പച്ചക്കല്ല് മൂക്കൂത്തി – ഭാഗം 02 – രചന: നിവിയ റോയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..

എനിക്ക് അവളെ തീരെ ഇഷ്ടമല്ലെന്ന് അമ്മയ്ക്ക് അറിഞ്ഞു കൂടെ ..?

എന്റെ മോനേ അമ്മയ്ക്കു നടുവ് വേദന കൊണ്ട് തീരെ വയ്യ …ദേ കണ്ടോ കൈയ്ക്കും കാലിനും നീര് …ചൂട് തുടങ്ങിയില്ലേ നീരിറക്കമാണെന്ന് തോന്നുന്നു …എനിക്ക് നിന്നെ ഒറ്റയ്ക്ക് കുളിമുറിയിലേക്ക് പിടിച്ചോണ്ട് പോകാനൊന്നും പറ്റണില്ല …പിന്നെ ഡോക്ടർ പറഞ്ഞിട്ടില്ലേ കുറച്ചു നേരം പിടിച്ചു നടത്തിക്കണമെന്ന്. അവള് വന്നാൽ ഒരു സഹായം ആകുവല്ലോ … ?

അവള് ഇപ്പോൾ ഒരു കേണലിന്റെ വീട്ടിലാണ് ജോലിക്കു പോകുന്നത്.അയാളും ഭാര്യയും മാത്രമേ അവിടെയുള്ളു.മക്കളൊക്കെ വിദേശത്താണ്. അവരാണെങ്കിൽ ഒരു കിടപ്പു രോഗിയും …അവരെ നോക്കാനാണ് അവള് പോകുന്നത് …അവൾക്കാകുമ്പോൾ എല്ലാം അറിയാല്ലോ …എന്തു ആവശ്യമുണ്ടെങ്കിലും വിളിച്ചോളാൻ പറഞ്ഞിട്ടുമുണ്ട് …അതാ വിളിച്ചത് .

കുളിച്ചില്ലെങ്കിലും വേണ്ട അവളെന്നെ തൊടണ്ട …

മോനേ നീ അങ്ങനെ ഒന്നും പറയല്ലേ ?

എന്റെ അമ്മേ …അമ്മയ്ക്കു വേറെ ആരേയും കിട്ടിയില്ലേ ?

വേറെ ആര് വരും ….നിന്നെക്കൊണ്ടു ഉപകാരമുണ്ടായിരുന്നപ്പോൾ കവിതയും രാഖിയും മുഴുവൻ സമയം ഇവിടെ തന്നെയായിരുന്നു. ഇപ്പോ എന്റെ പൊന്നാങ്ങളയെയും നാത്തൂനെയും മക്കളെയും കണികാണാൻ കൂടി കിട്ടണില്ല .

കൈകൾ കുടഞ്ഞു അമ്മ പരിഭവം പറഞ്ഞപ്പോൾ കൈയിലെ സ്വർണ്ണച്ചായം മങ്ങിയ വളകൾ കൂട്ടിമുട്ടി ചിരിച്ചു .

വല്ലോ ഹോം നഴ്സിനെയും വെക്കാമെന്നു വെച്ചാൽ…അന്നന്നുള്ള അന്നത്തിനു തന്നെ കഷ്ടിയാണ്. പറമ്പിൽ നിന്നും ഇപ്പോ പണ്ടത്തെപ്പോലെ ഒന്നും കിട്ടാനില്ല.

കഷ്ടകാലം വരുമ്പോൾ എല്ലാം ഒന്നിച്ചല്ലേ വരിക.നല്ല കായ് ഫലമുള്ള ആറ്‌ തെങ്ങാണ് ചെല്ലി കുത്തി തീർത്തത്. പിന്നെ കിട്ടണതോ ദേ …ഈ കൈപിടിയത്രയുമുള്ള കുരുമുളക് …പിന്നെ കൊറച്ചു കൊക്കോയും കാപ്പിക്കുരുവും

ഇതെല്ലാം ഞാൻ ഈ പറമ്പിൽകൂടി നടന്നു വാരിക്കൂട്ടി നസീറിന്റെ പീടികയിൽ കൊണ്ട് കൊടുക്കണ കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോണു …രണ്ടു മൂന്ന് മാസമായിട്ടു നിന്റെ മരുന്ന് മേടിച്ചു കൊണ്ട് വരുന്നത് ആരാ …?പല്ലവിയാണ് …

ഈ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് ചോദിക്കാൻ അവളല്ലാതെ വേറെ ഒരാളു പോലുമില്ല ..

മുഖത്തു പടർന്ന നിരാശയെ സാരിതലപ്പുകൊണ്ട് വെറുതെ അമ്മ തുടച്ചുമാറ്റാൻ ശ്രമിച്ചു …

അവൻ അമ്മ കേൾക്കാതെ പിന്നെയും എന്തൊക്കയോ പിറുപിറുത്തു …

മോനേ ഒരാപത്തിൽ സഹായിക്കുന്നവരെ മറക്കരുത് …

പിന്നെ അവൾ നമ്മൾ അറിയാത്ത കുട്ട്യോന്നുമല്ലല്ലോ?

നമ്മുടെ കണ്ണും വെട്ടത്തു തന്നെ കളിച്ചു വളർന്നവളല്ലേ? തറയിൽ കാല് നീട്ടിയിരുന്നു തന്റെ നീരുവന്ന് വീർത്ത കാലിൽ തടവിക്കൊണ്ട് അമ്മ പറഞ്ഞു .

എന്നാലും അവള്…. എങ്ങനാ ഇങ്ങനെ ജീവിക്കണെ? നാണമില്ലേ ഇവൾക്ക് …?സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഇവൾക്കൊക്കെ പോയി ചത്തൂടെ …?

മോനേ അങ്ങനെ പറയല്ലേ …അവളിപ്പോൾ കേണലിന്റെ വീട്ടിലാണ് ജോലിക്കു പോകുന്നതെന്ന് ഞാൻ പറഞ്ഞില്ലേ . അവള് അങ്ങനത്തെ കുട്ട്യോന്നുമല്ലായിരുന്നു. ഓരോരുത്തരുടെ സാഹചര്യമല്ലേ നല്ലതും ചീത്തയുമൊക്കെ ആക്കുന്നത് ….

നീ മിനിമോൾ വല്യ വീട്ടിലെ കുട്ടിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ സ്നേഹിക്കുമായിരുന്നോ ?ഇങ്ങനെ ഇപ്പോൾ കിടക്കേണ്ടി വരുമായിരുന്നോ ?എന്ന് പറഞ്ഞപോലെ ഓരോ വിധി ….

അവളുടെ അച്ഛൻ മാധവന് ‌ ഭാര്യയും മകളെന്നും വെച്ചാൽ ജീവനായിരുന്നു .

നിനക്കറിയാലോ…? അവളുടെ അച്ഛന് കൂപ്പിലെ തടി, ലോറിയിൽ കയറ്റി ഓരോ സ്ഥലത്തേക്ക് കൊണ്ടുപോകുന്ന ജോലിയായിരുന്നുവെന്ന്. ഉം …..അവൻ മൂളി …

മാസത്തിലൊരിക്കൽ അയാൾ വീട്ടിൽ വരുമ്പോൾ പുതിയ തുണിത്തരങ്ങളും പലഹാരങ്ങളും പലവ്യഞ്ജനങ്ങളും ഉള്ള ഒരു കെട്ട് കവറുകൾ അയാളുടെ കയ്യിൽ കാണും.

രണ്ടു മൂന്നു ദിവസമേ അയാൾ വീട്ടിൽ ഉണ്ടാവാറുള്ളു. എങ്കിലും അവരുടെ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയാണ്.

അതൊക്കെ ഞാൻ ഓർക്കുണ്ട് ….അവള് തന്നിട്ടാണ് ആദ്യമായിട്ട് ഞാൻ ചോക്ലേറ്റ് കഴിച്ചത് …

മൂളികൊണ്ട് അമ്മ തുടർന്നു

ലളിതയെയും മകളെയും ഒരുക്കി കൂടെ കൊണ്ടുനടക്കാൻ അയാൾക്ക് വലിയ ഉത്സാഹമായിരുന്നു.

വീട്ടിൽ വരുമ്പോഴെല്ലാം അവളെയും മകളെയും കൊണ്ട് അയാൾ ടൗണിൽ സിനിമയ്ക്കു പോകും. തിരിച്ചു വന്നു കഴിയുമ്പോൾ അവളെന്നോട് ആ കഥയൊക്കെ പറഞ്ഞു കേൾപ്പിക്കാറുണ്ടായിരുന്നു.

അവളുടെ കൂടെ കുഞ്ഞി പല്ലവിയും ഉണ്ടാകും അവളപ്പോൾ ഇറയത്ത് ഇരുന്ന് തന്റെ പുതിയ പ്ലാസ്റ്റിക് കളിപ്പാട്ടവുമായി കളിക്കുകയായിരിക്കും…

ഞാൻ ഓർക്കുന്നുണ്ട് .ചേട്ട …ഇത് അച്ഛൻ മേടിച്ച മാലയാണ് കമ്മലാണ് …കളിപ്പാട്ടമാണ് എന്നൊക്കെ പറഞ്ഞു എന്റെ പുറകെ നടക്കുമായിരുന്നു….
ശല്യപ്പെടുത്താതെ പോടി പെണ്ണെന്നും പറഞ്ഞു ഞാൻ അവളെ ഓടിക്കും …
അവന്റെ മുഖത്ത് ആ ഓർമ്മകൾ ചിരി പടർത്തി …

പാവം… ലളിത അവൾക്ക് ഞാൻ ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു…പിന്നെ കുറച്ചു നേരത്തേക്ക് അമ്മയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

ആരും കൊതിച്ചു പോകുന്ന ഒരു ജീവിതമായിരുന്നു അവരുടേത്. എന്നാൽ അവരുടെ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

കൂപ്പിലെ ജോലിക്കിടയിൽ അയാൾക്ക് എന്തോ അപകടം സംഭവിച്ചു. പിന്നെ അയാൾക്ക് എപ്പോഴും ശരീരത്തിന് ഒരു വിറയൽ ഉണ്ടായിരുന്നു. ജോലി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.

ലളിതാ നല്ല സുന്ദരി ആയിരുന്നല്ലോ? അത് മുതലെടുത്ത് ചിലർ അവരെ സഹായിക്കാൻ മത്സരിച്ചു. അത് മനസ്സിലാക്കിയ അവൾ അവരെ ആരെയും ആ വീടിന്റെ അതിർ പാട്ടിൽ കയറ്റിയില്ല.

പിന്നെ അവൾ ഇവിടെ അടുത്തുള്ള കെട്ടിടം പണിക്ക് പോകാൻ തുടങ്ങിയപ്പോഴാണ് അവരുടെ കുടുംബത്തിലെ ദാരിദ്ര്യം മാറിയത്. വിധി എന്നല്ലാതെ എന്തു പറയാൻ…. അവളുടെ കൂടെ ജോലിചെയ്യുന്ന ഒരാളുമായി അവൾ എങ്ങനെയോ അടുപ്പത്തിലായി.

ജോലി കഴിഞ്ഞുള്ള ഒരു വൈകുന്നേരം കെട്ടിടത്തിന്റെ ആളൊഴിഞ്ഞ ഒരു മൂലയിൽ നിന്നും അവളെയും അയാളെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കൂടെ ഉള്ളവർ കണ്ടു.

സംഭവം നാട്ടിലും വീട്ടിലും പാട്ടായി. ഇത് അറിഞ്ഞ മാധവൻ അവളോട് പറഞ്ഞു

നീ ചെറുപ്പം ആണെന്ന് എനിക്ക് അറിയാം…. എന്റെ ഇപ്പോഴത്തെ അവസ്ഥയും…. എന്നാലും എന്റെ ഭാര്യയായി ഒരിക്കലും നീ എന്നെ ചതിക്കരുത്.അതിനും മാത്രം വിശാലമായ ഒരു മനസ്സ് എനിക്കില്ല. നിനക്ക് വേണമെങ്കിൽ അയാളുടെ കൂടെ പോകാം.

അതുകേട്ട് അവൾ അയാളുടെ കാല് പിടിച്ചു കരഞ്ഞു.., ഒരിക്കലും നിങ്ങളെയും മകളെയും ഉപേക്ഷിച്ച് എനിക്ക് ഒരു ജീവിതവും വേണ്ട…

നിങ്ങളെക്കാൾ അധികം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല…മനപൂർവ്വമല്ല …ഒരു തെറ്റ് പറ്റി പോയി.

പിന്നീട് അവർ എല്ലാം മറന്ന് സന്തോഷത്തിൽ ജീവിതം തുടങ്ങി.

ഇതൊക്കെ നടക്കുമ്പോൾ ഞാൻ വല്യമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നില്ലേ ?

അതെ ….അമ്മ തുടർന്നു

പിന്നെ എന്തിനാ അവര് മരിച്ചത് …?അവന്റെ വാക്കുകളിൽ സഹതാപത്തിന്റെ നനവ്‌ കലർന്നിരുന്നു

മാധവൻ സ്വന്തം ഭാര്യയോട് ക്ഷമിച്ചു.ചില നാട്ടുകാർക്കാണ് പ്രശ്നം മുഴുവൻ.അവരിൽ പാപം ചെയ്യാത്ത ചിലർ അവൾക്കുനേരെ കല്ലുകൾ ഒളിഞ്ഞും തെളിഞ്ഞും എറിഞ്ഞു. യോഗ്യന്മാർ… പരിഹാസത്തോടെ അമ്മ ചിരിച്ചു.

അതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് മുൻപ് അവൾ വീട്ടിൽ നിന്നും ആട്ടിയിറക്കിയവർ തന്നെ ആയിരുന്നു. അവർക്ക് തങ്ങളുടെ വൈരാഗ്യം തീർക്കാൻ ലഭിച്ച അവസരം പൂർണമായും വിനിയോഗിച്ചു.

അവൾ പലപ്പോഴും ഇവിടെ വന്ന് എന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ട്. മാധവനെയും മകളെയും ഓർത്തു മാത്രമാണ് അവൾ കടുംകൈ ഒന്നും ചെയ്യാത്തതെന്ന് .

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ അനാഥരായി പോകുമല്ലോ എന്നോർത്താണ് താൻ കടിച്ചുപിടിച്ചു ജീവിക്കുന്നതെന്നൊക്കെ….

ഏതായാലും അവർ എറിഞ്ഞ കല്ലുകൾ ലക്ഷ്യസ്ഥാനത്ത് തന്നെ കൊണ്ടു. ഒരിക്കൽ ആളുകൾ പറയുന്നത് കേട്ടു കുളക്കടവിൽ കുളിക്കാൻ പോയപ്പോൾ അവൾ കാൽതെറ്റി വീണതാണെന്നും അല്ല അവൾ ആത്മഹത്യ ചെയ്തതാണെന്നും.

ഏതാണ് ശരിയെന്നു ആർക്കറിയാം…. അവളും ഒരു പെണ്ണല്ലേ എത്രമാത്രം സഹിക്കും അവള്…? ഒത്തിരി അധികം അവളെ ആളുകൾ കുത്തിനോവിച്ചിരുന്നു .

ഏതായാലും അവർക്ക് ആർക്കും ഒരു കുഴപ്പവുമില്ല.. നഷ്ടം മാധവനും മകൾക്കും മാത്രം.

ഉം …എന്തായിരുന്നുവെന്ന് ആർക്കറിയാം …

മനസ്സിൽ ഇത്രയും കാലം അവരോട് കൊണ്ടുനടന്ന വെറുപ്പ് ഒരു ദീർഘ നിശ്വാസത്തിൽ കുടഞ്ഞു കളഞ്ഞുകൊണ്ടു അവൻ പറഞ്ഞു

അന്ന് പല്ലവിക്ക് ഏകദേശം പന്ത്രണ്ട് പതിമൂന്നു വയസ്സ് പ്രായം കാണും. ലളിത പോയതോടെ അവരുടെ ജീവിതം തീരെ കഷ്ടത്തിലായി. കുറച്ചുനാൾ ആരൊക്കെയോ സഹായിച്ചു പിന്നെ എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ ഇല്ലേ? . എല്ലാവരും അവരെ പതിയെ പതിയെ മറന്നു…

ആ കൊച്ചുപെണ്ണ് കവലയിൽ പോയി ഓരോരുത്തരുടെ നേരെ കൈനീട്ടി ഭിക്ഷ യാചിച്ചു വല്ലോം കിട്ടിയാൽ അന്ന് അന്തിക്ക് അവരുടെ വീട്ടിൽ തീ പുകയും …

അങ്ങനെ ഇരിക്കെ അയാളുടെ ഒരു പഴയ കൂട്ടുകാരൻ, കൂപ്പിൽ മാധവനോടൊത്തു ജോലി ചെയ്തിരുന്ന ഒരുത്തൻ .ഏകദേശം മാധവനോളം തന്നെ പ്രായം അയാൾക്കുണ്ട്. തടിച്ച ചുണ്ടും കട്ടപുരികവും കുറുകി പരന്ന വലിയ മൂക്കും എപ്പോളും ചുവന്നു കലങ്ങിയ കണ്ണുകളുമുള്ള അയാളെ എല്ലാരും ചെമ്പൻ ജോസ് എന്നാണ് വിളിച്ചിരുന്നത് .

മാധവനോടും മകളോടും സഹതാപം കാട്ടി അയാൾ അവരുടെ വീട്ടിൽ കയറി പറ്റി .അയാൾ വരുമ്പോളൊക്കെ അവർക്ക് അവശ്യമുള്ള അരിയും അത്യാവശ്യ സാധനങ്ങളും കൂടെ പുഴ മീനും കൊണ്ട് വരും …

അവൾ ആ മീൻ എല്ലാം വെട്ടി തേച്ചു കഴുകി ….മുളകരച്ചു കറി വയ്ക്കും …ചോറും വയ്ക്കും…അയാൾ വരുന്ന ദിവസം കൊച്ചു പല്ലവിക്ക്‌ ഭയങ്കര സന്തോഷമാണ് …അവൾക്കും അച്ഛനും വയറു നിറച്ചു ചോറുണ്ണാലോ.

പിന്നീട് എപ്പോഴോ അവൾക്കു ചെമ്പന്റെ സ്നേഹ പ്രകടനങ്ങളിൽ സംശയം തോന്നി തുടങ്ങി .അയാൾ തന്നെ ചേർത്ത് പിടിക്കുമ്പോൾ മദ്യത്തിന്റെ രൂക്ഷ
ഗന്ധമുണ്ടെന്നു അവൾക്കു മനസ്സിലായി.

മാനസീകമായി തളർന്ന മാധവനെയും അയാൾ കുടിപ്പിച്ചു തുടങ്ങിയിരുന്നു.പല്ലവി അച്ഛനോട് ദേഷ്യപ്പെടുമ്പോൾ ഇനി ഒരിക്കലും കുടിക്കില്ലന്നു അയാൾ സത്യം ചെയ്യും…ചെമ്പൻ വന്നു കഴിയുമ്പോൾ അയാൾ അതൊക്ക മറക്കും. അങ്ങനെ അയാൾ മാധവനെ ഒരു മുഴുകുടിയനാക്കി മാറ്റി…..

അപ്പോളൊക്കെ ഇടക്കൊക്കെ പല്ലവി ഇവിടെ വരും…എന്റെ തലയിൽ നോക്കി തരും… ഞാൻ എന്തെങ്കിലും കഴിക്കാൻ കൊടുത്താൽ അത് അവൾ കഴിക്കില്ല പൊതിഞ്ഞു മേടിച്ചോണ്ടു പോകും മാധവനും കൂടി കൊടുക്കാൻ …

ഒരു ദിവസം അവൾ ഇവിടെ വന്നിരുന്നു …ഞാൻ നോക്കുമ്പോൾ ചായിപ്പിൽ ഇരുന്നു കരയുകയാണ്…. മുഖമാകെ നീലിച്ചു കരഞ്ഞു വീർത്തിരുന്നു….

ഞാൻ ചോദിച്ചപ്പോൾ അമ്മയെ സ്വപ്നം കണ്ടു എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു….. പിന്നെ അവൾ ഇങ്ങോട്ട് വന്നതേയില്ല… വീടിന്റെ പുറകിലിരുന്നു ചിലപ്പോൾ കരയുന്ന കാണാം… എന്തെങ്കിലും ചോദിച്ചാൽ ഒന്നുമില്ലെന്ന്‌ ചുമലു കുലുക്കി കാണിച്ചു വീട്ടിലേക്ക് കയറിപോകും….

എന്തൊക്കയോ സംശയങ്ങൾ എല്ലാർക്കും ഉണ്ടായിരുന്നു…. എന്നാലും എല്ലാവരും സ്വന്തം കാര്യങ്ങളുമായി ഒതുങ്ങി …പിന്നെ നാട്ടിൽ അതൊക്ക പരസ്യമായി…

ചെമ്പൻ തന്റെ മകളോട് ചെയ്ത ദ്രോഹം കുറെ വൈകിയാണ് മാധവൻ അറിഞ്ഞത്…. അയാൾക്ക് ആകെ നിയന്ത്രണംവിട്ട പോലെയായി…. തനിക്കൊരു മകളുണ്ടെന്ന് ഓർക്കാതെ ചെമ്പന്റെ കൂടെ കുടിച്ചതൊക്ക ഓർത്തു അയാൾ കുറെ നിലവിളിച്ചു… മകളോട് മാപ്പ് പറഞ്ഞു കരഞ്ഞു ….

പിന്നെ ചെമ്പൻ വന്നപ്പോൾ അയാൾ പറഞ്ഞു ഇനി നീ ഈ വീട്ടിൽ കേറിപ്പോകരുതെന്ന്

ഞാൻ മുടക്കിയ കാശ് ഇങ്ങു തന്നേക്കു ഞാൻ പൊക്കോളാമെന്ന് അയാളും

അയാളും വിട്ട് കൊടുത്തില്ല

ഒന്നും രണ്ടും പറഞ്ഞു അവര് തമ്മിൽ പ്രശ്നമായി…. ചെമ്പൻ മാധവനെ കൈയേറ്റം ചെയ്തു …തള്ളി താഴെ ഇട്ടു ചവിട്ടാൻ തുടങ്ങി

ഇത് കണ്ട് പല്ലവി അടുപ്പിനരുകിൽ ചാരി വെച്ചിരുന്ന തടിക്കഷണം കൊണ്ട് ചെമ്പന്റെ തലയ്ക്കടിച്ചു അയാളുടെ തല പൊട്ടി …അവളുടെ മേലാകെ ചോര തെറിച്ചു വീണിട്ടും തന്നെ നശിപ്പിച്ചതിന്റെ വാശി തീരും വരെ അവൾ അയാളെ തല്ലി ചതച്ചു .അയാൾ അവിടെ കിടന്നു തന്നെ ചാകുകയും ചെയ്തു ……

പിന്നെ കേസും കോടതിയുമൊക്കെയായി .അവളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു . അവൾ അവിടുന്ന് തിരിച്ചുവന്നു കുറച്ചു നാള് കഴിഞ്ഞു മാധവനും മരിച്ചു …

അതോടെ അവൾ തീർത്തും ഒറ്റപ്പെട്ടു ….അവളുടെ അമ്മ വരുത്തിവെച്ച ദുഷ്പേരുംകൂടി അവൾക്ക് കൂട്ടുണ്ടായിരുന്നത് കൊണ്ട് ആരും അവളെ അന്യോഷിക്കാനോ വീട്ടിൽ കയറ്റാനോ തയ്യാറായില്ല.

ഈ ഞാനും …,,അമ്മയുടെ വാക്കുകളിൽ കുറ്റബോധം നിഴലിട്ടു നിന്നു.

കുറച്ചു നാള് അവള് ജോലി തിരക്കി നടന്നു. ജോലികൊടുത്ത പലരുടെയും ഉദ്ദേശ്യം വേറെ പലതുമായിരുന്നു ….

ആരുമില്ലാത്ത ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നുണ്ടല്ലോ …?ഇവരൊക്കെ എന്തു മനുഷ്യരാണല്ലേ?അവന്റെ വാക്കുകൾ കടുത്തിരുന്നു…

സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി സ്നേഹം നടിച്ചും ജീവിതം കൊടുക്കാമെന്നു മോഹിപ്പിച്ചും ആരൊക്കയോ അവളെ മുതലെടുത്തു ….അത് മനസ്സിലാക്കി എതിർത്തപ്പോൾ അവളെ പിച്ചി ചീന്തി …

ഒരു സമൂഹം ചുറ്റുമുണ്ടായിരുന്നിട്ടും പാവം ഒരു പെൺകുട്ടി തീർത്തും ഒറ്റപെട്ട് ….അമ്മയുടെ വാക്കുകൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു .

ഗിരീഷിന്റെ കണ്ണുകളും നിറഞ്ഞു വന്നു ….

പലപ്പോഴും അവള് അലക്കുകല്ലിന്റെ അടുത്തിരുന്നു കരയുന്നതു കണ്ടിട്ടുണ്ട് ….അവളുടെ കരച്ചിൽ ഞാൻ മാത്രമല്ല ആരും കണ്ടില്ല …..

അങ്ങനെ ഇരിക്കെ ഇവിടെ ഒരു ഗ്രാമ സേവിക വന്നു ഊർമിള വാസുദേവ് …..കുറച്ചു തടിച്ചു തനിത്തങ്കത്തിന്റെ നിറമായിരുന്നു അവർക്ക് ….വീതിയുള്ള നെറ്റിത്തടത്തിൽ വലിയ ചുവന്ന കുംകുമ പൊട്ട് ….കുംകുമ പൊടി വീണു ചുവന്ന പോലേ തുടുത്ത കവിളുകൾ ….നല്ല നീണ്ട മൂക്ക് …ശരിക്കും നമ്മുടെ സിനിമ നടി ഷീലാമ്മയെ പോലെയിരിക്കും ….അവരുടെ മനസ്സും തനി തങ്കമായിരിന്നു …

അവര് എന്താ അവൾക്ക് വേണ്ടി ചെയ്തത് ?അവളെക്കുറിച്ചു അറിയുവാനുള്ള ജിജ്ഞാസ അവന്റെ വാക്കുകളിൽ നിറഞ്ഞു

അവര് അവളുടെ വീട്ടിൽ പോയി കാര്യങ്ങൾ അന്നോഷിച്ചറിഞ്ഞു ….അവളെ പിച്ചിചീന്തിയവർക്കു എതിരെ വനിതാ കമ്മീഷനിൽ കേസ് കൊടുത്തു …പിന്നെ അവിടെ ആരും അവളെ ഉപദ്രവിക്കാൻ ചെന്നില്ല

ഇടക്ക് ഞങ്ങളുടെ അയൽക്കൂട്ടത്തിൽ അവര് വരും. ഞങ്ങളെ അവര് കൂറേ വഴക്കിട്ടു …നിങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ഒരു പെൺകുട്ടി ആരോരുമില്ലാതെ മറ്റുള്ളവരുടെ വഞ്ചനയ്ക്കും പീഡനത്തിനും ഇരയായിട്ടും ഇതൊന്നും കാണാതെയും കേൾക്കാതെയും സുഖമായി ഉറങ്ങിയ നിങ്ങളൊക്കെ സ്ത്രീകളാണോ എന്ന് ചോദിച്ച ചോദ്യം മനസ്സിൽ കിടന്നു വട്ടം ചുറ്റിയിട്ടുണ്ട് …

നിങ്ങളുടെ ആരുടേയും വീട്ടിൽ താമസിപ്പിക്കണ്ട.ഇങ്ങനെ ആരോരും സംരഷിക്കാനില്ലാത്ത പെൺകുട്ടികളെയും ഗ്രഹിക പീഡനത്തിന് ഇര ആകുന്ന സ്ത്രീകളെയും സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ നിങ്ങൾക്കു അവളെ എത്തിക്കാമായിരുന്നു എന്ന് അവര് പറഞ്ഞു

ഞങ്ങൾക്ക് അതൊന്നും അറിയില്ല മേടം …വനജയാണ് അത് പറഞ്ഞത്

നിങ്ങൾക്കൊക്കെ അതിനു നേരമുണ്ടോ …?ഇപ്പോളും ഈ പരദൂഷണവും പറഞ്ഞു നടക്കാനല്ലേ നേരം …ഇനിയെങ്കിലും ഇതൊക്കെ നിർത്തിക്കൂടെ …?
ഒരു സ്ത്രീക്കു നിയമം നൽകുന്ന സംരക്ഷണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സ്ത്രീകളായ നമ്മൾ അറിഞ്ഞില്ലെങ്കിൽ പിന്നെ അത് ആര് അറിയണം …..അത് ലഭിച്ചില്ലെങ്കിൽ ശബ്‍ദമുയർത്തി ചോദിക്കണം.ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന പോലെയാണ് അവര് ഞങ്ങൾക്ക് പല കാര്യങ്ങളും പറഞ്ഞു തന്നത് …

അവര് ഇവിടുന്നു പോകുന്നതിനു മുൻപ് അവൾക്ക് ആ കേണലിന്റെ വീട്ടിൽ ജോലി ശരിയാക്കി കൊടുത്തു.

മാത്രമല്ല പല്ലവിയോടുള്ള എല്ലാവരുടെയും മനോഭാവത്തിനും മാറ്റവും വന്നു …അയൽക്കാരായ ഞങ്ങൾ സ്ത്രീകളുടെ സംരക്ഷണവും കൂടി ആയപ്പോൾ അവൾക്ക് ഒറ്റയ്ക്ക് ജീവിക്കുവാനുള്ള ധൈര്യവും തന്റേടവും കിട്ടി ..അവൾ മിടുക്കിയായി ….

ജനുവമ്മേ ….

ദേ കഥ തീർന്നതും അവള് വന്നു

അമ്മ കാൽമുട്ടിൽ കൈ ഊന്നി ആയാസപ്പെട്ട് എഴുന്നേറ്റു.

എന്നെ വിളിച്ചായിരുന്നോ …?

സരള ചേച്ചി വീട്ടിൽ ഉണ്ടായിരുന്നു .അതാ വരാൻ താമസിച്ചത് ….

ങ്ഹ ….സരള പറഞ്ഞിരുന്നു.നീ അവരെ കുറെ സഹായിക്കുന്നുണ്ടെന്നു

ഏയ് …അങ്ങനെ ഒന്നും ഇല്ലമ്മേ …ചേച്ചിയുടെ ഭർത്താവ് മരിച്ചു പോയില്ലേ …സഹതാപം മാത്രം കാണിച്ച ആ കുഞ്ഞുങ്ങളുടെ വയറ് നിറയുമോ ?എനിക്കു പറ്റണ പോലേ ഞാൻ സഹായിക്കുന്നു.ഒരു കഷ്ണം ബ്രെഡിനു വേണ്ടി ഞാൻ ….അവളുടെ കണ്ണുകൾ നിറഞ്ഞു …എന്റെ അനുഭവം ആർക്കും ഉണ്ടാകാതിട്ടികട്ടെ ….

അതൊക്കെ പോട്ടെ എന്താ അമ്മ വിളിച്ചേ …?എനിക്കു തീരെ വയ്യ പെണ്ണെ ഗിരിയെ കട്ടിലിൽ നിന്നും ഒറ്റയ്ക്ക് പിടിച്ചു എഴുനേൽപ്പിക്കാനൊന്നും ….എന്നെ ഒന്ന് സഹായിക്കാൻ വിളിച്ചതാ നിന്നെ

അതിനെന്താ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ എന്ത് സഹായം വേണെങ്കിലും ഞാൻ ചെയ്തു തരാമെന്നു

വീട്ടിനകത്തേക്ക് കയറുമ്പോൾ അവൾ പറഞ്ഞു.

തന്റെ കോട്ടൺസാരി എടുത്തുകുത്തി അവൾ വളരെ ലാഘവത്തോടെ ഗിരിയെ കട്ടലിൽ നിന്നും ഉയർത്തി. അവന്റെ ചെരുപ്പുകൾ നീട്ടി ഇട്ടുകൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു

ഞാനും കൂടി പിടിക്കാം

വേണ്ടമ്മേ എനിക്കിതൊക്കെ ഇപ്പോൾ നല്ല പരിചയമാണ് അവിടെ കേണലിന്റെ ഭാര്യയെ നോക്കുന്നത് ഞാൻ അല്ലെ ?അവര് ഗിരീഷേട്ടന്റെ രണ്ടിരട്ടി ഉണ്ട്‌ .

ഗിരീഷിൻറെ കൈ തന്റെ തോളിലൂടെ ഇട്ട് അയാളെ ചുറ്റിപിടിച്ചു അവൾ കുളിമുറിയിലേക്ക് നടന്നു …അവളോടുള്ള ദേഷ്യമെല്ലാം അവന്റെ ഉള്ളിൽ നിന്നും അലിഞ്ഞു പോയെങ്കിലും .അവളെ ചേർന്ന് നടക്കുമ്പോൾ അവന് ഉള്ളിൽ വലിയ ബുദ്ധിമുട്ട് തോന്നി …

അവിടെ ഇട്ടിരുന്ന മരക്കസേരയിൽ അയാളെ വളരെ ശ്രദ്ധാപൂർവം ഇരുത്തി …,
ബക്കറ്റിൽ വെള്ളമെടുത്തു കസേരയുടെ മുന്നിലുള്ള സ്റ്റൂളിൽ വെച്ചു.

തണുത്ത വെള്ളം കോരി ദേഹത്ത് ഒഴിക്കുമ്പോൾ ഏറെ നാളുകൾക്കു ശേഷം തന്റെ മനസ്സിനും ഒരു കുളിർമ ലഭിച്ചതുപോലെ അവന് ‌ തോന്നി .

അവൾ തന്റെ തല തോർത്തുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ നീർമണികൾ അവളുടെ നനഞ്ഞ പാദത്തിൽ വീണത് അവൾ അറിഞ്ഞില്ല .

കുറച്ചു നേരം വരാന്തയിലൂടെ അവനെ പിടിച്ചു നടത്തി …പിന്നെ പുറത്തെ കസേരയിൽ ഇരുത്തി…മുറിയാകെ തൂത്തു വൃത്തിയാക്കി …അവന്റെ കട്ടലിലെ വിരി മാറ്റി …

കട്ടലിൽ ചിതറിക്കിടന്ന പുസ്തകങ്ങൾ അടുത്തുള്ള ചെറിയ മേശയിൽ അടുക്കി വെച്ചു ….രാത്രി കഞ്ഞിയും അവന് കോരിക്കൊടുത്തിട്ടാണ് അവള് വീട്ടിലേക്കു പോയത് .

അമ്മയുടെ കാലിലെ നീര് കൂടിക്കൂടി വന്നു പല്ലവി അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി .ഡോക്ടർ മരുന്ന് കുറിച്ചു .കുറച്ചു ദിവസത്തേക്ക് പൂർണ്ണ വിശ്രമം നിർദ്ദേശിച്ചു .

പിന്നീടുള്ള എല്ലാ ദിവസങ്ങളിലും പല്ലവിയാണ് കേണലിന്റെ വീട്ടിൽ പോകുന്നതിനുമുമ്പ് അവിടുത്തെ വീട്ടു ജോലികളും ഗിരീഷിന്റെ കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത്

പതിയെ പതിയെ ഗിരീഷിന്റെ മനസ്സിൽ നിന്നും മിനിമോൾ മാഞ്ഞു തുടങ്ങി ….

തന്നെ കാത്തു ഒരാൾ വീട്ടിൽ ഉണ്ടെന്ന മോഹത്തോടെ പല്ലവിയും കേണലിന്റെ വീട്ടിലെ പണികളൊക്കെ വേഗത്തിൽ ചെയ്യ്തു തീർത്തു അവന്റെ അരികിലേക്ക് ഓടി എത്തിയിരുന്നു ….

അവൾ കുറച്ചു താമസിച്ചാൽ അക്ഷമയോടുകൂടി അവൻ അമ്മയോട് തിരക്കും

അവളെ ഇതുവരെയും കണ്ടില്ലല്ലോ അമ്മേ ..?

അവൾ വന്നു കഴിഞ്ഞാൽ പിന്നെ തോരാത്ത വർത്തമാനമാണ് .സമയം പോകുന്നതേ അറിയില്ല . പതിയെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞു .

ഇപ്പോൾ ഗിരീഷിന് പരസഹായമില്ലാതെ നടക്കാം …അമ്മയുടെ ആരോഗ്യ സ്ഥിതി പഴയപോലെ തുടർന്നു …പല്ലവിയാണ് അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ….

ഇനി പതിയെ കട തുറക്കണം ….ചില കാര്യങ്ങളൊക്കെ അവൻ മനസ്സിൽ കണക്കു കൂട്ടി …

ഒരിക്കൽ അവൻ അവളോട് ചോദിച്ചു

പെണ്ണെ നിന്നെ ഞാൻ കെട്ടികൊണ്ട് പോരട്ടെ…?

അതുകേട്ട് അവള് കുറെ ചിരിച്ചു ….ചിരിക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…

ചിരി നിർത്തിയാൽ താൻ പൊട്ടി കരഞ്ഞു പോകുമെന്ന് അവൾക്ക് തോന്നി.

പെട്ടന്ന് തന്നെ അവൾ എന്തോ ഓർത്തപോലെ പറഞ്ഞു

ഗിരീഷേട്ട …നാളെ കേണലിന്റെ വീട്ടിൽ നേരത്തെ പോകണം …..ആ അമ്മയ്ക്കു തീരെ പാടില്ല …അമ്മയെ ഡോക്ടറെ കാണിക്കാൻ ഉള്ളതാണ്.

അവൾ വീട്ടിലേക്കു നടക്കുമ്പോൾ അവൻ പറഞ്ഞു, ഞാൻ കടയിൽപോകാൻ തുടങ്ങിയാൽ പിന്നെ നിന്നെ ഞാൻ എങ്ങും വിടില്ലാട്ടോ …

ചിരിച്ചു തലയാട്ടി അവൾ വീട്ടിലേക്കു ഓടി …

അന്ന് രാത്രി തന്റെ നിറം മങ്ങിയ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നുകൊണ്ട് അവൾ നിറമുള്ള ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു

അവനും ഉറങ്ങാൻകഴിഞ്ഞില്ല ….ഒരു ജീവിതം തീർന്നു എന്ന് കരുതിയ ഇടത്തു നിന്നും പുതിയ പ്രതീക്ഷകൾ നല്കി ….തന്റെ വിസർജ്യങ്ങൾ പോലും ഒരു അറപ്പുമില്ലാതെ തുടച്ചു നീക്കി ….ഒന്നിനും കൊള്ളില്ലാത്ത തന്നെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്ന അവളെ ഇനി ഒരിക്കലും കൈവിടില്ലെന്നോർത്തു പുതിയൊരു ജീവിതത്തെ സ്വപ്നം കണ്ടു അവനും ഉറക്കം വരാതെ കിടന്നു

അപ്പോൾ അവന്റെ സ്വപ്നങ്ങളെ തടസ്സപ്പെടുത്തി മൊബൈൽ റിങ് ചെയ്യ്തു ….
പരിചയമില്ലാത്ത നമ്പറിൽ നിന്നുമാണല്ലോ … അവൻ ഓർത്തു.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…