അതിലെ കാഴ്ച കൂടി കണ്ണുകൾക്ക് മുന്നിൽ നിറഞ്ഞാടുമ്പോൾ അടുത്ത ഞെട്ടലോടെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.(ഭാഗം 05)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

” മോളെ…. വിഷ്ണു.. വിഷ്ണു. ഒരു മെന്റൽപേഷ്യന്റ് ആയിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് “

അമ്മയുടെ വാക്കുകൾ കേട്ട് ശ്വാസം നില്ക്കുന്നത് പോലെ തോന്നിയ ആ നിമിഷത്തിൽ ആയിരുന്നു അമ്മ കയ്യിലുള്ള ബാഗിലെ ആൽബം തുറന്ന് അവൾക്ക് മുന്നിലേക്ക് നീട്ടിയത്.

അതിലെ കാഴ്ച കൂടി കണ്ണുകൾക്ക് മുന്നിൽ നിറഞ്ഞാടുമ്പോൾ അടുത്ത ഞെട്ടലോടെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.

അവളുടെ മുഖത്തെ ഭാവമാറ്റം കണ്ടുകൊണ്ട് തന്നെ അമ്മ മുന്നിലേക്ക് നീക്കിയ ആൾബലത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞ് തുടങ്ങിയിരുന്നു.

” മോളെ… ഏതൊരു കൗമാരക്കാരനെയും പോലെ ഒരു കാലം എന്റെ മോനും ഉണ്ടായിരുന്നു.

എല്ലാവർക്കും പ്രിയപ്പെട്ടവനായി വിലസിയ കാലം..ആർക്കും കുറ്റം പറയാൻ കഴിയാത്ത രീതിയിൽ എന്റെ മോൻ വളർന്നപ്പോൾ കൂടെ പഠനകാലം മുതൽ പ്രണയിക്കുന്ന, അവനെ മനസ്സിലാക്കുന്ന ഒരു പെണ്ണും ഉണ്ടായിരുന്നു, ! അതാണ്‌ ഇവൾ. പാർവ്വതി. !

പേര് പോലെ തന്നെ ശിവന്റെ പ്രിയപ്പെട്ട പാര്വ്വതിയെ പോലെ ആയിരുന്നു അവർ രണ്ട് പേരും.ആ ഇഷ്ട്ടത്തിന്റ പേരിൽ ആയിരുന്നു പലപ്പോഴും ഞങ്ങൾ വഴക്കിട്ടത്. എനിക്ക് അവളെ ഇഷ്ടമല്ലാഞ്ഞിട്ടല്ലാട്ടോ.അവളെ എത്രയും പെട്ടന്ന് ഇങ്ങോട്ട് കൂട്ടികൊണ്ട് വരാത്തതിന്റെ പേരിൽ. പക്ഷേ, അപ്പോഴെല്ലാം അവൻ ഓരോ കാരണങ്ങൾ കണ്ടെത്തി ഒഴിഞ്ഞുമാറും. അവളുടെ പഠിപ്പ്, വീട്ടുകാരുടെ സമ്മതം. അങ്ങനെ ഓരോന്ന്. അവസാനം പിണക്കം വരെ എത്തിയ ആ ദിവസം എന്റെ വാശിക്ക് മുന്നിൽ അവൻ തോറ്റുതരുമ്പോൾ അവളുടെ വീട്ടിലേക്ക് തന്നെ പോയേക്കാം എന്ന് കരുതിയ ആ പുലർച്ചെ ആയിരുന്നു അവിടുത്തെ അമ്പലക്കുളത്തിൽ ഒരു ശവം പൊങ്ങിയത്.. അത്‌… അത്‌ അവളായിരുന്നു. അവന്റെ പാർവതിയുടെ..!!”

അത്‌ പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ശ്രദ്ധിക്കുകയായിരുന്നു രേഷ്മ. വർഷങ്ങൾക്ക് ശേഷവും ആ കാര്യം പറയുമ്പോൾ കണ്ണുകൾ നിറയണമെങ്കിൽ ആ പെൺകുട്ടിയെ ഇവർ എത്രമാത്രം ഇഷ്ട്ടപ്പെട്ടിരിക്കണം !

ആ നിമിഷങ്ങളിൽ ഒന്നും രേഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു,

” ആ മരണം തകർത്തത് എന്റെ മോന്റെ ജീവിതം ആയിരുന്നു.ആ മരണത്തിന്റ ദുരൂഹത എന്നും നീങ്ങിയിട്ടില്ല. മരിച്ചതാണോ കൊന്നതാണോ ആത്മഹത്യയാണോ.. ഒന്നും അറിയില്ല. പക്ഷേ , ജീവിതത്തിലേക്ക് കൂട്ടാൻ കൊതിച്ചവളുടെ ജീവൻ വെള്ളത്തിനടിയിലേക്ക് ലയിച്ച ആ നിമിഷം സമനില തെറ്റിയത് വിഷ്ണുവിന്റെ ആയിരുന്നു.

പിന്നെ അവളെ കുറിച്ചുള്ള ചിന്തകളുമായി അടച്ചിട്ട മുറിക്കുള്ളിൽ എന്റെ മോൻ. ആരോടും മിണ്ടാതെ, ഒന്നും കഴിക്കാതെ, അവളെ മാത്രം നോക്കിയിരുന്ന എത്രയോ ദിവസങ്ങൾ. അവസാനം ഇവന്റെ കൂട്ടുകാർ ആണ് അവനെ ഒരു സൈക്കാട്രിസ്റ്റിനെ കാണിച്ചതും, രണ്ട് വർഷത്തോളം അവളുടെ ഓർമ്മകളുമായി പിടിവലികൂടിയിട്ട് ഒടുവിൽ എന്റെ മോനെ എനിക്ക് തിരിച്ചുകിട്ടുമ്പോൾ ആ പഴയ വിഷ്ണു എവിടെയോ നഷ്ടപ്പെട്ടിരുന്നു.

അവനിൽ അവളുടെ ഓർമ്മകൾ അപ്പോഴും ഉണ്ടെന്ന് തോന്നിയപ്പോൾ അതിൽ നിന്നെല്ലാം ഒരു മോചനം കിട്ടാൻ ഒരു പെണ്ണ് വന്ന് കേറണമെന്ന് തോന്നി. അതിന് വേണ്ടി പരിശ്രമിച്ചു ഒരുപാട്.. അവസാനം അമ്മയുടെ ഭീഷണിക്ക് മുന്നിൽ തോറ്റു തരുന്നത് പോലെ ആണ് അവൻ മോളുടെ കഴുത്തിൽ മിന്നു കെട്ടിയത്.

ഇതെല്ലാം കേൾക്കുമ്പോൾ മോൾക്ക് തോന്നുന്നുണ്ടാകും ഞങ്ങൾ മോളെ ചതിക്കുകയായിരുന്നു എന്ന്. “

അമ്മ വീണ്ടും കണ്ണുകൾ തുടച്ചുകൊണ്ട് അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകളിലും നനവ് പടർന്നിരുന്നു. അത്‌ വിരൽ കൊണ്ട് തുടച്ചുമാറ്റി പുഞ്ചിരിക്കുമ്പോൾ മനസ്സിനെ ഒരു ആശ്വാസം ആയത് അമ്മക്കായിരുന്നു.
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, അവളുടെ ചിരി ഒരു ശുഭപ്രതീക്ഷയായി തോന്നി ആ അമ്മക്ക്. അതോടൊപ്പം മകനെ പഴയ വിഷ്ണുവാക്കി മാറ്റാൻ ഇവൾക്ക് കഴിയുമെന്നും. !

**************

” സണ്ണി, നീ പറയുന്നുണ്ടോ.. എന്റെ ക്ഷമയാണ് നീ പരീക്ഷിക്കുന്നത്. ഒരിക്കൽ തോറ്റു പോയവനാ ഞാൻ. അവിടെ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് നീയൊക്കെ തന്നെ ആണ്. ആ നീ തന്നെ പിന്നെയും എന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചെങ്കിൽ …..ഇങ്ങനെ വല്ലതും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ നിനക്കൊക്കെ അന്നേ എന്നെ എന്ത് വഴിക്ക് വിടാമായിരുന്നില്ലേ.. ചത്ത മനസുമായി ഞാൻ ജീവിച്ചേനെ. ഇതിപ്പോ… “

അവന്റെ വാക്കുകളിൽ ഇപ്പോൾ രോഷത്തെക്കാൾ കൂടുതൽ സങ്കടമായിരുന്നു. പഴയ കാലം ഓർക്കുമ്പോൾ വാക്കുകൾ ഇടറുന്നപോലെ.

സണ്ണി മെല്ലെ അവന്റെ അരികിലേക്ക് വന്ന് തോളിൽ കൈ വെച്ചു. പിന്നെ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു,

” നീ ഒരു പെണ്ണിന്റെയും ജീവിതം നശിപ്പിച്ചിട്ടില്ല. അവൾ നിന്റെ ബെഡ്‌റൂമിൽ എത്തുമ്പോഴും വെർജിൻ ആണ്.. മലയാളത്തിൽ പറഞ്ഞാൽ കന്യക. !”

മുന്നിൽ നിൽക്കുന്ന സണ്ണിയെ ആശ്ചര്യത്തോടെ ആയിരുന്നു വിഷ്ണു നോക്കിയത്

അപ്പൊ അവൾ പോലും വിശ്വസിക്കുന്നത്…എന്തിന് താൻ തന്നെ സ്വയം അവിശ്വസിച്ചില്ലേ പല വട്ടം..എന്നിട്ടിപ്പോൾ….അപ്പോൾ അന്ന് നടന്നത്. !!

അവൻ ആശ്ചര്യത്തോടെ തന്നെ സണ്ണിയെ നോക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു മനസ്സിൽ. പിന്നെ അവന്റെ ചുണ്ടുകൾ ചലിച്ചത് ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടിയായിരുന്നു.

” പിന്നെ എന്തിനാടാ.. ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയത്. അവളുടെ മനസ്സിൽ പോലും ഇതുപോലെ ഒരു വിഷം കുത്തിവെച്ചത്. ഇങ്ങനെ ഒക്കെ ചെയ്തിട്ട് നീ എന്താണ് നേടിയത്? പറ “..എന്താണ് നേടിയതെന്ന്..???

സണ്ണിയുടെ ചുമലിൽ കൈ വെച്ചുകൊണ്ട് അവന്റെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ സണ്ണിക്ക് ! ” ഇങ്ങനെ ഒക്കെ ചെയ്തിട്ട് എന്താണ് ഞാൻ നേടിയത് എന്ന് ചോദിച്ചാൽ എന്റെ പഴയ കൂട്ടുകാരനെ നേടാൻ വേണ്ടിയായിരുന്നു. അതുപോലെ ഒരമ്മക്ക് അവരുടെ പഴയ മകനെ തിരിച്ചു കൊടുക്കാൻ വേണ്ടിയായിരുന്നു. “

അവന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയാത്ത രണ്ടടി പിന്നോട്ട് വെച്ച വിഷ്ണുവിനെ മറികടന്ന് ടേബിളിൽ ഇരിക്കുന്ന കുപ്പിയിൽ നിന്ന് ഗ്ലാസ്സിലേക്ക് കുറച്ച് പകർത്തി വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് തീർത്തു സണ്ണി. പിന്നെ ഗ്ലാസ് തിരികെ ടേബിളിൽ വെച്ച് വീണ്ടും വിഷ്ണുവിന് നേരെ തിരിഞ്ഞു,

” നിനക്കറിയോ, നീ അന്ന് മദ്യം കഴിച്ച ആ രാത്രി. അന്ന് നിന്റെ ഭാര്യയെ ഇങ്ങോട്ട് പെൻഡ്രൈവുമായി വരാൻ പറഞ്ഞ ആ രാത്രി.ഒരിക്കലും മനസ്സിൽ പോലും ചിന്തിച്ചതല്ല അങ്ങനെ ഒരു നാടകം അന്നവിടെ അരങ്ങേറുമെന്ന്.പക്ഷേ, ആ കള്ളിന്റെ പേരിൽ തോന്നിയ ഒരു കുബുദ്ധി. അതായിരുന്നു ഇത് ഇത്രയും കൊണ്ടെത്തിച്ചത്. “

അത്‌ എന്താണെന്നുള്ളത് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു വിഷ്ണുവിന്റെ മുഖത്ത്‌. അത്‌ കണ്ട് കൊണ്ട് തന്നെ ആണ് സണ്ണി ആ ദിവസം നടന്നത് വിവരിക്കാൻ തുടങ്ങിയതും.

**************

വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ രേഷ്മ ഒന്നുകൂടി തിരിഞ്ഞു നോക്കി. അപ്പോഴും പുറത്തെ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. ഭയം മനസ്സിനെ പിടികൂടിയത് പുറത്തേക്ക് പ്രകടമായത് വിറയ്ക്കുന്ന കാലുകളിൽ ആയിരുന്നു. ആ വിറയ്ക്കുന്ന കാലുകൾ മുന്നോട്ട് വെച്ച് കൊണ്ട് ബെഡ്റൂമിലെ ഷെൽഫിന് പുറത്ത് പെൻഡ്രൈവും ബുക്കും വെച്ച് തിരിയുന്ന ആ നിമിഷത്തിൽ ആയിരുന്നു പിന്നിൽ നിന്നും മുഖത്തിന് നേരെ ഒരു കൈ ചേർത്തുപിടിച്ചത്.

നിമിഷങ്ങൾക്കുള്ളിൽ ബോധമറ്റു നിലത്തേക്കിരുന്ന അവളെ ബെഡിലേക്ക് കിടത്തുമ്പോൾ പുറത്ത് തലക്ക് പിടിച്ച ലഹരിയിൽ വാതിൽക്കൽ തന്നെ വീണിരുന്നു വിഷ്ണുവും. !

മുന്നോട്ട് നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ കെട്ടിറങ്ങിയ തല പൊക്കിയ വിഷ്ണു ഞെട്ടിക്കൊണ്ട് പിന്നോട്ട് മാറി.

ആ ഞെട്ടലോടെ തന്നെ ഒരു മാത്ര കണ്ണ് അടച്ച് തുറക്കുമ്പോൾ മുന്നിൽ കാണുന്നത് യാഥാർഥ്യമാണെന്ന തിരിച്ചറിവ് അവനെ വല്ലാതെ അസ്വസ്ഥനാക്കി.
കുറച്ച് മുന്നേ കണ്ട പെണ്കുട്ടിയോടൊപ്പമാണ് ഇത്ര നേരം കിടന്നതെന്ന് ഓർക്കുമ്പോൾ….ഇനി സണ്ണിയും ഹരിയും പറഞ്ഞ പെണ്ണ് ഇതായിരിക്കുമോ ?
പക്ഷേ, ഈ പെൺകുട്ടി…

അവൻ അസ്വസ്ഥനായി കൊണ്ട് വേഗം ആ മുറിവിട്ടിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ അടുത്ത റൂമിൽ സണ്ണിയും ഹരിയും ഉണ്ടെന്നുള്ള കാര്യം പോലും മറന്നു പോയിരുന്നു.

അതേ അവസ്ഥ തന്നെ ആയിരുന്നു രേഷ്മക്കും.ബോധമറ്റ നിമിഷത്തിൽ നിന്നും ഉണരുമ്പോൾ തലക്ക് വല്ലാത്തൊരു ഭാരം പോലെ. പതിയെ തലയിൽ കൈ ചേർത്തു കൊണ്ട് എഴുന്നേൽക്കുമ്പോൾ അവളുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുകയറി. ഒരു ബെഡ്‌റൂമിലാണ് ഇത്ര നേരം താൻ കിടന്നിരുന്നത് എന്നോർത്തപ്പോൾ തല പെരുക്കുന്നത് പോലെ.

താൻ പെൻഡ്രൈവ് വെക്കാൻ കേറിയ മുറിയാണ് ഇതെന്ന് കൂടി മനസ്സിലായപ്പോൾ ഒരു ഉൾകിടിലത്തോടെ ശരീരത്തിൽ കൈ ഓടിച്ചു. ആ നിമിഷം ഒന്ന് മാത്രം അവൾക്ക് മനസ്സിലായി. താൻ ഇല്ലായ്മയിലും കാത്തുസൂക്ഷിക്കുന്ന ചാരിത്ര്യം നഷ്ട്ടമായിട്ടില്ലെന്ന്. പക്ഷേ, ഇത്ര നേരം ഈ ബെഡ്‌റൂമിൽ..ആ നിമിഷം അവളുടെ മനസ്സിലേക്ക് ഓടിവന്നത് വിഷ്ണുവിന്റെ ചിരിക്കുന്ന മുഖം ആയിരുന്നു.അന്നേരം വേറെ ആരും ഈ വീട്ടിൽ ഇല്ലാത്ത സ്ഥിതിക്ക്….അപ്പൊ അയാൾ…. !!!

അവൾ അവിടെ കേറി വരാൻ തോന്നിയ ആ നിമിഷത്തെ ഓർത്ത് പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടുമ്പോൾ കണ്ണുകൾക്ക് മുന്നിൽ വിഷ്ണുവിന്റെ ചിരിക്കുന്ന മുഖം ആയിരുന്നു.

ആ അവസ്ഥയിൽ നിന്ന് മോചിതയാകാൻ കഴിയാതെ ജ്വല്ലറിയിൽ പോലും പോകാതെ ഇരിക്കുമ്പോൾ ആയിരുന്നു ഒരു ദിവസം വീടിനു മുന്നിൽ ഒരു കാർ വന്ന് നിൽക്കുന്നതും അതിൽ നിന്ന് സണ്ണി ഇറങ്ങുന്നതും അവൾ കണ്ടത്.

ജ്വല്ലറിയിൽ വരാത്തത് അന്വോഷിക്കാൻ ആയിരിക്കും ഈ വരവ് എന്ന് തോന്നിയെങ്കിലും വെറുമൊരു സ്റ്റാഫ് ആയ തന്നെ അന്വോഷിച്ചു വരേണ്ട ആവശ്യം മുതലാളിക്ക് ഇല്ലെന്ന് തോന്നി അവൾക്ക്.

മുന്നിൽ നിൽക്കുന്ന മുതലാളിക്ക് മുന്നിൽ കടുപ്പിച്ച ഭാവത്തോടെ രേഷ്മ ചെല്ലുമ്പോൾ സണ്ണി അവളെ പുറത്തേക്ക് വിളിച്ചു

” ഞാൻ വന്നത് ആദ്യം ഒരു ക്ഷമ ചോദിക്കാൻ വേണ്ടിയാണ്. വീട്ടിൽ ഞാൻ ഇല്ലാത്ത സമയത്ത് പെൻഡ്രൈവ് വീട്ടിൽ എത്തിക്കാൻ കുട്ടിയെ വിടാൻ പറഞ്ഞതിന്.

അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല, പക്ഷേ, ഒന്ന് മാത്രം അറിയാം..വിഷ്ണു ഒരു മോശക്കാരൻ അല്ലെന്ന്. അവൻ എന്നെ വിളിച്ചപ്പോൾ ആണ് ചിലത് ഞാൻ അറിയുന്നത്.എന്നോട് ഈ ചതി വേണ്ടായിടുന്നെന്നും പറഞ്ഞവൻ എന്നോട് കയർക്കുമ്പോൾ എന്തെന്ന് അറിയാതെ ഇരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് നടന്ന സംഭവങ്ങൾ അവൻ വിവരിച്ചതും. എന്താണ് നടന്നതെന്ന് സത്യത്തിൽ അവനും അറിയില്ല. പക്ഷേ,…”

സണ്ണി വിഷ്ണുവിനെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ രേഷ്മയുടെ മുഖത്തു പുച്ഛം ആയിരുന്നു.

“മുതലാളി കൂട്ടുകാരനെ ന്യായീകരിക്കാൻ ഇറങ്ങിയതാണോ? ഒരു പെണ്ണിന് വിലപ്പെട്ടതൊന്നും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, അവിടെ എന്ത് നടന്നാലും അതിന് ഉത്തരവാദി അയാൾ മാത്രമാണ്. കാരണം, അയാൾ മാത്രമാണ് ആ സമയം ആ വീട്ടിൽ ഉണ്ടായിരുന്നുളൂ.

ഒരു പെണ്ണിന് അവളുടെ പവിത്രത പോലെ തന്നെ ആണ് ആത്മാഭിമാനവും. എന്റെ ശരീരത്തിന്റെ പവിത്രതക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ആത്മാഭിമാനം ആണ് അവിടെ കളങ്കപെട്ടത്. മറ്റൊരു വീട്ടിലെ ബെഡ്‌റൂമിൽ വേറെ ഒരു പുരുഷനോടൊപ്പം, ഛെ…..പുറത്തിത് ആരെങ്കിലും അറിഞ്ഞാൽ. “

അവളുടെ വാക്കുകളിൽ രോഷം കലിതുള്ളുമ്പോൾ അകത്തുള്ള അമ്മയുടെ അച്ഛനും ഒന്നും അറിയാതിരിക്കാൻ ശബ്ദം വളരെ കുറച്ചായിരുന്നു ഓരോ വാക്കുകളും. പക്ഷേ, ഓരോ വാക്കിലും അവളിലെ പെണ്ണിന്റ രോഷവും വാശിയും കത്തിക്കയറുമ്പോൾ സണ്ണി സമാധാനിപ്പിക്കാനെന്നോണം രേഷ്മയോടായി പറയുന്നുണ്ടായിരുന്നു,

” മോളെ, കഴിഞ്ഞത് കഴിഞ്ഞു, നീ തന്നെ പറഞ്ഞല്ലോ ഒരു പെണ്ണിന്റെ വിലപ്പെട്ടതൊന്നും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന്. ഇതിപ്പോ മോളും അവനും ഞാനും മാത്രമേ അറിഞ്ഞിട്ടുള്ളൂ.ഞാൻ അവനെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവനെ ഞാൻ അറിഞ്ഞതിനേക്കാൾ കൂടുതൽ വേറെ ആർക്കും അറിയില്ല..അതുകൊണ്ട് തന്നെ എനിക്ക് പറയാൻ കഴിയും അവൻ അത്തരക്കാരൻ അല്ലെന്ന്.. പിന്നെ അന്നെന്തു സംഭവിച്ചു എന്ന് ചോതിച്ചാൽ…..ഇതൊന്നും ഞാൻ അവനെ ന്യായീകരിക്കാൻ പറയുന്നതല്ല. അവന്റെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിൽ അത്‌ തിരുത്താൻ മോൾ ഒരു അവസരം അവന് കൊടുക്കണം. അത്‌ എന്താണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല.. വരും ദിവസങ്ങളിൽ മനസ്സിലാകും.”

എന്നും പറഞ്ഞ് സണ്ണി തിരികെ കാറിനടുത്തേക്ക് നടക്കുമ്പോൾ ഫോണിൽ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.

അപ്പുറത്ത് ഫോൺ എടുത്തെന്ന് ബോധ്യമായപ്പോൾ സന്തോഷത്തോടെ ആയിരുന്നു സണ്ണി സംസാരിച്ചു തുടങ്ങിയതും.

” അമ്മേ ഞാൻ സണ്ണിയാ…ഇപ്പോൾ അത്യാവശ്യപ്പെട്ട ഒരു കാര്യം പറയാൻ ആണ് ഞാൻ വിളിച്ചത്. “

അത്‌ കേട്ടപ്പോൾ മറുതലക്കൽ അമ്മ കാര്യം അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു.

” അമ്മ പറഞ്ഞ പോലെ. വിഷ്ണുവിന് പറ്റിയ ഒരു പെണ്ണുണ്ട്. എന്റെ ജ്വല്ലറിയിലെ ഒരു സ്റ്റാഫ്‌ ആണ്. പാവങ്ങൾ ആണ്. പക്ഷേ, നല്ല അടക്കവും ഒതുക്കവും ഉളള കുട്ടിയാണ്. എന്ത്കൊണ്ടും വിഷ്ണുവിന് ചേരും. അതുകൊണ്ട് അവൻ വേണ്ടെന്ന് പറഞ്ഞാലും അമ്മയുടെ വാശിക്ക് മുന്നിൽ അവൻ സമ്മതിക്കണം. കേട്ടല്ലോ. പെണ്ണിനെ കണ്ടാൽ അവനു മറുത്തൊന്നും പറയാൻ കഴിയില്ല. അതെനിക്ക് ഉറപ്പാണ്. പെണ്ണിന്റ വീട് വരെ എത്തിക്കേണ്ടത് അമ്മയുടെ കയ്യിൽ ആണ്. കരഞ്ഞോ ഭീഷണിപ്പെടുത്തിയോ എങ്ങനെ ആയാലും വേണ്ടില്ല. അവൻ പെണ്ണുകാണാൻ ആ വീട്ടിൽ എത്തണം. പിന്നെ കൂടെ ഞാൻ ഉണ്ടാകില്ല. നിങ്ങൾ മാത്രം പോയാൽ മതി. അപ്പഴേ കാര്യങ്ങൾ എല്ലാം ഒന്ന് ഉഷാർ ആകൂ. “

സണ്ണി സന്തോഷത്തോടെ അത്രയും പറയുമ്പോൾ അതിനേക്കാൾ സന്തോഷത്തിൽ ആയിരുന്നു അമ്മ. ഇതെങ്കിലും നടന്നു കാണണം എന്ന ഉറച്ച തീരുമാനത്തോടെ ആയിരുന്നു അമ്മ ആ ഫോൺകട്ട്‌ ചെയ്തതും. !

*************************

സണ്ണി പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു വിഷ്ണു.ഒരു പെണ്ണ് കെട്ടിക്കാൻ വേണ്ടി….അതുവരെ നടന്നത് ഇതൊക്കെ ആണെന്ന് അറിഞ്ഞപ്പോൾ മനസ്സിന്റെ പാതി ഭാരം കുറഞ്ഞെങ്കിലും എന്തിനായിരുന്നു ഇത്രക്ക് എന്ന ചോദ്യം ഉണ്ടായിരുന്നു അവന്റ മനസ്സിൽ.

” പിന്നെ നടന്നതൊക്കെ നിനക്ക് അറിയാലോ വിഷ്ണു. നീയും അമ്മയും പെണ്ണ് കാണാൻ പോയതും, അവളാണെന്ന് അറിഞ്ഞപ്പോൾ പിൻവാങ്ങാൻ ശ്രമിച്ചതും, അമ്മയുടെ പിടിവാശിയും, അതിനേക്കാൾ നീ അവളെ കെട്ടിയിലെങ്കിൽ പിന്നെ എല്ലാം അമ്മയെ അറിയിക്കുമെന്ന അവളുടെ ഭീഷണിയും. പക്ഷേ, ഒന്ന് മാത്രം നീ അറിയണം.. അവൾക്ക് അതിന്റ പേരിൽ നിന്നോട് ഒരു വൈരാഗ്യവും ഇല്ലെന്ന്.

നീ അത്തരക്കാരൻ അല്ലെന്ന് അവളെ ബോധ്യപ്പെടുത്താൻ കുറച്ചു സമയം എടുത്തെങ്കിലും ഇപ്പോൾ അവൾക്ക് നിന്നെ അറിയാം.. പിന്നെ അവൾക്ക് അന്ന് നഷ്ടപ്പെട്ടന്ന് വിശ്വസിച്ചത് അവളിലെ പെണ്ണിനെ അല്ലായിരുന്നു. അവളിലെ പെണ്ണിന്റെ അഭിമാനം ആയിരുന്നു. അത്‌ നീ അവളുടെ കഴുത്തിൽ താലികെട്ടിയതോടെ തീർന്നു. ഇനി അവൾ നിനക്ക് നല്ല ഒരു ഭാര്യ ആയിരിക്കും. അവൾ പഴയ കാര്യത്തിന്റെ പേരിൽ കാണിക്കുന്നതൊക്കെ ഇപ്പോൾ വെറുതെ അഭിനയം മാത്രമാണ്.. നീ ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചാൽ തീരുന്ന ചില പരിഭവങ്ങൾ “

അത്രയും പറഞ്ഞ് സണ്ണി ഗ്ലാസിലേക്ക് കുറച്ചു കൂടി മദ്യം പകർന്നു കഴിക്കുമ്പോൾ ഒന്നും പറയാൻ കഴിയാതെ അവൻ അവിടെ നിന്ന് പിൻതിരിഞ്ഞു പുറത്തേക്ക് നടന്നിരുന്നു.

അത്‌ കണ്ട് കൊണ്ട് തന്നെ സണ്ണി പുറത്തേക്ക് നടക്കുന്ന വിഷ്ണുവിനോടായി ഒന്നുകൂടി പറഞ്ഞു,

” ടാ വിഷ്ണു. സണ്ണി ചെറ്റയാ.. പക്ഷേ, കൂടെ നിൽക്കുന്നവന്റ കുതികാല് വെട്ടിലാട്ടോ.നിനക്ക് ദോഷം വരുന്ന ഒന്നും ഈ സണ്ണി ചെയ്യില്ല. കാരണം നീ ഇരിക്കുന്നത് ന്റെ ചങ്കിലാ.ഇത് ഇച്ചിരി കടുത്തുപോയെന്ന് അറിയാം.. അതിന് നീ ക്ഷമിച്ചേക്ക്. ഇനി ക്ഷമിചില്ലേലും എനിക്ക് ഒരു പുല്ലുമില്ല. പക്ഷേ, നീയും നിന്റെ പെണ്ണും സന്തോഷത്തോടെ ജീവിക്കണം. പിന്നെ ഇടക്ക് രണ്ട് ബിയർ അടിക്കാൻ തോന്നുമ്പോൾ ഓർത്താൽ മതി ഈ സണ്ണിയെ. കേട്ടോടാ “

അവൻ അത്രയും പറഞ്ഞ് ഒരു പെഗ്ഗ് കൂടി ഒഴിച്ചടിക്കുമ്പോൾ വിഷ്ണു കാറിനടുത്തേക്ക് നടക്കുകയായിരുന്നു, അപ്പോഴെല്ലാം മനസ്സിൽ ഒരു മുഖം മാത്രമായിരുന്നു, രേഷ്മയുടെ !

കാർ പോർച്ചിലേക്ക് കയറി നിൽക്കുന്ന ശബ്ദം കേട്ടായിരുന്നു രേഷ്മ വാതിൽ തുറന്നത്.

വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഉളള അതേ പുഞ്ചിരി അപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നു. ഒന്ന് മാത്രം ആ നിമിഷം അവന് മനസിലായി.ഈ ചിരി കൊല്ലാനല്ല.. വളർത്താൻ ഉള്ളത് തന്നെ ആണെന്ന്.അതുകൊണ്ട് തന്നെ ആ ചിരി അവന്റെ മനസ്സിനെ കുളിരണിയിപ്പിച്ചു.പക്ഷേ, അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടാൻ നിൽക്കാതെ അകത്തേക്കു കയറുമ്പോൾ പിന്നിൽ ഒരു പുഞ്ചിരിയുടെ വെട്ടം കുറഞ്ഞിരുന്നു.

” നീ ഇത് എവിടെ ആയിരുന്നു ഇത്ര നേരം. ഒന്നുല്ലെങ്കിൽ നിന്റെ കയ്യും പിടിച്ചു വന്ന ഒരു പെണ്ണില്ലേ ഇവിടെ. അതെങ്കിലും ഓർക്കണ്ടേ നീ. അവളോട് പോലും ഒന്നും പറയാതെ എന്തൊരു പോക്കാണിത്. നിർത്തിക്കോണം ഇനി ഇതുപോലെ ഉളള തോന്നിവാസങ്ങൾ. കേട്ടല്ലോ “

കേറി വരുന്ന മകനെ കണ്ട് ദേഷ്യപ്പെടുന്ന അമ്മക്ക് മുന്നിൽ നിന്ന് വിഷ്ണു ആ കവിളിൽ പിടിച്ചുലച്ചു, ” ന്റെ കല്യാണിക്കുട്ടി ഇങ്ങനെ ദേഷ്യപ്പെടല്ലേ. ഞാൻ വന്നല്ലോ. ഇനി ന്താ വേണ്ടേ. വിരുന്ന് പോണം. അത്രല്ലേ ഉളളൂ.. ദേ, ഇപ്പോൾ തന്നെ പോയേക്കാം. ” എന്നും പറഞ്ഞ് ആ കവിളിൽ ഒരു ഉമ്മയും നൽകികൊണ്ട് ചിരിയോടെ റൂമിലേക്ക് നടക്കുമ്പോൾ വിഷ്ണു ഒന്ന് കണ്ണുകളാൽ പാളിനോക്കി രേഷ്മയെ. പിന്നെ റൂമിലേക്ക് കയറുമ്പോൾ അമ്മ പുഞ്ചിരിയോടെ രേഷ്മക്കരികിൽ വന്ന് അവളുടെ മുടിയിലൂടെ ഒന്ന് തലോടി, ” കണ്ടില്ലേ, ഇത്രേ ഉള്ളൂ അവൻ. പാവാ ന്റെ കുട്ടി. ഇനി വൈകിക്കണ്ട. മോളും ചെന്ന് റെഡിയായി ഇറങ്ങാൻ നോക്ക് “

അമ്മയുടെ വാത്സല്യം കലർന്ന സംസാരം കേട്ട് തലയാട്ടികൊണ്ട് ആ കവിളിൽ ഒരു ഉമ്മ നൽകുമ്പോൾ അവളിലെ പുഞ്ചിരിയോടൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു. അത്‌ തുടച്ചു മാറ്റാതെ തന്നെ അവൾ റൂമിലേക്കു കയറുമ്പോൾ പ്രതീക്ഷിക്കാതെ പിന്നിൽ നിന്നും വട്ടം ചുറ്റി പിടിച്ചത് അവളെ ഒന്ന് ഞെട്ടിച്ചു. പിന്നെ അവന്റെ ആ പിടുത്തതിന്റെ മുറുക്കത്തിലേക്ക് ചേർന്ന് നിൽക്കുമ്പോൾ അവൻ അവളുടെ കാതിൽ പതിയെ കടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു,

” അന്നോ നിന്നെ പീഡിപ്പിക്കാൻ കഴിഞ്ഞില്ല.. അതെല്ലാം ഇന്ന് തീർക്കുന്നുണ്ട് ഞാൻ ” എന്ന്.

അത്‌ കേട്ട് നാണത്തോടെ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തുമ്പോൾ അവൻ അവളെ ഇറുകെ പുണർന്നിരുന്നു. മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന കളങ്കമില്ലാത്ത സ്നേഹത്തോടെ…. !

അവസാനിച്ചു…

NB: ഈ കഥയിൽ ഒരുപാട് കുറവുകൾ ഉണ്ടെന്ന് അറിയാം.. അത്‌ പോലെ തന്നെ ഈ പാർട്ടിൽ ചില സ്ഥലങ്ങളിൽ പെട്ടന്ന് കാര്യം പറഞ്ഞ് അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്…ഇനിയും വലിച്ച് നീട്ടുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ട് ആണ്..ഈ കഥയെ ഹൃദയം കൊണ്ട് സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒത്തിരി നന്ദി.കുറവുകൾ സ്നേഹത്തോടെ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ….എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹം……