പച്ചക്കല്ല് മൂക്കൂത്തി – ഭാഗം 03 – രചന: നിവിയ റോയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആരായിരിക്കും ….ഇനി മിനിമോൾ ആയിരിക്കുമോ ?

ഫോൺ എടുക്കുമ്പോൾ അവൻ ഓർത്തു

ഹലോ …..

ഹലോ ഗിരീഷേട്ടനല്ലേ ..?അപ്പുറത്തുനിന്നും മിനിമോളുടെ നേർത്ത ശബ്‌ദം

അതേ ….

അവർ കുറച്ചു നേരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു …

വളരെ അസ്വസ്ഥമായ മനസ്സോടെയാണ് ഗിരി പിന്നെ ഉറങ്ങാൻ കിടന്നത് …

പല്ലവി രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി. ഒന്നും അറിയാത്ത അവളുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു …

ഏറെനാളായിട്ടു കറുപ്പിച്ചെഴുതാത്ത തന്റെ കണ്ണുകൾ കറുപ്പിച്ചെഴുതി നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടു കുത്തി. നെറ്റിയിൽ ചന്ദനക്കുറി വരച്ചു .

ഉള്ളതിൽ നല്ല ഒരു സാരി ഞൊറിഞ്ഞു പിന്നു കുത്തി . കണ്ണാടിയിൽ തന്നെക്കണ്ടു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. അങ്ങനെ പല്ലവിക്കും ആണൊരുത്തൻ കൂട്ടുണ്ടാകാൻ പോണു …

അവൾ വീടിന്റെ വാതിൽ ചാരി സന്തോഷത്തോടെ ഗിരിയുടെ വീടിന്റെ അടുക്കള പുറത്തേക്കു വരുമ്പോഴാണ് അടുക്കളയിൽ നിന്നും അവരുടെ സംസാരം അവൾ കേട്ടത്

അമ്മേ… ഇന്നലെ മിനിമോൾ വിളിച്ചിരുന്നു…

ഏത് മിനിമോൾ ….?

അമ്മ അവളെ മറന്നോ …?

അവരുടെ സംസാരം കേട്ടുകൊണ്ട് പല്ലവി പുറത്തു തന്നെ നിന്നു …

നിന്നെ ഈ അവസ്ഥയിൽ ആക്കിയവളല്ലേ?കട്ടൻ കാപ്പി സ്റ്റീൽ ഗ്ലാസ്സിലേക്കു പകർന്നു കൊണ്ട് അമ്മ പറഞ്ഞു.

അത് അവൾ അറിഞ്ഞുകൊണ്ടല്ലല്ലോ അമ്മേ

ആഹാ നീ ഇപ്പോളും അവളെ മറന്നിട്ടില്ലേ…?

അവളുടെ കല്യാണം കഴിഞ്ഞോ ..?

ഇല്ലെന്നാണ് പറഞ്ഞത് …?കാപ്പി ഊതികുടിച്ചുകൊണ്ട് അവൻ പറഞ്ഞു …

ഗിരി ഇനി നീ അവിവേകമൊന്നും കാണിക്കാൻ നിക്കല്ലെട്ടോ

ഇനി നിന്നെ അവരുടെ കൈയിൽ കിട്ടിയാൽ വെച്ചേക്കില്ല

ഏയ്‌ അവളുടെ കൊച്ചേട്ടൻ ഒരു ആക്‌സിഡന്റിൽ മരിച്ചു. അതോടെ അവർ ആകെ തകർന്നു. ഒരു വർഷം മുൻപ് അച്ഛനും മരിച്ചു . ഇപ്പോൾ പഴയ പ്രതാപം ഒന്നും ഇല്ല. ഗുണ്ടാ പണിയൊക്കെ നിർത്തി…

അവര് എന്തു വേണേ ചെയ്തോട്ടെ….നമുക്ക് അവരുമായി ഒരു ബന്ധവും വേണ്ട…അമ്മ കൈകൾ കുടഞ്ഞുകൊണ്ടു പറഞ്ഞു .

എന്താ നിനക്ക് അങ്ങനെ വല്ലോ മോഹവും ഉണ്ടോ?

ഇല്ലമ്മേ അവളെന്റെ മനസ്സിൽ നിന്നൊക്കെ പോയി

ഉം …നന്നായി… ഞാനും നിന്നോട് ഒരു കാര്യം പറയണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു ..

ആദ്യം കട ഒക്കെ ഒന്ന് തുറക്കട്ടെ.വല്ല്യമ്മാവൻ വിളിച്ചിരുന്നു. അവിടെ അടുത്തുള്ള ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞു.

പാവത്തുങ്ങൾ ആണ് .പൊന്നും പണവും ഒന്നും അവർക്ക് കൊടുത്തു കെട്ടിക്കാൻ നിർവാഹമില്ല .അവർക്ക് നാല് പെണ്മക്കളാണ്.

മക്കളെയൊക്കെ അത്യാവശ്യം പഠിപ്പിച്ചു.പിന്നെ എല്ലാം നല്ല മിടുക്കി കുട്ടികൾ ആണന്നാണ് പറഞ്ഞത്.

മൂത്ത പെൺകുട്ടിയുടെ കല്യാണം ഈ അടുത്ത ഇടക്കാണ് കഴിഞ്ഞതു അവനു എന്തോ കൂലി പണിയോ മറ്റൊ ആണ്.ഇനി ഏതായാലും ഒരു വർഷം എടുക്കും അടുത്തതിനെ കെട്ടിക്കാൻ .അപ്പോൾ നമുക്കും സമയം കിട്ടും കടയൊക്കെ തുറക്കാൻ …

അമ്മ എന്താ ഈ പറയണേ …?

നീയൊന്നു നടന്നു കാണാൻ ഞാൻ ഇനി പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല. ഇനി നിനക്ക് ഒരു ജീവിതവും കൂടി കണ്ടിട്ട് വേണം അമ്മയ്ക്ക് കണ്ണടയ്ക്കാൻ.

ആ കുട്ടിയുടെ ഫോട്ടോ ഞാൻ കണ്ടു.നല്ല മിടുക്കത്തി പെൺകുട്ടി …അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു

അപ്പോൾ പല്ലവിയോ അമ്മേ ..?

പല്ലവിക്ക് എന്താ …?അമ്മ ചോദിച്ചു

അവളുടെ കാര്യം എന്താകും … അവൾക്ക് ആരാ ഉള്ളേ …?

ഗിരീഷേട്ടൻ തന്നെകുറിച്ചു പറയുന്ന കേട്ട് പുറത്തുനിന്ന‌ പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു വന്നു….

നമ്മളൊക്കെ ഇല്ലേ അവൾക്കു….

അവൾക്കും ഒരു ജീവിതം വേണ്ടേ അമ്മേ …?

നീ എന്തൊക്കയാ ഗിരി ഈ പറയുന്നത് ഒന്നും അറിയാത്ത പോലെ

അമ്മയാണ് ഇപ്പോൾ ഒന്നുംഅറിയാത്ത പോലെ സംസാരിക്കുന്നത്.

ഞാൻ എന്തു ചെയ്തുന്നാണ് ….നിങ്ങൾ തമ്മിലുള്ള കല്യാണം നടത്തി തരാമെന്നു ഞാൻ പറഞ്ഞിട്ടുണ്ടോ ?

അല്ലെങ്കിൽ തന്നെ എല്ലാം അറിഞ്ഞുകൊണ്ട് അവൾക്കു ആരു ഒരു ജീവിതം കൊടുക്കും ..?

അതുകേട്ട് പല്ലവി അടുക്കള മതിലിനോട് ചാരി നിന്നു തേങ്ങിക്കരയുന്നുണ്ടായിരുന്നു…

ഞാൻ തയ്യാറാണമ്മേ …..ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു

എന്റെ ഗിരി ….നീ എന്താ ഈ പറയണേ ….

എനിക്ക് അവളല്ലേ ഒരു ജീവിതം തന്നത്.അവള് അദ്യം വരുമ്പോൾ എനിക്ക് ഒന്ന് നേരെ നില്കാന്പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. അവള് ഒരു അറപ്പും മടിയും കൂടാതെ എല്ലാ കാര്യങ്ങളും ചെയ്തുതന്നില്ലേ?

അത് പിന്നെ അവള് കേണലിന്റെ ഭാര്യയെയും നോക്കുന്നില്ലേ ?

അവരെ നോക്കുന്നതിനു അവര് നല്ല ഒരു തുക മാസാമാസം അവൾക്കു കൊടുക്കുന്നില്ലേ? അല്ലാതെയും അവര് അവളെ സഹായിക്കുന്നില്ലേ? നമ്മൾ എന്തു കൊടുത്തിട്ടാണ് അല്ലെങ്കിൽ എന്തു കൊടുക്കാനുണ്ട്… ?

അവൾക്കു കിട്ടണത് എല്ലാം ഇവിടെയല്ലേ ചെലവാക്കണേ?

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് പല്ലവിയോടൊത്തു ആയിരിക്കും

മോനെ നീ പറയണത് അമ്മയ്ക്ക് മനസ്സിലാകാഞ്ഞിട്ടല്ല.

സ്വന്തം മകന് നാട്ടുകാരുമുഴുവൻ മോശം പറയുന്ന ഒരുത്തിയെ ഭാര്യയിയിട്ടു കാണാൻ ഒരു അമ്മയ്ക്കും കഴിയില്ല …

ഇനി അമ്മ സമ്മതിച്ചാൽ തന്നെ മറ്റുള്ളവര് നിങ്ങളെ ജീവിക്കാൻ സമ്മതിക്കുമോ?

രണ്ടുപേർക്കും ഒന്നിച്ചു ഒന്ന് പുറത്തിറങ്ങി നടക്കാൻ പറ്റുമോ ?

അതൊക്കെ പോട്ടെ നിങ്ങൾക്ക് കൂട്ടികളുണ്ടായാൽ അവരുടെ ഭാവി എന്താകും ?

അമ്മയുടെ ചീത്ത പേര് അവരെ പിന്തുടരില്ലേ?

സിനിമയിലും കഥകളിലുമൊക്കെ ആളുകൾ കയ്യടിച്ചു പ്രോത്‌സാഹിപ്പിക്കും യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആയിരിക്കില്ല…

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു പല്ലവി അവിടെ നിന്നും സവധാനം തിരിച്ചു നടന്നു…

എനിക്ക് മറ്റുള്ളവരുടെ അഭിപ്രായം അറിയണ്ട.എന്റെ അമ്മയ്ക്ക് പറ്റുമോ അവളെ മരുമകളായി സ്വീകരിക്കാൻ?

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അമ്മ തുടർന്നു. നിനക്ക് സാധിക്കുമെങ്കിൽ പിന്നെ അമ്മയ്ക്ക് എതിർപ്പൊന്നുമില്ല …. അവളെ അങ്ങനെ മറക്കാൻ പറ്റുമോ ?

പിന്നെ എല്ലാരും ഒരുപോലെ അല്ല… നമ്മുടെ കൂടെ നിൽക്കാനും ആളുകൾ ഉണ്ടാവും ….

ഇന്ന് അവളെ കണ്ടില്ലല്ലോ? ….പുറത്തേക്കു നോക്കി അമ്മ പറഞ്ഞു.

ഇന്ന് കേണലിന്റെ ഭാര്യയെ ആശുപതിയിൽ കൊണ്ടുപോകാൻ ഉള്ളതുകൊണ്ട് നേരത്തെ പോകുമെന്നാണ് അവൾ പറഞ്ഞത് …

കേണലിന്റെ വീട്ടിലേക്കുള്ള യാത്രയിൽ അർഹിക്കാത്തത് ആഗ്രഹിച്ചതിനു പല്ലവിയുടെ മനസ്സ് അവളെ ശാസിക്കുന്നുണ്ടായിരുന്നു.

ഒന്നും വിധിച്ചിട്ടില്ലാത്ത താൻ എന്തിനാണ് സ്വപ്‌നങ്ങൾ കണ്ടത്….

ഗിരിഷേട്ടന്റെ ഭാര്യ ആകാൻ കൊതിച്ചത് …?

ഒരിക്കലും ഗിരീഷേട്ടനെ മോഹിച്ചുകൊണ്ടല്ലല്ലോ ശുശ്രുഷിച്ചതും പരിചരിച്ചതുമൊക്കെ …

എപ്പോഴോ സ്നേഹിച്ചു പോയി തന്റെ തെറ്റ്….

ഒരു ശപിക്കപ്പെട്ട ജന്മമാണ് തന്റേത് ….എന്നും ദുർവിധികൾ മാത്രം ….

വൈകിട്ട് അവൾ വരുന്നതും നോക്കി കോലായിൽ ഗിരീഷ് ഇരിപ്പുണ്ടായിരുന്നു….

മുൻപൊക്കെ അത് കാണുമ്പോൾ സന്തോഷം കൊണ്ട് മനസ്സ് തുള്ളിചാടിയിട്ടുണ്ട്…

തന്നെയും കാത്തിരിക്കാൻ സ്നേഹിക്കാൻ ഒരാൾ ഉണ്ടല്ലോ എന്നോർത്ത്….

നിറഞ്ഞു തുടങ്ങിയ കണ്ണുകളെ പീലികളാൽ തട്ടി ഉണക്കി….അവൾ മുഖത്ത് ചിരി വരുത്തി….

നിന്റെ മുഖത്തെന്താ ഒരു വാട്ടം …?അവളെ കണ്ടതും ഗിരി ചോദിച്ചു.

ഇന്ന് കുറെ ജോലി ഉണ്ടായിരുന്നു…ഞാൻ പറഞ്ഞില്ലായിരുന്നോ അവിടുത്തെ അമ്മേ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുണ്ടായിരുന്നുവെന്ന്…

നീ വരുന്നില്ലേ …?

കുളിച്ചിട്ട് വരാം

വാ മോളെ ചായ കുടിച്ചിട്ട് പോകാം …അമ്മ വിളിച്ചപ്പോൾ അവൾ നിരസിച്ചില്ല….

ചായ കുടിക്കുന്നതിന്റെ ഇടയിൽ ഗിരി എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.

അവളും യാന്ത്രികമായി മറുപടി പറഞ്ഞു.

കുളിച്ചു വന്നപ്പോൾ ഗിരി അമ്മ കേൾക്കാതെ അവളോട് പറഞ്ഞു

എന്റെ പെണ്ണ് അങ്ങ് സുന്ദരി ആയല്ലോ ..!

ഗിരീഷേട്ടനും എല്ലാം ശരിയപ്പോൾ തനി സ്വഭവം കാണിക്കാൻ തുടങ്ങിയിട്ടുണ്ട് അല്ലേ…?

എന്റെ അടുത്ത് കൊഞ്ചിക്കുഴയാനൊന്നും നിൽക്കണ്ടാട്ടൊ…. കുറച്ചു ദിവസമായി ഞാൻ പറയണമെന്ന് ഓർക്കുന്നു.

ഉള്ളു നീറിപുകഞ്ഞാണ് അവളത് പറഞ്ഞത്

പോടീ….പിന്നെ നിന്നോടൊരു കാര്യം പറയാനുണ്ട്

എന്താ ….?

ഇന്നലെ എന്നെ മിനിമോള് വിളിച്ചിരുന്നു

ഏത് …?ഏട്ടൻ പണ്ട് സ്നേഹിച്ച പെണ്ണ്… അല്ലെ ?ഒന്നും അറിയാത്ത പോലേ അവൾ ചോദിച്ചു.

എന്നെ നിനക്ക് ശുശ്രുഷിക്കാൻ തന്ന പെണ്ണ് എന്ന് പറയാനാണ് എനിക്കിഷ്ടം… ചിരിച്ചുകൊണ്ട് ഗിരി പറഞ്ഞു

എന്നിട്ടോ …?

നാളെ വരുന്നുണ്ടന്നു

ആണോ….. എനിക്ക് കാണാല്ലോ…..അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് നല്ല സുന്ദരി ആണെന്ന്.

എന്തു സൗന്ദര്യം….?മനസ്സിനാണ് പെണ്ണെ സൗന്ദര്യം വേണ്ടത് …. അത് നിനക്ക്
ആവോളം ഉണ്ടു താനും …. നിന്റെ അത്രേം സൗന്ദര്യം ഉള്ള ആരുമില്ല പെണ്ണെ….

പാവം മിനിചേച്ചി എന്ത് മാത്രം വേദനിച്ചുണ്ടാവും? ഇത്രയും നാൾ ഗിരീഷേട്ടനെ ഒന്ന് കാണാൻ പോലും പറ്റാതെ ….

ഇനി ചേച്ചിയെ വിഷമിപ്പിക്കരുത് ട്ടോ … രണ്ടുപേരും സുഖമായി അങ്ങ് ജീവിക്കുക…

പല്ലവി നീ എന്തൊക്കയാ ഈ പറയുന്നേ ..?മിനി.. ഇപ്പൊ അവള് എന്റെ മനസ്സിൽ പോലും ഇല്ല….ഇപ്പോൾ നീ മാത്രമേയുള്ളൂ …എന്റെ മനസ്സിൽ.

അത് കേട്ട് പല്ലവിക്ക്‌ പൊട്ടിക്കാരായണമെന്ന് തോന്നി.

എനിക്ക് വിവാഹ ജീവിതം എന്നൊന്നില്ല ഗിരീഷേട്ടാ….അങ്ങനെയുള്ള സ്വപ്‌നങ്ങൾ ഒന്നും തന്നെ എനിക്കില്ല …എനിക്ക് ഒരാണിനെയും സ്നേഹിക്കാൻ കഴിയില്ല …

പുറത്തു കട്ടപിടിച്ചു തുടങ്ങിയ ഇരുളിനെ നോക്കി അവൾ പറഞ്ഞു …

ഞാൻ പറയാൻ മറന്നു… കേണലിന്റെ വീട്ടില് ഇനി ഫുൾ ടൈം ആളുവേണമെന്നു പറഞ്ഞു .എന്നോട് വരാൻ പറഞ്ഞിട്ടുണ്ട് .ഞാൻ ചെന്നില്ലെങ്കിലേ അവര് വേറെ ആളെ നോക്കൂ …

നീ എന്തു പറഞ്ഞു ….?

വരാമെന്ന് ….

അപ്പോ നീയെന്നെ സ്നേഹിച്ചിട്ടേയില്ല?

ഇല്ലയെന്ന അർത്ഥത്തിൽ അവൾ തലയാട്ടികൊണ്ടു ചോദിച്ചു.

എന്നെങ്കിലും ഞാൻ ഗിരീഷേട്ടനോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ…..?

ഗിരി ഒന്നും പറയാതെ തല കുനിച്ചിരുന്നു…..

ചുമ്മാ ഓരോന്ന് മനസ്സിൽ കൂട്ടിവെയ്ക്കുവാണ്….. മിനിചേച്ചി ഇതൊന്നും അറിയേണ്ടട്ടോ….തമാശപോലെ പറഞ്ഞു ഉറക്കെ ചിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു….

അന്ന് രാത്രി മുഴുവൻ അവൾ കരയുകയായിരുന്നു….

ഗിരീഷേട്ടനെ ഒരുപാടൊരുപാട് സ്നേഹിച്ചുപോയി …അവകാശം പറയാൻ ആരും വരില്ലെന്ന് ഓർത്തു …

ഇനി ഒരു ജന്മമുണ്ടെങ്കിൽ ഗിരീഷേട്ടനെ എനിക്കു തരണേ എന്റെ കൃഷ്ണ ….തന്റെ മുറിയിലെ കൊച്ചു കൃഷ്ണ വിഗ്രഹത്തെ നോക്കി അവൾ മനസ്സുരുകി കരഞ്ഞു …

എന്തിനാ എനിക്ക് മോഹങ്ങൾ തന്നത് ….എന്റെ വേദനകളൊക്കെ എനിക്കു ശീലമായല്ലോ അതിനിടയിൽ ഈ മോഹമെനിക്ക് തന്നിട്ട് തിരിച്ചെടുത്തതെന്തിനാണ് …എനിക്ക് സഹിക്കാൻ പറ്റണില്ലട്ടോ …..

അവളുടെ നിശ്വാസങ്ങൾ കേട്ട് പാതിരാ കാറ്റ് മാത്രം ജാലക പഴുതിലൂടെ അവളെ തഴുകി നിന്നു…

അവൾ രാവിലെ എഴുന്നേറ്റ് കുളിച്ചു.മുറിയുടെ മൂലയിൽ വച്ചിട്ടുള്ള തന്റെ അമ്മയുടെ പഴയ തകര പെട്ടിയിൽ നിന്നും തന്റെ പഴയ രണ്ടുമൂന്ന് സാരികളെടുത്തു തോൾ സഞ്ചിയിൽ മടക്കി വെച്ചു.

അച്ഛനും അമ്മയും താനും ഇരിക്കുന്ന നിറം മങ്ങിയ പഴയ ഫോട്ടോ ഭിത്തിയിലെ ആണിയിൽ നിന്നും ഊരിയെടുത്തു. പിന്നെ എന്നും തന്റെ പരാതികൾ കേട്ടിരുന്ന കൊച്ചു കൃഷ്ണ വിഗ്രഹവും പൊടി തൂത്തു സഞ്ചിയിൽ വെച്ചു …

മുറിയാകെ ഒന്ന് കണ്ണോടിച്ചു ഇനി ഒന്നുമില്ല തനിക്കിവിടെനിന്നും കൂടെ കൊണ്ടുപോകാൻ ….

അവൾ ആ തോൾ സഞ്ചിയുമായി ഗിരീഷിന്റെ വീട്ടിലേക്കു നടന്നു.മിനിചേച്ചിയെ ഒന്ന് കണ്ടിട്ട് ..ഗിരീഷേട്ടന്റെ കൈകളിൽ മിനി ചേച്ചിയുടെ കൈ ഒന്നു ചേർത്തു വെച്ചിട്ടു വേണം തനിക്കു അവിടെ നിന്നും ഇറങ്ങാൻ …..ഗിരിയുടെ വീടിന്റെ ചവിട്ടു പടികൾ കയറുമ്പോൾ അവൾ ഓർത്തു ….

ഗിരീഷും അമ്മയും വളരെ അസ്വസ്ഥനായിരുന്നു .

എന്തിനാ മോളെ നീ ഞങ്ങളെ വിട്ട് പോണത് .ഗിരി ആണെങ്കിൽ ഇന്നലെ ഉറങ്ങിയിട്ടേയില്ല …ഞാനും …

എനിക്ക് ഇടക്കൊക്കെ ഇവിടെ വരാലോ …?പിന്നെ ഇവിടെ മിനി ചേച്ചിയുണ്ടാകുമല്ലോ എല്ലാ കാര്യം നോക്കാൻ …

ഗിരി ഒന്നും സംസാരിച്ചില്ല …അവൻ ആകെ തളർന്നു പോയിരുന്നു …

ഏകദേശം വൈകുന്നേരമായപ്പോൾ ഒരു കാർ അവരുടെ വീട്ടിന്റെ പുറത്തു വന്ന് നിൽക്കുന്നശബ്‌ദം കേട്ടു …

അവർ പുറത്തേക്കു നോക്കിയപ്പോൾ തീരെ പരിചയം ഇല്ലാത്ത കുറച്ചു പ്രായം ചെന്ന ഒരു കന്യസ്ത്രീ കാറിൽ നിന്നും ഇറങ്ങി അങ്ങോട്ട് വന്നു.

അമ്മ സ്നേഹ പൂർവ്വം അവരെ വീടിനകത്തേക്ക് സ്വാഗതം ചെയ്തു.

ആ ….ഗിരിയുടെ അമ്മയാണല്ലേ ….?ഞാൻ മിനിമോളുടെ ആന്റി ആണ് അവർ സ്വയം പരിചയപ്പെടുത്തി …

അമ്മ നീക്കിയിട്ടുകൊടുത്ത കസേരയിൽ അവർ ഇരുന്നു

ഗിരിക്ക് ഇപ്പോൾ എല്ലാം ഭേദമായല്ലേ ?

ഇവിടെ വന്നപ്പോളാണ് കാര്യങ്ങൾ എല്ലാം അറിഞ്ഞത് …ഇവളാണല്ലേ ഗിരിക്ക് പുതു ജീവൻ തന്ന മിടുക്കി …?പല്ലവി അതുകേട്ട് നിറഞ്ഞ പുഞ്ചിരിയോടെ കൈകൾ കൂപ്പി

മിനിമോൾ എന്റെ കൂടെ ആയിരുന്നു …ആന്ധ്രയിൽ …അവൾക്ക് വീട്ടുകാര് കല്യാണം ആലോചിച്ചത് അറിയാല്ലോ…?അവൾ ഒത്തിരി എതിർത്തു ….അവര് സമ്മതിച്ചില്ല പിന്നെ അവൾ എന്റെ അടുത്തേക്ക് പോന്നു.

എന്നും അവൾക്ക് ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു …ഗിരിക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു കിട്ടണമെന്ന്…ഇങ്ങോട്ടു അവൾക്ക് സ്ഥലം മാറ്റം കിട്ടയപ്പോൾ വല്യ സന്തോഷമായി.

മിനിമോൾ വന്നില്ലേ ….?അമ്മ ചോദിച്ചു

ഉണ്ട് ….നിങ്ങളെ അഭിമുഖീകരിക്കാൻ അവൾക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്,അതാണ് ഞാൻ ആദ്യം വന്നത്.

അവർ പുറത്തേക്കു നോക്കി വിളിച്ചു

സിസ്റ്റർ ട്രീസ്സ …വന്നോളൂ

വെള്ള ഉടുപ്പിട്ട് റൂമിലേക്ക് കടന്നു വന്ന ആ കൊച്ചു സിസ്റ്ററിനെ കണ്ടതും ഗിരിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .

മിനിമോൾ …..?

ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു എന്റെ പേരു മിനിമോൾ എന്നല്ലാട്ടോ …സിസ്റ്റർ ട്രീസ്സ …

അത് പറഞ്ഞപ്പോൾ പണ്ട് താൻ കുട്ടിയെന്നു വിളിച്ചപ്പോൾ, എന്റെ പേര് കുട്ടിയെന്നല്ല മിനിമോൾ എന്നാണെന്നു പറഞ്ഞു ചിരിച്ച പണ്ടത്തെ ആ പാവാടകാരിയെ അയാൾ ഓർത്തു …

വാ മോളെ കയറി ഇരിക്ക് …നിറഞ്ഞ കണ്ണുകളോടെ അമ്മ പറഞ്ഞു …

എന്തു പറയണം എന്നറിയാതെ പല്ലവിയും അവിടെ നിന്നു…..

ഗിരീഷേട്ടന് സുഖമല്ലേ …?തീർത്തും ശാന്തമായ സ്വരത്തിൽ അവൾ ചോദിച്ചു ….

ഉം ……… നിറഞ്ഞു വന്ന കണ്ണുകളോടെ അവൻ തലയാട്ടി.

ഞാൻ അന്ന് ഇവിടെ വന്നിട്ട് പോയില്ലേ …രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി …ആന്റിയുടെ അടുത്തേക്ക് പോയി … അവിടെ മഠത്തിൽ ചേർന്നു ….

അവശരായിക്കിടക്കുന്നവരെ നോക്കുന്നതാണ് എന്റെ ഇപ്പോഴത്തെ ജോലി .ഇപ്പോൾ ഇങ്ങോട്ടു സ്ഥലം മാറ്റം കിട്ടി …ഞാൻ ഓർത്തു ഗിരീഷേട്ടനിപ്പോളും പഴയ പോലെ കിടപ്പിലായിരിക്കുമെന്ന് …ഗിരീഷേട്ടനെയും അമ്മയെയും സ്നേഹാലയത്തിൽ കൊണ്ടുപോയി ശുശ്രുഷിക്കണമെന്നാണ് ഓർത്തത് .

നാട്ടിൽ വന്നപ്പോഴാണ് എല്ലാം അറിഞ്ഞത് …ഇപ്പോൾ ഒത്തിരി സന്തോഷമായി ….

പല്ലവി കൊണ്ടുവന്ന ചായയും പലഹാരങ്ങളും കഴിച്ചുകൊണ്ട് വല്യ സിസ്റ്റർ പല്ലവിയെക്കുറിച്ചു അമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു …

അവർ പറയുന്ന കഥകൾ കേട്ട് മിനിമോളുടെ കണ്ണുകൾ ഇടക്കിടക്ക് പല്ലവിയെ സ്നേഹപൂർവ്വം തലോടി നിന്നു ….

ഇറങ്ങാൻ നേരം മിനിമോൾ പല്ലവിയുടെ അടുത്ത് ചെന്നു അവളുടെ കൈ സ്നേഹപൂർവ്വം പിടിച്ചു ഗിരിയുടെ കൈയിൽ ചേർത്തു വെച്ച് തലയിൽ സ്നേഹപൂർവ്വം തലോടിക്കൊണ്ട് പറഞ്ഞു ..

എന്നും ഗിരിക്ക് കൂട്ടായി നീ ഈ വീട്ടിൽ ഉണ്ടാകണം …ഗിരിക്ക് നല്ലൊരു ഭാര്യയായി ….അമ്മയ്ക്കു നല്ലൊരു മകളായി ….പിന്നെ യാത്ര പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി …..

സ്വൽപദൂരം മുന്നോട്ട് നടന്നു പിന്നെ തന്റെ ഉടുപ്പിന്റെ പോക്കറ്റിൽ സിസ്റ്റർ ട്രീസ എന്തോ തിരഞ്ഞു …പിന്നെ മടങ്ങി വന്നു …പല്ലവിയുടെ കൈയിൽ ഒരു തിളങ്ങുന്ന പച്ചക്കല്ലു മൂക്കുത്തി വെച്ചുകൊടുത്തുകൊണ്ടു അവർ പറഞ്ഞു.

പണ്ട് മിനിമോൾക്കു ഗിരീഷേട്ടൻ തന്ന സമ്മാനമാണ് ഈ പച്ചക്കല്ലു മൂക്കൂത്തി ..ഇത് ഇനി നിനക്കുള്ളതാണ് ….

സിസ്റ്റർ ട്രീസക്ക് ഇനി ഇതിന്റെ ആവശ്യമില്ലല്ലോ ….ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാവില്ലട്ടോ തിരിഞ്ഞു നടക്കുന്നതിനിടയിൽ അവർ പറഞ്ഞു …

സിസ്റ്റർ ട്രീസ പോകുന്നതും നോക്കി അവർ നിൽക്കുമ്പോൾ.. പല്ലവിയെ ഗിരി തന്നോട് ചേർത്തു പിടിച്ചു…

അപ്പോൾ …..പല്ലവിയുടെ കൈകളിലെ പച്ചക്കല്ലു മൂക്കുത്തിയുടെ തിളക്കം അന്തിവെയിലേറ്റ് ….. ഗിരിയുടെ കണ്ണുകളിൽ നിന്നും വേർപെടുവാനാവാതെ നിന്ന നീർമണിയിൽ തട്ടി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു……

അവസാനിച്ചു