മഴ നനഞ്ഞു കുതിർന്ന ആ സന്ധ്യക്ക് വീട്ടു മുറ്റത്തെത്തി ഞാൻ കുറച്ചു നേരം ആ വീട്ടിലേക്കും നോക്കി അങ്ങനെ കുറച്ചു നേരം നിന്നു. ശേഷം തൊടിയിലെ നനഞ്ഞു കരിഞ്ഞു കിടക്കുന്ന ഇലകൾക്കിടയിലൂടെ അമ്മയുടെ അടുത്തേക്ക് നടന്നു.
അമ്മയുടെ മണമുള്ള ഈ വീടും അമ്മയുറങ്ങുന്ന ഈ മണ്ണും ഇനി ഒരിക്കലും ആർക്കും താമസിക്കാൻ വിട്ടു കൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചതാണ്.
പക്ഷേ ശങ്കരേട്ടൻ അങ്ങനെ പറഞ്ഞ സ്ഥിതിക്ക്‌അമ്മക്കും അതൊരു ആശ്വസമാവുമെങ്കിൽ ഞാൻ സമ്മതമല്ലെന്ന് പറയുന്നില്ല. മാത്രവുമല്ല അച്ഛൻ ഈ ഒളിച്ചു കളിക്ക് നിശ്ചയിച്ച കാലപരിധി എത്രയാണെന്ന് എനിക്കറിയില്ലല്ലോ അമ്മേ! ഈ ജോലിയുടെ കാലയളവ് കഴിയുമ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ അതൊരു ആശ്വാസമാവുമെങ്കിൽ അതല്ലേ നല്ലത്.
ഒരു നെടുവീർപ്പിട്ടു കത്തിയെരിയുന്ന ചിരാതിലെ വെളിച്ചം നോക്കി ഞാൻ പറഞ്ഞു. അപ്പോൾ എവിടെ നിന്നും വീശിയെത്തി എന്നെ തലോടി പോയ തണുത് കാറ്റിൽ അമ്മയുടെ കൈവിരലുകളുണ്ടെന്നു തോന്നി.
പിറ്റേന്ന് ലക്ഷ്മി ചേച്ചിക്ക് ഒപ്പം നടക്കുമ്പോൾ പതിവിന് വിപരീതമായി ഞാൻ മൗനം പൂണ്ട് നടന്നു.
എന്തുപറ്റി ഈ ലോകത്ത് ഒന്നുമല്ലല്ലോ!
എന്ന ലക്ഷ്മി ചേച്ചിയുടെ ഉച്ചത്തിൽ ഉള്ള ചോദ്യം കേട്ടാണ് ആലോചനയിൽ നിന്നും ഉണർന്ന്.
ഒന്നുമില്ല ചേച്ചി വെറുതെ ഓരോ കാര്യങ്ങൾ ഓർത്തു പോയി. വീട്‌വാടകക്ക് കൊടുത്താലോ എന്ന് ആലോചിക്കുകയാണ്. ശങ്കരേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അമ്മക്കും സമ്മതമാണ്. എനിക്കതൊരു സഹായമാവും എന്ന് കരുതി കാണും.
ഇതിൽ എന്താണ് ഇത്രയും ആലോചിച്ചു കൂട്ടാൻ….വെറുതെ അടച്ചു പൂട്ടി ഇടുന്നതിനെക്കാൾ നല്ലതല്ലേ! എല്ലാറ്റിനും ഉപരി അവരൊക്കെ പറയുന്നത് പോലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നിനക്കൊരു സഹായവുമാവും.
ഇനി ആർക്കും വാടകക്ക് കൊടുക്കാതെ എന്നെ അമ്മ വളർത്തിയ ആ വീട്ടിൽ എന്നെങ്കിലും ഒരു ദിവസം എല്ലാവർക്കും ഒപ്പം താമസിച്ചു തുടങ്ങണം എന്നത് ഒരു വലിയ മോഹമായിരുന്നു. പക്ഷേ വിധി ഇതായിരിക്കും…ചേച്ചിക്കറിയോ അച്ഛൻ എനിക്ക് തന്ന സ്വത്തല്ല അത്..അച്ഛൻ എന്റെ മനസ്സറിഞ്ഞു എനിക്ക് തന്ന ഒരു സമ്മാനമാണ് ആ വീട്.അവിടെ ഇപ്പോഴും അമ്മയുണ്ട് എന്നാണ് എന്റെ പോലെ അച്ഛൻ വിശ്വസിക്കുന്നതും അതുകൊണ്ട് ആണ് എന്ന് രണ്ടാമത് അമ്മയെ കല്യാണം കഴിച്ചപ്പോൾ ആ വീട്ടിൽ താമസിക്കാൻ കൂട്ടാക്കാതെ ഉള്ള സമ്പാദ്യം കൊണ്ട് ഈ വീട് വാങ്ങി ഇവിടെക്ക് വന്നത്.
അങ്ങനെ ഒന്നും ഓർക്കേണ്ട..വിൽക്കുകയൊന്നും അല്ലല്ലോ! കുറച്ചു മാസത്തേക്കോ കൂടിയ ഒരു വർഷത്തേക്കോ ഒരു കുടുംബം വന്ന് താമസിച്ചു പോവുന്നു. അത്‌അത്രയേ ഉള്ളൂ. അതോക്കെ പോട്ടെ..ഏത് നാട്ടിൽ ഉള്ളവരാണ് എന്ന് പറഞ്ഞോ ശങ്കരേട്ടൻ?
ഇല്ല ചേച്ചി..എന്നോട് വാടകക്ക്‌കൊടുക്കുന്നുണ്ട് എങ്കിൽ താമസിക്കാൻ ആളുണ്ട് എന്നെ പറഞ്ഞുള്ളൂ..അങ്ങനെ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല.
ശരി നീ ചോദിക്കേണ്ട.ശങ്കരേട്ടനെ ഇപ്പോൾ നേരിൽ കാണുമല്ലോ ഞാൻ ചോദിച്ചോളാo.പാടത്ത് നിന്നും റോഡിലേക്ക് കയറി പിന്തിരിഞ്ഞു എന്നെ നോക്കി
ചിരിയോടെ ചേച്ചി പറഞ്ഞു.പക്ഷെ അന്ന് പതിവ് തെറ്റിച്ചു ഡ്രൈവിങ് സീറ്റിൽ ശങ്കരേട്ടനെ കണ്ടില്ല.ചോദിച്ചപ്പോൾ അവധിയാണെന്ന് മാത്രം പറഞ്ഞു. പിറ്റേന്ന് ഒരു ശനിയാഴ്ച മഴ തോർന്നൊരു വൈകുന്നേരം വീണക്ക് വാക്ക് കൊടുത്തത് പോലെ ഗൗരി ചേച്ചിയെ കാണാൻ ഇറങ്ങി.പടി കടന്നു വരുന്ന ഞങ്ങളെ കണ്ടതും ഗൗരി ചേച്ചി അടുത്തേക്ക് ഓടി വന്നു.
ആരൊക്കെയാണ് ഇത്? ഇപ്പോഴെങ്കിലും തോന്നിയല്ലോ ചേച്ചിക്കും അനിയത്തിക്കും ഒന്ന് ഈ വഴി ഇറങ്ങാൻ!
ശങ്കരേട്ടനെവിടെ ചേച്ചി രണ്ട് ദിവസം കണ്ടില്ലല്ലോ!
ഒരു ചെറിയ പനി.ഞാൻ നിർബന്ധിച്ചു ഇവിടെ പിടിച്ചു വച്ചിരിക്കുകയാണ് മോളെ. ഒരു ദിവസം ബസ് ഓടിച്ചില്ലേങ്കിൽ പട്ടിണി ആവത്തൊന്നും ഇല്ലല്ലോ എന്നും പറഞ്ഞു. ചേച്ചി അത് പറഞ്ഞു തീർന്നതും ശങ്കരേട്ടൻ ഉമ്മറത്തെത്തിയിരുന്നു. ആ വലിയ മുറ്റത്തിന്റെ അരികിൽ തുരു തുരാ കായ്ചു നിൽക്കുന്ന പേരക്കാ മരം കണ്ടതും വീണ എന്നെ നോക്കി ഒന്ന് ചിരിച്ചു കാട്ടി അങ്ങോട്ട് നടന്നു.
നീയിന്നു വരുമെന്ന് ഊഹിച്ചിരുന്നു.ലക്ഷ്‌മിയെ കണ്ടപ്പോൾ പറഞ്ഞു. മുറ്റത്തേക്കിറങ്ങി ശങ്കരേട്ടൻ പറഞ്ഞു. തീരുമാനം നന്നായി. അവര് ഒരാഴ്ച്ചകുള്ളിൽ വരും. വീട് എപ്പോഴും വൃത്തിയായി തന്നെയല്ലേ കിടക്കുന്നത്. ഇനി പ്രത്യേകിച്ച് ഒരുക്കത്തിന്റെ ആവശ്യം ഒന്നുമില്ല.എങ്കിലും അതിനിടക്ക് അവര് ഒരു ദിവസം വരും വീട്‌കാണാൻ.വരട്ടെ വന്ന് കണ്ടിട്ട് പോവട്ടെ..
മറുപടിയായി ഞാൻ തലയാട്ടി.
സുഭദ്ര…. ഇപ്പോൾ സ്നേഹം തന്നെയല്ലേ നിന്നോട്!
ആണ്. ഇപ്പോൾ ഉള്ളിൽ സങ്കടമായി അച്ഛൻ മാത്രമേ ഉള്ളൂ.
സാരമില്ല.ഒക്കെ ശരിയാവും.
അപ്പോഴേക്കും കയ്യിൽ നിറയെ പേരക്കകളും കൊണ്ട് വീണ ഓടി വന്നു.വയറ് നിറയെ പലഹാരങ്ങൾ കഴിപ്പിച്ചും ഏറെ നേരം വിശേഷങ്ങൾ പറഞ്ഞു മൊക്കെയാണ് ഗൗരി ചേച്ചി ഞങ്ങളെ പോകാൻ വിട്ടത്.മഴയുടെ ശക്തി കൂടി വന്നപ്പോൾ അടുപ്പിച്ചു രണ്ട് ദിവസം അവധി കിട്ടി.ഒരു ദിവസം ഉച്ച കഴിഞ്ഞു വീണയെയും കൂട്ടി അലമാരയിൽ സൂക്ഷിച്ച ചാവി എടുത്തു വീട്ടിലേക്ക് നടന്നു. പൂട്ടി കിടന്നിരുന്ന വാതിൽ തുറന്നു അകത്തേക്ക് കയറി. അങ്ങോട്ട് ചെല്ലുമ്പോഴെല്ലാം ഓർമ്മകളും പേറി ആ അകത്തളങ്ങളിലൂടെ മൗനമായി നടക്കാൻക്കാൻ ആയിരുന്നു എനിക്കിഷ്ടം.
എന്റെ മൗനത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലെ വീണയും അപ്പോൾ നിശബ്ദമായിരുന്നു.ചുറ്റിലും ഒന്ന് കണ്ണോടിച്ചു കൊണ്ട് അടുക്കളയിൽ വച്ചിരുന്ന ഈർക്കില ചൂലെടുത്തു കൊണ്ടുവന്നു..ചുരിദാറിൻറെ ഷാള് കൊണ്ട് മൂക്കും വായും മറച്ചു കെട്ടി ഓരോ മുക്കിലും മൂലയിലുമുള്ള പൊടി തട്ടി.ഇടക്ക് വീണയെ തിരഞ്ഞപ്പോൾ തുരുമ്പ് പിടിച്ച പഴയ പെട്ടിയിൽ നിന്നും നിറം മങ്ങി തുടങ്ങിയ കുട്ടികാലത്തെ ഫോട്ടോകൾ എടുത്ത് നോക്കിയിരുന്നു ചിരിക്കുന്നത് കണ്ടു. ഇടക്ക് ഒന്ന് കണ്ണടച്ചപ്പോൾ അമ്മയുടെ ചിന്നു എന്ന വിളി പേര് കാതിൽ മുഴങ്ങി കേട്ടു. പുറത്തു എന്തോ ശബ്‌ദം കേട്ടപ്പോൾ ആണ് ഓർമ്മയിൽ നിന്നും ഉണർന്നു ഉമ്മറത്തേക്ക് നടന്നത്.ചെന്ന് നോക്കിയപ്പോൾ ശങ്കരേട്ടൻ ആയിരുന്നു.
മോളിന്നു അവധിയായത് നന്നായി..ആള് വന്നിട്ടുണ്ട്.അകത്തു നിന്ന് തട്ടും മുട്ടും കേട്ടപ്പോഴേ ഞാൻ ആളോട് പറഞ്ഞു വീട്ടുടമസ്തയായിരിക്കും എന്ന്! ശങ്കരേട്ടൻ ചിരിയോടെ തൊടിയിലെക്ക് ചൂണ്ടി പറഞ്ഞു. അപ്പോഴാണ് കണ്ണുകൾ അങ്ങോട്ട് നോക്കി ആളെ തിരഞ്ഞത്. നീല കള്ളി ഷർട്ടും അതിനിണങ്ങുന്ന നീല കരയുള്ള മുണ്ടും ആയിരുന്നു വേഷം. അമ്മയുടെ അസ്‌ഥിതറ നിൽക്കുന്നിടത്തേക്ക് നോക്കി പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ.
ആൾക്കിങ്ങോട്ട് മാറ്റം കിട്ടി വന്നതാണ്.വഴിയൊക്കെ നല്ല നിശ്‌ചയമാണ്.അതുകൊണ്ട് എനിക്ക് പ്രയാസമുണ്ടായില്ല.മോൾക്കിനി വല്ലതും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോ!
ഞാനിനി എന്ത് പറയാൻ ആണ് ശങ്കരേട്ടാ!കാര്യങ്ങൾ എല്ലാം ശങ്കരേട്ടൻ പറഞ്ഞിട്ടുള്ളതല്ലേ അത്‌മതി.അകത്തുള്ള എല്ലാ സാധങ്ങളും അവര് ഉപയോഗിച്ചോട്ടെ…നല്ല പോലെ സൂക്ഷിക്കാൻ പറയണേ..അവർക്ക് നീരസം തോന്നാത്ത രീതിയിൽ ശങ്കരേട്ടൻ തന്നെ പറഞ്ഞാൽ മതി.
അത്‌പിന്നെ എനിക്കറിയില്ലേ മോളെ!എല്ലാം പറഞ്ഞിട്ടുണ്ട്.പിന്നെ മോള് പോവുമ്പോൾ ചാവി അവിടെ വച്ചേക്ക്…എന്നെ പിന്തിരിഞ്ഞു നോക്കി ശങ്കരേട്ടൻ പറഞ്ഞു.
അകം അടിച്ചു വാരി വൃത്തിയാക്കി പോരുമ്പോൾ ചുറ്റിലും ഒന്ന് നോക്കി താക്കോൽ ഉമ്മറത്തെ തിട്ടയിൽ വച്ചു തിരിഞ്ഞു നടക്കുമ്പോൾ പെട്ടെന്ന് ഒരു ധാവണി ക്കാരി യുടെ പാദസരം കിലുക്കിയുള്ള ഓട്ടവും കലപില നിറഞ്ഞ സംസാരവുമൊക്കെ മനസ്സിലും കാതിലും തെളിഞ്ഞു..എന്തോ ഓർത്തെന്ന പോലെ ഞെട്ടലോടെ പുറം തിരിഞ്ഞപ്പോൾ ചാരിയിട്ടിരുന്ന വാതിൽ തുറന്നു വീടിനകത്തേക്ക് കയറി പോവുന്ന ആ രൂപം വീണ്ടും കണ്ടു.ഒരു നേടുവീർപ്പോടെ തിരിഞ്ഞു നടന്നു.അപ്പോഴേക്കും വീണയും എനിക്ക് പിറകിലൂടെ നടന്നു വന്നു ഒപ്പം കൂടി.
നല്ല പണിയാണ് ചേച്ചി കാണിച്ചത്!എന്നെ കൂട്ടാതെ ഒറ്റക്ക് പോരാൻ തുടങ്ങുകയായിരുന്നു അല്ലേ!പരിഭവ മട്ടിൽ വീണ പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു.
വീട്‌ചുറ്റി കാണാൻ അല്ലല്ലോ നിന്നെ കൂടെ കൂട്ടിയത്.എന്നെ സഹായിക്കാൻ അല്ലേ!
സോറി ചേച്ചി.അതിനു മാത്രം പണിയൊന്നും ഇല്ലായിരുന്നല്ലോ! പിന്നെ ചേച്ചിയുടെ പ്രിയപ്പെട്ട മുറി തുറന്നപ്പോൾ കിട്ടിയ പുസ്തകത്തിലെ സാഹിത്യവും വായിച്ചു ഞാൻ ഏതോ ലോകത്തെത്തി.
അതും പറഞ്ഞു കയ്യിൽ ഒളിപ്പിച്ച കടലാസ് കഷ്ണങ്ങൾ എന്നെ കാട്ടി കളിയാക്കി കുസൃതിയോടെ വീണ ഓടിയപ്പോൾ അവൾക്ക് പുറകെ ഞാനും വീട്ടിലേക്ക് ഓടി.
സൂര്യൻ ചുവപ്പ് രാശി പടർത്തി അസ്തമിച്ച ആ സന്ധ്യയ്ക്ക് ശങ്കരേട്ടൻ വന്നു.
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അവര് ഇങ്ങോട്ട് താമസം മാറ്റും..കയ്യിൽ കരുതിയിരുന്ന താക്കോൽ കൂട്ടം തിട്ടയിലേക്ക് വച്ചു പറഞ്ഞു.അപ്പോഴേക്കും അമ്മ ശങ്കരേട്ടനുള്ള ചായയും കൊണ്ടുവന്നു.തൊട്ടു പുറകേ വീണയും ഉണ്ടായിരുന്നു.
മോള് വരുന്നുണ്ടെങ്കിൽ വാ…അതുവരെ ഞാനും കൂട്ട് വരാം.
ശങ്കരേട്ടൻ പറഞ്ഞപ്പോൾ അമ്മയെ നോക്കി പോയി വരാമെന്ന മട്ടിൽ തലയാട്ടി ശങ്കരേട്ടനു പുറകെ നടന്നു..
ഇനിയിപ്പോൾ ഇഴ ജന്തുക്കളെ ഒന്നും പേടിക്കണ്ട.ആൾപെരുമാറ്റം ഉണ്ടായി തുടങ്ങുമ്പോൾ അതിന്റെതായ മാറ്റം ഉണ്ടാവും.കൈ രണ്ടും പുറകിലേക്ക് കൂട്ടി പിടിച്ചു നടക്കുന്നതിനിടയിൽ ശങ്കരേട്ടൻ പറഞ്ഞു.
നിനക്ക് നാളെ ക്ലാസ് ഇല്ലേ?
വീട്ടിലേക്ക് കയറുന്ന പടവുകൾ എത്തിയപ്പോൾ ശങ്കരേട്ടൻ ചോദിച്ചു.
ഉണ്ട്.നമ്മുടെ കാര്യം എങ്ങനെയാണ് നാളെയും അവധിയാണോ?
ഇല്ല.നാളെ തൊട്ട് പോയി തുടങ്ങണം എന്ന് കരുതുന്നു..വീണക്കും ക്ലാസ്സ് തുടങ്ങാറായി അല്ലെ! സുഭദ്ര പറഞ്ഞു. എന്നാൽ വൈകണ്ട വേഗം വിളക്ക് കത്തിച്ചു പോവാൻ നോക്ക്..
മറുപടിയായി തലയാട്ടി പച്ച പിടിച്ച പടവുകൾ കയറുമ്പോൾ ആണ് കറുത്ത കരയുള്ള മുണ്ടിന്റെ അറ്റം ഉയർത്തി പിടിച്ചു എനിക്കെതിരെ അഭിമുഖമായി നടന്നു വന്ന ആളുടെ കാലുകൾ കണ്ടത്.മുഖം ഉയർത്തി നോക്കും മുന്നേ ശങ്കരേട്ടൻ ആ പേര് വിളിച്ചിരുന്നു.
ശ്രീഹരി വരുന്നില്ലേ!.,
ആ പേര് കേട്ടതും ചങ്കിടിപ്പോടെ മുഖമുയർത്തി നോക്കി.അപ്പോഴേക്കും ചെറുതായി ചാറി തുടങ്ങിയ മഴ തുള്ളികൾ കണ്ണുകളെ ഇമ പൂട്ടി..അപ്പോഴും ആ പേരിന് എന്റെ മനസ്സിൽ തെളിഞ്ഞു വന്ന മുഖമാണോ എന്നറിയാൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നു ഞാൻ.
ഒടുവിൽ ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി അത്ഭുതത്തോടെ നിൽക്കുമ്പോൾ കണ്മുന്നിൽ കാണുന്നത് മിഥ്യയോ സത്യമോ എന്നറിയാതെ ഞാൻ നടുങ്ങി നിന്നു…
ഞാൻ ആണ് ശങ്കരേട്ടൻ പറഞ്ഞ ആ വാടകക്കാകാരൻ! ഓർമ്മയുണ്ടോ ടീച്ചറെ?
ആ ചോദ്യം കേട്ടതും വർദ്ധിച്ച ഹൃദയമിടിപ്പിന്റെ നിന്നയിടത്തു നിന്നും ഒരടി പോലും അനങ്ങാൻ കഴിയാതെ ഞാൻ നിന്നു.
എന്തുപറ്റി?ഇത്തവണ വീട്ടുടമസ്തക്ക്‌പറയാൻ റൂൾസ് ആൻഡ് റെഗുലേഷൻസ് ഒന്നും ഇല്ലേ!
ചിരിയോടെ അതും ചോദിച്ചു ആളാ പടവുകൾ ഇറങ്ങി പോവുമ്പോൾ മുകളിലേക്ക് കയറാൻ കഴിയാതെ കാലിനൊപ്പം മനസ്സിനും ഭാരം കൂടി വല്ലാത്തൊരു അസ്വസ്ഥത യോടെ ഞാൻ നിന്നു.ആ പടിക്കെട്ടിൽ തന്നെ നിന്ന് ഇരുട്ടു വീണു തുടങ്ങിയ ഇടവഴിയിലൂടെ നടന്നകന്നു പോവുന്ന രണ്ട് രൂപങ്ങൾ നോക്കി ഞാൻ നിന്നു.
ആയാസപ്പെട്ടു അമ്മക്കരികിൽ നടന്നെത്തുമ്പോൾ പതിവ്‌തെറ്റിച്ചു ഞാൻ മൂകമായിരുന്നു.കുറെ ഏറെ വിശേഷങ്ങൾ അമ്മയെ പറഞ്ഞു കേൾപ്പിക്കാൻ ചെന്ന എനിക്ക് ഒരു വാക്ക് പോലും തൊണ്ടയിൽ നിന്നും പുറത്തേക്ക് വന്നില്ല. കണ്ടത് വെറും ഒരു സ്വപ്നമാണെന്നും അല്ലെങ്കിൽ അതെന്റെ മാത്രം തോന്നൽ ആയിരിക്കുമെന്നും വിശ്വസിക്കാൻ ആയിരുന്നു എനിക്കിഷ്ടം.
അന്ന് രാത്രി അത്താഴം വിളമ്പുമ്പോൾ അമ്മയാണ് പറഞ്ഞത്.
ആ പിന്നെ മോളോട് പറയാൻ മറന്നു.ശങ്കരേട്ടൻ പറഞ്ഞപ്പോൾ താമസിക്കാൻ വരുന്നത് ശ്രീഹരി ആവുമെന്ന് ഒട്ടും വിചാരിച്ചില്ല…ആ കുട്ടിക്ക് ഇങ്ങോട്ട് മാറ്റം കിട്ടി.കൂടുതൽ വിശേഷങ്ങൾ ചോദിക്കാൻ ഒന്നും പറ്റിയില്ല..അമ്പലത്തിൽ വച്ച് കണ്ടപ്പോൾ ഗൗരി യാണ് പറഞ്ഞത്..അവനും ആളാകെ മാറി.പണ്ടത്തെക്കാൾ തടിച്ചു…നല്ല പെരുമാറ്റവും.
അമ്മ ഏറെ നാൾ കഴിഞ്ഞു ഉത്സാഹത്തോടെ അങ്ങനെ പറഞ്ഞതും വായിലേക്ക് വച്ച ചോറുരുള തൊണ്ടയിൽ തങ്ങി നിന്നു…
വീണ മോൾക്ക് ഓർമ്മയുണ്ടാവില്ല ചിലപ്പോൾ…അന്ന് നീ നാലാം ക്ലാസ്സിലൊ മറ്റോ ആണ്.അന്ന് ഇവിടെ വില്ലേജ് ഓഫീസിൽ താൽക്കാലികമായി എന്തോ ജോലി കിട്ടി വന്നതായിരുന്നു അവര്.ഇപ്പോൾ പരീക്ഷയൊക്കെ എഴുതി കിട്ടി സ്ഥിരം ജോലിയായി.നമ്മുടെ ഇവിടെ തന്നെ…ഇങ്ങോട്ട് മാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു ത്രേ!ആയമ്മക്കും അന്നേ ഈ നാട് വലിയ ഇഷ്ടമായിരുന്നു..ഇവിടെ നിന്നും പോവാനെ അന്ന് മനസ്സില്ലായിരുന്നു..പിന്നെ ഓരോ സാഹചര്യം വരുമ്പോൾ നമ്മളും അതിനനുസരിച്ചു നീങ്ങിയല്ലേ പറ്റു.
എല്ലാം കേട്ടു ഒന്നും കഴിക്കാതെ പ്ലേറ്റിൽ കളം വരച്ചിരിക്കുന്ന എന്നെ അമ്മ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും വേഗം എന്തൊക്കെയോ കഴിച്ചെന്നു വരുത്തി
വീണയെ പോലും കാത്തു നിൽക്കാതെ ഞാൻ മുറിയിലേക്ക് നടന്നു.
മുറിയിൽ ചെന്ന് കസേരയിൽ തല ചായ്ചു കുറച്ചു നേരം കിടന്നു..വീണ വന്നപ്പോൾ മേശ വലിപ്പിൽ നിന്നും കുറച്ചു ഉത്തര പേപ്പറുകളുംഒരു ചുവന്ന മഷി പേനയും എടുത്തു വെള്ള കടലാസിലെ ഉത്തരങ്ങളിൽ പേന കൊണ്ട് ചുമപ്പിച്ചു ഞാനിരുന്നു.
അഖിലേട്ടനും ലക്ഷ്മി ചേച്ചിയും പറഞ്ഞ വാചകങ്ങൾ അപ്പോൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.
ഇടക്ക് അന്വേഷിക്കാം..ഇടക്ക് വച്ച് ഒരു യാത്ര പോലും പറയാതെ പോയ നമ്മുടെ പണ്ടത്തെ കഥയിലെ നായകനെ…കാണുമെങ്കിൽ പറയാം…പേരറിയാത്ത ഒരു നൊമ്പരവും പേറി അയാളെ നഷ്ടപ്പെട്ടതിന്റെ പേരിൽ ജീവിതം പോലും അവസാനിപ്പിക്കാൻ ശ്രമിച്ച ആ പതിനെട്ട് കാരിയെ കുറിച്ച്.’
എന്ന അഖിലേട്ടന്റെ വാക്കുകൾ….
‘ശരിക്കും നിനക്ക് അന്ന് അയാളോട് എന്തായിരുന്നു? പ്രണയമായിരുന്നോ?
എന്ന ലക്ഷ്മി ചേച്ചിയുടെ ചോദ്യം…
എല്ലാറ്റിനും അപ്പുറം
ചേച്ചി അന്നെന്തിനാണ് അന്ന് മരിക്കാൻ നോക്കിയത്?..
എന്ന വീണയുടെ ചോദ്യം…
എല്ലാം ആലോചിക്കും തോറും പേര് പറയാൻ പറ്റാത്ത ഒരു അസ്വസ്ഥത എന്നെ വന്ന് പൊതിഞ്ഞപ്പോൾ പതുക്കെ എഴുന്നേറ്റു വീണയുടെ അടുത്തു പോയി ലൈറ്റ് ഓഫ് ചെയ്ത് കണ്ണടച്ചു കിടന്നു.അപ്പോഴും മനസ്സിൽ വീണ്ടും ആ മുഖം തെളിഞ്ഞു വന്നു.പക്ഷേ അയാൾക്ക് അപ്പോഴും ഓർമ്മകളിലെ ആ പഴയ മുഖ ഛായയായിരുന്നു .വർഷങ്ങൾക്ക് മുന്നേ കണ്ട ആ ചെറുപ്പക്കാരന്റെ മുഖം. ആ ഉറക്കത്തിൽ പഴക്കം ചെന്ന ഓർമ്മകൾക്ക് മേൽ വട്ടമിട്ടു പറക്കുകയായിരുന്നു ഞാൻ അപ്പോൾ.
**************
ചിന്നു അവര് വന്നു. മോളിത് തീർന്നു കഴിയുമ്പോൾ അകത്തെ മുറിയിൽ നിന്നും താക്കോൽ കൂട്ടം എടുത്തു മേലെ വീട്ടിലേക്ക് വരണം.
പാടത്ത് നിന്നും കയറി വന്നു തോർത്തെടുത്തു വിയർപ്പ് കിനിയുന്ന നെറ്റി തുടച്ചു അച്ഛൻ അത് പറയുമ്പോൾ ഒരു തിരുവോണദിവസം രാവിലെ ചാണകം മെഴുകിയ തറയിൽ വലിയ പൂക്കളം ഇടുന്ന തിരക്കിലായിരുന്നു ഞാൻ. വീണയപ്പോൾ ഉമ്മറത്തെ തിട്ടയിലിരിന്നു എന്നെ നോക്കി ചിരിച്ചു കാണിച്ചു.
അത് ശ്രദ്ധിക്കാതെ ഭംഗിയിൽ പൂക്കളം ഒരുക്കുന്ന തത്രപ്പാടിൽ ആയിരുന്നു ഞാൻ.
ആരാ ഇത്?.പട്ടു പാവാട യൊക്കെ മാറി ധാവണി ഒക്കെ ഉടുത്തപ്പോൾ വലിയ കുട്ടി ആയിപോയല്ലോ എന്റെ വിദ്യ മോള്!
പടി കടന്നു വന്നു എന്നെ ചേർത്ത് പിടിച്ചു ഗൗരി ചേച്ചി പറഞ്ഞപ്പോൾ ഞാൻ നാണത്തോടെ താഴേക്ക്‌നോക്കി നിന്നു.
അച്ഛൻ അന്വേഷിക്കുന്നുണ്ടാവും ഇനി ഈ താക്കോൽ കൊണ്ടു കൊടുത്തിട്ട് മതി ബാക്കി പൂവിടൽ! വേഗം പോയി വരൂ…
എന്ന് ശാസനയുടെ ശബ്ദത്തിൽ അമ്മ വന്ന് പറഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന ചെണ്ടുമല്ലികൾ താഴെയിട്ടു അനുസരണയോടെ ഞാൻ താക്കോൽ കൂട്ടം വാങ്ങി പുറത്തെക്ക് നടന്നു.
ദേഷ്യത്തോടെ യും അമർഷത്തോടെ യും ധൃതി യിൽ ആ പടിക്കെട്ടുകൾ കയറിയതും തലേന്നു പെയ്‌ത മഴയിൽ നനഞ്ഞ പടവിൽ ചവിട്ടി കാല് തെന്നി വീണതും ഒരുമിച്ച് ആയിരുന്നു.വെപ്രാളത്തോടെ എഴുന്നേറ്റു കൈമുട്ടിലെ ചെറിയ മുറിവിൽ ഊതുമ്പോൾ സങ്കടവും വേദന യും കൊണ്ട് കണ്ണുകൾ നിറഞ്ഞു. അപ്പോഴാണ് എന്നെയും നോക്കി നേർത്ത ചിരിയോടെ നിൽക്കുന്ന ആ മുഖം ആദ്യമായി അന്ന് കണ്ടത്.
വേദനിച്ചോ മോൾക്ക്?
അടുത്ത് വന്ന് വാത്സല്യത്തോടെ അച്ഛൻ ചോദിച്ചതും ആ മുറിവിന്റെ വേദന എങ്ങോട്ടോ പോയി മറഞ്ഞു.അപ്പോഴാണ് എന്തോ ഓർത്തെന്ന പോലെ പടവിൽ വീണു കിടക്കുന്ന താക്കോൽ എടുത്തു അച്ഛനു നേരെ നീട്ടിയത്.
മോള് തന്നെ പോയി തുറന്നു കൊടുക്ക്!
എന്ന് അച്ഛൻ പറഞ്ഞപ്പോൾ പതുക്കെ ആ താക്കോൽ കൂട്ടവും കൊണ്ട് വീടിന്റെ ഉമ്മറ പടി കയറി.പൂട്ടിയിട്ട വാതിൽ തുറന്നു ആദ്യം അകത്തു കയറിയതും ഞാൻ തന്നെയായിരുന്നു.കുറച്ചു നേരം ആ ഇടനാഴികളിലൂടെ നടന്നു.
അപ്പോഴാണ് എനിക്ക്‌പ്രിയപ്പെട്ട മുറിയിൽ നിന്ന് പുസ്തകങ്ങൾ അടുക്കി മേശയിൽ വക്കുന്ന ആളെ കണ്ടത്.
ശ്രീക്കുട്ടാ…
ആ വിളി കേട്ടതും ആൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെയായിരുന്നു.
അത്‌ശ്രദ്ധിക്കാതെ എന്നെ കടന്നു പോവാൻ ഒരുങ്ങി.
എന്റെ വീടാണ്.വൃത്തിയായി സൂക്ഷിക്കണം.ആ മുഖത്ത് നോക്കാതെ മറ്റെങ്ങോട്ടൊ നോക്കാതെ ആണ് ഞാൻ പറഞ്ഞത്.
തുടരും…..