അടുത്ത് വന്ന് വാത്സല്യത്തോടെ അച്ഛൻ ചോദിച്ചതും ആ മുറിവിന്റെ വേദന എങ്ങോട്ടോ പോയി മറഞ്ഞു. അപ്പോഴാണ് എന്തോ ഓർത്തെന്ന പോലെ പടവിൽ വീണു കിടക്കുന്ന താക്കോൽ എടുത്തു അച്ഛനു നേരെ നീട്ടിയത്.
മോള് തന്നെ പോയി തുറന്നു കൊടുക്ക്!
എന്ന് അച്ഛൻ പറഞ്ഞപ്പോൾ പതുക്കെ ആ താക്കോൽ കൂട്ടവും കൊണ്ട് വീടിന്റെ ഉമ്മറ പടി കയറി. പൂട്ടിയിട്ട വാതിൽ തുറന്നു ആദ്യം അകത്തു കയറിയതും ഞാൻ തന്നെയായിരുന്നു. കുറച്ചു നേരം ആ ഇടനാഴികളിലൂടെ നടന്നു.
അപ്പോഴാണ് എനിക്ക്‌പ്രിയപ്പെട്ട മുറിയിൽ നിന്ന് പുസ്തകങ്ങൾ അടുക്കി മേശയിൽ വക്കുന്ന ആളെ കണ്ടത്.
ശ്രീക്കുട്ടാ…
ആ വിളി കേട്ടതും ആൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെയായിരുന്നു.
അത്‌ശ്രദ്ധിക്കാതെ എന്നെ കടന്നു പോവാൻ ഒരുങ്ങി.
എന്റെ വീടാണ്.വൃത്തിയായി സൂക്ഷിക്കണം. ആ മുഖത്ത് നോക്കാതെ മറ്റെങ്ങോട്ടൊ നോക്കി ആണ് ഞാൻ പറഞ്ഞത്.
അത് ശ്രദ്ധിക്കാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്നെ കടന്നു പോയ ആളെ കണ്ടപ്പോൾ ഉള്ളിന്റെ ഉള്ളിൽ ദേഷ്യമായിരുന്നു.
ഡിഗ്രി ഒന്നാം വർഷ ക്ലാസ്സുകൾ തുടങ്ങി അന്ന് ഏകദേശം രണ്ടു മാസമേ ആയിരുന്നുള്ളൂ.പുതിയ കോളേജും ക്ലാസ് മുറിയും കൂട്ടുകാരും ഒക്കെ പതുക്കെ പതുക്കെ മനസ്സിൽ സന്തോഷം തന്നു തുടങ്ങിയിരുന്നു.അന്നും എല്ലാ വൈകുന്നേരങ്ങളിലും കാത്തിരുന്നു അമ്മക്ക് വിളക്ക് വെക്കാൻ വരുന്നത് അന്നത്തെ വിശേഷങ്ങൾ മുഴുവൻ അമ്മയെ പറഞ്ഞു കേൾപ്പിക്കാൻ വേണ്ടിയായിരുന്നു..
അന്നും കോളേജ്‌കഴിഞ്ഞു വന്ന ഒരു സന്ധ്യക്ക് പടവുകൾ കയറി ആ മുറ്റത്തെത്തിയപ്പോൾ ചുറ്റിലും എന്റെ കണ്ണുകൾ പരതി..മുറ്റം വഴി നടന്ന് കരിയിലകൾ നിറഞ്ഞ തൊടിയിലെക്ക് നടക്കുമ്പോൾ വെറുതെ ഒന്ന് വീടിനുള്ളിലേക്ക് എത്തി നോക്കി.
വിളക്ക് കൊളുത്തി അസ്ഥിത്തറക്ക് മേൽ വാടി കൊഴിഞ്ഞു വീണിരുന്ന മന്ദാര പൂക്കൾ പെറുക്കി മാറ്റി. ചിരാതിലെ തെളിഞ്ഞു കത്തുന്ന ദീപം കാറ്റിൽ കെടാതിരിക്കാൻ ഒരു കൈകൊണ്ട് പൊത്തി പിടിച്ചു..അപ്പോൾ പതിയെ എന്റെ ചുണ്ടുകൾ അമ്മയോട് വിശേഷങ്ങൾ പറഞ്ഞു തുടങ്ങുകയായിരുന്നു.
എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു അമ്മേ കുറച്ചു കാലത്തേക്ക് ആണെങ്കിൽ പോലും നമ്മുടെ ഈ വീട് മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ.പക്ഷേ അച്ഛന് ഇതൊരു ആശ്വാസമാകും എന്ന് ചിന്തിച്ചപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. വീണയും അമ്മയും ഓണാവധി ആയതുകൊണ്ട് ഒറ്റപ്പാലത്തേക്ക് പോയി..എന്തോ അമ്മ നിര്ബന്ധിച്ചിട്ടും വീണ വാശിപിടിച്ചു കരഞ്ഞിട്ടും ഒന്നും പോവാൻ എനിക്ക് മനസ്സ് വന്നില്ല. എന്തോ അവിടെ പോയാൽ ഒറ്റപെട്ടത് പോലെ തോന്നും. അവിടെയുള്ളവർക്ക് ഇഷ്‌ടപെട്ടില്ലെങ്കിലോ എന്ന് തോന്നും. ചിലപ്പോൾ അതെന്റെ മാത്രം തോന്നലാവും. എന്നെ ഒറ്റക്കാക്കി അച്ഛനും പോയില്ല. അതോർക്കുമ്പോഴും വിഷമമാണ്. അമ്മ കേൾക്കുന്നുണ്ടോ ഞാൻ പറയുന്നതൊക്കെ…
ഉണ്ടെന്ന തോന്നലാണ് എനിക്ക്. വർഷം ഏറെ കഴിഞ്ഞിരിക്കുന്നു അമ്മേ! പക്ഷേ എത്ര പറഞ്ഞു പഠിപ്പിച്ചിട്ടും സത്യങ്ങൾ ഒന്നും ഉൾക്കൊള്ളാൻ എന്റെ മനസിനാവുന്നില്ല. അമ്മക്ക് പകരം വന്ന ആളിനെ മനസ്സ്‌തുറന്നു സ്നേഹിക്കാനും സാധിക്കുന്നില്ല. രണ്ടു കവിളിലും വെള്ള ചാലുകൾ തീർത്തു ഒഴുകുന്ന കണ്ണ് നീർ കൈകൊണ്ട് തുടച്ചു മാറ്റി പതുക്കെ എഴുന്നേറ്റു.
പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മുറിയിലെ ജനലഴികളിലൂടെ എന്നെയും നോക്കി നിൽക്കുന്ന ആളെ കണ്ടത്.എന്നെ തന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതും വീണ്ടും കണ്ണുകളും കവിൾ തടങ്ങളും രണ്ടും കൈകൊണ്ട് അമർത്തി തുടച്ചു ഒന്നുമില്ലെന്ന ഭാവം വരുത്തി തൊടിയിലൂടെ നടന്നു. പിന്നെ തൊട്ട് നിശബ്ദമായുള്ള ആ കണ്ടുമുട്ടലുകൾ പതിവായി തുടങ്ങി. മഴക്കാറുള്ള ഒരു വൈകുന്നേരം ബസ്സിറങ്ങി പാടത്തിലൂടെ നടക്കുമ്പോൾ തണുത്ത കാറ്റിൽ ശബ്‌ദമുണ്ടാക്കി പറക്കുന്ന ചുരിദാറിന്റെ ആകാശ നീല നിറത്തിലുള്ള ഷാൾ ഒതുക്കി പിടിച്ചു മലമുകളിലെ ഇരുണ്ട ആകാശവും നോക്കി ഞാൻ നടന്നു..
ദൂരെ കോടമൂടിയ കുന്നിൻമുകളിൽ എവിടേയോ ഉച്ചത്തിൽ ഒരിടി വെട്ടിയതും കാറ്റിന് കൂട്ടായി പെരുമഴയും വിരുന്നെത്തി. ഇടിഞ്ഞു വീഴാറായ വരമ്പിലൂടെ തെന്നി വീഴാതിരിക്കാൻ ബാഗും മാറോടണച്ചു ഞാൻ നടന്നു. ആൽത്തറയിൽ എത്തിയപ്പോൾ ആണ് എന്നെയും നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആളെ കണ്ടത്. അതു ശ്രദ്ധിക്കാതെ നടത്തത്തിന്റെ വേഗം കൂട്ടി ഇടവഴിയിലേക്ക് എത്താൻ തിടുക്കത്തിൽ നടന്നു..പെട്ടന്നാണ് ഒട്ടും പ്രതീക്ഷിക്കാതെ അനുവാദം പോലും ചോദിക്കാൻ കാത്തു നിൽക്കാതെ ഞാൻ ചൂടിയ കുടക്കീഴിലേക്ക് ഓടി വന്നു കയറിയ ആളെ കണ്ട് തെല്ലൊന്നു അമ്പരന്നത്. ഒരു നിമിഷം ഒന്നും മിണ്ടാൻ കഴിയാതെ അമ്പരപ്പോടെ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
എങ്കിലും ഈ പെരുമഴയത്ത് കുടയില്ലാതെ നിൽക്കുമ്പോൾ ഒരു ലിഫ്റ്റ് ഓഫർ ചെയ്യും ഈ വീട്ടുകാരി എന്ന് കരുതിയത് അബദ്ധമായല്ലോ! ഒന്നുമില്ലെങ്കിലും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആളല്ലേ!
തോളോട് തോളുരുമ്മി ആളെന്നെ തൊട്ടു നിന്നപ്പോൾ ദേഷ്യത്തോടെ ആ മുഖത്തേക്ക് നോക്കി. അപ്പോഴാണ് ആളും അത്‌ശ്രദ്ധിക്കുന്നത് എന്ന് തോന്നി.
സോറി…ഞാൻ നനഞ്ഞാലും കുഴപ്പമില്ല. കയ്യിലിരിക്കുന്ന ഈ ഫയലുകൾ നനയരുത് എന്നെ ഉള്ളൂ.. തൽക്കാലം താൻ കൊണ്ടുപോയി വീട്ടിൽ വച്ചാലും മതി. ഞാൻ വന്ന് വാങ്ങിച്ചോളാo.
മറുപടി ഒന്നും പറയാതെ ചൂടിയിരുന്ന കുട ബലം പ്രയോഗിച്ച് ആളുടെ കയ്യിൽ പിടിപ്പിച്ചു ഷാളിന്റെ മറവിൽ ബാഗും പൊതിഞ്ഞു പിടിച്ച് ആ പെരുമഴയിൽ ഞാൻ ഓടി..
ദേഹം മുഴുവൻ നനഞ്ഞൊട്ടി വീട്ടിൽ ചെന്ന് കയറുമ്പോൾ വീണ കോലായിൽ ഇരുന്നു പാഠപുസ്തകത്തിലെ ചിത്രത്തിന് മെഴുകുകൾ കൊണ്ട് നിറം കൊടുക്കുന്നുണ്ടായിരുന്നു. അവളെ നോക്കി ഒന്ന് ചിരിച്ചു ബാഗിൽ നിന്നും നനഞ്ഞ പുസ്തകങ്ങൾ എടുത്തു തിണ്ണയിൽ വച്ചു. അപ്പോഴാണ് അമ്മ വന്നത്.
കുടയെടുത്തിരുന്നില്ലേ ഇന്ന്! അതോ മനപ്പൂർവ്വം നനഞ്ഞു രസിച്ചു വന്നതാണോ ഈ മഴയത്ത്!
നീ സംസാരിച്ചു നില്ക്കാതെ ആ തോർത്തെടുത്തു തോർത്തിക്കൊടുക്കാൻ നോക്ക്!
ചിരിയോടെ ഇറയത്ത് നിന്നും കുടയെടുത്തു മുറ്റത്തേക്കിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു.
കൈകൊണ്ട് മുടിയിലെ വെള്ളം പിഴിഞ്ഞ് കളയുമ്പോൾ ആണ് തലമുടി തോർത്താൻ എന്ന ഭാവത്തിൽ അമ്മ അടുത്തു വന്നത്.
ഞാൻ തുവർത്താം.. അമ്മയുടെ മുഖത്ത് നോക്കാതെ കയ്യിൽ നിന്നും തോർത്തു വാങ്ങി പിന്നാമ്പുറത്തെ ഇടനാഴിയിലൂടെ നടക്കുമ്പോൾ നനഞ്ഞു കുതിർന്ന ദേഹത്ത് നിന്നും വെള്ളത്തുള്ളികൾ താഴേക്ക് ഇറ്റു വീണു കൊണ്ടിരുന്നു. അന്ന് സന്ധ്യക്ക് വിളക്ക് കൊളുത്തി തിരികെ വരുമ്പോൾ ഒന്നും മിണ്ടാതെ എനിക്ക് നേരെ കുട നീട്ടിയപ്പോൾ ആ മുഖത്തെ ഭാവഭേദങ്ങൾ ശ്രദ്ധിക്കാതെ അതും വാങ്ങി നടന്നു.
പിറ്റേന്ന് കോളേജിൽ ചെന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ തലയ്ക്ക് വല്ലാത്ത ഭാരമായിരുന്നു. മഴ നനഞ്ഞു നീരിറങ്ങിയത് കൊണ്ടാവണം തുമ്മലിന്റെ അകമ്പടിയോടെ ജലദോഷം പിടിച്ചത്. വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോൾ ആ ഇളം വെയിലിലും ദേഹം നന്നായി വിറച്ചു.
ചിന്നു….
ആ വിളി കേട്ടതും തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് പുറകിലായി നടന്നു വരുന്ന അച്ഛനെയാണ് കണ്ടത്. ഒപ്പം കൈവിരലിൽ തൂങ്ങിയാടി വീണയും ഉണ്ടായിരുന്നു.
എന്ത് പറ്റി സുഖമില്ലേ? മുഖത്താകെ ഒരു ക്ഷീണം!
ഒന്നുമില്ല അച്ഛാ! ചെറിയ ഒരു പനി പോലെ…
അത് പറഞ്ഞതും അച്ഛൻ വെപ്രാളത്തോടെ നെറ്റിയിൽ തൊട്ട് നോക്കി.
സാരമില്ല…ചെറിയ പനി യല്ലേ വീട്ടിൽ ചെന്ന് മരുന്ന് കഴിക്കുമ്പോൾ കുറഞ്ഞോളും. ഇപ്പോൾ വിശക്കുന്നില്ലേ നിനക്ക് വാ ചായ കുടിച്ചു പോവാം
അത്‌കേട്ടതും വീണയുടെ മുഖത്തും സന്തോഷം നിറഞ്ഞു. ഇടക്ക് ഇതൊരു പതിവാണ്. അച്ഛനൊപ്പം ആ കരുതലും അനുഭവിച്ചു ചെറുതാണെന്ങ്കിലും ഒരു യാത്ര. ചായ കടയിലെ വീതി കുറഞ്ഞ ആ ബെഞ്ചിൽ അച്ഛന്റെ അരികിൽ ഇരിക്കുമ്പോൾ വീണ വന്ന് മടിയിൽ കയറി ഇരുന്നു …
മഴ നനഞ്ഞിട്ടല്ലേ ചേച്ചിക്ക് പനി പിടിച്ചത്. സ്കൂളിൽ അമ്പിളി ടീച്ചർ പറഞ്ഞല്ലോ. മഴ നനഞ്ഞാൽ പനി പിടിക്കും എന്ന്..
എന്റെ കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കി അത്ഭുതഭാവത്തിൽ വീണ പറഞ്ഞപ്പോൾ അറിയാതെ ചിരി വന്നു. അച്ഛൻ കൊണ്ട് വന്ന ചൂട് ചായ ഊതി ഊതി കുടിച്ചു . ആവി പറക്കുന്ന ചൂട് പഴംപൊരി യിൽ നിന്നും ഒരു പൊട്ടെടുത്തു ഊതി വീണയുടെ വായിൽ കൊടുത്തപ്പോൾ അവൾ കൊതിയോടെ രുചിയോടെ അത് ആസ്വദിച്ചു കഴിച്ചു…ഇടക്ക് എഴുന്നേറ്റു പോയി ചില്ലു കൂട്ടിൽ നിന്നും ഒരു ഉഴുന്നുവട എടുത്തു കടിച്ചു പുറത്തേക്ക് നോക്കിയപ്പോൾ ആണ് അച്ഛനോട് സംസാരിച്ചു നിൽക്കുന്ന ആളെ കണ്ടത്.കണ്ടിട്ടും കാണാത്ത മട്ടിൽ നിന്നു. വീണയുടെ കയ്യിൽ പിടിച്ചു പുറത്തിറങ്ങി അച്ഛനെ ഒന്ന് നോക്കി നടക്കാൻ തുടങ്ങി.
അമ്മ തിരിച്ചു പോയി അല്ലേ? സുഭദ്ര ഇന്നലെ പറഞ്ഞു.
പോയി. അച്ഛൻ ഒറ്റക്കാണ് അവിടെ. കുറെ പറഞ്ഞു നോക്കി അച്ഛനെ തനിച്ചാക്കി ഇത്രയും ദൂരം വരേണ്ട എന്ന്. പക്ഷേ അനുസരിച്ചില്ല. ഇത് അമ്മയുടെ സമാധാനത്തിന് ഒന്ന് വന്നു വീടും നാടും ഒക്കെ ഒന്ന് കണ്ടു പോയി എന്നെ ഉള്ളൂ. പിന്നെ എനിക്കും ഇടക്ക് അവധിയെടുത്തു അങ്ങോട്ട് പോവാലോ!
വിദ്യക്കും ചെറിയൊരു പനി ഉണ്ട്. അതെങ്ങനെയാണ് കുട കൊണ്ടുപോയാലും ചിലപ്പോൾ മഴ നനഞ്ഞു വരും..അപ്പോൾ പിന്നെ വെറുതെ ഇടക്കിടെ ആശുപത്രിയിൽ പോയി പൈസ ചിലവാക്കണ്ടല്ലോ എന്ന് കരുതി ഞാൻ ഒരു കഷായം അങ്ങോട്ട് ഉണ്ടാക്കി കൊടുക്കും. അതിൽ ഒതുങ്ങും. ശ്രീഹരിക്കും വേണമെങ്കിൽ തരാം..വിദ്യ ക്ക് ഫലിക്കുന്ന പോലെ ഫലിക്കുമോ എന്നൊന്നും അറിയില്ല.
കളിയാക്കി ചിരിയോടെ ഉച്ചത്തിൽ അച്ഛൻ അത് പറഞ്ഞതും ദേഷ്യത്തോടെ പുറം തിരിഞ്ഞു നിന്ന് അച്ഛനെ ഒന്ന് കൂർപ്പിച്ചു നോക്കി.ശേഷം വീണയെയും കൂട്ടി ധൃതി യിൽ അവർക്ക് മുന്നേ വരമ്പിലൂടെ നടന്നു…അന്ന് സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി വരുമ്പോൾ ഒന്നും മിണ്ടാതെ ആ മുഖത്ത് പ്രത്യേകിച്ച് ഭാവ ഭേദങ്ങൾ ഒന്നുമില്ലാതെ എനിക്ക് നേരെ ആ കുട നീട്ടിയപ്പോൾ നിശബ്ദമായി കൈ നീട്ടി അത് വാങ്ങി.എന്തോ ചോദിക്കാൻ വേണ്ടി മനസ്സ് പറഞ്ഞതും പിന്നെ അത് വെണ്ടെന്നു വച്ചു തിരികെ വീട്ടിലേക്ക് നടന്നു.
അന്നൊരു വെള്ളിയാഴ്ച അച്ഛനെ താക്കോൽ ഏൽപ്പിച്ചു ആ ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും അവധിക്ക് ആള് പോയി. ആ ഞായറാഴ്ച വൈകുന്നേരം വെറുതെ താക്കോലും എടുത്തു വീട്ടിലേക്കിറങ്ങി..താഴിട്ടു പൂട്ടിയ വാതിൽ പതുക്കെ തുറന്നു ചുറ്റിലും കണ്ണോടിച്ചു…മുറിക്കുള്ളിൽ ഭംഗിയായി അടുക്കി വച്ചിരുന്ന പുസ്തകങ്ങൾക്ക് മേലെ വിരലോടിച്ചു ഞാൻ നിന്നു. അടച്ചിട്ടിരുന്ന ജനാല തുറന്നപ്പോൾ എവിടെ നിന്നോ എത്തിയ കാറ്റ് ഉള്ളം നിറച്ചു തഴുകി പോയി..എത്ര നേരം ആ ജനലഴികളിൽ തല ചായ്ച്ചു അവിടെ നിന്നു വെന്നറിയില്ല.
ഇടക്ക് ഓർമ്മകളിൽ നിന്നും ഉണർന്നപ്പോൾ കൈ നീട്ടി ജനാല വാതിൽ അടച്ചു കൊളുത്തിട്ടു..മുറിയിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആണ് എന്നെയും നോക്കി വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടത്…ഒരു നിമിഷം ഹൃദയമിടിപ്പിന്റെ വേഗം കൂടിയെങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് നടന്നു…
വീട്ടുകാരിയെ പോലെ വാടക തന്നു താമസിക്കുന്ന എനിക്കും ഉണ്ട് ഈ വീട്ടിൽ ഇപ്പോൾ അവകാശം! തന്റെ വീടാണ് എന്നു കരുതി ഇഷ്‌ടത്തിന് വന്നും പോയിയും തന്നിഷ്ടത്തിന് പെരുമാറാൻ കഴിയില്ല…
ആ വാക്കുകളിലും നോക്കിലും എന്നൊടുള്ള ദേഷ്യം പ്രകടമായിരുന്നു.
അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആള് കാണാതിരിക്കാൻ പുറം തിരിഞ്ഞു നിന്നു.
സോറി..ഇനി ആവർത്തിക്കില്ല. എന്റെ ഒരുപാട് ഓർമ്മകൾ ഉണ്ട് ഇവിടെ! എന്റെ അമ്മ…..അതാണ് ഞാൻ…പൂർത്തിയാക്കാതെ ഞാൻ നിർത്തി.
വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ ഒരു നിമിഷം കണ്ണുകൾ ഇറുകെ പൂട്ടി ഞാൻ നിന്നു.
കാത്തിരിക്കൂ…