എന്റെ പെങ്ങളൂട്ടിയുടെ കല്യാണത്തിന് പിറ്റേന്ന് എസ്. ഐ യുടെ അരഞ്ഞാണം കട്ട കള്ളൻ സ്വയം സ്റ്റേഷനിൽ ഹാജരാകും….

കള്ളൻ – രചന: അക്ഷര എസ്

“ഈ സ്വർണ്ണഅരഞ്ഞാണം ഞാൻ അങ്ങ് എടുക്കുവാ… മാഡം എന്നെ പിടിയ്ക്കാനുള്ള തെളിവും കൊണ്ട് വാ… അപ്പോൾ ആലോചിയ്ക്കാം എന്ത് ചെയ്യണം എന്ന്….. “

കയ്യും കാലും കയറു കൊണ്ട് ബന്ധിച്ച കസേരയ്ക്ക് അടുത്തിരുന്ന് അവൾ ഇട്ടിരുന്ന ടീ ഷർട്ട് അൽപ്പം ഉയർത്തി കട്ടർ കൊണ്ട് കട്ട് ചെയ്ത അരഞ്ഞാണത്തിന്റെ ഒരറ്റം വലിച്ചു കൊണ്ട് എതിരെ ഇരുന്ന ചെറുപ്പക്കാരൻ അത് പറയുമ്പോൾ അവൾ കണ്ണുകൾ അടച്ചു പോയി…

തിരിച്ചൊന്നും പറയാനാവാതെ അവളൊന്നു ഞെരങ്ങി മുരണ്ടു… ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ചാലിട്ടൊഴുകി…

കറന്റ് ഇല്ലാത്തതു കൊണ്ട് അയാളുടെ മുഖം വ്യക്തവുമായിരുന്നില്ല…

പതിയെ സിഗരറ്റ് ലൈറ്ററിന്റെ കുഞ്ഞു പ്രകാശം ആ മുറിയിൽ നിറഞ്ഞപ്പോഴാണ് സിഗരറ്റ് ലൈറ്ററിനപ്പുറം തിളങ്ങുന്ന അയാളുടെ കണ്ണുകൾ അവൾ ശ്രദ്ധിച്ചത്…

“പേടിയ്‌ക്കേണ്ട… ഇരുട്ടായത് കൊണ്ട് ഞാൻ വേറെ ഒന്നും കണ്ടില്ല… “

കൈ പിടിയിൽ ഇരുന്ന അരഞ്ഞാണം വിരലിൽ തൂക്കി നീളത്തിൽ അവൾക്ക് മുമ്പിൽ കാണിച്ചു അവളുടെ കണ്ണിലേക്കു നോക്കുമ്പോൾ അയാളുടെ മുഖത്തു കുസൃതി ചിരിയായിരുന്നു…

വായിൽ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് ഒന്നും മിണ്ടാനാവാതെ അവൾ തലയൊന്ന് വെട്ടിച്ചു… പിന്നിലേക്ക് വലിച്ചു കെട്ടിയ കൈകളും കസേര കാലിൽ കയറു കൊണ്ട് ബന്ധിച്ച കാലുകളും…..

“ഇപ്പോൾ മാഡത്തിന് തോന്നും ഇവന് എത്ര ധൈര്യം ഉണ്ടായിട്ടു വേണം ഒരു പോലീസിന്റെ വീട്ടിൽ കയറി കക്കാൻ എന്ന്… അതും സ്ഥലം എസ്. ഐ യുടെ…. ഇല്ലേ… “

അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ അതേയെന്ന അർത്ഥത്തിൽ അവൾ തല വെട്ടിച്ചു…

“ഉത്തരം സിമ്പിൾ ആണ്…. എന്റെ പെങ്ങളൂട്ടി… “

അയാൾ പറയുന്നത് മനസ്സിലാവാതെ അവൾ അയാളുടെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി… മുൻപുണ്ടായിരുന്ന വെപ്രാളം അവളുടെ കണ്ണുകളിൽ അപ്പോൾ ഉണ്ടായിരുന്നില്ല….

“ഒരു പൊട്ടി പെണ്ണാ… മിണ്ടാപ്രാണി… നാലു ദിവസം കഴിഞ്ഞാൽ കല്യാണമാണ് പാവത്തിന്റെ…. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ഒരാൾ കെട്ടാൻ വന്നതാ… അമ്മയില്ലാത്ത കുട്ട്യാ… അവളെ രാജകുമാരിയെ പോലെ ഒരുക്കി വിടാൻ ഞാനും അച്ഛനും മണ്ണിൽ വിയർപ്പൊഴുക്കി പണിതുണ്ടാക്കിയ 15 പവനാണ് അത്…. “

എണീറ്റു നിന്ന് അത് പറഞ്ഞു തീരുമ്പോൾ അയാളുടെ കണ്ണിൽ ഉണ്ടായിരുന്നു നീർത്തിളക്കം…

അവളുടെ മുഖത്തു അതിശയവും…

“ബില്ലടക്കം മോഷണം പോയെന്ന് പരാതി തന്നു… കള്ളനെയും പിടിച്ചു… ഞങ്ങളുടേതെന്ന് തെളിയിക്കാൻ ഞങ്ങൾ തെളിവുകൾ ഉണ്ടാക്കി വരുമ്പോഴേയ്ക്കും കല്യാണം കഴിയും എന്ന് എന്റെ അച്ഛൻ കരഞ്ഞു പറഞ്ഞതല്ലേ… അപ്പോൾ നിനക്ക് ജാഡ… നിയമം നിയമത്തിന്റെ വഴിയേ അല്ലേ…”

അവളുടെ കവിളിൽ കുത്തിപ്പിടിച്ചു അയാൾ പറഞ്ഞപ്പോൾ അയാളെ തന്നെ നോക്കിയിരുന്നു അവൾ….

“അതില്ലെങ്കിലും കല്യാണം നടക്കും… എന്റെ പെങ്ങളുടെ കെട്ടുന്നവന്റെ മനസ്സ് അത്ര നല്ലതാണ്… പക്ഷേ അങ്ങനെ അല്ലല്ലോ വേണ്ടത്… ഉറുമ്പ് അരി മണി കൂട്ടി വയ്ക്കുന്നത് പോലെ ഓരോ ചില്ലറ തുട്ടും കൂട്ടി കൂട്ടി വച്ചു അവൾക്കായി മോഹിച്ചു വാങ്ങിച്ചതല്ലേ… അത് ഇട്ട് ഇറങ്ങാൻ എന്റെ പെങ്ങളൂട്ടിയും എത്ര മോഹിച്ചു കാണും…”

അയാൾ പറയുന്നത്തിനൊന്നും മറുപടിയില്ലാതെ ഒരു തരി പോലും എതിർക്കാതെ അനങ്ങാതെ കാവലിരുന്നു…

“പക്ഷേ അവളുടെ ഈ ചേട്ടൻ ജീവിച്ചിരിയ്ക്കുമ്പോൾ അങ്ങനെയങ്ങു പോകാൻ ഞാൻ സമ്മതിയ്ക്കോ… നിയമ പുസ്തകത്തിൽ എഴുതി വച്ചത് അപ്പാടെ നടപ്പാക്കൽ മാത്രം അല്ല മാഡം നിയമം…. അർഹതപ്പെട്ടവർക്ക് നീതി നിഷേധിയ്ക്കാതിരിയ്ക്കുന്നത് കൂടിയാണ്… അത് ചിലപ്പോൾ ഒരിടത്തും എഴുതി വച്ചിട്ടുണ്ടാവില്ല… ഉള്ളിൽ നിന്നും വരണം… അതിന് ആദ്യം മണ്ണിലിറങ്ങി മനുഷ്യന്മാരെ കാണണം… അവരോടു ഇടപഴകണം… “

നിസ്സഹായതയോടെ അയാൾ പറഞ്ഞു നിർത്തി അവളെ നോക്കി…

“നാളെ വൈകുന്നേരം വരെ സമയം തരും… അതിനുള്ളിൽ ആ സ്വർണ്ണം എന്റെ അച്ഛനെ വിളിച്ചു തിരിച്ചു ഏൽപ്പിച്ചില്ലെങ്കിൽ എന്റെ പെങ്ങളൂട്ടിയുടെ കല്യാണത്തിന് പിറ്റേന്ന് എസ്. ഐ യുടെ അരഞ്ഞാണം കട്ട കള്ളൻ സ്വയം സ്റ്റേഷനിൽ ഹാജരാകും… കെട്ട് പ്രായമായ മാഡത്തിന് അതൊക്കെ ഒരു ചീത്തപ്പേരാവും… ആലോചിച്ചു തീരുമാനം എടുക്കാം… “

അയാൾ അവളോട്‌ ചിരിച്ചു കൊണ്ട് പറഞ്ഞു….

“ഇനി അച്ഛനെ ആ സ്വർണ്ണം ഏൽപ്പിച്ചാൽ പരാതി പിൻവലിച്ചു ഞങ്ങൾ ഒപ്പിട്ടു തരാം…പിന്നെ ഇതും തിരിച്ചു തരാം…. അല്ലെങ്കിലും എന്റെ കയ്യിൽ ഇരിക്കുന്നതിനേക്കാൾ ആ വെളുത്ത വയറിൽ ഇതിങ്ങനെ ചുറ്റി കിടക്കുന്നത് കാണാൻ തന്നെയാണ് ഭംഗി… ” അയാൾ പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ മുഖം ഒന്ന് വെട്ടിച്ചു.. കെട്ടി വച്ചിരുന്ന കാല് ദേഷ്യത്തിൽ ഒന്ന് നിലത്തു കുത്താൻ ശ്രമിച്ചു….

കയ്യിന്റെ കെട്ട് ഒന്ന് അയച്ചു കൊടുത്തു ടാറ്റ പറഞ്ഞു….

“പിന്നെ ഇങ്ങനെ ടെറസിലേക്കുള്ള വാതിൽ കുറ്റിയിടാതെ ഇരുന്നാൽ കള്ളമാരെ കൈ കൊട്ടി വിളിയ്ക്കുന്നത് പോലെയാണെ… ഞാൻ ആയത് കൊണ്ടാണ് കണ്ട്രോൾ ചെയ്തത്… ഈ നാട്ടിലെ വേറെ കള്ളന്മാർക്ക് ഇത്രയും കണ്ട്രോൾ ഒന്നും കാണില്ല…അത് കൊണ്ട് സൂക്ഷിയ്ക്കണം… “

ചിരിച്ചു കൊണ്ട് അതും പറഞ്ഞു ഒന്നൂടെ തിരിഞ്ഞു നോക്കി ടെറസിൽ നിന്നും ചാടി പോകുന്നത് നോക്കിയിരുന്നു പോയി അവൾ….

പിറ്റേന്ന് ഉച്ചയ്ക്ക് മുൻപേ സ്റ്റേഷനിൽ നിന്നും കാൾ വന്നിരുന്നു… മകനെയും മകളെയും കൂട്ടി സ്റ്റേഷനിൽ എത്തണം എന്നായിരുന്നു ആവശ്യം….

സ്റ്റേഷനിൽ എത്തിയതും പരാതി ഇല്ലെന്നു ഒപ്പിട്ട് കൊടുത്തു രണ്ടു വിശ്വസ്ഥരായ പോലീസുക്കാരുടെ മധ്യസ്ഥതയിൽ സ്വർണ്ണം കൈമാറി… ജ്വല്ലറിയിൽ നിന്നുള്ള ഡ്യൂപ്ലിക്കേറ്റ് ബില്ല് കൂടി സംഘടിപ്പിച്ചു അച്ഛൻ കാണിച്ചതോടെ സ്വർണ്ണം അവരുടേതാണെന്ന് ഉറപ്പിച്ചിരുന്നു….

പോലീസ് സ്റ്റേഷനിൽ നിൽക്കുമ്പോഴും ഒന്നും സംഭവിയ്ക്കാത്തത് പോലെയുള്ള ഭാവമായിരുന്നു അയാളുടെ മുഖത്തു…

സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ നേരമാണ് മകനെ മാഡം വിളിയ്ക്കുന്നു എന്ന് കോൺസ്റ്റബിൾ വന്നു പറയുന്നത്….

“അച്ഛൻ ഇവളെയും കൂട്ടി പൊയ്ക്കോ… ഞാൻ വന്നോളാം… ” അച്ഛനോട് അത് പറഞ്ഞു അയാൾ സ്റ്റേഷനിൽ കയറി പോയി…

“ഒരു തൊണ്ടി മുതൽ തിരിച്ചേൽപ്പിയ്ക്കാം എന്ന് പറഞ്ഞിരുന്നു…. കിട്ടിയില്ല….”
അയാളുടെ മുഖത്തേയ്ക്ക് നോക്കി അവൾ പറയുമ്പോൾ അയാളുടെ മുഖത്തൊരു പുഞ്ചിരിയായിരുന്നു….

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചുവന്ന വർണ്ണ കടലാസ്സിൽ പൊതിഞ്ഞൊരു കുഞ്ഞു പൊതിയെടുത്തു അയാൾ മേശപ്പുറത്തു വച്ചു…

“മിസ്റ്റർ സിദ്ധാർഥ്‌ കൃഷ്ണ പിള്ള …വയസ്സ് 27…അല്ലേ… ” കയ്യിലിരുന്ന പേപ്പറിൽ നോക്കി അത് പറയുമ്പോൾ അവൻ ഒന്നും മനസ്സിലാവാതെ നിന്നു…

“തൊണ്ടി മുതൽ കളവ് നടന്ന സ്ഥലത്തു തന്നെ കൊണ്ട് വന്നു തരണം…. ഇവിടെ വേണ്ട…. “

സിദ്ധാർത്ഥിന്റെ മുഖത്തു നോക്കാതെ മുൻപിലുള്ള പേപ്പറിൽ കണ്ണും പൂഴ്ത്തി കൊണ്ട് അവൾ പറഞ്ഞു നിർത്തി…

“കുടുക്കി കേസിൽപ്പെടുത്തും എന്ന പേടി വേണ്ട… ധൈര്യമായി വരാം… “

അത് കൂടി പറഞ്ഞപ്പോൾ അവളെ ഒന്ന് കൂടി നോക്കി ആ പൊതിയെടുത്തു പോക്കറ്റിൽ ഇട്ട് അവൻ നടന്നു…

വൈകുന്നേരം കുളി കഴിഞ്ഞു നെറ്റിയിൽ ഒരു ഭസ്‌മക്കുറി ഇട്ട് തിരിഞ്ഞപ്പോഴാണ് കണ്ണാടിയിലൂടെ തന്നെ നോക്കുന്ന ഒരു പ്രതിബിംബം അവൾ കണ്ടത്…

തിരിഞ്ഞു നോക്കുന്നതിന് മുൻപേ അടുത്തിരുന്ന ടേബിളിൽ പകൽ കണ്ട പൊതി വച്ചു വാതിൽ തുറന്നിരുന്നു സിദ്ധാർഥ്…

“പാസ്പോർട്ട്‌ വെരിഫിക്കേഷന് ഒരു പേപ്പർ വന്നിട്ടുണ്ട്… സിദ്ധാർഥ് കൃഷ്ണ പിള്ള … 27 വയസ്സ്… “

അവൾ പറഞ്ഞതും അവൻ തിരിഞ്ഞു നോക്കി…

“അതിന്…”

“അതിന് തത്ക്കാലം അപ്പ്രൂവൽ കൊടുക്കണ്ട എന്നാണ് തീരുമാനം… “

“ഓഹ്.. പ്രതികാരം ചെയ്യാനാണോ…”അവൻ വാതിലിൽ തന്നെ ചാരി കൈ മാറിൽ പിണച്ചു വച്ചു നിന്നു…

“അങ്ങനെ തോന്നിയോ… അങ്ങനെ ആണെങ്കിൽ ഞാൻ ഇവിടെ ഇങ്ങനെ വരുത്തില്ലല്ലോ… “

അവൾ പറഞ്ഞതിന് മറുപടി ഇല്ലായിരുന്നു സിദ്ധാർത്ഥിന്…

“കർഷക ശ്രീയായ ഒരു അച്ഛന്റെ മോൻ.. നാട്ടിലെ മികച്ച യുവ കർഷകൻ… അങ്ങനെയൊരു കർഷകനെ തത്കാലം മരുഭൂമിയിലെ മണൽക്കാട്ടിലേക്ക് കയറ്റി വിടാൻ എനിയ്ക്കെന്തോ മനസ്സ് വരുന്നില്ല….നാട്ടിലുള്ള കർഷകർ മൊത്തം ഇങ്ങനെ പോയാൽ അത് എങ്ങനെ ശരിയാവും… “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും അവൻ അത്ഭുതത്തോടെ നോക്കുകയായിരുന്നു അവളെ…

“കൊടി പിടിച്ചും കവിത എഴുതിയും നടന്നിരുന്ന ഒരു സിദ്ധാർത്ഥിനെ കോളേജിൽ വച്ചു കണ്ടോർമ്മയുണ്ട്…പിന്നെന്തേ അതൊക്കെ വിട്ടത്… “

“കൊടി വായുവിൽ പാറിയാലോ കവിത തൂലികയിൽ പിറന്നാലോ അന്നം അടുപ്പിൽ വരില്ല… അതിന് മണ്ണിൽ തന്നെ ഇറങ്ങണം… ” അവൻ തല വെട്ടിച്ചു പറഞ്ഞു…

“അവിടം കൊണ്ടും ശരിയാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ കടൽ കടക്കാം എന്ന് വിചാരിച്ചത്… “

“ഉള്ള വീടൊന്ന് തട്ടി കൂട്ടണം… അത്യാവശ്യം ജീവിച്ചു പോകാമെന്നല്ലാതെ ഇവിടെ നിന്നാലൊന്നും ആ ആഗ്രഹം നടക്കില്ല… “

“ഭാര്യയ്ക്ക് കൂടി ഒരു ജോലി ഉണ്ടെങ്കിൽ നടക്കുമോ… “

അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായെങ്കിലും അറിയാത്തത് പോലെ തിരിഞ്ഞു നടന്നു… നടന്നു കയറിയത് ടെറസിലെ മഴയിലേയ്ക്കായിരുന്നു….

“എന്താ പ്രണയമായിരുന്നോ… ” മഴയിലേക്ക് കൈ നിവർത്തി പിടിച്ചു കൊണ്ട് ആ മഴ ആസ്വദിച്ചു അവൻ തിരിഞ്ഞു നോക്കാതെ ചോദിച്ചു…

“അത് ടിപ്പിക്കൽ ക്‌ളീഷേ ആവില്ലേ… അറിയാമായിരുന്നു… ശ്രദ്ധിച്ചിരുന്നു…അത്രമാത്രം… ഇങ്ങനെ ഒരു സാഹചര്യത്തിൽ വീണ്ടും കാണും എന്ന് വിചാരിച്ചില്ല… പക്ഷേ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മൈൻഡ് ഡിസ്റ്റർബ്ഡ് ആണ്… “

അത് പറഞ്ഞപ്പോൾ തിരിഞ്ഞു നോക്കി അവനൊന്നു പുഞ്ചിരിച്ചു…

“തൊണ്ടി മുതൽ ടേബിളിൽ വച്ചിട്ടുണ്ട്… കാണണം എന്ന് തോന്നുമ്പോൾ ഞാൻ വന്നു കണ്ടോളാം… ” പറയുമ്പോൾ ഇരുവരുടെയും ചുണ്ടിൽ കുസൃതി ചിരി വിടർന്നിരുന്നു…

“അതിന് ഇനി പിൻവാതിൽ കൂടി വരണ്ട… അച്ഛന് അറിയാം കർഷക ശ്രീ കൃഷ്ണ പിള്ളയെ… അച്ഛനെ കൂട്ടി മുൻവാതിൽ വഴി വാ ഒരു ദിവസം… “

“എങ്കിൽ കുറ്റിയിട്ട് കിടന്നോ… ഇനിയാരും കക്കാൻ കേറണ്ട… “

മഴയിൽ നനഞ്ഞ മുടിയിഴകൾ അപ്പാടെ മുകളിലേയ്ക്ക് ഒതുക്കി അവളെ നോക്കി പറഞ്ഞു…

“എന്റെ പേര് അറിയോ കർഷകന്… “

പാരപ്പെറ്റിൽ നിന്നും സൺ ഷെഡിലേക്ക് ചാടി യിറങ്ങിയ അവനോട് എത്തിച്ചു നോക്കി അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…

“വേദിക ജയപ്രകാശ്… ഫസ്റ്റ് ബി എസ് സി മാത്തമാറ്റിക്സ്…. “

ചിരിയോടെ പറഞ്ഞു മഴയിൽ മുറ്റത്തേക്ക് ചാടി പോകുന്ന അവനെ നോക്കി മഴ നനഞ്ഞു നിൽക്കുമ്പോൾ അവളറിഞ്ഞിരുന്നില്ല കാലങ്ങൾക്ക് മുൻപേ അവളുടെ ഹൃദയം മോഷ്ടിയ്ക്കാൻ കൊതിച്ചൊരു കള്ളന്റെ കഥ…

(ഭാവന മാത്രം ആയി കണ്ടു വായിക്കുക…)