൻ വീണ്ടും ചേർത്തുപിടിച്ചു….
“”തന്നിട്ട് പോടി…..””
“ന്ത്…??”
“”നിനക്കറിയില്ലേ….??””
“”നിക്കി അറീല….””
“”ന്നാ വേണ്ട… പൊക്കോ…”” ദേഹത്ത് നിന്ന് ഒരകലം പാലിച്ച് നില്കുന്ന അവനെയവൾ കണ്ണിമചിമ്മാതെ നോക്കി നിന്നു…..
“തരാം… പക്ഷേ…”
“”പക്ഷേ….??””
“”ദേ ഈ കയ്യിലിരിക്കുന്ന പുസ്തകം പ്രതിഷ്ഠയിരിക്കുന്ന തറയ്ക്ക് ഒരരുകിലേക്ക് മാറ്റിവെയ്ക്കണം….””
“”അതെന്തിനാ….??”” അവന്റെ കണ്ണുകൾ കുറുകി….
“”പറ്റുവോ ങ്കിൽ തരാം….”” മറുപടിയില്ലാതെ പുസ്തകത്തിലെ പേജുകളെ കൂട്ടിപ്പിടിച്ച് തള്ളവിരൽകൊണ്ട് ഓടിച്ച് നോക്കുന്നു അവനെ കണ്ടപ്പോൾ മുറുമുറുത്ത് നടന്നു…..
“”മായാ…”” പിന്നിൽ നിന്നുമുള്ള വിളികേട്ട് തിരിഞ്ഞൊന്നുനോക്കി….. കൈകെട്ടി തന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട്…. പുസ്തകം പറഞ്ഞതുപോലെ നിലത്തുവച്ചിട്ടുണ്ട് അതിന്റെ പുറംചട്ടയിൽ മരച്ചില്ലകളിൽ നിന്നും ഉണങ്ങിയ കരിയിലകൾ വീണ് പതിക്കുന്നുണ്ട്…. കാലുകൾക്ക് വേഗതയേറി ഓടിച്ചെന്നാ മാറിൽ പറ്റിച്ചേർന്നു…..
“”മാഷേ…””
“”മായാ…”” കാറ്റുപോലെ കാതിലാ സ്വരം….
“”മ്മ്ഹ്…”” ഒന്നുയർന്നുപൊന്തി താടിരോമങ്ങൾക്കുള്ളിൽ കുഴിഞ്ഞുനിന്ന നുണക്കുഴിയിൽ പല്ലുകളാഴ്ത്തി കടിച്ചു….ആാാ നെഞ്ചിലേക്ക് കവിൾ ചേർത്തുവച്ചുനിന്നു….. മരച്ചുവട്ടിലെ വേരിന്മേലേക്ക് അവളുമായ് വെറുംമണ്ണിലവൻ ചേർന്നിരുന്നു….
“”മടുപ്പ് തോന്നുന്നുണ്ടോ നിനക്കെന്നോട്…?? എന്റെ പുസ്തകങ്ങളോട്….””
“”മാഷെന്നാ മായയെ കെട്ടുന്നേ…??”” വിരലുകൾ പതിവുപോലെ ഷർട്ടിലെ കുടുക്കുകളെ വട്ടംചുറ്റിക്കൊണ്ടിരുന്നു….
“”മായ ഈൗ പട്ടുപാവാടയ്ക്കുമേൽ ദാവണി ചുറ്റുന്നന്ന്…. അന്ന് ആർത്തലച്ച് മഴപെയ്യും നേർത്ത തണുപ്പുള്ള കാറ്റ് നമ്മളെ തഴുകിത്തലോടി പോവും ദേ ഈൗ മരങ്ങൾ പൂത്ത് നമുക്കുമേൽ മഞ്ഞയും ചുവപ്പും പൂക്കൾ കൊഴിയ്ക്കും പിന്നെ…””
“”പിന്നെ എല്ലാ പുസ്തകങ്ങളിലെ അക്ഷരങ്ങളും പാറിപ്പറക്കും….”” അവള് കുറുമ്പോടെ അവന്റെ നെഞ്ചിൽ ചെറുതായൊന്ന് ഇടിച്ചുകൊണ്ട് പറഞ്ഞു…. വീണ്ടും അതേ പൊട്ടിച്ചിരി അവനിൽ നിന്നും ഉയർന്നുകേട്ടു…..
“”അന്ന് രാത്രി ആാാ അക്ഷരങ്ങൾക്കുമേൽ ഞാൻ പെയ്തിറങ്ങും മായാ….എന്റെ വിയർപ്പുതുള്ളികൾ ആാാ അക്ഷരങ്ങളെ നനയ്ക്കും…. ആാാ അക്ഷരങ്ങൾ എന്നെ വാരിപുണരും എന്നെ ചുംബിക്കും… എന്നിലെ പുരുഷനെ ഉണർത്തും… പിന്നെ…. പിന്നെ….”” അവന്റെ കറുത്ത കട്ടിമീശ അവളുടെ ചെവിക്കുപിന്നിൽ ഇക്കിളികൂട്ടികൊണ്ടിരുന്നു….
“”മാ…ഷേ…”” ശബ്ദം വിറച്ചു…
“”ഓരോ അക്ഷരങ്ങളും എനിക്ക് നീയാണ് മായ…. നിന്നെ പ്രണയിച്ചതിൽ പിന്നെയാണ് ഞാൻ അക്ഷരങ്ങളെ ഇത്രയും ആഴത്തിൽ സ്നേഹിച്ച് തുടങ്ങിയത്…. നിന്നോടുള്ള പ്രേമമാണ്… നിന്നോടുള്ള കാമമാണ് എനിക്ക് ഓരോ അക്ഷരങ്ങളോടും….”” അവളവനെ ഇറുകെ പുണർന്നു….. ഏറെനേരം അവന്റെ കൈകൾക്കുള്ളിൽ ആ കണ്ണുകളിലേക്ക് നോക്കി അനങ്ങാതെ കിടന്നു….
“”മായായായാ…”” ദൂരെനിന്നും ഒത്തിരി ദൂരെനിന്നും കാവിനുള്ളിലേക്ക് ആാാ വിളിയൊച്ച മുഴങ്ങിക്കേട്ടു…..
“”ഞാൻ പൊക്കോട്ടെ മാഷേ ന്നെ വിളിക്കുന്നു…..”” മടിത്തട്ടിൽ നിന്നും എഴുന്നേറ്റവൾ നിലത്തുകിടന്ന പുസ്തകത്തെ കയ്യിലെടുത്ത് പുറംചട്ടയിൽ ഭ്രാന്തമായി ചുണ്ടുചേർത്തു….
“”ഞാൻ പോവുന്നു മാഷേ ഇരുട്ടി….”” കണ്ണിലെ കൃഷ്ണമണികൾ നാലുപാടും പാഞ്ഞു….. കയ്യിലിരുന്ന പുസ്തകം വിറവലോടെ അവനുനേരെ നീട്ടി….
പിന്തിരിഞ്ഞോടി…
“”മായാ…”” പിൻവിളികേട്ടതും തിരികെയോടിവന്ന് ആാാ കഴുത്തിൽ വട്ടംചുറ്റി കാൽവിരലിൽ ഊന്നി ഉയർന്നുപൊങ്ങി നിന്നു….
“”ഇത് തുന്നിപിടിപ്പിക്കാൻ ഞാൻ നാളെ വരുന്നുണ്ട് മാഷേ….”” കൈവെള്ളത്തുറന്നവൾ കൊഞ്ചിപൊട്ടിച്ചെടുത്ത കറുത്ത വട്ടകുടുക്ക് അവന്റെ കൈകളിലേക്ക് വച്ചുകൊടുത്തു….മീശ കടിച്ചുപിടിച്ച് ചെറുതായി ചിരിച്ചുകൊണ്ടവൻ അവളിൽനിന്നും പിടിയയച്ചു…..അവൾക്കുപിന്നിലായി കാലടികൾ വയ്ക്കുമ്പോൾ ആ പെണ്ണിന്റെ ചെറുവിരൽ തുമ്പിൽ ചെറുതായൊന്ന് പിടുത്തമിട്ടു…..ഇത്രയും നേരം കലപില പറഞ്ഞവളിലെ മൗനം അവനെ അത്ഭുതപെടുത്തിയെങ്കിലും ഒരുനിമിഷം അവളിലെ ആ മൗനത്തെ മൗനംകൊണ്ട് വാരിപുണർന്നു നുകരുകയായിരുന്നവൻ…..
അവസാനിച്ചു…